Friday, April 17, 2020

... സീയിങ് ഓഫ് എ ബ്യൂട്ടിഫുൾ ലേഡി ... (എ പാരഡി ത്രില്ലെർ )

[ ആമുഖം :: ഒരു നർമ്മ ഭാവനയ്ക്ക് വേണ്ടി , വിനുവേട്ടന്റെ മലയാളം തർജ്ജിമ ഇംഗ്ലീഷ് ത്രില്ലറുകളിലെ കഥാപാത്രങ്ങൾ പെണ്ണുകാണൽ നടത്തിയാൽ എങ്ങനെ ഉണ്ടാകുമെന്നാണ് ഈ പോസ്റ്റിനു ആധാരം . ഞാൻ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിനുവേട്ടന്റെ അനുവാദത്തോടു കൂടി , അദ്ധേഹത്തിന്റെ കഥകളിൽ നിന്നും ഞാൻ അടിച്ചു മാറ്റിയതും , ഷെയ്പ്പ് മാറ്റിയതുമായ കഥാസാരങ്ങളും  ഡയലോഗുകളുമായി , എന്റെ ഈ പാരഡി ത്രില്ലെർ കഥ ഇവിടെ നിങ്ങൾക്കെല്ലാവർക്കും ആയി  സമർപ്പിക്കട്ടെ …. വിനുവേട്ടന്റെ ഇംഗ്ലീഷ് തർജ്ജിമ ഇതുവരെ വായിച്ചിട്ടില്ലാത്തവർക്കായി , ഒരു സാമ്പിൾ നോവൽ ലിങ്ക് ഇവിടെ : https://flightofeagles.blogspot.com/ ]


സീയിങ് ഓഫ് എ ബ്യൂട്ടിഫുൾ ലേഡി ::  ( അഥവാ , പെണ്ണുകാണൽ )


[ നിയമപ്രകാരമുള്ള മുന്നറിയിപ്പ് :: " വെടിവെപ്പ് നിയമപ്രകാരം കുറ്റകരമാണ്. എങ്കിലും , വിനുവേട്ടന്റെ തർജിമ നോവലുകളിലും , മേജർ രവിയുടെ സിനിമകളിലും ഇത്  ഒഴിവാക്കാൻ പറ്റാത്ത അത്യാവശ്യ ഘടകങ്ങൾ ആയതുകൊണ്ട് , ഏതു സീനിൽ ആണേലും ഏതു കഥാപാത്രം വേണമെങ്കിലും എങ്ങനെ വേണേലും വെടിപൊട്ടിക്കാം … ]

2020 - ഏപ്രിൽ:

ഉട്ടോപ്പ്യയ്ക്കു മുകളിൽ 60,000 അടി ഉയരത്തിൽ പറന്നു കൊണ്ടിരിക്കവെ ഡിസൂസ പെരേര  അങ്ങേയറ്റം ആഹ്ളാദചിത്തനായിരുന്നു.‌ ഇന്നാണ് അദ്ദേഹത്തിന്റെ മാതാവ് ബോണി പെരേര ബംഗ്ളാവിലേക്കു നേരത്തെ തിരികെ ചെല്ലണം എന്ന് പറഞ്ഞിരുന്നത് . ബോയിങ്ങിന്റെ അത്യാധുനിക വിമാനം  ആണ് അദ്ദേഹം പറത്തിക്കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിലെ മികച്ച  വിമാനങ്ങളിൽ ഒന്ന്. ആ എയിറ്റ് സീറ്റർ വിമാനത്തിന്റെ പിൻസീറ്റ് ചുവന്ന ലെതർ കൊണ്ട് ഉണ്ടാക്കിയതാണ് .  ഫ്രാൻസിലെ പണ്ടത്തെ കോളേജ് ഹോസ്റ്റൽ ജീവിതം അവനെ ഓർമ്മപ്പെടുത്തും ഈ ചുവന്ന ലെതർ; അത് പോലെ അന്നത്തെ അവന്റെ പ്രിയപ്പെട്ട റഷ്യക്കാരിയായ കൂട്ടുകാരി ക്രിസ്റ്റീനയെയും .

പുറത്തെ കാലാവസ്ഥ വളരെ മോശമായിരുന്നു അന്ന് . കാറ്റും മഴയും കട്ടി മേഘങ്ങളും എല്ലാം കൊണ്ട് ശബ്ദമുഖരിതമായ അന്തരീക്ഷം. ആ കോലാഹലങ്ങൾക്കിടയിൽ ഏത് വിമാനമാണ് തനിക്കരികിലൂടെ ഓവർടേക്ക് ചെയ്തു കടന്നു പോയതെന്ന് തിരിച്ചറിയാൻ പോലും ഡിസൂസ പെരേരക്ക് ആയില്ല. മനസ്സിൽ മുഴുവൻ ആ ചിന്തയായിരുന്നു. എന്തിനായിരിക്കും മാതാവ് ബോണി പെരേര തന്നോട് നേരത്തെ വീട്ടിലെത്താൻ പറഞ്ഞത് . ഇനിയിപ്പോൾ അവർ ക്രിസ്റ്റീനയുടെ കാര്യം അറിഞ്ഞിരുക്കുമോ . ആ ചിന്ത അവനെ വല്ലാതെ ഭയപ്പെടുത്തി. കാരണം , പണ്ട് തന്നെ മാതാവ് ബോണി പെരേര തന്നോട് ആ ശിരസ്സിൽ തൊട്ടു പ്രതിജ്ഞ ചെയ്യിച്ചതാണ് . താൻ ജീവിതത്തിലൊരിക്കലും റഷ്യക്കാരിയെ വിവാഹം ചെയ്യരുതെന്ന്. അല്ലേലും , അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ .

അദ്ദേഹം വിമാനത്തിന്റെ സ്പീഡ് മാറ്റി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി. 7000 അടി... പിന്നെ 5000 അടി... എന്തോ പുകഞ്ഞ് കരിയുന്ന ഗന്ധം അദ്ദേഹം അറിയുന്നുണ്ടായിരുന്നു. അതെ , വിശന്നിട്ടു തന്റെ വയറു കരിഞ്ഞു തുടങ്ങിയിരിക്കുന്നു. താഴെ ഭൂമിയും കെട്ടിടങ്ങളും കാണുവാൻ സാധിക്കുന്നുണ്ട്. അതെ... ലാൻഡ് ചെയ്യുവാനുള്ള സമയമായിരിക്കുന്നു. സീറ്റ് ബെൽറ്റ് അഴിച്ചിട്ട് അദ്ദേഹം തന്റെ ലെതർ കോട്ടിനുള്ളിൽ ഉടൽ തിരുകി. പിന്നെ ഒരു ത്രില്ലിനു വേണ്ടി , വിമാനത്തെ തലകീഴായി ടിൽറ്റ് ചെയ്ത് ലാൻഡ് ചെയ്തു..

ആ പരിസരത്തെവിടെയോ മെഷീൻ ഗണ്ണുകൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അത് തന്റെ ഞെഞ്ചിടിപ്പാണെന്നു ഡിസൂസ പെരേര  തിരിച്ചറിഞ്ഞു. ഉള്ളിൽ നല്ല ടെൻഷൻ ഉണ്ട് . ഇതിനു മുൻപ് ഇത്രയും ടെൻഷൻ അടിച്ചത്  പണ്ടത്തെ കോളേജ് പരീക്ഷ റിസൾട്ട് വരുന്ന ദിവസം ആയിരുന്നു. കാരണം , പണ്ട് തന്നെ മാതാവ് ബോണി പെരേര തന്നോട് ആ ശിരസ്സിൽ തൊട്ടു പ്രതിജ്ഞ ചെയ്യിച്ചതാണ് . താൻ ജീവിതത്തിലൊരിക്കലും പരീക്ഷ തോൽക്കരുതെന്നു . അല്ലേലും , അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ

ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹത്തിന്റെ ചുണ്ടിൽ വച്ചു. അങ്ങകലെ നിന്നും , പൊടികൾ പറത്തി പാഞ്ഞു വരുന്ന പച്ച നിറമുള്ള 1990 മോഡൽ ഫോർഡ് മുസ്താങ് കാർ അവന്റെ ദൃഷ്ട്ടിയിൽ പതിഞ്ഞു. അതെ , അത് തന്റെ മാതാവാണ് . തന്നെ കയ്യോടെ കൂട്ടിക്കൊണ്ടു പോകുവാനായിരിക്കണം  ഈ പാഞ്ഞുള്ള വരവ്. നാല് ടയറുകളായിരുന്നു ഈ കാറിന്. പെട്ടെന്നവൻ ഓർത്തു , തന്റെ ക്രിസ്റ്റീനയുടെ കാറിനും നാല് ടയറുകളായിരുന്നു , എന്തൊരു ആശ്ചര്യം !!

എയർപോർട്ടിൽ നിന്നും പുറത്തേക്കുള്ള അവരുടെ യാത്ര ദുഷ്ക്കരവും പരമ ബോറും തന്നെയായിരുന്നു. യാത്രയുടെ ഭൂരിഭാഗവും ഡിസൂസ പെരേര ക്ഷീണത്തിൽ ആയിരുന്നു. എങ്ങോട്ടാണ് ഈ പോക്കെന്ന് മാതാവിനോട് അവനു ചോദിക്കണം എന്നുണ്ടായിരുന്നു . പക്ഷെ അവൻ ഒന്നും ചോദിച്ചില്ല . കാരണം , പണ്ട് തന്നെ മാതാവ് ബോണി പെരേര തന്നോട് ആ ശിരസ്സിൽ  തൊട്ടു പ്രതിജ്ഞ ചെയ്യിച്ചതാണ് . താൻ ജീവിതത്തിലൊരിക്കലും അവരോടു ചോദ്യങ്ങൾ ചോദിക്കില്ലെന്ന് . അല്ലേലും , അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ .

മനോഹരമായ പാടശേഖരത്തിന് അരികിലുള്ള ഒരു പഴയ ഫ്രഞ്ച് കൊട്ടാരത്തിലായിരുന്നു ഫോർഡ് മുസ്താങ് ചെന്ന് നിന്നതു.. ഒരു മായിക ലോകത്തേക്കാണ് ഡിസൂസ പെരേരകണ്ണ് തുറന്നത്. വലിയ ബംഗ്ളാവ് ,… മട്ടുപ്പാവിലേക്ക് തുറക്കുന്ന ഫ്രഞ്ച് ജാലകങ്ങൾ...  മനോഹരമായ സിൽക്ക് കർട്ടനുകൾ , വിലകൂടിയ ചുവന്ന തുണി കൊണ്ട് ഉണ്ടാക്കിയ കസേരകൾ .

വാതിൽ തള്ളിത്തുറന്ന് , സ്വർണ്ണ നിറത്തിലുള്ള മനോഹരമായ വസ്ത്രങ്ങൾ ധരിച്ച ചെറുപ്പക്കാരിയായ ഒരു യുവതി പ്രവേശിച്ചു. സ്വർണ്ണ വർണ്ണമുള്ള തലമുടിയും ഹരിതനിറം കലർന്ന കണ്ണുകളും അഴക് വഴിഞ്ഞൊഴുകുന്ന മുഖവും വിലയിരുത്തിയ അദ്ദേഹം അവളുടെ പ്രായം ഇരുപതുകളുടെ ആരംഭത്തിൽ ആവാനേ വഴിയുള്ളൂ എന്ന് ഊഹിച്ചു. താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരിയായ പെൺകുട്ടിയാണ് ഇവൾ എന്ന് അദ്ദേഹത്തിന് തോന്നി. അവളെ ദർശിച്ച ആ നിമിഷം തന്നെ ഡിസൂസ പെരേര അവളിൽ അനുരക്തനായി കഴിഞ്ഞിരുന്നു. അല്ലേലും , ഇനിയിപ്പോൾ ക്രിസ്റ്റീനയെ തന്നെ ഓർത്തിരുന്നിട്ടു കാര്യം ഇല്ല . അവൾ ഇപ്പോൾ എവിടെയാണോ എന്തോ .


"നോ... എഴുന്നേൽക്കാൻ പാടില്ല..." അദ്ദേഹത്തെ കസേരയിൽ നിന്നും അനങ്ങാൻ വിടാതെ അവൾ ശബ്‌ദിച്ചു..

ഒരു റഷ്യൻ പട്ടാള മേധാവിയുടെ യൂണിഫോം ധരിച്ച അണിഞ്ഞ ഒരു ആർമി കേണൽ മുറിക്കുള്ളിലേക്ക് പ്രവേശിച്ചു. "എനി പ്രോബ്ലംസ്, വനേസ്സ ..?"

"നോട്ട് റിയലി...  അൽപ്പം കൺഫ്യൂഷനിലാണ് ഇദ്ദേഹം... അത്രയേ ഉള്ളൂ ..." അവൾ പറഞ്ഞു.

"അത് പാടില്ല..." കേണൽ പറഞ്ഞു. "ഇവർ നിന്നെ പെണ്ണ് കാണാൻ വന്നവരാണ് ... അതുകൊണ്ട് കാര്യത്തിന്റെ ഗൗരവം നീ  മനസ്സിലാക്കണം...…"


അയാൾ പുറത്തേക്ക് നടന്നു. അടുക്കള ഭാഗത്തേക്ക് തിരികെ നടന്ന വനേസ്സ , കയ്യിൽ ചായക്കോപ്പുകൾ നിറഞ്ഞ പാത്രവുമായി അരികിലെത്തി. ഒരു കപ്പെടുത്തു  ഡിസൂസ പെരേരയ്ക്ക് കൊടുക്കാൻ തുനിഞ്ഞ  അവളുടെ കയ്യിൽ അദ്ദേഹം കയറിപ്പിടിച്ചു. "നോക്കൂ, നിങ്ങൾ ആരായിരുന്നാലും എനിക്കൊന്നുമില്ല...  പക്ഷേ, എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് വാക്ക് തന്നേ മതിയാവൂ കുമാരീ..." അദ്ദേഹത്തിന്റെ കണ്ണുകളിൽ മയക്കത്തിന്റെ ലാഞ്ഛനയുണ്ടായിരുന്നു.  "


"പണ്ട് ക്രിസ്ടിനയോടു നിങ്ങൾ പറഞ്ഞ ഇതേ വാചകങ്ങൾ തന്നെയാണോ  എന്നോടും പറയുവാൻ നിങ്ങൾ മനസ്സിൽ കുറിച്ച് വെച്ചത് ...? ആശ്ചര്യം തന്നെ ഇത് " അവൾ ആരാഞ്ഞു.

ഡിസൂസ പെരേരയുടെ മുഖം ചുവന്നു അവനിരിക്കുന്ന സോഫയുടെ അതെ നിറമായി.

"വെൽ...നിങ്ങൾ ആരാണ് ? ക്രിസ്റ്റീനയെ നിങ്ങൾക്ക് എങ്ങനെ …. ..." അവൻ പതറി .അവിടെ സംഭവിക്കുന്നതൊന്നും മനസ്സിലാവാതെ , മാതാവ് ബോണി പെരേരയും അന്തം വിട്ടു കുന്തം വിഴുങ്ങി ഇരുന്നു.

പെട്ടെന്ന് ആ മുറിയിലേക്ക് അതിവേഗത്തിൽ കുതിച്ചെത്തിയ മറ്റൊരു യുവതി , അവർക്കു നേരെ തുരു തുരാ വെടിയുതിർത്തു . വെടിയേറ്റ് താഴേക്ക് വീഴുന്നതിനിടയിൽ , ഡിസൂസ പെരേര  ആ പെണ്ണിനെ ഒന്ന് കണ്ടു ....... "ഓ മൈ ഗോഡ് …  ക്രിസ്ടി, ക്രിസ്ടി….."


(വെടിവെപ്പ് ഇനിയും തുടരും)

#SeeingOfBeautifulLady
#സീയിങ്ഓഫ്എബ്യൂട്ടിഫുൾലേഡി


29 comments:

 1. ഇങ്ങിനെയൊരു പെണ്ണുകാണൽ കഥ എഴുത്തിന്റെ ചരിത്രത്തിൽ ഇന്നോളം ഉണ്ടായിക്കാണില്ല.. ഏറ്റവും രസകരമായ ഹാസ്യാനുകരണം..

  ReplyDelete
  Replies
  1. വളരെ നന്ദി മുഹമ്മദ് ഭായ് … വായിച്ചതിനും അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി … :)

   Delete
 2. ഷഹീം... പൊളിച്ചു... ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി രാവിലെ തന്നെ... :)

  ഷഹീം അപ്പോൾ എന്റെ നോവലുകൾ വായിക്കാറുണ്ടായിരുന്നു അല്ലേ...? സന്തോഷം തോന്നുന്നു... എന്റെ വിവർത്തന കൃതികളെ വച്ച് ഒരു പാരഡി ഉണ്ടാക്കാൻ കാണിച്ച ഷഹീംഭായിയുടെ നർമ്മഭാവനയെ നമിക്കുന്നു... തീർച്ചയായും തുടരണം കേട്ടോ...

  ReplyDelete
  Replies
  1. വിനുവേട്ടാ.. ഞെട്ടിച്ച് ഞെട്ടിച്ചു.

   Delete
  2. ആദ്യം തന്നെ ഇങ്ങനെ എഴുതാനുള്ള അനുവാദം , ഫ്രീഡം തന്നതിന് വളരെ വളരെ നന്ദി വിനുവേട്ടാ … വിൺവേട്ടന്റെ നോവലുകൾ ഞാൻ വായിക്കാറുണ്ട് .. വളരെ ഇഷ്ട്ടമാണ് … അതിലെ ഒരു നർമ്മം കണ്ടെത്തി ഈ പോസ്റ്റിട്ടതാണ് … :)

   Delete
 3. ഷഹീം ചേട്ടാ ,,


  ഇന്നത്തെ ബ്ലോഗ് വായനയുടെ തുടക്കം മാരകമായിപ്പോയി. ഇത് വായിച്ചു അന്തം വിട്ടുപോയി.

  വായിച്ച ശേഷം വിനുവേട്ടൻ ഇരിക്കുന്ന ഇരിപ്പ് ഓര്ത്താല് മതി.

  ഭയങ്കര ഇഷ്ടമായി .

  തുടരണം എന്ന് മാത്രമല്ല, അടുത്ത അഞ്ച് ഭാഗങ്ങളും എല്ലാ ബുധനാഴ്ചകളിലും പോസ്റ്റ്‌ ചെയ്യണം.

  ReplyDelete
 4. ഷഹീമിനോട് ശിരസ്സിൽ തൊട്ടു പ്രതിജ്ഞ ചെയ്യിച്ചതാണ് . താൻ ജീവിതത്തിലൊരിക്കലും അവരോടു ചോദ്യങ്ങൾ ചോദിക്കില്ലെന്ന് . അല്ലേലും , അതിനു അവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ .
  നല്ല നർമ ഭാവന

  ReplyDelete
  Replies
  1. ശ്ശോ എന്റെ കമെന്റ് കൊണ്ടോയി ....

   Delete
 5. ഷഹീമേ...
  രാവിലെ തന്നെ ചിരിച്ച് മരിച്ചെടെ ഗെഡീ...
  വിനുവേട്ടൻ ജീവനോടെ ബാക്കി ഉണ്ടോ ആവോ..
  മ്യാരക എഴുത്ത് ട്ടാ..
  സ്നേഹം ഭായ്

  ReplyDelete
  Replies
  1. ഞാൻ ശരിക്കും ആസ്വദിച്ചു വക്കീലേ ഷഹീമിന്റെ എഴുത്ത്...‌ ഇടയ്ക്കൊക്കെ അൽപ്പം സന്തോഷ് ജോർജ്ജ് കുളങ്ങര കയറി വന്നോ എന്നൊരു സംശയവും തോന്നി...

   Delete
 6. അയ്യയ്യോ.. ചിരിച്ചു ചിരിച്ചു മതിയായേ... ഗംഭീരം ഷഹീം ഭായ് 😆😆😆

  ReplyDelete
 7. വായിച്ചു. നർമ്മം രസകരം.
  ഡിസൂസ പെരേര
  വീരസാഹസകൃത്യങ്ങൾക്കൊന്നും മുതിർന്നില്ലല്ലോ! ക്രിസ്റ്റീനയെ ഒതുക്കി, വനേസ്സായേയും കൊണ്ട് ...
  ആശംസകൾ
  ആശംസകൾ

  ReplyDelete
 8. തനിക്ക് നേരെ വരുന്ന പലസ്തീൻ നിർമിത 2.54MM വെടിയുണ്ട കണ്ട ബോണി പെരേര ഒരു നിമിഷം സ്തബ്ധയായിപ്പോയി! 1942 ൽ ജർമൻ സഖ്യസേനയോടൊപ്പം നടത്തിയ ഓപ്പറേഷനിൽ വധിച്ച റഷ്യൻ ചാരൻ കിടിലോസ്‌കി ദിമിത്രിയെവിന്റെ ഉണ്ട! വായനക്കാർ ചിരിച്ചു മരിച്ചില്ലെങ്കിൽ ഈ മിഷൻ തീർക്കാൻ പിന്നെയും വരേണ്ടി വരുമെന്ന് മിസിസ് പെരേര തീരുമാനിച്ചു. അപ്പോൾ അങ്ങകലെ, വിനുവേട്ടൻ തലകുത്തി നിന്ന് ചിരിക്കുകയായിരുന്നു...

  ReplyDelete
  Replies
  1. അതെ... ഞാൻ ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുകയാണ്... ഫ്രണ്ട്സ് എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ... :)

   Delete
 9. എന്റമ്മോ ... ഇത് കിടിലൻ ആണ് കേട്ടോ.... ഷഹീം ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി. ഏറ്റവും കൂടുതൽ ചിരിച്ചത് വിനുവേട്ടൻ തന്നെയാവും . സംശയംല്ല്യ. ഒരപേക്ഷ ഉണ്ട്. അയാൾ ജീവനോടെ ഉണ്ടെങ്കിൽ ആ പേരരയോട് പറയണം ഇനി മേലാൽ ഒരു സത്യവും ആർക്കും ചെയ്തു കൊടുക്കരുതെന്ന്. അതുമല്ല സുന്ദരികളെ കണ്ടാൽ ഇത്രയും ആക്രാന്തം പാടില്ലെന്ന്... അല്ല അയാളെയും തെറ്റ് പറയാൻ പറ്റില്ല.. അങ്ങനെ പെരുമാറിയതിന് അയാൾക്ക്‌ അയാളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നുവല്ലോ ... 😂😂😂

  ReplyDelete
 10. നല്ല രസമായി എഴുതി...

  ReplyDelete
 11. ഇതൊരു വല്ലാത്ത സംഭവം ആയിപ്പോയല്ലോ ഈ പെണ്ണുകാണൽ .. ഭയങ്കര ലെവലിലുള്ള പെണ്ണുകാണല് .. എന്നാലും ആ വെടിവെപ്പ് വേണ്ടാരുന്നു . വിനുവേട്ടൻ ഇത് ഒരു രണ്ടുമൂന്നു തവണയെങ്കിലും വായിച്ചിട്ടുണ്ടാവും ഉറപ്പ് .
  നർമ്മം നന്നായി . ആശംസകൾ ഷഹീം

  ReplyDelete
 12. ഒടുക്കം ചുവന്ന സീറ്റുകൾ രക്തം വീണു കുതിർന്നല്ലോ. വെടിവെക്കാൻ ഓരോരുത്തർക്കും അവരവരുടേതായ കാരണങ്ങൾ ഉണ്ടല്ലോ. സംഭവം കൊള്ളാം. ഇങ്ങനൊരു സാധനം സൃഷ്ടിച്ച ഭാവനാവിലാസത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ. :)

  ReplyDelete
 13. കാലാന്തരത്തിന്റെ അസ്ഥാനത്ത് സംഭവിച്ച വെടിവെപ്പിൽ താൻ മറന്ന തന്റെ റഷ്യൻ സുന്ദരി തിരിച്ചു വന്നതിന്റെ സന്തോഷവും ഒപ്പം തന്നെ മയക്കിയ പുതിയ സുന്ദരിയെയും ഒരേ നിമിഷത്തിന്റെ വ്യത്യസ്ത വിനായികകളിൽ ഒരേ സ്വരത്തിൽ കണ്ടപ്പോൾ വെടി ഏൽക്കാതെ തന്നെ അയാളുടെ പകുതി ജീവനിൽ രക്തം ചിന്തി...


  ടിനി ടോം ഇംഗ്ലീഷ് സിനിമ മിമിക്രി കാണിച്ച പോലെയുണ്ട്.. അടിപൊളി... ഊഹിക്കാൻ പറ്റുന്നുണ്ട്... ഒരു കോമഡി ത്രില്ലർ ഫിലിം ആയിട്ട്...

  ReplyDelete
 14. ഒരു പെണ്ണ് കാണൽ അപാരത തന്നെ ...!

  മെഷീൻ ഗൺ വെടിപോലുള്ള നെഞ്ചിടിപ്പുകൾ ....
  എഞ്ചിൻ കരിയുന്നപോലുള്ള സ്വന്തം പള്ളയിൽ നിന്നും വമിക്കുന്ന വിശപ്പിന്റെ കരിഞ്ഞമണം ...

  ഭായ് നിങ്ങ വല്ല ആംഗലേയ കൃതികൾ തർജ്ജമ ചെയ്തിരുന്നുവെങ്കിൽ മലയാളത്തിൽ നർമ്മ സാഹിത്യത്തിൽ ഒരു പുരസ്‌കാരം കിട്ടിയേനെ ..കേട്ടോ

  ReplyDelete
 15. ശരിക്കും വിനുവേട്ടൻ്റെ തർജ്ജമ കഥ പാരലൽ ആയി ഓടുന്ന അനുഭവം. തുടരണം ഈ ത്രില്ലർ '

  ReplyDelete
 16. രസകരമായ പെണ്ണ് കാണൽ പാവം വിനുവേട്ടൻ

  ReplyDelete
 17. ബിലാത്തി പറഞ്ഞപോലെ, ഒരു പെണ്ണുകാണൽ അപാരത ഗംഭീരം

  ReplyDelete
 18. വിനുവേട്ടന് പാരയായി മാറുമോ..? ക്രൈം സ്റ്റൈലിൽ ഒരു പെണ്ണുകാണൽ ആദ്യം.
  ആശംസകൾ ....

  ReplyDelete
 19. വിനുവേട്ടൻ തർജ്ജമകളിലെ കടുവയാണെങ്കിൽ ഇതൊരു മാതിരി കടുവയെ പിടിച്ച കിടുവ മോഡൽ പോസ്റ്റ് ആയല്ലോ 😁😁

  ReplyDelete
 20. സംഗതി കലക്കി.. ആ ഡിസൂസ പെരേര എന്ന പേര് മാത്രം ഒരു ചെറിയ കല്ലുകടി ആയി തോന്നുന്നു.. രണ്ടും 2nd നെയിം പോലെ ആയത് കൊണ്ടാവാം.

  ReplyDelete
 21. ഇതു പോലെ, ഇതിേക്കാൾ ത്രില്ലടിപ്പിക്കുന്ന സംഭവ പരമ്പരകളാൽ സമൃദ്ധമാവുെന്ന് പ്രതീക്ഷിക്കുന്നു , വരാനിരിക്കുന്നവയും :

  എന്നാലും ക്രിസ്റ്റിനാ , ഡിസൂസെ പെരേരയോട് ഇത്രേം വേണ്ടാർന്നു... ( ഇനീം കാണേണ്ടോരല്ലേ ? )

  ReplyDelete
 22. വല്ലാത്തൊരു ത്രില്ലർ പെണ്ണുകാണൽ.
  അങ്ങിനെയും ആകട്ടെ ഒന്ന് അല്ലേ

  ReplyDelete