Thursday, February 21, 2019

.... ഒരു പനി കഥ ...


ഇവിടെ നടക്കുന്ന 'വൈറൽ ഫ്ലൂ' സീസൺ ആഘോഷത്തിന്റെ ഭാഗമായി , കഴിഞ്ഞ ഞായറാഴ്ച വൈകിട്ടായപ്പോഴേക്കും , എനിക്ക് ചെറിയ ശരീര വേദനയും, വിറയലും, പനിയും...


അപ്പോഴേ ഭാര്യ മര്യാദയ്ക്ക് പറഞ്ഞു , ഇനിയിപ്പോൾ ഒരാഴ്‌ച വീട്ടിൽ അടങ്ങി ഒതുങ്ങി പുതച്ചു കിടന്നോളു. ഇനിയിപ്പോൾ നിങ്ങളായി ആചാരങ്ങൾ തെറ്റിക്കേണ്ട.

പക്ഷെ , കമ്പനിയോടുള്ള സ്നേഹവും , പ്രോജെക്ടിലെ ആത്മാർത്ഥതയും മാനേജറോടുള്ള കൂറും വെച്ച് ഞാൻ പറഞ്ഞു ,

" അല്ല ... ഞാൻ പോയില്ലേൽ ശരിയാവില്ല.. എല്ലായിടത്തും എന്റെ കണ്ണ് തന്നെ എത്തണം എന്ന് വെച്ചാൽ എന്താ ചെയ്യുക. അല്ലെങ്കിലും , ഇനിയിപ്പോൾ ഞാൻ അല്ലാതെ വേറെ ആരുണ്ട് കമ്പനിയിൽ എനിക്കൊരു പകരക്കാരൻ ആവാൻ ... ഇല്ല , ഞാൻ എത്ര കഷ്ട്ടപ്പെട്ടായാലും പോകും ..... " !!!

അടുത്ത ദിവസം , വളഞ്ഞു ഒടിഞ്ഞു കമ്പനിയിലേക്ക് രോഗിയായി കയറിയ എന്നെ കണ്ടതും , ആദ്യം മാനേജർ തന്നെ ചീത്ത വിളിച്ചു ....

" എടേ ... നിനക്കൊന്നും വേറെ പണിയില്ലേ !! ഞങ്ങൾക്കും കൂടെ പനി തരാനായി മിനക്കെട്ടു വരണോ ... അല്ലേലും ഇപ്പോൾ ഇങ്ങോട്ടു വന്നിട്ട് വലിയ കാര്യം ഒന്നും ഇല്ലല്ലോ ..... " !!

' ഒന്ന് പോ സാറേ കോമെഡി പറയാതെ ' എന്നും മനസ്സിൽ പറഞ്ഞു , അല്ലേലും അങ്ങേരെക്കാൾ കമ്പനിയോടും പ്രോജെക്റ്റിനോടും ആത്മാർഥത കൂടുതൽ എനിക്കാണല്ലോ എന്നൊക്കെ ആശ്വസിച്ചു , അന്നത്തെ പണി തുടങ്ങി !!!

ആദ്യത്തെ ഒരു മണിക്കൂർ ഓഫീസ് എ.സി യിൽ ഇരുന്നപ്പോൾ തന്നെ , പതിവ് പോലെ , എന്റെ എല്ലാ തീരുമാനങ്ങളും പോലെ , ഇതും ഒരു മണ്ടത്തരം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അടുത്തിരുന്നവൻ ഇടയ്ക്കു എന്നോട് 'നിങ്ങൾ മേശയിൽ താളമടിക്കാതിരിക്കൂ, പ്ളീസ് ", എന്ന് പറഞ്ഞപ്പോൾ ആണ് , അത് പനിയുടെ ശക്തിയിൽ ബോഡി മൊത്തം നല്ലോണം വിറച്ചു തുടങ്ങിയത് പിടികിട്ടിയത്. അതിന്റെ കൂടെ , ലീവെടുക്കാതെ ഓഫീസിൽ എത്തിയതിനാൽ , ഒരു മയവുമില്ലാതെ ചറ പറ പറന്നു പണിയുമെത്തി.

അങ്ങനെ , ഒരു വിതം അമാന്തിച്ചു കുറെ പേരുള്ള ഒരു മീറ്റിംഗിൽ ഇരിക്കുമ്പോഴാണ് , പങ്ങെങ്ങോ പറഞ്ഞ പണി ചെയ്തു തീർത്തില്ലെന്നും പറഞ്ഞു ചൂടിളകി ഒരു ഡയറക്റ്റർ മുന്നിൽ പ്രത്യക്ഷപ്പെട്ടു ചാട്ടം തുടങ്ങിയത്. അതിന്റെ ടെൻഷനും , പണിയുടെ ടെൻഷനും , പനിയുടെ ടെൻഷനും കൂടി ഒന്നിച്ചായപ്പോൾ , ഞാൻ അവിടെ അന്തസായി തലകറങ്ങി വീഴുകയും , ഇനിയിപ്പോൾ വീണ സ്ഥിതിക്ക് തൽക്കാലം ഇന്ന് നിർത്താമെന്നും , ഇനിയിപ്പോൾ ഇവൻ നാളെയെങ്ങാനും പൊങ്ങിയാൽ , ബാക്കി മീറ്റിംഗ് നാളെത്തേക്ക് മാറ്റാമെന്നും പറഞ്ഞു , എല്ലാ കൂട്ടവും തിരിഞ്ഞു നോക്കാതെ പിരിഞ്ഞു പോയി . അഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ , ചീത്ത വിളിച്ചു പോയ ഡയറക്റ്റർ മാത്രം ഒന്ന് തലയെത്തി നോക്കി സ്നേഹത്തോടെ ചോദിച്ചു , " നിനക്ക് ജീവനുണ്ടല്ലോ , അല്ലെ ? , ഞാൻ ചൂടായതോണ്ട് കൊണ്ടൊന്നും അല്ലല്ലല്ലല്ലോ നീ വീണത് ? " !!!

ഏതായാലും വൈകിട്ടോടെ , ഇനിയിപ്പോൾ ഒരടിമുന്നോട് വയ്യെന്നും , എന്തായാലും കണ്ണും മൂക്കും നാക്കും ചെവിയും എല്ലാം പണിമുടക്കിയെന്നും മനസ്സിലായി , ഒരുവിധം വീട്ടിലെത്തി പിന്നെ അടുത്ത നാല് ദിവസം, മൂടിപ്പുതച്ചു ഒറ്റ കിടപ്പ് ... !

ഈ ആഴ്‌ച, ഇനിയിപ്പോൾ എടുക്കാനായി ലീവില്ലെന്നു പറഞ്ഞു, പകുതി പ്രവർത്തനക്ഷമതമായ ശരീരവും വെച്ച് , ഓഫീസിലെത്തിയ ഞാൻ ഒഴിഞ്ഞു കിടക്കുന്ന റൂം നോക്കി, അവിടെ ഇരുന്നവനോട് ചോദിച്ചു ... " ഇവിടൊന്നും ആരുമില്ലേ .... ?"

അപ്പോളവൻ എന്നോട് ....., "കഴിഞ്ഞ ആഴ്ച ഇവിടെ അതോ മഹാ പാപി പനിയും കൊണ്ട് വന്നു കയറി , ഇപ്പോൾ ഇവിടെയുള്ള എല്ലാരും വൈറൽ അടിച്ചു വീട്ടിൽ കിടപ്പാണ് !! ഞാൻ അന്ന് ലീവ് ആയതു കൊണ്ട് മാത്രം കഷ്ട്ടിച്ചു രക്ഷപ്പെട്ടു ".... !!

അങ്ങനെ , ആ ആളൊഴിഞ്ഞ ഓഫീസ് മുറിയിൽ , ആരും ശല്യപ്പെടുത്താനില്ലാതെ സമാധാനമായി ഇരുന്നു റസ്റ്റ് എടുക്കുമ്പോൾ ഞാൻ ആലോചിച്ചു .... 
 
" ആരായിരിക്കും ആ മഹാ പാപി ... ഇനി അവനാകുമോ എനിക്കും പനി തന്നത് .... " !!!

< എൻഡ് ഓഫ് പനി >

5 comments:

  1. പനിക്കഥ കൊള്ളാം..ഓഫീസിൽ ഇത് ഒരു പ്രശ്നം തന്നെയാണ്.. ആശംസകൾ

    ReplyDelete
  2. pani nammal thanne koduthathanenna thonnunnath

    ReplyDelete
  3. പനി പിടിച്ചു പണി കിട്ടിയാലും ചിരി വരുമെന്ന് മനസ്സിലായി...

    ReplyDelete
  4. പനി തന്ന പണിയുടെ കഥ കൊള്ളാം ;-)

    ReplyDelete
  5. പനിക്കും പണിയാൻ അറിയാം ..ല്ലേ

    ReplyDelete