സീയിങ് ഓഫ് എ ബ്യൂട്ടിഫുൾ ലേഡി :: ( അഥവാ , പെണ്ണുകാണൽ )
[
നിയമപ്രകാരമുള്ള മുന്നറിയിപ്പ് :: " വെടിവെപ്പ് നിയമപ്രകാരം കുറ്റകരമാണ്. എങ്കിലും , വിനുവേട്ടന്റെ തർജിമ നോവലുകളിലും , മേജർ രവിയുടെ സിനിമകളിലും ഇത് ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യ ഘടകങ്ങൾ ആയതുകൊണ്ട് , ഏതു സീനിൽ ആണേലും ഏതു കഥാപാത്രം വേണമെങ്കിലും എങ്ങനെ വേണേലും വെടിപൊട്ടിക്കാം … ]
2020 - ഏപ്രിൽ:
ഉട്ടോപ്പ്യയ്ക്കു മുകളിൽ 60,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കവെ ഡിസൂസ പെരേര അങ്ങേയറ്റം ആഹ്ളാദചിത്തനായിരുന്നു. ഇന്നാണ് അദ്ദേഹത്തിന്റെ മാതാവ് ബോണി പെരേര ബംഗ്ളാവിലേക്കു നേരത്തെ തിരികെ ചെല്ലണം എന്ന് പറഞ്ഞിരുന്നത് . ബോയിങ്ങിന്റെ അത്യാധുനിക വിമാനം ആണ് അദ്ദേഹം പറത്തിക്കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിലെ മികച്ച വിമാനങ്ങളിൽ ഒന്ന്. ആ എയിറ്റ് സീറ്റർ വിമാനത്തിന്റെ പിൻസീറ്റ് ചുവന്ന ലെതർ കൊണ്ട് ഉണ്ടാക്കിയതാണ് . ഫ്രാൻസിലെ പണ്ടത്തെ കോളേജ് ഹോസ്റ്റൽ ജീവിതം അവനെ ഓർമ്മപ്പെടുത്തും ഈ ചുവന്ന ലെതർ; അത് പോലെ അന്നത്തെ അവന്റെ പ്രിയപ്പെട്ട റഷ്യക്കാരിയായ കൂട്ടുകാരി ക്രിസ്റ്റീനയെയും .
പുറത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു അന്ന് . കാറ്റും മഴയും കട്ടി മേഘങ്ങളും എല്ലാം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. ആ കോലാഹലങ്ങൾക്കിടയിൽ ഏത് വിമാനമാണ് തനിക്കരികിലൂടെ ഓവർടേക്ക് ചെയ്തു കടന്നു പോയതെന്ന് തിരിച്ചറിയാൻ പോലും ഡിസൂസ പെരേരക്ക് ആയില്ല. മനസ്സിൽ മുഴുവൻ ആ ചിന്തയായിരുന്നു. എന്തിനായിരിക്കും മാതാവ് ബോണി പെരേര തന്നോട് നേരത്തെ വീട്ടിലെത്താൻ പറഞ്ഞത് . ഇനിയിപ്പോൾ അവർ ക്രിസ്റ്റീനയുടെ കാര്യം അറിഞ്ഞിരുക്കുമോ . ആ ചിന്ത അവനെ വല്ലാതെ ഭയപ്പെടുത്തി. കാരണം , പണ്ട് തന്നെ മാതാവ് ബോണി പെരേര തന്നോട് ആ ശിരസ്സിൽ തൊട്ടു പ്രതിജ്ഞ ചെയ്യിച്ചതാണ് . താൻ ജീവിതത്തിലൊരിക്കലും റഷ്യക്കാരിയെ വിവാഹം ചെയ്യരുതെന്ന്. അല്ലേലും , അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ .
അദ്ദേഹം വിമാനത്തിന്റെ സ്പീഡ് മാറ്റി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി. 7000 അടി... പിന്നെ 5000 അടി... എന്തോ പുകഞ്ഞ് കരിയുന്ന ഗന്ധം അദ്ദേഹം അറിയുന്നുണ്ടായിരുന്നു. അതെ , വിശന്നിട്ടു തന്റെ വയറു കരിഞ്ഞു തുടങ്ങിയിരിക്കുന്നു. താഴെ ഭൂമിയും കെട്ടിടങ്ങളും കാണുവാൻ സാധിക്കുന്നുണ്ട്. അതെ... ലാൻഡ് ചെയ്യുവാനുള്ള സമയമായിരിക്കുന്നു. സീറ്റ് ബെൽറ്റ് അഴിച്ചിട്ട് അദ്ദേഹം തന്റെ ലെതർ കോട്ടിനുള്ളിൽ ഉടൽ തിരുകി. പിന്നെ ഒരു ത്രില്ലിനു വേണ്ടി , വിമാനത്തെ തലകീഴായി ടിൽറ്റ് ചെയ്ത് ലാൻഡ് ചെയ്തു..
ആ പരിസരത്തെവിടെയോ മെഷീൻ ഗണ്ണുകൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അത് തന്റെ ഞെഞ്ചിടിപ്പാണെന്നു ഡിസൂസ പെരേര തിരിച്ചറിഞ്ഞു. ഉള്ളിൽ നല്ല ടെൻഷൻ ഉണ്ട് . ഇതിനു മുൻപ് ഇത്രയും ടെൻഷൻ അടിച്ചത് പണ്ടത്തെ കോളേജ് പരീക്ഷ റിസൾട്ട് വരുന്ന ദിവസം ആയിരുന്നു. കാരണം , പണ്ട് തന്നെ മാതാവ് ബോണി പെരേര തന്നോട് ആ ശിരസ്സിൽ തൊട്ടു പ്രതിജ്ഞ ചെയ്യിച്ചതാണ് . താൻ ജീവിതത്തിലൊരിക്കലും പരീക്ഷ തോൽക്കരുതെന്നു . അല്ലേലും , അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ
ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹത്തിന്റെ ചുണ്ടിൽ വച്ചു. അങ്ങകലെ നിന്നും , പൊടികൾ പറത്തി പാഞ്ഞു വരുന്ന പച്ച നിറമുള്ള 1990 മോഡൽ ഫോർഡ് മുസ്താങ് കാർ അവന്റെ ദൃഷ്ട്ടിയിൽ പതിഞ്ഞു. അതെ , അത് തന്റെ മാതാവാണ് . തന്നെ കയ്യോടെ കൂട്ടിക്കൊണ്ടു പോകുവാനായിരിക്കണം ഈ പാഞ്ഞുള്ള വരവ്. നാല് ടയറുകളായിരുന്നു ഈ കാറിന്. പെട്ടെന്നവൻ ഓർത്തു , തന്റെ ക്രിസ്റ്റീനയുടെ കാറിനും നാല് ടയറുകളായിരുന്നു , എന്തൊരു ആശ്ചര്യം !!
എയർപോർട്ടിൽ നിന്നും പുറത്തേക്കുള്ള അവരുടെ യാത്ര ദുഷ്ക്കരവും പരമ ബോറും തന്നെയായിരുന്നു. യാത്രയുടെ ഭൂരിഭാഗവും ഡിസൂസ പെരേര ക്ഷീണത്തിൽ ആയിരുന്നു. എങ്ങോട്ടാണ് ഈ പോക്കെന്ന് മാതാവിനോട് അവനു ചോദിക്കണം എന്നുണ്ടായിരുന്നു . പക്ഷെ അവൻ ഒന്നും ചോദിച്ചില്ല . കാരണം , പണ്ട് തന്നെ മാതാവ് ബോണി പെരേര തന്നോട് ആ ശിരസ്സിൽ തൊട്ടു പ്രതിജ്ഞ ചെയ്യിച്ചതാണ് . താൻ ജീവിതത്തിലൊരിക്കലും അവരോടു ചോദ്യങ്ങൾ ചോദിക്കില്ലെന്ന് . അല്ലേലും , അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ .
മനോഹരമായ പാടശേഖരത്തിന് അരികിലുള്ള ഒരു പഴയ ഫ്രഞ്ച് കൊട്ടാരത്തിലായിരുന്നു ഫോർഡ് മുസ്താങ് ചെന്ന് നിന്നതു.. ഒരു മായിക ലോകത്തേക്കാണ് ഡിസൂസ പെരേരകണ്ണ് തുറന്നത്. വലിയ ബംഗ്ളാവ് ,… മട്ടുപ്പാവിലേക്ക് തുറക്കുന്ന ഫ്രഞ്ച് ജാലകങ്ങൾ... മനോഹരമായ സിൽക്ക് കർട്ടനുകൾ , വിലകൂടിയ ചുവന്ന തുണി കൊണ്ട് ഉണ്ടാക്കിയ കസേരകൾ .
വാതിൽ തള്ളിത്തുറന്ന് , സ്വർണ്ണ നിറത്തിലുള്ള മനോഹരമായ വസ്ത്രങ്ങൾ ധരിച്ച ചെറുപ്പക്കാരിയായ ഒരു യുവതി പ്രവേശിച്ചു. സ്വർണ്ണ വർണ്ണമുള്ള തലമുടിയും ഹരിതനിറം കലർന്ന കണ്ണുകളും അഴക് വഴിഞ്ഞൊഴുകുന്ന മുഖവും വിലയിരുത്തിയ അദ്ദേഹം അവളുടെ പ്രായം ഇരുപതുകളുടെ ആരംഭത്തിൽ ആവാനേ വഴിയുള്ളൂ എന്ന് ഊഹിച്ചു. താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് ഇവൾ എന്ന് അദ്ദേഹത്തിന് തോന്നി. അവളെ ദർശിച്ച ആ നിമിഷം തന്നെ ഡിസൂസ പെരേര അവളിൽ അനുരക്തനായി കഴിഞ്ഞിരുന്നു. അല്ലേലും , ഇനിയിപ്പോൾ ക്രിസ്റ്റീനയെ തന്നെ ഓർത്തിരുന്നിട്ടു കാര്യം ഇല്ല . അവൾ ഇപ്പോൾ എവിടെയാണോ എന്തോ .
"നോ... എഴുന്നേൽക്കാൻ പാടില്ല..." അദ്ദേഹത്തെ കസേരയിൽ നിന്നും അനങ്ങാൻ വിടാതെ അവൾ ശബ്‌ദിച്ചു..
ഒരു റഷ്യൻ പട്ടാള മേധാവിയുടെ യൂണിഫോം ധരിച്ച അണിഞ്ഞ ഒരു ആർമി കേണൽ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. "എനി പ്രോബ്ലംസ്, വനേസ്സ ..?"
"നോട്ട് റിയലി... അൽപ്പം കൺഫ്യൂഷനിലാണ് ഇദ്ദേഹം... അത്രയേ ഉള്ളൂ ..." അവൾ പറഞ്ഞു.
"അത് പാടില്ല..." കേണൽ പറഞ്ഞു. "ഇവർ നിന്നെ പെണ്ണ് കാണാൻ വന്നവരാണ് ... അതുകൊണ്ട് കാര്യത്തിന്റെ ഗൗരവം നീ മനസ്സിലാക്കണം...…"
അയാൾ പുറത്തേക്ക് നടന്നു. അടുക്കള ഭാഗത്തേക്ക് തിരികെ നടന്ന വനേസ്സ , കയ്യിൽ ചായക്കോപ്പുകൾ നിറഞ്ഞ പാത്രവുമായി അരികിലെത്തി. ഒരു കപ്പെടുത്തു ഡിസൂസ പെരേരയ്ക്ക് കൊടുക്കാൻ തുനിഞ്ഞ അവളുടെ കയ്യിൽ അദ്ദേഹം കയറിപ്പിടിച്ചു. "നോക്കൂ, നിങ്ങൾ ആരായിരുന്നാലും എനിക്കൊന്നുമില്ല... പക്ഷേ, എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാക്ക് തന്നേ മതിയാവൂ കുമാരീ..." അദ്ദേഹത്തിന്റെ കണ്ണുകളിൽ മയക്കത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു. "
"പണ്ട് ക്രിസ്ടിനയോടു നിങ്ങൾ പറഞ്ഞ ഇതേ വാചകങ്ങൾ തന്നെയാണോ എന്നോടും പറയുവാൻ നിങ്ങൾ മനസ്സിൽ കുറിച്ച് വെച്ചത് ...? ആശ്ചര്യം തന്നെ ഇത് " അവൾ ആരാഞ്ഞു.
ഡിസൂസ പെരേരയുടെ മുഖം ചുവന്നു അവനിരിക്കുന്ന സോഫയുടെ അതെ നിറമായി.
"വെൽ...നിങ്ങൾ ആരാണ് ? ക്രിസ്റ്റീനയെ നിങ്ങൾക്ക് എങ്ങനെ …. ..." അവൻ പതറി .അവിടെ സംഭവിക്കുന്നതൊന്നും മനസ്സിലാവാതെ , മാതാവ് ബോണി പെരേരയും അന്തം വിട്ടു കുന്തം വിഴുങ്ങി ഇരുന്നു.
പെട്ടെന്ന് ആ മുറിയിലേക്ക് അതിവേഗത്തിൽ കുതിച്ചെത്തിയ മറ്റൊരു യുവതി , അവർക്കു നേരെ തുരു തുരാ വെടിയുതിർത്തു . വെടിയേറ്റ് താഴേക്ക് വീഴുന്നതിനിടയിൽ , ഡിസൂസ പെരേര ആ പെണ്ണിനെ ഒന്ന് കണ്ടു ....... "ഓ മൈ ഗോഡ് … ക്രിസ്ടി, ക്രിസ്ടി….."
(വെടിവെപ്പ് ഇനിയും തുടരും)
#SeeingOfBeautifulLady
#സീയിങ്ഓഫ്എബ്യൂട്ടിഫുൾലേഡി