Thursday, September 17, 2015

... ഒടുവിലൊരു കുറ്റ സമ്മതം...


അന്ന് ട്രെയിനിൽ കയറി കസിൻറെ വീട്ടിലേക്കു രാത്രി അവിടെ കിടന്നുറങ്ങാനുള്ള പോക്കായിരുന്നു. വൈകിട്ട് അവന്റെ കൂടെ ഒരു സിനിമയ്ക്കു പോകണം , രാത്രി ഏതെങ്കിലും ഹോട്ടെലിൽ കയറി കുറച്ചു ഫുഡ്‌ അടിക്കണം. അത്രയേ ഉള്ളു ആകെയുള്ള അജണ്ട. അടുത്ത ദിവസം രാവിലെ തിരിച്ചെത്തണം. സമപ്രായക്കാരനായ  കസ്സിൻ ആയതു കൊണ്ട് പതിവ് പോലെ രാത്രി ഉടുക്കാനുള്ള ലുങ്കിയും ടി ഷർട്ടും അവന്റെ തന്നെ ഉപയോഗിക്കാം.  പിന്നെ സ്വന്തമായി ആകെ വേണ്ടത് പല്ല് തേക്കാനുള്ള ബ്രെഷ് ആണ്. എന്റെ അത്രയും തന്നെ പ്രായം  തോന്നിക്കുന്ന , ബ്രസ്സലുകൾ കുറച്ചു അവശേഷിക്കുന്ന ആ മഞ്ഞ ബ്രഷും പാന്റിന്റെ പോക്കറ്റിലിട്ടു ഞാൻ ട്രെയിൻ കംബാർട്ടുമെന്ടിലെ ഒഴിഞ്ഞ ഒരു വശത്തെ സീറ്റിൽ ജനാലയ്ക്കരികിൽ സ്ഥാനം പിടിച്ചു.


വയ്കിട്ട് കോളേജു വിട്ട നേരം ആയിരുന്നു അത്.  കല പില കല പില പറഞ്ഞു കൊണ്ട് നാലഞ്ചു കോളേജ് പെണ്‍ പിള്ളേർ ഞാൻ ഇരുന്ന വശത്തെ ബാക്കിയുള്ള സീറ്റുകളിൽ സ്ഥാനം പിടിച്ചു. ആരൊക്കെ പിടിച്ചു തിരിച്ചാലും അവരുടെ ഭാഗത്തേക്ക് തിരിയാത്ത പോലെ ഞാൻ ജനലിലൂടെ പുറത്തേക്കു തന്നെ നോക്കിയിരുന്നു. ഒരു കൂട്ടം പെണ്‍ കുട്ടികളുടെ ഇടയിൽ അകപ്പെട്ട പാവം കുഞ്ഞാടിനെ പോലെ ഞാൻ നിസ്സഹായനായി. എന്റെ പരിഭവം തിരിച്ചറിഞ്ഞ അവർ അന്നത്തെ ഇരയെ കിട്ടിയ പോലെ പണി തുടങ്ങി. 'ഒന്ന് നോക്കു ചേട്ടാ' ' ഞങ്ങളോട് പിണക്കമാണോ' എന്നൊക്കെയുള്ള കമന്റുകൾ വന്നു തുടങ്ങിയപ്പോൾ സംഗതി കൂടുതൽ ചളം ആകും മുൻപ് ഞാൻ അവിടെ നിന്നും വലിയാൻ തീരുമാനിച്ചു.


ട്രെയിൻ ഒരു സ്റ്റെഷൻ വിട്ടു പയ്യെ നീങ്ങി തുടങ്ങിയപ്പോൾ ഞാൻ മനസ്സ് കൊണ്ട് അവിടെ നിന്നും മുങ്ങാൻ തയാറെടുത്തു അവിടെ നിന്നും എഴുന്നേറ്റു നടക്കാൻ തുടങ്ങി. പെട്ടെന്ന് എന്റെ അടുത്തിരുന്ന , അവരുടെ കൂട്ടത്തിലെ ഏറ്റവും കാ‍ന്താരി എന്ന് തോന്നിപ്പിച്ച പെണ്‍ കുട്ടി എന്റെ നേരെ കൈ കൊണ്ട് തടഞ്ഞു പറഞ്ഞു. "ഇതാ , ചേട്ടന്റെ ടൂത്ത് ബ്രെഷ് സീറ്റിൽ വീണു കിടക്കുന്നു "


അതി ദയനീയമായ ആ അവസ്ഥയിൽ അന്നവിടെ കിടന്ന എന്റെ  പ്രിയപ്പെട്ട  ആ സന്തത ബ്രെഷിനെ അവിടെ കൂട്ടത്തിൽ വെച്ച് അംഗീകരിക്കാൻ എന്റെ ഉള്ളിലുള്ള ദുരഭിമാനി സമ്മതിച്ചില്ല.  അവിടത്തെ കളിയാക്കി കൊണ്ടുള്ള കൂട്ട ചിരികൾക്കിടയിൽ ഞാൻ കട്ട  കലുപ്പിൽ തന്നെ ഇതൊന്നും എന്റെയല്ലെന്നും, എന്റെ ബ്രെഷ് ഇങ്ങനെയല്ല എന്നും ഉറക്കെ പ്രഗ്യാപിച്ചു. എങ്കിലും അവർ എന്നെ വിടാൻ കൂട്ടാക്കിയില്ല. 'അങ്ങനെ പറഞ്ഞാൽ എങ്ങനെയാ' , 'ഇത്രയും നല്ല ബ്രെഷിനെ ചേട്ടൻ ഇവിടെ ഉപേക്ഷിക്കുകയാണോ' , 'പാവത്തിനെ ഇവിടെ കളഞ്ഞിട്ടു പോകല്ലേ ചേട്ടാ' , 'അഥവാ ചേട്ടന്റെ അല്ലെങ്കിലും അതിനൊരു പുതിയ ജീവിതം കൊടുത്തൂടെ'... എന്നൊക്കെ ഉള്ള അവരുടെ  ചോദ്യങ്ങൾക്കിടയിൽ രക്ഷപെടാനുള്ള ആകെയുള്ള മാർഗം ആയി , എനിക്ക് ഇറങ്ങാനുള്ള സ്ഥലം ആയി എന്നും പറഞ്ഞു അപ്പോൾ ട്രെയിൻ നിർത്തിയ  ഏതോ ഒരു സ്റ്റെഷനിൽ ഞാൻ ചാടി ഇറങ്ങി.


ഇന്നും എന്റെ പല രാത്രികളിലും , അന്ന് എന്നെ ദയനീയമായി നോക്കുന്ന , ഏതോ ദുരഭിമാനത്തിന്റെ പേരിൽ ഞാൻ അന്ന് അവിടെ ഉപേക്ഷിച്ച ആ മഞ്ഞ ബ്രെഷിന്റെ മുഖം തെളിഞ്ഞു വരും.

പ്രിയ ബ്രേഷേ.... നീ എന്നോട് ക്ഷമിക്കുക.. അന്ന് നീ എന്റെതാണെന്ന്  അഭിമാനത്തോടെ പറഞ്ഞു, നിന്നെ എന്നോടൊപ്പം കൂട്ടാനുള്ള ചങ്കൂറ്റം എനിക്കില്ലാതെ പോയി. ഇന്നിതാ , വർഷങ്ങൾക്കു ശേഷം  ഈ ലോകം മുഴുവൻ കേൾക്കെ ഞാൻ ധൈര്യത്തോടെ ഉറക്കെ വിളിച്ചു പറയുകയാണ്‌.....


 "അത്  എന്റേതാണ്. എത്രയൊക്കെ തേഞ്ഞു പോയെങ്കിലും, ഭംഗിയില്ലെങ്കിലും ആ മഞ്ഞ ബ്രെഷ് എന്റേത് മാത്രമാണ്. , ജീവിതത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ".[ ഇ-മഷി , ഓഗസ്റ്റ്‌ 2015 ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ]
http://www.youblisher.com/p/1190298-e-mashi-online-magazine/16 comments:

Shahid Ibrahim said...

ഒടുവിൽ കുറ്റ സമ്മതം നടത്തിയല്ലേ..ഉടമസ്ഥൻ ആണത്രേ ഉടമസ്ഥൻ ....

Bipin said...

നല്ല കഥ. ആ പെണ്‍ കുട്ടികളുടെ കളിയാക്കലുകൾ സ്വാഭാവികമായി. നല്ല രസകരവും." ഒരു ജീവിതം കൊടുത്തു കൂടെ" എന്നൊക്കെയുള്ളത്. ആ ബ്രഷിനെ ഇപ്പോഴും ഇത്രയും ഇഷ്ട്ടപ്പെടുന്നതും ഓർമിക്കുന്നതും അതിനോട് ക്ഷമ ചോദിക്കുന്നതും അത്ര സുഖമായില്ല. എന്നും രാവിലെയും രാത്രിയിലും പല്ല് തേയ്ക്കാൻ തുടങ്ങുമ്പോൾ ( അങ്ങിനെ ഒരു സംഭവം ഉണ്ടാകില്ല ) ആ ബ്രഷിനെ ഓർമിക്കും ആ പെണ്‍ കുട്ടികളെയും എന്ന് പറഞ്ഞു കഥ അവസാനിപ്പിക്കേണ്ടി ഇരുന്നു. എങ്കിൽ കൂടുതൽ ആസ്വാദ്യകരമായേനെ.

Shaheem Ayikar said...

ആദ്യ വരവിനും , ഇവിടെ കുറിച്ചിട്ട വരികൾക്കും നന്ദി ഷഹിദ്...

Shaheem Ayikar said...

കുറിച്ചിട്ട വളരെ വിലപ്പെട്ട അഭിപ്രായത്തിനും , നല്ല വാക്കുകൾക്കും നന്ദി ബിപിൻ സർ...

shajitha said...

ആരൊക്കെ പിടിച്ചു തിരിച്ചാലും അവരുടെ ഭാഗത്തേക്ക് തിരിയാത്ത പോലെ ഞാൻ ജനലിലൂടെ പുറത്തേക്കു തന്നെ നോക്കിയിരുന്നു, paavam

Shaheem Ayikar said...

നന്ദി ഷാജിത... ഒരു കൂട്ടം കാന്താരികളുടെ ഇടയിൽ ഒറ്റയ്ക്ക് പെട്ട് പോയാൽ , ഏതു ഭീമൻ രഗുവും പാവമായി പോകും... :)

shajitha said...

comment remove cheyyan pattunnillallo, mukalil ezhuthiya comment puthiya postinullathaayirunnu,

Shaheem Ayikar said...

നന്ദി ഷാജിത, മാറിയിട്ട ആ കമന്റ്‌ ഞാൻ ഡിലീറ്റ് ചെയ്തു.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

ഓണറായാൽ ഇങ്ങനത്തെ ഓണറാവണം ...

Shaheem Ayikar said...

വളരെ നന്ദി മുരളി ചേട്ടാ... :)

വിനോദ് കുട്ടത്ത് said...

ഒടുവിൽ കുറ്റസമ്മതം നടത്തി......
മനസ്സില്‍ കുറ്റബോധം വന്നാല്‍ ചെയ്യുന്നതെല്ലാം
യാന്ത്രികമാവും......
എഴുത്ത് പൊളിച്ചു.......
നല്ലെഴുത്തിന് നന്മകള്‍ നേരുന്നു......

Shaheem Ayikar said...

വളരെ നന്ദി വിനോദ് ഭായ് ... :)

Sajith P said...

സത്യത്തിൽ അത് ബ്രഷ് ആയിരുന്നോ അതോ......................? ;)

Shaheem Ayikar said...

നന്ദി സജിത്ത് ...അതിനെ ബ്രെഷ് എന്നൊക്കെ വിളിക്കാമോ എന്നറിയില്ല , എന്നാലും , അമ്മച്ചിയാണേ അത് ബ്രെഷ് തന്നെ.... :)

കല്ലോലിനി said...

ഒടുവിൽ ഗുറ്റസമ്മതം നടത്തിയല്ലേ.....!!!
ഉടമസ്ഥനാണുപോലും ഉടമസ്ഥന്‍..!!!

Shaheem Ayikar said...

അതെ കല്ലോലിനി .. കുറ്റബോധം തോന്നിയാൽ ചെയ്യുന്നത്ക്കെ യാന്ത്രികമാവില്ലേ ! അങ്ങനെ , ഗുറ്റസമ്മതം നടത്തേണ്ടി വന്നു !! :)