Monday, April 9, 2018

... കഥയുടെ പേര് 'ചിറകൊടിയാത്ത സരള കിനാവുകൾ' ...



ഒരു മാധ്യമ പ്രവർത്തകൻ . അയാൾക്കൊരേയൊരു മകൾ – സരള, പത്തൊൻപത് വയസ്സ്. ഇവൾ, ഫേസ്ബുക്കിലെ അവളുടെ വിവരങ്ങൾ ചോർത്തുന്ന, അമേരിക്കയിലെ സായിപ്പ് ക്രിസ്ടഫറുമായി പ്രണയത്തിലാണ്. ഈ ക്രിസ്റ്റഫർ ബഹുമിടുക്കനും സുന്ദരനുമാണ്. ആരേലും ഫേസ്ബുക്കിൽ ലോഗിൻ ചെയ്യാൻ ആലോചിച്ചാൽ തന്നെ , അപ്പോൾ അവന്റെയും കുടുംബത്തിന്റെയും എല്ലാ വിവരവും ക്രിസ്റ്റഫർ ചോർത്തും . എന്തും എങ്ങനെയും  ചോർത്തുന്ന കാര്യത്തിന് എപ്പോഴും മുന്നിൽ കാണും. അങ്ങനെ സുക്കെർ അണ്ണന്റെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലും ഉപരി ക്രിസ്റ്റഫർ ഒരു ഫേസ്ബുക്ക് പോസ്റ്ററും കൂടി ആണ്.


പക്ഷേ മാധ്യമ പ്രവർത്തകനു തന്റെ മകളെ, മനോരമയിൽ രേഖാ ചിത്രം  വരയ്ക്കുന്ന ഒരാളെ കൊണ്ട് കെട്ടിക്കാനാണ് താല്പര്യം. ഇക്കാര്യം സരള ക്രിസ്റ്റഫറിനെ അറിയിക്കുന്നു. ക്രിസ്റ്റഫർ കേരളത്തിൽ വരാൻ  ശ്രമിക്കുന്നു. പക്ഷേ കേരളാ വിസ, അതു എവിടെയും കിട്ടുന്നില്ല.


അങ്ങനെ നിവൃത്തിയില്ലാതെ ക്രിസ്റ്റഫർ ഫേസ്ബുക്കിൽ സെന്റി പോസ്റ്റിടാൻ തുടങ്ങുകയാണ്. അത്ഭുതമെന്ന് പറയട്ടെ, ആ പോസ്റ്റിനു രണ്ടു ലൈക്കും നൂറു ഷെയറും കിട്ടുകയാണ്. ഒരു ഷെയറിനു പതിനായിരം ഡോളർ വെച്ച് , ക്രീറ്റഫറിന് ഫേസ്ബുക്ക് ആഡുകളിൽ  നിന്നും ഒരു മില്യൺ ഡോളർ അക്കൊണ്ടിൽ വരുമാനം കിട്ടുകയാണ്. ഈ ഒരു മില്യൺ  കൊണ്ട് ക്രിസ്റ്റഫർ അമേരിക്കയിൽ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്. തനിക്ക് തന്റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് ക്രിസ്റ്റഫർ ബംഗ്ലാവ് പണിയുന്നത്.


പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, മാധ്യമ പ്രവർത്തകൻ തന്റെ മകൾക്കു ഗൂഗിളിലെ വിവരങ്ങൾ ചോർത്തുന്ന ഭർത്താവിനെ ഏർപ്പാടാക്കുന്നു. സരള കരഞ്ഞു. ക്രിസ്റ്റഫർ  ആ കല്യാണം പൊളിക്കാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവിൽ, ബംഗ്ലാവിന്റെ പാലുകാച്ചൽ ദിനം വരികയാണ്. അന്നുതന്നെയാണ് സരളയും ഗൂഗിളുകാരനുമായുള്ള  വിവാഹവും. അവിടെ കല്യാണവാദ്യഘോഷങ്ങൾ. ഇവിടെ പാലുകാച്ചൽ. പാലുകാച്ചൽ, കല്യാണം. കല്യാണം, പാലുകാച്ചൽ. കല്യാണം, പാലുകാച്ചൽ.  അവിടെ സരളയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് ക്രിസ്റ്റഫർ പിടയുകയാണ്, പിടയുകയാണ്.


പക്ഷേ, താലി കെട്ടുന്നില്ല. സരള ദുബായി വഴി അമേരിക്കക്ക് ഓടി. ക്രിസ്റ്റഫർ മരിച്ചില്ല, ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ. ഒടുവിൽ അമേരിക്കയിലെ ആശുപത്രിയിൽ വച്ചവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ... അവർ ഒന്നിക്കുകയാണ് ....


<...എല്ലാം ശുഭം.. >

Tuesday, March 13, 2018

... "ശശിരാജചരിതം" - അറിയപ്പെടാത്ത ചരിത്രങ്ങൾ ...


മൂന്നാം നൂറ്റാണ്ടിന്റെ (233-255) മധ്യകാലത്തായി, മധ്യ തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന മഹാരാജാവാണ് 'ശശി തിരുനാൾ ശശാങ്ക ശർമ്മ' . ഏതോ ഒരു 'ശ'നിയാഴ്ച 'ശി'വരാത്രി ദിവസം ജനിച്ചതു കൊണ്ടാണ് അദ്ദേഹത്തിന് 'ശശി' എന്ന പേര് ലഭിച്ചത് എന്നാണു ഐതീഹ്യം. ജനനത്തോടുകൂടി തന്നെ നാട്ടിലെ പല ചീത്തപ്പേരുകൾക്കും അവകാശിയായിരുന്നു ശശി മഹാരാജാവ്. മണ്ടത്തരങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന അദ്ദേത്തെ ജനങ്ങൾ ‘മണ്ടത്തരശ്രീമാൻ’ എന്ന് വിശേഷിപ്പിച്ചിരുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അയ്യായിരത്തിൽപ്പരം പ്രശസ്ത മണ്ടത്തരങ്ങൾ അദ്ദേഹം പറഞ്ഞിട്ടുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ടത്തരങ്ങളിൽ സർവ്വകലാവല്ലഭനായിരുന്ന ശശി രാജാവിന്റെ കാലഘട്ടം കേരളീയ മണ്ടത്തരത്തിന്റെ സുവർണ്ണകാലമായി അറിയപ്പെടുന്നു. 

ഇരട്ടപ്പേരുകൾ കൊണ്ടും സമ്പന്നമായിരുന്നു ശശിരാജന്റെ ജീവിതം. പ്രത്യേകിച്ച് ഭരണം ഒന്നും നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കാത്ത പ്രഗല്ഭനായ ഭരണാധികാരി ആയിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ ഇന്ന് പല രാഷ്ട്രീയക്കാരും തുടരുന്ന രീതികൾക്ക് പിന്നിലും ശശി മഹാരാജാവിന്റെ പാരമ്പര്യമാണ് ഉള്ളത്. പണ്ട് ഇറ്റാലിയൻ കാടുകളിൽ പട്ടം പറത്താൻ പോയ, ശശി രാജന്റെ പിതാവ് രാജൻ രാജാവ് കടത്തിക്കൊണ്ടു വന്ന ശശിയുടെ മാതാശ്രീ സോഫിയ മഹാറാണിക്ക് എന്നും ഒരു തലവിധിയായിരുന്നു 'പപ്പുരാജൻ' എന്ന ഇരട്ടപ്പേരിൽ ജനങ്ങൾ കളിയാക്കി വിളിച്ചിരുന്ന ശശിരാജൻ. അത് പോലെ , 'ശശി' എന്ന് എഴുതിയ, വില കൂടിയ രാജാവസ്ത്രങ്ങൾ ധരിച്ചു അയൽനാടുകളിൽ തള്ളി കറങ്ങി നടക്കുമായിരുന്ന ശശിരാജനെ , നാട്ടുകാർ 'സഞ്ചാരി രാജൻ' എന്നും വിളിച്ചിരുന്നു. പണ്ട് ആശ്രമത്തിൽ പഠിക്കാൻ പോയപ്പോൾ , കുത്തി പിടിച്ച കുന്തങ്ങൾക്കും കമിഴ്ത്തിവെച്ച കുടങ്ങൾക്കും ഇടയിലൂടെയൊക്കെ താൻ പേടിക്കാതെ നടന്നിട്ടുണ്ടെന്നൊക്കെ വീരവാദം പറയുന്ന ശശിരാജനെ "ഇരട്ട മണ്ടൻ" എന്നും നാട്ടുകാർ കളിയാക്കി വിളിച്ചിരുന്നതായി പറയപ്പെടുന്നു. കൊട്ടാരത്തിൽ സൂര്യനമസ്ക്കാരം പഠിപ്പിക്കാനെത്തിയ ശരണ്യ മുനികുമാരിയെ ,രാജ കൊട്ടാരത്തിലെ ഇടവഴിയിൽ വെച്ച് , 'ശശിയുന്' എന്ന് നാട്ടുകാർ ബഹുമാനത്തോടെ ആക്കി വിളിച്ചിരുന്ന രാജൻ പേടിപ്പിച്ചെന്ന, ' സൂര്യനമസ്ക്കാര ആരോപണ വിവാദം' , പ്രാചീന തിരുവിതാംകൂർ കോടതിയിലെ നാറ്റക്കേസുകളിൽ വളരെയധികം പ്രസിദ്ധമാണ്.

ശശി മഹാരാജാവിന്റെ കാലംചെയ്യലിനെ പറ്റി, ചരിത്രത്തിൽ പ്രത്യേകിച്ച് അടയാളപ്പെടുത്തലുകൾ ഒന്നുമില്ല . എങ്കിലും അദ്ദേഹം ഓരോ മലയാളിയുടെയും ഹൃദയത്തിന്റെയുള്ളിൽ ശശി , ശശാങ്കൻ , സോമൻ , ലോലൻ , ടിന്റുമോൻ എന്നൊക്കെയുള്ള പല പേരുകളിലും കാലങ്ങളായി ജീവിക്കുന്നു എന്നാണു വിശ്വാസം. 


[ ചരിത്ര പഠനം & ഗവേഷണം :: ഷഹീം ആയിക്കാർ ]

Tuesday, January 30, 2018

... 'ടോപ്പ് പെർഫോർമെർസ് ' ... ( ഒരു കുടുംബം കലക്കി കഥ )



രാത്രി ഒൻപതു മണിയായതോടെ , തലയും ചൊറിഞ്ഞു , മനസ്സില്ലാ മനസ്സോടെ ലാപ്ടോപ്പും അടച്ചു പൂട്ടി , ഓഫീസിലെ അഞ്ചാമത്തെ ഫ്ലോറിലെ,   ടോപ്പ് പെർഫോർമർ പയ്യെ പയ്യെ നടന്നു , ഓഫീസ് ലിഫ്റ്റിലേക്ക് കയറി ....


ആ ലിഫ്റ്റിലുണ്ടായിരുന്ന , എട്ടാമത്തെ ഫ്ലോറിലെ ടോപ്പ് പെർഫോർമർ, പതിവായി ഈ സമയത്തു കാണാറുള്ള അവനോടു , അന്ന് ആദ്യമായി ഒന്ന് മിണ്ടി ,


" കഴിഞ്ഞ ആഴ്ച വൈഫ് നാട്ടിൽ ആയിരുന്നല്ലേ  ? ഇപ്പോൾ തിരിച്ചെത്തി, അല്ലെ  ? "


" അതേ " , എന്ന് മറുപടി പറഞ്ഞ ശേഷം ; പെട്ടെന്നവൻ അത്ഭുതത്തോടെ ചോദിച്ചു . " ഇതൊക്കെ നിങ്ങൾക്കെങ്ങനെ അറിയാം " !!!!


എട്ടാമത്തെ ഫ്ലോറിലെ ടോപ്പ് പെർഫോർമർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
"ഞാനും നിന്നെ പോലെ ഒരു ടോപ്പ് പെർഫോർമർ ആണെടോ ! ... കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും ,  നിങ്ങൾ അഞ്ചു മണിയാവുമ്പോഴേ ചിരിച്ചു പാട്ടും പാടി , ഓഫീസിൽ നിന്നും സ്പീഡിൽ  ഇറങ്ങി പോകുന്നത് ഞാൻ കണ്ടിരുന്നു "... !!


ഇത് കേട്ട്, അവരുടെ അടുത്ത് നിന്ന , ആറാമത്തെ നിലയിലെ ടോപ്പ് പെർഫോർമർ , ദീർഘ ശ്വാസം വിടുകയും , ഇതൊന്നും കേൾക്കാത്തത് പോലെ, വളരെ സീരിയസ് ആയി, ഒരു മാന്യനെ പോലെ നിന്നു.


[ വായനക്കാരോട് രണ്ട് അപേക്ഷകൾ ::
  1. ദയവായി ഈ ക്രിട്ടിക്കൽ അറിവ്, നിങ്ങൾക്ക് പരിചയമുള്ള ഓരോ ഹൈ പെർഫോർമറിന്റെയും ഭാര്യമാരിൽ എത്തിച്ചു , അവരുടെ ജീവിതം , കൂടുതൽ മനോഹരവും സന്തോഷവും ആക്കി മാറ്റുക .

  2. തല ചൊറിയാതെ, ഓഫീസിൽ നിന്നും രാത്രി വീട്ടിൽ ചിരിച്ചെത്തുന്ന , ഓർഗാനിക് ഹൈ പെർഫോർമറിന്റെ ഭാര്യമാർ , ഈ പോസ്റ്റ് വായിച്ചയുടനെ , അങ്ങട്ട് മറന്നേക്കുക. ]

< ... The End ... >

Tuesday, January 23, 2018

... ഒരു തമിഴ് കുടുംബ പ്രച്ഛന കഥൈ ...




ചെന്നൈയിൽ നിന്നും അടുത്തിടെ ഒരു ഷോർട്ട് ഓൺസൈറ്റ് അസൈന്മെന്റിനു യുഎസിൽ എത്തിയ , പുതിയ ചെന്നൈ ടീം മെമ്പർ , രാവിലെ 9 മണിക്ക് തന്നെ ഫോണിൽ, പതിവ് ഭർത്ത് രോദനം തുടങ്ങി .... 

" അടിയേ റുക്ക്... കൊഞ്ചം കേളു ചെല്ലാ ....  അളകാതെടിയെ  ...  "

പാവം ... !! ഇന്നും ആ തമിഴ് കുടുംബത്തിൽ കലഹം ആണെന്ന് തോന്നുന്നു ! ആളെ നല്ലോണം അങ്ങോട്ട് പരിചയമില്ലാത്ത കൊണ്ട് , "എന്താടെ ഇന്നത്തെ കല്ലുപ്പ് " എന്ന് തുറന്നു ചോദിയ്ക്കാനുള്ള ഒരു ഫ്രീഡം ഇല്ല....  എങ്കിലും , " ഓരോ സംസ്കാരത്തിലും ഓരോ രാജ്യത്തും ഉണ്ടാകാനിടയുള്ള കുടുംബ വഴക്കുകൾ " എന്ന ഇഷ്ട്ട  വിഷയത്തിൽ ഗവേഷണം നടത്തുന്ന ഞാൻ , അങ്ങേത്തലക്കൽ ഫോൺ കട്ട് ചെയ്തതു പോയത് കൊണ്ടുള്ള സങ്കടം കൊണ്ട് , ഡെസ്പ്പായി നടന്നു വന്ന 'രമൺ ശ്രീവാസ്തവ്' എന്നെന്തോ  റിച്ച് പേരുള്ള , അവനോടു  ചോദിച്ചു ... 

" എന്തുപറ്റി രമണാ .... എനി ഫാമിലി പ്രോബ്ലെംസ് ? "

പിന്നെയങ്ങോട്ട് , മുല്ലപ്പെരിയാർ ഡാമു തുറന്നപോലെ , ആ അരുമൈ തമ്പി എന്നോട് പറഞ്ഞ ഒരു മണിക്കൂർ കഥന കഥ , നിങ്ങൾ തന്നെ  'ഫില്ലിങ് ദി ബ്ളാങ്ക്സ് വിത്ത് സ്യുറ്റബിൾ വേർഡ്‌സ് '  ആയി മനസ്സിലാക്കാൻ , മലയാളത്തിൽ താഴെ കൊടുക്കുന്നു  ....

""" 'അമ്മ അമ്മാൾ .... ഒരൊറ്റ മോൻ ... സ്നേഹത്തിൻ നിറകുടം അമ്മാ ... എപ്പോളും അമ്മാക്കു അഴഗ്  സിരിപ്പു ... കല്യാണം വിത്ത് രുക്കുമണി ... 'അമ്മ സെലക്ട് ചെയ്ത പൊൺ ... നയൻതാര മാതിരി നല്ല പൊൺ ... ഹാപ്പി ജാളി ലൈഫ് ... എന്തോ , അമ്മാക്ക് ഇപ്പോൾ സിറിയില്ല ...  ആനാൽ നല്ല സൊറിയാൽ ഉണ്ടെന്നു റുക്ക്‌ ... റുക്ക്‌നെ വിശ്വാക്കാതിരിക്കാനും വയ്യ , അമ്മാവോടു സോധിക്കാനും വയ്യ ... ഓൺസൈറ്റ് വന്നതിൽ പിന്നെ എന്നും വീട്ടിൽ തിരുവിഴാ .... ഇപ്പോൾ സോറിച്ചിൽ മാറി മാന്തൽ ആയെന്നു റുക്ക്‌... അമ്മാവോട് ചോദിച്ചപ്പോൾ 'എൻ മകൻ പോണ്ടാണ്ടി വന്നതുക്കു പുറം , തട്ടി പേസുതേ ' എന്ന് അലറി അഴകൽ   ....  """

നൂറ്റാണ്ടുകളായി തുടർന്ന് കൊണ്ടിരിക്കുന്ന ഈ പാറ്റേൺ , ലോകത്തു എല്ലായിടത്തും എല്ലാ സംസ്കാരത്തിലും , ഒരുപോലെ ആണല്ലോ എന്നോർത്ത് നിന്ന എന്റെ കൈപിടിച്ച് , അവൻ തേങ്ങി
..
" അണ്ണാ ... കാപ്പത്തോങ്കെ ... നീങ്ക പെരിയ ആളാച്ചേ ... ഒരു സൊല്യൂഷൻ താൻകൊ , നാൻ ആര് പക്കം നിക്കണം "

എന്തോ !! ആരേലും എന്നെ 'അണ്ണാ'  , പെരിയ ആൾ , എന്നൊക്കെ പൊക്കി പറഞ്ഞാൽ , അപ്പോൾ എന്റെ മനസ്സ് അലിയും !!! പത്തു മിനിട്ടു നേരം , അവന്റെ ജീവിതത്തിന്റെ അവസ്ഥയിലൂടെ , ഞാൻ ഒരു തമിഴനെ  പോലെ നടന്നു . ഒടുവിൽ ഞാൻ അവനോടു , മലയാളത്തിൽ ചോദിച്ചു ...

" ഗാന്ധിജിയെയും , അദ്ദേഹത്തിന്റെ മാർഗ്ഗത്തെയും പറ്റി എന്താണ് അഭിപ്രായം ? "

ഇതെന്താണ് , ഞാൻ ഒരു ബന്ധവും ഇല്ലാത്ത ചോദ്യം ചോദിക്കുന്നതെന്ന്, വട്ടായി നിൽക്കുന്ന അവനോടു ഞാൻ എന്റെ ഫിലോസഫി തുടർന്നു...

" ... നമുക്ക് പലപ്പോഴും ജീവിതത്തിൽ രണ്ടു ചീത്ത പേരുകളിൽ ഒന്ന് നിർബന്ധമായും തിരഞ്ഞെടുക്കേണ്ടി വന്നാൽ , ഗാന്ധിയൻ മാർഗത്തിലുള്ള ചീത്ത പേര് , സന്തോഷത്തോടെയും പ്രാർത്ഥനയുടെയും കൂടി അങ്ങട്ട് സ്വീകരിക്കുക ..."

വീണ്ടും തല ചൊറിഞ്ഞു , അവൻ പറഞ്ഞു  ... " സർ ... കൊഞ്ചം പുരിയത് മാതിരി , പ്ളീസ് "

ഞാൻ തുടർന്നു ... " നിന്റെ മുൻപിൽ ഇപ്പോൾ രണ്ടു ഓപ്‌ഷനാണ് ... ഒന്ന് :: 'യുദ്ധ മാർഗം ' : അമ്മാവോടൊപ്പം ചേർന്ന് രുക്കുവിനെ സൊറിയുക... അപ്പോൾ ചിലപ്പോൾ ചില പൊട്ടലും ചീറ്റലും ഉണ്ടാകും ... ചിലപ്പോൾ ഒരു യുദ്ധം വരെ ഉണ്ടാകാം ... ഒരുപക്ഷെ , നയൻതാരയെ മറക്കേണ്ടി വന്നേക്കാം  ... അത് പോലെ 'അമ്മാടെ വാക്കും കേട്ട് പൊണ്ടാട്ടിയെ  തല്ലിയവൻ ' എന്ന ചീത്ത പേര് നാട്ടിലും കിട്ടും ..."

അപ്പോഴേ അവൻ അലറി തുടങ്ങി , 'റുക്ക്‌ .... എൻ റുക്ക്‌ ... സെല്ലാ ..."

" അമൈതി തമ്പി .... അമൈതി... രണ്ടാമത്തെ ഓപ്‌ഷൻ പറയട്ടെ ഞാൻ "

" രണ്ട് :: 'ഗാന്ധി മാർഗം' : എപ്പോഴും രണ്ട് പേരോടും 'സമാധാനപ്പെടു' ,  'സമാധാനപ്പെടു' എന്നല്ലാതെ , വേറൊന്നും പറയാതിരിക്കുക ... 'നിങ്ങള്ക്ക് സ്നേഹമില്ലെന്നു ' ഇടയ്ക്കിടെ രുക്കുവും , 'നീ ഇങ്ങനെ പെങ്കോന്തനായല്ലോ ' എന്ന് ഇപ്പോഴും അമ്മാവും പറയുന്നത് , ഒരു രാഷ്ട്ര പിതാവിന്റെ പക്വതയിൽ , എല്ലാം തന്റെ രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടിയാണല്ലോ എന്ന് കരുതി , പുഞ്ചിരിയോടെ നേരിടുക .."

പറഞ്ഞു നിർത്തും മുൻപ് അവൻ അലറി ... " ഗാന്ധി മതി .... സമാധാനം മതി ... "

എന്നിട്ടു , ഒരു നിമിഷം ആലോചിച്ചു അവൻ , " എന്നാലും , അമ്മാവ് എന്നെ ചീത്ത പറയുന്നത് ..... "

അവനെ ചേർത്ത് നിർത്തി ഞാൻ സമാധാനിപ്പിച്ചു  , " അമ്മാവെടാ ... പെറ്റ തായി ... അമ്മാ എല്ലാം സ്നേഹത്തിൽ പറയുന്നതല്ലേ !! അതിനൊക്കെ സങ്കടപെടാമോ എടാ ... "


അങ്ങനെ , അവിടെ വെച്ച് , 'രമൺ ശ്രീവാസ്തവ്' എന്ന ആ സുഹൃത്തു , സമാധാനത്തിനു വേണ്ടി , കോടിക്കണക്കിനു ഭർത്താക്കന്മാരെ പോലെ , തന്റെ ജീവിതത്തിൽ ഗാന്ധിയൻ മാർഗം സ്വീകരിക്കുകയാണ് സുഹൃത്തുക്കളെ , സ്വീകരിക്കുകയാണ് .

< ദി ഏൻഡ് .... മ്യൂസിക് :: "രഘുപതി രാഘവ് രാജാ രാം " > 

Wednesday, January 10, 2018

... ഒരു ചായ ഫിലോസഫി ...

ഈയിടെ IT ജീവിതം മടുത്തു , മാനേജർ മാത്തപ്പനും സഹായി സഹദേവനും കൂടി , കോവളത്തൊരു ചായക്കട തുടങ്ങി...

അതാകുമ്പോൾ , അവരുടെ ജീവിത ലക്ഷ്യമായ " വിദേശികൾക്ക് ദിവസവും ഉത്തമ കസ്റ്റമർ സർവീസ്" എന്ന ലക്‌ഷ്യം തുടരുകയും ചെയ്യാം; ജോലിയില്ലാതെ ആയാൽ പട്ടിണി കിടന്നു വിശന്നു ചാകാതെ സ്വയം ചായ ഉണ്ടാക്കി കുടിച്ചെങ്കിലും ജീവിച്ചു പോവുകയും ചെയ്യാം ..!

ഒരു ദിവസം , ചായക്കടയിൽ നാല് സായിപ്പന്മാർ വന്നു , നാല് ചൂട് ചായ ഓർഡർ ചെയ്തു. അവർക്കു നാല് ടൈപ്പ് കപ്പുകളിൽ ചായ സെർവ് ചെയ്തത് കണ്ടു , അവർ ഓരോരുത്തരും മറ്റുള്ളവരുടെ കപ്പുകൾ നോക്കി പരിഭവിച്ചു, ഹോട്ടൽ മുതലാളി മാത്തപ്പനോട് ചൂടായി ...

" ഇതെന്താണ് , നാല് പേർക്ക് നാല് ടൈപ്പ് കപ്പുകൾ ! എല്ലാർക്കും ഒരേ പോലെ നിങ്ങള്ക്ക് ചായ തന്നൂടെ ?!!! "

അവരെ നോക്കി പുഞ്ചിരിച്ചു, മുതലാളി മാത്തപ്പൻ, പഴയ IT ശീലം വെച്ച് , ശാന്തമായി കസ്റ്റമേരോട് മൊഴിഞ്ഞു ;

" നോക്കൂ .... നമ്മുടെയൊക്കെ ജീവിതം ഇത് പോലെയാണ് .... ഓരോരുത്തരും അവർക്കു കിട്ടിയ കപ്പുകൾ ( മെറ്റീരിയൽ തിങ്ങ്സ് ) നോക്കി , അതിനെ മറ്റുള്ളവരുടെ കപ്പുകളുമായി താരതമ്യം ചെയ്തു , പരിഭവിച്ചു കൊണ്ട് ; എല്ലാവരുടെയും കപ്പിലും നിറഞ്ഞിരിക്കുന്നതു ഒരേ സൃഷ്ട്ടാവ് ഉണ്ടാക്കിയ , ഒരേ രുചിയും മണവും ഉള്ള ചായയാണ് എന്ന സത്യം തിരിച്ചറിയാതെ ; അത് കുടിക്കുന്നത് ആസ്വദിക്കാതെ , ബാഹ്യമായ കപ്പുകളെ കുറിച്ചോർത്തു , വിലപ്പെട്ട സമയം പാഴാക്കുകയാണ്‌... " !!

ആ ഫിലോസഫി കേട്ട്, മനസ്സും കണ്ണും നിറഞ്ഞു , കസ്റ്റമേഴ്സ് മുതലാളിയോട് തങ്ങളുടെ അറിവില്ലായ്മയ്ക്കു മാപ്പു ചോദിക്കുകയും , ചായ സന്തോഷത്തോടെ കുടിച്ചു , കാശും കൊടുത്തു , നാളെയും വരാമെന്നു പറഞ്ഞു തിരിച്ചു പോവുകയും ചെയ്തു ...

അവരെ സ്നേഹത്തിൽ ടാറ്റാ പറഞ്ഞു യാത്രയാക്കി , മുതലാളി അടുക്കളയിൽ നിന്നും ചായ സൃഷ്ട്ടാവായ സഹദേവനെ അടുത്തേക്ക് നീട്ടി വിളിക്കുകയും , അവന്റെ ചെവിയിൽ , കടുത്ത ഫിലോസഫികൾ , മറ്റു കസ്റ്റമേഴ്സ് കേൾക്കാതെ പറയുകയും; IT ഫീൽഡ് പോലെ എപ്പോഴും ഇങ്ങനെ ഓരോന്ന് പറഞ്ഞു കസ്റ്റമെറിന്റെ അടുത്ത് രക്ഷപ്പെട്ടു പോകാൻ പറ്റില്ലെന്നും, ചായക്കടയിൽ നല്ലോണം പണിയെടുത്തു ജീവിക്കണമെന്നും ഉപദേശിച്ചു .

< The End >