Thursday, December 10, 2015

നാടക മത്സരം - ഒരു തത്സമയ റിപ്പോർട്ടിംഗ്
"ടീം നമ്പർ 26 ഓണ്‍ സ്റ്റേജ് .... ട്രിംഗ് ട്രിംഗ് ട്രിംഗ്.... "


സ്റ്റേജിലേക്ക് കയറാൻ വേണ്ടി ഞങ്ങളുടെ ടീമിന്റെ പേര് മൈക്കിലൂടെ വിളിച്ചതും എന്റെ ചങ്കിടിപ്പിന്റെ മുഴക്കം ഉച്ചസ്ഥായിലെത്തി. ഇനി കർട്ടൻ പൊങ്ങാൻ വെറും നിമിഷങ്ങൾ മാത്രം. അത് വരെ എനിക്കുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്ന ആത്മവിശ്വാസം , ധൈര്യം  , ചങ്കൂറ്റം , തൊലിക്കട്ടി എന്നതൊക്കെ , എന്റെ തലയിൽ നിന്നും ഒഴുകിയെത്തുന്ന വിയർപ്പിൽ, മുഖത്തിലെ മേക്കപ്പിനോടൊപ്പം താഴോട്ടു ഒലിച്ചിറങ്ങി. കനത്ത ബാസ്സ് സൌണ്ടിന്റെ ഉടമയായ ബാസിത്ത് മൈക്കിലൂടെ നാടകത്തെ കുറിച്ചുള്ള ആമുഖം കർട്ടൻ ഉയരും മുൻപ് നൽകുകയാണ് . അവന്റെ ആ ഡയലോഗ് കഴിയുമ്പോൾ ദീപു അണ്ണൻ ഡ്രമ്മിന്‍റെ അടുത്ത് കമഴ്ത്തി വെച്ച  സ്റ്റീൽ പ്ലേറ്റ് പോലുള്ളതിൽ ഒരു യമണ്ടൻ അടി അടിക്കും . പിന്നെ , സുകുമാരൻ അണ്ണൻ പിയാനോയിൽ വെച്ച് പിടിക്കുന്ന മ്യൂസിക്കിനൊപ്പം ഉയരുന്ന സ്റ്റെജു കർട്ടന്റെ കൂടെ , ഞങ്ങളും സ്റ്റെജിൽ പ്രവേശിക്കണം. ജീവിതത്തിലെ ആദ്യത്തെ സ്റ്റേജു ! ആദ്യത്തെ നാടകം ! ആദ്യത്തെ കാണികൾ !


അഞ്ചു പേരുള്ള ഈ ചരിത്ര നാടകത്തിൽ , ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടു വേഷങ്ങളിൽ ഒന്നാണ് എന്റേത് എന്നാണു മറ്റു മൂന്നു വലിയ വേഷക്കാരും പറയുന്നത് . ആകെ എനിക്കുള്ളത് നാടകത്തിനു നടുവിലായി ഞാൻ പൊരുതി നേടിയ ഒരേയൊരു ചെറിയ  ഡയലോഗ് ആണ് , അത് തന്നെ പത്തു വട്ടം തെറ്റിച്ചു പറഞ്ഞതിനാൽ ഒഴിവാക്കാൻ സംവിധായകനും പ്രധാന നടനും ഒരുപാട് ശ്രമിച്ചതാണ്.ഒരു ഡയലോഗ് പോലുമില്ലെങ്കില്‍ ഞങ്ങൾ സ്റ്റെജിൽ കയറില്ലയെന്ന പരസ്യമായ ഭീഷണിയുടെ പുറത്തും , ദയവു ചെയ്തു ഒരു ഡയലോഗ് എങ്കിലും തരണം അണ്ണാ പ്ലീസ്, എന്ന രഹസ്യമായ കാലു പിടിക്കലിനും ഒടുവിലാണ് അവസാനം ആ സുവർണാവസരം ഒത്തു കിട്ടിയത് . എന്താണ് എന്റെ റോൾ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ ! ഞാൻ ഇതിലെ രാജാവിന്റെ രണ്ടു ഭടന്മാരിൽ ഒരാളാണ് ! നാടകം തുടങ്ങുമ്പോൾ ആദ്യ സീനിൽ തന്നെ  രാജാവിനെ ആനയിച്ചു കൊണ്ട് വന്നു , നിൽകമൽ പ്ലാസ്റ്റിക്‌ കസേരയിൽ , ചുവന്ന തിളങ്ങുന്ന തുണികൊണ്ട് ഉടായിപ്പ് കാണിച്ചു അലങ്കരിച്ചു വെച്ച , ലോക്കൽ സിംഹാസനത്തിൽ കൊണ്ടിരുത്തി ; മരക്കൊമ്പിൽ തെർമോക്കോള് കൊണ്ടുണ്ടാക്കിയ കുന്തം എന്നും പറഞ്ഞു തന്ന വൃത്തികെട്ട ഒരു സാധനവും കയ്യിൽ പിടിച്ചു , നാടകം തീരും വരെ സ്റ്റെജിൽ മുന്നിലായി ഇടതു വശത്ത് ( വലതു വശത്ത് മറ്റേ ഹതഭാഗ്യനായ ഭടൻ )  , കാണികളെ നോക്കി , അട്ടെൻഷൻ ആയി അനങ്ങാതെ നിൽക്കണം ! 


ഞങ്ങൾക്കും എന്തേലും ഡയലോഗ് വേണമെന്ന ശിപായി ലഹളയുടെ പരിഹാരമായി  , നാടകത്തിന്റെ പകുതി ഭാഗത്ത്‌ , രാജാവ് എന്തോ ചിന്തിച്ചു കൊണ്ട് ഉദ്യാനത്തിൽ ഉലാത്തുമ്പോൾ , ഞങ്ങളുടെ രാജ  ഭക്തി കാണിക്കാനായി , 'വേണമെങ്കിൽ' ഞങ്ങൾക്ക് സ്റ്റെജിനു സൈഡിൽ തൂക്കിയ മൈക്കിനു അരികിൽ പോയി  " അതാ    , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ നാലഞ്ചു പക്ഷികൾ... " എന്ന് എനിക്ക് പറയാം , അപ്പോൾ മറ്റേ ഭടൻ , "ഇനിയെങ്ങാനും തിരുമനസ്സിന്റെ ശിരസിൽ കാഷ്ട്ടം വിണാൽ !... നമുക്കതിനെ ഇപ്പോൾ തന്നെ കുന്തമെറിഞ്ഞു കൊല്ലാം .... " എന്ന് പറയും . അപ്പോൾ രാജാവ് , "വേണ്ടാ , അവരവിടെ സുരക്ഷിതമായി ഇരുന്നോട്ടെ  "  എന്ന് പറഞ്ഞു ആ നല്ല സ്നേഹമുള്ള തിരു മനസ്സ്  കാണികൾക്ക് കാണിക്കും.ശെടാ ... ബാസിത് ആമുഖം അവസാനിപ്പിച്ചു ... കമഴ്ത്തിയ പ്ലേറ്റിൽ ദീപുഅണ്ണൻ ആഞ്ഞടിച്ചു ... സുകുമാരൻ അണ്ണൻ മുസിക്കും ഇട്ടു... കർട്ടൻ മുകളിലോട്ടു  കയറാനും തുടങ്ങി ... ഞങ്ങൾ ഭടന്മാർ പേടിച്ചു വിറച്ചു ആണേലും , ഒരു വിധം സ്റ്റെജിലൊട്ടു കടക്കാൻ തുടങ്ങവെയാണ് , അത് വരെ ഞങ്ങളോട് ധൈര്യത്തെ കുറിച്ച് കൂളായി സംസാരിച്ചു കൊണ്ടിരുന്ന നാടകത്തിലെ  പ്രധാന നടൻ മഹാരാജാവ് മനു അണ്ണൻ ഞങ്ങളെ ഞോണ്ടി വിളിച്ചു ചോദിച്ചത് , " നമുക്ക് മുങ്ങിയാലോ , എനിക്ക് ടെൻഷൻ കാരണം ഡയലോഗ് ഒന്നും ഇപ്പോൾ ഓർമ്മ വരുന്നില്ല ! അത് പോലെ , ആകെയൊരു വിറയലും തലകറക്കവും .... " !! . ഒട്ടും ചിന്തിച്ചു നിൽക്കാൻ നേരമില്ലാത്ത  ഈ വൈകിയ അവസരത്തിൽ , ഞങ്ങളോടൊപ്പം നടന്നു സ്റ്റെജിൽ പ്രവേശിക്കേണ്ട മഹാരാജനെ ,പിറകിലോട്ടു മുങ്ങാൻ അവസരം നൽകാതെ    , ഞങ്ങൾ രണ്ടു ഭടന്മാർ തോളത്ത് പൊക്കിയെടുത്തു , സ്റ്റെജിനു നടുവിൽ അലങ്കരിച്ച നിൽകമൽ സിംഹാസനത്തിൽ കൊണ്ടിരുത്തി നാടകമെന്ന കലയോടും , അഭിനയത്തോടും ഉള്ള ഞങ്ങളുടെ അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിച്ചു ! എന്നിട്ട്,  ഒന്നും സംഭവിക്കാത്ത മട്ടിൽ ഞങ്ങൾ സ്റ്റെജിനു മുന്പിലുള്ള ഞങ്ങളുടെ പോസിഷനിലേക്ക് പോയി കുന്തവും പിടിച്ചു അന്തസായി നിവർന്നു നിന്നു .സിംഹാസനത്തിൽ രാജാവ് , ചിന്താകുലനായി , വിഷണ്ണനായി, താടിയിൽ കയ്യും വെച്ച് ഇരിക്കുന്നതാണ് ഈ നാടകത്തിന്റെ തുടക്കം എന്നതിനാൽ ,  റിഹേർസൽ സമയത്ത് ഒരിക്കൽ പോലും ശെരിയാവാത്ത ആ ടെൻഷൻ ഇരിപ്പ് രംഗം, മനു അണ്ണൻ ഭയങ്കര ഒറിജിനൽ ആയി സ്റ്റെജിൽ ജീവിച്ചു  !!! ഈ ഇരുപ്പിന്റെ പിന്നിലെ യഥാർത്ഥ സത്യമറിയാതെ കയറി വന്ന മന്ത്രി പുംഗവൻ പ്രദീപ്‌ സ്ക്രിപ്റ്റിൽ കാണാതെ പഠിച്ച അര പേജു സങ്കടം, രാജാവിനോട് ഒറ്റ ശ്വാസത്തിൽ ഉണർത്തിച്ചു . സ്ക്രിപ്റ്റിലെ രാജാവിന്റെ അടുത്ത കാൽ പേജു മറുപടി കേൾക്കാനായി , രണ്ടു മിനിട്ട് കാത്തിരുന്ന മന്ത്രി പുംഗവൻ , ഒന്നും മിണ്ടാതെ താടിയിൽ കയ്യും കൊടുത്തു ഇരുന്ന രാജാവിനെ നോക്കി ദേഷ്യത്തോടെയും സങ്കടത്തോടെയും "എന്തേലും ഒക്കെ ഒന്ന് ഞങ്ങളോട് പറഞ്ഞൂടെ മഹാ രാജൻ "  എന്ന് അതി ദയനീയമായി ചോദിച്ചു കൊണ്ട് ഈ നാടകത്തിന്റെ വരാൻ പോകുന്ന വിധി ഞെട്ടലോടെ തിരിച്ചറിഞ്ഞു !


വിഷണ്ണൻ ആയിരിക്കുന്ന രാജാവിന്റെ മറുപടിയില്ലാതെ ഇനി എങ്ങനെ സംഭവം മുന്നോട്ടു കൊണ്ട് പോകുമെന്നാലോചിച്ച് മന്ത്രി പുങ്കവൻ നിൽക്കവേയാണ് , ഇതൊന്നുമറിയാതെ , കറക്റ്റ് ടിമിംഗ് ക്ലോക്കിൽ നോക്കി , കൊട്ടാരം മഹർഷി തോമസ്‌ കാണാതെ പഠിച്ച ഡയലോഗായ , "മഹാ രാജൻ ഇപ്പോൾ പറഞ്ഞത് വളരെ ശെരിയാണ് " എന്നും ഉറക്കെ പറഞ്ഞു സ്റ്റെജിൽ എത്തിയത്  !! രാജാവിന്റെ അടുത്ത ഡയലോഗും കാത്തു കണ്ണും മിഴിച്ചിരുന്ന മഹർഷിയോട് ഒടുവിൽ  ഗത്യന്തരമില്ലാതെ മന്ത്രി പുങ്കവൻ സ്ക്രിപ്റ്റിൽ ഇല്ലാത്ത  " മഹാ രാജൻ ഇത് വരെ ഒന്നും മിണ്ടിയിട്ടില്ല മഹാത്മാവേ ... " എന്ന് പറഞ്ഞതും , മഹർഷി തോമസ്‌ " എന്റെ കർത്താവേ , ചതിച്ചോ " എന്ന് അറിയാതെ വിളിച്ചു പോയതും ഒന്നിച്ചായി .ഇടതു വശത്ത് അട്ടെൻഷൻ ഭടൻ ആയ എനിക്ക് ആദ്യം സദസ് മുഴുവൻ ഇരുട്ടായി തോന്നി. പിന്നീടാണ് അങ്ങിങ്ങ് ഇരിക്കുന്ന കുറച്ചു കാണികളെ ചെറിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞത്. അത് വരെ , പല നല്ല പരിപാടികളിലും സദസിലിരുന്നു കൂവിയിട്ടുണ്ടെങ്കിലും, ആദ്യമായി സ്റ്റെജിൽ നിന്നും സദസ് കണ്ടപ്പോൾ ഒരു പുതുമ തോന്നി ! മുൻവശത്തെ നിരയിലായി ഇരിക്കുന്ന മത്സരത്തിന്റെ മൂന്നു വിധികർത്താക്കൾ , നേരത്തെ ഞങ്ങൾ സബ്മിറ്റ് ചെയ്ത മുപ്പതു പേജു സ്ക്രിപ്റ്റിൽ നിന്നും , ഇപ്പോൾ സ്റ്റെജിൽ നടന്നു കൊണ്ടിരിക്കുന്ന ഡയലോഗുകൾ എവിടെയെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ! സ്റ്റെജിൽ ആണെങ്കിൽ മന്ത്രിപുങ്കവനും കൊട്ടാര മഹർഷിയും മഹാരാജനെ കൊണ്ട് എന്തേലും ഡയലോഗ് പറയിക്കാതെ ഇനി നാടകം മുൻപോട്ടു പോകാനാകില്ല എന്ന വല്ലാത്ത അവസ്ഥയിലും !! ഏതാണ്ട് അഞ്ചു നിമിഷം നീണ്ടു നിന്ന നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ സിംഹാസനത്തിൽ നിന്നും എഴുന്നേറ്റു , മന്ത്രിയുടെയും മഹർഷിയുടെയും തോളത്തു കയ്യിട്ടു , മഹാരാജൻ ആ ഒടുക്കത്തെ ഡയലോഗ് പറഞ്ഞു .... " സോറി , എന്നെ കൊണ്ട് ഈ പരിപാടി നടക്കില്ല . പുല്ലു , നിങ്ങള് കളഞ്ഞിട്ടു വന്നോ .... "
അതി വേഗത്തിൽ രാജാവും , പിറകിലായി മന്ദം മന്ദം മന്ത്രിയും മഹർഷിയും സ്റ്റെജിൽ നിന്നും തിരശീലക്കു പിറകിലോട്ടു വലിഞ്ഞു . എന്താണ് നാടകത്തിലെ അതി വികാരഭരിതമായ അടുത്ത രംഗമെന്നു മനസ്സിലാകാതെ കാണികൾ  ആകാംഷയോടെ കാത്തിരുന്നു !  സ്ക്രിപ്റ്റ് നോക്കി വട്ടായ ജഡ്ജുമാർ , സ്ക്രിപ്റ്റ് പേപ്പർ ദൂരെ കളഞ്ഞു , തോൽവി ഉറപ്പിച്ച  നാടകം അവസാനിക്കാൻ അക്ഷമരായിരുന്നു . കാണികളെ പോലെ , നാടകം മുടങ്ങിയെന്ന സത്യം അറിയാതെ , ഞങ്ങൾ രണ്ടു ഭടന്മാരും ഇടത്തും വലത്തും ആയി കുന്തവും പിടിച്ചു , കുന്തം പോലെ നിന്നു ! നാടകാവസാനം വായിക്കേണ്ടി ഇരുന്ന സെന്റി മ്യൂസിക്‌ പ്ലേ ചെയ്തു ,സുകുമാരൻ അണ്ണൻ പിയാനോയിലൂടെ ഞങ്ങളോട് എല്ലാം കഴിഞ്ഞെടാ മക്കളേ , കാണികൾ ഏറു തുടങ്ങും മുൻപ് വേണേൽ രക്ഷപെട്ടോ , എന്ന് സംഗീതാത്മകമായി മുന്നറിയിപ്പ് തന്നു. ഞാൻ വലത്തോട്ട് തല ചെരിച്ചു നോക്കി , സ്റ്റെജിൽ ബാക്കിയുള്ളവർ വലിഞ്ഞെന്നും , നാടകം പൊളിഞ്ഞെന്നുമുള്ള തിരിച്ചറിവിൽ , ഞങ്ങൾ രണ്ടു ഭടന്മാർ തിരിച്ചു നടക്കാൻ തുടങ്ങവേ , പെട്ടെന്ന് മറ്റേ ഭടൻ മൈക്കെടുത്ത് ഞാൻ പറയേണ്ടി ഇരുന്ന ആ ഡയലോഗ് പറഞ്ഞു .... 


 " അതാ  ഭടോ , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ ഒന്നുമറിയാതെ നാലഞ്ചു പക്ഷികൾ... "


അത് കേട്ട് ഞാനും അപ്പോൾ മനസ്സിൽ തോന്നിയ എന്റെ ആദ്യ സ്റ്റെജു ഡയലോഗ് ആ മൈക്കിലൂടെ പറഞ്ഞു ,

 "വേണ്ട ഭടോ.. , അവരവിടെ സ്വസ്ഥമായി ഇരുന്നു, എന്തേലും ഒക്കെ ചെയ്തോട്ടെ....   "


സ്റ്റെജു കർട്ടൻ താഴ്ന്നു വരികയും , കാണികളുടെ കൂവൽ ഉയർന്നു വരികയും  ചെയ്യുമ്പോൾ , നാടകത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഞങ്ങൾ രണ്ടു ഭടന്മാരും , ജീവിതത്തിലെ ആദ്യ സ്റ്റെജിൽ നിന്നും , ആദ്യ നാടക ഡയലോഗിന്റെ നിറ നിര്‍വൃതിയോടെ,  നിറഞ്ഞ കണ്ണുകളും, നിവർത്തി പിടിച്ച തലയും ,കുത്തി പിടിച്ച കുന്തവുമായി, വേദി വിട്ടിറങ്ങി .


... ശുഭം ...

32 comments:

 1. ഹഹഹാ.... ചിരിപ്പിച്ചു, നിസംശയം..
  അക്ഷരപ്പിശാശിനെ ഒന്നൂടി ഓടിക്കാന്‍ ഉണ്ട്. ;)

  ReplyDelete
 2. ഹാ ഹാ ഹാാാ.ഷഹീമേ!!!!!!!ചിരിച്ച്‌ ചിരിച്ച്‌ ഞാൻ ചാകാറായി.ശ്വാസം മുട്ടിപ്പോയി.അത്രയ്ക്ക്‌ തമാശകൾ ഉണ്ട്‌.
  എന്നാലും എന്റെ ഭടോ!!!!!!!

  ReplyDelete
 3. ഭടോ... നിങ്ങളാണു താരം... :)

  ReplyDelete
 4. രാജാവിന്റെ ചങ്കൂറ്റം അ പാരം തന്നെ... ബോധം കെടാതെ അത്ര നേരം അവിടെ ഇരുന്നതു തന്നെ അത്ഭുതം -

  നന്നായിരിയ്ക്കുന്നു എഴുത്ത്. ചിരിയ്ക്കാനുള്ള വക ധാരാളം... ആശംസകൾ...

  ReplyDelete
 5. ചെറുപ്പം മുതലേ ഒരു നാടകത്തിലെങ്കിലും അഭിനയിച്ച് മരിക്കണമെന്നാണ്‍ എന്‍റെ ആഗ്രഹം, രാജാവിനെപ്പോലെ വിഷണ്ണയായി ഞാനിരിക്കുന്ന രംഗം ഓര്‍ക്കുമ്പോള്‍ വേണ്ടെന്നു തോന്നുന്നു, മന്ത്രിപുംഗവന്‍റെ മനോധര്‍മ്മം സമ്മതിച്ചു,

  പോസ്റ്റ് വായിച്ചു ചിരിച്ച് ചിരിച്ച് മരിച്ചു

  ReplyDelete
 6. എല്ലാവരും തമാശയിലേയ്ക്ക്‌ കടന്നു.ഇനി ഞാനൊക്കെ എന്നാ ചെയ്യും??ബ്ലോഗിൽ നിന്നും നാടു വിട്ടാലോന്നാ ആലോചിക്കുന്നേ!!!!!

  ReplyDelete
 7. ആദ്യ വരവിനും , കുറിച്ചിട്ട അഭിപ്രായങ്ങൾക്കും, വളരെ നന്ദി ആർഷ ... എന്തൊക്കെ ഞാൻ ശ്രമിച്ചു എന്നറിയോ , പക്ഷെ , ഈ അക്ഷര പിശാശിനെ ഇപ്പോൾ തിരിച്ചറിയാൻ പോലും പറ്റുന്നില്ല , എന്നതാണ് സങ്ങടം !

  ReplyDelete
 8. സുധി ഭായ് ... അകമഴിഞ്ഞ ഈ പ്രോത്സാഹനത്തിനും നല്ല വാക്കുകൾക്കും നന്ദി ... ആരൊക്കെ തമാശയിലേക്ക് കടന്നാലും , ഈ ബ്ലോഗ്‌ ലോകത്ത് സുധിയുടെ എഴുത്തുകൾക്ക് അത് ഇഷ്ട്ടപെടുന്ന എന്നെ പോലുള്ള വായനക്കാർ ധാരാളം ഉള്ളിടത്തോളം നാട് വിടേണ്ടി വരില്ലല്ലോ ... :)

  ReplyDelete

 9. അതെ വിനു ഏട്ടാ ... ഈ വലിയ രാജാക്കന്മാരും മന്ത്രിമാരും മഹർഷിമാരും ഒന്നുമല്ല , പാവം ഭടന്മാരാണ് ശെരിക്കുള്ള താരങ്ങൾ .. :)

  ReplyDelete
 10. വളരെ നന്ദി അശോകേട്ടാ .... രാജാവ് ടെൻഷൻ അടിച്ചു ബോധം കെടാൻ പോലും മറന്നു എന്നാണു തോന്നുന്നത് !

  ReplyDelete
 11. നന്ദി പ്രിയ ഷാജിതാ ... ഞാനും പണ്ട് ഷാജിത പറഞ്ഞ പോലെ """നാടകത്തിലെങ്കിലും അഭിനയിച്ച് മരിക്കണമെന്നാണ്‍ എന്‍റെ ആഗ്രഹം""" എന്നൊരു നാടകം ആശാനോട് പറഞ്ഞപ്പോൾ , എന്റെ അഭിനയം കണ്ടു , "നീ ഇങ്ങനെ അഭിനയിച്ചാൽ , മിക്കവാറും നിന്റെ ആഗ്രഹം പോലെ തന്നെ , സ്റ്റെജിൽ വെച്ച് കാണികൾ നിന്റെ മരണം നടത്തും " എന്ന് പറഞ്ഞത് ഓർമ വന്നു ! :)

  ReplyDelete
 12. നല്ല നാടകം. ആദ്യ നാടകാഭിനയം ഗംഭീരമായി ഭടാ. അത്രയെങ്കിലും പറഞ്ഞ ആ ഭടനെയാണ് സമ്മതിച്ചു കൊടുക്കേണ്ടത്. എഴുത്ത് നന്നായി. ഒരൽപ്പം കൂടി നാടകീയത എഴുത്തിൽ വരുത്തിയിരുന്നുവെങ്കിൽ കുറെ ക്കൂടി നന്നായേനെ.

  ReplyDelete
 13. ഈ വിലപ്പെട്ട അഭിപ്രായത്തിനു വളരെ നന്ദി ബിപിൻ സർ ...

  ReplyDelete
 14. വളരെ നന്നായി....കോളേജ് പഠനകാലത്ത്‌ ആണ്‍പിള്ളേര്‍ തട്ടി കൂട്ടുന്ന "ഡ്രാമ" രംഗങ്ങള്‍ ഓര്‍മ്മ വന്നു.....ചില കുഞ്ഞു സിനിമകളും ഓര്‍മയില്‍ എത്തി.....!!!ആശംസകള്‍

  ReplyDelete
 15. ഒത്തിരി ചിരിച്ചു ഷഹീമിക്കാ.. നല്ല രസമുണ്ടായിരുന്നു വായിക്കാൻ. ഈ നാടകങ്ങൾ പലപ്പോഴും ഒരു സംഭവമാ അല്ലേ..

  ReplyDelete
 16. ഇനിയും ഒരു നാടകം കൂടി സംവിധാനം ചെയ്യാനുള്ള സ്ക്കോപ്പ് ഉണ്ട് , അത്രക്ക് ചിരിപ്പിച്ചു

  ReplyDelete
 17. ശുദ്ധഹാസ്യം നന്നായി അവതരിപ്പിച്ചു. സ്റ്റേജേൽ കേറിയാൽ മുട്ടിടിക്കുന്ന പൂർവകാലം ഒരു ചിരിയോടെ ഓടിയെത്തി.

  ReplyDelete

 18. ഈ വരവിനും , ഈ നല്ല വാക്കുകൾക്കും വളരെ നന്ദി ജിഷ ...:)

  ReplyDelete
 19. കുറിച്ചിട്ട നല്ല വാക്കുകൾക്കു വളരെ നന്ദി കുഞ്ഞുറുമ്പേ.... :)

  ReplyDelete
 20. നല്ല വാക്കുകൾക്കു വളരെ സന്തോഷം alju sasidharan ... :)

  ReplyDelete
 21. ഈ വരവിനും വായനക്കും വളരെ നന്ദി Pradeep Nandanam ... :)

  ReplyDelete
 22. കലക്കി ഭടാ...
  ശരിക്കും ചിരിപ്പിച്ചു...

  ReplyDelete
 23. വളരെയധികം നന്ദി പ്രിയപ്പെട്ട കരിമ്പക്കാരൻ ... ഞാൻ ഇന്ന് ആദ്യമായാണ് കരിമ്പക്കാരൻ ബ്ലോഗ്ഗിൽ വന്നത് , എല്ലാ പോസ്റ്റും വായിച്ചു , നന്നായി എഴുതിയതിനു , തിരിച്ചും എന്റെ ആശംസകൾ ... :)

  ReplyDelete
 24. പഴയ കാലം ഓർത്തു പോയി...
  ഡയലോഗ് മറന്നു സ്റ്റേജ് വിട്ടോടിയ ഒരു അനുഭവം ഞങ്ങൾക്കുമുണ്ട്

  ReplyDelete
 25. Shaheem Ayikar സംഭവം ഉഷാര്‍....ഭടന്‍മാരെ നിങ്ങള് കലക്കി...ആശംസകള്‍...
  ആഷചേച്ചിയുടെ പോസ്റ്റ്‌ വഴിയാണ് ഇവിടെ എത്തിയത്...വന്നത് വെറുതെയായില്ല.... നിങ്ങള് സിര്‍പ്പിച്ചു കളഞ്ഞ്
  :D

  ReplyDelete
 26. വായനക്കും കുറിച്ചിട്ട വരികൾക്കും നന്ദി അൻവർ ഭായ് ...

  ReplyDelete
 27. ഈ നല്ല വാക്കുകൾക്കു നന്ദി ഹബീബ് ഭായ് ... :)

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. രസായിട്ട്ണ്ട് നന്നായി അവതരിപ്പിച്ചു

  ReplyDelete
 30. കുറിച്ചിട്ട നല്ല വരികൾക്ക് നന്ദി ധന്യ ...

  ReplyDelete
 31. രസകരമായ ഓർമ്മകൾ. ആസ്വദിച്ചു.

  ReplyDelete