Tuesday, December 22, 2015

... ചില തെറ്റിദ്ധാരണകൾ ...


അന്നത്തെ ദിവസം എല്ലാവരും ഹോസ്റ്റൽ മുറികളിൽ ഇരുന്നു മരണ പഠിത്തമാണ്, കാരണം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നാലാം സെമെസ്റ്റെർ  അവസാന പരീക്ഷ തുടങ്ങും. കടുത്ത നിരീശ്വര വാദി പോലും "ഞാൻ പാതി , ദൈവം പാതി " എന്ന വിശ്വാസത്തിൽ നല്ലോണം പ്രാർത്ഥിച്ചു ഇരുന്നു പഠിച്ചു പോകുന്ന ആ സാഹചര്യത്തിലാണ് , യാതൊരു ടെൻഷനും ഇല്ലാതെ, "എല്ലാം ദൈവം തന്നെ " എന്ന ഭാവത്തിൽ ഹോസ്റ്റൽ TV റൂമിലിരുന്നു സിനിമ കാണുന്ന, വിനയനെ ഞാൻ ശ്രദ്ധിച്ചത് !


'വിനയ് പ്രകാശ്‌' എന്നാണു ഈ താരത്തിന്റെ മുഴുവൻ പേര് . അവന്റെ പേരിൽ അടങ്ങിയ വിനയവും പ്രകാശവും കുറച്ചൊക്കെ അവന്റെ സ്വഭാവത്തിൽ ഉണ്ടെന്നു വേണമെങ്കിൽ എനിക്ക് നിങ്ങളോട് കുറച്ചു 'പൊക്കി ' പറയാമെങ്കിലും , പരീക്ഷ ബോർഡ് അവനോടു ഒരിക്കൽപോലും യാതൊരു വിനയം കാണിക്കുകയോ ,  കോളേജു പരീക്ഷാ ഫലങ്ങൾ അവനു  അത്ര പ്രതീക്ഷയുളവാക്കുന്നതോ ആയിരുന്നില്ല എന്നതാണ് നഗ്ന സത്യം! പരീക്ഷാ ദിവസം ഒന്നും പഠിക്കാതെ നിനക്കെന്താണ് TV റൂമിൽ കാര്യം എന്ന് അന്വേഷിക്കാനായി അടുത്ത ചെന്ന ആത്മാർത്ഥ സുഹൃത്തായ എന്നെ കണ്ടതും , വിനയ് കട്ട കലുപ്പിൽ തന്നെ പരീക്ഷ തീരും വരെ അവനോടു ഒന്നും മിണ്ടി പോകരുത്  എന്നു തറപ്പിച്ചു പറഞ്ഞു !!!

വിനയന്റെ ഈ പുതിയ ഭാവം ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്തത് ആണ് . പതിവായി ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും ടെൻഷൻ പാർട്ടിയാണ് ഇവൻ . പരീക്ഷയുള്ള ദിവസം ആണെങ്കിൽ അവന്റെ ടെൻഷൻ പറയുകയും വേണ്ട . സാധാരണ പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ കൊടുത്താലും വിനയൻ ഹാളിൽ കയറില്ല . പരീക്ഷ തുടങ്ങാൻ ബെല്ലടിച്ചാൽ , പുറത്തിരുന്നു കുറച്ചു നേരം കൂടി ഇരുന്നു പഠിച്ചു, യൂണിവേർസിറ്റി നിയമം അനുശാസിക്കുന്ന അവസാന മിനുട്ട് മാത്രമേ അവൻ ഹാളിൽ കയറു . പിന്നീട് പത്തിരുപതു മിനുട്ട് കണ്ണടച്ച്, എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചു  , ബാക്കിയുള്ള സമയം അറിയാവുന്ന ഉത്തരം കൂടി ടെൻഷനിൽ തെറ്റിച്ചു , പരീക്ഷ തോൽക്കുകയാണ് അവന്റെ  സ്ഥിരമുള്ള ഒരു രീതി !


പരീക്ഷാ കാലങ്ങളിൽ ഒട്ടും പതിവില്ലാത്ത വിനയന്റെ അന്നത്തെ ആ ചിരിച്ച മുഖവും TV കാണലും ഒക്കെ എന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ നല്കി  ! ഇവന് ഇനി ചോദ്യ പേപ്പർ വല്ലതും ചോർന്നു കിട്ടിയോ , അതോ , ടെൻഷൻ അടിച്ചു അടിച്ചു , വെറും അര വട്ടൻ ആയ പാവം അവനു, ഇപ്പോൾ മുഴു വട്ടായോ !!!


സാധാരണ എന്നെ പോലെ പരീക്ഷകൾ തട്ടി മുട്ടി പാസാകുന്നവർക്ക് , വിനയനെ കാണുമ്പോൾ ഒരു വല്ലാത്ത ആശ്വാസം ആണ് . നമ്മളെക്കാളും പ്രശ്നമുള്ള ഒരാളെങ്കിലും ഇവിടൊക്കെയുണ്ടല്ലോ എന്ന ഒരു ക്രൂരമായ ആശ്വാസം ! എന്തായാലും , അത് വരെ വലിയ പ്രശ്നമില്ലാതിരുന്ന നല്ലവനായ എനിക്ക് അപ്പോൾ മുതൽ വിനയന്റെ നിഗൂഡ സന്തോഷ ഭാവത്തെ  കുറിച്ചോർത്തു അന്ന് മുഴുവൻ ടെൻഷൻ ആയെന്നു പറഞ്ഞാൽ മതിയല്ലോ !  അതോടെ ഉള്ള മനസ്സമാധാനം കൂടി തകർന്ന ഞാൻ അതിനെ കുറിച്ച് തന്നെ കൂടുതൽ ഓർത്തു ആണെന്ന് തോന്നുന്നു , അന്നത്തെ ആ പരീക്ഷ മാന്യമായി തോൽക്കുകയും , പതിവായി എല്ലാ പരീക്ഷയും തോൽക്കാറുള്ള വിനയ് അക്കൊല്ലത്തെ ആ പരീക്ഷ മാത്രം ജയിക്കുകയും ചെയ്തു !!!!


എന്റെ തോൽവിയെകാളും  എന്നെ കൂടുതൽ അലട്ടിയത്  വിനയിന്റെ വിജയമാണെന്ന് ഇനി നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ! പിന്നീട് പല വട്ടം ഞാൻ ആ വിജയ രഹസ്യം അവനോടു ചോദിച്ചിട്ടും , അതൊക്കെയുണ്ട്‌ അളിയാ എന്നൊരു മറുപടി മാത്രമായിരുന്നു എനിക്ക് തിരിച്ചു കിട്ടിയത്. ഒടുവിൽ ഞങ്ങളുടെ കോഴ്സ് തീരുന്ന അവസാന ദിവസം , ഹോസ്റ്റലിൽ വിനയിന്റെ മുറിയിൽ കയറി വാതിൽ ചാരി , വിനയിന്റെ കൊങ്ങക്ക്‌ കൈപിടിച്ച് , ഇനി നീ ആ സത്യം പറയാതെ പോകണ്ടയെന്നു ഭീഷണി പെടുത്തിയപ്പോൾ ആണ് അവൻ എന്നോട് മനസ്സ് തുറന്നത് .


അന്ന്, അവന്റെ ഇടതു കൈപ്പള്ളയിൽ നിറയെ അവന്റെ ശരീരത്തിൽ എവിടെയൊക്കെ ഉത്തരങ്ങളുടെ കോപ്പിയടി തുണ്ടുകൾ ഒളിപ്പിച്ചതെന്ന കോഡ് ഭാഷ ആയിരുന്നത്രെ !!! അപ്പോൾ , എന്നോടൊന്നും മിണ്ടാത്തതും , അവൻ ചിരിച്ചു നടന്നതൊക്കെ  എന്തിനെന്ന എന്റെ നിഷ്കളങ്ക ചോദ്യത്തിനു അവൻ അതിലും നിഷ്കളങ്കമായി മറുപടി പറഞ്ഞു , " അളിയാ , നീ ഒക്കെ പരീക്ഷയെ പറ്റി ചോദിച്ചാൽ എനിക്ക് ടെൻഷൻ വരും , എനിക്ക് ടെൻഷൻ കൂടിയാൽ വയറിളകും  ! എത്ര മിനക്കെട്ടിരുന്നു , കുറെ മണിക്കൂർ എടുത്തു  ഞാൻ കൈപ്പള്ളയിൽ എഴുതുന്ന കോഡുകൾ ആണെന്ന് അറിയോ നിനക്ക് ... പഠിക്കാതെ തോൽക്കുന്ന പരീക്ഷ നമുക്ക് സഹിക്കാം , പക്ഷെ , ഇത് , കഷ്ട്ടപെട്ടു ബുദ്ധിമുട്ടി എഴുതിയ കോഡ് മാഞ്ഞു പോയാൽ !!!, എങ്ങനെ ഞാൻ സഹിക്കുമെടാ  ..... " !!!

ഇത് കേട്ട് നിയന്ത്രണം വിട്ട ഞാൻ , "നീ പരീക്ഷ പഠിച്ചു ജയിച്ചെന്ന് ഒരു നിമിഷമെങ്കിലും നിന്നെ ഞാൻ തെറ്റിദ്ധരിച്ചു പോയല്ലോടാ മുത്തേ ... " എന്ന് അവനെ കെട്ടിപിടിച്ചതും ; " ഞാൻ അങ്ങനെ എന്നേലും ചെയ്യോടാ മച്ചു... " എന്ന് അവൻ തിരിച്ചു കെട്ടിപിടിച്ചു വിങ്ങിയതുമായ ആ വികാര രംഗം കണ്ടു കൊണ്ട് മുറിയിലേക്ക് കയറി വന്ന വിനയന്റെ റൂം മേറ്റ്‌ ജബ്ബാർ അറപ്പോടെ പിറുപിറുത്തു , " ഛെ .... വൃത്തികെട്ടവന്മാർ..... പട്ടാപ്പകലിൽ....അതും , കതകു പോലും ചാരാതെ... !  "


< The End  >

14 comments:

Shahid Ibrahim said...

ഛെ .... വൃത്തികെട്ടവന്മാർ..... പട്ടാപ്പകലിൽ....അതും , കതകു പോലും ചാരാതെ... ! 

shajitha said...

kollaaam, nannayirikkunnu

വീകെ said...

എങ്ങനേയും ജയിച്ചാൽ മതിയല്ലൊ....!

വിനുവേട്ടന്‍ said...

ഹൊ!... ഇത്രയും കഷ്ടപ്പെട്ട് എഴുതിയ കോഡുകൾ മാഞ്ഞു പോയാൽ... ഹി ഹി ഹി...

Aarsha Sophy Abhilash said...

:D lol hihihi

Shaheem Ayikar said...

ഈ വരവിനും , കുറിച്ചിട്ട വാക്കുകൾക്കും, വളരെ നന്ദി ഷഹിദ് , ഷാജിത , വീ.കെ വിനുവേട്ടന്‍ & ആർഷ ....

UNAIS K said...

പരീക്ഷ വിജയിച്ചു. ജീവിത പരീക്ഷ വിജയിച്ചോ ആവോ??

കല്യാണി said...

നല്ല ഓർമ്മകൾ ....

കല്ലോലിനി said...

ഹ ഹ ഹാ... കൊള്ളാം...!!!!

Shaheem Ayikar said...

വളരെ നന്ദി UNAIS... ജീവിത പരീക്ഷയ്ക്ക് ഒരു പ്രത്യേക സിലബസ് ഇല്ലല്ലോ , അത് കൊണ്ട് തന്നെ അതിന്റെ ജയവും പരാജയവും നിശ്ചയിക്കുന്നത് അവരവർ തന്നെയാണെന്ന് എനിക്ക് തോന്നുന്നു ! :)

Shaheem Ayikar said...

നന്ദി കല്യാണി ... അതെ , കോളേജ് ഓർമ്മകൾ , നല്ല നല്ല ഓർമ്മകൾ... :)

Shaheem Ayikar said...

എപ്പോഴുമുള്ള ഈ നല്ല വാക്കുകൾക്കും, നല്ല പ്രോത്സാഹനത്തിനും വളരെ നന്ദി പ്രിയപ്പെട്ട കല്ലോലിനി...

pravaahiny said...

ഹ ഹ ലാസ്റ്റ് വായിച്ചു ചിരിച്ചു പോയി . എന്തായാലും തോറ്റല്ലോ . സമാധാനമായില്ലേ . വല്ല കാര്യവുമുണ്ടായിരുന്നോ . സ്നേഹത്തോടെ പ്രവാഹിനി

Shaheem Ayikar said...

കുറിച്ചിട്ട ഈ നല്ല വാക്കുകൾക്കു നന്ദി പ്രിയപ്പെട്ട പ്രവാഹിനി ... :)