Monday, July 20, 2015

വേദിയിലെ കസേരകൾ എന്നോട് പറഞ്ഞത്അടുത്ത സീറ്റിൽ ഇരുന്നു ഉറക്കത്തിലേക്കു വീഴുകയായിരുന്ന സത്യശീലനെ തട്ടി ഉണർത്തി സുഗുണൻ പറഞ്ഞു ,


' അളിയാ , നിങ്ങള് ഇവിടെ ഇരുന്നു ഇങ്ങനെ ഉറങ്ങല്ലേ , ആരെങ്കിലും കണ്ടാൽ നാണക്കേടാണ് "


പെട്ടെന്ന് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു സീറ്റിൽ നിവർന്നിരുന്ന സത്യശീലൻ, പുഞ്ചിരിക്കുന്ന ആവേശമുള്ള മുഖവുമായി തന്റെ വാച്ചിൽ സമയം നോക്കി പിറ് പിറുത്തു.... " ശല്യങ്ങള് , ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ , മനുഷ്യനെ മിനക്കെടുത്താൻ ഓരോ ചടങ്ങുകള്.... "


സുഗുണൻ വീണ്ടും സുശീലനെ ഓർമിപ്പിച്ചു... "പതുക്കെ പറ മച്ചു , അടുത്ത് പോലീസുകാര് ഒക്കെ നിൽപ്പുണ്ട്. അവരെങ്ങാനും കേട്ടാൽ നാണക്കേടാണ്   "


തന്റെ സീറ്റിന്റെ അടുത്ത് നില്ക്കുന്ന കൊമ്പൻ മീശക്കാരൻ  പോലീസുകാരൻ ഒന്നും കേട്ടിട്ടുണ്ടാവില്ല എന്ന വിശ്വാസത്തിൽ സത്യശീലൻ നിർവന്നിരുന്നപ്പോഴേക്കും വേദിയിലുള്ള സുന്ദരിയായ അധ്യക്ഷ മൈക്കിൽ ഇങ്ങനെ അരുളി ചെയ്തു...


" അടുത്തതായി സ്വാഗത പ്രസംഗം നടത്താനായി കേരളത്തിന്റെ ബഹുമാന്യനായ അഭ്യന്തര മന്ത്രി സുഗുണൻ സാറിനെ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.... "


അത്രയും നേരം അധ്യക്ഷയെ ഇടം കണ്ണിട്ടു നോക്കി വെള്ളം ഇറക്കി ഇരിക്കുകയായിരുന്ന സത്യശീലന്  ഷേക്ക്‌ ഹാൻഡും കൊടുത്തു , സദസിനെ നോക്കി എല്ലാവരെയും അഭിവാദ്യം ചെയ്തു മൈക്ക് കയ്യിലേന്തിയ സുഗുണൻ അണ്ണൻ പതിവ് സ്റ്റൈലിൽ തന്റെ പ്രസംഗം തുടങ്ങി......


" വേദിയിൽ ഇരിക്കുന്ന ബഹുമാനപ്പെട്ട മുഖ്യ മന്ത്രി സത്യശീലൻ സർ , സദസിൽ ഇരിക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മമാരെ....സഹോദരിമാരെ .....    "


< the end >

Saturday, July 11, 2015

Case No- 1986/12/08-റെഫറൻസ് നോട്ട്സ്കേസ് No                :: 1986/12/08 , LKG- B ഡിവിഷൻ
ബഹു : കോടതി :: സുഷമ ടീച്ചർ, ക്ലാസ്സ്‌ ടീച്ചർ
പ്രതി                       :: അബ്ദുൽ റഷീദ്, ലാസ്റ്റ് ബെഞ്ച്‌  
വാദി                       :: മീനാക്ഷി നമ്പിയാർ , സെക്കന്റ്‌ ബെഞ്ച്‌
സാക്ഷികൾ           ::  (1) ലക്ഷ്മി, ( 2) നിൻസി, (3) വിശാക്, (4) മജീദ്‌ , (5) അരുണ്‍


FIR റിപ്പോർട്ട്‌ ::
[ അവലംബനം : 1 & 2 സാക്ഷി മൊഴികൾ ]
ലച്ചുവിന്റെയും നിൻസിയുടെയും കൂടി  ക്ലാസ്സിൽ ഓടി കളിക്കുകയായിരുന്ന മീനാക്ഷിയെ ആബ്ദുൽ കൈ കൊണ്ട് തടഞ്ഞു നിർത്തി എന്തോ ചോദിച്ചു. കളിയുടെ ഇടയിൽ തന്നെ ശല്യപ്പെടുത്തിയതിന്റെ എല്ലാ അരിശവും കാരണം അവന്റെ കൈകൾ വലിച്ചു നീക്കി മീനാക്ഷിയും  അതിനേക്കാൾ ശക്തമായി തിരിച്ച് പ്രതികരിച്ചു. ദേഷ്യം വന്ന അബ്ദുൽ  മീനാക്ഷിയെ പിടിച്ചു തള്ളി , മതിലിൽ ഇടിച്ച മീനാക്ഷിയുടെ നെറ്റി പൊട്ടി ചോര വന്നു.


രേഖപെടുത്തിയ പ്രധാന മൊഴികൾ ::
1. "അബ്ദുൽ എപ്പോഴും കളിക്കുമ്പോൾ മീനുവിനെ ശല്യപ്പെടുത്തും" [ മൂന്നാം സാക്ഷി ]
2. "മീനുന്റെ നെറ്റിന്നു ചോര വന്നത് ഞാൻ കണ്ടതാണ് " [ നാലാം സാക്ഷി ]
3. 'FIR ഇൽ പറഞ്ഞതൊക്കെ സത്യമാണ് " [ ഒന്നും രണ്ടും സാക്ഷികൾ ]
4. "അബ്ദുൽ തിരിഞ്ഞപ്പോൾ അറിയാതെ കൈ തട്ടി മീനു വീണു പോയതാണ് " [ അഞ്ചാം സാക്ഷി ]


സുപ്രധാനമായ മൊഴി ::
5. " ഞാൻ വീഴുമ്പോൾ അബ്ദു എന്റെ അടുത്തെങ്ങുംഇല്ലായിരുന്നു "  [ വാദി : മീനാക്ഷി ]


:: വിധി ന്യായം ::
" അബ്ദുൽ തള്ളിയത് കൊണ്ട് തന്നെയാണ് മീനാക്ഷി വീണത്. അബ്ദുൽ എപ്പോഴും മീനാക്ഷിയെ ശല്യപ്പെടുതുന്നതിനാൽ അബ്ധുലിനെ LKG-A ഡിവിഷനിലേക്ക് മാറ്റുവാൻ ഈ കോടതി ഹെഡ് മാസ്റ്ററോട് ശുപാർശ ചെയ്യും.  അബ്ദുൽ ഇനിയും മീനാക്ഷിയെ ശല്യപ്പെടുത്തിയാൽ വീട്ടുകാരെ വിളിപ്പിച്ചു സ്കൂളിൽ നിന്നും പുറത്താക്കും  ഇപ്പോൾ തൽക്കാലം രണ്ടു അടിയാണ് ശിക്ഷ , അബ്ദുൽ സ്റ്റാഫ്‌ റൂമിൽ ചെന്ന് ചൂരൽ കൊണ്ട് വരിക   "


ആ വലിയ വിധി കേട്ട് മൂന്നും നാലും പ്രതികൾ ഉറക്കെ ചിരിച്ചു. വാദി പതുക്കെ പൊട്ടി കരഞ്ഞു , ഒന്നും രണ്ടും പ്രതികൾ വാദിയെ ആശ്വസിപ്പിച്ചു. ആരോടും ഒന്നും മിണ്ടാതെ പ്രതി സ്റ്റാഫ്‌ റൂമിലേക്ക്‌ ചൂരൽ എടുക്കാൻ നടന്നു നീങ്ങി. അത് കണ്ടു അഞ്ചാം പ്രതി അവന്റെ കണ്ണുകൾ തുടച്ചു.


< Case No- 1986/12/08 - File End  >
   
അപൂർവങ്ങളിൽ അപൂർവ്വം ആയി കരുതി കോടതി ശിക്ഷ വിധിച്ച ഈ പ്രമാദമായ പെറ്റി കേസിലെ , ബഹുമാനപ്പെട്ട കോടതിയും നമ്മളും അറിയാൻ ശ്രമിക്കാതെ പോയ ആ ചെറിയ ചോദ്യം ഇപ്പോഴും ബാക്കിയാണ്,

""അബ്ദു എന്തായിരിക്കും അന്ന് മീനുവിനോട് പറഞ്ഞതു ?""


തന്റെ പ്രിയപ്പെട്ട പ്രതിയെ കടുത്ത ശിക്ഷകളിൽ നിന്നും രക്ഷിക്കാനുള്ള വെപ്രാളത്തിൽ കോടതിയുടെ മീനാക്ഷിയെന്ന / സാക്ഷികളുടെ മീനുവെന്ന / അബ്ദുവിന്റെ സ്വന്തം മീനൂട്ടി തന്റെ ഉള്ളിൽ ആരോടും പറയാതെ ഒളിപ്പിച്ചു വെച്ച, എവിടെയും രേഖപ്പെടുത്താതെ പോയ ആ അതി പ്രധാനമായ മൊഴി ഇതാണ് ,


 " നീ ഇങ്ങനെ ഓടി കളിക്കല്ലേ എന്റെ മീനുട്ടി, എങ്ങാനും വന്നു വീണാൽ നിന്റെ  കയ്യൊടിയും കേട്ടോ, ഞാൻ പറഞ്ഞേക്കാം .... "


::സമർപ്പണം :: വാദികളും സാക്ഷികളും എവിടെയും രേഖപ്പെടുത്താതെ പോയ നിഷ്കളങ്കമായ ചെറിയ മൊഴികൾ കാരണം, എപ്പോഴെങ്കിലുമൊക്കെ പ്രതി സ്ഥാനത്ത് നിൽക്കേണ്ടി വന്നിട്ടുള്ള എല്ലാ പാവം  'കുറ്റവാളി'കൾക്കും വേണ്ടി...Thursday, July 2, 2015

ഒരു ഡയറി കുറിപ്പ്


നട്ടുച്ച നേരത്ത് സ്റ്റാഫ്‌ റൂമിൽ ഞാൻ ഒരു പൊതി കടലയും കൊറിച്ചു ബോർ അടിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായാണ് ആ യുവ കോമള  ചോദ്യം അവിടെ കടന്നു വന്നത് ,


" ഗോപകുമാർ മാഷ്‌ ഇവിടുണ്ടോ ? "


അത് കേട്ട് ഞാൻ ചോദ്യ കർത്താവിനെ തലയുയർത്തി ഒന്ന് നോക്കി. മൊത്തത്തിലുള്ള അവന്റെ ലക്ഷണം കണ്ടു ഈ കോളേജിലെ തന്നെ വിദ്യാർഥി ആണെന്ന്  പിടി കിട്ടി. എങ്കിലും ആളെ അധികം കണ്ടതായി ഓർമയില്ലാത്തത് കൊണ്ട് ഇനിയെങ്ങാനും തല്ലാൻ വേണ്ടിയാണോ വരവ് എന്നറിയാനായി ഒരു മറുചോദ്യം ഭവ്യതയോടെ ചോദിച്ചു ,


" ഗോപകുമാർ മാഷോ ?  , എന്താണ് കാര്യം ?


"റെക്കോർഡ്‌ ബുക്കിൽ മാഷിന്റെ ഒപ്പിട്ടു വാങ്ങിയില്ലേൽ നാളത്തെ ലാബ് പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ്‌ തരില്ല എന്നാണു ഓഫീസിൽ പറയുന്നത്.  അത് കൊണ്ട് ഒപ്പിട്ടു വാങ്ങാനാണ് "അവന്റെ കയ്യിലെ റെക്കോർഡ്‌ ബുക്കിലേക്ക് ഒന്നെത്തി നോക്കി അവൻ പറഞ്ഞത് ശെരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം കസേരയിൽ അധികാരത്തോടെ നിവർന്നിരുന്നു ഞാൻ  ഉറച്ച ശബ്ധത്തിൽ  ഗർജിച്ചു ,


" എടോ , ഞാൻ ആണെടോ നീ ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഗോപകുമാർ മാഷ്‌... ക്ലാസ്സിൽ പോലും കയറാതെ , എന്നെ കണ്ടിട്ട് തിരിച്ചറിയാൻ പോലും പറ്റാത്ത നിനക്ക് , എന്റെ ഒപ്പ് വേണം അല്ലേ... "


തനിക്കു സംഭവിച്ചു പോയ വലിയ അമളിയുടെ ഒരു ചെറു ലാഞ്ചന പോലും മുഖത്ത് കാട്ടാതെ അവൻ വീണ്ടും തുടർന്നു,
" മാഷ്‌ അങ്ങ് ക്ഷീണിച്ചു പോയല്ലോ. കണ്ടോ , എനിക്ക് പോലും പെട്ടെന്ന്  മനസ്സിലായില്ല.. ദയവു ചെയ്തു  ഈ റെക്കോർഡ്‌ ഒപ്പിട്ടു തരണം.... "


ഇത്രയും പറഞ്ഞു അവൻ ആ റെക്കോർഡ്‌ പുസ്തകം ഭാവ്യതയോട് കൂടി എന്റെ മേശ പുറത്തു വെച്ച് പ്രാർത്ഥനയോടെ ദൂരേക്ക് മാറി നിന്നു.


"നീയൊന്നും പരീക്ഷ എഴുതിയിട്ട് ഒരു കാര്യവും ഇല്ല...  വെറുതെ സമയം മിനക്കെടുത്താതെ ഇവിടന്നു പൊയ്ക്കോ.. " എന്ന എന്റെ ശക്തമായ മറുപടി കേട്ട് തിരിച്ചു നടക്കാൻ ഒരുങ്ങിയ അവനെ ഞാൻ തിരിച്ചു വിളിച്ചു മേശ പുറത്തിരുന്ന റെക്കോർഡ്‌ ബുക്ക്‌ ചൂണ്ടി   കൊണ്ട് വീണ്ടും പറഞ്ഞു,


" പോകുമ്പോൾ ഇതാ ഇതും കൂടി എടുത്തോണ്ട് പൊയ്ക്കോ "


എന്നോട് നല്ലൊരു നന്ദിയും പറഞ്ഞു പയ്യെ തിരിച്ചു നടന്നു വന്നു, മേശ പുറത്ത് റെക്കോർഡ്‌ ബുക്കിന്റെ അടുത്തിരുന്ന എന്റെ കപ്പലണ്ടി പൊതിയും എടുത്തു അവൻ നിഷ്കളങ്കമായി നടന്നു നീങ്ങി . അപ്പോൾ അത് നോക്കി ഞാൻ ‌ അറിയാതെ മനസ്സിൽ പറഞ്ഞു പോയി ...


"ശെടാ....  വേഗം അതങ്ങ് ഒപ്പിട്ടു കൊടുത്തിരുന്നെങ്കിൽ എന്റെ കപ്പലണ്ടിയെങ്കിലും ബാക്കി ഉണ്ടായേനെ... "


ഇന്ന് ഞാൻ പഠിച്ച പാഠം :: 'എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ചിലരോട്, നമ്മൾ എത്ര നെഗറ്റീവ് ആയി പെരുമാറിയാലും, നമുക്ക് നഷ്ട്ടപെടുന്നത് സ്വന്തം കപ്പലണ്ടി പൊതികൾ മാത്രമാകാം'.  


എന്ന് , ഗോപകുമാർ മാഷ്‌
Date  : 07- 03- 2015