Thursday, October 31, 2019

.... ഒരു പഴയ ബാംഗ്ലൂർ H.R ഇന്റർവ്യൂ അനുഭവം ...


ഞാൻ ഫ്രഷർ ആയി ബാംഗ്ലൂരിൽ ജോലി തപ്പി നടക്കുമ്പോൾ , ഉണ്ടായ ഒരു ഇന്റർവ്യൂ അനുഭവം ആണിത് ….

HP കമ്പനിയുടെ , ഓരോ മണിക്കൂർ ഇടവിട്ട് , BPO വാക്കിൻ ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് ഞാൻ എത്തിപ്പെട്ടു , അകത്തു കയറാൻ ആയി ഞങ്ങളുടെ ഊഴം കാത്തു കമ്പനിയുടെ പുറത്തു കാത്തു നിൽക്കുമ്പോൾ , ഏതാണ്ട് എന്റെ പകുതിയോളം പൊക്കമുള്ള , ഒരു ന്യൂ ജെൻ സ്റ്റൈലിഷ് പെൺകുട്ടി, എന്റെ അടുത്തെത്തി സിഗററ്റ് വലി തുടങ്ങി !!!

ജീവിതത്തിൽ ആദ്യമായി ഒരു പെൺകുട്ടി സിഗററ്റ് വലിക്കുന്നത് കണ്ട , തനി നാടൻ ആയ ഞാൻ , താജ് മഹാൾ ഒക്കെ കാണും പോലെയുള്ള ഭയങ്കര അതിശയത്തിൽ , മൂക്കത്തു കയ്യും വെച്ച് അവളുടെ മുന്നിൽ പോയി , അവളെ തന്നെ നോക്കി നിന്നു !!! അത് കണ്ടു ഇഷ്ട്ടപ്പെടാത്ത അവർ , എന്നോട് കടുത്ത ഇംഗ്ലീഷിൽ ചോദിച്ചു … " വാട്സ് യുവർ പ്രോബ്ലം ? മൈൻഡ് യുവർ ബിസിനസ്സ് " !!!

ഞാനും മുറി ഇംഗ്ലീഷിൽ പറഞ്ഞു .. " പ്രോബ്ലം നോ ജോബ് ; ആൻഡ് നോ ബിസിനസ്സ് … ഐ ലൂക്കിങ് ജോബ് " !!

എനിക്ക് മനസ്സിലാവാത്ത ഏതോ ഇംഗ്ലീഷ് വാക്കും പറഞ്ഞു അവൾ അകത്തേക്ക് കയറി പോയി . ആ പറഞ്ഞത് തെറിയാകുമെന്നു ഞാൻ അന്ന് ഊഹിച്ചു !! പിന്നീട് , പലയിടത്തു നിന്നും അത് കേട്ടപ്പോൾ , ഇപ്പോൾ എനിക്ക് അന്നത്തെ എന്റെ ഊഹം ശരിയായിരുന്നു എന്നും പിടികിട്ടി !!!

അങ്ങനെ , ഞങ്ങളുടെ ഇന്റർവ്യൂ സമയം എത്തിയപ്പോൾ കമ്പനിക്കകത്തു കയറി പറ്റിയ ഞാൻ ; ഈ സിനിമയിലൊക്കെ കണ്ടു മാത്രം പരിചയമുള്ള ആ സന്ദർഭം ആദ്യമായി നേരിട്ട് കണ്ടു . അതെ , ആ പെൺകുട്ടിയാണ് ഞങ്ങളെ ആദ്യം ഇന്റർവ്യൂ ചെയ്തു എലിമിനേറ് ചെയ്യാൻ പോകുന്ന H.R മാനേജർ !!!! എന്തായാലും എന്റെ ആ ജോലി കാര്യത്തിൽ ഒരു തീരുമാനം ആയെന്നു എനിക്കുറപ്പായി !! എന്തായാലും റൂമിൽ കയറി പോയി , ഇനിയിപ്പോൾ ചടങ്ങു കഴിയാതെ ഇറങ്ങി പോകാൻ പറ്റില്ല . അത് കൊണ്ട് മാന്യമായി അവർ പുറത്താക്കും വരെ അവിടെ ഇരുന്നു.

ഓരോരുത്തരായി എഴുന്നേറ്റു , രണ്ടു മിനിട്ടു നേരം സെൽഫ് ഇൻട്രൊഡക്ഷൻ പറയണം. അതിനു ശേഷം , അവർ എന്തെങ്കിലും ചോദ്യം ചോദിക്കും , അതിനു ഉത്തരം പറയണം . അങ്ങനെ പറഞ്ഞവരിൽ നിന്നും സെലക്ട് ചെയ്യുന്ന നാലോ അഞ്ചു പേര് അടുത്ത റൗണ്ടിൽ പോകും , അല്ലാത്തൊരു പുറത്തേക്കും !!!

എന്റെ അടുത്തെത്തിയതും , ഞാൻ എഴുന്നേറ്റു കാണാതെ പഠിച്ച സെൽഫ് ഇൻട്രോ തുടങ്ങി .... " മൈ നെയിം ഈസ് ഷഹീം. ഐ ആം ഫ്രം കേരള , ഗോഡ്സ് ഓൺ കണ്ടറി ...… "

അത് പറഞ്ഞു മുഴുവിക്കാൻ വിടും മുൻപേ അവൾ കല്പ്പിച്ചു പറഞ്ഞു . " സ്റ്റോപ്പ് ... ടെൽ മി എബൌട്ട് ബാക്ക് വാട്ടർ ടുറിസം ഇൻ കേരളാ " !!!
ശെടാ !! ബാക്ക് വാട്ടർ ടുറിസം !!! ഞാൻ എവിടെയോ കേട്ടിട്ടുണ്ട് , പക്ഷെ എന്താണ് സാധനം എന്നറിയില്ല !!! എന്നാലും എന്റെ ലോജിക്ക് വർക്ക് ചെയ്തു തുടങ്ങി ... വാട്ടർ ഉള്ള കേരളത്തിലെ ഒരു ടുറിസ്റ് പ്ലേസ് ; അതിരപ്പള്ളി - വാഴച്ചാൽ വെള്ളച്ചാട്ടം ഞാൻ കണ്ടിട്ടുണ്ട് ... അത് കൊണ്ട് അത് വെച്ച് ഉത്തരം പൊരിപ്പിക്കാം .... !!!

ഞാൻ .. " എസ് , ഷുവർ ... കേരളാ ഹാസ് മെനി ബാക്ക് വാട്ടർ ടുറിസം പ്ളേസ്സസ് . വാട്ടർ കമിങ് ഫ്രം ബാക്ക് സൈഡ് , ആൻഡ് പീപ്പിൾ വാച്ച് ഇറ്റ് ഫ്രം ഫ്രണ്ട് സൈഡ് ഈസ് സൊ ബ്യൂട്ടിഫുൾ . ദാറ്റ്സ് വൈ ഇറ്റ് കാൾഡ് 'ബാക്ക് വാട്ടർ ടുറിസം' " !!!!!

അത് കേട്ട് അവിടെയുള്ള എല്ലാരും ചിരി തുടങ്ങി. വളരെ സീരിയസ് ആയി ഉത്തരം പറഞ്ഞ ഞാൻ , ഇവർക്കൊക്കെ വട്ടാണോ എന്ന് ചിന്തിച്ചു . ഞാൻ മനപ്പൂർവം അവളെ ആക്കിയതാണെന്നു തെറ്റിദ്ധരിച്ചു HR പെൺകുട്ടി വീണ്ടും അടുത്ത ചോദ്യം ….
" ടെൽ മി എബൌട്ട് 'മെയിൽ ഷോവനിസം ' " ?

എന്തോന്ന് !!!!! ഈ വാക്കു ഞാൻ ആദ്യമായാണ് അന്ന് കേട്ടത് !! ഇതൊന്നും സ്‌കൂളിൽ പഠിപ്പിച്ചിട്ടില്ല ; ഞാൻ ആണെങ്കിൽ സ്‌കൂളിൽ പഠിപ്പിച്ച ഇംഗ്ലീഷ് പോലും അറിയാത്ത ദുർലൻ !! ആ എന്നോടോ ബാലാ !!!!

എന്തായാലും , പിന്നെയും എന്റെ ലോജിക്ക് വർക്ക് ചെയ്തു തുടങ്ങി !! ഇതിനു മുൻപ് ഇമ്മാതിരി ഒരു വാക്കു കേട്ടിട്ടുള്ളത് ' ജോർജ് ഗോര്ബച്ചേവ്വ് " എന്നതാണ് !!! കൊച്ചു കള്ളി, റഷ്യൻ പ്രസിഡന്റിന്റെ പേര് ചോദിച്ചു എന്റെ ജെനെറൽ നോളഡ്ജ് ടെസ്റ്റ് ചെയ്യുകയാണല്ലേ !!!!

കട്ട കോണ്ഫിടെൻസിൽ ഞാൻ പറഞ്ഞു ... " ഐ തിങ്ക് , ഹി ഈസ് ദി കറന്റ് റഷ്യൻ പ്രസിഡന്റ് " !!!!

അപ്പോഴേക്കും ആ മുറിയിലാകെ ഉറക്കെ കൂട്ട ചിരി മുഴങ്ങി !! ഒന്നും മാനസ്സിലാവാതെ ഈ പാവം ഞാൻ !!!! കലികയറി ഹാലിളകി ആ HR പെൺകുട്ടി അവിടെ അലറി .....
" ഗെറ്റ് ഔട്ട് …. ഗെറ്റ് ഔട്ട് നൗ ... ഇനി മേലിൽ നിന്നെ ഈ പരിസരത്തു കണ്ടു പോകരുത് " !!!!

അങ്ങനെ , അന്ന് അവിടെ 'ബാക്ക് വാട്ടർ ടുറിസം' , 'മെയിൽ ഷോവനിസം' തുടങ്ങിയവ വാക്കുകൾക്ക് , രണ്ടു പുതിയ ഡഫനിഷനുകൾ ഈ ലോകത്തിനു സംഭാവന ചെയ്തു , ഞാൻ അടുത്ത കമ്പനി ഇന്റർവ്യൂകളിലേക്കു നടന്നു നീങ്ങി ...... വീണ്ടും പുതിയ ഇംഗ്ലീഷ് വാക്കുകൾ പഠിക്കാനും , അതിന്റെ അർഥം ഈ ലോകത്തെ പഠിപ്പിക്കാനും !!!!!!

11 comments:

  1. enthoru thmasayan shaheeme, sooper

    ReplyDelete
  2. Thank you Shajitha... Eppozhum post ukal vaayikkaan ethunnathinum, nalla vaakkukal kurichidunnathinum thanks a lot .. ��

    ReplyDelete
  3. ഷഹീംഭായ് ഈ ബ്ലോഗിൽ ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട പോസ്റ്റ്. അതിനൊരു കാരണവുമുണ്ട്. 'ഒരു ഇന്റർവ്യൂ അപാരത' എന്ന പേരിൽ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു കുറച്ചുനാളുകൾ മുൻപ്. ഇത് വായിച്ചപ്പോൾ വേറെ കമ്പനികളിലാണെങ്കിലും നമ്മുടെ അനുഭവങ്ങൾ ഏറെക്കുറെ സമാനം ആണല്ലോ എന്നുതോന്നി 😊😊😊

    ReplyDelete
  4. ഹാ ഹാ ഹാ...അതിഭയങ്കരൻ തന്നെ...

    ഇതിന്റെ ബാക്കി ഭാഗങ്ങൾ കൂടി പോരട്ടെ.

    ReplyDelete
  5. മെയ്‌ൽ ഷോവനിസം...‌ അത്രയ്ക്കല്ലേ പറഞ്ഞുള്ളൂ... ഭാഗ്യം... :)

    ReplyDelete
  6. വളരെ നന്ദി മഹേഷ് ഭായ്. 'ഒരു ഇന്റർവ്യൂ അപാരത' പോസ്റ്റ് ഞാൻ വായിച്ചു ; അതെ , എനിക്കും ഇത് പോലെ തന്നെയാണ് ബാംഗ്ലൂർ ജോബ് സെർച്ച് ഡേയ്സ് അനുഭവങ്ങൾ !!!

    ReplyDelete
  7. ഈ വായനയ്ക്കും കമന്റിനും നന്ദി സുധി ഭായ്…. :)

    അതെ വിനുവേട്ടാ … മെയ്‌ൽ ഷോവനിസം, അത്രയേ പറയാൻ അന്ന് പറ്റിയുള്ളൂ !! ഇന്നാണെൽ പൊളിച്ചേനേ !!! :D

    ReplyDelete
  8. ഷഹീം....നിങ്ങള് എന്തൊരു മനുഷ്യനാഹേ...
    കേരളത്തിന്റെ മാനം ആ കന്നടച്ചിക്ക് വിറ്റിട്ട് കിട്ടിയ ഗെറ്റൗറ്റുകളും വാങ്ങി ഇങ് പോന്ന് ലെ..ബെസ്റ്റ്.
    അവൾ ഫോട്ടോ മാർക്ക് ബീഡി വലിച്ചപ്പഴേ ഞാൻ അപകടം മണത്തതാ..
    ബാക്ക് വാട്ടറും, റഷ്യ വരെ എത്തിയ ഷോവനിസവും ഇത്ര കിടുവായി വെച്ചു കാച്ചിയിട്ടും...ഹോ..
    വിട്ടുകൊടുക്കരുതായിരുന്നു..
    കേരളം കന്നഡ...ച്ചെ നമ്മൾ തോറ്റില്ലേ..
    ഗംഭീര പൂശാ പൂശിയത് ട്ടാ..എഴുത്ത് ഭയങ്കര ഇഷ്ടായി.
    ഞാൻ ഫോളോ ചെയ്യുന്നുണ്ട് ട്ടാ..ഇനി സ്ഥിരമായി വരാം

    ReplyDelete
  9. അതെ ഭായ് , ഈ ഗെറ്റ് ഔട്ടുകൾ എന്റെ വീക്ക് നെസ്സ് ആണ് !! പ്രത്യേകിച്ച് ഇംഗ്ലീഷിലുള്ള ഗെറ്റ് ഔട്ടുകൾ !!! അത് എപ്പോൾ കിട്ടിയാൽ ഉടൻ ഇങ്ങോട്ടു മിണ്ടാതെ പോരും !! :) ഈ വരവിനും , ഇനിയും വരാമെന്നു പറഞ്ഞതിനും , കുറിച്ചിട്ട നല്ല വരികൾക്കും വളരെ നന്ദി മാധവൻ ഭായ് …. വീണ്ടും കാണാം.

    ReplyDelete

  10. ഹാ ഹാ ...ഭയങ്കരൻ തന്നെ...
    ഈ മുഖാമുഖം ബാഗ്ളൂരിന് പകരം
    ബിലാത്തിയിലാണേൽ ഷഹീമി നെ
    ഓക്സ്ഫോർഡ്  ഡിക്ഷനറിയുടെ  അർത്ഥവിഭാഗത്തിലേക്ക് 
    പറഞ്ഞു വിട്ടേനെ...

    ReplyDelete