Friday, September 25, 2015

…സിനിമ കൊട്ടകയ്ക്കുള്ളിലെ ആത്മ സംഘർഷങ്ങൾ…


സിനിമ തുടങ്ങി ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞാണ് ഞാൻ സിനിമ തിയറ്റെരിൽ എത്തിയത്.  അന്നാണ് സിനിമ  റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാർ അഭിനയിച്ച പടം ആയതിനാൽ, കട്ട അവാർഡ്പടം എന്ന റിവ്യൂ  പുറത്തിറങ്ങും മുൻപ് എത്തിയ നല്ല ഒരു ആൾ കൂട്ടം പടത്തിനുണ്ടായിരുന്നു. ടിക്കറ്റ്കിട്ടുമെന്ന പ്രതീക്ഷയില്ലാതതിനാൽ വെറുതെ ചെന്ന് ടിക്കറ്റ്ഉണ്ടോ എന്ന് കൌണ്ണ്ടരിൽ ഇരുന്ന ചേട്ടനോട് ചോദിച്ചതാണ് , ' ഒരെണ്ണം ഉണ്ട് , ഇതാ കയറിക്കോ ' എന്നും പറഞ്ഞു എനിക്ക്  ആലോചിക്കാൻ സമയം കിട്ടും മുൻപ് ഒരു ടിക്കെറ്റും തന്നു ചേട്ടൻ എന്നെ സിനിമ ഹാളിന്റെ ഉള്ളിലാക്കി.

 

അവാർഡ്പടം ആയതു കൊണ്ടാണോ , അതോ തിയറ്റെരിന്റെ ഗുണം കൊണ്ടാണോ എന്നറിയില്ല , അകത്തു മുഴുവൻ ഭയങ്കര ഇരുട്ട്. സെക്യുരിറ്റി ചേട്ടൻ കാണിച്ചു തന്ന ഒരു വരിയിലെ അഞ്ചാമത്തെ സീറ്റിലേക്ക് ഞാൻ അവിടെ ഇരിക്കുന്ന ആളുകളുടെ ഇടയിലൂടെ വലിഞ്ഞു കയറി ഇരിപ്പുറപ്പിച്ചു. അടുത്ത അഞ്ചു മിനിട്ടിനുള്ളിൽ തന്നെ സിനിമയ്ക്കു കയറിയത് ഒരു യമണ്ടൻ മണ്ടത്തരമായി എന്നും , ചിന്തിച്ചു നിന്ന എന്നെ എന്തിനാണ് ടിക്കറ്റ്ചേട്ടൻ ഉള്ളിലോട്ടു പെട്ടെന്ന് വലിച്ചു കയറ്റിയത് എന്നും ഞാൻ തിരിച്ചറിഞ്ഞു.

 

പക്ഷെ , സിനിമ കാണൽ എന്റെ ജീവിതത്തിലെ ഒരു മറക്കാൻ ആവാത്ത സംഭവം ആയി മാറിയതിനെ പറ്റിയാണ് കുറിപ്പ്...

 

സിനിമ കണ്ടു തുടങ്ങി ഒരു പത്തു മിനിട്ട് ആയപ്പോൾ ആണ് അത് സംഭവിച്ചത് , എന്റെ ഇടത്തെ തുടയിൽ ഒരു തോണ്ടൽ. ഞാൻ അപ്പോഴാണ്അടുത്തിരുന്ന ആളെ ശ്രദ്ധിച്ചത് , ഒരു ഇരുപ്പത്തഞ്ച് പ്രായം തോന്നിക്കുന്ന ഒരു ചേച്ചി സ്ക്രീനിൽ നോക്കി സിനിമയിൽ ലയിച്ചു ഇരിപ്പുണ്ട്. ഇനി അറിയാതെ അവരുടെ കൈ വല്ലതും കൊണ്ടതായിരിക്കും , ഞാൻ എന്റെ ഇടത്തെ കാലു അൽപ്പം വലത്തോട്ട് നീക്കി, പതുക്കെ പതുക്കെ ബോർ അടിച്ചു ഉറക്കത്തിലേക്കു വീണു തുടങ്ങി. പക്ഷെ , അടുത്ത പത്തു മിനിട്ടിനുള്ളിൽ എന്റെ ഉറക്കവും സകല മനസ്സമാധാനവും നശിപ്പിച്ചു കൊണ്ട് വീണ്ടും അത് സംഭവിച്ചു, അതെ, എന്റെ ഇടത്തെ തുടയിൽ കിട്ടിയ രണ്ടാമത്തെ തോണ്ടൽ.

 

അപ്പ്രാവശ്യം എനിക്കുറപ്പാണ്. നല്ല അസ്സൽ തോണ്ടൽ തന്നെ , ഞാൻ അടുത്തുള്ള ചേച്ചിയെ വീണ്ടും വീണ്ടും നോക്കി. കക്ഷി അപ്പോഴും ഒന്നും അറിയാത്ത പോലെ സ്ക്രീനിൽ തന്നെ നോക്കി ലയിച്ചു ഇരിപ്പ് തന്നെ. അതോടെ AC യുടെ ഉഗ്രൻ തണുപ്പിലും ഞാൻ വിയർത്തു തുടങ്ങി. എന്റെ നെഞ്ച് ഇടിക്കുന്ന ശബ്ദം തിയട്ടെരിലെ DTS സിസ്ടതെക്കാൾ നല്ലോണം മുഴങ്ങി കേട്ടു. ഇതിനു മുൻപ് വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന പാവം എന്ന് തോന്നിയ   ചില പെണ്കുട്ടികളെ എന്തെങ്കിലും നിഷ്കളങ്കം ആയി അവര് പോലും കേൾക്കാതെ കമന്റ്ചെയ്തത് അല്ലാതെ , ഇത് പോലെ ഒരു ഭാഗ്യ ദേവത അടുത്തിരുന്നു ഇങ്ങോട്ട് തോന്ടുന്നത് പോലെയുള്ള വലിയ കാര്യങ്ങൾ ചിന്തിച്ചു നോക്കാനുള്ള മനക്കട്ടി പോലും എനിക്കില്ലായിരുന്നു. എങ്കിലും എന്റെ ഉള്ളിലെ പുരുഷ ഈഗൊ ഉണർന്നു. ഇത്രയൊക്കെ ആയിട്ട് ആണായി പിറന്ന ഞാൻ പ്രതികരിക്കാതെ ഇരുന്നാൽ അതിന്റെ ചീത്ത പേര് ലോകത്തെ എല്ലാ ആണുങ്ങൾക്കും ആണെന്ന് എനിക്ക് തോന്നി. ഇനി തിരിച്ചു അങ്ങോട്ടും തോണ്ടുക എന്നത് അപ്പോൾ എന്നിൽ നിക്ഷിപ്തമായ അനിവാര്യമായ  ഒരു കർമം ആയി ഞാൻ തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ആണുങ്ങളുടെയും അഭിമാനം എൻറെ വിരൽ തുമ്പിലായ ഒരു നിമിഷം ,  കണ്ണുകളടച്ചു മനസ്സിൽ ആരെയൊക്കെയോ ധ്യാനിച്ച്‌, എന്തൊക്കെയോ പ്രാർഥിച്ചു , തണുത്തു വിറച്ച എൻറെ കൈ വിരൽ കൊണ്ട് ഞാൻ തിരികെ തോണ്ടാൻ കൈ നീട്ടാൻ തുടങ്ങവേ....ട്രിംഗ് ..ട്രിംഗ് ..ട്രിംഗ് ... സിനിമ ഇന്റെർവൽ മണി മുഴങ്ങി.

 

സിനിമ ഹാളിൽ ലൈറ്റുകൾ തെളിഞ്ഞു. ആളുകൾ ധൃതിയിൽ പുക വലിക്കാനും , പോപ്കോണ്വാങ്ങാനും ,  റസ്റ്റ്  റൂം പോകാനും ഓടി ഇറങ്ങി.  ഞാൻ അപ്പോൾ ജാള്യതയും , ചമ്മലും , ആശ്വാസവും , കരച്ചിലും , ചിരിയും ഒക്കെ കലർന്ന ഒരു മാനസികാവസ്ഥയിൽ അവിടെ തളർന്നിരുന്നു.  സമയം വീണ്ടും എൻറെ കാലിലേക്ക് തോണ്ടിയ ചെറിയ കൈകൾ പയ്യെ  ഞാൻ  എടുത്തു മാറ്റുമ്പോൾ, ചേച്ചി എന്നോട് സോറി പറഞ്ഞു തന്റെ മടിയിൽ കിടന്നിരുന്ന ചെറിയ കുഞ്ഞിനെ അടുത്തിരുന്ന  നല്ല മസ്സിലുകളുള്ള ഭർത്താവ് ചേട്ടന് കൈ മാറി. എന്റെ ഉള്ളിലെ ചാപല്യം തിരിച്ചറിഞ്ഞെന്ന ഭാവത്തിൽ, ഒരു കുസൃതി ചിരിയോടെ ആ കുഞ്ഞു എന്നെ തന്നെ നോക്കി അപ്പോഴും ആക്കി ചിരിച്ചു കൊണ്ടിരുന്നു.

 

ഒരു നല്ല നിമിഷത്തിന്റെ ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ , അന്നവിടെ കുറെ തല്ലും കൊണ്ട്  ഒരു സാമൂഹിക വിരുദ്ധൻ എന്ന്  മുദ്ര കുത്ത പെടേണ്ടി ഇരുന്ന എനിക്ക് , മാന്യന്മാരായ നിങ്ങൾക്ക് നൽകാനുള്ള ഈ കഥയുടെ ഗുണപാഠം ഇതാണ്...

 

സിനിമ ഹാളിൽ വെച്ച് ആരെങ്കിലും നിങ്ങളെ തോണ്ടിയാലും , ഒന്ന് തിരിച്ചു തോണ്ടാൻ ആഗ്രഹം ഉണ്ടെങ്കിൽ, ഇന്റെർവൽ വരെ കാത്തിരിക്കുന്നത് വളരെ നല്ലതായിരിക്കും...


[ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" ഓഗസ്റ്റ്‌ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]

18 comments:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാാ.ചിരിപ്പിച്ചു.

കട്ടമസിൽസ്‌ ഉള്ള ആ ഭർത്താവിന്റെ ഉരുക്കുമുഷ്ടിക്കുള്ളിൽ കിടന്ന് പിടയുന്ന ഷഹീമിനെ ഞാനൊന്ന് സങ്കൽപ്പിച്ച്‌ നോക്കി...ഹാവൂ...

വിനുവേട്ടന്‍ said...

ഹ ഹ ഹ.... ഇന്റർവലിന് അപ്പോൾ ബെല്ലടിച്ചില്ലായിരുന്നുവെങ്കിൽ ഒരു ബ്ലോഗറെയായിരുന്നു നമുക്ക് നഷ്ടപ്പെടുക...

രസകരമായീട്ടോ ഷഹീം...

സുധി അറയ്ക്കൽ said...

ഡി.റ്റി.എസ്‌ മുഴക്കമുള്ള നെഞ്ചിടിപ്പിനെയും,ഈഗൊയെയും മനസ്സിലാക്കി ഇന്റർവെല്ലിനു മുൻപ്‌ മുങ്ങുന്ന മസിൽമാൻ.അങ്ങനെയൊന്ന് ആലോചിച്ച്‌ നോക്കിക്കേ.
ഒരു ടിക്കറ്റുമായി അകത്ത്‌ കയറിയ ഷഹീം ബ്ലോഗൻ രണ്ട്‌ ഫുൾ ടിക്കറ്റും ഒരു ഹാഫ്‌ ടിക്കറ്റുമായി പുറത്തേക്ക്‌ വരുന്ന കാഴ്ച.


ഹോ!!!ഓർക്കുമ്പോ തന്നെ കുളിരു കോരുന്നു.

വിനോദ് കുട്ടത്ത് said...

ഷഹീം....നല്ല ഒഴുക്കുള്ള എഴുത്തിലെ നര്‍മ്മം
ഗംഭീരമായി.... ഏതായാലും...... സമയം നല്ലതായിരുന്നു..... ആശംസകൾ നേരുന്നു.....

shajitha said...

sammathichu, officilirunnu ippo shaheeminte post vaayikkan pattilla ennayirikkunnu,(Joli cheyyunnu enna mattil systethil balam pidich nokkiyirikkunna njan idakk pottichirichuppokum, pinne njanath valiya oru chumayaakki maattum)

Shaheem Ayikar said...

വായനക്കും , ഇവിടെ കുറിച്ചിട്ട വരികൾക്കും വളരെ നന്ദി സുധി , വിനുവേട്ടൻ, വിനോദ് കുട്ടത്‌ & ഷാജിത... :)

Bipin said...

പയ്യൻ ഇപ്പോഴും ഒട്ടും ഇമ്പ്രൂവ് ചെയ്തിട്ടില്ല. ആ കൊച്ചു കൈകളാണ് തോണ്ടിയതെന്നു ആ ചേച്ചിയും വിചാരിച്ചേനെ. അവസാനത്തെ രണ്ടു ഖണ്ഡിക ഒഴിവാക്കി ഇന്റർവെല്ലിനു ഇറങ്ങി പോവുകയായിരുന്നു കൂടുതൽ രസകരം. കഥ കൊള്ളാം.

വനിത വിനോദ് said...

രസകരമായീട്ടോ ഷഹീം... കഥ കൊള്ളാം.:-)

Shaheem Ayikar said...


വിലപ്പെട്ട ഈ അഭിപ്രായത്തിനു വളരെ നന്ദി ബിപിൻ സർ...പിന്നെ , "ആ കൊച്ചു കൈകളാണ് തോണ്ടിയതെന്നു ആ ചേച്ചിയും വിചാരിച്ചേനെ. " ! എന്നൊക്കെ അത്തരം നിർണായക സമയങ്ങളിൽ ചിന്തിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും ഉണ്ടായിരുന്നേൽ ഞാൻ ഇപ്പോൾ എവിടെ എത്തിയേനെ !!! :)

Shaheem Ayikar said...

ആദ്യ വരവിനും , അഭിപ്രായം കുറിച്ചതിനും, വളരെ നന്ദി വനിത വിനോദ്... :)

മുബാറക്ക് വാഴക്കാട് said...

ഓരോരോ ബ്ലോഗിലൂടെ കേറീം നരങ്ങീം ആണിവിടെ എത്തിയത്,,..
ലാസ്റ്റ് പോസ്റ്റ് മാത്രെ വായിച്ചുള്ളൂ..
സമയം പോലെ മറ്റുള്ളവയിലും കണ്ണെത്തിക്കാം,..
എഴുത്തിന് നല്ല മാധുര്യമുണ്ട്..
ഫോളോവറായി കൂടെ കൂടുന്നു..

Shaheem Ayikar said...

ആദ്യ വരവിനും , നല്ല വാക്കുകൾക്കും വളരെ നന്ദി മുബാറക്ക് വാഴക്കാട്... :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കലക്കീട്ട്ണ്ട്ട്ടാ ഭായ്

Shaheem Ayikar said...

വിലപ്പെട്ട നല്ല ഈ വാക്കുകൾക്കു , വളരെ നന്ദി മുരളി ചേട്ടാ... :)

alju sasidharan said...

ദൈവമേ , മാനം കപ്പല് കയറിയേനെ !!!

Shaheem Ayikar said...

അതേ alju sasidharan , ഇന്റെവേൽ ബെൽ അൽപ്പം വൈകിയിരുന്നെങ്കിൽ മാനം കപ്പലും , ഞാൻ ആശുപത്രിയിലും കയറിയേനെ .... ! :)

കല്ലോലിനി said...

എല്ലാ പോസ്റ്റിലും ചിരിയുടെ ഓരോ അമിട്ടുണ്ട്. ഇങ്ങനെയൊക്കെ അനുഭവങ്ങൾ ഉണ്ടാകാനും വേണം ഒരു യോഗം..!!!!!
:-D :-D :-D :-D :-D

Shaheem Ayikar said...

നന്ദി കല്ലോലിനി ... അതെ , ഇങ്ങനെയുള്ള അവസരങ്ങളിൽ തല്ലു കൊള്ളാതെ രക്ഷപ്പെടാൻ ഉള്ള യോഗമാണ് വേണ്ടത് ... !! :)