Monday, August 10, 2015

ക്ലാസ്സ് മേറ്റ്സ് - ഒരു നല്ല കൂട്ടുകാരൻ



'ക്വാണ്ടം ഫിസിക്സ്' -ന്റെ അനന്തമായ സാധ്യതകളെയും , അതിന്റെ നിഗൂഡമായ രഹസ്യങ്ങളെയും പറ്റി റോസ് മേരി ടീച്ചർ ക്ലാസ്സ്‌ മുറിയിൽ ഞങ്ങളോട് വാചാലയാവുകയാണ്.  ടീച്ചർ ഇടയ്ക്കിടെ തിരിഞ്ഞു നിന്ന് ബോർഡിൽ എന്തൊക്കെയോ കാര്യമായി കുത്തി കുറിക്കുന്നുണ്ട്. നല്ല വില മതിക്കുന്ന മനോഹരമായ സാരികളിൽ , കല്യാണ വീട്ടിലൊക്കെ പോകുന്ന  പോലെ നല്ലോണം ഒരുങ്ങിയാണ് ടീച്ചർ എല്ലാ ദിവസവും ക്ലാസ്സിൽ വരാറ്.  എപ്പോഴും ക്ലാസ്സിൽ ഇടതു വശത്തിരിക്കുന്ന പെണ്‍ കുട്ടികളെ നോക്കി മാത്രം പഠിപ്പിക്കുന്ന , വലതു വശത്തിരിക്കുന്ന ഞങ്ങൾ ആണ്‍ കുട്ടികളെ മനപ്പൂർവം തിരിഞ്ഞു നോക്കാത്ത, മധ്യ വയസ്കയായ ടീച്ചറെ കൊണ്ട് അത് കൊണ്ട് തന്നെ ഞങ്ങൾ ആണ്‍ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.


എനിക്കെന്താണ് എന്നറിയില്ല ! ഫിസിക്സ്‌ / കെമിസ്ട്രി / മാത്ത്സ്, അങ്ങനെ വിഷയം ഏതുമാകട്ടെ , ക്ലാസ്സിൽ അധികം ശ്രദ്ധിച്ചു ഇരുന്നാൽ അപ്പോൾ ഉറക്കം വരും ! എന്നാൽ , ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരിക്കാം എന്ന് വെച്ചാലോ , പിന്നെ എപ്പോൾ ഞാൻ ഉറങ്ങി വീണു എന്ന് ചോദിച്ചാൽ മതി ! എന്നാൽ അങ്ങ് ഉറങ്ങാമെന്ന് വെച്ചാലോ , അതിലും ഉണ്ട് വലിയ പ്രശ്നം , കൂർക്കം വലി !!! ദൈവം ചിലപ്പോൾ ഇങ്ങനെയാണ് , നമ്മുടെ ജീവിതത്തിലെ ചതുരംഗ കളത്തിൽ ഇത് പോലെ എല്ലാ അറ്റത്തും ഓരോ ഉടായിപ്പ് പ്രശ്നങ്ങൾ കൊണ്ട് ചെക്ക് പറയും.  എങ്കിലും ഒരു ചെസ്സ്‌ പോരാളി ഒരിക്കലും തോൽക്കാൻ പാടില്ലല്ലോ. എന്റെ ഈ പ്രശ്നത്തിന് ഞാൻ കണ്ടെത്തിയ മാർഗം ദിവാ സ്വപ്നം എന്നതാണ്. ഓരോ ക്ലാസും തുടങ്ങുമ്പോൾ മുതൽ ഓരോ തീം വെച്ച് സ്വപ്‌നങ്ങൾ കാണുക , അങ്ങനെ ഓരോ ക്ലാസും ഉറങ്ങാതെ ആനന്ദകരം ആക്കുക...


അന്നത്തെ ദിവസം ഞാൻ കണ്ടെത്തിയ തീം എന്നത് 'കാതലർ ദിനം ' എന്നതായിരുന്നു. ക്ലാസ്സിലെ ഏതെങ്കിലും ഒരു സുന്ദരിയും ഞാനും കൂടി പ്രേമിച്ചു പാട്ടും പാടി നടന്നാൽ !!! 'ആഹാ , എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് അറിയാമെങ്കിലും ഉറങ്ങാതെ ഇരിക്കാൻ വേണ്ടിയല്ലേ. അന്നത്തെ എന്റെ സ്വപ്ന നായികയെ തിരഞ്ഞെടുക്കാൻ വേണ്ടി പ്രാർഥിച്ചു ഇടതു വശത്തേക്ക് നോക്കി ഞാൻ ഇരിക്കുമ്പോൾ, ആദ്യം എന്നെ തിരിഞ്ഞു നോക്കിയ സുന്ദരി ശിൽപയെ ഞാൻ  ആ റോളിലേക്ക് തിരഞ്ഞെടുത്തു.  ഇനി ഞങ്ങള്ക്ക് വേണ്ടത് സ്വപ്നത്തിൽ റോസാ പൂക്കൾക്ക് ഇടയിൽ പാടി നടക്കാനുള്ള പാട്ട് ആണ്. ശെടാ , കാതലർ ദിനം സിനിമയിൽ സോനാലിയും നായകനും പാടുന്ന പാട്ടുണ്ടല്ലോ , പാട്ട് നാവിന്റെ തുമ്പത്ത് ഉണ്ട് ! പക്ഷെ ഇപ്പോൾ കിട്ടുന്നില്ല ! സ്വപനത്തിൽ ആണെങ്കിൽ ശില്പ മേക്കപ്പൊക്കെ ചെയ്തു നല്ല ഉടുപ്പൊക്കെ ഇട്ടു പൂന്തോട്ടത്തിൽ നിൽപ്പാണ്, ഈ പിരെട് തീരും മുൻപ് പാട്ട് കിട്ടിയില്ലേൽ എന്റെ സ്വപ്നം പൊളിയും. എന്റെ അടുത്തിരുന്നു ഉറങ്ങുന്ന തോമാച്ചായനെ തട്ടി ഉണർത്തി ഞാൻ വേഗം ചോദിച്ചു, "എടാ , കാതലർ ദിനത്തിലെ പൂന്തോട്ടത്തിലെ ആ റോസാപ്പു പാട്ടെതാടാ... " . നല്ല ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന തോമസ്‌ ടീച്ചർ ചോദ്യം ചോദിച്ചതിനു ആരോ തട്ടി ഉണർത്തിയത് ആണെന്ന് കരുതി ചാടി എഴുന്നേറ്റു ക്ലാസ്സിൽ നിന്ന് ഉറക്കെ മറുപടി പറഞ്ഞു.... ... "റോജാ , റോജാ , എൻ കാതൽ റോജാ  ".. !!!!!


പിന്നീട് അവിടെ സംഭവിച്ച പ്രധാന മൂന്നു സംഭവങ്ങൾ ചുവട്ടിൽ കൊടുക്കുന്നു ,


1. തന്റെ വർഷങ്ങൾ ആയുള്ള അധ്യാപന  ജീവിതത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥി എഴുന്നേറ്റു തന്നെ കമന്റ് അടിക്കുന്നത് എന്ന് സുന്ദരിയായ റോസ് മേരി ടീച്ചർ പ്രിൻസിപാളിനോട്

2. ക്ലാസ്സിലെ ടീച്ചറിനെ വരെ കമ്മന്റ് അടിച്ചു സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ തോമാച്ചായനു കോളേജിൽ പുതിയ ഇരട്ടപേര് 'ഋഷി സൃങ്കൻ' എന്ന് കൂട്ടുകാർ

3.  "എന്നാലും നീ എന്താ അളിയാ ഇങ്ങനെ ടീച്ചറോട്‌ ഒക്കെ.... " എന്ന്  ഒന്നുമറിയാത്ത മാന്യനായ ഞാൻ


പിന്നീട് പല പല ബോറ് ക്ലാസ്സുകളിലും എല്ലാരും ഇരുന്നു ഉറങ്ങുമ്പോൾ , ഒറ്റയ്ക്ക് ഉറങ്ങാതെ കടിച്ചു പിടിച്ചു ഇരിക്കുന്ന എന്റെ പാവം തോമസിനെ കാണുമ്പോൾ മനസ്സ് പറയും , അവനോടു ആ സത്യം പറഞ്ഞാലോ ?


പക്ഷെ പിന്നെ തോന്നും. വേണ്ട , അവനെങ്കിലും ഉറങ്ങാതെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു പഠിച്ചു നന്നാവട്ടെ. ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിൽ ഞാൻ ഇത്രയെങ്കിലും അവനോടു ചെയ്യണ്ടേ !


< ദി എൻഡ് >





23 comments:

  1. മൂന്നേ മൂന്നു കാര്യങ്ങൾ. ഒന്ന് നർമ ബോധം. രണ്ട് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ്. മൂന്ന് അത് അതി ഭാവുകത്വം ഇല്ലാതെ നോക്കുക എന്നത്. അത് മൂന്നും ചേരുമ്പോൾ നല്ല ഹാസ്യ സാഹിത്യം രൂപപ്പെടും. ഈ ഗുണങ്ങളെല്ലാം ഈ എഴുത്തുകാരന് ഉണ്ട്. അത് കൊണ്ട് നല്ല ഹാസ്യ കഥകൾ വരുന്നു. ശ്രദ്ധിച്ചാൽ ഉറക്കം, ശ്രധിക്കാതിരുന്നാൽ ഉറക്കം. ഉറങ്ങിയാൽ കൂർക്കം. എത്ര സുന്ദരം. രസകരം. ചിരി അടക്കാൻ കഴിയുന്നില്ല.

    ReplyDelete
  2. ആദ്യ വായനക്കും , ആദ്യ കമ്മന്റിനും , പിന്നെ ഇവിടെ കുറിച്ചിട്ട വിലപ്പെട്ട വാക്കുകളിലെ വലിയ പ്രോത്സാഹനത്തിനും ഒരുപാട് നന്ദി ബിപിൻ സർ... :)

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. വേണം വേണം.ഇത്രയെങ്കിലും ചെയ്തിരിക്കണം .നൻബൻ ഡാ ..

    ReplyDelete
  5. നന്ദി ഷാഹിദ്... "നൻബൻ ഡാ" പ്രയോഗം കലക്കി... :)

    ReplyDelete
  6. ഷഹീമേ................................ഇങ്ങനെ ചിരിപ്പിയ്ക്കാന്‍ ആണെങ്കില്‍ ഇനി ഞാന്‍ വരത്തില്ല കേട്ടോ.തകര്‍ത്തു.പറയാന്‍ വാക്കുകളില്ല.

    ReplyDelete
  7. ഇത് വഴിയുള്ള ആദ്യ വരവിനു നന്ദി ഗൗരിനാഥന്‍...

    ReplyDelete
  8. നന്ദി സുധി അറയ്ക്കൽ ... നിങ്ങളുടെയൊക്കെ തുടക്കത്തിലേ പ്രോൽസാഹനമുള്ള ഓരോ കമ്മന്റ്സ് ആണ് ഇപ്പോഴത്തെ പൊസ്റ്റിനൊക്കെയുള്ള അടിസ്ഥാന കാരണം ! അപ്പോൾ പിന്നെ ആ നിങ്ങളൊക്കെ ഇനി ‍ വരത്തില്ല എന്ന് പറഞ്ഞാൽ എങ്ങനെയാ :)

    ReplyDelete
  9. ഹി ഹി ഞാന്‍ ഒരു പ്രണയ കഥയാണ്‌ പ്രതീക്ഷിച്ചത്.... അവസാനം ചിരിപ്പിച്ചു...

    ReplyDelete
  10. ഈ സംഭവം കൊള്ളാലോ.
    സരസമായ എഴുത്ത്.
    കല്ലുകടിയില്ലാത്ത പ്രയോഗങ്ങള്‍.
    നന്നായി അവതരിപ്പിച്ചു.

    ReplyDelete
  11. എന്റെ പോസ്റ്റുകളിൽ ആദ്യമായി പതിഞ്ഞ കാൽപാടുകൾക്ക് നന്ദി 'കാല്‍പ്പാടുകള്‍'...

    ReplyDelete
  12. ഒരു നല്ല കഥാകാരനിൽ നിന്നും കേട്ട ഈ നല്ല വാക്കുകൾ ഒരു അവാർഡ്‌ പോലെ എനിക്ക് വിലപ്പെട്ടതാണ്... വളരെ നന്ദി റാംജി സർ.

    ReplyDelete
  13. Nanbanda,സൂപ്പർ.നന്നായി അവതരിപ്പിച്ചു.3 കാര്യങ്ങൾ നന്നായിട്ടുണ്ട്

    ReplyDelete
  14. വളരെ നന്ദി ഹബീബ് റഹ്മാൻ... :)

    ReplyDelete
  15. കൊള്ളാം.... നല്ല കുസൃതി :) ഹാസ്യം മുഷിയാതെ അവതരിപ്പിച്ചുട്ടോ...

    ReplyDelete
  16. ഈ നല്ല വാക്കുകൾക്കു വളരെ നന്ദി മുബി... :)

    ReplyDelete
  17. ഷഹീം....ചിരിപ്പിച്ച പോസ്റ്റ്.ആ മൂന്ന് കാര്യങ്ങളും ദൈവത്തിന്റെ ഉടായിപ്പും എല്ലാം കുറിക്ക് കൊള്ളുന്ന നര്‍മ്മം.അഭിനന്ദനങ്ങള്‍

    ReplyDelete
  18. ഇങ്ങോട്ടുള്ള ആദ്യ വരവിനും , കുറിച്ചിട്ട വാക്കുകളിലെ പ്രോത്സാഹനത്തിനും നന്ദി അരീക്കോടന്‍ മാഷെ... :)

    ReplyDelete
  19. chirich chirich chathu, ente kannilokke vellam vannu, njan pandu pre degree padikkumbol unnikrshanan sir nte physics classil urangaathirikkaan natathiyirunna yathnagngal orthupoyi

    ReplyDelete

  20. വളരെ നന്ദി ഷാജിത... അപ്പോൾ , അവിടെയും ഫിസിക്സ്‌ കേട്ടാല ഉറക്കം വരുമെന്ന് പറഞ്ഞതിൽ നിന്നും , കേരളത്തിൽ ഫിസിക്സ്‌ ക്ലാസ്സ്‌ & ഉറക്കം , ഇവ തമ്മിലുള്ള അന്ധർധാര സജീവമാണെന്ന് തോന്നുന്നു ! :)

    ReplyDelete
  21. വിലപ്പെട്ട നല്ല ഈ വാക്കുകൾക്കു , വളരെ നന്ദി മുരളി ചേട്ടാ...

    ReplyDelete