Monday, November 30, 2015

വാർത്ത / അന്വേഷണം / സത്യം ( ചെറു കഥ )



"നമ്മൾ വായിക്കുന്ന ഓരോ വാർത്തയുടെ പിന്നിലും , നമ്മൾ കാണാത്ത , കാണാൻ ശ്രമിക്കാത്ത , ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട് ....... "


വഴക്കുപക്ഷി മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ പുതിയ കഥ വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അപേക്ഷിച്ച് കൊണ്ട് ,


കഥയുടെ ലിങ്ക് :::


 http://vazhakkupakshi.blogspot.com/2015/11/blog-post_28.html


സ്നേഹത്തോടെ ,
ഷഹീം ആയികാർ. 

Friday, November 13, 2015

... ഒരു "ക" യുടെയും ; "കു" വിന്റെയും ഇടി കഥൈ ...


തമിഴ്നാട്ടിലെ ഒരു ബസ്‌ സ്റ്റാൻഡിൽ , ആ രാത്രിയിൽ , കന്യാകുമാരിയിലേക്ക് പോകുന്ന അവസാന ബസ്സും കാത്തു, അടുത്തുള്ള കടയിൽ ബോഞ്ചി വെള്ളമടിച്ചു നിൽക്കുമ്പോഴാണ്  , ഞങ്ങളുടെ കൂട്ടത്തിലെ ആകെ അൽപ്പം തമിഴ് പറയാനും വായിക്കാനും അറിയാം എന്ന് അവകാശപ്പെടുന്ന , ആന്തപ്പൻ സ്റ്റാൻഡിൽ നിന്നും പുറത്തേക്കു പോകുന്ന ഒരു ബസ്സിന്റെ നെയിം ബോർഡ് വായിച്ചു ഉറക്കെ നിലവിളിച്ചത്....


" അളിയന്മാരെ , ഇതാ കന്യാകുമാരി ലാസ്റ്റ് ബസ്‌ വിട്ടു ; ഓടി  കയറിക്കോ , ഇല്ലേൽ എല്ലാ പ്ലാനും കൊളമാകും "


കേട്ട പാതി , കേൾക്കാത്ത പാതി , കന്യാകുമാരിയിലെ സൂര്യോദയം കാണാൻ മുട്ടി നിന്ന ഞങ്ങൾ നാലഞ്ചു തമിഴ് നിരക്ഷർ , ഓടി ചാടി ബസ്സിൽ കയറി.  ഒഴിഞ്ഞ സീറ്റുകളിൽ ഇരുന്ന ഞങ്ങളെ നോക്കി , തലൈവർ അന്തപ്പൻ ജാടയിൽ അമ്പത് രൂപയുടെ നോട്ടെടുത്ത് , കണ്ടക്റ്റർ അണ്ണന്റെ പോക്കറ്റിൽ തിരുകി വെച്ച്  തമിഴിൽ വൻ ക്ലാസ് ഡയലോഗും വിട്ടു ....


" അണ്ണാ , നാങ്കൾ ലാസ്റ്റ് സ്റ്റോപ്പ്‌ താൻ ... ഇത് അണ്ണൻ വെച്ചുക്കോ , ടിക്കറ്റ്‌ ഒന്നും വേണ്ടാ ! "


മൊത്തം ടിക്കറ്റ്‌ കാശിൽ 30 രൂപാ ലാഭിച്ച  സന്തോഷത്തിൽ ഞങ്ങളും ,ലാസ്റ്റ് ട്രിപ്പിൽ അമ്പതു രൂപ കിട്ടിയ സന്തോഷത്തിൽ കണ്ടക്റ്റർ അണ്ണനും ഹാപ്പി ! അങ്ങനെ എല്ലാരും ഹാപ്പി ആയി യാത്ര തുടരവേ തലൈവർ അന്തപ്പൻ ഞങ്ങളോട് മൊഴിഞ്ഞു... " ഒന്ന് ഒന്നര മണിക്കൂർ യാത്ര ഉണ്ട് ; സാദ ബസ്‌ ആണ് , നിർത്തി നിർത്തിയെ പോകു ... അത് കൊണ്ട് മക്കളെല്ലാരും നല്ലോണം റസ്റ്റ്‌ എടുത്തോ.. ഞാൻ തമിഴിൽ അണ്ണന്മാരോട് കുറച്ചു കാര്യങ്ങൾ തിരക്കട്ടെ ...  "


മണിക്കൂറുകൾ ഒന്നും രണ്ടും മൂന്നും ഇഴഞ്ഞു  , ആ  ബസ്‌ ആളൊഴിഞ്ഞു  ഞങ്ങളും ഡ്രൈവറും കണ്ടക്ട്ടരും , പിന്നെ മറ്റു രണ്ടു പേരും , ഒരു ആടും ,  മാത്രമായിട്ടും ; ഡ്രൈവറുടെ അടുത്ത് തമിഴിൽ സിനിമയും രാഷ്ട്രിയവും  പറഞ്ഞു ചിരിച്ചിരിക്കുന്ന അന്തപ്പൻ ഞങ്ങളെ ഇടയ്ക്കിടെ നോക്കി കണ്ണടച്ച് 'ഇപ്പൊ എത്തും അളിയാ " എന്ന ആക്ഷൻ കാണിച്ചു  കൊണ്ടിരുന്നു



ഒടുവിലൊരു പട്ടികാടിലെ , ടാറു പോലും ഇല്ലാത്ത റോട്ടിലൂടെ പോയി , ഒരു വളവിൽ നിർത്തി , ഡ്രൈവർ അവസാന യാത്രക്കാരായ ഞങ്ങളോട് പറഞ്ഞു ;


" ഇടം ആയാച്ചു ; ഇതാൻ ലാസ്റ്റ് സ്റ്റോപ്പ്‌ ! "


ആളും വെളിച്ചവും ഇല്ലാത്ത , ആ കന്യാകുമാരി ജങ്ക്ഷൻ കണ്ടു അന്തം വിട്ടിരുന്ന ഞങ്ങൾ , അറിയാവുന്ന ശുദ്ധ മലയാളത്തിൽ ഡ്രൈവറോട് ചോദിച്ചു ,


" ഇതാണോ ചേട്ടാ ഈ കന്യാകുമാരി ? !!! "



" കന്യാ കുമാരിവാ... ഇത് വന്ത് , തിരുനെൽവേലി പക്കം കളിയെകുളം എന്ട്ര ഊര്രു .. നീങ്ക ലാസ്റ്റ് സ്റ്റോപ്പ്‌ താനേ കേട്ടത് ! കന്യാകുമാരി എന്റര് സോല്ലവേ ഇല്ലയെ.... " എന്ന് ഡ്രൈവർ അണ്ണൻ .



ആ രാത്രിയിൽ , അന്ത ഒരു ഊരിൽ , അടുത്ത നാൾ ഞങ്ങൾ , അത്ര പ്രശസ്തമല്ലാത്ത കളിയെകുളം സൂര്യോദയം കാണും വരെ , ഞങ്ങളുടെ ഇടി കൊണ്ട് തലൈവർ അന്തപ്പൻ മലയാളത്തിൽ നിലവിളിക്കുന്നതിനിടയിലും , അവൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....


" എന്റെ പൊന്നു അളിയന്മാരെ ; എന്നെ ഒന്ന് മനസ്സിലാക്ക് ; എനിക്ക് ആകെ തമിഴിൽ 'ക' യും 'കു' വും മാത്രമേ നല്ലോണം വായിക്കാൻ അറിയൂ.... ഇതിലും ആദ്യമൊരു 'ക' , മൂന്നാമതൊരു 'കു ' ! ; ഇതും ലാസ്റ്റ് സ്റ്റോപ്പ്‌ ! അതാണ്‌  ഇവിടെ പ്രശ്നം ആയതു ".... !!!!!







Tuesday, November 3, 2015

I.T Conference Room- മീറ്റിങ്ങ് നോട്ട്സ്



സമയം 11.05 am, മീറ്റിങ്ങ് തുടങ്ങാനുള്ള സമയവും കഴിഞ്ഞു അഞ്ചു മിനിറ്റ് ആയി ! എല്ലാവരും അവിടെ മീറ്റിങ്ങ് പ്രെസെന്റെർ ആയ എന്നെയും കാത്തിരിപ്പാണ്. ഞാൻ പതിവ് പോലെ മൊബൈൽ ഫോണും സൈലെന്റിൽ ആക്കി മേശപ്പുറത്തു  വെച്ച് , ഡെല്ലിന്റെ ഓഫീസ് ഹാർമോണിയം പെട്ടിയും കയ്യിലേന്തി  മീറ്റിംഗ് റൂമിലേക്ക്‌ കുതിച്ചു. അഞ്ചു മിനിട്ട് നേരം  താമസിച്ചതിനു അവിടെ ഉണ്ടായിരുന്ന മൂന്നാലുപെരോട് സ്ഥിരം രീതിയിൽ ക്ഷമാപണവും നടത്തി , ഹാർമോണിയം പെട്ടി പ്രോജെച്ട്ടരിൽ ഘടിപ്പിച്ചു ഞാൻ നേരത്തെ മനസ്സിൽ പ്രി -റെക്കോർഡ്‌ ചെയ്തു വെച്ച പ്രൊജക്റ്റ്‌ ഡെമോ എന്ന കഥാ പ്രസംഗം തുടങ്ങി.


അവിടെയിരുന്ന ആരെയും നേരത്തെ കണ്ടു പരിചയം ഇല്ല. അല്ലേലും ഓഫീസിൽ ഇന്ന് കണ്ടവനെ തന്നെ നമുക്ക് നാളെയും കാണുമെന്നു ഉറപ്പില്ലല്ലോ! Client, Vendor ,  Partner, Offshore, Onsite, എന്നൊക്കെയുള്ള ജാതി പേരുകളിലാണ്    അവർ അറിയപ്പെടുന്നതെങ്കിലും , ഞാൻ അവരെ നാല് ഇന്ത്യക്കാർ എന്ന് മാത്രമാണ് കണ്ടിരുന്നത്‌ ( അതാണ്‌ , എന്റെ ദേശീയ ബോധം ! ).  സ്ലൈഡ് ഷോ തുടങ്ങും മുൻപേ തന്നെ മീറ്റിങ്ങ് തീരുമ്പോൾ അവസാനം ചോദിക്കാനുള്ള ഏതോ ഒരു ചോദ്യം ഉള്ളിലൊതുക്കി വീർപ്പു മുട്ടി  ,കണ്ണാടി ഇട്ടിരുന്ന കഷണ്ടിക്കാരൻ ബംഗാളിയെ ഞാൻ ആദ്യമേ നോട്ട് ചെയ്തിരുന്നു. ഉള്ളിലുള്ള ചോദ്യത്തിന്റെ വെമ്പൽ കൊണ്ടുണ്ടായ അവന്റെ ഉള്ളിലെ ആത്മ സങ്കർഷം നിമിത്തമാണോ എന്നറിയില്ല ,  അവൻ മാത്രം ആ മീറ്റിംഗ് തീരും വരെ ഉറങ്ങാതെ ഇരുന്നത് എനിക്കന്നൊരുഅത്ബുധം ആയിരുന്നു! ഞാൻ പ്രതീക്ഷിച്ച പോലെ, മീറ്റിങ്ങിന്റെ അവസാനം അവൻ ഞാൻ പറഞ്ഞതിനോടൊന്നും ബന്ധമില്ലാത്ത എന്തോ ഒന്ന് ചോദിച്ചു സായൂജ്യം അടയുകയും , ഞാൻ ആ ചോദ്യത്തിനു യാതൊരു ബന്ധവുമില്ലാത്ത മറുപടി പറഞ്ഞു കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.



അങ്ങനെ ഓഫീസിലെ രാവിലത്തെ  പ്രധാന ചടങ്ങുകൾ കഴിഞ്ഞെന്ന ആശ്വാസത്തിൽ, മേശയിൽ നിന്നും ഫോണും എടുത്തു കുത്തി കൊണ്ട്  കാന്റിനിലേക്ക് ഉച്ചയൂണ് കഴിക്കാനായി നടന്നു നീങ്ങവെയാണ് നേരത്തെ വന്ന ആ ഇമെയിൽ ഞാൻ  ശ്രദ്ധിച്ചത്. I.T Conference Room - ഇൽ  അന്ന് രാവിലെ മുതൽ വൈകിട്ട് വരെ കമ്പനിയിലെ വേറെ അതി പ്രധാനമായ മറ്റൊരു മീറ്റിംഗ് നടക്കുന്നതിനാൽ ഞാൻ എടുക്കേണ്ട പ്രൊജക്റ്റ്‌ ഡെമോ ക്യാൻസൽ ചെയ്തു പോലും !!!

അപ്പോൾ , അവിടെയിരുന്നത് ആരായിരുന്നു ?


നോട്ട് പാഡിൽ അവർ എഴുതി എടുത്തതൊക്കെ എന്തെന്ന് കരുതിയായിരുന്നു?


ആ മീറ്റിങ്ങ് തീരും വരെ 'അതല്ല ഇതെന്ന്' ആരും തിരിച്ചറിയാത്തത് എന്ത് കൊണ്ട് !


ഉത്തരമില്ലാത്ത ഒരുപിടി ചോദ്യങ്ങൾ കൊണ്ട് ഒരു നിമിഷം എന്റെ ഉള്ളൊന്നു കിടുങ്ങി. എങ്കിലും , ഒരു നല്ല IT -ക്കാരൻ തന്റെ കഴിഞ്ഞു പോയ സമയത്തെ കുറിച്ചോ, സംഭവിച്ചു പോയ മണ്ടത്തരത്തെ കുറിച്ചോ ഓർത്തു ഇനി വരാനുള്ള വിലപ്പെട്ട billable സമയം  പാഴാക്കരുതെന്ന കമ്പനി ആപ്ത വാക്യം മനസ്സിലോർത്തു ഞാൻ വീണ്ടും അടുത്ത മീറ്റിങ്ങ് റൂമിലേക്ക്‌ ഹാർമോണിയം പെട്ടിയുമായി യാത്ര തിരിച്ചു , ഇന്നും തീരാത്ത നീണ്ട യാത്ര......


ഒരു ഐ.ടി ചൊല്ല് : "ഭയം എല്ലാവർക്കുമുണ്ട്. പക്ഷേ, ഭയമില്ലാത്തതുപോലെ അഭിനയിക്കുന്നവരാണ്  IT മാനേജർമാർ ."


[ ഒരു IT മാനേജറുടെ ഭാവിയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള  "എന്റെ ഐ.ടി കാല മണ്ടത്തരങ്ങൾ " എന്ന ആത്മ കഥയിൽ നിന്നും ഇവിടെ നിങ്ങൾക്കായി 'Copy & Paste ' ചെയ്തത് ]





[ Note :: അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]