Wednesday, June 17, 2015

..പാറ്റയെ സ്നേഹിച്ചു പോയവർ..

"ഈ ജന്മത്തിൽ ഒരു പാറ്റയായി ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിലപ്പോൾ കൊതിക്കാറുണ്ട് "


ഇത്രയും പറഞ്ഞു അവൻ സംസാരം നിർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നോ ,  എനിക്കറിയില്ല. പക്ഷെ , അവന്റെ വാക്കുകൾ പതറിയിരുന്നതായി തോന്നി. തന്റെ ദുഃഖം ഞാൻ കാണാതെ ഇരിക്കാൻ എന്ന പോലെ  അവൻ ജനലിലൂടെ അങ്ങ് ദൂരേക്ക് നോക്കി ഇരുന്നു.


അപ്രതീക്ഷിതമായി കേട്ട ആ ഉത്തരം എന്നെയും കുഴക്കി. ഒരുപാട് നാളുകൾക്കു ശേഷം കാണുന്ന അടുത്ത കൂട്ടുകാരനോട് " എങ്ങനെ പോകുന്നു ജീവിതം ?" എന്ന ചോദ്യത്തിനു അങ്ങനെയൊരു മറുപടി ഞാൻ ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ല. അടുത്തതായി എന്ത് പറയണം എന്നറിയാതെ ഞാൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.


ജീവിതത്തിൽ ആദ്യമായി കാണുന്ന അവന്റെ ഭാര്യയോടു, വർഷങ്ങൾ പരിചയമുള്ളവരെ പോലെ ഒരുപാട് വാചകം അടിക്കുന്ന എന്റെ ഭാര്യയുടെ ശബ്ദം അടുക്കളയിൽ നിന്നും നമുക്ക് ഉറക്കെ കേൾക്കാം. ചെറുപ്പം മുതൽ കൂട്ടുകാരായിരുന്നിട്ടും ആണുങ്ങൾ  തമ്മിൽ എന്താണ് അത് പോലെ നിർത്താതെ സംസാരിക്കാൻ പറ്റാത്തത്, അതിശയം തന്നെ!


"എന്നാലും എന്താ നീ അങ്ങനെ പറഞ്ഞത് ?" ... ഒടുവിൽ കാര്യം എന്തെന്നറിയാനുള്ള ആകാംഷയിൽ ഞാൻ അങ്ങ് ചോദിച്ചു.


അടുക്കളിയിലേക്ക് എത്തി നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ പതിയെ എന്റെ ചെവിയിൽ പറഞ്ഞു ..


" ഈ ലോകത്ത് അവൾക്കു ആകെ പാറ്റയെ മാത്രമേ കുറച്ചെങ്കിലും പേടിയുള്ളൂ... അങ്ങനെ എങ്കിലും അവൾ എന്നെ....  അത് കൊണ്ടാ ഞാൻ അങ്ങനെയൊക്കെ.... "


പറഞ്ഞു മുഴുവിക്കാനാവാതെ അവൻ വിതുമ്പി. ഇപ്പ്രാവശ്യം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് ശെരിക്കും കാണാമായിരുന്നു.


"ഇനിയും ലേറ്റായാൽ സുരേഷേട്ടൻ ഇന്ന് എന്നെ കൊല്ലും, ഞാൻ അങ്ങോട്ട്‌ പോകട്ടെ "  എന്നുറക്കെ പറഞ്ഞു കൊണ്ട് അവന്റെ ഭാര്യ അടുക്കളയിൽ നിന്നും ഇങ്ങോട്ട് വന്നു. യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഞാൻ പറഞ്ഞു


"നീ നാളെ രാവിലെ ചാർജ് എടുക്കുകയല്ലേ , congratulations  "


അടുത്ത ദിവസം രാവിലെ പത്രത്തിൽ അവന്റെ ഫോട്ടോയോടൊപ്പം വന്ന വാർത്തയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു....


'ഗുണ്ടകളെ വിറപ്പിക്കാൻ  C.I ഇടിയൻ സുരേഷ്  നഗരത്തിൽ "


Wednesday, June 10, 2015

എടുത്തു ചാട്ടം - ഒരു കലയാണ്‌


"അളിയാ , സിനിമ ഷൂട്ടിംഗ് ! നമുക്ക് കുറച്ചു നേരം നോക്കിയിട്ട് പോകാം "


പറഞ്ഞു തീരും മുൻപ് അവൻ സ്കൂട്ടർ തിരിച്ചു പാലത്തിന്റെ സൈഡിലേക്ക്  നീങ്ങി.  വേറെയും കുറേ വണ്ടികൾ പാലത്തിന്റെ ഇരു വശവും പാർക്ക്‌ ചെയ്തിട്ടുണ്ട്. ആളുകൾ എല്ലാം ആരുടെയോ ചുറ്റും കൂടി നിൽപ്പാണ്. അവരുടെ അടുത്ത് പോലീസ് ജീപ്പും കുറച്ചു പോലീസുകാരും നിൽപ്പുണ്ട്. സ്കൂട്ടറിൽ നിന്നും അൽപ്പം പൊങ്ങി നിന്ന്  നോക്കി അവൻ പറഞ്ഞു ,


"സീരിയൽ ആണോ എന്നും സംശയം ഉണ്ട് , പോലീസ് വേഷത്തിൽ നിൽക്കുന്ന മെയിൻ ആളെ കണ്ടിട്ട് ഒരു പരിചയം തോന്നുന്നില്ല. പക്ഷെ മുടിഞ്ഞ ഗ്ലാമർ തന്നെ "

സൈഡിൽ മാറി നിന്ന പോലീസുകാരനോട്‌ ചെന്ന് അവൻ ചോദിച്ചു
" ഏതാ സാറേ പടം , ആരാണ് നായകൻ "


അവനെ അടിമുടി നോക്കി ആ പോലീസുകാരൻ പിന്നെ പറഞ്ഞതും , അവിടെ അന്ന് നടന്നതും എല്ലാവർക്കും ഒരു പാഠം ആണ് , ജീവിതത്തിൽ അധികമാരും പറഞ്ഞു തരാത്ത ഒരു വലിയ പാഠം :
" ഗ്ലാമർ ഉള്ളവരെല്ലാം , സിനിമ നടന്മാരല്ല " !!!


ഈ സംഭവം കാരണം അന്ന് അവിടെ ബുദ്ധിമുട്ടിയവർ ::


1. വണ്ടി ചെക്കിംഗ് കഴിഞ്ഞിട്ട് പോകാൻ ഒരുങ്ങുമ്പോൾ , അവസാനം അങ്ങോട്ട്‌ വന്നു കയറിയ എന്റെ കൂട്ടുകാരനെയും പരിശോധിക്കേണ്ടി വന്ന പോലീസുകാർ


2. ബുക്കും പേപ്പറും ഇൻഷുരൻസും ഇല്ലാതെ വണ്ടിയോടിച്ചതിന് അഞ്ഞൂറ് രൂപ ഫൈൻ അടിച്ച പേപ്പറ് കിട്ടിയ എന്റെ കൂട്ടുകാരൻ


3. വണ്ടിയെയും കൂട്ടുകാരനെയും പോലീസുകാര് കൊണ്ട് പോയതു കാരണം ബാക്കി യാത്ര ബസ്സിൽ ആകേണ്ടി വന്ന , പാവം ഞാൻ !
Thursday, June 4, 2015

ഭൂലോക പ്രശ്നങ്ങൾ" ഹലോ , പറ്റിയാൽ ഒരു ഉപകാരം ചെയ്യാമോ , ഇപ്പോൾ നിങ്ങൾ മാത്രമേ ചാറ്റിൽ ഓണ്ലൈൻ കാണുന്നുള്ളൂ , അത് കൊണ്ടാ "

 

ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ഫേസ് ബുക്ക്ചാറ്റിൽ മലയാളം ഇംഗ്ലീഷിൽ കയറി വന്ന മെസ്സേജ് കണ്ടു അവനു അകാംഷയായി.

കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന പെണ്കുട്ടിയാണ്. പലപ്പോഴും ജോലിയുമായുള്ള കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത് അല്ലാതെ അധികം മിണ്ടിയിട്ടില്ല. കാണാനൊരു ചെലോക്കെയുള്ള കൊച്ചാണ്. കല്യാണം കഴിഞ്ഞു ഒരു കൊച്ചും ഉണ്ട് . ഇതെന്തായിരിക്കും അവൾക്കു വേണ്ട ഉപകാരം ! കുറെ നേരം മനസ്സിൽ മാറി മറിഞ്ഞ നൂറു നൂറു ചോദ്യങ്ങളെ മാറ്റി നിർത്തി അവൻ മറുപടി കൊടുത്തു
" ഷുവർ , പറഞ്ഞോളു "

 

പിനീടുള്ള അവളുടെ ചാറ്റിനു വേണ്ടിയുള്ള അവന്റെ കാത്തിരിപ്പ്പത്തു മിനുട്ട് വൈകി . പത്തു നിമിഷത്തെ ടെൻഷൻ അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ,  നിഗൂടതകൾ വീണ്ടും ഒളിപ്പിച്ചു അവൾ ചാറ്റി 
" താങ്ക്സ് , പക്ഷെ ആരോടും ഇത് പറയരുത് "

 

അവന്റെ ചങ്കിടിപ്പ് കൂടി , കാര്യം എന്തോ വലുതാണ്‌. ജോസ് പ്രകാശ് സിനിമയിൽ പറഞ്ഞ പോലെ   ഒരു സഹായം ചിലപ്പോൾ ജീവിതം മാറ്റി മറിക്കും. വിറയാർന്ന കൈകളുമായി  അവൻ എഴുതി
" എന്നെ വിശ്വസിക്കാം , ധൈരമായി പറഞ്ഞോളു "

 

പിന്നീടും , അവളുടെ മറുപടി പത്തു മിനിട്ട് വൈകി. അവന്റെ ആകെയുള്ള മനസ്സമാധാനം കൂടി പോയി. ഒടുവിൽ മുഖവുര  നീക്കി അവൾ കാര്യം പറഞ്ഞു തുടങ്ങി
" ഇന്ന് നിങ്ങളുടെ ഫേസ് ബുക്ക്വാളിൽ ഞാൻ പോസ്റ്റു ചെയ്ത ഏതെങ്കിലും സ്റ്റാറ്റസ് വന്നിരുന്നോ , ഒന്ന് വേഗം നോക്കി പറയാമോ ?"

 

അവൻ വേഗം ഫേസ് ബുക്ക്പേജ് മുഴുവൻ തപ്പി. അവൾ പതിവായി ഷെയർ ചെയ്യാറുള്ള പേജുകളും , പിന്നെ ഉച്ചയ്ക്കുണ്ടാക്കിയ മീൻ പൊരിച്ചത് വെച്ചുള്ള ഒരു ഫോട്ടോയും അവളുടെതായി അവൻ കണ്ടു.

വീണ്ടും പലകുറി നോക്കി ഉറപ്പു വരുത്തിയ ശേഷം അവൻ അവളോട്കാര്യം പറഞ്ഞു
" പേടിക്കാനുള്ള ഒന്നുമില്ല , ആകെ ഒരു മീനിന്റെ ഫോട്ടോ മാത്രമേ കാണാൻ ഉള്ളു "

"വളരെ നന്ദി , ആശ്വാസം. ശെരി അപ്പോൾ. പിന്നെ , ഓഫീസിൽ കാണാം "
ഇത്രയും പറഞ്ഞു പോകാനൊരിങ്ങിയ അവളോട്‌ അവൻ വേഗം ചോദിച്ചു
" ബുദ്ധിമുട്ടില്ലേൽ, എന്താണ് കാര്യം എന്ന് എന്നോട് പറയാമോ ?'

അങ്ങനെ സസ്പെൻസ് പൊട്ടിച്ചു അവൾ പറഞ്ഞു...

"ആരോടും പറയണ്ട , ഞാൻ ഉച്ചയ്ക്കിട്ട മീൻ ഫ്രൈയുടെ ഫോട്ടോക്ക് ഇത് വരെ ലൈക്കൊന്നും കിട്ടാത്തതിനാൽ അത് മറ്റുള്ളവർക്ക് കാണാൻ  പറ്റുമോ എന്നറിയാൻ വേണ്ടി ചോദിച്ചതാ.. എന്തായാലും വളരെ നന്ദി "

എന്ത് മറുപടി പറയണം എന്നറിയാതെ ലാപ്ടോപ് മടക്കി വെച്ച് അവൻ ആകാശത്ത് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
" !@#$%^&**((&^%$$ മോള് "