Tuesday, October 11, 2016

... ആദ്യ കവിത വന്ന വഴി ...കോളേജിൽ പഠിക്കുമ്പോൾ, ഞാൻ ആദ്യമായി കവിത എഴുതിയതിന്റെ, ആ 'ടെക്ക്നിക്'  ഇവിടെ നിങ്ങൾക്കായി ഇതാ , ഞാൻ വെളിപ്പെടുത്തട്ടെ ... 


ഞങ്ങളുടെ ഇംഗ്ലീഷ് ട്യൂഷൻ ക്ലാസ്സിൽ ,SN വിമൻസ് കോളേജിൽ പഠിക്കുന്ന , വായ തുറന്നാൽ പിന്നെ നിർത്താതെ ( അവിടത്തെ ഇംഗ്ലീഷ് സാറിനെക്കാളും നന്നായി )  ഇംഗ്ലീഷ് സംസാരിക്കുന്ന, പച്ച പരിഷ്ക്കാരി പെൺ കൊച്ചു , 'കൊച്ചമ്മണി'  ( Note  :: യഥാർത്ഥ പേരല്ല ! ഇത് ആ കൊച്ചിന്റെ ക്ലാസ്സിലെ ശാസ്ത്രീയ നാമം ആണ് , പിന്നല്ല !! ) , അവരുടെ കോളേജ് മാഗസിനിൽ എഴുതിയ , ഒരു കലക്കൻ 8 വരി സെൻറ്റി ഇംഗ്ലീഷ് കവിത , ഞങ്ങളുടെ ക്ലാസ്സിലെ  വിമൻസ് കോളേജ് സ്പെഷ്യലൈസ്ഡ് പ്രത്യേക റിപ്പോർട്ടർ, ഹംസൻ കുമാരൻ ഞങ്ങളെ കാണിക്കുന്നു. ആ ദുഃഖ കവിത വായിച്ച പലരുടെയും കണ്ണ് നിറഞ്ഞെങ്കിലും , "എനിക്കൊരു വരി പോലും മനസ്സിലാവുന്നില്ലല്ലോ പടച്ചോനെ !" എന്നോർത്ത് എന്റെയും കണ്ണ് നിറഞ്ഞു തുളുമ്പി !! അന്ന് ആ കവിത വായിച്ച പല അലവലാതികളും , കിട്ടിയ ചാൻസിനു , ആസ്വാദനം / സംശയം / ആശയസംവാദം എന്നൊക്കെ പറഞ്ഞു , അതിലെ അവർക്കു ഏതാണ്ട് പിടി കിട്ടിയ , ഏതോ വരിയുടെ അറ്റവും അരികും ഒക്കെയെടുത്തു , കൊച്ചമ്മിണിയോട് മണിക്കൂറോളം മുടിഞ്ഞ ചർച്ച !!! ഒരു വരിപോലും പിടികിട്ടാത്ത ഞാൻ  , എങ്ങനെ വത്യസ്തമായി , കൊച്ചമ്മണിയെ ഇമ്പ്രെസ്സ് ചെയ്യാം എന്നാലോചിച്ചിരിക്കുമ്പോൾ, മനസ്സിൽ ആ ഐഡിയ മിന്നി മറഞ്ഞു.... കൊച്ചമ്മിണിയുടെ പ്രിയ കവിതയുടെ മലയാള പരിഭാഷ !!! ഇതിൽ , രണ്ടുണ്ട് ഗുണം , എന്തായാലും കവിതയുടെ അർഥം അറിയാൻ , ഞാൻ ഡിക്ഷണറി ഇരുന്നു തപ്പണം , എന്നാൽ പിന്നെ , ആ മിനക്കേടിനു ബദലായി , അതിന്റെ മലയാള പരിഭാഷയും അങ്ങ് ആയിക്കോട്ടെ !!!


ആകെയുള്ളതു , 8 വരിയാണേലും , ഏതാണ്ട് രണ്ടു ദിവസം , ശനിയും ഞായറും  കുത്തിയിരുന്ന് , ഡിക്ഷ്ണറി നോക്കി തപ്പി പിടിച്ചു ഞാൻ എഴുതി ഒപ്പിച്ച , എന്റെ മലയാള പരിഭാഷ കവിതയുമായി ; തികളാഴ്ച രാവിലെ , കൊച്ചമ്മിണിയോട്, "സർപ്രൈസ്... ടങ്കഡാ ...."  എന്നും പറഞ്ഞു , വായിക്കാൻ കൊടുത്തു. അമ്മിണിയുടെ മുഖത്തെ അന്താളിപ്പ് കാണാൻ കാത്തിരുന്ന എന്നെ , അന്തവും കുന്തവും വിടുവിച്ചു കൊണ്ട് , അമ്മിണി മൊഴിഞ്ഞു ,


" നല്ല നൈസ് കോമെഡി കവിത.. ഈഫ് യു ഡോണ്ട് മൈൻഡ് , ഞാൻ ഇതിനെ  ഇംഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്തു എഴുതിക്കോട്ടെ .... " !!!!!!


അന്ന് , ജീവിതത്തിൽ ആദ്യമായി , എനിക്ക് ഇംഗ്ലീഷ് നല്ലോണം അറിയാത്തതിലും, ഞാൻ എത്ര അർത്ഥം നോക്കിയാലും ഒരിക്കലും ഒരു വാക്കു പോലും ശരിയാവാത്തതിലും , അഭിമാനം തോന്നിയ , ആ അസുലഭ നിമിഷത്തിൽ , എനിക്കൊരു വലിയ ലോക സത്യം പിടി കിട്ടി .....


" ഈ ഇംഗ്ലീഷും , കവിതയും , കൊച്ചമ്മിണിയും , ഡിക്ഷ്ണറിയും , മാങ്ങയും , തേങ്ങയും ഒന്നുമല്ല വലിയ കാര്യം...  നമുക്കൊന്നും അറിയില്ല എന്ന് മറ്റുള്ളവർ അറിയാതിരിക്കുന്നതും , പിന്നെ , 'ഇതാണോ അത് ? ' 'അതോ , അതാണോ ഇത് ' എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് സംശയം തോന്നിപ്പിക്കുന്നതാണ് , പലരുടെയും ജീവിത വിജയ രഹസ്യം " !!!


എന്തിനധികം പറയുന്നു , പിന്നെ എപ്പോഴെങ്കിലും ഒക്കെ , പുതിയൊരു മലയാള കവിത എഴുതണം എന്ന് തോന്നുമ്പോൾ , ഏതേലും ഒരു ഇംഗ്ലീഷ് കവിതയെടുത്തു , അതിന്റെ പരിഭാഷയെഴുതി , സന്തോഷിക്കുമായിരുന്നു , ഈ മലയാള യുവ കവി !!!!


പണ്ടത്തെ ആ ഇംഗ്ലീഷ് കവിത ഇപ്പോഴെനിക്ക് നല്ലോണം ഓർമ്മയില്ലെങ്കിലും, ഓർമ്മയിലുള്ള അതിലെ ഒരു വരിയും  അതിന്റെ മലയാള പരിഭാഷയും , നിങ്ങൾക്ക് ഒരു സാമ്പിളിനായി , ഇവിടെ കൊടുക്കുന്നു ...


കൊച്ചമ്മിണീസ് ഇംഗ്ലീഷ് :: " Humple, Simple , Honest ; "


എന്റെ പരിഭാഷ : " ഹമ്പട കോമാ ... സിംപിളാ  കോമാ ... സത്യം കുത്തടി കോമാ "...


< എൻഡ് ഓഫ് മൈ കുമ്പസാരം > 

Monday, October 3, 2016

... സ്വപ്നം ...നല്ല ഉറക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു. പേടിച്ചു വിറച്ചു അവന്റെ ശരീരം വല്ലാതെ വിയർക്കുന്നുണ്ട് . ഒരു സ്വപ്നം കണ്ടതാണ് കാര്യം എന്നവൻ തിരിച്ചറിഞ്ഞിട്ടും , എന്ത് കൊണ്ടോ ആ സ്വപ്നത്തിനു അവനോടു എന്തൊക്കെയോ പറയാൻ ഉണ്ടെന്നു, അവനു തോന്നി.


സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോൾ, അവൻ ചുറ്റുപാടും ശ്രദ്ധിച്ചു.  ദൂരെയെവിടെയോ അമ്പലത്തിൽ സുപ്രഭാതവും, ചർച്ചിൽ പ്രാർത്ഥനയും,  പള്ളിയിൽ ബാങ്ക് വിളിയും ഒക്കെ ഒന്നിച്ചു കേൾക്കുന്ന പോലെ തോന്നുന്നുണ്ട് ! കളകളം ഒഴുകുന്ന അരുവിയും,  ലല്ലലം ചൊല്ലുന്ന കിളികളും , തന്നന്നം പാടുന്ന തെന്നലും , ചലപില ചിലക്കുന്ന ഇലകളും, അങ്ങനെ ഏതാണ്ടൊക്കെ എങ്ങാണ്ടൊക്കെ അവനു കേൾക്കുന്ന പോലെ ഒരു തോന്നൽ ! തിരക്ക് പിടിച്ച ഈ നഗരത്തിലെ , വെളിച്ചം പോലും കയറാത്ത ,  തന്റെ എ.സി മുറിയിൽ, ഇതൊക്കെ എവിടെ നിന്ന് കേൾക്കാൻ എന്നവൻ ആലോചിച്ചു . കാര്യങ്ങൾ എല്ലാം മൊത്തത്തിൽ ശരിയല്ല ! അവൻ ഉടനെ ഫോൺ എടുത്തു കുത്തി , പേർസണൽ സെക്രട്ടറി സുബ്ബു് എന്ന സുബ്രഹ്മണ്യത്തെ വിളിച്ചെഴുന്നേൽപ്പിച്ചു . സുബ്ബു്വിനു എന്താണ്അവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപ് തന്നെ , മുതലാളിയായ അവൻ അവന്റെ ആ മനോഹരമായ സ്വപ്നം, വിസ്തരിച്ചങ്ങട്ട് പറഞ്ഞു തുടങ്ങി ...


"ആകാശത്തു , അവന്റെ തലയ്ക്കു മുകളിലായി വലിയ ഒരു ലഡ്ഡു ! അതിനു ചുറ്റും വേറെയും പല വലിപ്പത്തിലും നിറത്തിലും ഒക്കെയുള്ള കുറെ ലഡ്ഡുകൾ !! ലഡ്ഡുകളിൽ എല്ലാം എവിടെ നിന്നോ സ്വർണ്ണ നിറത്തിലുള്ള പ്രകാശം പതിക്കുന്നുണ്ട്. ചില ലഡ്ഡുകൾ വട്ടത്തിലോ ചരിഞ്ഞോ ഒക്കെ കറങ്ങുന്നുണ്ട്. ചെറിയ ചില ലഡ്ഡുകൾ വലിയ ലഡ്ഡുകൾക്കു ചുറ്റും നിശ്ചിത പാതയിലൂടെ , നിശ്ചിത അളവിൽ , കറക്ട സമയം പാലിച്ചു , ചുറ്റുന്നുണ്ട് .. അവൻ എത്ര എണ്ണി നോക്കിയിട്ടും ലഡ്ഡുകളുടെ എണ്ണം തീരുന്നില്ല ! ചില സ്ഥലത്തു , ചൂട് ലഡ്ഡു ! ചില്ലയിടത്തു തണുത്ത ലഡ്ഡു ! ചിലയിടത്തു ലഡ്ഡുകൾ പൊട്ടിച്ചിതറുന്നു , എല്ലാ ലഡ്ഡുവും, ഒറ്റയ്ക്ക് തിന്നു തീർക്കണമെന്ന വാശിയിൽ അവൻ ലഡ്ഡുകളെയെല്ലാം അവന്റെ കയ്യിൽ എടുക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ , അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് , അവനു ഇപ്പോൾ ഒരു ഈച്ചയുടെ അത്ര പോലും വലിപ്പമില്ല ! ഇനി എത്ര കാലം എടുത്താലും , അവനെത്ര ശ്രമിച്ചാലും , അതിലൊരു ലഡ്ഡുവിന്റെ , ഒരു തരിയുടെ, ഒരംശം പോലും , അവനു തിന്നു തീർക്കാനാവില്ല !  തന്റെ കയ്യെത്തും ദൂരത്തു വീണു കിട്ടിയ, ഈ മഹാഭാഗ്യം മൊത്തം അനുഭവിക്കാൻ കഴിയാതെ , താൻ ഇവിടെ തോറ്റു പോകുമല്ലോ  എന്ന സങ്കടം കാരണം , ജീവിതത്തിൽ എപ്പോഴും എല്ലായിടത്തും മനസ്സിൽ ലഡ്ഡു പൊട്ടി മാത്രം ശീലമുള്ള , ആ പാവം കൊച്ചു മുതലാളിത്ത മനസ്സ്, പരാജയഭാരത്തിൽ നീറി , അവൻ കരഞ്ഞു തളരുകയാണ്... "


നട്ട പാതിരക്കു , നല്ല ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചു , മുതലാളി പറഞ്ഞ വട്ടു കഥകേട്ടപ്പോൾ , സുബ്ബുവിന്റെ വായിൽ ആദ്യം വന്നത്, ലഡ്ഡുവിന്റെ വലിപ്പത്തിലുള്ള മുഴുത്തൊരു തെറിയാണേലും ,  മറുവശത്തുള്ളത് തന്റെ എല്ലാമെല്ലാമായ, കൺകണ്ട ദൈവം , മുതലാളിയായതു കൊണ്ടു മാത്രം , അപ്പോൾ പറയാനിരുന്ന വാക്കുകൾ, ലഡ്ഡുവെന്നു കേട്ടപ്പോൾ, വായിൽ വന്ന വെള്ളത്തോടൊപ്പം , അങ്ങ് നുണഞ്ഞിറക്കി. എന്നിട്ടു എന്തെങ്കിലും പറയണമല്ലോ എന്നും കരുതി ,സുബ്ബു സ്വാമി ഇങ്ങനെ മൊഴിഞ്ഞു ...


" മുതലാളി , പറഞ്ഞു കേട്ട ലക്ഷണം വെച്ച് , ഇത് ഒരു സൂചന തന്നെയാണ് ,  ഇനിയിപ്പോൾ നമ്മൾ ഒരിക്കലും , ബേക്കറി ബിസിനസ്സും സ്വർണ്ണ ബിസിനസ്സും,ഒന്നിച്ചു  ചെയ്യാൻ പാടില്ല , എന്നാണോ ഈ സ്വപ്നത്തിന്റെ , അർത്ഥം.. ? " !!!


" എന്നാൽ സ്വാമി പോയി കിടന്നുറങ്ങു, ഗുഡ് നൈറ്റ് " എന്നും പറഞ്ഞു ഫോൺ വെച്ച്, തന്റെ ബെഡിൽ തിരികെ കിടന്ന അവനു ഒരു കാര്യം ഉറപ്പായിരുന്നു.


ഈ ഒരു ചെറിയ സ്വപ്നം, വേറെയാരോട് പറഞ്ഞാലും അവർക്കു മനസ്സിലാവില്ലെങ്കിലും , ജീവിതത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അവന്റെ ചിന്താഗതിയെ മാറ്റി മറിക്കും ! കാരണം , ജീവിതത്തിൽ അതുവരെ ഉത്തരങ്ങൾ മാത്രം ഉണ്ടായിരുന്ന അവന്റെ മനസ്സിൽ ഇപ്പോൾ , അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്യം തോന്നിത്തുടങ്ങിയിരുന്നു !< ശുഭം >