Monday, February 15, 2016

... എന്ന് സ്വന്തം , 'പഴയ' നാൻസി ...

E-Mashi Magazine link :: http://emashi.in/feb-2016/story-ennu-swantham-pazhaya-nancy.html


പ്രിയപ്പെട്ട ജബ്ബാർ ഇക്കാക്ക്,


കഴിഞ്ഞ ആഴ്ച 'എന്ന് നിന്റെ മൊയ്തീൻ' സിനിമ കണ്ട ശേഷം തിയേറ്ററിൽ നിന്നും ഇറങ്ങിയത്‌ മുതൽ എന്‍റെ മനസ്സിൽ നിങ്ങളുടെ ഒരു ആക്കിയ 'അർത്ഥം' വെച്ചുള്ള ചിരി അലോസരപ്പെടുത്തുകയുണ്ടായി. അതിനാൽ, എന്ത് കൊണ്ട് ഞാൻ കാഞ്ചനമാലയെ പോലെ നിങ്ങളെ കാത്തിരുന്നില്ല എന്ന് ഈ അവസരത്തിൽ നിങ്ങളോട് തുറന്നു പറയണം എന്ന എന്റെ തോന്നലാണ് ഈ കത്ത്.


ഇതിൽ പറയുന്ന ചില കാര്യങ്ങൾക്ക് വേണ്ടി നിങ്ങളെ - യഥാര്‍ത്ഥ മൊയ്തീനുമായി ഉപമിക്കുന്നതിൽ കാഞ്ചനമാലയോടും, സിനിമയിലെ മൊയ്തീനുമായി ഉപമിക്കുന്നതിൽ സുപ്രിയയോടും മല്ലിക ചേച്ചിയോടും ഉള്ള എന്റെ മാപ്പ് പറച്ചിൽ ആദ്യം തന്നെ ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ ... നിങ്ങളെപ്പറ്റി എനിക്ക് ഒരുപാട് 'നല്ല' കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഈ കത്ത് ഞാൻ 'എന്ന് നിന്റെ മൊയ്തീൻ' സിനിമയുമായി മാത്രം സാമ്യമുള്ള നമ്മുടെ അനുഭവങ്ങളിൽ ഒതുക്കാൻ ശ്രമിക്കാം.


'കേരള കോൺഗ്രസ്‌' ബ്ലോക്ക്‌ പഞ്ചായത്ത് നേതാവ്, എന്റെ അപ്പൻ തോമസ്‌ ജേക്കബിന്റെ സുഹൃത്തായ, അടുത്ത ബ്ലോക്കിലെ മുസ്ലിം ലീഗ് നേതാവ് അബൂബക്കർ ഹാജിയുടെ മകനായ നിങ്ങളെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് പണ്ടൊരു തിരഞ്ഞെടുപ്പ് സമയത്ത് UDF പ്രചരണം എന്നൊക്കെ പറഞ്ഞു നമ്മുടെ അപ്പന്മാർ ഇടയ്ക്കിടെ എന്റെ വീട്ടില് കണ്ടുമുട്ടിയപ്പോൾ അവരാരും കാണാതെ എന്റെ കയ്യിലും കാലിലും ഒക്കെ നിങ്ങൾ തട്ടി മുട്ടിയപ്പോൾ ആണ്. അന്ന് നിങ്ങളെ നല്ല ഭാവിയുള്ള ഒരു പൂവാലൻ എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ. പിന്നീട് സ്കൂളിൽ എന്റെ ബാഗിൽ, ആരോ കൊണ്ടു വെച്ച ഒരു 'ബാലരമ'യിലെ ഒരു പേജിൽ 'ജഗ്ഗു നായ' എന്നെഴുതിയതിന്റെ 'ജ' യുടെ അടിയിലും, 'സുബ്ബു രാജാവ്' എന്നതിന്റെ 'ബ്ബു' വിന്റെ അടിയിലും ഓരോ വരയിട്ടു കണ്ടപ്പോഴും, അത് നിങ്ങൾ എനിക്ക് 'ജബ്ബു' എന്ന നിങ്ങളുടെ വിളിപ്പേര് ഹിന്റ് തന്നതാണെന്ന് മനസ്സിലായില്ല! പക്ഷെ, പിന്നെയൊരിക്കൽ ബസ്സിൽ വെച്ച് ഏതോ പെണ്ണിനെ ആരോ തോണ്ടിയപ്പോൾ, അടുത്ത് നിന്ന ചേച്ചി 'അതാ പിറകിൽ നിൽക്കണ അലവലാതി ജബ്ബു തന്നെ' എന്ന് പറഞ്ഞതും, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ബസ്സിൽ നിന്നും ചാടിയിറങ്ങി ഓടുന്ന നിങ്ങളെ കണ്ടതും, ബാലരമയുടെ ഹിന്റും നിങ്ങളുടെ ഉള്ളും ഞാൻ തിരിച്ചറിഞ്ഞു!


പലപ്പോഴും ആരും കാണാതെ എനിക്ക് തന്ന പ്രണയ ലേഖനങ്ങൾ, എനിക്ക് മനസ്സിലാകാത്ത ഏതോ പുതിയ ലിപിയിൽ ഉള്ളതായിരുന്നു! പിന്നീടൊരിക്കൽ, അതൊക്കെ ശുദ്ധ മലയാളം ആണെന്ന് നിങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് അതൊന്നും പുതിയ ലിപിയല്ല, മൊത്തം അക്ഷരത്തെറ്റുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്! എന്താണ് നിങ്ങളുടെ ഉദ്ദേശം എന്ന് ചോദിച്ചപ്പോഴൊക്കെ, "UDF ഇൽ ധനകാര്യം മാണി സാറിനുള്ളതാണെങ്കിൽ, നാൻസി ഈ ജബ്ബുവിനുള്ളതാണെന്നും", "അല്ലെങ്കിൽ, കേരള രാഷ്ട്രീയത്തിൽ താമര വിരിയണം" എന്നൊക്കെ പറഞ്ഞു ഒരു കേരള കോൺഗ്രസ്‌ കാരിയായ എനിക്ക് നിങ്ങൾ ആവേശം നൽകി. ഇതൊക്കെ ഒന്ന് എഴുതി ഒപ്പിട്ടു തരുമോ എന്ന് ചോദിച്ച എന്നോട്, "ജബ്ബാറിന് പറയുന്ന വാക്കാണ് വലിയ സത്യമെന്നും, അതൊക്കെ ഞാൻ എഴുതിയാൽ അക്ഷരത്തെറ്റ് വരുമെന്നും" പറഞ്ഞു നിങ്ങൾ സ്ലോ മോഷനിൽ വലിഞ്ഞു!


പിന്നീട് പലപ്പോഴും രാത്രി എന്റെ വീടിന്റെ മതിലു ചാടി വന്ന് എന്റെ മുറിയിൽ ജനലരികിൽ വന്ന് 'ബോർ അടിക്കുന്നു നമുക്കെന്തെങ്കിലും ഒക്കെ സംസാരിച്ചിരുന്നാലോ' എന്ന് നിങ്ങൾ ചോദിച്ചപ്പോഴൊക്കെ, അന്തസ്സായി നാളെ രാവിലെ വീട്ടിലെ മുന്‍പിലുള്ള വാതിലിലൂടെ വന്നു സംസാരിക്കൂ, അല്ലെങ്കിൽ ബോർ മാത്രമല്ല ഞാനും എന്റെ വീട്ടുകാരും നിങ്ങളെ അടിക്കുമെന്ന് പറഞ്ഞത്; നിങ്ങൾ ഇതുപോലെ ബോർ അടിച്ചപ്പോൾ മുൻപ് രമണിയുടെയും ആമിനയുടെയും ഒക്കെ വീട്ടിൽ പോയ കഥ അവരെന്നോട് രഹസ്യമായി പറഞ്ഞിട്ടുള്ളതുകൊണ്ടാണെന്ന സത്യം ഇവിടെ ഞാൻ അറിയിക്കട്ടെ. അടുത്ത ഒന്നാം തിയതി എന്റെ വീട്ടിൽ വന്നു നിങ്ങൾ പെണ്ണ് ചോദിക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടാത്തത്, ഞാൻ 'പഞ്ചാബി ഹൌസ്' സിനിമ മൂന്നു വട്ടം കണ്ടത് കൊണ്ടും, നിങ്ങളെ നല്ലോണം അറിയാവുന്നത് കൊണ്ടും മാത്രമാണ്! ഇതിനിടയിൽ എന്റെ പേഴ്സിൽ നിന്നും ഞാൻ കാണാതെ നിങ്ങൾ 500 രൂപാ നോട്ടു എടുത്തത്‌ ഞാൻ കയ്യോടെ പിടിച്ചപ്പോൾ അത് എന്റെ ഓർമയ്ക്ക് വേണ്ടിയാണ്, എന്റെ മണത്തിനു വേണ്ടിയാണ് എന്നൊക്കെ പറഞ്ഞത് ഞാൻ വിശ്വസിച്ചു എന്ന് കരുതരുത്. അതിൽ ഉണ്ടായിരുന്ന 1000 രൂപാ നോട്ട് നിങ്ങൾ കണ്ടില്ലല്ലോ എന്ന ഒറ്റ ആശ്വാസം കൊണ്ടാണ് ഞാനന്ന് മിണ്ടാതെ ഇരുന്നത്.


ഞാൻ സ്കൂളിൽ ഒരാളുമായി മുടിഞ്ഞ പ്രേമത്തിൽ ആണെന്നും, നല്ലവനായ ആ പയ്യന് തന്നെ മോളെ കെട്ടിച്ചു കൊടുക്കണം എന്നും പറഞ്ഞ്, ഒരു അദ്ധ്യാപകൻ അയക്കുന്ന ഊമക്കത്താണ് എന്ന രീതിയിൽ എന്റെ വീട്ടിൽ ആരോ കത്തയച്ചു. അന്ന് എനിക്ക് എന്റെ വീട്ടുകാരുടെ ഒരുപാട് തല്ലു കൊണ്ടെങ്കിലും, ആ കത്തിൽ ഉദ്ദേശിച്ചത് രമേഷിനെയാണോ, സുമേഷിനെയാണോ, മുജീബിനെയാണോ, തോമസിനെയാണോ എന്നറിയാതെ ഞാൻ കുഴങ്ങി! എങ്കിലും പിന്നീട് ആ കത്തിലെ അക്ഷരത്തെറ്റുകളും കയ്യെഴുത്തും കണ്ടപ്പോൾ അത് നിങ്ങൾ തന്നെയാണെന്ന് എനിക്ക് മനസ്സിലായി! എങ്കിലും, ഞാൻ അങ്ങനെ തന്നെയെന്നു അവരോടു സമ്മതിച്ചത്, അങ്ങനെ എങ്കിലും എന്റെ വീട്ടുകാര് എന്നെ പഠിത്തം നിർത്തി കെട്ടിച്ചു വിടുന്നേൽ വിടട്ടെയെന്നു മാത്രം കരുതിയാണ്.


പിന്നെയൊരിക്കൽ വഴിയിൽ വെച്ച് കണ്ടപ്പോൾ എത്ര കാലം കഴിഞ്ഞാലും ഞാൻ നിങ്ങളെ കാത്തിരിക്കണമെന്നും, നിങ്ങൾ ഒരു കോടിശ്വരനായി വന്നു എന്നെ വിളിച്ചിറക്കി കൊണ്ട് പോകുമെന്നും പറഞ്ഞപ്പോൾ, 'ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ' എന്ന ഒരു പ്രതീക്ഷയിൽ നിങ്ങൾ കോടിശ്വരനായാലോ എന്ന് കരുതി മാത്രമാണ് ഞാൻ ഒന്നും പറയാത്തത്!
പെണ്ണുങ്ങളുടെ കുളിക്കടവിൽ ഒളിഞ്ഞു നോക്കിയതിനു നിങ്ങളെ നാട്ടുകാര് ഓടിച്ചുവെന്നും, ഏതോ പുഴയിലോട്ടു ചാടി അവിടെ നിന്നും നിങ്ങൾ മുങ്ങിയെന്നും, പിന്നെ നാട്ടിൽ പൊങ്ങിയില്ലെന്നും, ഞാൻ അറിഞ്ഞു. പക്ഷെ ഒരു നിമിഷം പോലും നിങ്ങൾ വെള്ളത്തിൽ മുങ്ങി മരിച്ചു കാണുമെന്നു ഞാൻ കരുതിയിട്ടില്ല, എന്താന്നറിയോ, ദൈവം നല്ലവരെയാണ് നേരത്തെ അങ്ങോട്ട്‌ വിളിക്കുക എന്നല്ലേ വിശ്വാസം!


എന്തായാലും, അന്ന് അവിടെ പുഴയിൽ മുങ്ങിയെന്ന് കേട്ട നിങ്ങൾ തിരിച്ചു നാട്ടിൽ പൊങ്ങിയെന്നു ഞാൻ അറിഞ്ഞത് വർഷങ്ങൾക്കു ശേഷം, ഒരു ഞായറാഴ്ച മനോരമ പത്രത്തിലെ, 'ഇന്ന് വിവാഹം' എന്ന കോളത്തിൽ നിങ്ങളുടെ ഫോട്ടോ കണ്ടപ്പോഴാണ്! ഇനിയെങ്ങാനും, നിങ്ങൾ എന്നെങ്കിലും കോടിശ്വരനായി വന്ന് എന്‍റെ വീട്ടിൽ, എന്നെ കെട്ടാൻ വേണ്ടി വന്നാൽ, വീട്ടിലേക്കു കയറി വന്ന കൊടിശ്വരനായ മഹാ ലക്ഷ്മണനെ വെറുതെ പറഞ്ഞയക്കേണ്ടി വരുമല്ലോ എന്ന എന്റെ ഒരു വലിയ ടെൻഷൻ അതോടെ മാറി! ഈ ലോകത്ത് മൊയ്തീനെ പോലുള്ള നല്ല മനുഷ്യർ ഉണ്ടാകുമ്പോൾ, അവർക്ക് വേണ്ടി കാത്തിരിക്കാൻ അവിടെ കാഞ്ചനമാരും കൂടെ ഉണ്ടാകുമെന്ന് ചുരുക്കി പറഞ്ഞു കൊണ്ട് ഈ കത്ത് ഞാൻ തൽക്കാലം ചുരുക്കട്ടെ ....

എന്ന് സ്വന്തം, 'പഴയ' നാൻസി.

Wednesday, February 3, 2016

...രാജു മോൻ & സൂപ്പർ മാൻ...എന്നും ചോദ്യങ്ങൾ മാത്രം ചോദിക്കാറുള്ള രാജു മോൻ എന്നോട് ചോദിച്ചു ,


" അങ്കിൾ , എന്ത് കൊണ്ടാണ് ഈ സൂപ്പർ മാൻ എപ്പോഴും ജയിക്കുന്നത് ? "


ഞാൻ പറഞ്ഞു , " പ്രാക്റ്റിക്കൽ ബുദ്ധി, വത്യസ്തത, ആത്മ  വിശ്വാസം , തുറന്ന സമീപനം, ദീർഘ വീക്ഷണം, തിരിച്ചറിവ്... ഇതൊക്കെയുണ്ടെങ്കിൽ ആർക്കും ജയിക്കാം "


രാജുമോൻ വീണ്ടും ചോദിച്ചു , " കുറച്ചു എക്സാമ്പിൾസ് പറയാമോ  ? "


" തണുപ്പ് രാജ്യത്ത് എപ്പോഴും ഒരു ചുവന്ന ബെഡ് ഷീറ്റ് ബനിയന്റെ പിറകിൽ തിരുകി നടക്കാനുള്ള ആ 'പ്രാക്റ്റിക്കൽ ബുദ്ധി' , 

ഉജാല നീല കളറുള്ള ടൈറ്റ് ഫുൾ ഡ്രസ്സ്‌ ഇട്ടു നടക്കാനുള്ള ആ 'വത്യസ്തത' ,


നെഞ്ചത്ത്‌ തന്റെ പേരിന്റെ ആദ്യ അക്ഷരം വലിപ്പത്തിൽ തൂക്കി തലയുയർത്തി നടക്കാനുള്ള ആ 'ആത്മ  വിശ്വാസം '


കാശ് കൊടുത്തു വാങ്ങിയ ചുവന്ന ജെട്ടി , ആരും കാണാതെ അകത്തിട്ടു നടക്കാതെ , പാന്ടിനു പുറത്തിട്ടു നടക്കുന്ന , ആ 'തുറന്ന സമീപനം' ,


പറക്കുമ്പോൾ ജെട്ടി ലൂസായി താഴെ വീഴാതിരിക്കാൻ , ബെൽറ്റ്‌ ഇട്ടു നടക്കാനുള്ള ആ 'ദീർഘ വീക്ഷണം "


ഏറ്റവും പ്രധാനമായി ,  താൻ ഒരു സൂപ്പർ ഹീറോ ആണെന്നും ഒരിക്കലും തോൽക്കാൻ പാടില്ലയെന്നുമുള്ള സ്വയം 'തിരിച്ചറിവ് ' "എല്ലാം കേട്ട് , കുറച്ചു സംശയത്തോടെ രാജുമോൻ ചോദിച്ചു , " അപ്പോൾ , ഇതൊന്നും മറ്റുള്ളവർക്കും ഉണ്ടാകില്ലേ  ? !!! "


നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ തുടർന്നു ,
" ബെഡ് ഷീറ്റും,ഡ്രെസ്സും , ജട്ടിയും , ബെൽറ്റും  ഒക്കെ എല്ലാർക്കും  ഉണ്ട്... പക്ഷെ , പ്രാക്റ്റിക്കൽ ബുദ്ധിയുള്ളവന് തിരിച്ചറിവ് ഇല്ല , വത്യസ്തതയുള്ളവന് ആത്മ  വിശ്വാസം ഇല്ല , തുറന്ന സമീപനമുള്ളവന് ദീർഘ വീക്ഷണം ഇല്ല എന്നതാണ് നമ്മുടെ പ്രശ്നം "


ഞാൻ പറഞ്ഞതൊന്നും മനസ്സിലാകാതെ രാജു മോൻ
രാധയോടൊപ്പം കളിക്കാൻ മുറ്റത്തേക്ക് ഓടി പോയപ്പോൾ , എനിക്കിത്രയും ഒക്കെ പറയാനുള്ള ബുദ്ധിയുണ്ടെന്ന് ആയ കാലത്ത് തിരിച്ചറിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി .


< എല്ലാം ശുഭം >