ഇ-മഷി ഓണ്ലൈൻ മാഗസിൻ 2016 പുതുവത്സര പതിപ്പിൽ പ്രസിദ്ധീകരിച്ച , പുതിയ കഥയുടെ ലിങ്ക് ....
http://emashi.in/jan-2016/oru-
...ഒരു കോളേജ് യുണിയൻ ഡേ...
കോളേജ് ഗേറ്റും കഴിഞ്ഞു യുണിയൻ ഡേ ആഘോഷം നടക്കുന്ന വേദിയിലേക്ക് പെണ്കുട്ടികൾ നടന്നു പോകുന്ന ആ വഴിയിൽ ,കോളേജു കാന്റിനിന്റെ മതിലിനു മുകളിൽ കയറിയിരുന്നു , അതിലൂടെ പോകുന്ന അവരെ നോക്കി , അവരോടു ഉറക്കെ കുശലം ചോദിച്ചും പറഞ്ഞും , പതിവ് പോലെ വളരെ ജോലി തിരക്കിൽ ഇരിക്കുകയായിരുന്നു ,എന്നും ഈ സമൂഹം 'അലവലാതികൾ' എന്ന് ഓമന പേരിട്ടു വിളിക്കാറുള്ള, 'വായിനോക്കികൾ 'എന്ന് സുന്ദരിമാർ പൊതുവെ വിശേഷിപ്പിക്കാറുള്ള , ഞങ്ങൾ സൌന്ദര്യ ആരാധകർ / ആസ്വാദകർ / വിമർശകർ / പണ്ഡിതർ .
പെട്ടെന്നാണ് എങ്ങുനിന്നോ ഓടി കിതച്ചു എത്തിയ, BA സെക്കന്റ് ഇയർ കിച്ചു ആ ചൂടുള്ള വാർത്ത ഞങ്ങളുടെ ചെവിയിൽ എത്തിച്ചത്... "മൂന്നാം നിലയിലെ ,അങ്ങ് മൂലയ്ക്കുള്ള ഒറ്റപ്പെട്ട ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സിൽ , ആരും ഇല്ലാത്ത ഈ നേരത്ത് , ഓരോ അറ്റത്തെ ബെഞ്ചിലായി, മൂന്നു യുവ മിധുനങ്ങൾ കുറെ മണിക്കൂറായി മുട്ടൻ പഞ്ചാരയടി നടത്തുന്നു " !
ഇത്രയും ഞങ്ങളോട് വിങ്ങിയ ശബ്ധത്തിൽ പറഞ്ഞു തീര്ക്കുംപോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.
ആ കോളേജു വർഷം മുഴുവൻ, ഫസ്റ്റ് ഇയർ സുവോളജി പെണ് പിള്ളേരെ വായി നോക്കാനുള്ള അനുമതി , ഞങ്ങളുടെ വായിനോട്ട ഏരിയ റേഞ്ച് വിളിയിൽ , സുവോളജി ജാതി പരമായ അടിസ്ഥാനത്തിൽ കടുത്ത മത്സരത്തോടെ കൈക്കലാക്കിയ , ഫൈനൽ ഇയർ സുവോളജി സുഗുണൻ , ഈ ഞെട്ടിക്കുന്ന വാർത്ത കേട്ട് മതിലിൽ നിന്നും ചാടിയിറങ്ങി , അവിശ്വസനീയതയോടെ ആരോടും ഒന്നും മിണ്ടാനാകാതെ തലയിൽ കൈ വെച്ചു സ്തംഭിച്ചു നിന്നു.
വായിനോട്ട ഗാങ്ങിന്റെ രക്ഷാധികാരിയും , അക്കൊല്ലത്തെ പ്രസിഡന്റുമായ , BCom ഫൈനൽ ഇയർ കട്ടച്ചിറ ബാബു സമചിത്തതയോടെ എല്ലാരെയും സമാധാനിപ്പിച്ചു. നമ്മൾ തളന്നു നിൽക്കേണ്ട നേരമില്ല ഇതെന്നും , ഈ പ്രതിസന്ധി ഘട്ടത്തിൽ അവര് അവിടെ നിന്നും മുങ്ങും മുൻപ് ചെന്ന് കയ്യോടെ പൊക്കി , അവിടെ ഒരു വലിയ സീൻ ഉണ്ടാക്കി അവരെ വെറുപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള പ്രസിഡന്റിന്റെ വാക്കുകൾ ഞങ്ങൾ അണികൾ 'ജയ് ഹിന്ദ് ' വിളിച്ചു പാസ്സാക്കി.
അടിയന്തര യോഗ തീരുമാനപ്രകാരം , വൈസ് പ്രസിഡന്റ് കെമിസ്ട്രി സെക്കന്റ് ഇയർ കുരുട്ടു ബുദ്ധി കബീർ , ആ പ്രശ്ന ബാധിത ക്ലാസ്സിൽ ചെന്ന്, നമ്മൾ അവരോടു ചെയ്യാൻ ഉദ്ദേശിക്കുന്ന അലമ്പിന്റെ രൂപ രേഖയുണ്ടാക്കാൻ തുടങ്ങി.
ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ദൈവ വിശ്വാസിയായ, കോളേജു ഔട്ട് സൈഡാർ സുബ്രു , ആ പയ്യന്മാർ അവരുടെ ആങ്ങളമായിരിക്കണേ ദൈവമേ എന്നും , അഥവാ അല്ലെങ്കിൽ , അവിടെ അവിഹിതമായതൊന്നും സംഭാവിക്കാതിരുന്നാൽ അമ്പലിൽ 101 രൂപാ നേർച്ച ഇടാമെന്നും കണ്ണടച്ച് പ്രാർഥിച്ചു കൊണ്ടിരുന്നു.
ഒടുവിൽ , ചില തിരുത്തലുകളോടെ കമ്മിറ്റി അംഗീകരിച്ച കബീറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെയായിരുന്നു :
- ക്ലാസിന്റെ പാതി ചാരിയിട്ട വാതിൽ ചവിട്ടി തുറന്നു , നമ്മൾ ആ ക്ലാസ് മുറിയിൽ ചെന്ന് കയറുന്നു .
- ഇവിടെ എന്താണ് കുറെ നേരമായി പരിപാടിയെന്നും , ഇതി കോളേജിൽ നടക്കില്ലെന്നും , ഓഫീസിൽ നമ്മൾ അറിയിക്കുമെന്നും , ഒന്നിനെയും വെറുതെ വിടില്ലെന്നും പറഞ്ഞു , ഡെമോ കാണിക്കുന്നു.
- അവര് കരഞ്ഞു കാലുപിടിക്കുംപോൾ , പയ്യന്മാരെ വിരട്ടി പറഞ്ഞു വിട്ടു , കരയുന്ന പെണ് കുട്ടികളെ സ്നേഹത്തോടെ ഉപദേശിച്ചു നമ്മൾ അവരെ ഫ്രണ്ട്സു ആക്കുന്നു
എല്ലാരും അവരവരുടെ ഭാഗം ഡയലോഗുകളും , പറയാനുള്ള ടൈമിങ്ങും ഒക്കെ വേഗം പ്രക്ടിസു ചെയ്തു , ഒരു നാടകം അവതരിപ്പിക്കുന്ന ഗൌവരത്തോടെ, മൂന്നാം നിലയിലെ വാതിൽ തള്ളി തുറന്നു മാസ്റ്റർ പ്ലാൻ ചെയ്തു തുടങ്ങി
പയ്യന്മാരെ നല്ലോണം വിരട്ടി ക്ലാസ്സിന്റെ ഇടതു വശത്തും , കരയുന്ന പെണ് കുട്ടികളെ വലതു വശത്തും നിർത്തി, സാമൂഹ്യ സദാചാര ഭാരതീയ സംസ്കാര മൂല്യങ്ങളെ പറ്റി വാചാലരായി കൊണ്ടിരുന്ന ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് , ഞങ്ങളുടെ സ്ക്രിപ്ടിലില്ലാതെ, ആ ക്ലാസിന്റെ വാതിൽ വീണ്ടും ആരോ ചവിട്ടി തുറന്നു.....
ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ , കോളേജു പ്രിൻസിപ്പൽ , ഒരു കൂട്ടം അദ്ധ്യാപകർ , പിന്നെ കാഴ്ച കാണാൻ ഒരു വലിയ കൂട്ടം പിള്ളേർ !
അന്ന് വൈകിട്ട് കോളേജു നൊട്ടീസു ബോർഡിൽ പ്രത്യക്ഷ പെട്ട ഒരു പ്രധാന കോളേജു അറിയിപ്പ് ....
"" ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സ് മുറിയിൽ വെച്ചു , ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തു കൊണ്ടിരുന്ന സിനിയർ
വിദ്യാർഥികൾ പതിനഞ്ചു ദിവസത്തേക്ക് സസ്പെൻഷനിൽ ""
ആ സമയം, B.A സെക്കന്റ് ഇയർ കിച്ചു ഈ ചൂടുള്ള സസ്പെൻഷൻ വാർത്ത മറ്റുള്ളവരുടെ ചെവിയിൽ എത്തിക്കാൻ ഓടി കിതച്ചു നടക്കുന്നുണ്ടായിരുന്നു.