Thursday, April 6, 2017

... ഫേസ്ബുക്ക് വീഡിയോ ... ( ചെറു കഥ )" എന്താടാ കള്ള ഹിമാറെ ഒരു പണിയുമെടുക്കാതെ ഇബടെ ഫോണും കുത്തി ഇരിക്കുന്നത് " ;


പെട്ടെന്ന് പുറകീന്നുള്ള മുതലാളിയുടെ അലർച്ച കേട്ട് അവൻ ഞെട്ടി ... എന്തേലും മറുപടി പറയും മുൻപ് മുതലാളി അവന്റെ ഫോൺ പിടിച്ചു വാങ്ങി നോക്കി ... പ്രത്യേകിച്ചൊന്നും പിടികിട്ടാത്തോണ്ടു മുതലാളി അവനോടു തന്നെ ചോദിച്ചു , " എന്താടാ ഇത് ... ഒന്നും പുടികിട്ടുന്നില്ലല്ലാ ... !"


ഒരു മുതലാളിയുടെ അറിയില്ലായ്മയായാണ് , ഒരു തൊഴിലാളിയുടെ വിജയത്തിലേക്കുള്ള എളുപ്പ വഴിയെന്ന് തിരിച്ചറിഞ്ഞ അവൻ , പെട്ടെന്ന് ഒരു ബുദ്ധിജീവിയെ പോലെ വാചാലനായി .... " ഇതാണ് മുയലാളി ഈ ഫേസ്ബുക് ... ഇതിൽ ഇങ്ങനെ ലോകത്തെ എല്ലാ വിവരവും അപ്പൊ അപ്പൊ വന്നോണ്ടിരിക്കും ... നമ്മൾ ഇടയ്ക്കിടെ ഫോൺ ഇങ്ങനെ നോക്കി വായിച്ചോണ്ടിരുന്നാൽ മതി... "


ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന തന്റെ വീക്ക് ‌പോയിന്റ് പുറത്തു കാണിക്കാതെ മുതലാളി ജാടയിൽ ഫേസ്ബുക്ക്  ഓടിച്ചു നോക്കി മനസ്സിൽ പറഞ്ഞു , " നല്ല കളറ് ... നല്ല ഫോട്ടോകൾ ... ഇതിൽ വീഡിയോ ഒക്കെ ഉണ്ടല്ലോ ... !". എന്നിട്ടു അതിൽ കണ്ട ആദ്യ വീഡിയോ തന്നെ ഞെക്കി കണ്ടു ...


' നിന്റെ അമ്മയ്ക്കുള്ളതൊക്കെയോ അവർക്കുമുള്ളു ' എന്ന അതി ശക്തമായ സന്ദേശം പറയുന്ന ആ വീഡിയോ കണ്ടു മുതലാളിയുടെ കണ്ണ് നിറഞ്ഞു ... ഇത് പോലെയൊക്കെയുള്ള നല്ല നല്ല സന്ദേശങ്ങളുള്ള ഫേസ്ബുക്ക് എന്ന സാധനം കണ്ടോടിരുന്ന പാവം അവനെ വഴക്കു പറഞ്ഞതിൽ മുതലാളിക്ക് സങ്കടം വന്നു. ഒരു ചീത്ത പോലും പറയാതെ ഫോൺ തിരികെ കൊടുത്തു , "മോൻ ഇവിടിരുന്നു ഫേസ്ബുക്ക് കണ്ടോ " എന്നും പറഞ്ഞു മുതലാളി വീട്ടിലേക്കു തിരിച്ചു.


വീട്ടിലേക്കു കയറിയ മുതലാളിയെ കണ്ടതും , പ്രിയ പത്നി കദീജ കണ്ടോടിരുന്ന എം-ടിവിയിലെ സൽമാൻ ഖാന്റെ പാട്ടും ഓഫ് ചെയ്തു അടുക്കളയിലേക്കു  ചായ എടുക്കാനായി ഓടി. ഫേസ്ബുക്ക് വീഡിയോയുടെ ഹാങ്ങ് ഓവർ അപ്പോഴും വിട്ടുമാറാത്ത  മുതലാളി , ചായയുമായി വന്ന ഭാര്യയോട് മൊഴിഞ്ഞു.... " ഖദീസാ.... അനക്കൊരു കാര്യം പറയാനുണ്ട് .... നിന്റെ കെട്ടിയോനായ ഈ എനിക്കുള്ളതേ ആ  സൽമാൻ ഖാനും സാറുഖ് ഖാനുമൊക്കെയുള്ളൂ .... " !!!


ഇത് കേട്ട് , കദീജയുടെ കയ്യിലെ ചായക്കപ്പ്‌ തറയിൽ വീണു പൊട്ടി .. അത് വരെ , തന്റെ ഭർത്താവിന്റെ മുഖത്ത് പോലും നോക്കി സംസാരിക്കാത്ത , അവൾ കലികൊണ്ടു അലറി .... " എന്ത് ബർത്താനാണ് ഇങ്ങള് പറയുന്നത് .... ഇങ്ങടെ എന്താണ് എന്റെ സാറുഖ് ഖാനും സൽമാൻ ഖാനും ഉള്ളത് ..... കുട ബയറാ  .... ? പറ മനുസ്യ ... ?"


കദീസയുടെ പുതിയ 'ഗംഗാ ' ഭാവം കണ്ട മുതലാളി ഞെട്ടി ! നാവിന്റെ തുമ്പിൽ ഉത്തരം പറയാൻ ഉദ്ദേശിച്ച ആ ഇംഗ്ലീഷ് വാക്കുണ്ട് ! ശെടാ , ടെൻഷൻ കൊണ്ട് പ്രഷർ കയറിയപ്പോൾ അതും മറന്നു പോയി ! കലികയറിയ കദീജ പിന്നെയും എന്തൊക്കെയോ പറഞ്ഞു .... "  പറ മനുസ്യ... എന്താണുള്ളത് ... ഇങ്ങടെ കഷണ്ടിയാ... ? മണ്ടത്തരമോ ... ? പറ മനുസ്യ.... "


പിന്നെയും എന്തൊക്കെയോ പിറുപിറുത്തു , അകത്തേക്ക് കരഞ്ഞോണ്ട് പോയ ഖദീജയെ, ഇനി എങ്ങനെ ഫേസ് ചെയ്യുമെന്നറിയാതെ , പാവം മുതലാളി ഫോൺ എടുത്തു അവനെ വിളിച്ചു ചോദിച്ചു .... " എടാ , ഈ സാറുഖ് ഖാനും സൽമാൻ ഖാനും മമ്മൂട്ടിക്കും ഒക്കെ ഉള്ളതും , നമ്മൾക്കില്ലാത്തതുമായ ഒരു ഇംഗ്ലീഷ് സാധനം ഉണ്ടല്ലോ ? എന്താടാ അത് ? "


" അത് ... ഈ 'ഗ്ലാമർ ' ആണോ മുതലാളി ? ", മുതലാളിയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ , അവൻ ബഹുമാനത്തോടെ ചോദിച്ചു .


" അതെന്നെ .... പിന്നെ , കള്ള പന്നി ... നാളെ മുതല് നീ പണിക്കു വരണ്ട , കേട്ടാ .... നീ കാണിച്ചു തന്ന ഒരു ഫേസ്ബുക്ക് വീഡിയോ കാരണം , ഇത് വരെ ജീവിതത്തിൽ 'ക.മ' എന്നൊരക്ഷരം എന്നോട് തിരിച്ചു പറയാത്ത  കെട്ടിയോള് ,  ഇന്ന് അതൊഴിച്ചു , വേറെ എല്ലാ അക്ഷരവും പറഞ്ഞു .... നിന്റെ ഒടുക്കത്തെ ഒരു ഫേസ് ബുക്കും വിഡിയോയും ... " !


< അൽഹംദുലില്ല .... എല്ലാം ശുഭം >

Monday, November 7, 2016

...IT ലൈഫ് സൈക്കിൾ...ഒരു തിങ്കളാഴ്ച ദിവസം, രാവിലെ ഓഫീസിൽ എത്തിയപ്പോൾ, അപ്രതീക്ഷിതമായി അവിടെ ഒരുപാട് പുതിയ മുഖങ്ങൾ ! ഓഫീസിൽ സാധാരണയായി രാവിലെ കയറിവരുന്ന എല്ലാവരുടെയും മുഖത്ത് സ്ഥിരമായി കാണാറുള്ള, മടി, ഉഴപ്പ്, തല ചൊറിച്ചിൽ, ഉറക്കച്ചടവ് , കോട്ടുവാ, ഡെസ്പ്പ് തുടങ്ങിയവയൊന്നും ഇല്ലാത്ത, നല്ല തിളങ്ങുന്ന, പ്രതീക്ഷയുള്ള, ജാഡയില്ലാത്ത, ഭവ്യതയുള്ള നല്ല, ചിരിച്ച യുവമുഖങ്ങൾ....!!


വലിയ തിരക്ക് ഭാവിച്ചു, മുടി ചീകിക്കൊണ്ട്, അവരുടെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു പോകുന്ന, ബഹുമാന്യ പ്രോജക്റ്റ് മാനേജർ അവർകളോട് ഞാൻ ആദരവോടെ ചോദിച്ചു,
"ആരാ ഇവരൊക്കെ? കണ്ടിട്ട് വഴിതെറ്റി വന്നവരാണെന്നു തോന്നുന്നു. പാവങ്ങൾ”.
സ്വതവേ ഗൗരവക്കാരൻ ആണെന്ന് സ്വയം കരുതുന്ന PM, ഒട്ടും മസിലു വിടാതെ, കനത്തിൽ എന്നോട് മൊഴിഞ്ഞു,
"നമ്മുടെ പ്രോജെക്ടിലേക്കു പുതിയ ഫ്രഷേഴ്‌സ് ബാച്ച് ആണ്.. ഇനിയിപ്പോ ഇവരെയൊക്കെ നമുക്ക് ട്രെയിൻ ചെയ്തു ശെരിയാക്കണം”.
പെട്ടെന്ന് മനസ്സിൽ ഒരു ഡസൻ സ്വപ്‌നങ്ങൾ / വർണ്ണങ്ങൾ / മോഹങ്ങൾ / ഗാനങ്ങൾ എല്ലാം ഒന്ന് മിന്നിമറഞ്ഞു! ശെടാ, അവരെ ആരെയും ഒന്ന് നല്ലോണം നോക്കാൻ പോലും പറ്റിയില്ല! എങ്കിലും കൂടുതൽ പെൺപിള്ളേരാണെന്നു തോന്നുന്നു, അല്ലേൽ എന്റെ ഉപബോധ മനസ്സ് അവരെ കാണാൻ യാതൊരു വഴിയുമില്ല! എന്തായാലും, പ്രോജെക്ടിലെ സുന്ദരക്കുട്ടനും , പെൺപിള്ളേരെ ഒരിക്കലും നോക്കാത്ത പഞ്ചാരയുമായ, സീനിയർ ലീഡ് ഡീസന്റ് പാർട്ടി സുനന്ദനോട് തന്നെ ചോദിക്കാം എന്ന് ഞാൻ ഉറപ്പിച്ചു, അവനാകുമ്പോൾ അവരുടെയെല്ലാം പേര്, നാട്, വീട്, നക്ഷത്രം, ജാതകം, ഇഷ്ട ദൈവം, ഇഷ്ട സിനിമ, ഇഷ്ട നടൻ എന്നതൊക്കെ വിശദമായി തന്നെ അറിയാമായിരിക്കും!


പതിവില്ലാതെ, രാവിലെ അവന്റെയടുത്തോട്ടുള്ള ചിരിച്ചോണ്ടുള്ള എന്റെ വരവ് കണ്ടപ്പോൾത്തന്നെ, സീനിയർ സുനന്ദൻ കലിപ്പിൽ പറഞ്ഞു.
"വെറുതെ എന്റെ സമയം മിനക്കെടുത്തരുത്... നീയും കൂടെ ചേർത്ത് രാവിലെ അഞ്ചാമത്തെ ആളാണ് ഡീറ്റെയിൽസ് പൊക്കാൻ ഓരോ നമ്പറടിച്ചു ഇങ്ങോട്ടു വരുന്നത്... ആകെ മൊത്തം ടോട്ടല്‍ പെൺപിള്ളേർ എട്ട്, തട്ടമിട്ടത് രണ്ട്, കെട്ടിയത് ഒന്ന്, എല്ലാരും കാണാൻ കൊള്ളാം.. പിന്നെ, കൂടെ ആൺ പിള്ളേർ നാല്, അതില് കലിപ്പ് ലുക്കുള്ളത് ഒന്ന്, മുടിഞ്ഞ ഇംഗ്ലീഷ് ഒരെണ്ണം, കട്ട ജാഡ ടൈപ്പ് ഒന്ന്. പിന്നെ, പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്തവൻ ഒന്ന്!!”.
എന്തായാലും വൈദ്യൻ കല്പ്പിച്ചതും , രോഗി ഇച്ഛിച്ചതുമായ ഡീറ്റെയിൽസ് എല്ലാം കിട്ടിയ സ്ഥിതിക്ക്, ഞാൻ വന്നത് അതിനല്ലെന്നും, അമ്മച്ചിയാണേ, പ്രോജക്റ്റ് ഡീറ്റെയിൽസ് അറിയാൻ ആണെന്നും ആണയിട്ടു പറഞ്ഞു. എന്നിട്ട് പതിവ് പോലെ, പ്രാർത്ഥിച്ചു ഐശ്വര്യമായി എന്റെ ലാപ്പ് ടോപ്പിൽ അന്നത്തെ രാവിലത്തെ പണി (മനോരമ ഓൺലൈൻ വായന) തുടങ്ങി..


എന്നും എപ്പോഴും, പ്രോജെക്ടിൽ എനിക്ക് തിരഞ്ഞു പിടിച്ചു പണി തരാറുള്ള പ്രോജെക്റ്റ് മാനേജർ, പതിവ് ശീലം പോലെ അവിടെയും എന്നെ തേക്കാനായി ശ്രമം നടത്തി!! ഫ്രഷേഴ്‌സ് ബാച്ചിനെ ഓരോരുത്തർക്ക് ട്രെയിനിങ്ങിനു അസൈൻ ചെയ്തപ്പോൾ, നാല് ആൺ പിള്ളേരെ എനിക്കും, ബാക്കി പെൺ പിള്ളേരെ പ്രോജെക്ടിലെ ബാക്കിയുള്ളോർക്കും !! കലിപ്പ് കയറി, കണ്ണ് ചുവന്നു, പ്രെഷർ കയറി , ഞാൻ PM നോട് അലറലോടു അലറി,
"ദേ , നിങ്ങള് ഇതൊരുമാതിരി അപ്പ്രൈസൽ നടത്തുമ്പോൾ റേറ്റിംഗിൽ എനിക്കിട്ടു സ്ഥിരം പണിയും പോലെ അത്ര സിമ്പിൾ ആയി കാണരുത്… കമ്പനിയിൽ എന്നെ അറിയാവുന്നവരാരും, ഞാൻ പറയുന്നത് കേൾക്കില്ല! ആകെ ഈ ഫ്രഷർ ബാച്ച് ആണ് എന്നെ വലിയ പരിചയം ഇല്ലാത്തോണ്ട് കുറച്ചെങ്കിലും ബഹുമാനിക്കുന്നത്! അവർക്കും ഉണ്ടാവില്ലേ പഠിച്ചു വലിയ ആളാവാൻ ആഗ്രഹങ്ങൾ ? എനിക്ക് ഇമ്മാതിരി ചെറിയ ഗ്രൂപ്പ് പോരാ.. എല്ലാരേയും ഒന്നിച്ചു പഠിപ്പിക്കാൻ സമ്മതിക്കണം, സമ്മതിച്ചേ പറ്റൂ…, സമ്മതിക്കാതെ ഞാൻ പോവില്ല, ഇത് സത്യം, സത്യം, സത്യം!”.
എന്റെ രൗദ്ര ഭാവം കണ്ടു , സ്ഥിതി വഷളാണെന്നു മനസ്സിലാക്കി PM പറഞ്ഞു,
"കണ്ട്രോൾ...കണ്ട്രോൾ! ഒരൊറ്റ ക്ലാസ്, അതിൽ നിർത്തിക്കോണം. പിന്നെ, അവരുടെ ഏരിയായിൽ കണ്ടു പോകരുത്.. എങ്കിൽ നമുക്ക് നോക്കാം”.


അങ്ങനെ, എന്റെ മൗലികാവകാശമായി, ഞാൻ പൊരുതി നേടിയ, ആ ട്രെയിനിങ് ക്ലാസ്സിൽ , പുതിയ ബാച്ചിൽ ആർക്കും ഞാൻ പ്രസംഗിക്കാൻ പോകുന്ന വിഷയത്തിൽ മുൻ പരിചയമില്ലായെന്നു, രഹസ്യമായി അന്വേഷിച്ചു ഉറപ്പു വരുത്തിയ കോൺഫിഡൻസിൽ, ഞാൻ IT പ്രോസസ്സ് , ലൈഫ് സൈക്കിൾ, ടെസ്റ്റിംഗ് മെതേഡ്സ് എന്നിവയെ കുറിച്ചെല്ലാം അതീവ വാചാലനായി! ഒരു ട്രെയ്നറും അതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം, ഉദാഹരണങ്ങളും, കഥകളും, ചോദ്യോത്തരങ്ങളുമായി ഞാൻ കത്തിച്ചു മിന്നിച്ചു കയറി. ഭൂഗോളത്തിന്റെ സ്പന്ദനം QA ടെസ്റ്റിംഗിൽ ആണെന്ന് വരെ, കണ്ണിൽ ചോരയില്ലാതെ ഞാൻ തള്ളി ! ഞാൻ പറയുന്ന കാര്യങ്ങളൊന്നും ആർക്കും മനസ്സിലായില്ലെങ്കിലും, എല്ലാരും ക്ഷമയോടെ എന്നെ ഒരു മണിക്കൂർ സഹിച്ചു. അങ്ങനെ, ക്ലാസ്സു കഴിഞ്ഞു, വിജയ ഭാവത്തിൽ, വലിയ പരിക്കില്ലാതെ, ക്ലാസ്സിൽ നിന്നും ഇറങ്ങി പോകാനൊരുങ്ങിയ എന്നോട്, കൂട്ടത്തിൽ ആദ്യം ജാഡ ലുക്കെന്നു തോന്നിച്ച, എന്നാൽ അക്കൂട്ടത്തിലെ ഏറ്റവും നിഷ്കളങ്കനായ മഹാൻ, സ്നേഹത്തോടെ ചോദിച്ചു,
"അണ്ണാ, ഇവിടെ അണ്ണന്റെ പണിയെന്താ? "


അവന്റെ അസ്ഥാനത്തുള്ള ആ അണ്ണാ വിളി എനിക്ക് ആദ്യം അത്ര സുഖിച്ചില്ലേലും, ആ ചോദ്യത്തിലുള്ള സത്യസന്ധത തിരിച്ചറിഞ്ഞു, ഞാൻ സ്നേഹത്തോടെ മറുപടി പറഞ്ഞു,
"ഐ ആം എ പ്രോജക്റ്റ് ലീഡ് ", (അല്ലേലും എന്തേലുമൊക്കെ ആരോടെങ്കിലും പൊലിപ്പിച്ചു പറയുമ്പോൾ, സംസാരിക്കാൻ പറ്റിയ ഭാഷ ആംഗലേയം തന്നെ)


"ആണോ , അങ്ങനെയാണേൽ എനിക്കും പ്രോജക്റ്റ് ലീഡ് ആയാൽ മതി അണ്ണാ, ഞാൻ വന്ന അന്ന് മുതലേ അണ്ണനെ ശ്രദ്ധിക്കുന്നു... അണ്ണനെ പോലെ അധികം പണിയെടുക്കാതെ ജീവിക്കാനാണ് എനിക്കിഷ്ട്ടം. വെറുതെ പ്രോജക്റ്റ് പണിയൊന്നും എടുക്കാൻ എനിക്ക് വയ്യ…!”


ഞാൻ ഞെട്ടി, മറ്റാരും ( പ്രത്യേകിച്ച് പെൺപിള്ളേര് ) കേട്ടില്ലായെന്നു ഉറപ്പു വരുത്തിയ ശേഷം , ഞാൻ അവനോടു ആവതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു,


"എടെ.. എടെ.. നമുക്ക് ആദ്യം തന്നെ അങ്ങനെ വന്നു ലീഡ് ആകാൻ പറ്റില്ല ... കുറച്ചു നാളെങ്കിലും പ്രോജെക്ടിൽ എന്തേലും പണിയെടുത്താലേ, പിന്നെ ഇങ്ങനെ പണിയെടുക്കാതെ, ലീഡെന്നൊക്കെ പറഞ്ഞു റസ്റ്റ് എടുക്കാൻ പറ്റൂ..”


ഞാൻ എന്തൊക്കെ പറഞ്ഞിട്ടും, ഇനി ജീവിതത്തിൽ പണിയെടുക്കുന്നെങ്കിൽ, അതെന്നെ പോലെ ഒരു പ്രോജക്റ്റ് ലീഡ് എന്ന് വാശിപിടിച്ചു നിന്ന അവനോടു, ഞാൻ ഒടുവിൽ, കമ്പനികളിലെ സ്ഥിരം നമ്പറായ, പതിനെട്ടാമത്തെ മാനേജ്‌മെന്റ് അടവിറക്കി…


"എന്നാൽ ഞാൻ PM നോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കട്ട് .. നീ വേറെയാരോടും പറയരുത്, രഹസ്യമായിരിക്കണം! കാര്യങ്ങൾ കുറച്ചു ടഫ് ആണ് , പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും. പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം... എന്നാലേ, ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ”.


അങ്ങനെ, 'ഗബ്രോം കി സിന്ദഗി കഭി കഭി ജാത്തി ഹെ... ' എന്ന ഹിന്ദി പഴംചൊല്ല് പ്രകാരം, അടുത്ത രണ്ടു മൂന്നു കൊല്ലം ഇതും പറഞ്ഞു മോഹിപ്പിച്ചു, ആ പാവത്തിനെ കൊണ്ട് ആത്മാർത്ഥമായി പണിയെടുപ്പിച്ചു നന്നാക്കിയെടുക്കണമെന്നെല്ലാം ആലോചിച്ചു നടക്കുമ്പോൾ, പുറകീന്നു എന്റെ മാനേജർ തോളത്തു തട്ടി പറഞ്ഞു,


"നീ നേരത്തെ പറഞ്ഞ, നിന്റെ പ്രൊമോഷൻ കാര്യം, ഞാൻ ഡയറക്ടറോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കി.. കാര്യങ്ങൾ കുറച്ചു ടഫ് ആണ്, പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും കേട്ടോ! പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം… എന്നാലേ , ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ..!”


< ഈ കഥ തുടർന്നോണ്ടിരിക്കും >


[ http://emashi.in/oct-2016/story-shaheem.html ]

Tuesday, October 11, 2016

... ആദ്യ കവിത വന്ന വഴി ...കോളേജിൽ പഠിക്കുമ്പോൾ, ഞാൻ ആദ്യമായി കവിത എഴുതിയതിന്റെ, ആ 'ടെക്ക്നിക്'  ഇവിടെ നിങ്ങൾക്കായി ഇതാ , ഞാൻ വെളിപ്പെടുത്തട്ടെ ... 


ഞങ്ങളുടെ ഇംഗ്ലീഷ് ട്യൂഷൻ ക്ലാസ്സിൽ ,SN വിമൻസ് കോളേജിൽ പഠിക്കുന്ന , വായ തുറന്നാൽ പിന്നെ നിർത്താതെ ( അവിടത്തെ ഇംഗ്ലീഷ് സാറിനെക്കാളും നന്നായി )  ഇംഗ്ലീഷ് സംസാരിക്കുന്ന, പച്ച പരിഷ്ക്കാരി പെൺ കൊച്ചു , 'കൊച്ചമ്മണി'  ( Note  :: യഥാർത്ഥ പേരല്ല ! ഇത് ആ കൊച്ചിന്റെ ക്ലാസ്സിലെ ശാസ്ത്രീയ നാമം ആണ് , പിന്നല്ല !! ) , അവരുടെ കോളേജ് മാഗസിനിൽ എഴുതിയ , ഒരു കലക്കൻ 8 വരി സെൻറ്റി ഇംഗ്ലീഷ് കവിത , ഞങ്ങളുടെ ക്ലാസ്സിലെ  വിമൻസ് കോളേജ് സ്പെഷ്യലൈസ്ഡ് പ്രത്യേക റിപ്പോർട്ടർ, ഹംസൻ കുമാരൻ ഞങ്ങളെ കാണിക്കുന്നു. ആ ദുഃഖ കവിത വായിച്ച പലരുടെയും കണ്ണ് നിറഞ്ഞെങ്കിലും , "എനിക്കൊരു വരി പോലും മനസ്സിലാവുന്നില്ലല്ലോ പടച്ചോനെ !" എന്നോർത്ത് എന്റെയും കണ്ണ് നിറഞ്ഞു തുളുമ്പി !! അന്ന് ആ കവിത വായിച്ച പല അലവലാതികളും , കിട്ടിയ ചാൻസിനു , ആസ്വാദനം / സംശയം / ആശയസംവാദം എന്നൊക്കെ പറഞ്ഞു , അതിലെ അവർക്കു ഏതാണ്ട് പിടി കിട്ടിയ , ഏതോ വരിയുടെ അറ്റവും അരികും ഒക്കെയെടുത്തു , കൊച്ചമ്മിണിയോട് മണിക്കൂറോളം മുടിഞ്ഞ ചർച്ച !!! ഒരു വരിപോലും പിടികിട്ടാത്ത ഞാൻ  , എങ്ങനെ വത്യസ്തമായി , കൊച്ചമ്മണിയെ ഇമ്പ്രെസ്സ് ചെയ്യാം എന്നാലോചിച്ചിരിക്കുമ്പോൾ, മനസ്സിൽ ആ ഐഡിയ മിന്നി മറഞ്ഞു.... കൊച്ചമ്മിണിയുടെ പ്രിയ കവിതയുടെ മലയാള പരിഭാഷ !!! ഇതിൽ , രണ്ടുണ്ട് ഗുണം , എന്തായാലും കവിതയുടെ അർഥം അറിയാൻ , ഞാൻ ഡിക്ഷണറി ഇരുന്നു തപ്പണം , എന്നാൽ പിന്നെ , ആ മിനക്കേടിനു ബദലായി , അതിന്റെ മലയാള പരിഭാഷയും അങ്ങ് ആയിക്കോട്ടെ !!!


ആകെയുള്ളതു , 8 വരിയാണേലും , ഏതാണ്ട് രണ്ടു ദിവസം , ശനിയും ഞായറും  കുത്തിയിരുന്ന് , ഡിക്ഷ്ണറി നോക്കി തപ്പി പിടിച്ചു ഞാൻ എഴുതി ഒപ്പിച്ച , എന്റെ മലയാള പരിഭാഷ കവിതയുമായി ; തികളാഴ്ച രാവിലെ , കൊച്ചമ്മിണിയോട്, "സർപ്രൈസ്... ടങ്കഡാ ...."  എന്നും പറഞ്ഞു , വായിക്കാൻ കൊടുത്തു. അമ്മിണിയുടെ മുഖത്തെ അന്താളിപ്പ് കാണാൻ കാത്തിരുന്ന എന്നെ , അന്തവും കുന്തവും വിടുവിച്ചു കൊണ്ട് , അമ്മിണി മൊഴിഞ്ഞു ,


" നല്ല നൈസ് കോമെഡി കവിത.. ഈഫ് യു ഡോണ്ട് മൈൻഡ് , ഞാൻ ഇതിനെ  ഇംഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്തു എഴുതിക്കോട്ടെ .... " !!!!!!


അന്ന് , ജീവിതത്തിൽ ആദ്യമായി , എനിക്ക് ഇംഗ്ലീഷ് നല്ലോണം അറിയാത്തതിലും, ഞാൻ എത്ര അർത്ഥം നോക്കിയാലും ഒരിക്കലും ഒരു വാക്കു പോലും ശരിയാവാത്തതിലും , അഭിമാനം തോന്നിയ , ആ അസുലഭ നിമിഷത്തിൽ , എനിക്കൊരു വലിയ ലോക സത്യം പിടി കിട്ടി .....


" ഈ ഇംഗ്ലീഷും , കവിതയും , കൊച്ചമ്മിണിയും , ഡിക്ഷ്ണറിയും , മാങ്ങയും , തേങ്ങയും ഒന്നുമല്ല വലിയ കാര്യം...  നമുക്കൊന്നും അറിയില്ല എന്ന് മറ്റുള്ളവർ അറിയാതിരിക്കുന്നതും , പിന്നെ , 'ഇതാണോ അത് ? ' 'അതോ , അതാണോ ഇത് ' എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് സംശയം തോന്നിപ്പിക്കുന്നതാണ് , പലരുടെയും ജീവിത വിജയ രഹസ്യം " !!!


എന്തിനധികം പറയുന്നു , പിന്നെ എപ്പോഴെങ്കിലും ഒക്കെ , പുതിയൊരു മലയാള കവിത എഴുതണം എന്ന് തോന്നുമ്പോൾ , ഏതേലും ഒരു ഇംഗ്ലീഷ് കവിതയെടുത്തു , അതിന്റെ പരിഭാഷയെഴുതി , സന്തോഷിക്കുമായിരുന്നു , ഈ മലയാള യുവ കവി !!!!


പണ്ടത്തെ ആ ഇംഗ്ലീഷ് കവിത ഇപ്പോഴെനിക്ക് നല്ലോണം ഓർമ്മയില്ലെങ്കിലും, ഓർമ്മയിലുള്ള അതിലെ ഒരു വരിയും  അതിന്റെ മലയാള പരിഭാഷയും , നിങ്ങൾക്ക് ഒരു സാമ്പിളിനായി , ഇവിടെ കൊടുക്കുന്നു ...


കൊച്ചമ്മിണീസ് ഇംഗ്ലീഷ് :: " Humple, Simple , Honest ; "


എന്റെ പരിഭാഷ : " ഹമ്പട കോമാ ... സിംപിളാ  കോമാ ... സത്യം കുത്തടി കോമാ "...


< എൻഡ് ഓഫ് മൈ കുമ്പസാരം > 

Monday, October 3, 2016

... സ്വപ്നം ...നല്ല ഉറക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു. പേടിച്ചു വിറച്ചു അവന്റെ ശരീരം വല്ലാതെ വിയർക്കുന്നുണ്ട് . ഒരു സ്വപ്നം കണ്ടതാണ് കാര്യം എന്നവൻ തിരിച്ചറിഞ്ഞിട്ടും , എന്ത് കൊണ്ടോ ആ സ്വപ്നത്തിനു അവനോടു എന്തൊക്കെയോ പറയാൻ ഉണ്ടെന്നു, അവനു തോന്നി.


സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോൾ, അവൻ ചുറ്റുപാടും ശ്രദ്ധിച്ചു.  ദൂരെയെവിടെയോ അമ്പലത്തിൽ സുപ്രഭാതവും, ചർച്ചിൽ പ്രാർത്ഥനയും,  പള്ളിയിൽ ബാങ്ക് വിളിയും ഒക്കെ ഒന്നിച്ചു കേൾക്കുന്ന പോലെ തോന്നുന്നുണ്ട് ! കളകളം ഒഴുകുന്ന അരുവിയും,  ലല്ലലം ചൊല്ലുന്ന കിളികളും , തന്നന്നം പാടുന്ന തെന്നലും , ചലപില ചിലക്കുന്ന ഇലകളും, അങ്ങനെ ഏതാണ്ടൊക്കെ എങ്ങാണ്ടൊക്കെ അവനു കേൾക്കുന്ന പോലെ ഒരു തോന്നൽ ! തിരക്ക് പിടിച്ച ഈ നഗരത്തിലെ , വെളിച്ചം പോലും കയറാത്ത ,  തന്റെ എ.സി മുറിയിൽ, ഇതൊക്കെ എവിടെ നിന്ന് കേൾക്കാൻ എന്നവൻ ആലോചിച്ചു . കാര്യങ്ങൾ എല്ലാം മൊത്തത്തിൽ ശരിയല്ല ! അവൻ ഉടനെ ഫോൺ എടുത്തു കുത്തി , പേർസണൽ സെക്രട്ടറി സുബ്ബു് എന്ന സുബ്രഹ്മണ്യത്തെ വിളിച്ചെഴുന്നേൽപ്പിച്ചു . സുബ്ബു്വിനു എന്താണ്അവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപ് തന്നെ , മുതലാളിയായ അവൻ അവന്റെ ആ മനോഹരമായ സ്വപ്നം, വിസ്തരിച്ചങ്ങട്ട് പറഞ്ഞു തുടങ്ങി ...


"ആകാശത്തു , അവന്റെ തലയ്ക്കു മുകളിലായി വലിയ ഒരു ലഡ്ഡു ! അതിനു ചുറ്റും വേറെയും പല വലിപ്പത്തിലും നിറത്തിലും ഒക്കെയുള്ള കുറെ ലഡ്ഡുകൾ !! ലഡ്ഡുകളിൽ എല്ലാം എവിടെ നിന്നോ സ്വർണ്ണ നിറത്തിലുള്ള പ്രകാശം പതിക്കുന്നുണ്ട്. ചില ലഡ്ഡുകൾ വട്ടത്തിലോ ചരിഞ്ഞോ ഒക്കെ കറങ്ങുന്നുണ്ട്. ചെറിയ ചില ലഡ്ഡുകൾ വലിയ ലഡ്ഡുകൾക്കു ചുറ്റും നിശ്ചിത പാതയിലൂടെ , നിശ്ചിത അളവിൽ , കറക്ട സമയം പാലിച്ചു , ചുറ്റുന്നുണ്ട് .. അവൻ എത്ര എണ്ണി നോക്കിയിട്ടും ലഡ്ഡുകളുടെ എണ്ണം തീരുന്നില്ല ! ചില സ്ഥലത്തു , ചൂട് ലഡ്ഡു ! ചില്ലയിടത്തു തണുത്ത ലഡ്ഡു ! ചിലയിടത്തു ലഡ്ഡുകൾ പൊട്ടിച്ചിതറുന്നു , എല്ലാ ലഡ്ഡുവും, ഒറ്റയ്ക്ക് തിന്നു തീർക്കണമെന്ന വാശിയിൽ അവൻ ലഡ്ഡുകളെയെല്ലാം അവന്റെ കയ്യിൽ എടുക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ , അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് , അവനു ഇപ്പോൾ ഒരു ഈച്ചയുടെ അത്ര പോലും വലിപ്പമില്ല ! ഇനി എത്ര കാലം എടുത്താലും , അവനെത്ര ശ്രമിച്ചാലും , അതിലൊരു ലഡ്ഡുവിന്റെ , ഒരു തരിയുടെ, ഒരംശം പോലും , അവനു തിന്നു തീർക്കാനാവില്ല !  തന്റെ കയ്യെത്തും ദൂരത്തു വീണു കിട്ടിയ, ഈ മഹാഭാഗ്യം മൊത്തം അനുഭവിക്കാൻ കഴിയാതെ , താൻ ഇവിടെ തോറ്റു പോകുമല്ലോ  എന്ന സങ്കടം കാരണം , ജീവിതത്തിൽ എപ്പോഴും എല്ലായിടത്തും മനസ്സിൽ ലഡ്ഡു പൊട്ടി മാത്രം ശീലമുള്ള , ആ പാവം കൊച്ചു മുതലാളിത്ത മനസ്സ്, പരാജയഭാരത്തിൽ നീറി , അവൻ കരഞ്ഞു തളരുകയാണ്... "


നട്ട പാതിരക്കു , നല്ല ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചു , മുതലാളി പറഞ്ഞ വട്ടു കഥകേട്ടപ്പോൾ , സുബ്ബുവിന്റെ വായിൽ ആദ്യം വന്നത്, ലഡ്ഡുവിന്റെ വലിപ്പത്തിലുള്ള മുഴുത്തൊരു തെറിയാണേലും ,  മറുവശത്തുള്ളത് തന്റെ എല്ലാമെല്ലാമായ, കൺകണ്ട ദൈവം , മുതലാളിയായതു കൊണ്ടു മാത്രം , അപ്പോൾ പറയാനിരുന്ന വാക്കുകൾ, ലഡ്ഡുവെന്നു കേട്ടപ്പോൾ, വായിൽ വന്ന വെള്ളത്തോടൊപ്പം , അങ്ങ് നുണഞ്ഞിറക്കി. എന്നിട്ടു എന്തെങ്കിലും പറയണമല്ലോ എന്നും കരുതി ,സുബ്ബു സ്വാമി ഇങ്ങനെ മൊഴിഞ്ഞു ...


" മുതലാളി , പറഞ്ഞു കേട്ട ലക്ഷണം വെച്ച് , ഇത് ഒരു സൂചന തന്നെയാണ് ,  ഇനിയിപ്പോൾ നമ്മൾ ഒരിക്കലും , ബേക്കറി ബിസിനസ്സും സ്വർണ്ണ ബിസിനസ്സും,ഒന്നിച്ചു  ചെയ്യാൻ പാടില്ല , എന്നാണോ ഈ സ്വപ്നത്തിന്റെ , അർത്ഥം.. ? " !!!


" എന്നാൽ സ്വാമി പോയി കിടന്നുറങ്ങു, ഗുഡ് നൈറ്റ് " എന്നും പറഞ്ഞു ഫോൺ വെച്ച്, തന്റെ ബെഡിൽ തിരികെ കിടന്ന അവനു ഒരു കാര്യം ഉറപ്പായിരുന്നു.


ഈ ഒരു ചെറിയ സ്വപ്നം, വേറെയാരോട് പറഞ്ഞാലും അവർക്കു മനസ്സിലാവില്ലെങ്കിലും , ജീവിതത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അവന്റെ ചിന്താഗതിയെ മാറ്റി മറിക്കും ! കാരണം , ജീവിതത്തിൽ അതുവരെ ഉത്തരങ്ങൾ മാത്രം ഉണ്ടായിരുന്ന അവന്റെ മനസ്സിൽ ഇപ്പോൾ , അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്യം തോന്നിത്തുടങ്ങിയിരുന്നു !< ശുഭം >


Monday, August 15, 2016

... അരസികന്മാർ കണ്ട 'ആർട്ട് ഷോ' ...വഴക്കു പക്ഷി ഓൺലൈൻ മാഗസിനിൽ പ്രസിദ്ധികരിച്ച കഥ വായിക്കാൻ , എന്റെ പ്രിയ വായക്കാരെ ക്ഷണിച്ചു കൊണ്ട് ,


http://vazhakkupakshi.blogspot.com/2016/08/blog-post_14.htmlനോട്ട് :: ഈ കഥ ചിലപ്പോൾ നിങ്ങളുടെ ചിത്ര കലാ/ ശില്പകലാ  ആസ്വാദന വികാരങ്ങളെ മുറിവേൽപ്പിച്ചേക്കാം...


സ്നേഹത്തോടെ ,
ഷഹീം.Friday, August 5, 2016

... നകുലേട്ടന്റെ ഹാപ്പി വീക്കെൻഡ് ... ( എ ഫാമിലി ത്രില്ലെർ )നകുലൻ :: " ഗംഗ , എങ്ങോട്ടാ ?"
ഗംഗ :: " അല്ലിക്കു ആഭരണം എടുക്കാൻ ..."
നകുലൻ :: " ഗംഗ ഇപ്പോൾ പോവണ്ടാ ..."


വെറും മൂന്നേ മൂന്നു ഡയലോഗിൽ സിനിമയിൽ പറഞ്ഞു തീർന്ന , ഈ ലോക പ്രശസ്ത കുടുംബ കല്ലുപ്പ് സിറ്റുവേഷൻ , ഒന്ന് തല തിരിച്ചു ചിന്തിച്ചു , നകുലനാണു അല്ലിക്കു ആഭരണം എടുക്കാൻ പോകാനിരുന്നതെങ്കിൽ ,  എന്നതാണ് ഇനി പറയാൻ പോകുന്ന ഈ കുടുംബ കഥയുടെ ത്രെഡ്...


 കഥ .... " നകുലേട്ടന്റെ ഹാപ്പി വീക്കെൻഡ് "...  ( എ ഫാമിലി ത്രില്ലെർ )ഗംഗ :: " അല്ല നകുലേട്ടാ! ഇതെന്താണ് ശനിയാഴ്ച രാവിലെതന്നെ കുളിച്ചൊരുങ്ങി !! ഓഫീസൊന്നും ഇല്ലല്ലോ , പിന്നെ എങ്ങോട്ടാണ്  "


നകുലൻ :: " ഒന്ന് പുറത്തു ഇറങ്ങി വരാം "


ഗംഗ :: " ഈ പുറത്തുന്നുള്ളതിനു പേരൊന്നും ഇല്ലേ ! ഒരു വീക്കെൻഡ് പോലും വീട്ടിൽ അടങ്ങി ഇരിക്കരുത് .. എവിടേലും ഒക്കെ ഇറങ്ങി പൊയ്ക്കോണം "


നകുലൻ :: " എടി ... ഇന്നല്ലേ അല്ലിക്കു ആഭരണം എടുക്കാൻ എല്ലാരും പോന്നത് , ഞാനും അവരുടെ കൂടി ഒന്ന് പോയേച്ചു പെട്ടെന്ന്  വരാം "


ഗംഗ :: " അല്ലിക്കു ആഭരണം എടുക്കാൻ അവളുടെ വീട്ടുകാര് മൊത്തം കെട്ടിയൊരുങ്ങി പൊന്നുണ്ടല്ലോ ! ഇനിയെന്താ ,വാങ്ങുന്ന ആഭരണം എടുത്താൽ പൊങ്ങില്ലേ, കൂടെ വേറെയും ആളു "

നകുലൻ :: "നീ രാവിലെ തന്നെ ചൊറിച്ചിൽ ആണല്ലോ ! നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ വേറെ പരിപാടിയൊന്നും ഇല്ലേൽ ,അവരുടെ കൂടെയൊന്നു പോകും എന്ന് "


ഗംഗ ::"പോയാലോ എന്ന് ചിന്തിക്കുന്നു എന്നല്ലേ പറഞ്ഞത് , പോന്നെന്നു പറഞ്ഞില്ലല്ലോ !!  "


നകുലൻ ::" ഞാൻ രാവിലെ എന്താ ഇന്നത്തെ പരിപാടി എന്ന് ചോദിച്ചപ്പോൾ , എനിക്ക് മടിയാവുന്നു , ഒന്നുമില്ല എന്നല്ലേ നീ പറഞ്ഞത് !  നിന്റെ മുന്നിൽ വച്ച് അല്ലെ ഞാൻ അവരെ ഫോൺ വിളിച്ചു , ഞാനും കൂടി വരാമെന്നു പറഞ്ഞത് ... അപ്പോഴൊന്നും നീ ഒന്നും മിണ്ടിയില്ലല്ലോ .. "


ഗംഗ ::" എന്നോട് ചോദിച്ചാലല്ലേ മിണ്ടാൻ പറ്റു ... അല്ലാതെ , കേൾക്കുന്ന എല്ലാത്തിനും കയറി മിണ്ടാൻ പറ്റില്ലല്ലോ ! അത് മാത്രമല്ല , ഞാൻ അതൊന്നും കണ്ടുമില്ല , കേട്ടുമില്ല ... "നകുലൻ ::" ശരിയിപ്പോൾ , ഞാൻ എന്ത് വേണം ... ആഭരണം എടുക്കാൻ പോണോ , വേണ്ടായോ ? "


ഗംഗ ::" അത് ഞാൻ ആണോ ഇവിടെ തീരുമാനിക്കുന്നത്.. നിങ്ങള് പൊയ്ക്കോ , എന്നിട്ടു നാട്ടിൽ വേറെ ആർക്കെങ്കിലും ആഭരണം എടുക്കാനുണ്ടെങ്കിൽ , അതുമൊക്കെ കഴിഞ്ഞു ,അല്ലിയുടെ കല്യാണം ഒക്കെ കഴിഞ്ഞു പയ്യെ ഇങ്ങു വന്നാൽ മതി .."നകുലൻ ::" ശരി ശരി , ഇനി അതിനൊരു പ്രശ്നം വേണ്ട ..ഞാൻ അവരെ വിളിച്ചു എന്നാൽ വരുന്നില്ലെന്ന് പറയാം ... "


ഗംഗ ::" ബെസ്ററ് , അല്ലേൽ തന്നെ ശ്രീദേവിയും അമ്മാവനും ഒക്കെ ഞാൻ ആണ് എപ്പോഴും എല്ലാം കൊളമാക്കുന്നതെന്നാണ് പറയാറ് .. ഇനിയിപ്പോ ഇതും കൂടിയായാൽ  എല്ലാർക്കും കോളായി "


നകുലൻ ::" എന്നാൽ , ഞാൻ പോയി പെട്ടെന്ന് വരാം .. അപ്പോഴേക്കും നീ റെഡി ആയി ഇരിക്ക്... "


ഗംഗ ::"ഞാൻ എന്ത് റെഡി ആകാൻ. ഞാൻ ഇനി ഈ വീട്ടിനു എവിടെയും ഇറങ്ങുന്നില്ല ... ഇവിടെ തന്നെ ഇങ്ങനെ അടുക്കളയിൽ പണിയെടുത്തു സുഖിച്ചു ജീവിച്ചോലാം ... നകുലേട്ടൻ സമയം കളയാതെ പോയി അല്ലിക്കു ആഭരണം എടുക്കാൻ നോക്ക്.... "
പിന്നെയങ്ങോട്ട് നകുലേട്ടൻ കണ്ണും ചുവന്നു  'ഗംഗേ.... " എന്ന് നിലവിളിയായി , അങ്ങോട്ടും ഇങ്ങോട്ടും തെറിയായി , ദുര്ഗാഷ്ടമിയായി , രക്തം കുടിക്കലായി ,  എന്തിനേറെ പറയുന്നു സുഹൃത്തുക്കളെ , നകുലേട്ടന്റെ ആ വീക്കെൻഡ് അങ്ങനെ മൊത്തത്തിൽ ഹാപ്പി ആയി,കുളമായി , കൊണാട്ടയായി ...


< എല്ലാം ശുഭം >


Friday, July 29, 2016

...കപ്പിനും ചുണ്ടിനും ഇടയിൽ വഴുതി പോയ ചില വിജയങ്ങൾ ...( ആത്മകഥ )പണ്ട് SSLC പരീക്ഷയുടെ റിസൾട്ട് വന്ന ദിവസം , വെറും 300 മാർക്കിന്റെ വത്യാസത്തിൽ , എനിക്ക് ഒന്നാം റാങ്ക് നഷ്ട്ടപ്പെട്ട വേദനയും ഞെട്ടലും ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല !


അപ്പോഴാണ് , ഇന്ന് ഫോബ്‌സ് മാഗസിൻ, ലോകത്തിലെ വലിയ പണക്കാരുടെ പട്ടിക പുറത്തു വിട്ടു , വീണ്ടും എന്റെ ആ പാവം മനസ്സിനെ കുത്തിനോവിച്ചതു !!!


ആദ്യത്തെ 100 പണക്കാരുടെ പേരുള്ള ലിസ്റ്റിൽ , എന്റെ ഭവ്യത ഒന്ന് കൊണ്ട് മാത്രം , നൂറിൽ നിന്നും താഴേക്കു ഒന്നിലേക്കാണ്, ഞാൻ പയ്യെ പയ്യെ നോക്കിയത് , ആദ്യത്തെ തൊണ്ണൂറു കഴിഞ്ഞു കാണാതായപ്പോൾ , ഞെഞ്ചിടിപ്പിന്റെ വേഗം കൂടി , ശെടാ , ആദ്യ പത്തിൽ തന്നെ ഞാൻ ഇടം പിടിച്ചോ ! നാളെയിനി മനോരമക്കാരൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ഞാൻ എന്തൊക്കെ പറയും , പണ്ട് കഷ്ട്ടപ്പെട്ടതും , ഹോട്ടലിൽ പോയി ഇറച്ചി കറി വാങ്ങാൻ കാശ് തികയാതെ ആയപ്പോൾ , സാമ്പാർ ഒഴിച്ച് പൊറോട്ട തിന്നതും , ഒക്കെ പറയണോ ! ബാംഗ്ലൂരിൽ ജോലി തിരക്കി അലഞ്ഞു തിരിഞ്ഞു നടന്നതൊക്കെയൊന്ന് പൊലിപ്പിച്ചു പറയണം. ജീവിതത്തിൽ എന്തേലും ഒരു സംഭവം കൊണ്ടാണ് ലക്ഷ്യബോധം വന്നതെന്നും ഒക്കെയൊന്നു പറയണം. ശെടാ , അവസാനത്തെ അഞ്ചു പേരെ ഇനിയുള്ളു !! ഇപ്പോൾ ശരിക്കും ടെൻഷൻ ആയി !!! നിങ്ങളോടു സത്യം പറയാലോ , ഇത്രയും വലിയ വിജയം ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ! എന്തായാലും , കണ്ണടച്ച് ഞാൻ ഓരോ പേരായി മേൽപ്പോട്ടു വായിച്ചു .....


•#5 Jeff Bezos $45.2 B.
•#4 Carlos Slim Helu $50 B.
•#3 Warren Buffett $60.8 B.
•#2 Amancio Ortega $67 B.
•#1 Bill Gates $75 B.


എന്ത് .... ഇക്കൊല്ലവും ഞാൻ ലിസ്റ്റിൽ ഇല്ലെന്നോ ! ഇനി ബിബിസി ക്കു തെറ്റിയതാണോ എന്നറിയാൻ ഫോബ്‌സിന്റെ വെബ് സൈറ്റിൽ പോയി തന്നെ ശരിക്കും നോക്കി !! അങ്ങനെ ഇക്കൊല്ലവും , $75 ബില്യണ് ഏതാനും നിസാരമായ കാശിന്റെ കുറവ് കൊണ്ട് എനിക്ക് വീണ്ടും ഒന്നാം സ്ഥാനം നഷ്ടമായി !!!


ഡെസ്പ്പ് അടിച്ചു, അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫോണിൽ കൂട്ടുകാരന്റെ കാൾ ... " അളിയാ , എനിക്ക് തരാനുള്ള പത്തു ഡോളർ ഇന്ന് എടുക്കാൻ കാണുമോ ? " ;


"എന്തുവാടെ ഇത് , ഒന്നാം തിയതി ശമ്പളം കിട്ടിയിട്ട് തരാമെടെ... നീയിങ്ങനെ എല്ലാ മാസവസാനവും വിളിച്ചു ചോദിക്കണ്ട... " എന്നും പറഞ്ഞു അവനെ പതിവ് പോലെ സമാധാനിപ്പിച്ചു , ഞാൻ വീണ്ടും ഫോബ്‌സിന്റെ വെബ്സൈറ്റ് റിഫ്രഷ് ചെയ്തു , ഒന്ന് കൂടി നൂറിൽ നിന്നും മുകളിലോട്ടു നോക്കി തുടങ്ങി , ഇനിയിപ്പോൾ അവർക്കു ആദ്യം തെറ്റിയതും ആവാലോ !!!


< ശുഭം , ഇനിയിപ്പോൾ 2017 ഇലെ ലിസ്റ്റ് കാത്തിരിക്കാം >