Saturday, July 19, 2008

ബ്രിട്ടീഷ് പട്ടാളത്തിലെ അപ്പൂപ്പന്‍.


എന്‍റെ കൂട്ടുകാരന്‍ തബാക്കിയുമായി ബന്ധമുള്ള ഒരു രസകരം ആയ സംഭവം.

ഇവന്‍റെ ശരിയായ പേരു തബാക്കി എന്നല്ല. പക്ഷെ ഇവനെ കണ്ടാല്‍ നമ്മുടെ മൌഗ്ലി പരമ്പരയിലെ തബാക്കി എന്ന കഥാപാത്രത്തിന്റെ മുഖ ചായ ഉള്ളത് കൊണ്ടു ഇവന്‍ അങ്ങനെ ആണ് അറിയപ്പെട്ടിരുന്നത്. ആള്‍ വളരെ നിഷ്കളങ്കന്‍ ആണ്. ഒരൊറ്റ കുഴപ്പം മാത്രമെ ഉള്ളു. ഉറക്കത്തില്‍ സംസാരിക്കും. ഇരുപ്പത്തഞ്ച് വയസ്സ് പ്രായം ആയിട്ടും അതിന് ഒരു മാറ്റവും ഇല്ല. ഇടയ്ക്ക് ഒരു ദിവസം കക്ഷി രാത്രി എഴുന്നേറ്റു ഇരുന്നു ഉറക്കെ കരയുകയാണ്. രാത്രി ഒരു രണ്ടു മണി ആയിക്കാണും. ഞങ്ങള്‍ എല്ലാരും ഓടി അവന്‍റെ അടുത്ത് ചെന്നു. എന്തായിരുന്നു കാര്യം എന്ന് നിങ്ങള്‍ക്കറിയോ?........ പണ്ടു അഞ്ചു വയസ്സ് പ്രായം ഉണ്ടായിരുന്നപ്പോള്‍ അവന്‍റെ കുഞ്ഞമ്മ എല്ലാ കുട്ടികള്‍ക്കും ഹോര്‍ലിക്സ് കലക്കി കൊടുത്തിട്ടും അവന് മാത്രം കൊടുത്തില്ല പോലും!!!!!! അതോര്‍ത്തു കക്ഷി ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഉറക്കത്തില്‍ ആലോചിച്ചു ഇരുന്നു കരയുകയാണ്. നല്ല ഒരു ചവിട്ടും, പിന്നെ കുറെ തന്തയ്ക്കു വിളികളും കേട്ട ശേഷം ആണ് അവന്‍ കിടന്നുറങ്ങിയത്.

ഇപ്പോള്‍ വിഷയം അതല്ല..... ഒരിക്കല്‍ തബാക്കി പറഞ്ഞ രസകരമായ ഒരു സംഭവം ആണിത്.

ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും വീട്ടില്‍ ടിവി കണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് തബാക്കി പറഞ്ഞു. 'എന്‍റെ അപ്പൂപ്പന്‍ പണ്ടു ബ്രിട്ടീഷ് പട്ടാളത്തില്‍ ആയിരുന്നു.'..... ഇവന്‍ എന്താണ് പറയുന്നതു എന്ന് പിടി കിട്ടാത്തത് കൊണ്ടു ഞങ്ങള്‍ അതി മൈന്‍ഡ് ചെയ്യാതെ വീണ്ടും ടിവിയില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. കുറച്ചു നേരം കഴിന്നപ്പോള്‍ തബാക്കി വീണ്ടും...... ' അപ്പൂപ്പന്‍ ഉപ്പ് സത്യാഗ്രഹത്തില്‍ ഒക്കെ പന്കെടുതിട്ടുണ്ട്...... അന്ന്അതിന് കിട്ടിയ സര്‍ടിഫികറ്റുകള്‍ വീട്ടില്‍ ഉണ്ടത്രേ!!!!'.... അത് നങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഞങ്ങള്‍ അവനെ വളഞ്ഞു... എന്നിട്ട് ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി.... 'ബ്രിട്ടീഷ് പട്ടാളക്കാരന്‍ ഉപ്പ് സത്യാഗ്രഹത്തിന് പോവുകയോ?'... പോട്ടെ, ചിലപ്പോള്‍ ദേശ സ്നേഹം കൊണ്ടു പോയിക്കാണും. അതിന് അതില്‍ പോയതിനു അന്ന് സര്‍ടിഫികറ്റു വാങ്ങി എന്നോ? ... അതിന് അത് ഒരു കൊമ്ബട്ടിഷഷന്‍ ഐറ്റം അല്ലായിരുന്നല്ലോ..... ഇവന്‍റെ ഈ ഒരു വെടിയെന്കിലും പൊളിക്കണം..... ഞങ്ങള്‍ ചോദിച്ചു ....' നിന്റെ അപ്പൂപ്പന്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ആരായിരുന്നു?'.... അവന്‍ പറഞ്ഞ മറുപടി എന്താണെന്ന് അറിയോ...... അവന്‍റെ അപ്പൂപ്പന്‍ ബ്രിട്ടീഷ് പട്ടാളത്തില്‍ ഒരു സാധാ പോലീസ് കോണ്‍സ്റ്റബിള്‍ ആയിരുന്നു എന്ന്.

അത് കേട്ടപ്പോള്‍ നങ്ങള്‍ക്ക് ചിരി പൊട്ടി.... ഇനി അവനെ വെറുതേ വിടാമെന്ന് വെച്ചു... പക്ഷെ അന്ന് രാത്രി അവന്‍ എഴുന്നേറ്റു വീണ്ടും കരഞ്ഞു.... കാരണം എന്തെന്നോ... അവന്‍ നമ്മളോട് ഒരു കള്ളം പറഞ്ഞു പോലും. സത്യത്തില്‍ അവന്‍റെ അപ്പൂപ്പന്‍ ബ്രിട്ടീഷ് പട്ടാളത്തിലെ കുക്ക് ആയിരുന്നു പോലും.

സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ..


പണ്ടു സ്കൂളില്‍ ഈ സാമൂഹ്യപാടവും ഭൂമിശാസ്ത്രവും ഒക്കെ പഠിപ്പിക്കുന്ന നേരത്ത് വല്ല പാചകവും, പാര വെപ്പും പോലെയുള്ള ജീവിതത്തിനു ആവശ്യമുള്ളത് പഠിപ്പിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്. ഇപ്പോള്‍ അങ്ങനെ ചിന്തിക്കുന്നതിനു ഒരു കാര്യം ഉണ്ട്. ഈ പാചകം ഒക്കെ അറിയാതെ എന്തൊക്കെ കഷ്ടപ്പാടുകള്‍ ആണെന്നോ....

അമേരിക്കയിലെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആണ് പാചകം അറിയാത്ത പാടു ഏറ്റവും കൂടുതല്‍ അറിഞ്ഞത്. പണ്ടു ബംഗ്ലോരിലും ചെന്നയിലും ഒക്കെ ഒറ്റയ്ക്ക് താമസിച്ചപ്പോലും ഹോട്ടല്‍ ഭക്ഷണത്തില്‍ അഭയം കണ്ടെത്തിയതിനാല്‍ ഇത്രയും പാടു ഉണ്ടായിരുന്നില്ല. ഇവിടെ ഹോട്ടലില്‍ കിട്ടുന്ന ഒന്നും നമ്മുടെ നാവിനു ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മധുരമുള്ള കറിയും , എരിവും പുളിയും ഇല്ലാത്ത എന്തൊക്കെയോ സാധനങ്ങളും. അങ്ങനെ ഇരിക്കെ ഒരു ദിവസം ചിക്കന്‍ ഫ്രൈ തിന്നാന്‍ ഭയങ്കര കൊതി. വിശന്നു കൊതി പിടിച്ചാല്‍ മനുഷ്യന് പിന്നെന്തു അഭിമാനം. കൊച്ചിയില്‍ നിന്നു വന്ന സഹ പ്രവര്തകയോട് ഉള്ള കാര്യം പറഞ്ഞു. എന്റെ അവസ്ഥ കണ്ടിട്ട് അവള്‍ ഫ്രിഡ്ജില്‍ നിന്നും രണ്ടു പൊരിച്ച ചിക്കന്‍ ഫ്രൈ കൊണ്ടു തന്നു. എന്നിട്ട് കുറച്ചു വെളിച്ചെണ്ണയില്‍ നന്നായി ചൂടാക്കി കഴിക്കാന്‍ പറഞ്ഞു. എനിക്ക് സ്വര്‍ഗം കിട്ടിയ സന്തോഷം. വീട്ടില്‍ ആ ചിക്കന്‍ ഫ്രൈ മേശയില്‍ വെച്ചു കുറച്ചു നേരം നോക്കി നിന്നു. പണ്ടു ചെമ്മീന്‍ സിനിമയില്‍ പരീത് കുട്ടി കറുത്തമ്മയെ നോക്കി നിന്ന പോലെ....

എന്തായാലും ചിക്കന്‍ ഫ്രൈ കിട്ടിയതല്ലേ... രണ്ടു പെഗ്ഗ് അടിച്ച് കഴിക്കാം എന്ന് തോന്നി.. സ്മിര്‍നോഫ് റം എടുത്തു അടി തുടങ്ങി. ഒന്നു..... രണ്ടു.... മൂന്നു... നാല്. ഇതാണ് ചിക്കന്‍ ഫ്രൈ കഴിക്കാന്‍ പറ്റിയ സമയം. ഇനി ചിക്കന്‍ ഫ്രൈ പൊരിച്ചിട്ടു , രണ്ടു പെഗ്ഗ് കൂടെ. ഇന്നത്തെ ദിവസം കുശാല്‍.

അടുക്കളയില്‍ കയറി. ഫ്രയിംഗ് പാനില്‍ കുറച്ചു വെളിച്ചെണ്ണ എടുത്തു ചൂടാക്കി. ഭയങ്കര പുക... റൂമിലെ ഫയര്‍ അലാറം അടിച്ച് തുടങ്ങി. ഇനി വെളിച്ചെണ്ണ മായം ആണോ? എങ്കിലും പെട്ടെന്ന് രണ്ടു ചിക്കന്‍ ഫ്രൈയും അതിലിട്ട് ചെറുതായി ചൂടാക്കി വേഗം പാചകം മതിയാക്കി. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഫയര്‍ അലാറം അലര്‍ച്ച നിര്‍ത്തി. പയ്യെ ഞാന്‍ ചിക്കന്‍ ഫ്രൈയും ആയി എന്‍റെ കര്‍ത്തവ്യത്തിലേക്ക് കടന്നു.

ഞാന്‍ ആസ്വതിച്ചു ചിക്കന്‍ ഫ്രൈ-യില്‍ ഒരു കടി... അത് മാത്രമെ ഇപ്പോള്‍ ഓര്‍മയുള്ളൂ..... പണ്ടു കുടിച്ച മുലപ്പാല്‍ ഉള്‍പ്പെടെ എല്ലാം പുറത്തെത്തി. അങ്ങനെ മണിക്കൂറുകള്‍ നിര്‍ത്താതെ തുടര്‍ന്ന് ഒടുവില്‍ എപ്പോഴോ തളര്‍ന്നു ഉറങ്ങി.

പിറ്റേ ദിവസം കണ്ണ് തുറന്നപ്പെഴുക്കും ഉച്ച ആയി. ശെനിയാഴ്ച്ച ആയതു കൊണ്ടു ഭാഗ്യം. അല്ലെങ്കില്‍ ഓഫീസ് മുടങ്ങിയേനെ.... ഞാന്‍ പയ്യെ കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങി. ഇനി സ്മിര്‍നോഫിന്റെ കുഴപ്പം ആണോ? അതോ ചീത്തയായ ചിക്കന്‍ ആയിരുന്നോ? എന്താണെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. അപ്പോഴാണ് ഇന്നലെ ചിക്കന്‍ പൊരിക്കാന്‍ തുടങ്ങിയപ്പോള്‍ കരിഞ്ഞ ഫ്രൈ പാന്‍ ഒക്കെ അടുക്കളയില്‍ ഇരിക്കുന്ന കാര്യം ഓര്‍ത്തത്‌. എന്കില്‍ പിന്നെ പാത്രം കഴുകിയ ശേഷം ആവാം അന്വേഷണം എന്ന് കരുതി പാത്രം കഴുക്കാന്‍ അടുക്കളയിലേക്കു.

പാത്രം കഴുകാന്‍ പാത്രങ്ങള്‍ എടുത്തു ഡിഷ്‌ വാഷര്‍ നോക്കിയപ്പോള്‍ അവിടെ ഡിഷ്‌ വാഷരിന്റെ സ്ഥലത്തു വെളിച്ചെണ്ണ!!!!! ഞാന്‍ അടുക്കളയിലേക്ക് ഓടി...... അവിടെ വെളിച്ചെണ്ണയുടെ സ്ഥലത്തു ഡിഷ്‌ വാഷര്‍.

അങ്ങനെ ലോകത്ത് ആദ്യമായി 'ഡിഷ്‌ വാഷര്‍ ചിക്കന്‍ ഫ്രൈ ' ഞാന്‍ വിജയകരം ആയി പരീക്ഷിച്ചു. ഒന്നു ഞാന്‍ പറയാം....... ദഹന സമ്പന്തമായ അസുഖങ്ങള്‍ക്ക് ഇതു ഒരു നല്ല മരുന്നാണ്.... ഞാന്‍ ഗ്യാരണ്ടി.