Friday, July 29, 2016

...കപ്പിനും ചുണ്ടിനും ഇടയിൽ വഴുതി പോയ ചില വിജയങ്ങൾ ...( ആത്മകഥ )പണ്ട് SSLC പരീക്ഷയുടെ റിസൾട്ട് വന്ന ദിവസം , വെറും 300 മാർക്കിന്റെ വത്യാസത്തിൽ , എനിക്ക് ഒന്നാം റാങ്ക് നഷ്ട്ടപ്പെട്ട വേദനയും ഞെട്ടലും ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല !


അപ്പോഴാണ് , ഇന്ന് ഫോബ്‌സ് മാഗസിൻ, ലോകത്തിലെ വലിയ പണക്കാരുടെ പട്ടിക പുറത്തു വിട്ടു , വീണ്ടും എന്റെ ആ പാവം മനസ്സിനെ കുത്തിനോവിച്ചതു !!!


ആദ്യത്തെ 100 പണക്കാരുടെ പേരുള്ള ലിസ്റ്റിൽ , എന്റെ ഭവ്യത ഒന്ന് കൊണ്ട് മാത്രം , നൂറിൽ നിന്നും താഴേക്കു ഒന്നിലേക്കാണ്, ഞാൻ പയ്യെ പയ്യെ നോക്കിയത് , ആദ്യത്തെ തൊണ്ണൂറു കഴിഞ്ഞു കാണാതായപ്പോൾ , ഞെഞ്ചിടിപ്പിന്റെ വേഗം കൂടി , ശെടാ , ആദ്യ പത്തിൽ തന്നെ ഞാൻ ഇടം പിടിച്ചോ ! നാളെയിനി മനോരമക്കാരൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ഞാൻ എന്തൊക്കെ പറയും , പണ്ട് കഷ്ട്ടപ്പെട്ടതും , ഹോട്ടലിൽ പോയി ഇറച്ചി കറി വാങ്ങാൻ കാശ് തികയാതെ ആയപ്പോൾ , സാമ്പാർ ഒഴിച്ച് പൊറോട്ട തിന്നതും , ഒക്കെ പറയണോ ! ബാംഗ്ലൂരിൽ ജോലി തിരക്കി അലഞ്ഞു തിരിഞ്ഞു നടന്നതൊക്കെയൊന്ന് പൊലിപ്പിച്ചു പറയണം. ജീവിതത്തിൽ എന്തേലും ഒരു സംഭവം കൊണ്ടാണ് ലക്ഷ്യബോധം വന്നതെന്നും ഒക്കെയൊന്നു പറയണം. ശെടാ , അവസാനത്തെ അഞ്ചു പേരെ ഇനിയുള്ളു !! ഇപ്പോൾ ശരിക്കും ടെൻഷൻ ആയി !!! നിങ്ങളോടു സത്യം പറയാലോ , ഇത്രയും വലിയ വിജയം ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ! എന്തായാലും , കണ്ണടച്ച് ഞാൻ ഓരോ പേരായി മേൽപ്പോട്ടു വായിച്ചു .....


•#5 Jeff Bezos $45.2 B.
•#4 Carlos Slim Helu $50 B.
•#3 Warren Buffett $60.8 B.
•#2 Amancio Ortega $67 B.
•#1 Bill Gates $75 B.


എന്ത് .... ഇക്കൊല്ലവും ഞാൻ ലിസ്റ്റിൽ ഇല്ലെന്നോ ! ഇനി ബിബിസി ക്കു തെറ്റിയതാണോ എന്നറിയാൻ ഫോബ്‌സിന്റെ വെബ് സൈറ്റിൽ പോയി തന്നെ ശരിക്കും നോക്കി !! അങ്ങനെ ഇക്കൊല്ലവും , $75 ബില്യണ് ഏതാനും നിസാരമായ കാശിന്റെ കുറവ് കൊണ്ട് എനിക്ക് വീണ്ടും ഒന്നാം സ്ഥാനം നഷ്ടമായി !!!


ഡെസ്പ്പ് അടിച്ചു, അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫോണിൽ കൂട്ടുകാരന്റെ കാൾ ... " അളിയാ , എനിക്ക് തരാനുള്ള പത്തു ഡോളർ ഇന്ന് എടുക്കാൻ കാണുമോ ? " ;


"എന്തുവാടെ ഇത് , ഒന്നാം തിയതി ശമ്പളം കിട്ടിയിട്ട് തരാമെടെ... നീയിങ്ങനെ എല്ലാ മാസവസാനവും വിളിച്ചു ചോദിക്കണ്ട... " എന്നും പറഞ്ഞു അവനെ പതിവ് പോലെ സമാധാനിപ്പിച്ചു , ഞാൻ വീണ്ടും ഫോബ്‌സിന്റെ വെബ്സൈറ്റ് റിഫ്രഷ് ചെയ്തു , ഒന്ന് കൂടി നൂറിൽ നിന്നും മുകളിലോട്ടു നോക്കി തുടങ്ങി , ഇനിയിപ്പോൾ അവർക്കു ആദ്യം തെറ്റിയതും ആവാലോ !!!


< ശുഭം , ഇനിയിപ്പോൾ 2017 ഇലെ ലിസ്റ്റ് കാത്തിരിക്കാം >

Friday, July 15, 2016

...ഭീകരൻസ് ഡെയിലി സ്റ്റാറ്റസ് മീറ്റിംഗ്...IT പ്രൊഫെഷണൽ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഭീകര താവളം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ, അവിടൊരു മലയാളിയെങ്കിലും ഉണ്ടെങ്കിൽ ,അവിടത്തെ  Team സ്റ്റാറ്റസ് മീറ്റിംഗ്  ഇങ്ങനെയാകാൻ ആണ് സാധ്യത  ,


:: 9 am to 10 am ഡെയിലി സ്റ്റാറ്റസ് മീറ്റിംഗ് ::


ഭീകരൻ PM :: "ഇതെന്തോന്ന് ലീഡ് , സമയം ഉച്ച ആവാറായി ! എവിടെ നമ്മുടെ ഭീകര റിസോർസുകൾ ! ഒന്നിനെയും കാണുന്നില്ലല്ലോ ? വർക് ടൈം 8 to 6 ആണെന്നറിയില്ലേ ?"


ഭീകരൻ ലീഡ്:: " എല്ലാത്തിനും ഇന്നലെയും കൂടി മെയിൽ അയച്ചതാണ്. പക്ഷെ , എന്തു ചെയ്യാൻ !! നമുക്ക് പറയാനല്ലേ പറ്റൂ , ചാകാൻ റെഡി ആയി വന്നവൻ മാരെ , ഇനി നമുക്ക് കൊല്ലുമെന്ന് പറഞ്ഞു പോലും പേടിപ്പിക്കാൻ പറ്റില്ലല്ലോ !!! "


ഭീകരൻ PM :: "ശരി , ശരി ... അവന്മാര് വരട്ടെ , ഇന്നത്തെ ആളുകളുടെ സ്റ്റാറ്റസ് പറ  "


ഭീകരൻ ലീഡ്:: " ഇന്നിപ്പോ ജീവനോടെയുള്ള ഭീകരര് 2 , ഇന്നലെ തീർന്നത് 4, നമുക്ക് തീർക്കാൻ പറ്റിയത് ആകെ 0 "


ഭീകരൻ PM :: " എന്തു !!! നീയൊക്കെ എന്റെ ജോലി കളയും !!! 6 പേര് പോയി, 4 പേരു  പടമായിട്ടു , ആകെ തട്ടിയത് പൂജ്യമോ !!!  ഇതാണോ നമ്മുടെ പ്രൊഡക്ടിവിറ്റി ? കഷ്ട്ടം തന്നെ ! എത്രയായിരുന്നു ടാർഗറ്റ് ? "


ഭീകരൻ ലീഡ്:: " അതു ... എസ്റ്റിമേറ്റ് 50. നമ്മുടെ ആളുകൾ കൊണ്ടു പോയ ബോംബ് പൊട്ടിയില്ല , പ്രൊഡക്ഷൻ ഇഷ്യു ! ഞാൻ ഇന്ന് കാര്യം അന്വേഷിച്ചു ... ടെസ്റ്റിംഗ് ടീമ് പറയുന്നത് പൊട്ടിക്കുന്നത് ഒഴിച്ചു ബാക്കിയെല്ലാം ലാബിൽ വർക്ക് ചെയ്തതാണ് എന്നു ! ഡെവലപ്പർ പറയുന്നത് B.A പറഞ്ഞതെല്ലാം  ചെയ്‌തെന്നാണ് , റിക്വയർമെന്റിൽ എറിഞ്ഞാൽ പൊട്ടണമെന്നു പ്രത്യേകം പറഞ്ഞിട്ടില്ല എന്നാണ് Dev  മാനേജർ പറയുന്നത് !!!  "


ഭീകരൻ PM :: " അപ്പൊ പിന്നെ , ബാക്ക് ആപ്പ് ആയി ലവന്മാര് തോക്കു കൊണ്ടു പോയത് തിന്നാനാണോ ? "


ഭീകരൻ ലീഡ്:: " അതു ... അതു ... പ്രോസസ്സ് പ്രകാരം  അവര് തോക്കെടുത്തെങ്കിലും , ആവശ്യം വരില്ലെന്ന് വിചാരിച്ചു ഉണ്ട എടുത്തില്ല  ! "ഭീകരൻ PM :: " രക്ഷപ്പെട്ട രണ്ടെണ്ണം ! അവര് മിടുക്കരാണോ ? "


ഭീകരൻ ലീഡ്:: " അതൊലൊന്നു പുതിയതായി വന്ന ആന്ധ്രക്കാരൻ , ആള് ഫെയിക്ക് ആണെന്ന് തോന്നുന്നു , 10 ബോംബിട്ടു 100 പേരെക്കൊന്നു എന്നൊക്കെ റെസ്യുമിൽ ഉണ്ടായിട്ടും , അവനെന്നോട് ഇന്നലെ രാവിലെ , ഇവിടെയുള്ള ബോംബ് കണ്ടു ചോദിക്കയാണ് , ഇതു ബോണ്ടയാണോ ചേട്ടാ , ഞാൻ ഒരെണ്ണം കഴിച്ചോട്ടെയെന്നു !! , ഞാൻ കരഞ്ഞു പോയി , പിന്നെ ഉടനെ ചാകാൻ പോകയല്ലേ എന്നോർത്തു ഞാൻ ഒന്നും പറഞ്ഞില്ല "


ഭീകരൻ PM::" മറ്റേവനോ ? "


ഭീകരൻ ലീഡ്:: " അതു പുതിയതായി വന്ന ഒരു മലയാളി ആണ് ... മുടിഞ്ഞ ജാഡയാണ് സാറേ ! അവനോടു ബെൽട് ബോംബിടാൻ ഞാൻ പറഞ്ഞപ്പോൾ അവൻ പറയാണ്‌ , ഞാൻ ആദ്യ അതിട്ടു പൊട്ടിച്ചു കാണിച്ചു തന്നാൽ അവൻ പിന്നെ എപ്പോഴെക്കും സൗകര്യം പോലെ ഇട്ടു നോക്കിക്കൊള്ളാം എന്നു !! എങ്ങനെ അവന്മാര് രണ്ടും ജീവനോടെ തിരിച്ചെത്തിയെന്നതാണ് എനിക്കു ഇപ്പോഴും പിടികിട്ടാത്തതു ! "


ഭീകരൻ PM ::" ശെരി , ശെരി , എന്തായാലും എല്ലാരോടും അക്രമം നടത്തുമ്പോൾ നമ്മുടെ ഡ്രെസ്സ് കോഡ് ആയ , താടിയും തൊപ്പിയും , സ്ട്രിക്ട് ആയി ഫോളോ ചെയ്യാൻ പറയണം . അല്ലേൽ , നമുക്ക് ഒട്ടും മീഡിയ കവറേജ് കിട്ടില്ല ... "


ഈ സമയം , മീറ്റിംഗ് റൂമിലേക്ക്‌ തോക്കുമായി വിജയത്തിന്റെ ജാഡയിൽ കടന്നു വന്ന മലയാളി , പുറകെ വാളുമായി നടന്നു വരുന്ന ആന്ധ്രക്കാരനോട് പറഞ്ഞു ,


"ഓർമ്മയുണ്ടല്ലോ ഞാൻ പറഞ്ഞത് , നമ്മൾ ഇന്നലെ മുങ്ങിയെന്ന സത്യം ഒരുതരത്തിലും അവരറിയരുത് ... മാത്രമല്ല , ഇനി നമ്മൾ സാലറി കൂട്ടിത്തരാതെ അടുത്ത അക്രമത്തിനു പോകില്ലായെന്നും തറപ്പിച്ചു പറയണം...  ഞാൻ സംസാരിക്കാം , നീ കൂടെ സപ്പോർട് ചെയ്താൽ മതി... എനിക്കു ചെറിയൊരു പ്രൊമോഷൻ , നിനക്കൊരു സിറിയൻ ഓൺ സൈറ്റ് ട്രിപ്പ് ... അത്രയും ഞാൻ ഏറ്റു ! .. പിന്നെ , ചിലവുണ്ട് .... സിറിയയിലൊക്കെ പോയി , സായിപ്പന്മാരുടെ വെടിയേറ്റോക്കെ തീർന്നു , ചത്തു വലിയ ആളാകുമ്പോൾ നമ്മളെയൊന്നും മറക്കരുത് കേട്ടാ .... "


< എല്ലാം ശുഭം >

Tuesday, July 12, 2016

... വൺസ് അപ്പോൺ എ ടൈം ഇൻ എ ചായക്കട - ലവ് സ്റ്റോറി ...


Semester 1 :


" ... അവൾ ആരാണെന്നാണ് അവളുടെ വിചാരം ! ഇത്രയും ജാഡ പാടില്ല. നമുക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം ... "


തന്റെ കയ്യിലിരുന്ന പഴംപൊരിയുടെ ബാക്കിയുള്ള ആ വലിയ കഷ്ണം മൊത്തത്തിൽ  വായിലാക്കി ചവച്ചു , ആരോടൊക്കെയോ ഉള്ള ദേഷ്യം ആ പഴം പൊരിയോട് തീർത്തു , കിരൺ പിറുപിറുത്തു, താടി ചൊറിഞ്ഞോണ്ട് , അടുത്തിരുന്ന വരുണിനെ നോക്കി പറഞ്ഞു നിർത്തി...


വരുൺ കിരണിനോട് അതി ദയനീയമായി മൊഴിഞ്ഞു , " അളിയാ , നീ സംയമനം പാലിക്കണം , എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും... ഇതിപ്പോ നീ ദേഷ്യത്തിൽ തീർത്തത് 3 പഴംപൊരി , 2 ചായ , 1 വട ! കൺട്രോൾ അളിയാ , കൺട്രോൾ ... ദുഃഖം നിന്റെയാണെങ്കിലും , പോണത് എന്റെ കാശല്ലേ .... "


അത്രയും നേരം എല്ലാം ശ്രദ്ധിച്ചു മിണ്ടാതെ അടുത്തിരുന്ന SFI വിദ്യാർത്ഥി നേതാവ് സുദീപും കയ്യിലിരുന്ന പരിപ്പ് വട ഒരു കടി കടിച്ചു കൊണ്ടു വരുണിനോട് ചൂടായി ,


" Mr. വരുൺ , നീയൊരു ബൂർഷായെ പോലെ സംസാരിക്കുന്നു... ചങ്കു തകർന്നവന്റെ മനസ്സിന്റെ വേദന നീ കാണാതെ, അവൻ കഴിച്ചതിന്റെ കണക്കു നീ പറഞ്ഞത് വളരെ ചീപ്പ് ആയി പോയി "കുറെ നേരം ആയി , കയ്യിലെ ബോണ്ട കറക്കി കറക്കി  ,കിരണിന്റെ  പ്രശ്നത്തിന് ഒരു സൊല്യൂഷൻ ആലോചിച്ചിരുന്ന , ബാലു ഇടയ്ക്കു എല്ലാരോടും കൂടി പറഞ്ഞു ,


"  ഒന്നു നിർത്തു ... എടാ കിരൺ , നീ പറ , എന്തു പണിയാണ് കൊടുക്കേണ്ടത് ? എന്തായാലും നിന്റെ കൂടെ ഞങ്ങൾ ഉണ്ട് "


കിരൺ ആലോചിച്ചു പറഞ്ഞു , " കോളേജിൽ അവൾക്കൊരു ഇരട്ട പേരിടണം ... എല്ലാരേയും കൊണ്ടു ആ പേര് വിളിപ്പിക്കണം .. എന്നിട്ടു ഭൂലോക സുന്ദരിയാണ് അവളെന്ന  ജാഡ മാറ്റി കൊടുക്കണം ... അത്രയും മതി അളിയാ "


"നമുക്കെന്നാ ചാള മേരിയെന്നു ഇട്ടാലോ ? അല്ലേൽ , ശൂർപ്പണഖ , നെത്തോലി ,  തെങ്ങു , പിണ്ണാക്ക് ... അങ്ങനെ എന്തേലും ... ? ".. തന്റെ വിപ്ലവ ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വന്ന ആ കൊച്ചു ആശയം സുദീപ് ലോക്കൽ കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഗൗരവത്തിൽ തന്നെ അവതരിപ്പിച്ചു .


" അപർണ്ണ സുന്ദരിയാണ് , പാവം കുട്ടിയും ... ആകെ ചെയ്തെന്നു കിരൺ ആരോപിക്കുന്ന കുറ്റം , കഴിഞ്ഞ 5 മാസമായി ആയി ഇവൻ എപ്പോഴും പിറകെ നടന്നിട്ടും , അവൾ ഇന്ന് വരെ ഇവനെയൊന്നും നോക്കിയിട്ടു പോലുമില്ല എന്നതാണ് . എങ്കിൽ , ഇവനൊഴികെ മറ്റെല്ലാവരോടും മിണ്ടുകയും ചെയ്യും... അതു കൊണ്ടു ആ കുട്ടിക്ക് ചേരുന്ന നല്ല പേരുകൾ മാത്രമേ നമ്മൾ പരിഗണിക്കാവൂ...  " .. വരുൺ പക്വതയോടെ ഒരു ആങ്ങളയുടെ ഉൾക്കരുതലോടെ പറഞ്ഞു നിർത്തി.ബോണ്ട കറക്കി കൊണ്ടു ബാലു ആ പരമാർശം ശരിവെച്ചു ... " അതു ശരിയാണ് .. അതൊരു നല്ല കുട്ടിയാണ് , നമ്മുടെ ശോഭനയെ ഒക്കെ പോലെ സുന്ദരിയും ..."


"  ഒന്ന് പോടാ ..... ഒരു ശോഭന ,  അവൾ നാഗവല്ലിയാണ് . നാഗവല്ലി "... പറഞ്ഞു നിർത്തിയതും കിരൺ എന്തോ കണ്ടുപിടിച്ച പോലെ ചാടി എഴുന്നേറ്റു നിലവിളിച്ചു .... " യുറേക്ക , യുറേക്ക ... നാഗവല്ലി , അതു തന്നെ അവൾക്കു പറ്റിയ പേര്...  ഇനി അവളെ അതും പറഞ്ഞു കാണുമ്പോഴൊക്കെ ചൊറിഞ്ഞു  ചൊറിഞ്ഞു കുരു പൊട്ടിച്ചാൽ മതി .. അഹങ്കാരി "ബാലു പെട്ടെന്ന് കയ്യിലിരുന്ന ബോണ്ട അറിയാതെ താഴെയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു , " എടാ പതുക്കെ , അവൾക്കു നൂറു ആയുസാണ് , ഇതാ അവളും കൂട്ടുകാരിയും ഇതു വഴി വരുന്നുണ്ട് ... "


എന്തിന്റെയൊക്കെയോ ആവേശത്തിൽ , പെട്ടെന്ന് ഒന്നും ചിന്തിക്കാതെ , അവളുടെ അടുത്തു ഓടിച്ചെന്നു , കിരൺ കൈകൊണ്ടു തടഞ്ഞു നിർത്തി പൊട്ടിത്തെറിച്ചു ....


" എടി , നീ ആരാന്നാടി നിന്റെ വിചാരം ... നിനക്കൊരു വിചാരം ഉണ്ട് നീ വല്യ ഭൂലോക സുന്ദരിയാണെന്ന് ... നീ വെറും നാഗവല്ലിയാടി, നാഗവല്ലി ... എത്ര നാൾ ആയി ഞാൻ നിന്റെ പിറകിലുണ്ടെന്നറിയോ , എന്നിട്ടു ഒരു നോട്ടം , ഒരു വാക്കു , ഒരു ചിരി ... എത്ര എത്ര സോപ്പുകൾ , പൗഡർ , സ്പ്രേ നിനക്കു വേണ്ടി ഞാൻ ഉപയോഗിച്ചു പാഴാക്കി എന്നറിയോ , നാഗവല്ലി... "


അപ്രതീക്ഷിതമായ ആ സിറ്റുവേഷനിൽ , കിരണിന്റെ കൈ തട്ടി നീക്കി , അപർണ്ണയും ഉറക്കെ കരഞ്ഞു പ്രതികരിച്ചു ... " ഇതിനാണോ വിഷ്ണുവേട്ടാ ഞാൻ കാത്തിരുന്നത് , ഇങ്ങനെയാണോ എന്നോട് ആദ്യം മിണ്ടേണ്ടത് .... ഇനി എനിക്കു കാണണ്ട പൊയ്ക്കോ ... " , എന്നും പറഞ്ഞു അവൾ ഓടി പോയി .


കിരണിനെ പിടിച്ചു മാറ്റാനായി ഓടിയടുത്തെത്തിയ വരുണും സുദീപും ബാലുവും പരസ്പരം ഒന്നും മനസ്സിലാവാതെ നോക്കി ,


" വിഷ്ണുവേട്ടാ !!! കാത്തിരുന്നത് !!! മിണ്ടേണ്ടത് !!!! പൊയ്ക്കോ !!! "... " സുദീപേ , അളിയാ , എന്തുവാടെ ഇതൊക്കെ ... ", വരുൺ വീണ്ടും വീണ്ടും ആലോചിച്ചു തല ചൊറിഞ്ഞു ....!

ബോണ്ട പോയ വിഷമം മുഖത്തു കാണാമെങ്കിലും , ബാലുവിന്റെ ഉള്ളിലെ ജെയിംസ് ബോണ്ട് ഉണർന്നു . നേരെ ഫോണെടുത്തു അപർണ്ണയുടെ ഹോസ്റ്റലിലെ തന്റെ രഹസ്യ ഏജന്റ് ശാലിനിയോട് മെസ്സേജ് കൈമാറി ...


"എത്രയും പെട്ടെന്ന് 'വിഷ്ണു', ' കാത്തിരുന്നത്' ,  കോഡുകൾ ഡീകോഡ് ചെയ്യണം , ആരാണ് എന്താണ് എപ്പോഴാണ്" ... ട്രാഫിക് സിനിമയിൽ ജോസ് പ്രകാശ് പറയും പോലെ ബാലു പറഞ്ഞു നിർത്തി .... 'ശാലു , ഈ കോഡ് എത്രയും പെട്ടെന്ന് ചൂടാറും മുൻപ് ഡീകോഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല , പക്ഷെ , നമുക്കതു സാധിച്ചാൽ ! അതൊരു രണ്ടു ജീവിതങ്ങളുടെ ജാതകം തിരുത്താൻ മാത്രം ശക്തിയുള്ള വലിയൊരു സംഭവമായിരിക്കും ... യൂ ഹാവ് ഒൺലി 30 മിനുട്സ് ... ഹറി അപ് " ,


കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു ബോണ്ടി ശാലു കട്ടിലിൽ നിന്നെഴുന്നെറ്റു ഓടി .... അപർണ്ണയുടെ ബുക്കുകൾ , ഡയറി , കൂട്ടുകാരികൾ , സഹ മുറിയത്തികൾ , അങ്ങനെയെല്ലാരുമായും കൂടി കാഴ്ച നടത്തി , 29 മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും , കിരൺ തന്റെ ആറാമത്തെ പഴം പൊരിയിൽ ടെൻഷനോടെ മൂന്നാമത്തെ കടിക്കടിക്കുമ്പോളേക്കും , ബാലുവിന്റെ ഫോണിൽ ബോണ്ടിയുടെ റിപ്പോർട്ട് എത്തി ....


" വിഷ്ണു എന്നത് അപർണ്ണയുടെ ഇഷ്ട്ട ദൈവം ... വിഷ്ണുവേട്ടൻ എന്നത് അപർണ്ണയുടെ സങ്കൽപ്പത്തിലെ സ്വപ്നത്തിലെ ഭാവി വരന്റെ പേര് .... അവൾ കൂട്ടുകാരികളോട് തനിക്കു തന്റെ വിഷ്ണുവേട്ടനെ കിട്ടിയെന്നു പറഞ്ഞിരുന്നെങ്കിലും , അതാരാണ് എന്നവർക്കറിയില്ല ... "


ബോണ്ടി റിപ്പോർട്ട് മുഴുവിക്കും മുൻപ് , ബാലു ഫോൺ കട്ടു ചെയ്തു , കിരണിനെ ചേർത്തു പിടിച്ചു പറഞ്ഞു ... " അളിയാ , നിനക്കിനിയും ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... നിന്റെ സോപ്പുകൾ , പൗഡർ സ്പ്രേകൾ , ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... ഓട് അളിയാ , നീ ഓട് .... അവൾ നിന്നോട് ക്ഷമിക്കാതിരിക്കില്ല .... "


Semester 2 :


ചായക്കടയുടെ മുൻപിലൂടെ, അവിടെയിരിക്കുന്ന വരുണിനെയും ബാലുവിനെയും സുദീപിനെയും മൈൻഡ് ചെയ്യാതെ ,  നടന്നു പോകുന്ന , നെറ്റിയിൽ കുറിയുള്ള , ക്ലീൻ ഷേവ് മുഖമുള്ള , ലാസ്യ ഭാവമുള്ള , വിഷ്ണുവേട്ടനെയും  അവന്റെ കൂടെ തല താഴ്ത്തി നടന്നു പോകുന്ന കാമുകി അപ്പുവിനെയും നോക്കി , വരുൺ ആ പ്രശസ്ത ഇരട്ട പേര് ഉറക്കെ വിളിച്ചു അവരെ ചൊറിഞ്ഞു .....


" .... ധോം ധോം ധോം .... രാമനാഥോ .... മനോഹരോ ...... "


അവരെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു, അപ്പുവിന്റെ സ്വന്തം വിഷ്ണുവേട്ടൻ , തന്റെ അപ്പു കാണാതെ ശബ്ദമുണ്ടാക്കാതെ ചുണ്ടനക്കി ,


".... രാമനാഥൻ നിന്റെ അച്ഛൻ.... "


< ശുഭം >