Monday, October 3, 2016

... സ്വപ്നം ...നല്ല ഉറക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു. പേടിച്ചു വിറച്ചു അവന്റെ ശരീരം വല്ലാതെ വിയർക്കുന്നുണ്ട് . ഒരു സ്വപ്നം കണ്ടതാണ് കാര്യം എന്നവൻ തിരിച്ചറിഞ്ഞിട്ടും , എന്ത് കൊണ്ടോ ആ സ്വപ്നത്തിനു അവനോടു എന്തൊക്കെയോ പറയാൻ ഉണ്ടെന്നു, അവനു തോന്നി.


സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോൾ, അവൻ ചുറ്റുപാടും ശ്രദ്ധിച്ചു.  ദൂരെയെവിടെയോ അമ്പലത്തിൽ സുപ്രഭാതവും, ചർച്ചിൽ പ്രാർത്ഥനയും,  പള്ളിയിൽ ബാങ്ക് വിളിയും ഒക്കെ ഒന്നിച്ചു കേൾക്കുന്ന പോലെ തോന്നുന്നുണ്ട് ! കളകളം ഒഴുകുന്ന അരുവിയും,  ലല്ലലം ചൊല്ലുന്ന കിളികളും , തന്നന്നം പാടുന്ന തെന്നലും , ചലപില ചിലക്കുന്ന ഇലകളും, അങ്ങനെ ഏതാണ്ടൊക്കെ എങ്ങാണ്ടൊക്കെ അവനു കേൾക്കുന്ന പോലെ ഒരു തോന്നൽ ! തിരക്ക് പിടിച്ച ഈ നഗരത്തിലെ , വെളിച്ചം പോലും കയറാത്ത ,  തന്റെ എ.സി മുറിയിൽ, ഇതൊക്കെ എവിടെ നിന്ന് കേൾക്കാൻ എന്നവൻ ആലോചിച്ചു . കാര്യങ്ങൾ എല്ലാം മൊത്തത്തിൽ ശരിയല്ല ! അവൻ ഉടനെ ഫോൺ എടുത്തു കുത്തി , പേർസണൽ സെക്രട്ടറി സുബ്ബു് എന്ന സുബ്രഹ്മണ്യത്തെ വിളിച്ചെഴുന്നേൽപ്പിച്ചു . സുബ്ബു്വിനു എന്താണ്അവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപ് തന്നെ , മുതലാളിയായ അവൻ അവന്റെ ആ മനോഹരമായ സ്വപ്നം, വിസ്തരിച്ചങ്ങട്ട് പറഞ്ഞു തുടങ്ങി ...


"ആകാശത്തു , അവന്റെ തലയ്ക്കു മുകളിലായി വലിയ ഒരു ലഡ്ഡു ! അതിനു ചുറ്റും വേറെയും പല വലിപ്പത്തിലും നിറത്തിലും ഒക്കെയുള്ള കുറെ ലഡ്ഡുകൾ !! ലഡ്ഡുകളിൽ എല്ലാം എവിടെ നിന്നോ സ്വർണ്ണ നിറത്തിലുള്ള പ്രകാശം പതിക്കുന്നുണ്ട്. ചില ലഡ്ഡുകൾ വട്ടത്തിലോ ചരിഞ്ഞോ ഒക്കെ കറങ്ങുന്നുണ്ട്. ചെറിയ ചില ലഡ്ഡുകൾ വലിയ ലഡ്ഡുകൾക്കു ചുറ്റും നിശ്ചിത പാതയിലൂടെ , നിശ്ചിത അളവിൽ , കറക്ട സമയം പാലിച്ചു , ചുറ്റുന്നുണ്ട് .. അവൻ എത്ര എണ്ണി നോക്കിയിട്ടും ലഡ്ഡുകളുടെ എണ്ണം തീരുന്നില്ല ! ചില സ്ഥലത്തു , ചൂട് ലഡ്ഡു ! ചില്ലയിടത്തു തണുത്ത ലഡ്ഡു ! ചിലയിടത്തു ലഡ്ഡുകൾ പൊട്ടിച്ചിതറുന്നു , എല്ലാ ലഡ്ഡുവും, ഒറ്റയ്ക്ക് തിന്നു തീർക്കണമെന്ന വാശിയിൽ അവൻ ലഡ്ഡുകളെയെല്ലാം അവന്റെ കയ്യിൽ എടുക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ , അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് , അവനു ഇപ്പോൾ ഒരു ഈച്ചയുടെ അത്ര പോലും വലിപ്പമില്ല ! ഇനി എത്ര കാലം എടുത്താലും , അവനെത്ര ശ്രമിച്ചാലും , അതിലൊരു ലഡ്ഡുവിന്റെ , ഒരു തരിയുടെ, ഒരംശം പോലും , അവനു തിന്നു തീർക്കാനാവില്ല !  തന്റെ കയ്യെത്തും ദൂരത്തു വീണു കിട്ടിയ, ഈ മഹാഭാഗ്യം മൊത്തം അനുഭവിക്കാൻ കഴിയാതെ , താൻ ഇവിടെ തോറ്റു പോകുമല്ലോ  എന്ന സങ്കടം കാരണം , ജീവിതത്തിൽ എപ്പോഴും എല്ലായിടത്തും മനസ്സിൽ ലഡ്ഡു പൊട്ടി മാത്രം ശീലമുള്ള , ആ പാവം കൊച്ചു മുതലാളിത്ത മനസ്സ്, പരാജയഭാരത്തിൽ നീറി , അവൻ കരഞ്ഞു തളരുകയാണ്... "


നട്ട പാതിരക്കു , നല്ല ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചു , മുതലാളി പറഞ്ഞ വട്ടു കഥകേട്ടപ്പോൾ , സുബ്ബുവിന്റെ വായിൽ ആദ്യം വന്നത്, ലഡ്ഡുവിന്റെ വലിപ്പത്തിലുള്ള മുഴുത്തൊരു തെറിയാണേലും ,  മറുവശത്തുള്ളത് തന്റെ എല്ലാമെല്ലാമായ, കൺകണ്ട ദൈവം , മുതലാളിയായതു കൊണ്ടു മാത്രം , അപ്പോൾ പറയാനിരുന്ന വാക്കുകൾ, ലഡ്ഡുവെന്നു കേട്ടപ്പോൾ, വായിൽ വന്ന വെള്ളത്തോടൊപ്പം , അങ്ങ് നുണഞ്ഞിറക്കി. എന്നിട്ടു എന്തെങ്കിലും പറയണമല്ലോ എന്നും കരുതി ,സുബ്ബു സ്വാമി ഇങ്ങനെ മൊഴിഞ്ഞു ...


" മുതലാളി , പറഞ്ഞു കേട്ട ലക്ഷണം വെച്ച് , ഇത് ഒരു സൂചന തന്നെയാണ് ,  ഇനിയിപ്പോൾ നമ്മൾ ഒരിക്കലും , ബേക്കറി ബിസിനസ്സും സ്വർണ്ണ ബിസിനസ്സും,ഒന്നിച്ചു  ചെയ്യാൻ പാടില്ല , എന്നാണോ ഈ സ്വപ്നത്തിന്റെ , അർത്ഥം.. ? " !!!


" എന്നാൽ സ്വാമി പോയി കിടന്നുറങ്ങു, ഗുഡ് നൈറ്റ് " എന്നും പറഞ്ഞു ഫോൺ വെച്ച്, തന്റെ ബെഡിൽ തിരികെ കിടന്ന അവനു ഒരു കാര്യം ഉറപ്പായിരുന്നു.


ഈ ഒരു ചെറിയ സ്വപ്നം, വേറെയാരോട് പറഞ്ഞാലും അവർക്കു മനസ്സിലാവില്ലെങ്കിലും , ജീവിതത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അവന്റെ ചിന്താഗതിയെ മാറ്റി മറിക്കും ! കാരണം , ജീവിതത്തിൽ അതുവരെ ഉത്തരങ്ങൾ മാത്രം ഉണ്ടായിരുന്ന അവന്റെ മനസ്സിൽ ഇപ്പോൾ , അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്യം തോന്നിത്തുടങ്ങിയിരുന്നു !< ശുഭം >


9 comments:

 1. ഉത്തരങ്ങൾ മാത്രമുണ്ടായിരുന്ന അവന്റെ മനസ്സിൽ ഇനി ചോദ്യങ്ങൾ മുഴങ്ങാൻ തുടങ്ങും.(സത്യത്തിൽ ഞാനൊരു സ്വപ്നം കണ്ടതാണോ?)

  ReplyDelete
 2. സുധി കണ്ടതല്ല. ഇങ്ങനെ ഞാൻ സ്വപ്നം കണ്ടന്ന് സുധി സ്വപ്നം കണ്ടതാ ...!

  ReplyDelete
 3. ഓ.... !!! എനിക്ക് വട്ട് പിടിക്കുന്നു....

  ReplyDelete
 4. ഇനിയും ലഡ്ഡു പൊട്ടാന്‍ കാത്തിരിക്കുന്നവര്‍ കരുതിയിരിക്കുക
  ഗുണപാഠം:ആക്രാന്തത്തോടെ മെയ്യനങ്ങാതെയുള്ള തീറ്റക്കായി വായ് പിളര്‍ന്നിരിക്കുന്നവര്‍ ലഡ്ഡു പൊട്ടുന്നതോടൊപ്പം വായയും പൊളിയുമെന്നോര്‍ക്കുക...
  ആശംസകള്‍

  ReplyDelete
 5. സുധി , കണ്ടതാണോ ? കണ്ടതല്ലേ ? എന്തായാലും ചോദ്യങ്ങൾ ഉണ്ടല്ലോ , അതാണ് പ്രധാനം :)

  നന്ദി വീകെ, ചോദ്യങ്ങൾക്കു പകരം ഉത്തരങ്ങൾ ആയതു കൊണ്ട് , വീകെ സ്വപ്നം കണ്ടില്ലയെന്നു കരുതുന്നു :)

  നന്ദി വിനുവേട്ടാ ... എഴുതി കഴിഞ്ഞു ഒരു വട്ടം വായിച്ചപ്പോൾ എനിക്കും വട്ടു പിടിച്ചു ! അത് കൊണ്ട് , നിങ്ങളെയെല്ലാം കൂടി വട്ടാക്കാം എന്ന് കരുതി , പോസ്റ്റ് ചെയ്തതാണ് ! :)

  വളരെ നന്ദി തങ്കപ്പൻ ചേട്ടാ... എന്തായാലും , എനിക്ക് ഇപ്പോഴാണ് ഗുണപാഠം പിടികിട്ടിയത് , ഇനി ഞാൻ ഇതങ്ങു ഉറപ്പിക്കയാണ് :)

  ReplyDelete
 6. അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്യം തോന്നിത്തുടങ്ങിയിരുന്നു !

  എന്തെങ്കിലും മാറ്റം ഉണ്ടോ?

  ഇത് വായിച്ച് എനിക്ക് എന്തൊക്കെയോ മാറ്റം വന്നപോലുണ്ട്...

  നല്ല എഴുത്ത്.. രസകരാമായ വായന ആയിരുന്നു..
  ഇഷ്ടം...  വേഗം ആ നിലവിളി ശബ്ദമിടൂ...

  ReplyDelete
 7. നന്ദി ആദി .... 'മാറ്റം ഉണ്ടോ ... അതോ , ഇല്ലേ ? .. അതോ ഉണ്ടല്ലേ .. ? " എന്ന ചോദ്യം മാത്രമായി മനസ്സിൽ നിർത്തണം ; "എന്തൊക്കെയോ മാറ്റം വന്നപോലുണ്ട്" എന്ന ഉത്തരം ഒരിക്കലും മനസ്സിൽ ഉണ്ടാകാൻ പാടില്ല ; അത്രയും മതി ..... :)

  ഇനി നമുക്ക് ആ നിലവിളി ശബ്ദം ഇട്ടേക്കാം .... :)

  ReplyDelete
 8. എല്ലാവരും ലഡ്ഡു തിന്നാനുള്ള വെപ്രാളത്തിലാണ്‌...

  ReplyDelete
 9. മാറ്റങ്ങൾ അനിവാര്യമാണ്
  അതുകൊണ്ട് എന്തായാലും മാറ്റങ്ങൾ വരും ...

  ReplyDelete