Thursday, February 13, 2020

... വ്യായാമം ...ഈയടുത്തായി , ഒരു ശനിയാഴ്ച രാവിലെ മൂടി പുതച്ചു കിടന്നുറങ്ങുന്ന എന്നെ തട്ടിയുണർത്തി ഭാര്യ അരുൾ ചെയ്തു ….
" അല്ലയോ ഭവാനേ , അങ്ങ് ഇങ്ങനെ അവധി ദിവസം കൂർക്കം വലിച്ചുറങ്ങി കളയാതെ , പോയി ഒരു മണിക്കൂർ എന്തേലും വ്യായാമം ചെയ്തു , കുറഞ്ഞു വരുന്ന അങ്ങയുടെ ആരോഗ്യം വർധിപ്പിക്കുകയും , ഉയർന്നു വരുന്ന ആ തിരു കുടവയർ കുറയ്ക്കുകയോ ചെയ്യൂ ….. "

ഭവതിയുടെ ആ ആക്ഷേപ അപേക്ഷയിൽ അൽപ്പം കാര്യമുണ്ടെന്നും , ഇനിയും അവിടെ കിടന്നുറങ്ങിയാൽ ചിലപ്പോൾ ഒരു യുദ്ധം അവിടെ നടക്കാമെന്നും മുൻകൂട്ടി കണ്ട ബുദ്ധിമാനായ മഹാ രാജൻ , മടിച്ചു മടിച്ചു ഹാളിലെ സോഫയിലിരുന്നു ചിന്തിച്ചു …. "ഇന്നിനി നടക്കാനോ ഓടാനോ പോകാതെ , എങ്ങനെ എളുപ്പത്തിൽ വ്യായാമം ചെയ്യുകയും , അതെ സമയം ഭവതിയെ ഇമ്പ്രെസ്സ് ചെയ്യുകയും ചെയ്യാം … ?"

അപ്പോഴാണ് , അടുത്തിടെ ഭവതി ഉണർത്തിയ സങ്കടം രാജന്റെ മനസ്സിൽ ഓടിയെത്തിയത് …. " കൊട്ടാരത്തിന്റെ പുറം വശം ആകെ , കാട് പിടിച്ചു നശിച്ചിരിയ്ക്കുകയാണ് … ഒന്ന് പോയി ആ കാട് തെളിച്ചു വൃത്തിയാക്കി കൂടെ , മടിയനായ രാജന് …"

അതെ , ഇത് തന്നെ അവസരം , ഇന്ന് രാവിലെ കാട് വെട്ടിത്തെളിച്ചു , കൊട്ടാരത്തിന്റെ പുറം വശം ക്ലീൻ ഷേവ് ആക്കാം … കൊട്ടാര വളപ്പ് ചെറുതായതു കൊണ്ടും , കാട് വളർന്നു വരുന്നതേ ഉള്ളത് കൊണ്ടും , വലിയ പാടില്ലാതെ അര മണിക്കൂറിൽ ആ പണി തീരും , ഇന്നിനി നടക്കാനും പോണ്ട , രാജ്ഞി സന്തോഷവതിയും ഇമ്പ്രെസും ആകും !!!

തന്റെ ബുദ്ധി സമ്മതിക്കണം എന്ന് അഭിമാനം കൊണ്ട് ,അങ്ങനെ അടിച്ചു പൊളിക്കാനുള്ള ആഗ്രഹവുമായി , ഉള്ള ടൂൾസും എടുത്തു രാജൻ കാട്ടിലേക്കിറങ്ങി , കണ്ണിൽ കണ്ട കാടെല്ലാം അരമണിക്കൂർ നേരം കൊണ്ട് വെട്ടി തെളിച്ചു,ആരോടൊക്കെയോ ഉള്ള അരിശം തീർത്തു , ബാക്കിയുള്ള അരമണിക്കൂർ നേരം ഹാളിലെ സോഫയിൽ കിടന്നുറങ്ങി കൂർക്കം വലിച്ചു ഉറങ്ങി …

" ആഹാ , ബെസ്ററ് … മുകളിൽ നിന്ന് വന്നു ഇവിടെ സോഫയിൽ ഉറങ്ങുകയാണോ നിങ്ങൾ " , എന്ന് വിലപിച്ച രാജ്ഞിയോട് രാജൻ അരുൾ ചെയ്തു ….
" നീ ചുമ്മാ ഡയലോഗ് അടിക്കാതെ , ആ പുറത്തോട്ടു ഇറങ്ങി നോക്കിയേ …. അപ്പോളറിയാം ഈ രാജൻ ആരാന്ന് ..."

ഇതെന്താ സംഭവം എന്നും കരുതി , കൊട്ടാരത്തിന്റെ പുറത്തേക്കിറങ്ങിയ രാഞ്ജി , തലയിൽ കൈവെച്ചു ഉറക്കെ നിലവിളിച്ചു .....
" അയ്യോ !! ഈ മനുഷ്യന്റെ ഒരു കാര്യം !!! ഞാൻ ഇവിടെ കഷ്ട്ടപ്പെട്ടു നട്ടു വളർത്തുന്ന കറിവേപ്പില ചെടിയും , ബാക്കി പച്ചക്കറി ചെടിയുമൊക്കെ , കാടാണെന്നും പറഞ്ഞു വെട്ടിക്കളഞ്ഞിരിക്കുന്നു … നിങ്ങളെ ഇന്ന് ഞാൻ ...… " !!!!!!!

തിരിച്ചു രാജനെ തിരക്കി സോഫയിൽ എത്തിയ രാഞ്ജി , അവിടെ കിടന്ന രാജന്റെ പൂട പോലും കാണാതെ , പല്ലും തേക്കാതെ ഉറക്കമെഴുന്നേറ്റു വരുന്ന രാജകുമാരിമാരോട് തിരക്കി ....
" ഇവിടെ കിടന്നിരുന്ന നിങ്ങടെ ബാപ്പ മഹാ രാജൻ സാധനമെവിടെ …"?

അപ്പോൾ കുമാരിമാർ …
" എന്താണ് എന്ന് അറിയില്ല , ഉമ്മച്ചി പുറത്തു നിന്നും നിലവിളിച്ചു പറഞ്ഞത് കേട്ടതും , തനിക്കു വ്യായാമംചെയ്യാൻ വൈകിയല്ലോ എന്നും പറഞ്ഞു , ബാപ്പ മഹാരാജൻ ഇവിടുന്നു ചാടി എഴുന്നേറ്റു , മുൻവശത്തെ മതിലും ചാടി എങ്ങോട്ടോ ഓടി പോയി !!! ആ ഓട്ടം കണ്ടിട്ട് ഇനി അടുത്തൊന്നും കാണുമെന്നു തോന്നുന്നില്ല .... " !!!

[ ഗുണപാഠം :: " വ്യായാമം ചെയ്യാതിരിക്കാനുള്ള മടിക്കും , ഉഡായിപ്പിനുമൊക്കെ , നിങ്ങള്ക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം " ]

2 comments:

 1. സ്വന്തം കൊട്ടാരത്തിൽ നിന്നും 
  വ്യായാമ മടിയനായ  മഹാരാജന്
  കിട്ടിയ എട്ടിന്റെ പണി വളരെ തന്മയത്വമായി
  അവതരിപ്പിച്ചിരിക്കുകയാണിവിടെ ഷാഹീം  ഭായ് 

  ReplyDelete
  Replies
  1. വായനയ്ക്കും കമന്റിനും വളരെ നന്ദി ബിലാത്തി ചേട്ടാ … അതെ ചേട്ടാ , എനിക്ക് കിട്ടിയത് എട്ടിന്റെ മുട്ടൻ പണി ആയിരുന്നു !! :)

   Delete