Monday, October 12, 2015

പാഠം 1 : 'ഡാഷ്' അഭിപ്രായങ്ങൾ


"_____ കഴിക്കുന്നത്‌ തെറ്റെന്നു വിശ്വസിക്കുന്നവർ , അത് ഇവിടെ നിരോധിക്കണം എന്ന് വാശി പിടിക്കുമ്പോൾ , അത് _____ കഴിക്കാൻ ആഗ്രഹം ഉള്ളവരോട് അവർ ചെയ്യുന്ന കടുത്ത അനീതിയാണ്."


ഇനി ചുവടിൽ കൊടുത്തിരിക്കുന്ന ഓരോന്നും ഡാഷ് ( ___ ) ഇൽ ചേർത്ത് പൂരിപ്പിച്ചു , മുകളിലുള്ള വാചകം നിങ്ങളൊന്നു കൂടി വായിച്ചു നോക്കിയേ....


a, മദ്യം
b, ബീഫ്
c, കല്യാണം


ഓരോന്ന് ചേർക്കുമ്പോൾ ചിലത് ശേരിയെന്നും / തെറ്റെന്നും/ തമാശയെന്നും ഒക്കെ നിങ്ങൾക്കും വെവ്വേറെ അഭിപ്രായങ്ങൾ തോന്നുന്നുണ്ടോ !


അപ്പോൾ , ഇത്രയേ ഉള്ളു നമ്മുടെയൊക്കെ ഈ ഡാഷ് അഭിപ്രായം എന്നതിന്റെ ഒരിത് എന്നാണു എന്റെയൊരു അഭിപ്രായം ...


Wednesday, October 7, 2015

...അച്ഛന്റെ മകൾ...


" ആർക്കു വേണ്ടിയാണ് അച്ഛാ ഈ കാശൊക്കെ ഇങ്ങനെ കൂട്ടി വെക്കുന്നത്. നാളത്തേക്ക് എനിക്ക് വേണ്ടിയാണെങ്കിൽ , കുറച്ചു ആവശ്യത്തിനു മാത്രം കാശ് എടുത്തു വെച്ചാൽ മതി. ബാക്കി വേണേൽ എനിക്ക് തന്നെ ജോലിയെടുത്തു ഉണ്ടാക്കാമല്ലോ. പൈസക്ക് വേണ്ടിയൊക്കെ ഇത്രയും ആക്രാന്തം പാടില്ല അച്ഛാ ... "


അയാളുടെ  മുഖത്ത് നോക്കി ഇത്രയും പറഞ്ഞു അവൾ ദേഷ്യത്തിൽ മുറിയിലേക്ക് പോയി.


ഈ ലോകത്ത് ആദ്യമായി ഒരാൾ തന്റെ മുഖത്ത് നോക്കി കാശിനോട് ആക്രാന്തം ആണെന്ന വലിയ സത്യം പറഞ്ഞു  കേട്ടതിന്റെ ഞെട്ടൽ മാറാതെ
അയാളിരുന്നപ്പോൾ   , അടുക്കളയിൽ നിന്നും ഇതൊന്നുമറിയാതെ അവിടേക്ക് അപ്പോൾ കയറി വന്ന ഭാര്യ ചോദിച്ചു ,


"ഇന്ന് ഷോപ്പിംഗ്‌ കഴിഞ്ഞു വന്നപ്പോൾ മുതൽ മോള് നല്ല ദേഷ്യത്തിൽ ആണല്ലോ , എന്ത് പറ്റി ? "


മോളുടെ വായിൽ നിന്നും തനിക്കു ധാരാളമായി കിട്ടിയ പ്രസംഗത്തിന്റെയും ഉപദേശത്തിന്റെയും വിഷയം മറച്ചു വെച്ച് , ഇതിനെല്ലാം കാരണമായ അന്നത്തെ സംഭവം അയാൾ പറഞ്ഞു ,


" ഒന്നുമില്ലെടി , അവള് ഇന്നും ഒരു ലോലി പോപ്പ് കഴിച്ചു രണ്ടാമതും വാങ്ങി ചോദിച്ചപ്പോൾ , ഞാൻ കാശില്ല എന്ന് പറഞ്ഞതിന്റെ ദേഷ്യമാണ് "


LKG ക്ലാസ്സിൽ നാളെ കൊടുക്കേണ്ട ഹോം വർക്ക്‌ മോള് ചെയ്തു തീർന്നോ എന്നറിയാൻ ഭാര്യ അങ്ങോട്ട്‌ പോകുമ്പോൾ , അയാളുടെ കാതിൽ മോളുടെ ശകാര വർഷങ്ങൾ മുഴങ്ങി കൊണ്ടിരുന്നു....