Monday, March 7, 2016

... സത്യവും കള്ളവും - ഗുരു ശിഷ്യ സംവാദം ( പുരാണ കഥ ) ...



[ ഈ കഥ ഇ-മഷി മാഗസിനിൽ വായിക്കാൻ ഉള്ള ലിങ്ക് ::   http://emashi.in/mar-2016/story-shaheem.html ]


പണ്ട് പണ്ട് പണ്ട്.... അന്നത്തെ മിഥുലാ പുരി എന്നൊരു രാജ്യത്ത്  , മഹാ പണ്ഡിതനായ മഹർഷി മുനി സെബസ്റ്റിയൻ ഗുരുക്കളുടെ ' മേരി മാതാ ഗുരുകുലം ആശ്രമം '  ( ഇന്നത്തെ തമ്പാനൂര് ബസ് സ്റ്റാന്റ് നിൽക്കുന്ന സ്ഥലത്തായി ) സ്ഥിതി ചെയ്തിരുന്നു.


ഒരു ദിവസം ഉച്ചയ്ക്ക് , മഹർഷി ക്ലാസ്സിൽ ' സത്യം ശിവം സുന്ദരം '   എന്ന വിഷയത്തിൽ , " നമ്മൾ എന്തൊക്കെ സംഭവിച്ചാലും സത്യം മാത്രമേ പറയാവു " എന്ന് പഠിപ്പിച്ചു നിർത്തി ക്ലാസ്സിൽ നിന്നും തിരികെ പോകാൻ ഒരുങ്ങവെയാണ് , ഏറ്റവും പിറകിലെ നിരയിൽ കുത്തിയിരുന്നിരുന്ന , പോത്തൻകോട് രാജകുടുംബത്തിലെ ഇളയ തമ്പുരാൻ സബീർ കുമാരൻ എഴുന്നേറ്റു സംശയം ചോദിച്ചത് ,


" അതേ ഗുരുവേ  , നമ്മൾ കള്ളം പറയാതെ നോക്കിയാൽ പോരെ . ഈ സത്യം തന്നെ എപ്പോഴും എവിടെയും പറയണം എന്ന് ഇത്ര നിർബന്ധം ഉണ്ടോ ? "


അസ്ഥാനത്തുള്ള ആ അലമ്പ് ചോദ്യം സെബസ്റ്റിയൻ ഗുരുവിനു അത്ര പിടിച്ചില്ല എങ്കിലും , അന്നത്തെ ന്യൂ ജെനറേഷൻ പയ്യനും , സർവ്വോപരി രാജകുമാരനുമായ , സബീർ കുമാരനോട് ഗുരു സാധാരണയിലും മയത്തിൽ ഇങ്ങനെ മൊഴിഞ്ഞു ,


" അങ്ങ് കൂടുതൽ അങ്ങട്ട് ഉണ്ടാക്കണ്ട , നോം പറയുന്നത് അങ്ങോട്ട്‌ തിരു കാതിൽ ഉൾക്കൊണ്ടാൽ മതി .എപ്പോഴും സത്യം പറഞ്ഞെന്നു വെച്ച് ആർക്കും ഒരു ദോഷവും ഉണ്ടാകില്ല "


കുമാരനും കലുപ്പനും ക്ഷുദ്ര കോപിയും ആയ സബീർ , തിരു കണ്ണ് ചുവന്നു , തിരു പല്ല് കടിച്ചു , തിരു മുഷ്ട്ടി ചുരുട്ടി , ഗുരുവിനോട് തട്ടിക്കയറി ,


" ചുമ്മാതല്ല നാട്ടുകാര് മുഴുവൻ പറയുന്നത് , 'ആ മഹർഷി മുനി സെബസ്റ്റിയൻ ഗുരുക്കളുടെ അടുത്താണോ നീ പഠിക്കുന്നത് , അങ്ങേർക്കു മുഴുത്ത വട്ടാണെന്ന്' !!! "


ഇത് കേട്ട് സ്തംഭനാസസ്തനായ സെബസ്റ്റിയൻ ഗുരു , സബീർ കുമാരൻ  ഇനി ആശ്രമത്തിൽ കയറണം എങ്കിൽ , കൊട്ടാരത്തിൽ നിന്നും അച്ഛൻ രാജാവിനെ വിളിച്ചോണ്ട് വന്നിട്ട് മതി , എന്ന് പറഞ്ഞതും ; സബീർ കുമാരൻ തന്റെ
തിരു ന്യായം പറച്ചിൽ തുടർന്നു,


" കണ്ടോ ഗുരു . എപ്പോഴും ഞങ്ങൾ സത്യം മാത്രം പറയണം എന്ന് പറയുന്ന മഹാ പണ്ഡിതനായ അങ്ങേക്ക് പോലും , നാട്ടുകാര് അങ്ങയെ പറ്റി പറയുന്ന ഒരു കാര്യം ഞാൻ ഇവിടെ സത്യസന്തമായി പറഞ്ഞപ്പോൾ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ , അത്ര പണ്ഡിതന്മാരല്ലാത്ത ഈ സമൂഹത്തിൽ , ഞങ്ങളെങ്ങനെ സത്യം മാത്രം വിളിച്ചു പറഞ്ഞു നല്ലോണം ജീവിക്കും ? അത് കൊണ്ട് , ഈ സമൂഹം സത്യം മാത്രം പറയാൻ തക്കം വൃത്തിയാവുന്നതു വരെയോ , അല്ലെങ്കിൽ സമൂഹത്തിനു അപ്രിയ സത്യങ്ങൾ കേൾക്കാനുള്ള പ്രാപ്തി വരുന്നത് വരെയോ , നമ്മൾ പറ്റുന്നത്ര  കള്ളം പറയാതെ നോക്കിയാൽ തന്നെ ധാരാളം എന്നാണു എന്റെ ഒരു അഭിപ്രായം " 


'സബീർ മോൻ ക്ലാസ്സിലോട്ടു തിരിച്ചു കയറിയിരിക്കു' എന്നും പറഞ്ഞു , തന്റെ കണ്ണുകൾ തുടച്ച സെബസ്റ്റിയൻ ഗുരു, ഇനിയെന്ത് പറയണമെന്നറിയാതെ, വീണ്ടും രണ്ടാമത് സ്തംഭനാസസ്തനായി !


< ശുഭം >