എന്റെ ജീവിതത്തിൽ പലപ്പോഴായി സംഭവിച്ച, വികട സരസ്വതീ ദേവീ കടാക്ഷങ്ങളുടെ നീണ്ട ലിസ്റ്റിൽ നിന്നും , എനിക്ക് പ്രിയപ്പെട്ട മൂന്നു കടാക്ഷങ്ങളുടെ ഒരു ഓർമ്മക്കുറിപ്പ് ആണ് ഇത് ….
ആദ്യം, ഒരു സ്കൂൾ കാല കടാക്ഷം:
ദൂരദർശൻ ചാനൽ മാത്രമായി മലയാള ടെലിവിഷൻ ലോകം അടക്കി വാഴുന്ന സുവർണ കാലഘട്ടം.
അന്നേ ദിവസം രാത്രി ഏഴു മണിക്ക് മലയാള സീരിയൽ 'ആവർത്തനം' കെൽട്രോൺ കളർ ടിവിയിൽ വീടിനു അകത്തു തകൃതിയായി നടക്കുന്നു.
ഏഴാം ക്ലാസ്സു മലയാളം മീഡിയത്തിലെ 'ജീവശാസ്ത്രം' ടെക്സ്റ്റ് ബുക്കിൽ മനുഷ്യ ശരീരത്തിന്റെ പ്രവർത്തനത്തെ/ഘടനയെ പറ്റി , കാണാതെ ഉരുവിട്ട് പഠിച്ചു കൊണ്ട് ഈ പാവം ഞാൻ, വീടിന്റെ വരാന്തയിലും ഇരിക്കുന്നു.
അപ്പോഴാണ് അപ്രതീക്ഷിതമായി , ഏതോ കല്യാണം വിളിക്കാനായി , വളരെ സീരിയസ് ആയി ഒരു ചേച്ചി വീട്ടിൽ കയറിവന്നു എന്നോട് ധൃതിയിൽ ചോദിച്ചത് , " മോനേ , വീട്ടുകാരെവിടെ ?" .
ഞാൻ അത് വരെ കാണാതെ പഠിച്ചോണ്ടിരിക്കുന്ന ആ പാരഗ്രാഫിന്റെ ഫ്ളോ അങ്ങ് പോകുമല്ലോയെന്ന് പിറുപിറുത്തും , ഇതെന്താണ് ഈ രാത്രിയിൽ മിനക്കെടുത്താൻ ഈ അമ്മച്ചി എന്നും പുലമ്പി , ഞാൻ അവരുടെ മുഖത്ത് പോലും നോക്കാതെ , പെട്ടെന്ന് മറുപടിയും കൊടുത്തു ....
" അവരൊക്കെ അകത്തു ടിവിയിൽ 'ആർത്തവം' കണ്ടു കൊണ്ടിരിക്കുകയാണ് ..."
ചേച്ചി എന്നോട് അത്ഭുതത്തോടെ , " എന്ത് കണ്ടു കൊണ്ട് എന്ന് ?..'.!!
ഞാൻ വീണ്ടും ദേഷ്യത്തിൽ , " ആർത്തവം ഇല്ലേ .. ഏഴു മണിക്കുള്ള സീരിയൽ , ആർത്തവം " !!!
അത് വരെ മസിലുപിടിച്ചിരുന്ന ആ ചേച്ചി , പിന്നെ അവിടെ നിന്നും , ഇരുന്നും കിടന്നും ചിരിച്ചു തളർന്നു .
പെട്ടെന്ന് വികടത പിടികിട്ടിയ ഞാൻ ചമ്മലോടെ ,
" സോറി ചേച്ചി .. ആ സാധനം ഇവിടെ, ഈ ടെക്സ്റ്റ് ബുക്കിലാണ് .. അകത്തുള്ളത് 'ആവർത്തനം', 'ആവർത്തനം', സീരിയൽ ആണ് ... "
ഇനി , കോളേജ് കാല കടാക്ഷം:
എനിക്ക് ഇടയ്ക്കിടെ കോളേജിൽ തല്ല് കിട്ടാതെ ഇരിക്കാനും, പ്രത്യേകിച്ച് വലിയ പണിയെടുക്കാതിരിക്കാനും ആയി , കോളേജ് ബാച്ചിലെ എസ്.എഫ്.ഫൈ ലോക്കൽ സ്റ്റുഡന്റ് നേതാവിന്റെ വലംകൈയായി , ഞാൻ തെളിഞ്ഞു നടക്കുന്ന എന്റെ കോളേജ് കാലം.
ഈ ലോകത്തെ എന്തിനെ പറ്റിയും ആധികാരികമായി മണിക്കൂറുകൾ കടുത്ത ഭാഷാ പ്രയോഗത്തിൽ സംസാരിക്കുന്ന എന്റെ നേതാവിന്റെ കൂടെയുള്ള ആ നടത്തത്തിൽ , എന്നെ ഹഠാദാകർഷിക്കുന്നത് , ജൂനിയർ പെൺകുട്ടികളുടെ ഗ്രൂപ്പ് ഒക്കെ കാണുമ്പോൾ , ഒരു ഉളുപ്പും കൂടാതെ അവരുടെ ഇടയിലേക്ക് വലിഞ്ഞു കയറി ചെന്ന് , പോളണ്ടിനെ പറ്റിയും , ചൈനയെ പറ്റിയും വലിയ കാര്യങ്ങൾ പറഞ്ഞു ; തനിക്കു ഭാവി പെൺവോട്ടുകൾ ഉറപ്പിക്കുന്ന അവന്റെ ആ പ്രത്യേക സ്കില്ലിൽ ആണ് .
പെൺകുട്ടികളുടെ ഇടയിലോട്ടു എനിക്കും ഇടിച്ചു കയറാം എന്നതും ; പ്രസംഗിക്കുന്ന തിരക്കിൽ അവനും , ആ ബോറടി കേൾക്കുന്ന തിരക്കിൽ പെൺപിള്ളേരും ആണെങ്കിലും ; ഒട്ടും തിരക്കൊന്നുമില്ലാത്ത എനിക്ക്, അവിടെ തികച്ചും സൗജന്യമായി അന്തസായി വായിനോട്ടവും നടക്കും.
ഇടയ്ക്കു ഏതെങ്കിലും ഗ്യാപ്പിൽ , എനിക്ക് എന്തേലും പിടിയുള്ള ടോപ്പിക് വന്നാൽ , ഞാൻ ചിലപ്പോൾ ഒന്നോ രണ്ടോ വാക്കു നേതാവിന് അഭിപ്രായമായി എറിഞ്ഞു കൊടുക്കും . പിന്നെ , അവൻ അതിൽ പിടിച്ചു അടുത്ത അരമണിക്കൂർ കത്തിച്ചു വിട്ടോളും .
ഒരിക്കൽ അവൻ, ആ പാവം പ്രീഡിഗ്രി പിള്ളേരോട് , നമ്മുടെ പാർട്ടി നാട്ടിൽ ചെയ്യുന്ന സഹായങ്ങളുടെ കൂട്ടത്തിൽ , ആ ഡയലോഗ് കൂടി അടിച്ചത് . "കൊല്ലത്തെ കശുവണ്ടി തൊഴിലാളികളുടെ കാര്യം .... "
ഞാൻ പുറകിൽ നിന്നും കൂടെ ആഡ് ചെയ്തു ... " കൂടാതെ , ആലപ്പുഴയിലെ 'കഴുത്തറി' 'പയർ' തൊഴിലാളികളും ..."
അവൻ ആ ഫ്ളോയിൽ അതും ഏറ്റു പറഞ്ഞു ... "അത് തന്നെ , ആലപ്പുഴയിലെ 'കഴുത്തറി' 'പയർ' ..... " .എന്നിട്ടു എന്നോട് , " എന്ത് തൊഴിലാളികൾ ?"
ഞാൻ വീണ്ടും കട്ട ജാടയിൽ , "നമ്മുടെ 'കഴുത്തറി' 'പയർ' ".... ശേ , തെറ്റിയല്ലോ , ഒരു മിനിറ്റേ.. " സോറി നേതാവേ ..... കൈത്തറി ... കയർ ..."
എന്തായാലും അവിടെ പ്രസംഗം ചീറ്റിയ ആ ഗ്യാപ്പ് നോക്കി , കുറെ നേരമായി രക്ഷപ്പെടാനായി തക്കം പാർത്തിരുന്ന ആ പെൺകുട്ടികൾ . ഞങ്ങളെ ആ വിഷയത്തിനു ആവശ്യത്തിലധികം കളിയാക്കി ചിരിച്ചോണ്ട് അവിടന്ന് നൈസിനു ഇറങ്ങിയും പോയി .
അപ്പോൾ നേതാവ് എന്നോട് , "ഇനി മുതൽ ബുദ്ധിപരമായ ചർച്ചകൾക്ക് വരേണ്ടെന്നും , പോസ്റ്ററൊട്ടിക്കാനും ജാഥ വിളിക്കാനും മാത്രം കൂടെ ചെന്നാൽ മതിയെന്ന് , എന്നെ തരം താഴ്ത്തുകയും ചെയ്തു . പിന്നീട് ആ നടപടിയിൽ മനം നൊന്തു , ഞാൻ ആ ചെറുപ്രായത്തിൽ തന്നെ , സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയും ; എന്നിട്ട് സ്വതന്ത്ര ബുദ്ധിജീവിയായി , തരം കിട്ടുമ്പോൾ നേതൃത്വത്തെ വിമർശിച്ചു സംതൃപ്തിപ്പെടുകയും ചെയ്തു .
അവസാനമായി, ഒരു ഓഫീസ് കാല കടാക്ഷം:
നാല് സീറ്റുകൾ ഉള്ള എന്റെ ഓഫീസ് ക്യൂബിക്കിളിൽ , രാവിലെ തന്നെ എന്റെ ടേബിളിന്റെ സൈഡിൽ വന്നിരുന്നു ഒരുത്തൻ, അവിടെ ക്രോസ്സ് ഇരിക്കുന്നവനുമായി , സാമൂഹ്യ ചർച്ചകൾ തുടങ്ങി !!
റബ്ബർ , എള്ള് , ചുക്ക് , ഏലം, കുരുമുളക് എന്നിവയ്ക്കൊക്കെ ഉണ്ടാവുന്ന വിലയിടിവ് , ഇതൊക്കെയാണ് തോട്ടം മുതലാളി കൂടിയായ അച്ചായൻ സോഫ്റ്റ്‌വെയർ ഡെവലപ്പറിന്റെ , ഇന്നത്തെ പ്രധാന പ്രശ്നങ്ങൾ.
അടുത്ത കോണിൽ ഇരിക്കുന്ന , പുതിയ ജൂനിയർ എഞ്ചിനീയർ പെൺകുട്ടികളെ , തന്റെ പാണ്ഡിത്യവും സമ്പന്നതയും അറിയിച്ചു ഇമ്പ്രെസ്സ് ആക്കുക എന്നതും അവന്റെ ഹിഡൻ അജണ്ടകളിൽ ഒന്നാണ്. അവൻ എത്ര ഡയലോഗ് അടിച്ചാലും അതൊന്നും കേൾക്കാത്ത പോലെ , ആ പെൺകുട്ടികളും അവരുടെ ജോലിയിൽ ശ്രദ്ധിച്ചു ഞങ്ങളെ ഇഗ്നോർ ചെയ്യും .
ഈ എള്ള് / ചുക്ക്/ ഏലം, എന്നൊക്കെ ഞാൻ കേട്ടിട്ടുണ്ടെങ്കിലും , ഇതൊക്കെ കണ്ടാൽ തിരിച്ചറിയാൻ അറിയാത്ത ഞാൻ അത് കൊണ്ട് തന്നെ ആ വിഷയത്തിൽ വലിയ അഭിപ്രായം പറയാറില്ല . അപ്പോഴാണ് ഇടയ്ക്കവൻ 'പിന്നെ നാളികേരത്തിന്റെ വില ' എന്ന് പറഞ്ഞു നിർത്തിയത്. അപ്പോഴേക്കും ഞാൻ ആ തേങ്ങയിൽ കയറി പിടിച്ചു.
" അതെ .. തേങ്ങയെ നമ്മൾ മറക്കരുത് . കാരണം , തേങ്ങാ കേരളത്തിന്റെ മൂലക്കുരു ആണല്ലോ ..."
ഞെട്ടിത്തരിച്ചവൻ എന്നോട് .. " തേങ്ങ എന്ത് കുരു ആണെന്നാ പറഞ്ഞത് ?"
അപ്പോൾ കുടിച്ചോണ്ടിരുന്ന വെള്ളം തുപ്പിക്കളഞ്ഞു , ഉറക്കെ ചിരിച്ചു , അടുത്തിരുന്ന ജൂനിയർ പെണ്കുട്ടി , അന്ന് ആദ്യമായി എന്നോട് സംസാരിച്ചു ...
" ചേട്ടാ ... എണ്ണക്കുരു എന്നാണോ ഉദ്ദേശിച്ചത് .. " !!!!!
ഞാൻ ചമ്മലോടെ, ' സോറി കുട്ടി ... അതേ , ആ കുരു തന്നെയാണ് ഞാനും ഉദ്ദേശിച്ചത് "....
[ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിച്ച '2019 നന്മ ഇയർ ബുക്കിൽ' ഞാൻ എഴുതിയ അനുഭവക്കുറിപ്പിന്റെ പൂർണ രൂപം ആണ് ഈ പോസ്റ്റ്. ]
പണ്ഡിതൻ ആണല്ലേ.. കടാക്ഷങ്ങൾ മൂന്നും ഒന്നിന് ഒന്നു മെച്ചം. പഠിപ്പിസ്റ്റ് ആയി പോയത് കൊണ്ടാണ് ആർത്തവ കടാക്ഷം ഉണ്ടായത്. പയർ തൊഴിലാളികൾ ഉണ്ടായത് അങ്ങേർക്കിട്ട് പണി കൊടുത്തത് അല്ലേ ന്ന് ഒരു സംശ്യം ഇല്ലാതില്ല
ReplyDelete
Deleteവായനയ്ക്കും, ആദ്യ കമന്റിനും നന്ദി ഗൗരിനാഥന്‍ … അതെ അതെ , പണ്ഡിതൻ ആണ് , ഭയങ്കര പഠിപ്പിസ്റ്റും !!, പക്ഷെ , പരീക്ഷയുടെ റിസൾട്ട് വരുമ്പോൾ തോറ്റു പോകും !!
അതെങ്ങനാ , സാറന്മാർക്കു എന്നോട് സ്നേഹമില്ലഅല്യോ !!! ( ബിന്ദു പണിക്കർ.jpg )
അബദ്ധങ്ങൾ ഓർത്തു ചിരിക്കാൻ ആവുന്നത് ഒരു രസമാണ്..നാവുളുക്കാത്തവർ ആരുണ്ട് നമുക്കിടയിൽ... 😊
ReplyDeleteഅതെ അൽമിത്ര… നമ്മൾ ജീവിതത്തിൽ തിരിഞ്ഞു നോക്കുമ്പോൾ , പണ്ട് ഭയങ്കര കാര്യങ്ങളായി കണ്ട പലതും , തമാശയായി കണ്ടു ചിരിക്കാൻ ഒരു രസമാണ് !!
Deleteകുംഭകർണ്ണന് വരംച്ചോദിച്ചപ്പോളുണ്ടായായ അക്ഷര പിശകാണല്ലോ, 'നിർദേവത്യ'മെന്നത് 'നിദ്രാവത്വ'മായി മാറിയത്.
ReplyDeleteആശംസകൾ
തങ്കപ്പൻ ചേട്ടൻ , ഈ വരവിനും ആശംസകൾക്കും വളരെ നന്ദി ….
Deleteഷഹീം ആദ്യത്തെ ആ ആർത്തവം സീരിയൽ അയ്യയ്യോ നിങ്ങൾ എന്തൊരു മനുഷ്യനാണ് ഹേ തകർത്തു തരിപ്പണമാക്കി ക്കളഞ്ഞു.കഴുത്തറി പയറും,മൂലക്കുരുവുമെല്ലാം കിടുക്കാച്ചി സംഭവങ്ങളായി ട്ടാ..സലാം ഷഹീം
ReplyDeleteസലാം മാധവൻ ഭായ് …. അതെ , ഇനി ബാക്കിയുള്ള മണ്ടത്തരങ്ങൾ കൂടി ഓർത്തെടുത്താൽ എല്ലാം കൂടി ഒരു സീരിസ് ആക്കാൻ ഉള്ളത് കാണും !! വളരെ നന്ദി ഭായ് ….
Deleteഅയ്യയ്യോ.. ചിരിപ്പിച്ചു ചിരിപ്പിച്ചു രാവിലെ വയറു നിറപ്പിച്ചല്ലോ നിങ്ങൾ ഷഹീം ഭായ് 😂😂😂
ReplyDeleteസൂര്യ … വായനക്ക് , കമന്റിന് , ചിരിച്ചതിന് വളരെ നന്ദി …. :)
Deleteമഹാപണ്ഡിതാ.. നമോവാകം.
ReplyDeleteഎത്രയെത്ര നാക്ക് പിഴകൾ സംഭവിച്ചിരിക്കുന്നു. എത്രയെത്ര അട്ടഹാസങ്ങളും പൊട്ടിച്ചിരികളും നേരിട്ടിട്ടും നമ്മളിപ്പോലും പയറുമണി പോലെ നാക്കുപിഴകളുമായി നടക്കുന്നു...
ഒന്നും പറയാനില്ല.
ReplyDeleteചിരിച്ച് ചിരിച്ച് ഒരു സൈഡായി. ഇങ്ങനത്തെ പോസ്റ്റിനായി വീണ്ടും കട്ട വെയിറ്റിംഗ്...
ഇഷ്ടം
ആശംസകൾ
അടിപൊളി.. നല്ല സൊയംപൻ നാക്കുപിഴകൾ. മാനം പോകാൻ മറ്റൊന്നും വേണ്ട.
ReplyDeleteകേരളത്തിന്റെ മൂലക്കുരു.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ReplyDeleteപ്രതീക്ഷകളെ ഒട്ടും നിരാശപ്പെടുത്താത്ത പോസ്റ്റ് .!!
അഭിനന്ദനങ്ങൾ !!!
അക്ഷര തെറ്റുകൾ ഉണ്ട് . തിരുത്തണേ ...
നാക്കുളുക്കുന്നതു് പലപ്പോഴും തമാശകളായി മാറി ആ തമാശകളുടെ ഒരു ഘോഷയാത്ര തന്നെ സൃഷ്ടിച്ച ഷഹീം ..... നമോവാകം.
ReplyDeleteചിരിച്ച് ചിരിച്ച്.... .
ReplyDeleteപത്ത് തവണ ശ്രമിച്ചാലും നാക്കുളുക്കി പോകുന്ന ഞങ്ങളുടെ നാടകത്തിലെ പ്രധാന നടനെ ഓർത്തു.
'ചൊറിച്ചു മല്ലി' ശീലമാക്കിയ കാലത്ത് അനവസരത്തിൽ അറിയാതെ ചൊല്ലി പ്പോയിട്ടുള്ളതോർത്തു.
ഷഹീമേ... എന്നാലും ആ സീരിയൽ..
വരാനൊരൽപ്പം വൈകിയെങ്കിലും വന്ന വരവിൽ മനസ്സ് നിറഞ്ഞു ചിരിച്ചു :-) മൂലക്കുരു പ്രയോഗമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്... ഒന്നാലോചിച്ചാൽ കേരളം കേരളമായതിന്റെ 'മൂല'കാരണം തെങ്ങും, തേങ്ങയുമൊക്കെ അല്ലെ അങ്ങനെനോക്കിയാൽ തേങ്ങാ മൂലക്കുരു തന്നെ അല്ലെ എന്നാണ് എന്റെ ഒരിത്...;-)
ReplyDeleteവികട കടാക്ഷം സൂപ്പറായി. ഒന്നും മൂന്നും കിടുഖ്യം.
ReplyDeleteഹഹഹ.... അപ്പോൾ അന്നത്തെ തിരുവഞ്ചൂർ ആയിരുന്നല്ലേ ഷഹീംഭായ്...?
ReplyDeleteഅത് കലക്കി വിനുവേട്ടാ !! അതെ , എന്റെ ഉള്ളിലും ഒരു തിരുവഞ്ചൂർ ഒളിഞ്ഞിരിപ്പുണ്ട് !!! :)
Deleteനാക്കുഴിക്കിന്റെ
ReplyDeleteതലതൊട്ടപ്പനെ തൊട്ടു വണങ്ങുന്നു...
ബിലാത്തിയിൽ ഇത്ര കാലായിട്ടും ആംഗലേയത്തിലുണ്ടാകുന്ന
എന്റെ നാക്ക് പിഴുവുകളുടെ ഒച്ചപ്പാടുകൾ ചുമ്മാ മനസ്സിൽ വന്നൂട്ടാ
നാനാദി ബിലാത്തി ചേട്ടാ … ആംഗലേയത്തിലെ എന്റെ തെറ്റുകുറ്റങ്ങൾ പറയാതെ ഇരിക്കുന്നതാണ് നല്ലതു !! അതൊരു വലിയ നോവലിനുള്ള ഐറ്റംസ് ഉണ്ട് !! :)
Deleteവികടസരസ്വതി പോലും ചിരിച്ചു പോകുന്ന ഐറ്റംസ് ആണല്ലോ!
ReplyDeleteഅതാണ് കൊച്ചു ഗോവിന്ദൻ !! :)
Deleteസത്യം! പ്രായമാകുന്തോറും പരിചയമുള്ളവരുടെ പേരുപോലും തപ്പിത്തടേണ്ട ....
ReplyDeleteആശംസകൾ
ഈ ആശംസകൾക്കും വായനയ്ക്കും നന്ദി തങ്കപ്പൻ സർ.
Deleteമൂന്ന് വികടസരസ്വതിയും കൊള്ളാം.. നല്ല അവതരണം. Btw, ചെറിയ ഒരു അക്ഷരപിശക് ചൂണ്ടിക്കാണിക്കട്ടെ ? ഹഠാദാകർഷിച്ചു എന്നത് ഒറ്റ വാക്കാണ്. ഒരുപാട് എന്ന അർത്ഥത്തിൽ.. ഹഠാദെ ആകർഷിച്ചു എന്നയിടത്ത്.
ReplyDeleteവളരെ നന്ദി ഉട്ടോപ്യൻ. അക്ഷരപിശക് എന്റെ ശ്രദ്ധയിൽ പെടുത്തിയതിൽ വളരെ സന്തോഷം. ഞാൻ ഉടൻ തിരുത്താം.
Deleteഏത് പോസ്റ്റ് ആയാലും ഒരു ഷഹീം ടച്ച് ഉണ്ട്.. പണ്ട് എഴുതിയ ഒരു തമിഴ് കുടുംബപ്രശ്ന കഥ വായിച്ചു ഞാൻ എത്ര ചിരിച്ചു.. ഇപ്പോഴും ഇടക്ക് ആലോചിച്ചു ചിരിക്കാറുണ്ട്.. സൂപ്പർ.. ആശംസകൾ
ReplyDeleteഈ വരവിനും കുറിച്ചിട്ട വരികൾക്കും വളരെ നന്ദി പുനലൂരാൻ. എന്റെ പണ്ടത്തെ പോസ്റ്റുകൾ ഇടയ്ക്കു ഓർക്കാറുണ്ടെന്നു പറഞ്ഞത് കേട്ടപ്പോൾ വളരെ വളരെ സന്തോഷം !! :)
Delete