Thursday, October 31, 2019

.... ഒരു പഴയ ബാംഗ്ലൂർ H.R ഇന്റർവ്യൂ അനുഭവം ...


ഞാൻ ഫ്രഷർ ആയി ബാംഗ്ലൂരിൽ ജോലി തപ്പി നടക്കുമ്പോൾ , ഉണ്ടായ ഒരു ഇന്റർവ്യൂ അനുഭവം ആണിത് ….

HP കമ്പനിയുടെ , ഓരോ മണിക്കൂർ ഇടവിട്ട് , BPO വാക്കിൻ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് ഞാൻ എത്തിപ്പെട്ടു , അകത്തു കയറാൻ ആയി ഞങ്ങളുടെ ഊഴം കാത്തു കമ്പനിയുടെ പുറത്തു കാത്തു നിൽക്കുമ്പോൾ , ഏതാണ്ട് എന്റെ പകുതിയോളം പൊക്കമുള്ള , ഒരു ന്യൂ ജെൻ സ്റ്റൈലിഷ് പെൺകുട്ടി, എന്റെ അടുത്തെത്തി സിഗററ്റ് വലി തുടങ്ങി !!!

ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടി സിഗററ്റ് വലിക്കുന്നത് കണ്ട , തനി നാടൻ ആയ ഞാൻ , താജ് മഹാൾ ഒക്കെ കാണും പോലെയുള്ള ഭയങ്കര അതിശയത്തിൽ , മൂക്കത്തു കയ്യും വെച്ച് അവളുടെ മുന്നിൽ പോയി , അവളെ തന്നെ നോക്കി നിന്നു !!! അത് കണ്ടു ഇഷ്ട്ടപ്പെടാത്ത അവർ , എന്നോട് കടുത്ത ഇംഗ്ലീഷിൽ ചോദിച്ചു … " വാട്സ് യുവർ പ്രോബ്ലം ? മൈൻഡ് യുവർ ബിസിനസ്സ് " !!!

ഞാനും മുറി ഇംഗ്ലീഷിൽ പറഞ്ഞു .. " പ്രോബ്ലം നോ ജോബ് ; ആൻഡ് നോ ബിസിനസ്സ് … ഐ ലൂക്കിങ് ജോബ് " !!

എനിക്ക് മനസ്സിലാവാത്ത ഏതോ ഇംഗ്ലീഷ് വാക്കും പറഞ്ഞു അവൾ അകത്തേക്ക് കയറി പോയി . ആ പറഞ്ഞത് തെറിയാകുമെന്നു ഞാൻ അന്ന് ഊഹിച്ചു !! പിന്നീട് , പലയിടത്തു നിന്നും അത് കേട്ടപ്പോൾ , ഇപ്പോൾ എനിക്ക് അന്നത്തെ എന്റെ ഊഹം ശരിയായിരുന്നു എന്നും പിടികിട്ടി !!!

അങ്ങനെ , ഞങ്ങളുടെ ഇന്റർവ്യൂ സമയം എത്തിയപ്പോൾ കമ്പനിക്കകത്തു കയറി പറ്റിയ ഞാൻ ; ഈ സിനിമയിലൊക്കെ കണ്ടു മാത്രം പരിചയമുള്ള ആ സന്ദർഭം ആദ്യമായി നേരിട്ട് കണ്ടു . അതെ , ആ പെൺകുട്ടിയാണ് ഞങ്ങളെ ആദ്യം ഇന്റർവ്യൂ ചെയ്തു എലിമിനേറ് ചെയ്യാൻ പോകുന്ന H.R മാനേജർ !!!! എന്തായാലും എന്റെ ആ ജോലി കാര്യത്തിൽ ഒരു തീരുമാനം ആയെന്നു എനിക്കുറപ്പായി !! എന്തായാലും റൂമിൽ കയറി പോയി , ഇനിയിപ്പോൾ ചടങ്ങു കഴിയാതെ ഇറങ്ങി പോകാൻ പറ്റില്ല . അത് കൊണ്ട് മാന്യമായി അവർ പുറത്താക്കും വരെ അവിടെ ഇരുന്നു.

ഓരോരുത്തരായി എഴുന്നേറ്റു , രണ്ടു മിനിട്ടു നേരം സെൽഫ് ഇൻട്രൊഡക്ഷൻ പറയണം. അതിനു ശേഷം , അവർ എന്തെങ്കിലും ചോദ്യം ചോദിക്കും , അതിനു ഉത്തരം പറയണം . അങ്ങനെ പറഞ്ഞവരിൽ നിന്നും സെലക്ട് ചെയ്യുന്ന നാലോ അഞ്ചു പേര് അടുത്ത റൗണ്ടിൽ പോകും , അല്ലാത്തൊരു പുറത്തേക്കും !!!

എന്റെ അടുത്തെത്തിയതും , ഞാൻ എഴുന്നേറ്റു കാണാതെ പഠിച്ച സെൽഫ് ഇൻട്രോ തുടങ്ങി .... " മൈ നെയിം ഈസ് ഷഹീം. ഐ ആം ഫ്രം കേരള , ഗോഡ്സ് ഓൺ കണ്ടറി ...… "

അത് പറഞ്ഞു മുഴുവിക്കാൻ വിടും മുൻപേ അവൾ കല്പ്പിച്ചു പറഞ്ഞു . " സ്റ്റോപ്പ് ... ടെൽ മി എബൌട്ട് ബാക്ക് വാട്ടർ ടുറിസം ഇൻ കേരളാ " !!!
ശെടാ !! ബാക്ക് വാട്ടർ ടുറിസം !!! ഞാൻ എവിടെയോ കേട്ടിട്ടുണ്ട് , പക്ഷെ എന്താണ് സാധനം എന്നറിയില്ല !!! എന്നാലും എന്റെ ലോജിക്ക് വർക്ക് ചെയ്തു തുടങ്ങി ... വാട്ടർ ഉള്ള കേരളത്തിലെ ഒരു ടുറിസ്റ് പ്ലേസ് ; അതിരപ്പള്ളി - വാഴച്ചാൽ വെള്ളച്ചാട്ടം ഞാൻ കണ്ടിട്ടുണ്ട് ... അത് കൊണ്ട് അത് വെച്ച് ഉത്തരം പൊരിപ്പിക്കാം .... !!!

ഞാൻ .. " എസ് , ഷുവർ ... കേരളാ ഹാസ് മെനി ബാക്ക് വാട്ടർ ടുറിസം പ്ളേസ്സസ് . വാട്ടർ കമിങ് ഫ്രം ബാക്ക് സൈഡ് , ആൻഡ് പീപ്പിൾ വാച്ച് ഇറ്റ് ഫ്രം ഫ്രണ്ട് സൈഡ് ഈസ് സൊ ബ്യൂട്ടിഫുൾ . ദാറ്റ്സ് വൈ ഇറ്റ് കാൾഡ് 'ബാക്ക് വാട്ടർ ടുറിസം' " !!!!!

അത് കേട്ട് അവിടെയുള്ള എല്ലാരും ചിരി തുടങ്ങി. വളരെ സീരിയസ് ആയി ഉത്തരം പറഞ്ഞ ഞാൻ , ഇവർക്കൊക്കെ വട്ടാണോ എന്ന് ചിന്തിച്ചു . ഞാൻ മനപ്പൂർവം അവളെ ആക്കിയതാണെന്നു തെറ്റിദ്ധരിച്ചു HR പെൺകുട്ടി വീണ്ടും അടുത്ത ചോദ്യം ….
" ടെൽ മി എബൌട്ട് 'മെയിൽ ഷോവനിസം ' " ?

എന്തോന്ന് !!!!! ഈ വാക്കു ഞാൻ ആദ്യമായാണ് അന്ന് കേട്ടത് !! ഇതൊന്നും സ്‌കൂളിൽ പഠിപ്പിച്ചിട്ടില്ല ; ഞാൻ ആണെങ്കിൽ സ്‌കൂളിൽ പഠിപ്പിച്ച ഇംഗ്ലീഷ് പോലും അറിയാത്ത ദുർലൻ !! ആ എന്നോടോ ബാലാ !!!!

എന്തായാലും , പിന്നെയും എന്റെ ലോജിക്ക് വർക്ക് ചെയ്തു തുടങ്ങി !! ഇതിനു മുൻപ് ഇമ്മാതിരി ഒരു വാക്കു കേട്ടിട്ടുള്ളത് ' ജോർജ് ഗോര്ബച്ചേവ്വ് " എന്നതാണ് !!! കൊച്ചു കള്ളി, റഷ്യൻ പ്രസിഡന്റിന്റെ പേര് ചോദിച്ചു എന്റെ ജെനെറൽ നോളഡ്ജ് ടെസ്റ്റ് ചെയ്യുകയാണല്ലേ !!!!

കട്ട കോണ്ഫിടെൻസിൽ ഞാൻ പറഞ്ഞു ... " ഐ തിങ്ക് , ഹി ഈസ് ദി കറന്റ് റഷ്യൻ പ്രസിഡന്റ് " !!!!

അപ്പോഴേക്കും ആ മുറിയിലാകെ ഉറക്കെ കൂട്ട ചിരി മുഴങ്ങി !! ഒന്നും മാനസ്സിലാവാതെ ഈ പാവം ഞാൻ !!!! കലികയറി ഹാലിളകി ആ HR പെൺകുട്ടി അവിടെ അലറി .....
" ഗെറ്റ് ഔട്ട് …. ഗെറ്റ് ഔട്ട് നൗ ... ഇനി മേലിൽ നിന്നെ ഈ പരിസരത്തു കണ്ടു പോകരുത് " !!!!

അങ്ങനെ , അന്ന് അവിടെ 'ബാക്ക് വാട്ടർ ടുറിസം' , 'മെയിൽ ഷോവനിസം' തുടങ്ങിയവ വാക്കുകൾക്ക് , രണ്ടു പുതിയ ഡഫനിഷനുകൾ ഈ ലോകത്തിനു സംഭാവന ചെയ്തു , ഞാൻ അടുത്ത കമ്പനി ഇന്റർവ്യൂകളിലേക്കു നടന്നു നീങ്ങി ...... വീണ്ടും പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാനും , അതിന്റെ അർഥം ഈ ലോകത്തെ പഠിപ്പിക്കാനും !!!!!!

Monday, September 9, 2019

.... സെലിബ്രിറ്റി മോമെന്റ്റ് .... ( ഒരു തീവണ്ടി അനുഭവം )



ഫേസ്ബുക്ക് ജനകീയമാകും മുൻപുള്ള ഒരു കാലഘട്ടം. അന്നും ഞാൻ ഇത് പോലെ ഓഫീസിലിരുന്ന് പോസ്റ്റുകൾ ഉണ്ടാക്കി , അത് അവിടെയുള്ള കൂട്ടുകാർക്കു ഓഫീസ് ഇമെയിലിൽ അയച്ചു കൊടുത്തു , അത് അവർ അവരുടെ കൂട്ടുകാർക്കു ഫോർവേഡ് ചെയ്തു , കിട്ടുന്ന ലൈക്കുകൾ/കമന്റുകൾ മെയിൽ റിപ്ലൈ ആയി വാങ്ങിക്കൊണ്ടിരുന്ന സമയങ്ങൾ.


ആ കാലത്തു എനിക്ക്  ഉണ്ടായ ഒരു   'സെലിബ്രിറ്റി' അനുഭവം ആണ് ഈ പോസ്റ്റ് ....


ഒരിക്കൽ , തിരുവനന്തപുരത്തു നിന്നും മാന്ഗ്ലൂർക്കുള്ള, വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസ്സിലെ  എന്റെ ടിക്കറ്റ് കൺഫേം  ആയോ എന്നറിയാൻ , പ്ലാറ്റുഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ ബോഗിയിലെ നോട്ടീസ് ഞാൻ ഒത്തു നോക്കി .....


സീറ്റ് 23 ജബ്ബാർ M  40 QLN CLT
സീറ്റ് 24 നാൻസി  F  22 TVM CAN
സീറ്റ് 25 കുമാരൻ  M  54 TVM KGQ  
സീറ്റ് 26 ഷഹീം  M  28 TVM MAQ


പെട്ടെന്നാണ് ആ പേര് കണ്ണിൽ കുത്തി തറച്ചു കയറിയത് .... 'നാൻസി  F  22' ...


അടുത്തെങ്ങും വേറെ CAN ഇറങ്ങുന്നവരില്ല . അപ്പോൾ കക്ഷി ഉറ്റയ്ക്കാണ് !! എന്തായാലും ജബ്ബാറിന്റെയും കുമാരന്റെയും ആരുമാകാൻ വഴിയുമില്ല ഈ നാൻസി കുട്ടി ... ശെടാ !! ഇനിയിപ്പോൾ ഞാൻ ഈ അലമ്പ് ലുക്കൊക്കെ മാറ്റി ,  മുടിയൊക്കെ ചീകി ഒരുങ്ങി, ബുദ്ധിജീവി പോലെ  ഇരിക്കണമല്ലോ !! പെട്ടെന്ന് അടുത്ത് കണ്ട ബുക്ക് സ്റ്റാളിലെ ചേട്ടനോട് പറഞ്ഞു .....


" ചേട്ടാ ... ഏതേലും നല്ല ലുക്കുള്ള ഇംഗ്ലീഷ് മാഗസിൻ ഒരെണ്ണം ... " ( അല്ലേലും , പെണ്കുട്ടികളെ  ഇമ്പ്രെസ്സ് ചെയ്യാൻ നല്ലതു ആംഗലേയം ബുക്ക് തന്നെയാ !! )


'മാഗസിന്റെ പേര് പോലും പിടിയില്ലാത്ത ഇവൻ ഏതേടാ ?' ഇതെന്ന പുച്ഛ ഭാവത്തിൽ നോക്കി , കടക്കാരൻ ചേട്ടൻ എന്നെ നോക്കി , ഇന്ത്യ ടുഡേ ഇംഗ്ലീഷ് മാഗസിൻ എടുത്തു തന്നു . അതുമായി ചാടി ട്രെയിനിൽ സീറ്റ് 25-ഇൽ ചാടി കയറി ,  24-ഇലെ  നാൻസിയെയും കാത്തു  , ആ ബുക്കിലെ കട്ട ഇംഗ്ലീഷും തപ്പിപ്പിടിച്ചു വായിച്ചോണ്ടിരുന്ന എന്റെ മുന്നിലേക്ക് , പരുഷമായ ഒരു ശബ്ദം ...
" കുറച്ചങ്ങോട്ടു മാറി ഇരിക്കണം മിസ്റ്റർ "


സീറ്റ് 25 ഇലെ കുമാരൻ ചേട്ടനാണ്  ! പുറത്തെ ലിസ്റ്റ് നോക്കി വന്നിട്ട് , നാന്സിയെ അവിടെ സീറ്റിൽ കാണാത്തതിനെ ദേഷ്യം അങ്ങേരു എന്നോട് തീർത്തതാണെന്നു തോന്നുന്നു. !!!
"ഇവിടെ എവിടെയെങ്കിലും ഇരിക്ക് ചേട്ടാ ." എന്ന് നൈസിനു പറഞ്ഞ എന്നോട് അങ്ങേരു ചൂടായി പറഞ്ഞു . "എന്റെ സീറ്റ് 25 ആണ് , എനിക്കവിടെ തന്നെ ഇരിക്കണം "
ഓഹോ ! അപ്പോൾ ഉറപ്പാണ്. ഇതിപ്പോൾ 24 -ഇലെ നാൻസിയുടെ പേര് കണ്ടിട്ടുള്ള വരവ് തന്നെയാണ് മൂപ്പിലാൻ ... !!


അങ്ങനെ . ട്രെയിൻ പതുക്കെ മൂവ് ചെയ്തു തുടങ്ങിയിട്ടും ആളൊഴിഞ്ഞിരിക്കുന്ന സീറ്റ് 24 നോക്കി മ്ലാനത്തോടെ  ഞങ്ങൾ ഇരിക്കുമ്പോൾ ഒരു മധുര ശബ്ദം ... "എക്സ്കയുസ് മി , പ്ളീസ് ..".....


[ അതാ ... ടെക്‌നോപാർക്കിലെ ഒരു കമ്പനിയുടെ ബാഡ്‍ജ്ജും കഴുത്തിലണിഞ്ഞു , സുന്ദരിയായ നാൻസി മുന്നിൽ !!! മനസ്സിൽ അഞ്ചാറു ലഡ്ഡുകൾ ഒരുമിച്ചു പൊട്ടി !! ഇനിയിപ്പോൾ എങ്ങനെ തുടങ്ങണം എന്ന കൺഫ്യൂഷ്യൻ വേണ്ട . ഗ്യാപ്പ് കിട്ടുപ്പോൾ "കുട്ടി ടെക്‌നോപാർക്കിലാണല്ലേ ...  " എന്നങ്ങു ഐശ്വര്യമായി തുടങ്ങിയാൽ മതി .... ! ]


' യെസ്  ' എന്നും ജാടയിൽ പറഞ്ഞു  ഞാൻ സീരിയസ് ആയി  മാറി ...  കുമാരേട്ടൻ അപ്പോൾ ആദ്യമായി ആ ഗൗരവ മുഖത്ത് നല്ല ഇളിച്ച ചിരി പടർത്തി , 'മോള് കയറിക്കോളൂ' എന്നും വാത്സല്യത്തിൽ  'റെമോയെ' പോലെ  പറഞ്ഞു , എഴുന്നേറ്റു മാറികൊടുത്തു, എന്നിട്ടു എന്നെ 'അന്യനെ' പോലെ  തുറിച്ചു നോക്കി !!!


നല്ലൊരു അവസരം ഒത്തുവരുമ്പോൾ ഒന്ന് കയറി മുട്ടാൻ, നാൻസി എന്നെ നോക്കുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കി ഞാനും ; അവസരം കിട്ടാതിരിക്കാൻ ഞാൻ നാന്സിയെ നോക്കുന്നുണ്ടോ എന്ന് എന്നെ തുറിച്ചു  നോക്കി കുമാരേട്ടനും, ഇഞ്ചോടിഞ്ചു വാശിയോടെ  സമയം തള്ളി നീക്കി ....


അതിനു ഇടയ്ക്കു , കുമാരേട്ടൻ ഒന്ന് നടു നിവർത്തിയ ചെറിയ  ഗ്യാപ്പിലൂടെ , ഞാൻ നാൻസിയോട് കയറി മുട്ടി  .... "ടെക്നോപാർക്കിലാണല്ലേ ? ഞാനും അവിടെയാണ് ...."


'നിന്നോട് ഞാൻ ചോദിച്ചോടാ  അലവലാതി ' എന്ന ഒഴിഞ്ഞ ഭാവത്തിൽ നാൻസി ' ഓക്കെ '  എന്നും പറഞ്ഞു മിണ്ടാതെ ഇരുന്നു
വായിനോക്കികൾക്ക് ഔചിത്യമില്ലാത്തോണ്ട് വീണ്ടും കയറി  ഡയലോഗ് . " ബൈ ദി വേ , എന്റെ പേര് ഷഹീം , നെസ്റ്റിലാണ് വർക്കിംഗ് ..."


അപ്പോഴേക്കും കുമാരേട്ടൻ ഞങ്ങളുടെ നടുവിലുള്ള സീറ്റിൽ നടു നിവർത്തി കഴിഞ്ഞിട്ടു ,'ഞാനൊന്ന് നീങ്ങിയപ്പോളേക്കും നീ പണിതുടങ്ങിയല്ലേടാ " എന്ന ഭാവത്തിൽ ,ഞങ്ങളെ മറഞ്ഞു ഇരുന്നു.  വീണ്ടും വീണ്ടും എന്നെ നോക്കി പേടിപ്പിച്ചു.


ഇനിയിപ്പോൾ പ്രത്യേകിച്ച്  അവിടെ കുത്തിയിരുന്നിട്ടു കാര്യമില്ലെന്നു ഓർത്തു , മര്യാദയ്ക്ക് കിടന്നുറങ്ങാം എന്ന് കരുതി എഴുന്നേറ്റ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു, പെട്ടെന്ന്  നാൻസി എന്തോ ഓർത്ത് ചാടി എഴുന്നേറ്റു , അതിശയത്തിൽ ...
" ഓ മൈ ഗോഡ് !! നിങ്ങളാണോ ഷഹീം ... !! ഐ കാൻഡ് ബിലീവ് ഇറ്റ് !! .. ഒരു മിനിറ്റേ .... "  എന്നും പറഞ്ഞു നാൻസി ആരെയോ ഫോൺ വിളിച്ചു തുടങ്ങി ....


അവിടെ എന്താണ്  നടക്കുന്നതെന്ന് അറിയാത്ത ഷോക്കിൽ ഞാനും , ഇതൊക്കെയെന്തെന്നറിയാതെ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി  തലയും ചൊറിഞ്ഞു കുമാരൻ അണ്ണനും അവിടെ ഇരുന്നു.
ട്രെയിനിന്റെ ചങ്ങല വലിച്ചു ഇറങ്ങി ഓടിയാലോ എന്നെനിക്കു ആദ്യം തോന്നി ! ശെടാ , അതിനു ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ . അത് പോലെ നാൻസി എന്നെ ചീത്തയും വിളിച്ചില്ല. ഓടേണ്ട , അത്  പണിയാകും ... അങ്ങനെ ഓരോന്ന് ചിന്തിച്ചു വിയർത്തൊലിച്ചു ഇരിക്കവേ , ആരെയോ ഫോണിൽ അപ്പുറത്തു കിട്ടിയ നാൻസി ആവേശത്തിൽ .... " എടിയേ , നിനക്ക് എന്റെ  അടുത്ത് ട്രെയിനിൽ ഇരിക്കുന്നത് ആരാണ് എന്നറിയോ ? ഷഹീം ...... ഞാൻ ഫോൺ കൊടുക്കാമേ ... "


അത് കേട്ട്, എന്നെ പയ്യെ ഞൊണ്ടി പുഞ്ചിരിച്ചു ബഹുമാനത്തോടെ കുമാരൻ ചേട്ടൻ .... " സാർ സീരിയൽ നടനാണോ ? "!!!!!


എനിക്ക് വട്ട് ആയതാണോ , അതോ മറ്റെല്ലാവർക്കും പ്രാന്തായതാണോ , ഇനിയിപ്പോൾ നാൻസി എന്നെ ആക്കുന്നതാണോ , എന്നൊന്നുമറിയാതെ വണ്ടറടിച്ചു ഇരിക്കുന്ന എന്റെ കയ്യിലേക്ക് നാൻസി തന്ന ഫോണെടുത്തു , കരയുന്നതു പോലെ ഞാൻ .... " ഹാലോ ... ആരാത് ...  ഞാൻ സത്യായിട്ടും ഒന്നും ചെയ്തില്ല ... " !!!


അപ്പോൾ അപ്പുറത്തു നിന്നും ഒരു പരിചിത സ്വരം .. " ഡാ ... ഇത് ഞാൻ ആണെടാ ദീപ്തി ...."


നടന്ന സംഭവം ചുരുക്കി പറഞ്ഞാൽ ഇങ്ങനെ :: " കമ്പനിയിലെ എന്റെ പ്രോജക്ട് ടീം മേറ്റും , അടുത്ത കൂട്ടുകാരിയുമാണ് ദീപ്തി. ദീപ്തിയുടെ ഹോസ്റ്റൽ റൂം മേറ്റ് ആണ് നാൻസി . എല്ലാ ദിവസവും വൈകിട്ട് റൂമിലിരുന്ന് ദീപ്തി പറയുന്ന ഓഫീസ് തമാശ കഥകളിലൂടെയും , ഫോർവേഡ് ചെയ്തു അയക്കുന്ന മെയിൽ പോസ്റ്റുകളിലൂടെയും,   ആ കട്ടപ്പന ഹോസ്റ്റലിലെ  ഹൃതിക് റോഷൻമാരാണ് ഞാനും , എന്നെപ്പോലുള്ള കമ്പനിയിലെ മറ്റു പലരും .. !!!

അങ്ങനെ , ആ ടെൻഷൻ സിറ്റുവേഷൻ ഒക്കെ മാറി, ,  ഞാനും നാൻസിയും ഓരോ തമാശകളൊക്കെ പറഞ്ഞു അവിടെ പൊട്ടിച്ചിരിക്കുമ്പോൾ , ഞങ്ങളെ ദയനീയമായി നോക്കി താടിയിൽ കയ്യും വെച്ചിരിക്കുന്ന കുമാരൻ ചേട്ടനോട് ,  ഞാൻ ....

"  എക്സ്കയുസ് മി അങ്കിൾ ... ഞങ്ങൾ ഫ്രണ്ട്സ് ഇവിടെ സംസാരിച്ചു അടുത്തിരിക്കട്ടെ ... ചേട്ടൻ കുറച്ചങ്ങോട്ടു നീങ്ങിയിരിക്കു ... പ്ളീസ് .. " !!!!!!


< .... ദി എൻഡ്  >



Wednesday, August 28, 2019

ഒരു ഉത്തരാധുനിക കവിത :: ...... " ഞാൻ " ......

അടുത്തിടെ , കവി സുധാകരന്റെ 'പൂച്ചേ പൂച്ചേ ' എന്ന മനോഹര കാവ്യം വായിച്ചതിൽ പിന്നെ , എന്നെ കൊണ്ടും കവിത എഴുതാൻ പറ്റും എന്ന ഒരു വിശ്വാസം വന്നു .!!


അടുത്ത കൊല്ലത്തെ പുല്ലാങ്കുഴൽ അവാർഡിനായി , മഹാ കവി ഞാൻ എഴുതിയ , ഒരു ഉത്തരാധുനിക കവിത ::


...... " ഞാൻ " ......


" എന്റെ പാദങ്ങൾ ഇന്ന് ഈ ഭൂമിയുടെ
കനക സിംഹാസനത്തിന് മുകളിലാണ്....


അധികാരത്തിനായുള്ള എന്റെ അത്യാഗ്രഹം
ഇപ്പോൾ മറ്റു ഗ്രഹങ്ങൾക്കെതിരെ നീളുന്നു.


എന്റെ വിരൽത്തുമ്പുകൾ
സർവ ലോക നിയന്ത്രണത്തിൻ
കടിഞ്ഞാൺ തിരച്ചലിലാണ്....


സ്വർഗ്ഗത്തെക്കുറിച്ച് എല്ലാം എനിക്കറിയാം,
കാരണം, ദൈവത്തെ സൃഷ്ട്ടിച്ചത് ഞാൻ ആണ്.


ഈ സ്വർഗ്ഗ ഭൂമിയെ ഞാൻ പലതവണ
നരകത്തിലേക്ക് തിരിച്ചു കൊണ്ട് പോയിട്ടുണ്ട്.


മറ്റുള്ളവരുടെ മനസ്സിന്റെ വികാരാധീനമായ
പിടിച്ചെടുക്കൽ എനിക്കറിയാം.


സ്വന്തം ബുദ്ധിയിലും ധൈര്യത്തിലും ,
മറ്റുള്ളവരുടെ രക്തത്തിലും
എന്റെ വിജയഗാഥകൾ മുഴങ്ങുന്നു.


'ഈ ലോകം നശിക്കുന്നു' എന്ന് വായിക്കുന്ന
എല്ലാ അടയാളങ്ങളിലും ഞാൻ ഉണ്ട്.


എന്റെ പേര് "മനുഷ്യൻ",


ഞാൻ ഈ പ്രപഞ്ചത്തിലെ
ഏറ്റവും വലിയ അഹങ്കാരിയാണ്. "


< ദി എൻഡ് >
( ഹോ !! കവിത എഴുതി കഴിഞ്ഞപ്പോൾ എന്തൊരാശ്വാസം ... !!! )

Wednesday, June 19, 2019

... " പ്രേതവും പ്രിയതമയും " ....

[ ... രാത്രി ഉറങ്ങാൻ കിടക്കും നേരം,  കൊച്ചു കുട്ടികൾക്ക് പേടിപ്പിക്കുന്ന കഥകൾ പറയുന്ന , അച്ചന്മാർക്കുള്ള ഒരു ഉപദേശം ആണ് ഈ കഥ .... ]


കൊച്ച്   :: " ഒരു കഥ പറഞ്ഞു തരുമോ  .. "


അച്ഛൻ :: " എന്ത് കഥ ... ഒന്ന് കിടന്നുറങ്ങു കൊച്ചേ ..."


കൊച്ച്   :: " ഒരു കഥ .. ഒരൊറ്റ കഥ .. പ്ളീസ് ..."
അച്ഛൻ :: " ഒക്കെ  .. ഒക്കെ ... ഒറ്റ ഒരെണ്ണം ...വൺസ്  അപ്പോൺ എ ടൈം , ദെയർ  ഈസ് ..... "


കൊച്ച്   :: " 'വൺസ്  അപ്പോൺ' എന്ന് വരുമ്പോൾ 'ദെയർ  വാസ്' അല്ലേ ? , 'ഈസ്' അല്ലല്ലോ ? " !!!


അച്ഛൻ :: " ദാണ്ടെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം .... കഥയിൽ ചോദ്യമില്ല !!!!... ഞാൻ കഥ പറയുമ്പോൾ ഇടയ്ക്കു ഇങ്ങോട്ടു കയറി ചോദ്യം ചോദിക്കരുത് .... പിന്നെ , ഇനി ഞാൻ മലയാളത്തിലേ കഥ പറയു .. അതും പറഞ്ഞേക്കാം ..... "


കൊച്ച്   :: " ശെരി ശെരി .... എന്നാൽ , ഒരു ഗോസ്റ്റ്  സ്റ്റോറി  പറഞ്ഞു തരുമോ ? "


അപ്പോൾ, പ്രിയതമ ... " രാത്രി വെറുതെ പേടിയാവുന്ന കഥ നിങ്ങൾ പറയാൻ നിൽക്കരുത് ... ,  മനുഷ്യർക്ക്  ഇവിടെ സമാധാനമായി ഉറങ്ങണം  ... "


അച്ഛൻ :: " പ്രേതമെങ്കിൽ പ്രേത കഥ ... പണ്ട് പണ്ട് ... ഒരു കൂറ്റൻ
ബംഗ്ളാവ് ............... പാതി  രാത്രി .. അങ്ങ് ദൂരെ ... ദൂരെ ..... ദൂരെ ..... ഒരു ശബ്ദം ..... "


വീണ്ടും  പ്രിയതമ  ... " ഇതാ  .. ഞാൻ വീണ്ടും പറയുകയാണ്  ... മനുഷ്യർക്ക്  ഇവിടെ സമാധാനമായി ഉറങ്ങണം  ... "


അച്ഛൻ :: " അങ്ങനെ രാത്രിയിൽ , ദൂരെ ഒരു ശബ്ദം .... പട്ടി ഓരിയിടുന്ന പോലെ  ..."


കുറച്ചു കഴിഞ്ഞു , ആ കഥകേട്ട് ബോർ അടിച്ചു ഉറങ്ങി പോയ  മോളെ നോക്കി അച്ഛൻ .....


"  ശെടാ !!! എന്നോട് കഥപറയാൻ പറഞ്ഞിട്ട് കൊച്ച്  അപ്പോഴേക്കും പെട്ടെന്ന്  ഉറങ്ങിയോ ....  "


തിരിഞ്ഞു നോക്കി , " അപ്പോൾ , ഇനി ഞാൻ മാത്രമേ ഉള്ളോ ഇവിടെ ഉറങ്ങാൻ .....   "


അങ്ങനെ , കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നു ഉറക്കം വരാതെ, അച്ഛൻ  ...


" എടിയേ .... എടി  ,  നീ ദൂരെ എന്തേലും ശബ്ദം  കേട്ടോ  .... പട്ടി ഓരിയിടുന്ന പോലെ എങ്ങാനും  ..." !!!


അപ്പോഴേക്കും അലറി വിളിച്ചു പ്രിയതമ  ...

" ഞാൻ അപ്പോഴേ പറഞ്ഞതല്ലേ .... വെറുതെ രാത്രി പേടിയാവുന്ന കഥ  പറയാൻ നിൽക്കരുത് എന്ന്  ... ,  എനിക്കറിയാമായിരുന്നു  ഓരോ പ്രേത  കഥ പറഞ്ഞിട്ട് , നിങ്ങള് അതാലോചിച്ചു പേടിച്ചു കിടന്നുറങ്ങാതെ, മറ്റുള്ളരെ കൂടി ശല്യപ്പെടുത്തുമെന്നു ...   " !!!!!


അച്ഛൻ  :: " എന്റമ്മോ !!!! എന്റമ്മമോ !!! നീ ഉറങ്ങു പ്രിയതമേ .... ഇതിനേക്കാൾ  നല്ലതു 'പ്രേതം'  വരുന്നത് തന്നെയാണ് ... "


അങ്ങനെ , ധൈര്യവാനായ ആ അച്ഛൻ , തന്റെ കണ്ണുകൾ ഇറുക്കി അടച്ചു , അറിയാവുന്ന പ്രാർത്ഥനയൊക്കെ ചൊല്ലി , ഇനിമേലിൽ താൻ രാത്രി കുട്ടികൾക്ക് പ്രേതകഥ പറഞ്ഞു കൊടുക്കില്ലെന്ന് ശപഥം ചെയ്തു .

Thursday, February 21, 2019

.... ഒരു പനി കഥ ...


ഇവിടെ നടക്കുന്ന 'വൈറൽ ഫ്ലൂ' സീസൺ ആഘോഷത്തിന്റെ ഭാഗമായി , കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായപ്പോഴേക്കും , എനിക്ക് ചെറിയ ശരീര വേദനയും, വിറയലും, പനിയും...


അപ്പോഴേ ഭാര്യ മര്യാദയ്ക്ക് പറഞ്ഞു , ഇനിയിപ്പോൾ ഒരാഴ്‌ച വീട്ടിൽ അടങ്ങി ഒതുങ്ങി പുതച്ചു കിടന്നോളു. ഇനിയിപ്പോൾ നിങ്ങളായി ആചാരങ്ങൾ തെറ്റിക്കേണ്ട.

പക്ഷെ , കമ്പനിയോടുള്ള സ്നേഹവും , പ്രോജെക്ടിലെ ആത്മാർത്ഥതയും മാനേജറോടുള്ള കൂറും വെച്ച് ഞാൻ പറഞ്ഞു ,

" അല്ല ... ഞാൻ പോയില്ലേൽ ശരിയാവില്ല.. എല്ലായിടത്തും എന്റെ കണ്ണ് തന്നെ എത്തണം എന്ന് വെച്ചാൽ എന്താ ചെയ്യുക. അല്ലെങ്കിലും , ഇനിയിപ്പോൾ ഞാൻ അല്ലാതെ വേറെ ആരുണ്ട് കമ്പനിയിൽ എനിക്കൊരു പകരക്കാരൻ ആവാൻ ... ഇല്ല , ഞാൻ എത്ര കഷ്ട്ടപ്പെട്ടായാലും പോകും ..... " !!!

അടുത്ത ദിവസം , വളഞ്ഞു ഒടിഞ്ഞു കമ്പനിയിലേക്ക് രോഗിയായി കയറിയ എന്നെ കണ്ടതും , ആദ്യം മാനേജർ തന്നെ ചീത്ത വിളിച്ചു ....

" എടേ ... നിനക്കൊന്നും വേറെ പണിയില്ലേ !! ഞങ്ങൾക്കും കൂടെ പനി തരാനായി മിനക്കെട്ടു വരണോ ... അല്ലേലും ഇപ്പോൾ ഇങ്ങോട്ടു വന്നിട്ട് വലിയ കാര്യം ഒന്നും ഇല്ലല്ലോ ..... " !!

' ഒന്ന് പോ സാറേ കോമെഡി പറയാതെ ' എന്നും മനസ്സിൽ പറഞ്ഞു , അല്ലേലും അങ്ങേരെക്കാൾ കമ്പനിയോടും പ്രോജെക്റ്റിനോടും ആത്മാർഥത കൂടുതൽ എനിക്കാണല്ലോ എന്നൊക്കെ ആശ്വസിച്ചു , അന്നത്തെ പണി തുടങ്ങി !!!

ആദ്യത്തെ ഒരു മണിക്കൂർ ഓഫീസ് എ.സി യിൽ ഇരുന്നപ്പോൾ തന്നെ , പതിവ് പോലെ , എന്റെ എല്ലാ തീരുമാനങ്ങളും പോലെ , ഇതും ഒരു മണ്ടത്തരം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അടുത്തിരുന്നവൻ ഇടയ്ക്കു എന്നോട് 'നിങ്ങൾ മേശയിൽ താളമടിക്കാതിരിക്കൂ, പ്ളീസ് ", എന്ന് പറഞ്ഞപ്പോൾ ആണ് , അത് പനിയുടെ ശക്തിയിൽ ബോഡി മൊത്തം നല്ലോണം വിറച്ചു തുടങ്ങിയത് പിടികിട്ടിയത്. അതിന്റെ കൂടെ , ലീവെടുക്കാതെ ഓഫീസിൽ എത്തിയതിനാൽ , ഒരു മയവുമില്ലാതെ ചറ പറ പറന്നു പണിയുമെത്തി.

അങ്ങനെ , ഒരു വിതം അമാന്തിച്ചു കുറെ പേരുള്ള ഒരു മീറ്റിംഗിൽ ഇരിക്കുമ്പോഴാണ് , പങ്ങെങ്ങോ പറഞ്ഞ പണി ചെയ്തു തീർത്തില്ലെന്നും പറഞ്ഞു ചൂടിളകി ഒരു ഡയറക്റ്റർ മുന്നിൽ പ്രത്യക്ഷപ്പെട്ടു ചാട്ടം തുടങ്ങിയത്. അതിന്റെ ടെൻഷനും , പണിയുടെ ടെൻഷനും , പനിയുടെ ടെൻഷനും കൂടി ഒന്നിച്ചായപ്പോൾ , ഞാൻ അവിടെ അന്തസായി തലകറങ്ങി വീഴുകയും , ഇനിയിപ്പോൾ വീണ സ്ഥിതിക്ക് തൽക്കാലം ഇന്ന് നിർത്താമെന്നും , ഇനിയിപ്പോൾ ഇവൻ നാളെയെങ്ങാനും പൊങ്ങിയാൽ , ബാക്കി മീറ്റിംഗ് നാളെത്തേക്ക് മാറ്റാമെന്നും പറഞ്ഞു , എല്ലാ കൂട്ടവും തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയി . അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ , ചീത്ത വിളിച്ചു പോയ ഡയറക്റ്റർ മാത്രം ഒന്ന് തലയെത്തി നോക്കി സ്നേഹത്തോടെ ചോദിച്ചു , " നിനക്ക് ജീവനുണ്ടല്ലോ , അല്ലെ ? , ഞാൻ ചൂടായതോണ്ട് കൊണ്ടൊന്നും അല്ലല്ലല്ലല്ലോ നീ വീണത് ? " !!!

ഏതായാലും വൈകിട്ടോടെ , ഇനിയിപ്പോൾ ഒരടിമുന്നോട് വയ്യെന്നും , എന്തായാലും കണ്ണും മൂക്കും നാക്കും ചെവിയും എല്ലാം പണിമുടക്കിയെന്നും മനസ്സിലായി , ഒരുവിധം വീട്ടിലെത്തി പിന്നെ അടുത്ത നാല് ദിവസം, മൂടിപ്പുതച്ചു ഒറ്റ കിടപ്പ് ... !

ഈ ആഴ്‌ച, ഇനിയിപ്പോൾ എടുക്കാനായി ലീവില്ലെന്നു പറഞ്ഞു, പകുതി പ്രവർത്തനക്ഷമതമായ ശരീരവും വെച്ച് , ഓഫീസിലെത്തിയ ഞാൻ ഒഴിഞ്ഞു കിടക്കുന്ന റൂം നോക്കി, അവിടെ ഇരുന്നവനോട് ചോദിച്ചു ... " ഇവിടൊന്നും ആരുമില്ലേ .... ?"

അപ്പോളവൻ എന്നോട് ....., "കഴിഞ്ഞ ആഴ്ച ഇവിടെ അതോ മഹാ പാപി പനിയും കൊണ്ട് വന്നു കയറി , ഇപ്പോൾ ഇവിടെയുള്ള എല്ലാരും വൈറൽ അടിച്ചു വീട്ടിൽ കിടപ്പാണ് !! ഞാൻ അന്ന് ലീവ് ആയതു കൊണ്ട് മാത്രം കഷ്ട്ടിച്ചു രക്ഷപ്പെട്ടു ".... !!

അങ്ങനെ , ആ ആളൊഴിഞ്ഞ ഓഫീസ് മുറിയിൽ , ആരും ശല്യപ്പെടുത്താനില്ലാതെ സമാധാനമായി ഇരുന്നു റസ്റ്റ് എടുക്കുമ്പോൾ ഞാൻ ആലോചിച്ചു .... 
 
" ആരായിരിക്കും ആ മഹാ പാപി ... ഇനി അവനാകുമോ എനിക്കും പനി തന്നത് .... " !!!

< എൻഡ് ഓഫ് പനി >

Monday, January 28, 2019

... മൂന്ന് പണ്ഡിതന്മാർ ...





ജീവിതത്തിൽ ഒരുപാട് പണ്ഡിതന്മാരെ കാണാൻ പറ്റിയിട്ടുണ്ടെങ്കിലും , എന്റെ മനസ്സിൽ നിന്നും മായാത്ത , മൂന്ന് പണ്ഡിതന്മാരെ കുറിച്ചാണ് ഈ കുറിപ്പ് ....


ചെറിയ പണ്ഡിതൻ 1 :: 
ATM മെഷീൻ മുന്നിലെ  ക്യുവിൽ എന്റെ മുൻപിൽ നിന്ന , ആ ഗ്ളാമർ മസ്സിൽ താരത്തെ ഞാൻ അസൂയയോടെ നോക്കി ദൈവത്തോട് പരിതപിച്ചു. നിനക്ക് എന്നെയും ഇത് പോലെയൊക്കെ ആക്കാമായിരുന്നു  !!! എന്താ ലുക്കാണ്. ആ ക്യുവിൽ നിൽക്കുന്ന പെൺപിള്ളേരൊക്കെ അവനെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടെങ്കിലും ; അവൻ ച്യുയിങ് ഗം ചവച്ചു, മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിൽ ആയിരുന്നു. ATM മെഷീനിൽ അവന്റെ ടേൺ എത്തിയപ്പോൾ , രണ്ടു പ്രാവശ്യം PIN തെറ്റായി അടിച്ച സൗണ്ട് കേട്ട് ; ആ ഗ്ളാമർ താരം  എന്നോട് തിരിഞ്ഞു നിന്ന് ചോദിച്ചു .....


" ചേട്ടാ ..... ഈ SBI മെഷീനിൽ നിന്നും കാശ് വരുന്ന നമ്പർ ഇപ്പോഴും 1823 തന്നെ അല്ലേ ? അതോ അവര് ആ നമ്പർ മാറ്റിയോ ? " !!!!!!!


അത് കേട്ടയുടനെ ഉണ്ടായ ഷോക്കിൽ നിന്നും മോചിതനായ ഞാൻ അവനോടു, ആ നമ്പർ മാറിക്കാണുമെന്നും , വീട്ടിൽ പോയി ഒന്ന് കൂടി PIN നോക്കി ഉറപ്പു വരുത്താനും പറഞ്ഞു ; എന്നിട്ടു ദൈവത്തോട് വീണ്ടും പറഞ്ഞു ...


" ഞാൻ നേരത്തെ പറഞ്ഞോതൊക്കെ മറന്നേക്കൂ കേട്ടോ !! എനിക്കിതു പോലെയൊക്കെ മതി . അറിയാതെ പോലും അവനെ പോലെയൊന്നും ആക്കരുതേ ... " !!!


മീഡിയം പണ്ഡിതൻ 2 :: 
ഒരു കടയിൽ കയറി , നാരങ്ങാ വെള്ളവും കപ്പലണ്ടി മുട്ടായും കഴിച്ചു , റോഡിലേക്ക് വായിനോക്കി നിൽക്കെ ആണ് , പെട്ടെന്ന് ഒരു ഉസ്താദ് കടയിലേക്ക് കയറി വന്നത്. അദ്ദേഹത്തെ കണ്ടതും കടക്കാരൻ ബഹുമാനത്തിൽ ചാടിയെഴുന്നേറ്റു ബഹുമാനത്തിൽ സംസാരിച്ചു. സൈഡിലിരിക്കുന്ന ഞങ്ങളെ ഉസ്താദ് 'നീയൊക്കെ ഇങ്ങനെ നടന്നോടാ ..' എന്ന ഭാവത്തിൽ നോക്കി. കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെയെന്നു ചോദിച്ച കടക്കാരനോട് ഉസ്താദ് ഒരു പുതിയ കുപ്പി ചൂണ്ടി , ഇതെന്താണ് എന്ന് ചോദിച്ചു .പുതിയ 'നോൺ ആൽക്കഹോൾ ബിയർ' ഡ്രിങ്ക് ആണെന്നും , ഇതിനു നല്ല ഡിമാൻഡ് ആണെന്നും , പറഞ്ഞ കടക്കാരനോട് , മൂന്ന് വട്ടം ഇതിൽ ആൽക്കഹോൾ ഇല്ല എന്ന് ഉറപ്പാണല്ലോയെന്നു ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം , ഒരു കവിള് കുടിച്ചു ഉസ്താദ് ... " അള്ളാ ... ഇതിനു ബിയറിന്റെ അതേ ടേസ്റ്റ് ആണല്ലോ .... " !!!!!!!!


അതേയെന്ന് പറഞ്ഞു , 'അല്ല ഉസ്താദിന് ബിയറിന്റെ ടേസ്റ്റ് ... ? !!" എന്ന് അറിയാതെ പറഞ്ഞ കടക്കാരനോട് ഉസ്താദ് ... " അത് ..... ഞാൻ .. പണ്ടെങ്ങോ എവിടെയോ വായിച്ചിട്ടുണ്ട് .." എന്നും പറഞ്ഞു, കടയിൽ നിന്നും സലാമും പറഞ്ഞു വേഗം ഇറങ്ങി പോയി .....


മഹാ പണ്ഡിതൻ 3 :: 
എപ്പോഴും കുടുംബ മാഹാത്മ്യം /പാരമ്പര്യം പറഞ്ഞു നടക്കുന്ന ഒരു കൂട്ടുകാരന്റെ വീട്ടിൽ ഒരു ഡിന്നർ. ഗൾഫിൽ നിന്നുമെത്തിയ അവന്റെ അമ്മായിയപ്പനും ഉണ്ട് അവിടെ . ചപ്പാത്തിയും ചിക്കനുമടിക്കുന്ന ഗ്യാപ്പിൽ എന്തെങ്കിലും ചോദിക്കണ്ടേയെന്നു കരുതി , അമ്മായിഅപ്പനോട് ....


" അങ്കിൾ പണ്ട് മുതലേ ഗൾഫിലാണോ ?"


സടകുഴഞ്ഞെഴുന്നേറ്റ സിംഹത്തെ പോലെ , അത് വരെ അടങ്ങിയിരുന്ന അങ്കിൾ ഉണർന്നു ... " അല്ല , ഞാൻ ആദ്യം ബോംബയിൽ ചെറിയ ബിസിനസ് , പിന്നെ വളർന്നു ഗൾഫ് ബിസിനസ്സ് സാമ്രാജ്യം ...."


ബോംബയിൽ ഒരു സ്ഥലവും  അറിയില്ലെങ്കിലും വെറുതെ അടുത്ത ചോദ്യം ... " ബോംബയിലെവിടെ ... ? "


അങ്കിൾ ഏതോ ഒരു സ്ഥലത്തിന്റെ പേരുപറഞ്ഞു , പിന്നെ അങ്ങോട്ട് ഒരു ആവശ്യവുമില്ലാതെ പറഞ്ഞു തുടങ്ങി


" ... ഈ റെഡ് സ്ട്രീറ്റ് എന്നൊക്കെ കേട്ടിട്ടുണ്ടോ , അതിന്റെ അടുത്തായി ആണ് സ്ഥലം . പണ്ട് വൈകിട്ട് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അതിലൂടെ നടക്കും. എന്നിട്ടു വഴിവക്കിൽ നിൽക്കുന്ന പെണ്ണുങ്ങളെ ഉപദേശിക്കും . ! നമുക്കറിയില്ലല്ലോ ആരാണ് എപ്പോഴാണ് എങ്ങനെയാണ് നന്നാവുകയെന്നു ... " !!"


വീണ്ടും ഞാൻ .. " ഓ ! അപ്പോൾ അത് പേരുപോലെ വീടുകൾ നിറഞ്ഞ ഒരു സ്ട്രീറ്റ് ആണോ ? !! "


അപ്പോഴേക്കും , നാഗവല്ലിയുടെ ആഭരങ്ങൾ എടുത്തു കാണിച്ചു സ്‌പ്ലൈൻ ചെയ്യുന്ന ഗംഗയുടെ ഭാവത്തിൽ , അങ്കിൾ കൺട്രോൾ വിട്ട് ....


" വീട് പോലെ പോലെയല്ല ... ഇങ്ങനെ നിര നിരയായുള്ള ചെറിയ ചെറിയ ചായിവുകൾക്ക് നിന്ന് പെണ്ണുങ്ങൾ  കസ്റ്റമേഴ്‌സിനെ തേടും . എന്നിട്ടു , ആവശ്യക്കാരെ ചെറിയ ഇടവഴികളിലൂടെ അകത്തേക്ക് കൊണ്ട് പോകും . ഈ ഇടവഴി എന്നൊക്കെ പറഞ്ഞാൽ , ഇതാ ഇത്ര വീതി കാണും . ! എന്നിട്ടു , ബെഡ് ഷീറ്റ് കൊണ്ടൊക്കെ കാർട്ടനൊക്കെ ഇട്ട, ചെറിയ ടെന്റുകൾ .. എന്നിട്ടു റൂമെന്നു പറഞ്ഞാൽ ഇത്രയും വീതിയെ കാണുകയുള്ളു ....  ! കഷിട്ടിച്ചു ഒരു ചെറിയ ബെഡ്ഡ് .. ബെഡിനു ഭയങ്കര കട്ടിയാണ് ! ഏതാണ്ട് കട്ടിയുള്ള ഏതോ സാധനം പൊലെ ....  കുറച്ചു നേരം ഇരുന്നാൽ വേദനിക്കും ........ " !!!


കാര്യങ്ങൾ കൈവിട്ടു പോകുന്നതു അറിഞ്ഞു , കൂട്ടുകാരൻ നകുലൻ 'ഗംഗേ ..' എന്നു ആഞ്ഞു  വിളിച്ചപ്പോൾ അലറി, അമ്മായിയപ്പനെ കഥയിൽ നിന്നും ഉണർത്തി  ..... " മാമാ ..... കോഴി ..... "


അമ്മായിയപ്പൻ , " ഏതു .. എന്ത് ...."


കൂട്ടുകാരൻ , "അല്ല മാമാ...ഒരു കോഴി കാലു എടുക്കട്ടേ ... "


ഇനിയിപ്പോൾ കൂടുതൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നു കരുതി , ഫുഡ് മതിയാക്കി ഇറങ്ങുമ്പോൾ , മുഖം ചമ്മിയിരുന്ന കൂട്ടുകാരനെ , ഞാൻ സമാധാനിപ്പിച്ചു ....


" ഡോണ്ട് വറി  അളിയാ .. ഇക്കാര്യം നമ്മുടെ കൂട്ടുകാരും , നാട്ടുകാരും അല്ലാതെ , മൂന്നാമതൊരാൾ അറിയില്ല ..... " !!!!!


< പണ്ഡിത്യപുരാണം എൻഡ്  >

Friday, January 25, 2019

ഒരു മുത്തശ്ശി കഥ :: ".... മുത്തശ്ശിയും, ചെറുമോനും ...."




ഒരിക്കൽ ഒരു മുത്തശ്ശിയും, ചെറുമോനും കൂടി കടൽ തീരത്തു നടക്കാൻ പോയി ....

പെട്ടെന്നു, ഒരു വലിയ തിരമാല വന്നു, ചെറു മകനെ കടലിലേക്ക് വലിച്ചു കൊണ്ട് പോയി . അതീവ സങ്കടത്തോടെയും നിരാശയുടെയും , മുത്തശ്ശി ആകാശത്തിലേക്ക് നോക്കി ഉറക്കെ നിലവിളിച്ചു കരഞ്ഞു ,


"ഓ എന്റെ ദൈവമേ, ഞാൻ എപ്പോഴും നിന്റെ വിശ്വസ്തയും നിന്നെ പ്രാർത്ഥിച്ചവളുമാണ്. എനിക്കുള്ളതെല്ലാം നീ എടുത്തു കൊള്ളൂ ... ദയവായി എന്റെ ചെറുമകനെ മാത്രം നീ എനിക്ക് തിരികെ തരിക ..... "


കരുണ തോന്നിയ ദൈവം , അതിനു ശേഷം മറ്റൊരു തിരമാലയിൽ ചെറുമകനെ തീരത്ത് സുരക്ഷിതമായി തിരിച്ചു എത്തിച്ചു .


അപ്പോൾ , മുത്തശ്ശി വീണ്ടും ആകാശത്തേക്കു നോക്കി ദൈവത്തോട് .... ,


"അവനിട്ടിരുന്ന ആ പുതിയ തൊപ്പി കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ......... " !


[ കുറ്റസമ്മതം :: പണ്ടെപ്പോഴോ എവിടെയോ വായിച്ച ഓർമയിൽ എഴുതിയത് ....]

Thursday, January 24, 2019

മിനിക്കഥ :: "... 'അതേ' സ്വഭാവം ..."


ഓഫീസിൽ എന്തോ ആലോചിച്ചിരിക്കുന്ന സുഹൃത്തിനോട് ചോദിച്ചു ,


" എന്താണ് മുഖത്തൊരു വിഷമം ?"


അയാൾ  :: " എന്റെ മോളുടെ സ്വഭാവത്തിന് എന്തോ കാര്യമായ പ്രോബ്ലം ഉണ്ട്  ?"


ഞാൻ :: " എന്ത് പറ്റി ഇപ്പോൾ ഇങ്ങനെ തോന്നാൻ "


അയാൾ  :: " അല്ല .. ഭാര്യ എപ്പോഴും പറയുമ്പോൾ ഞാൻ കാര്യം ആയി എടുത്തില്ല ; പക്ഷെ ഇതിപ്പോൾ എന്റെ അമ്മയും കൂടി പറഞ്ഞപ്പോൾ ..... " !!!


ഞാൻ :: " അവരെന്താണ് പറഞ്ഞത് ..."


അയാൾ  :: " അത് .... എന്റെ ഭാര്യ എപ്പോഴും പറയും 'മോൾക്ക് നിങ്ങളുടെ അമ്മേടെ 'അതേ' സ്വഭാവം ആണെന്ന് ..." !! ഇപ്പോൾ എന്റെ അമ്മ പറയുന്നു , " മോൾക്ക് അവളുടെ അമ്മേടെ 'അതേ' സ്വഭാവം ആണെന്ന് '...  അപ്പോൾ പിന്നെ .... " !!!!!


ഞാൻ :: " ഓ മൈ ഗോഡ് ... !!! അപ്പോൾ അത്രയും സീരിയസ് സ്വഭാവ പ്രശ്നമാണോ .." !


< ദി എൻഡ് >