Monday, January 28, 2019

... മൂന്ന് പണ്ഡിതന്മാർ ...

ജീവിതത്തിൽ ഒരുപാട് പണ്ഡിതന്മാരെ കാണാൻ പറ്റിയിട്ടുണ്ടെങ്കിലും , എന്റെ മനസ്സിൽ നിന്നും മായാത്ത , മൂന്ന് പണ്ഡിതന്മാരെ കുറിച്ചാണ് ഈ കുറിപ്പ് ....


ചെറിയ പണ്ഡിതൻ 1 :: 
ATM മെഷീൻ മുന്നിലെ  ക്യുവിൽ എന്റെ മുൻപിൽ നിന്ന , ആ ഗ്ളാമർ മസ്സിൽ താരത്തെ ഞാൻ അസൂയയോടെ നോക്കി ദൈവത്തോട് പരിതപിച്ചു. നിനക്ക് എന്നെയും ഇത് പോലെയൊക്കെ ആക്കാമായിരുന്നു  !!! എന്താ ലുക്കാണ്. ആ ക്യുവിൽ നിൽക്കുന്ന പെൺപിള്ളേരൊക്കെ അവനെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടെങ്കിലും ; അവൻ ച്യുയിങ് ഗം ചവച്ചു, മൊബൈലിൽ ഗെയിം കളിക്കുന്ന തിരക്കിൽ ആയിരുന്നു. ATM മെഷീനിൽ അവന്റെ ടേൺ എത്തിയപ്പോൾ , രണ്ടു പ്രാവശ്യം PIN തെറ്റായി അടിച്ച സൗണ്ട് കേട്ട് ; ആ ഗ്ളാമർ താരം  എന്നോട് തിരിഞ്ഞു നിന്ന് ചോദിച്ചു .....


" ചേട്ടാ ..... ഈ SBI മെഷീനിൽ നിന്നും കാശ് വരുന്ന നമ്പർ ഇപ്പോഴും 1823 തന്നെ അല്ലേ ? അതോ അവര് ആ നമ്പർ മാറ്റിയോ ? " !!!!!!!


അത് കേട്ടയുടനെ ഉണ്ടായ ഷോക്കിൽ നിന്നും മോചിതനായ ഞാൻ അവനോടു, ആ നമ്പർ മാറിക്കാണുമെന്നും , വീട്ടിൽ പോയി ഒന്ന് കൂടി PIN നോക്കി ഉറപ്പു വരുത്താനും പറഞ്ഞു ; എന്നിട്ടു ദൈവത്തോട് വീണ്ടും പറഞ്ഞു ...


" ഞാൻ നേരത്തെ പറഞ്ഞോതൊക്കെ മറന്നേക്കൂ കേട്ടോ !! എനിക്കിതു പോലെയൊക്കെ മതി . അറിയാതെ പോലും അവനെ പോലെയൊന്നും ആക്കരുതേ ... " !!!


മീഡിയം പണ്ഡിതൻ 2 :: 
ഒരു കടയിൽ കയറി , നാരങ്ങാ വെള്ളവും കപ്പലണ്ടി മുട്ടായും കഴിച്ചു , റോഡിലേക്ക് വായിനോക്കി നിൽക്കെ ആണ് , പെട്ടെന്ന് ഒരു ഉസ്താദ് കടയിലേക്ക് കയറി വന്നത്. അദ്ദേഹത്തെ കണ്ടതും കടക്കാരൻ ബഹുമാനത്തിൽ ചാടിയെഴുന്നേറ്റു ബഹുമാനത്തിൽ സംസാരിച്ചു. സൈഡിലിരിക്കുന്ന ഞങ്ങളെ ഉസ്താദ് 'നീയൊക്കെ ഇങ്ങനെ നടന്നോടാ ..' എന്ന ഭാവത്തിൽ നോക്കി. കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെയെന്നു ചോദിച്ച കടക്കാരനോട് ഉസ്താദ് ഒരു പുതിയ കുപ്പി ചൂണ്ടി , ഇതെന്താണ് എന്ന് ചോദിച്ചു .പുതിയ 'നോൺ ആൽക്കഹോൾ ബിയർ' ഡ്രിങ്ക് ആണെന്നും , ഇതിനു നല്ല ഡിമാൻഡ് ആണെന്നും , പറഞ്ഞ കടക്കാരനോട് , മൂന്ന് വട്ടം ഇതിൽ ആൽക്കഹോൾ ഇല്ല എന്ന് ഉറപ്പാണല്ലോയെന്നു ചോദിച്ചു ഉറപ്പു വരുത്തിയ ശേഷം , ഒരു കവിള് കുടിച്ചു ഉസ്താദ് ... " അള്ളാ ... ഇതിനു ബിയറിന്റെ അതേ ടേസ്റ്റ് ആണല്ലോ .... " !!!!!!!!


അതേയെന്ന് പറഞ്ഞു , 'അല്ല ഉസ്താദിന് ബിയറിന്റെ ടേസ്റ്റ് ... ? !!" എന്ന് അറിയാതെ പറഞ്ഞ കടക്കാരനോട് ഉസ്താദ് ... " അത് ..... ഞാൻ .. പണ്ടെങ്ങോ എവിടെയോ വായിച്ചിട്ടുണ്ട് .." എന്നും പറഞ്ഞു, കടയിൽ നിന്നും സലാമും പറഞ്ഞു വേഗം ഇറങ്ങി പോയി .....


മഹാ പണ്ഡിതൻ 3 :: 
എപ്പോഴും കുടുംബ മാഹാത്മ്യം /പാരമ്പര്യം പറഞ്ഞു നടക്കുന്ന ഒരു കൂട്ടുകാരന്റെ വീട്ടിൽ ഒരു ഡിന്നർ. ഗൾഫിൽ നിന്നുമെത്തിയ അവന്റെ അമ്മായിയപ്പനും ഉണ്ട് അവിടെ . ചപ്പാത്തിയും ചിക്കനുമടിക്കുന്ന ഗ്യാപ്പിൽ എന്തെങ്കിലും ചോദിക്കണ്ടേയെന്നു കരുതി , അമ്മായിഅപ്പനോട് ....


" അങ്കിൾ പണ്ട് മുതലേ ഗൾഫിലാണോ ?"


സടകുഴഞ്ഞെഴുന്നേറ്റ സിംഹത്തെ പോലെ , അത് വരെ അടങ്ങിയിരുന്ന അങ്കിൾ ഉണർന്നു ... " അല്ല , ഞാൻ ആദ്യം ബോംബയിൽ ചെറിയ ബിസിനസ് , പിന്നെ വളർന്നു ഗൾഫ് ബിസിനസ്സ് സാമ്രാജ്യം ...."


ബോംബയിൽ ഒരു സ്ഥലവും  അറിയില്ലെങ്കിലും വെറുതെ അടുത്ത ചോദ്യം ... " ബോംബയിലെവിടെ ... ? "


അങ്കിൾ ഏതോ ഒരു സ്ഥലത്തിന്റെ പേരുപറഞ്ഞു , പിന്നെ അങ്ങോട്ട് ഒരു ആവശ്യവുമില്ലാതെ പറഞ്ഞു തുടങ്ങി


" ... ഈ റെഡ് സ്ട്രീറ്റ് എന്നൊക്കെ കേട്ടിട്ടുണ്ടോ , അതിന്റെ അടുത്തായി ആണ് സ്ഥലം . പണ്ട് വൈകിട്ട് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അതിലൂടെ നടക്കും. എന്നിട്ടു വഴിവക്കിൽ നിൽക്കുന്ന പെണ്ണുങ്ങളെ ഉപദേശിക്കും . ! നമുക്കറിയില്ലല്ലോ ആരാണ് എപ്പോഴാണ് എങ്ങനെയാണ് നന്നാവുകയെന്നു ... " !!"


വീണ്ടും ഞാൻ .. " ഓ ! അപ്പോൾ അത് പേരുപോലെ വീടുകൾ നിറഞ്ഞ ഒരു സ്ട്രീറ്റ് ആണോ ? !! "


അപ്പോഴേക്കും , നാഗവല്ലിയുടെ ആഭരങ്ങൾ എടുത്തു കാണിച്ചു സ്‌പ്ലൈൻ ചെയ്യുന്ന ഗംഗയുടെ ഭാവത്തിൽ , അങ്കിൾ കൺട്രോൾ വിട്ട് ....


" വീട് പോലെ പോലെയല്ല ... ഇങ്ങനെ നിര നിരയായുള്ള ചെറിയ ചെറിയ ചായിവുകൾക്ക് നിന്ന് പെണ്ണുങ്ങൾ  കസ്റ്റമേഴ്‌സിനെ തേടും . എന്നിട്ടു , ആവശ്യക്കാരെ ചെറിയ ഇടവഴികളിലൂടെ അകത്തേക്ക് കൊണ്ട് പോകും . ഈ ഇടവഴി എന്നൊക്കെ പറഞ്ഞാൽ , ഇതാ ഇത്ര വീതി കാണും . ! എന്നിട്ടു , ബെഡ് ഷീറ്റ് കൊണ്ടൊക്കെ കാർട്ടനൊക്കെ ഇട്ട, ചെറിയ ടെന്റുകൾ .. എന്നിട്ടു റൂമെന്നു പറഞ്ഞാൽ ഇത്രയും വീതിയെ കാണുകയുള്ളു ....  ! കഷിട്ടിച്ചു ഒരു ചെറിയ ബെഡ്ഡ് .. ബെഡിനു ഭയങ്കര കട്ടിയാണ് ! ഏതാണ്ട് കട്ടിയുള്ള ഏതോ സാധനം പൊലെ ....  കുറച്ചു നേരം ഇരുന്നാൽ വേദനിക്കും ........ " !!!


കാര്യങ്ങൾ കൈവിട്ടു പോകുന്നതു അറിഞ്ഞു , കൂട്ടുകാരൻ നകുലൻ 'ഗംഗേ ..' എന്നു ആഞ്ഞു  വിളിച്ചപ്പോൾ അലറി, അമ്മായിയപ്പനെ കഥയിൽ നിന്നും ഉണർത്തി  ..... " മാമാ ..... കോഴി ..... "


അമ്മായിയപ്പൻ , " ഏതു .. എന്ത് ...."


കൂട്ടുകാരൻ , "അല്ല മാമാ...ഒരു കോഴി കാലു എടുക്കട്ടേ ... "


ഇനിയിപ്പോൾ കൂടുതൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നു കരുതി , ഫുഡ് മതിയാക്കി ഇറങ്ങുമ്പോൾ , മുഖം ചമ്മിയിരുന്ന കൂട്ടുകാരനെ , ഞാൻ സമാധാനിപ്പിച്ചു ....


" ഡോണ്ട് വറി  അളിയാ .. ഇക്കാര്യം നമ്മുടെ കൂട്ടുകാരും , നാട്ടുകാരും അല്ലാതെ , മൂന്നാമതൊരാൾ അറിയില്ല ..... " !!!!!


< പണ്ഡിത്യപുരാണം എൻഡ്  >

9 comments:

 1. ഒന്നും രണ്ടും കലക്കി ഗൾഫിൽ ഇതുപോലെ എത്ര അവതാരങ്ങൾ ..സൂപ്പർ ..ആശംസകൾ

  ReplyDelete
 2. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ഷാജിത .. :)

  ReplyDelete
 3. അതേ പുനലൂരാൻ... പണ്ഡിതൻമാർ എല്ലായിടത്തും എപ്പോഴും ഉണ്ട് ... ! :)

  ReplyDelete
 4. ചിലർ അങ്ങനെയൊക്കെയാണ്...

  ReplyDelete
 5. വായിച്ചത് വെറുതെയായില്ല. അവതാര രഹസ്യം പിടികിട്ടിയല്ലോ.. ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന വാക്കുകൾ

  ReplyDelete
 6. ഈ പണ്ഡിതന്മാരെക്കൊണ്ടു തോറ്റു :-)

  ReplyDelete
 7. എല്ലാവരും മഹാ പണ്ഡിതർ ...തന്നെ ..!

  ReplyDelete