Tuesday, December 22, 2015

... ചില തെറ്റിദ്ധാരണകൾ ...


അന്നത്തെ ദിവസം എല്ലാവരും ഹോസ്റ്റൽ മുറികളിൽ ഇരുന്നു മരണ പഠിത്തമാണ്, കാരണം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നാലാം സെമെസ്റ്റെർ  അവസാന പരീക്ഷ തുടങ്ങും. കടുത്ത നിരീശ്വര വാദി പോലും "ഞാൻ പാതി , ദൈവം പാതി " എന്ന വിശ്വാസത്തിൽ നല്ലോണം പ്രാർത്ഥിച്ചു ഇരുന്നു പഠിച്ചു പോകുന്ന ആ സാഹചര്യത്തിലാണ് , യാതൊരു ടെൻഷനും ഇല്ലാതെ, "എല്ലാം ദൈവം തന്നെ " എന്ന ഭാവത്തിൽ ഹോസ്റ്റൽ TV റൂമിലിരുന്നു സിനിമ കാണുന്ന, വിനയനെ ഞാൻ ശ്രദ്ധിച്ചത് !


'വിനയ് പ്രകാശ്‌' എന്നാണു ഈ താരത്തിന്റെ മുഴുവൻ പേര് . അവന്റെ പേരിൽ അടങ്ങിയ വിനയവും പ്രകാശവും കുറച്ചൊക്കെ അവന്റെ സ്വഭാവത്തിൽ ഉണ്ടെന്നു വേണമെങ്കിൽ എനിക്ക് നിങ്ങളോട് കുറച്ചു 'പൊക്കി ' പറയാമെങ്കിലും , പരീക്ഷ ബോർഡ് അവനോടു ഒരിക്കൽപോലും യാതൊരു വിനയം കാണിക്കുകയോ ,  കോളേജു പരീക്ഷാ ഫലങ്ങൾ അവനു  അത്ര പ്രതീക്ഷയുളവാക്കുന്നതോ ആയിരുന്നില്ല എന്നതാണ് നഗ്ന സത്യം! പരീക്ഷാ ദിവസം ഒന്നും പഠിക്കാതെ നിനക്കെന്താണ് TV റൂമിൽ കാര്യം എന്ന് അന്വേഷിക്കാനായി അടുത്ത ചെന്ന ആത്മാർത്ഥ സുഹൃത്തായ എന്നെ കണ്ടതും , വിനയ് കട്ട കലുപ്പിൽ തന്നെ പരീക്ഷ തീരും വരെ അവനോടു ഒന്നും മിണ്ടി പോകരുത്  എന്നു തറപ്പിച്ചു പറഞ്ഞു !!!

വിനയന്റെ ഈ പുതിയ ഭാവം ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്തത് ആണ് . പതിവായി ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും ടെൻഷൻ പാർട്ടിയാണ് ഇവൻ . പരീക്ഷയുള്ള ദിവസം ആണെങ്കിൽ അവന്റെ ടെൻഷൻ പറയുകയും വേണ്ട . സാധാരണ പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ കൊടുത്താലും വിനയൻ ഹാളിൽ കയറില്ല . പരീക്ഷ തുടങ്ങാൻ ബെല്ലടിച്ചാൽ , പുറത്തിരുന്നു കുറച്ചു നേരം കൂടി ഇരുന്നു പഠിച്ചു, യൂണിവേർസിറ്റി നിയമം അനുശാസിക്കുന്ന അവസാന മിനുട്ട് മാത്രമേ അവൻ ഹാളിൽ കയറു . പിന്നീട് പത്തിരുപതു മിനുട്ട് കണ്ണടച്ച്, എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചു  , ബാക്കിയുള്ള സമയം അറിയാവുന്ന ഉത്തരം കൂടി ടെൻഷനിൽ തെറ്റിച്ചു , പരീക്ഷ തോൽക്കുകയാണ് അവന്റെ  സ്ഥിരമുള്ള ഒരു രീതി !


പരീക്ഷാ കാലങ്ങളിൽ ഒട്ടും പതിവില്ലാത്ത വിനയന്റെ അന്നത്തെ ആ ചിരിച്ച മുഖവും TV കാണലും ഒക്കെ എന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ നല്കി  ! ഇവന് ഇനി ചോദ്യ പേപ്പർ വല്ലതും ചോർന്നു കിട്ടിയോ , അതോ , ടെൻഷൻ അടിച്ചു അടിച്ചു , വെറും അര വട്ടൻ ആയ പാവം അവനു, ഇപ്പോൾ മുഴു വട്ടായോ !!!


സാധാരണ എന്നെ പോലെ പരീക്ഷകൾ തട്ടി മുട്ടി പാസാകുന്നവർക്ക് , വിനയനെ കാണുമ്പോൾ ഒരു വല്ലാത്ത ആശ്വാസം ആണ് . നമ്മളെക്കാളും പ്രശ്നമുള്ള ഒരാളെങ്കിലും ഇവിടൊക്കെയുണ്ടല്ലോ എന്ന ഒരു ക്രൂരമായ ആശ്വാസം ! എന്തായാലും , അത് വരെ വലിയ പ്രശ്നമില്ലാതിരുന്ന നല്ലവനായ എനിക്ക് അപ്പോൾ മുതൽ വിനയന്റെ നിഗൂഡ സന്തോഷ ഭാവത്തെ  കുറിച്ചോർത്തു അന്ന് മുഴുവൻ ടെൻഷൻ ആയെന്നു പറഞ്ഞാൽ മതിയല്ലോ !  അതോടെ ഉള്ള മനസ്സമാധാനം കൂടി തകർന്ന ഞാൻ അതിനെ കുറിച്ച് തന്നെ കൂടുതൽ ഓർത്തു ആണെന്ന് തോന്നുന്നു , അന്നത്തെ ആ പരീക്ഷ മാന്യമായി തോൽക്കുകയും , പതിവായി എല്ലാ പരീക്ഷയും തോൽക്കാറുള്ള വിനയ് അക്കൊല്ലത്തെ ആ പരീക്ഷ മാത്രം ജയിക്കുകയും ചെയ്തു !!!!


എന്റെ തോൽവിയെകാളും  എന്നെ കൂടുതൽ അലട്ടിയത്  വിനയിന്റെ വിജയമാണെന്ന് ഇനി നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ! പിന്നീട് പല വട്ടം ഞാൻ ആ വിജയ രഹസ്യം അവനോടു ചോദിച്ചിട്ടും , അതൊക്കെയുണ്ട്‌ അളിയാ എന്നൊരു മറുപടി മാത്രമായിരുന്നു എനിക്ക് തിരിച്ചു കിട്ടിയത്. ഒടുവിൽ ഞങ്ങളുടെ കോഴ്സ് തീരുന്ന അവസാന ദിവസം , ഹോസ്റ്റലിൽ വിനയിന്റെ മുറിയിൽ കയറി വാതിൽ ചാരി , വിനയിന്റെ കൊങ്ങക്ക്‌ കൈപിടിച്ച് , ഇനി നീ ആ സത്യം പറയാതെ പോകണ്ടയെന്നു ഭീഷണി പെടുത്തിയപ്പോൾ ആണ് അവൻ എന്നോട് മനസ്സ് തുറന്നത് .


അന്ന്, അവന്റെ ഇടതു കൈപ്പള്ളയിൽ നിറയെ അവന്റെ ശരീരത്തിൽ എവിടെയൊക്കെ ഉത്തരങ്ങളുടെ കോപ്പിയടി തുണ്ടുകൾ ഒളിപ്പിച്ചതെന്ന കോഡ് ഭാഷ ആയിരുന്നത്രെ !!! അപ്പോൾ , എന്നോടൊന്നും മിണ്ടാത്തതും , അവൻ ചിരിച്ചു നടന്നതൊക്കെ  എന്തിനെന്ന എന്റെ നിഷ്കളങ്ക ചോദ്യത്തിനു അവൻ അതിലും നിഷ്കളങ്കമായി മറുപടി പറഞ്ഞു , " അളിയാ , നീ ഒക്കെ പരീക്ഷയെ പറ്റി ചോദിച്ചാൽ എനിക്ക് ടെൻഷൻ വരും , എനിക്ക് ടെൻഷൻ കൂടിയാൽ വയറിളകും  ! എത്ര മിനക്കെട്ടിരുന്നു , കുറെ മണിക്കൂർ എടുത്തു  ഞാൻ കൈപ്പള്ളയിൽ എഴുതുന്ന കോഡുകൾ ആണെന്ന് അറിയോ നിനക്ക് ... പഠിക്കാതെ തോൽക്കുന്ന പരീക്ഷ നമുക്ക് സഹിക്കാം , പക്ഷെ , ഇത് , കഷ്ട്ടപെട്ടു ബുദ്ധിമുട്ടി എഴുതിയ കോഡ് മാഞ്ഞു പോയാൽ !!!, എങ്ങനെ ഞാൻ സഹിക്കുമെടാ  ..... " !!!

ഇത് കേട്ട് നിയന്ത്രണം വിട്ട ഞാൻ , "നീ പരീക്ഷ പഠിച്ചു ജയിച്ചെന്ന് ഒരു നിമിഷമെങ്കിലും നിന്നെ ഞാൻ തെറ്റിദ്ധരിച്ചു പോയല്ലോടാ മുത്തേ ... " എന്ന് അവനെ കെട്ടിപിടിച്ചതും ; " ഞാൻ അങ്ങനെ എന്നേലും ചെയ്യോടാ മച്ചു... " എന്ന് അവൻ തിരിച്ചു കെട്ടിപിടിച്ചു വിങ്ങിയതുമായ ആ വികാര രംഗം കണ്ടു കൊണ്ട് മുറിയിലേക്ക് കയറി വന്ന വിനയന്റെ റൂം മേറ്റ്‌ ജബ്ബാർ അറപ്പോടെ പിറുപിറുത്തു , " ഛെ .... വൃത്തികെട്ടവന്മാർ..... പട്ടാപ്പകലിൽ....അതും , കതകു പോലും ചാരാതെ... !  "


< The End  >

Thursday, December 10, 2015

നാടക മത്സരം - ഒരു തത്സമയ റിപ്പോർട്ടിംഗ്
"ടീം നമ്പർ 26 ഓണ്‍ സ്റ്റേജ് .... ട്രിംഗ് ട്രിംഗ് ട്രിംഗ്.... "


സ്റ്റേജിലേക്ക് കയറാൻ വേണ്ടി ഞങ്ങളുടെ ടീമിന്റെ പേര് മൈക്കിലൂടെ വിളിച്ചതും എന്റെ ചങ്കിടിപ്പിന്റെ മുഴക്കം ഉച്ചസ്ഥായിലെത്തി. ഇനി കർട്ടൻ പൊങ്ങാൻ വെറും നിമിഷങ്ങൾ മാത്രം. അത് വരെ എനിക്കുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്ന ആത്മവിശ്വാസം , ധൈര്യം  , ചങ്കൂറ്റം , തൊലിക്കട്ടി എന്നതൊക്കെ , എന്റെ തലയിൽ നിന്നും ഒഴുകിയെത്തുന്ന വിയർപ്പിൽ, മുഖത്തിലെ മേക്കപ്പിനോടൊപ്പം താഴോട്ടു ഒലിച്ചിറങ്ങി. കനത്ത ബാസ്സ് സൌണ്ടിന്റെ ഉടമയായ ബാസിത്ത് മൈക്കിലൂടെ നാടകത്തെ കുറിച്ചുള്ള ആമുഖം കർട്ടൻ ഉയരും മുൻപ് നൽകുകയാണ് . അവന്റെ ആ ഡയലോഗ് കഴിയുമ്പോൾ ദീപു അണ്ണൻ ഡ്രമ്മിന്‍റെ അടുത്ത് കമഴ്ത്തി വെച്ച  സ്റ്റീൽ പ്ലേറ്റ് പോലുള്ളതിൽ ഒരു യമണ്ടൻ അടി അടിക്കും . പിന്നെ , സുകുമാരൻ അണ്ണൻ പിയാനോയിൽ വെച്ച് പിടിക്കുന്ന മ്യൂസിക്കിനൊപ്പം ഉയരുന്ന സ്റ്റെജു കർട്ടന്റെ കൂടെ , ഞങ്ങളും സ്റ്റെജിൽ പ്രവേശിക്കണം. ജീവിതത്തിലെ ആദ്യത്തെ സ്റ്റേജു ! ആദ്യത്തെ നാടകം ! ആദ്യത്തെ കാണികൾ !


അഞ്ചു പേരുള്ള ഈ ചരിത്ര നാടകത്തിൽ , ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടു വേഷങ്ങളിൽ ഒന്നാണ് എന്റേത് എന്നാണു മറ്റു മൂന്നു വലിയ വേഷക്കാരും പറയുന്നത് . ആകെ എനിക്കുള്ളത് നാടകത്തിനു നടുവിലായി ഞാൻ പൊരുതി നേടിയ ഒരേയൊരു ചെറിയ  ഡയലോഗ് ആണ് , അത് തന്നെ പത്തു വട്ടം തെറ്റിച്ചു പറഞ്ഞതിനാൽ ഒഴിവാക്കാൻ സംവിധായകനും പ്രധാന നടനും ഒരുപാട് ശ്രമിച്ചതാണ്.ഒരു ഡയലോഗ് പോലുമില്ലെങ്കില്‍ ഞങ്ങൾ സ്റ്റെജിൽ കയറില്ലയെന്ന പരസ്യമായ ഭീഷണിയുടെ പുറത്തും , ദയവു ചെയ്തു ഒരു ഡയലോഗ് എങ്കിലും തരണം അണ്ണാ പ്ലീസ്, എന്ന രഹസ്യമായ കാലു പിടിക്കലിനും ഒടുവിലാണ് അവസാനം ആ സുവർണാവസരം ഒത്തു കിട്ടിയത് . എന്താണ് എന്റെ റോൾ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ ! ഞാൻ ഇതിലെ രാജാവിന്റെ രണ്ടു ഭടന്മാരിൽ ഒരാളാണ് ! നാടകം തുടങ്ങുമ്പോൾ ആദ്യ സീനിൽ തന്നെ  രാജാവിനെ ആനയിച്ചു കൊണ്ട് വന്നു , നിൽകമൽ പ്ലാസ്റ്റിക്‌ കസേരയിൽ , ചുവന്ന തിളങ്ങുന്ന തുണികൊണ്ട് ഉടായിപ്പ് കാണിച്ചു അലങ്കരിച്ചു വെച്ച , ലോക്കൽ സിംഹാസനത്തിൽ കൊണ്ടിരുത്തി ; മരക്കൊമ്പിൽ തെർമോക്കോള് കൊണ്ടുണ്ടാക്കിയ കുന്തം എന്നും പറഞ്ഞു തന്ന വൃത്തികെട്ട ഒരു സാധനവും കയ്യിൽ പിടിച്ചു , നാടകം തീരും വരെ സ്റ്റെജിൽ മുന്നിലായി ഇടതു വശത്ത് ( വലതു വശത്ത് മറ്റേ ഹതഭാഗ്യനായ ഭടൻ )  , കാണികളെ നോക്കി , അട്ടെൻഷൻ ആയി അനങ്ങാതെ നിൽക്കണം ! 


ഞങ്ങൾക്കും എന്തേലും ഡയലോഗ് വേണമെന്ന ശിപായി ലഹളയുടെ പരിഹാരമായി  , നാടകത്തിന്റെ പകുതി ഭാഗത്ത്‌ , രാജാവ് എന്തോ ചിന്തിച്ചു കൊണ്ട് ഉദ്യാനത്തിൽ ഉലാത്തുമ്പോൾ , ഞങ്ങളുടെ രാജ  ഭക്തി കാണിക്കാനായി , 'വേണമെങ്കിൽ' ഞങ്ങൾക്ക് സ്റ്റെജിനു സൈഡിൽ തൂക്കിയ മൈക്കിനു അരികിൽ പോയി  " അതാ    , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ നാലഞ്ചു പക്ഷികൾ... " എന്ന് എനിക്ക് പറയാം , അപ്പോൾ മറ്റേ ഭടൻ , "ഇനിയെങ്ങാനും തിരുമനസ്സിന്റെ ശിരസിൽ കാഷ്ട്ടം വിണാൽ !... നമുക്കതിനെ ഇപ്പോൾ തന്നെ കുന്തമെറിഞ്ഞു കൊല്ലാം .... " എന്ന് പറയും . അപ്പോൾ രാജാവ് , "വേണ്ടാ , അവരവിടെ സുരക്ഷിതമായി ഇരുന്നോട്ടെ  "  എന്ന് പറഞ്ഞു ആ നല്ല സ്നേഹമുള്ള തിരു മനസ്സ്  കാണികൾക്ക് കാണിക്കും.ശെടാ ... ബാസിത് ആമുഖം അവസാനിപ്പിച്ചു ... കമഴ്ത്തിയ പ്ലേറ്റിൽ ദീപുഅണ്ണൻ ആഞ്ഞടിച്ചു ... സുകുമാരൻ അണ്ണൻ മുസിക്കും ഇട്ടു... കർട്ടൻ മുകളിലോട്ടു  കയറാനും തുടങ്ങി ... ഞങ്ങൾ ഭടന്മാർ പേടിച്ചു വിറച്ചു ആണേലും , ഒരു വിധം സ്റ്റെജിലൊട്ടു കടക്കാൻ തുടങ്ങവെയാണ് , അത് വരെ ഞങ്ങളോട് ധൈര്യത്തെ കുറിച്ച് കൂളായി സംസാരിച്ചു കൊണ്ടിരുന്ന നാടകത്തിലെ  പ്രധാന നടൻ മഹാരാജാവ് മനു അണ്ണൻ ഞങ്ങളെ ഞോണ്ടി വിളിച്ചു ചോദിച്ചത് , " നമുക്ക് മുങ്ങിയാലോ , എനിക്ക് ടെൻഷൻ കാരണം ഡയലോഗ് ഒന്നും ഇപ്പോൾ ഓർമ്മ വരുന്നില്ല ! അത് പോലെ , ആകെയൊരു വിറയലും തലകറക്കവും .... " !! . ഒട്ടും ചിന്തിച്ചു നിൽക്കാൻ നേരമില്ലാത്ത  ഈ വൈകിയ അവസരത്തിൽ , ഞങ്ങളോടൊപ്പം നടന്നു സ്റ്റെജിൽ പ്രവേശിക്കേണ്ട മഹാരാജനെ ,പിറകിലോട്ടു മുങ്ങാൻ അവസരം നൽകാതെ    , ഞങ്ങൾ രണ്ടു ഭടന്മാർ തോളത്ത് പൊക്കിയെടുത്തു , സ്റ്റെജിനു നടുവിൽ അലങ്കരിച്ച നിൽകമൽ സിംഹാസനത്തിൽ കൊണ്ടിരുത്തി നാടകമെന്ന കലയോടും , അഭിനയത്തോടും ഉള്ള ഞങ്ങളുടെ അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിച്ചു ! എന്നിട്ട്,  ഒന്നും സംഭവിക്കാത്ത മട്ടിൽ ഞങ്ങൾ സ്റ്റെജിനു മുന്പിലുള്ള ഞങ്ങളുടെ പോസിഷനിലേക്ക് പോയി കുന്തവും പിടിച്ചു അന്തസായി നിവർന്നു നിന്നു .സിംഹാസനത്തിൽ രാജാവ് , ചിന്താകുലനായി , വിഷണ്ണനായി, താടിയിൽ കയ്യും വെച്ച് ഇരിക്കുന്നതാണ് ഈ നാടകത്തിന്റെ തുടക്കം എന്നതിനാൽ ,  റിഹേർസൽ സമയത്ത് ഒരിക്കൽ പോലും ശെരിയാവാത്ത ആ ടെൻഷൻ ഇരിപ്പ് രംഗം, മനു അണ്ണൻ ഭയങ്കര ഒറിജിനൽ ആയി സ്റ്റെജിൽ ജീവിച്ചു  !!! ഈ ഇരുപ്പിന്റെ പിന്നിലെ യഥാർത്ഥ സത്യമറിയാതെ കയറി വന്ന മന്ത്രി പുംഗവൻ പ്രദീപ്‌ സ്ക്രിപ്റ്റിൽ കാണാതെ പഠിച്ച അര പേജു സങ്കടം, രാജാവിനോട് ഒറ്റ ശ്വാസത്തിൽ ഉണർത്തിച്ചു . സ്ക്രിപ്റ്റിലെ രാജാവിന്റെ അടുത്ത കാൽ പേജു മറുപടി കേൾക്കാനായി , രണ്ടു മിനിട്ട് കാത്തിരുന്ന മന്ത്രി പുംഗവൻ , ഒന്നും മിണ്ടാതെ താടിയിൽ കയ്യും കൊടുത്തു ഇരുന്ന രാജാവിനെ നോക്കി ദേഷ്യത്തോടെയും സങ്കടത്തോടെയും "എന്തേലും ഒക്കെ ഒന്ന് ഞങ്ങളോട് പറഞ്ഞൂടെ മഹാ രാജൻ "  എന്ന് അതി ദയനീയമായി ചോദിച്ചു കൊണ്ട് ഈ നാടകത്തിന്റെ വരാൻ പോകുന്ന വിധി ഞെട്ടലോടെ തിരിച്ചറിഞ്ഞു !


വിഷണ്ണൻ ആയിരിക്കുന്ന രാജാവിന്റെ മറുപടിയില്ലാതെ ഇനി എങ്ങനെ സംഭവം മുന്നോട്ടു കൊണ്ട് പോകുമെന്നാലോചിച്ച് മന്ത്രി പുങ്കവൻ നിൽക്കവേയാണ് , ഇതൊന്നുമറിയാതെ , കറക്റ്റ് ടിമിംഗ് ക്ലോക്കിൽ നോക്കി , കൊട്ടാരം മഹർഷി തോമസ്‌ കാണാതെ പഠിച്ച ഡയലോഗായ , "മഹാ രാജൻ ഇപ്പോൾ പറഞ്ഞത് വളരെ ശെരിയാണ് " എന്നും ഉറക്കെ പറഞ്ഞു സ്റ്റെജിൽ എത്തിയത്  !! രാജാവിന്റെ അടുത്ത ഡയലോഗും കാത്തു കണ്ണും മിഴിച്ചിരുന്ന മഹർഷിയോട് ഒടുവിൽ  ഗത്യന്തരമില്ലാതെ മന്ത്രി പുങ്കവൻ സ്ക്രിപ്റ്റിൽ ഇല്ലാത്ത  " മഹാ രാജൻ ഇത് വരെ ഒന്നും മിണ്ടിയിട്ടില്ല മഹാത്മാവേ ... " എന്ന് പറഞ്ഞതും , മഹർഷി തോമസ്‌ " എന്റെ കർത്താവേ , ചതിച്ചോ " എന്ന് അറിയാതെ വിളിച്ചു പോയതും ഒന്നിച്ചായി .ഇടതു വശത്ത് അട്ടെൻഷൻ ഭടൻ ആയ എനിക്ക് ആദ്യം സദസ് മുഴുവൻ ഇരുട്ടായി തോന്നി. പിന്നീടാണ് അങ്ങിങ്ങ് ഇരിക്കുന്ന കുറച്ചു കാണികളെ ചെറിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞത്. അത് വരെ , പല നല്ല പരിപാടികളിലും സദസിലിരുന്നു കൂവിയിട്ടുണ്ടെങ്കിലും, ആദ്യമായി സ്റ്റെജിൽ നിന്നും സദസ് കണ്ടപ്പോൾ ഒരു പുതുമ തോന്നി ! മുൻവശത്തെ നിരയിലായി ഇരിക്കുന്ന മത്സരത്തിന്റെ മൂന്നു വിധികർത്താക്കൾ , നേരത്തെ ഞങ്ങൾ സബ്മിറ്റ് ചെയ്ത മുപ്പതു പേജു സ്ക്രിപ്റ്റിൽ നിന്നും , ഇപ്പോൾ സ്റ്റെജിൽ നടന്നു കൊണ്ടിരിക്കുന്ന ഡയലോഗുകൾ എവിടെയെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ! സ്റ്റെജിൽ ആണെങ്കിൽ മന്ത്രിപുങ്കവനും കൊട്ടാര മഹർഷിയും മഹാരാജനെ കൊണ്ട് എന്തേലും ഡയലോഗ് പറയിക്കാതെ ഇനി നാടകം മുൻപോട്ടു പോകാനാകില്ല എന്ന വല്ലാത്ത അവസ്ഥയിലും !! ഏതാണ്ട് അഞ്ചു നിമിഷം നീണ്ടു നിന്ന നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ സിംഹാസനത്തിൽ നിന്നും എഴുന്നേറ്റു , മന്ത്രിയുടെയും മഹർഷിയുടെയും തോളത്തു കയ്യിട്ടു , മഹാരാജൻ ആ ഒടുക്കത്തെ ഡയലോഗ് പറഞ്ഞു .... " സോറി , എന്നെ കൊണ്ട് ഈ പരിപാടി നടക്കില്ല . പുല്ലു , നിങ്ങള് കളഞ്ഞിട്ടു വന്നോ .... "
അതി വേഗത്തിൽ രാജാവും , പിറകിലായി മന്ദം മന്ദം മന്ത്രിയും മഹർഷിയും സ്റ്റെജിൽ നിന്നും തിരശീലക്കു പിറകിലോട്ടു വലിഞ്ഞു . എന്താണ് നാടകത്തിലെ അതി വികാരഭരിതമായ അടുത്ത രംഗമെന്നു മനസ്സിലാകാതെ കാണികൾ  ആകാംഷയോടെ കാത്തിരുന്നു !  സ്ക്രിപ്റ്റ് നോക്കി വട്ടായ ജഡ്ജുമാർ , സ്ക്രിപ്റ്റ് പേപ്പർ ദൂരെ കളഞ്ഞു , തോൽവി ഉറപ്പിച്ച  നാടകം അവസാനിക്കാൻ അക്ഷമരായിരുന്നു . കാണികളെ പോലെ , നാടകം മുടങ്ങിയെന്ന സത്യം അറിയാതെ , ഞങ്ങൾ രണ്ടു ഭടന്മാരും ഇടത്തും വലത്തും ആയി കുന്തവും പിടിച്ചു , കുന്തം പോലെ നിന്നു ! നാടകാവസാനം വായിക്കേണ്ടി ഇരുന്ന സെന്റി മ്യൂസിക്‌ പ്ലേ ചെയ്തു ,സുകുമാരൻ അണ്ണൻ പിയാനോയിലൂടെ ഞങ്ങളോട് എല്ലാം കഴിഞ്ഞെടാ മക്കളേ , കാണികൾ ഏറു തുടങ്ങും മുൻപ് വേണേൽ രക്ഷപെട്ടോ , എന്ന് സംഗീതാത്മകമായി മുന്നറിയിപ്പ് തന്നു. ഞാൻ വലത്തോട്ട് തല ചെരിച്ചു നോക്കി , സ്റ്റെജിൽ ബാക്കിയുള്ളവർ വലിഞ്ഞെന്നും , നാടകം പൊളിഞ്ഞെന്നുമുള്ള തിരിച്ചറിവിൽ , ഞങ്ങൾ രണ്ടു ഭടന്മാർ തിരിച്ചു നടക്കാൻ തുടങ്ങവേ , പെട്ടെന്ന് മറ്റേ ഭടൻ മൈക്കെടുത്ത് ഞാൻ പറയേണ്ടി ഇരുന്ന ആ ഡയലോഗ് പറഞ്ഞു .... 


 " അതാ  ഭടോ , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ ഒന്നുമറിയാതെ നാലഞ്ചു പക്ഷികൾ... "


അത് കേട്ട് ഞാനും അപ്പോൾ മനസ്സിൽ തോന്നിയ എന്റെ ആദ്യ സ്റ്റെജു ഡയലോഗ് ആ മൈക്കിലൂടെ പറഞ്ഞു ,

 "വേണ്ട ഭടോ.. , അവരവിടെ സ്വസ്ഥമായി ഇരുന്നു, എന്തേലും ഒക്കെ ചെയ്തോട്ടെ....   "


സ്റ്റെജു കർട്ടൻ താഴ്ന്നു വരികയും , കാണികളുടെ കൂവൽ ഉയർന്നു വരികയും  ചെയ്യുമ്പോൾ , നാടകത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഞങ്ങൾ രണ്ടു ഭടന്മാരും , ജീവിതത്തിലെ ആദ്യ സ്റ്റെജിൽ നിന്നും , ആദ്യ നാടക ഡയലോഗിന്റെ നിറ നിര്‍വൃതിയോടെ,  നിറഞ്ഞ കണ്ണുകളും, നിവർത്തി പിടിച്ച തലയും ,കുത്തി പിടിച്ച കുന്തവുമായി, വേദി വിട്ടിറങ്ങി .


... ശുഭം ...

Monday, November 30, 2015

വാർത്ത / അന്വേഷണം / സത്യം ( ചെറു കഥ )"നമ്മൾ വായിക്കുന്ന ഓരോ വാർത്തയുടെ പിന്നിലും , നമ്മൾ കാണാത്ത , കാണാൻ ശ്രമിക്കാത്ത , ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട് ....... "


വഴക്കുപക്ഷി മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ പുതിയ കഥ വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അപേക്ഷിച്ച് കൊണ്ട് ,


കഥയുടെ ലിങ്ക് :::


 http://vazhakkupakshi.blogspot.com/2015/11/blog-post_28.html


സ്നേഹത്തോടെ ,
ഷഹീം ആയികാർ. 

Friday, November 13, 2015

... ഒരു "ക" യുടെയും ; "കു" വിന്റെയും ഇടി കഥൈ ...


തമിഴ്നാട്ടിലെ ഒരു ബസ്‌ സ്റ്റാൻഡിൽ , ആ രാത്രിയിൽ , കന്യാകുമാരിയിലേക്ക് പോകുന്ന അവസാന ബസ്സും കാത്തു, അടുത്തുള്ള കടയിൽ ബോഞ്ചി വെള്ളമടിച്ചു നിൽക്കുമ്പോഴാണ്  , ഞങ്ങളുടെ കൂട്ടത്തിലെ ആകെ അൽപ്പം തമിഴ് പറയാനും വായിക്കാനും അറിയാം എന്ന് അവകാശപ്പെടുന്ന , ആന്തപ്പൻ സ്റ്റാൻഡിൽ നിന്നും പുറത്തേക്കു പോകുന്ന ഒരു ബസ്സിന്റെ നെയിം ബോർഡ് വായിച്ചു ഉറക്കെ നിലവിളിച്ചത്....


" അളിയന്മാരെ , ഇതാ കന്യാകുമാരി ലാസ്റ്റ് ബസ്‌ വിട്ടു ; ഓടി  കയറിക്കോ , ഇല്ലേൽ എല്ലാ പ്ലാനും കൊളമാകും "


കേട്ട പാതി , കേൾക്കാത്ത പാതി , കന്യാകുമാരിയിലെ സൂര്യോദയം കാണാൻ മുട്ടി നിന്ന ഞങ്ങൾ നാലഞ്ചു തമിഴ് നിരക്ഷർ , ഓടി ചാടി ബസ്സിൽ കയറി.  ഒഴിഞ്ഞ സീറ്റുകളിൽ ഇരുന്ന ഞങ്ങളെ നോക്കി , തലൈവർ അന്തപ്പൻ ജാടയിൽ അമ്പത് രൂപയുടെ നോട്ടെടുത്ത് , കണ്ടക്റ്റർ അണ്ണന്റെ പോക്കറ്റിൽ തിരുകി വെച്ച്  തമിഴിൽ വൻ ക്ലാസ് ഡയലോഗും വിട്ടു ....


" അണ്ണാ , നാങ്കൾ ലാസ്റ്റ് സ്റ്റോപ്പ്‌ താൻ ... ഇത് അണ്ണൻ വെച്ചുക്കോ , ടിക്കറ്റ്‌ ഒന്നും വേണ്ടാ ! "


മൊത്തം ടിക്കറ്റ്‌ കാശിൽ 30 രൂപാ ലാഭിച്ച  സന്തോഷത്തിൽ ഞങ്ങളും ,ലാസ്റ്റ് ട്രിപ്പിൽ അമ്പതു രൂപ കിട്ടിയ സന്തോഷത്തിൽ കണ്ടക്റ്റർ അണ്ണനും ഹാപ്പി ! അങ്ങനെ എല്ലാരും ഹാപ്പി ആയി യാത്ര തുടരവേ തലൈവർ അന്തപ്പൻ ഞങ്ങളോട് മൊഴിഞ്ഞു... " ഒന്ന് ഒന്നര മണിക്കൂർ യാത്ര ഉണ്ട് ; സാദ ബസ്‌ ആണ് , നിർത്തി നിർത്തിയെ പോകു ... അത് കൊണ്ട് മക്കളെല്ലാരും നല്ലോണം റസ്റ്റ്‌ എടുത്തോ.. ഞാൻ തമിഴിൽ അണ്ണന്മാരോട് കുറച്ചു കാര്യങ്ങൾ തിരക്കട്ടെ ...  "


മണിക്കൂറുകൾ ഒന്നും രണ്ടും മൂന്നും ഇഴഞ്ഞു  , ആ  ബസ്‌ ആളൊഴിഞ്ഞു  ഞങ്ങളും ഡ്രൈവറും കണ്ടക്ട്ടരും , പിന്നെ മറ്റു രണ്ടു പേരും , ഒരു ആടും ,  മാത്രമായിട്ടും ; ഡ്രൈവറുടെ അടുത്ത് തമിഴിൽ സിനിമയും രാഷ്ട്രിയവും  പറഞ്ഞു ചിരിച്ചിരിക്കുന്ന അന്തപ്പൻ ഞങ്ങളെ ഇടയ്ക്കിടെ നോക്കി കണ്ണടച്ച് 'ഇപ്പൊ എത്തും അളിയാ " എന്ന ആക്ഷൻ കാണിച്ചു  കൊണ്ടിരുന്നുഒടുവിലൊരു പട്ടികാടിലെ , ടാറു പോലും ഇല്ലാത്ത റോട്ടിലൂടെ പോയി , ഒരു വളവിൽ നിർത്തി , ഡ്രൈവർ അവസാന യാത്രക്കാരായ ഞങ്ങളോട് പറഞ്ഞു ;


" ഇടം ആയാച്ചു ; ഇതാൻ ലാസ്റ്റ് സ്റ്റോപ്പ്‌ ! "


ആളും വെളിച്ചവും ഇല്ലാത്ത , ആ കന്യാകുമാരി ജങ്ക്ഷൻ കണ്ടു അന്തം വിട്ടിരുന്ന ഞങ്ങൾ , അറിയാവുന്ന ശുദ്ധ മലയാളത്തിൽ ഡ്രൈവറോട് ചോദിച്ചു ,


" ഇതാണോ ചേട്ടാ ഈ കന്യാകുമാരി ? !!! "" കന്യാ കുമാരിവാ... ഇത് വന്ത് , തിരുനെൽവേലി പക്കം കളിയെകുളം എന്ട്ര ഊര്രു .. നീങ്ക ലാസ്റ്റ് സ്റ്റോപ്പ്‌ താനേ കേട്ടത് ! കന്യാകുമാരി എന്റര് സോല്ലവേ ഇല്ലയെ.... " എന്ന് ഡ്രൈവർ അണ്ണൻ .ആ രാത്രിയിൽ , അന്ത ഒരു ഊരിൽ , അടുത്ത നാൾ ഞങ്ങൾ , അത്ര പ്രശസ്തമല്ലാത്ത കളിയെകുളം സൂര്യോദയം കാണും വരെ , ഞങ്ങളുടെ ഇടി കൊണ്ട് തലൈവർ അന്തപ്പൻ മലയാളത്തിൽ നിലവിളിക്കുന്നതിനിടയിലും , അവൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....


" എന്റെ പൊന്നു അളിയന്മാരെ ; എന്നെ ഒന്ന് മനസ്സിലാക്ക് ; എനിക്ക് ആകെ തമിഴിൽ 'ക' യും 'കു' വും മാത്രമേ നല്ലോണം വായിക്കാൻ അറിയൂ.... ഇതിലും ആദ്യമൊരു 'ക' , മൂന്നാമതൊരു 'കു ' ! ; ഇതും ലാസ്റ്റ് സ്റ്റോപ്പ്‌ ! അതാണ്‌  ഇവിടെ പ്രശ്നം ആയതു ".... !!!!!Tuesday, November 3, 2015

I.T Conference Room- മീറ്റിങ്ങ് നോട്ട്സ്സമയം 11.05 am, മീറ്റിങ്ങ് തുടങ്ങാനുള്ള സമയവും കഴിഞ്ഞു അഞ്ചു മിനിറ്റ് ആയി ! എല്ലാവരും അവിടെ മീറ്റിങ്ങ് പ്രെസെന്റെർ ആയ എന്നെയും കാത്തിരിപ്പാണ്. ഞാൻ പതിവ് പോലെ മൊബൈൽ ഫോണും സൈലെന്റിൽ ആക്കി മേശപ്പുറത്തു  വെച്ച് , ഡെല്ലിന്റെ ഓഫീസ് ഹാർമോണിയം പെട്ടിയും കയ്യിലേന്തി  മീറ്റിംഗ് റൂമിലേക്ക്‌ കുതിച്ചു. അഞ്ചു മിനിട്ട് നേരം  താമസിച്ചതിനു അവിടെ ഉണ്ടായിരുന്ന മൂന്നാലുപെരോട് സ്ഥിരം രീതിയിൽ ക്ഷമാപണവും നടത്തി , ഹാർമോണിയം പെട്ടി പ്രോജെച്ട്ടരിൽ ഘടിപ്പിച്ചു ഞാൻ നേരത്തെ മനസ്സിൽ പ്രി -റെക്കോർഡ്‌ ചെയ്തു വെച്ച പ്രൊജക്റ്റ്‌ ഡെമോ എന്ന കഥാ പ്രസംഗം തുടങ്ങി.


അവിടെയിരുന്ന ആരെയും നേരത്തെ കണ്ടു പരിചയം ഇല്ല. അല്ലേലും ഓഫീസിൽ ഇന്ന് കണ്ടവനെ തന്നെ നമുക്ക് നാളെയും കാണുമെന്നു ഉറപ്പില്ലല്ലോ! Client, Vendor ,  Partner, Offshore, Onsite, എന്നൊക്കെയുള്ള ജാതി പേരുകളിലാണ്    അവർ അറിയപ്പെടുന്നതെങ്കിലും , ഞാൻ അവരെ നാല് ഇന്ത്യക്കാർ എന്ന് മാത്രമാണ് കണ്ടിരുന്നത്‌ ( അതാണ്‌ , എന്റെ ദേശീയ ബോധം ! ).  സ്ലൈഡ് ഷോ തുടങ്ങും മുൻപേ തന്നെ മീറ്റിങ്ങ് തീരുമ്പോൾ അവസാനം ചോദിക്കാനുള്ള ഏതോ ഒരു ചോദ്യം ഉള്ളിലൊതുക്കി വീർപ്പു മുട്ടി  ,കണ്ണാടി ഇട്ടിരുന്ന കഷണ്ടിക്കാരൻ ബംഗാളിയെ ഞാൻ ആദ്യമേ നോട്ട് ചെയ്തിരുന്നു. ഉള്ളിലുള്ള ചോദ്യത്തിന്റെ വെമ്പൽ കൊണ്ടുണ്ടായ അവന്റെ ഉള്ളിലെ ആത്മ സങ്കർഷം നിമിത്തമാണോ എന്നറിയില്ല ,  അവൻ മാത്രം ആ മീറ്റിംഗ് തീരും വരെ ഉറങ്ങാതെ ഇരുന്നത് എനിക്കന്നൊരുഅത്ബുധം ആയിരുന്നു! ഞാൻ പ്രതീക്ഷിച്ച പോലെ, മീറ്റിങ്ങിന്റെ അവസാനം അവൻ ഞാൻ പറഞ്ഞതിനോടൊന്നും ബന്ധമില്ലാത്ത എന്തോ ഒന്ന് ചോദിച്ചു സായൂജ്യം അടയുകയും , ഞാൻ ആ ചോദ്യത്തിനു യാതൊരു ബന്ധവുമില്ലാത്ത മറുപടി പറഞ്ഞു കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.അങ്ങനെ ഓഫീസിലെ രാവിലത്തെ  പ്രധാന ചടങ്ങുകൾ കഴിഞ്ഞെന്ന ആശ്വാസത്തിൽ, മേശയിൽ നിന്നും ഫോണും എടുത്തു കുത്തി കൊണ്ട്  കാന്റിനിലേക്ക് ഉച്ചയൂണ് കഴിക്കാനായി നടന്നു നീങ്ങവെയാണ് നേരത്തെ വന്ന ആ ഇമെയിൽ ഞാൻ  ശ്രദ്ധിച്ചത്. I.T Conference Room - ഇൽ  അന്ന് രാവിലെ മുതൽ വൈകിട്ട് വരെ കമ്പനിയിലെ വേറെ അതി പ്രധാനമായ മറ്റൊരു മീറ്റിംഗ് നടക്കുന്നതിനാൽ ഞാൻ എടുക്കേണ്ട പ്രൊജക്റ്റ്‌ ഡെമോ ക്യാൻസൽ ചെയ്തു പോലും !!!

അപ്പോൾ , അവിടെയിരുന്നത് ആരായിരുന്നു ?


നോട്ട് പാഡിൽ അവർ എഴുതി എടുത്തതൊക്കെ എന്തെന്ന് കരുതിയായിരുന്നു?


ആ മീറ്റിങ്ങ് തീരും വരെ 'അതല്ല ഇതെന്ന്' ആരും തിരിച്ചറിയാത്തത് എന്ത് കൊണ്ട് !


ഉത്തരമില്ലാത്ത ഒരുപിടി ചോദ്യങ്ങൾ കൊണ്ട് ഒരു നിമിഷം എന്റെ ഉള്ളൊന്നു കിടുങ്ങി. എങ്കിലും , ഒരു നല്ല IT -ക്കാരൻ തന്റെ കഴിഞ്ഞു പോയ സമയത്തെ കുറിച്ചോ, സംഭവിച്ചു പോയ മണ്ടത്തരത്തെ കുറിച്ചോ ഓർത്തു ഇനി വരാനുള്ള വിലപ്പെട്ട billable സമയം  പാഴാക്കരുതെന്ന കമ്പനി ആപ്ത വാക്യം മനസ്സിലോർത്തു ഞാൻ വീണ്ടും അടുത്ത മീറ്റിങ്ങ് റൂമിലേക്ക്‌ ഹാർമോണിയം പെട്ടിയുമായി യാത്ര തിരിച്ചു , ഇന്നും തീരാത്ത നീണ്ട യാത്ര......


ഒരു ഐ.ടി ചൊല്ല് : "ഭയം എല്ലാവർക്കുമുണ്ട്. പക്ഷേ, ഭയമില്ലാത്തതുപോലെ അഭിനയിക്കുന്നവരാണ്  IT മാനേജർമാർ ."


[ ഒരു IT മാനേജറുടെ ഭാവിയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള  "എന്റെ ഐ.ടി കാല മണ്ടത്തരങ്ങൾ " എന്ന ആത്മ കഥയിൽ നിന്നും ഇവിടെ നിങ്ങൾക്കായി 'Copy & Paste ' ചെയ്തത് ]

[ Note :: അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]

Monday, October 12, 2015

പാഠം 1 : 'ഡാഷ്' അഭിപ്രായങ്ങൾ


"_____ കഴിക്കുന്നത്‌ തെറ്റെന്നു വിശ്വസിക്കുന്നവർ , അത് ഇവിടെ നിരോധിക്കണം എന്ന് വാശി പിടിക്കുമ്പോൾ , അത് _____ കഴിക്കാൻ ആഗ്രഹം ഉള്ളവരോട് അവർ ചെയ്യുന്ന കടുത്ത അനീതിയാണ്."


ഇനി ചുവടിൽ കൊടുത്തിരിക്കുന്ന ഓരോന്നും ഡാഷ് ( ___ ) ഇൽ ചേർത്ത് പൂരിപ്പിച്ചു , മുകളിലുള്ള വാചകം നിങ്ങളൊന്നു കൂടി വായിച്ചു നോക്കിയേ....


a, മദ്യം
b, ബീഫ്
c, കല്യാണം


ഓരോന്ന് ചേർക്കുമ്പോൾ ചിലത് ശേരിയെന്നും / തെറ്റെന്നും/ തമാശയെന്നും ഒക്കെ നിങ്ങൾക്കും വെവ്വേറെ അഭിപ്രായങ്ങൾ തോന്നുന്നുണ്ടോ !


അപ്പോൾ , ഇത്രയേ ഉള്ളു നമ്മുടെയൊക്കെ ഈ ഡാഷ് അഭിപ്രായം എന്നതിന്റെ ഒരിത് എന്നാണു എന്റെയൊരു അഭിപ്രായം ...


Wednesday, October 7, 2015

...അച്ഛന്റെ മകൾ...


" ആർക്കു വേണ്ടിയാണ് അച്ഛാ ഈ കാശൊക്കെ ഇങ്ങനെ കൂട്ടി വെക്കുന്നത്. നാളത്തേക്ക് എനിക്ക് വേണ്ടിയാണെങ്കിൽ , കുറച്ചു ആവശ്യത്തിനു മാത്രം കാശ് എടുത്തു വെച്ചാൽ മതി. ബാക്കി വേണേൽ എനിക്ക് തന്നെ ജോലിയെടുത്തു ഉണ്ടാക്കാമല്ലോ. പൈസക്ക് വേണ്ടിയൊക്കെ ഇത്രയും ആക്രാന്തം പാടില്ല അച്ഛാ ... "


അയാളുടെ  മുഖത്ത് നോക്കി ഇത്രയും പറഞ്ഞു അവൾ ദേഷ്യത്തിൽ മുറിയിലേക്ക് പോയി.


ഈ ലോകത്ത് ആദ്യമായി ഒരാൾ തന്റെ മുഖത്ത് നോക്കി കാശിനോട് ആക്രാന്തം ആണെന്ന വലിയ സത്യം പറഞ്ഞു  കേട്ടതിന്റെ ഞെട്ടൽ മാറാതെ
അയാളിരുന്നപ്പോൾ   , അടുക്കളയിൽ നിന്നും ഇതൊന്നുമറിയാതെ അവിടേക്ക് അപ്പോൾ കയറി വന്ന ഭാര്യ ചോദിച്ചു ,


"ഇന്ന് ഷോപ്പിംഗ്‌ കഴിഞ്ഞു വന്നപ്പോൾ മുതൽ മോള് നല്ല ദേഷ്യത്തിൽ ആണല്ലോ , എന്ത് പറ്റി ? "


മോളുടെ വായിൽ നിന്നും തനിക്കു ധാരാളമായി കിട്ടിയ പ്രസംഗത്തിന്റെയും ഉപദേശത്തിന്റെയും വിഷയം മറച്ചു വെച്ച് , ഇതിനെല്ലാം കാരണമായ അന്നത്തെ സംഭവം അയാൾ പറഞ്ഞു ,


" ഒന്നുമില്ലെടി , അവള് ഇന്നും ഒരു ലോലി പോപ്പ് കഴിച്ചു രണ്ടാമതും വാങ്ങി ചോദിച്ചപ്പോൾ , ഞാൻ കാശില്ല എന്ന് പറഞ്ഞതിന്റെ ദേഷ്യമാണ് "


LKG ക്ലാസ്സിൽ നാളെ കൊടുക്കേണ്ട ഹോം വർക്ക്‌ മോള് ചെയ്തു തീർന്നോ എന്നറിയാൻ ഭാര്യ അങ്ങോട്ട്‌ പോകുമ്പോൾ , അയാളുടെ കാതിൽ മോളുടെ ശകാര വർഷങ്ങൾ മുഴങ്ങി കൊണ്ടിരുന്നു....Friday, September 25, 2015

…സിനിമ കൊട്ടകയ്ക്കുള്ളിലെ ആത്മ സംഘർഷങ്ങൾ…


സിനിമ തുടങ്ങി ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞാണ് ഞാൻ സിനിമ തിയറ്റെരിൽ എത്തിയത്.  അന്നാണ് സിനിമ  റിലീസ് ചെയ്തത്. സൂപ്പർ സ്റ്റാർ അഭിനയിച്ച പടം ആയതിനാൽ, കട്ട അവാർഡ്പടം എന്ന റിവ്യൂ  പുറത്തിറങ്ങും മുൻപ് എത്തിയ നല്ല ഒരു ആൾ കൂട്ടം പടത്തിനുണ്ടായിരുന്നു. ടിക്കറ്റ്കിട്ടുമെന്ന പ്രതീക്ഷയില്ലാതതിനാൽ വെറുതെ ചെന്ന് ടിക്കറ്റ്ഉണ്ടോ എന്ന് കൌണ്ണ്ടരിൽ ഇരുന്ന ചേട്ടനോട് ചോദിച്ചതാണ് , ' ഒരെണ്ണം ഉണ്ട് , ഇതാ കയറിക്കോ ' എന്നും പറഞ്ഞു എനിക്ക്  ആലോചിക്കാൻ സമയം കിട്ടും മുൻപ് ഒരു ടിക്കെറ്റും തന്നു ചേട്ടൻ എന്നെ സിനിമ ഹാളിന്റെ ഉള്ളിലാക്കി.

 

അവാർഡ്പടം ആയതു കൊണ്ടാണോ , അതോ തിയറ്റെരിന്റെ ഗുണം കൊണ്ടാണോ എന്നറിയില്ല , അകത്തു മുഴുവൻ ഭയങ്കര ഇരുട്ട്. സെക്യുരിറ്റി ചേട്ടൻ കാണിച്ചു തന്ന ഒരു വരിയിലെ അഞ്ചാമത്തെ സീറ്റിലേക്ക് ഞാൻ അവിടെ ഇരിക്കുന്ന ആളുകളുടെ ഇടയിലൂടെ വലിഞ്ഞു കയറി ഇരിപ്പുറപ്പിച്ചു. അടുത്ത അഞ്ചു മിനിട്ടിനുള്ളിൽ തന്നെ സിനിമയ്ക്കു കയറിയത് ഒരു യമണ്ടൻ മണ്ടത്തരമായി എന്നും , ചിന്തിച്ചു നിന്ന എന്നെ എന്തിനാണ് ടിക്കറ്റ്ചേട്ടൻ ഉള്ളിലോട്ടു പെട്ടെന്ന് വലിച്ചു കയറ്റിയത് എന്നും ഞാൻ തിരിച്ചറിഞ്ഞു.

 

പക്ഷെ , സിനിമ കാണൽ എന്റെ ജീവിതത്തിലെ ഒരു മറക്കാൻ ആവാത്ത സംഭവം ആയി മാറിയതിനെ പറ്റിയാണ് കുറിപ്പ്...

 

സിനിമ കണ്ടു തുടങ്ങി ഒരു പത്തു മിനിട്ട് ആയപ്പോൾ ആണ് അത് സംഭവിച്ചത് , എന്റെ ഇടത്തെ തുടയിൽ ഒരു തോണ്ടൽ. ഞാൻ അപ്പോഴാണ്അടുത്തിരുന്ന ആളെ ശ്രദ്ധിച്ചത് , ഒരു ഇരുപ്പത്തഞ്ച് പ്രായം തോന്നിക്കുന്ന ഒരു ചേച്ചി സ്ക്രീനിൽ നോക്കി സിനിമയിൽ ലയിച്ചു ഇരിപ്പുണ്ട്. ഇനി അറിയാതെ അവരുടെ കൈ വല്ലതും കൊണ്ടതായിരിക്കും , ഞാൻ എന്റെ ഇടത്തെ കാലു അൽപ്പം വലത്തോട്ട് നീക്കി, പതുക്കെ പതുക്കെ ബോർ അടിച്ചു ഉറക്കത്തിലേക്കു വീണു തുടങ്ങി. പക്ഷെ , അടുത്ത പത്തു മിനിട്ടിനുള്ളിൽ എന്റെ ഉറക്കവും സകല മനസ്സമാധാനവും നശിപ്പിച്ചു കൊണ്ട് വീണ്ടും അത് സംഭവിച്ചു, അതെ, എന്റെ ഇടത്തെ തുടയിൽ കിട്ടിയ രണ്ടാമത്തെ തോണ്ടൽ.

 

അപ്പ്രാവശ്യം എനിക്കുറപ്പാണ്. നല്ല അസ്സൽ തോണ്ടൽ തന്നെ , ഞാൻ അടുത്തുള്ള ചേച്ചിയെ വീണ്ടും വീണ്ടും നോക്കി. കക്ഷി അപ്പോഴും ഒന്നും അറിയാത്ത പോലെ സ്ക്രീനിൽ തന്നെ നോക്കി ലയിച്ചു ഇരിപ്പ് തന്നെ. അതോടെ AC യുടെ ഉഗ്രൻ തണുപ്പിലും ഞാൻ വിയർത്തു തുടങ്ങി. എന്റെ നെഞ്ച് ഇടിക്കുന്ന ശബ്ദം തിയട്ടെരിലെ DTS സിസ്ടതെക്കാൾ നല്ലോണം മുഴങ്ങി കേട്ടു. ഇതിനു മുൻപ് വഴിയിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന പാവം എന്ന് തോന്നിയ   ചില പെണ്കുട്ടികളെ എന്തെങ്കിലും നിഷ്കളങ്കം ആയി അവര് പോലും കേൾക്കാതെ കമന്റ്ചെയ്തത് അല്ലാതെ , ഇത് പോലെ ഒരു ഭാഗ്യ ദേവത അടുത്തിരുന്നു ഇങ്ങോട്ട് തോന്ടുന്നത് പോലെയുള്ള വലിയ കാര്യങ്ങൾ ചിന്തിച്ചു നോക്കാനുള്ള മനക്കട്ടി പോലും എനിക്കില്ലായിരുന്നു. എങ്കിലും എന്റെ ഉള്ളിലെ പുരുഷ ഈഗൊ ഉണർന്നു. ഇത്രയൊക്കെ ആയിട്ട് ആണായി പിറന്ന ഞാൻ പ്രതികരിക്കാതെ ഇരുന്നാൽ അതിന്റെ ചീത്ത പേര് ലോകത്തെ എല്ലാ ആണുങ്ങൾക്കും ആണെന്ന് എനിക്ക് തോന്നി. ഇനി തിരിച്ചു അങ്ങോട്ടും തോണ്ടുക എന്നത് അപ്പോൾ എന്നിൽ നിക്ഷിപ്തമായ അനിവാര്യമായ  ഒരു കർമം ആയി ഞാൻ തിരിച്ചറിഞ്ഞു. ലോകത്തിലെ എല്ലാ ആണുങ്ങളുടെയും അഭിമാനം എൻറെ വിരൽ തുമ്പിലായ ഒരു നിമിഷം ,  കണ്ണുകളടച്ചു മനസ്സിൽ ആരെയൊക്കെയോ ധ്യാനിച്ച്‌, എന്തൊക്കെയോ പ്രാർഥിച്ചു , തണുത്തു വിറച്ച എൻറെ കൈ വിരൽ കൊണ്ട് ഞാൻ തിരികെ തോണ്ടാൻ കൈ നീട്ടാൻ തുടങ്ങവേ....ട്രിംഗ് ..ട്രിംഗ് ..ട്രിംഗ് ... സിനിമ ഇന്റെർവൽ മണി മുഴങ്ങി.

 

സിനിമ ഹാളിൽ ലൈറ്റുകൾ തെളിഞ്ഞു. ആളുകൾ ധൃതിയിൽ പുക വലിക്കാനും , പോപ്കോണ്വാങ്ങാനും ,  റസ്റ്റ്  റൂം പോകാനും ഓടി ഇറങ്ങി.  ഞാൻ അപ്പോൾ ജാള്യതയും , ചമ്മലും , ആശ്വാസവും , കരച്ചിലും , ചിരിയും ഒക്കെ കലർന്ന ഒരു മാനസികാവസ്ഥയിൽ അവിടെ തളർന്നിരുന്നു.  സമയം വീണ്ടും എൻറെ കാലിലേക്ക് തോണ്ടിയ ചെറിയ കൈകൾ പയ്യെ  ഞാൻ  എടുത്തു മാറ്റുമ്പോൾ, ചേച്ചി എന്നോട് സോറി പറഞ്ഞു തന്റെ മടിയിൽ കിടന്നിരുന്ന ചെറിയ കുഞ്ഞിനെ അടുത്തിരുന്ന  നല്ല മസ്സിലുകളുള്ള ഭർത്താവ് ചേട്ടന് കൈ മാറി. എന്റെ ഉള്ളിലെ ചാപല്യം തിരിച്ചറിഞ്ഞെന്ന ഭാവത്തിൽ, ഒരു കുസൃതി ചിരിയോടെ ആ കുഞ്ഞു എന്നെ തന്നെ നോക്കി അപ്പോഴും ആക്കി ചിരിച്ചു കൊണ്ടിരുന്നു.

 

ഒരു നല്ല നിമിഷത്തിന്റെ ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ , അന്നവിടെ കുറെ തല്ലും കൊണ്ട്  ഒരു സാമൂഹിക വിരുദ്ധൻ എന്ന്  മുദ്ര കുത്ത പെടേണ്ടി ഇരുന്ന എനിക്ക് , മാന്യന്മാരായ നിങ്ങൾക്ക് നൽകാനുള്ള ഈ കഥയുടെ ഗുണപാഠം ഇതാണ്...

 

സിനിമ ഹാളിൽ വെച്ച് ആരെങ്കിലും നിങ്ങളെ തോണ്ടിയാലും , ഒന്ന് തിരിച്ചു തോണ്ടാൻ ആഗ്രഹം ഉണ്ടെങ്കിൽ, ഇന്റെർവൽ വരെ കാത്തിരിക്കുന്നത് വളരെ നല്ലതായിരിക്കും...


[ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" ഓഗസ്റ്റ്‌ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]