Thursday, August 20, 2015

പ്രേമോപദേശം - ഒരു നീളമുള്ള ചെറു കഥ !



പുതുതായി തുടങ്ങിയ ഹോട്ടലിൽ കയറി ഉച്ചയ്ക്ക് പരീക്ഷിച്ച മട്ടൻ ബിരിയാണി മുട്ടൻ പണി തന്നു എന്നാണു തോന്നുന്നത് , ഫുഡ് കഴിഞ്ഞു ഓഫീസിൽ തിരിച്ചത്തിയത് മുതൽ വയറ്റിൽ മൊത്തത്തിൽ ഒരു പന്തികേട്‌ !.  എന്റെ കൂടെ കഴിക്കാൻ വന്ന ദിലീപിന്റെ അവസ്ഥ എന്താണെന്നറിയാൻ ഞാൻ പയ്യെ എഴുന്നേറ്റു അവനിരിക്കുന്ന കാബിനിലേക്ക്‌ എത്തി നോക്കി. വയറും തടവി ടോയിലെട്ടിന്റെ ഭാഗത്തേക്ക് അമിത സ്പീഡിൽ അവൻ നടക്കുന്ന ആ കാഴ്ച എന്റെ മനസ്സിന്റെ പേടി ശെരി വെച്ചു, സംശയം വേണ്ട , വെറും പണിയല്ല , നല്ല ഒന്നൊന്നര കട്ട പണി തന്നെ കിട്ടി ! ഞാൻ ദിലീപിന്റെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചു. ആദ്യത്തെ പ്രാവശ്യം ടോയിലെട്ടിൽ നിന്നും തിരിച്ചെത്തിയ ദിലീപ് അഞ്ചു മിനിട്ട് കഴിഞ്ഞു വീണ്ടും വയറും പിടിച്ചു എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നു ! അവന്റെ അടുത്തിരിക്കുന്ന പാലാക്കാരി ഓവർ സ്മാർട്ട്‌ അന്നാ ചെറിയാൻ  "ഇന്ന് നല്ല കോൾ ആണെന്ന് തോന്നുന്നല്ലോ ?" എന്ന് ഉറക്കെ പറഞ്ഞു അവനെ ചൊറിഞ്ഞു. ടോയിലെട്ടിലേക്ക് അതി വേഗം ഓടുന്നതിനിടയിലും ദിലീപ് തിരിഞ്ഞു നിന്ന് "അതെ , രണ്ടു കോളും , മൂന്നു മിസ്സ്‌ കോളും.. ഇനിയും കൂടുതൽ വല്ലതും അറിയാണോ   " എന്ന് തിരിച്ചടിച്ചു!!


ഇനിയിപ്പോൾ കാര്യത്തിന്റെ ഗൌരവം അൽപ്പം കൂടുതലാണ്. കാരണം , ഞങ്ങൾ ഇരിക്കുന്ന ഫ്ലോറിൽ ആകെ രണ്ടു ടോയിലേറ്റ് മുറികളെ ഉള്ളു. ആക്സസ് കാർഡ്‌ പഞ്ച് ചെയ്തു ഉള്ളിൽ കയറിയതിനു ശേഷം ആണ് ഈ ടോയിലേറ്റ് എന്ന ഒരൊറ്റ ഭൂമിശാസ്ത്ര പരമായ സവിശേഷത കൊണ്ട് തന്നെ , ഞങ്ങളുടെ ഓഫീസിലെ ഏറ്റവും തിരക്കേറിയ ഇടം ഇതാണ്. ചാറ്റ് ചെയ്യുന്നവനും , വീഡിയോ കാണുന്നവനും , ബോർ അടിക്കുന്നവനും, ഇരുന്നുറങ്ങാൻ കഴിവുള്ളവരും എല്ലാം ടോയിലെറ്റിൽ കയറി റൂമും അടച്ചു ഒന്നും രണ്ടും മണിക്കൂർ ഇരിപ്പാണ്. ഇതിനിടയിൽ യഥാർത്ഥ ആവശ്യക്കാരുടെ അവസ്ഥയാണ് അതി ദയനീയം. "കത്തി താഴയിടെടാ , നിന്റെ അച്ഛനാടാ പറയുന്നത് , കത്തി താഴയിടെടാ " എന്ന് തിലകൻ ചേട്ടൻ കിരീടത്തിൽ കരഞ്ഞു പറഞ്ഞതിനേക്കാൾ ഹൃദയ സ്പർശിയായ, "അളിയാ , ഒന്ന് പുറത്തു ഇറങ്ങെടാ  പൊന്നളിയാ " മോഡൽ കരലളിയുന്ന ഡയലോഗുകൾ ഞാൻ ഇവിടെ പതിവായി കേൾക്കാറുണ്ട് !

നമ്മളെ കൊണ്ട് ആവുന്ന കാലത്ത് പയ്യെ പയ്യെ നടന്നു അവിടെയെത്തിയാൽ , ആപത്ത് കാലത്ത് വെറുതെ നക്ഷത്രം എണ്ണുന്നത് ഒഴിവാക്കാമെന്നു എന്റെ ഉള്ളിൽ നിന്നാരോ ഉപദേശിച്ചു. പതുക്കെ , ഫോണും കയ്യിലെടുത്തു കുത്തി , ഒരു മൂളിപ്പാട്ടും പാടി, എന്റെ വ്യാകുലതകൾ ആരെയും അറിയിക്കാതെ , ഉടനെ നടക്കാൻ പോകുന്ന അനിവാര്യമായ ആ ദുരന്തത്തെ ഉൾക്കൊള്ളാനായി ഞാൻ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു നീങ്ങി. ഞാൻ എഴുന്നേറ്റു നടന്നു തുടങ്ങിയതും എന്റെ അടുത്തിരിക്കുന്ന പ്രേമനും അവന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു എന്റെ പിറകിൽ നടന്നു തുടങ്ങി ! ദൈവമേ , ഇനി അവനും അങ്ങോട്ടേക്ക് തന്നെയാണോ , ഇടയ്ക്ക് അവൻ 'ശു   , ശു' എന്നൊക്കെ എന്നെ വിളിക്കുന്ന പോലെ എനിക്ക് തോന്നി ! ഇനി അത് എന്റെ തോന്നലാകും , എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി കൂട്ടി വന്നു. എന്റെ മുജ്ജന്മ സുകൃതം , ഒരു ടോയിലേറ്റ് റൂം ഒഴിവുണ്ട് ! ഇനി പ്രേമനെങ്ങാനും എന്നെ ഓവർ ടേക്ക് ചെയ്തു വന്നു അവിടെ ഓടിക്കയറും മുൻപ് ഞാൻ അതിനുള്ളിൽ ചാടിക്കയറി കതകടച്ചു !


ഉടനെ അതാ ! വാതിലിൽ ഇട്ടു ആരോ മുട്ടാൻ തുടങ്ങി. ആദ്യം ആളുണ്ടെന്നു മനസ്സിലാക്കാൻ ഞാൻ ഒന്ന് രണ്ടു വട്ടം ഉച്ചത്തിൽ ചുമച്ചു , പിന്നെയും തട്ടൽ നിർത്തുന്നില്ല ! 'ആളുണ്ട്, അകത്തു ആളുണ്ട് ' എന്നുറക്കെ നിലവിളിച്ചു നോക്കി , എന്നിട്ടും കതകിലെ തട്ട് നിർത്തുന്നില്ല ! എന്റെ ഉള്ളിലെ മനുഷ്യത്വം ഉണർന്നു.  എന്നെക്കാൾ ബുദ്ധിമുട്ടുന്ന ഏതെങ്കിലും പാവം മനുഷ്യൻ ആകും ! എനിക്കിനിയും കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാനാകും. ഞാൻ കതകു തുറന്നതും മുൻപിലതാ നിൽക്കുന്നു പ്രേമൻ ! ഞാൻ അവനോടു 'കയറിക്കോ , പക്ഷെ പെട്ടെന്ന് ഇറങ്ങണം ' എന്ന് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു , " ഒരു കാര്യം മറക്കാതെ പറയാനാണ് തട്ടി വിളിച്ചത്.. ഈ ഞായറാഴ്ച എന്റെ കല്യാണമാണ് , മറക്കാതെ വരണം "  !!!! 'നീ പോടാ @#$%@#.. " എന്ന് ഞാൻ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു കൊണ്ട് , തിരിച്ചു കയറി  എന്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി , നമ്മളൊരിക്കലും കല്യാണം വിളിക്കുന്നവനെ ചീത്തവിളിക്കാൻ പാടില്ലായിരുന്നു , ഞാൻ ചെയ്തത് മോശമായി പോയി !


പ്രേമനെ ഇനി ഞാൻ നിങ്ങൾക്ക് പ്രത്യേകം പരിചയ പെടുത്തേണ്ട ആവശ്യമുണ്ടോ എന്നറിയില്ല എങ്കിലും ആ പരിശുദ്ധ മഹാത്മാവിനെ പറ്റി രണ്ടു വാക്ക് ... ഇവൻ പ്രേമാനന്തൻ, ഞങ്ങളുടെ ഓഫീസിലെ ഏറ്റവും വലിയ നിഷ്കളങ്കൻ ! അവൻ വലിയ പൊട്ടൻ ആണെന്നും ; അല്ല , പൊട്ടനായി അഭിനയിക്കുന്ന വലിയ ബുദ്ധിമാൻ ആണെന്നും വിശ്വസിക്കുന്ന രണ്ടു വിഭാഗം കൂട്ടർ ഞങ്ങളുടെ ഇടയിലുണ്ട് ! എന്തായാലും ഇനി ഞാൻ പറയുന്ന സംഭവം വായിച്ചു ഇതിലേതാണ് ശേരിയെന്നു നിങ്ങൾക്ക് തന്നെ തീരുമാനിക്കാം...


അര മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കടലാക്രമണത്തിനും പേമാരിക്കും ഇടിമിഞ്ഞലിനും ശേഷം , ക്ഷീണിതൻ എങ്കിലും അങ്കം ജയിച്ച ചേകവനെ പോലെ ഞാൻ സീറ്റിൽ തിരിച്ചെത്തി. പയ്യെ എഴുന്നേറ്റു പ്രേമന്റെ സീറ്റിൽ എത്തി ക്ഷമാപണത്തോടെ ഞാൻ കാര്യം പറഞ്ഞു, "ഒന്നും തോന്നരുത്, എന്റെ അപ്പോഴത്തെ അവസ്ഥ അങ്ങനെയായിരുന്നു ". പ്രേമനും കാര്യം മനസ്സിലായ പോലെ എന്നോട് മറുപടി പറഞ്ഞു " സാരമില്ല, എന്റെ ഭാഗത്തും തെറ്റുണ്ട് , ഞാൻ വാതിലിൽ തട്ടാതെ തന്നെ , പുറത്തു നിന്നും ഉറക്കെ കാര്യം പറഞ്ഞാൽ മതിയായിരുന്നു..  " !!!

പിന്നെ എന്തെങ്കിലുമൊക്കെ സംസാരിക്കാൻ വേണ്ടി ഞാൻ വെറുതെ ചോദിച്ചു , "കല്യാണം ഒരുക്കം ഒക്കെ എവിടെവരെയായി ?". അവന്റെ മറുപടി ഞാൻ പ്രതീക്ഷിച്ച പോലെ  അപ്രതീക്ഷിതമായ ഒന്നായിരുന്നു ! " പെണ്ണിനോട് ആദ്യം എന്ത് പറയണം എന്നതിൽ ഒരു തീരുമാനം ആയില്ല ,  ബാക്കിയൊന്നും കുഴപ്പമില്ല " ! ആശയ ദാരിദ്ര്യം അനുഭവിക്കുന്ന ആ നിഷ്കളങ്ക  കൂട്ടുകാരനെ ഈ അവസരത്തിൽ സഹായിക്കേണ്ട കടമ ഞാൻ തിരിച്ചറിഞ്ഞു , ഇമ്മാതിരി വിഷയത്തിൽ അനുഭവജ്ഞാനം അധികമില്ലെങ്കിലും അവനെക്കാൾ തിയററ്റിക്കൾ അറിവ് എനിക്ക് കൂടുതൽ ഉണ്ടാകുമെന്ന ആത്മ വിശ്വാസത്തിൽ , ഇഷ്ട്ടദൈവം  ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്‌ ഞാൻ പറഞ്ഞു, " ചിത്രം സിനിമയിൽ നമ്മുടെ ലാലേട്ടൻ പറയുന്ന ഡയലോഗ്  ഇല്ലേ , You are the light of my lonely life, Love of my heart, Dew of my desert, Tune of my song, Queen of my kingdom and I love you Kalyani…… അങ്ങനെ എന്തെങ്കിലും ശ്രമിച്ചൂടെ ?" . ഇത്രയും കേട്ടിട്ടും ഒന്നും പറയാതിരുന്ന പ്രേമനെ നോക്കി ഞാൻ ചോദിച്ചു , "ഞാൻ പറഞ്ഞത് എന്തേലും മനസ്സിലായോ ? " ,  എന്നെ നോക്കി ഒരു കണ്ണടിച്ചു കാണിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു... "ഒന്ന് മാത്രം എനിക്ക് മനസ്സിലായി , light OFF  '  !!!!!

നിർവികാരനായി തിരിച്ചു നടന്നു ഞാൻ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു , "Never underestimate the first night knowledge of any 'നിഷ്കളങ്ക്'' human beings"... !!!!


< ...ശുഭം... >    











24 comments:

  1. കല്യാണം ക്ഷണിക്കാൻ പറ്റിയ സമയം

    ReplyDelete
  2. ആദ്യ വായനക്കും ,കുറിച്ചിട്ട കമന്റിനും വളരെ നന്ദി പ്രിയ ഷഹിദ് ഇബ്രാഹിം.... :)

    ReplyDelete
  3. കുറേ ഭാഗങ്ങൾ ക്വോട്ട്‌ ചെയ്യാനുണ്ടെങ്കിലും ചെയ്യുന്നില്ല.റ്റോയ്‌ലറ്റിലേക്കുള്ള നടപ്പ്‌ ചിരിപ്പിച്ചു...

    പിന്നെ ലാലേട്ടൻ കല്യാണിയോട്‌ പറഞ്ഞ വാചകങ്ങൾ ഞാനും ഒരാളോട്‌ പറഞ്ഞിട്ടുള്ളത്‌ ഓർത്ത്‌ പോയി.അപ്പോത്തന്നെ ഈ പോസ്റ്റ്‌ ലിങ്ക്‌ വാട്സാപ്പിൽ ഇട്ട്‌ കൊടുക്കുകയും ചെയ്തു.
    നല്ലെഴുത്ത്‌.ആശംസകൾ!!!!

    ReplyDelete
  4. ഇത് വഴിയുള്ള മുടങ്ങാതെയുള്ള വരവിനും , ഇവിടെ പതിവായി അഭിപ്രായം കുറിച്ചിടാനുള്ള നല്ല മനസ്സിനും ഒരുപാട് നന്ദി സുധി ഭായി...

    ReplyDelete
  5. ഷഹീം ഭായ് കല്യാണം വിളി കലക്കി ...... ആ ഓട്ടം മാരകം.......ബിരിയാണി കാര്യം മൊത്തം ശോകമാക്കി.,.. അല്ലേ.....
    എന്നാലും ലൈറ്റോഫ് കിടിലന്‍ ...... ഒരുപാട് ആശംസകൾ.....

    ReplyDelete
  6. വളരെ രസകരമായ എഴുത്ത്... ചിരിപ്പിച്ചു.. എന്നാലും അത്രയും മനോഹരമായ ഡയലോഗില്‍ നിന്ന് ലൈറ്റ് ഓഫ് മാത്രം കണ്ടുപിടിച്ച മഹാനെ നമിക്കണം...!!!!

    ReplyDelete
  7. ഹി ഹി സത്യത്തില്‍ ഒരുപാട് ചിരിച്ചു പോയി .. കിടു എഴുത്ത്

    ReplyDelete

  8. വായിച്ചതിനും ആശംസകൾക്കും നന്ദി വിനോദ് ഭായ്.. അതെ , ബിരിയാണി വയറും മനസ്സും നിറക്കുക മാത്രമല്ല , ചിലപ്പോൾ അത് ഇളക്കയും ചെയ്യും ! :)

    ReplyDelete
  9. നന്ദി കല്ലോലിനി , അതേ , ആ മഹാനെ നമിക്കണം :)

    ReplyDelete
  10. കുറിച്ചിട്ട നല്ല വാക്കുകൾക്കു വളരെ നന്ദി കാൽപാടുകൾ... :)

    ReplyDelete
  11. മട്ടൻ ബിരിയാണി ചതിച്ച കഥ പറയുന്നുവെങ്കിൽ ആ വഴിയെ മുന്നോട്ടു പോയി അതിൻറെ ക്ലൈമാക്സ് ഉണ്ടാക്കണമായിരുന്നു. മട്ടനു ശേഷം കഥ പോകുന്നത് പ്രേമന്റെ കല്യാണവും ആയി. തമ്മിൽ വലിയ ബന്ധം ഒന്നുമില്ല. ആകെ ബന്ധപ്പെടുത്തിയത് ടോയിലറ്റിൽ ഇരിക്കുമ്പോൾ പറഞ്ഞു എന്ന ഒരു കാര്യം കൊണ്ട്. അത് വളരെ ദുർബ്ബലം. വായിച്ചതിൽ നിന്നും പ്രേമന്റെ കഥയാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. അങ്ങിനെയെങ്കിൽ ആദ്യ ഭാഗം വളരെ ചുരുക്കി പറയേണ്ടിയിരുന്നു. അന്നാ ചെറിയാന്റെയും തിലകന്റെയും ഒക്കെ ഡയലോഗ് രസകരമായി. അത് പോലെ ആ ലൈറ്റ് ഓഫും. കഥ രസകരം.

    ReplyDelete
  12. വിലപ്പെട്ട അഭിപ്രായത്തിനു വളരെ നന്ദി ബിപിൻ സർ.. കഥയിലെ യാത്രയുടെ പോക്കിന്റെ ഒരു ക്ലുവും യാത്രക്കാർക്ക് കൊടുക്കാതെ , ബിരിയാണിയിൽ തുടങ്ങി ഉപദേശം വരെ, നേരെയുള്ള റോഡ്‌ വിട്ടു ഗട്ടറുള്ള ഇടവഴിയിലൂടെയുള്ള ഒരു ചെറിയ ഓട്ടോ യാത്രയായിരുന്നു ഡ്രൈവറുടെ ലക്ഷ്യം ! അതിനാൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിച്ചു കൊണ്ട് , എന്റെ ഓട്ടോയിൽ വീണ്ടും കയറിയ അങ്ങേക്ക് വളരെ നന്ദി.. :)

    ReplyDelete
  13. ഹ ഹ ഹാ..ലൈറ്റ് ഓഫ്ഫ് പറയുമ്പോള്‍ പ്രേമന്റെ മുഖത്തെ കള്ളച്ചിരി കൂടി ഓര്‍ത്തുപോയി...

    ReplyDelete
  14. വളരെ നന്ദി അരീക്കോടന്‍ മാഷെ... :)

    ReplyDelete
  15. ഒന്നുകിൽ പ്രേമനെ കുറിച്ച് തികച്ചും പറയാമായിരുന്നു. ഇല്ലെങ്കിൽ ബിരിയാണിയുടെ ചതി. രണ്ടും കൂടി കൂട്ടിക്കുഴച്ചതിൽ ഒരാശയക്കുഴപ്പം.
    എങ്കിലും ചിരി പടർത്തി എന്നതിൽ സംശയമില്ല.

    ReplyDelete
  16. ആ നിഷ്കളങ്ക ബുദ്ധിമാ൯ ആളറിഞ്ഞ് പണി തന്നത് തന്നേട്ടാ, തിലകന്റെ ഡയലോഗ് ഇങ്ങനേം ഉപയോഗിക്കാമോ :(

    ReplyDelete
  17. വിലപ്പെട്ട ഈ അഭിപ്രായത്തിനു വളരെ നന്ദി Shaji K S Pandalam...

    ReplyDelete
  18. വായിച്ചതിനും കുറിച്ചിട്ട വരികൾക്കും വളരെ നന്ദി ഗൗരിനാഥന്‍... :)

    ReplyDelete
  19. അര മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കടലാക്രമണത്തിനും പേമാരിക്കും ഇടിമിഞ്ഞലിനും ശേഷം , ക്ഷീണിതൻ എങ്കിലും അങ്കം ജയിച്ച ചേകവനെ പോലെ, superrrrrr
    chiricchu chirichuc chirichu

    ReplyDelete
  20. കുറിച്ചിട്ട വരികൾക്ക് വളരെ നന്ദി ഷാജിത... :)

    ReplyDelete
  21. വളരെ നന്ദി മുരളി ചേട്ടാ... :)

    ReplyDelete
  22. //"അതെ , രണ്ടു കോളും , മൂന്നു മിസ്സ്‌ കോളും.. ഇനിയും കൂടുതൽ വല്ലതും അറിയാണോ "//
    //അര മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കടലാക്രമണത്തിനും പേമാരിക്കും ഇടിമിഞ്ഞലിനും ശേഷം , ക്ഷീണിതൻ എങ്കിലും അങ്കം ജയിച്ച ചേകവനെ പോലെ ഞാൻ സീറ്റിൽ തിരിച്ചെത്തി//

    ഹഹ പകച്ച് പോയ വയറ് :P കുറച്ച് കാലത്തിന് ശേഷം നന്നായി ചിരിച്ചു :) Thank to Tittoo

    ReplyDelete
  23. ആദ്യ വരവിനും , വായനക്കും , കുറിച്ചിട്ട വരികൾക്കും വളരെ നന്ദി സൂരജ് .... പിന്നെ , നമ്മുടെ ടിറ്റൂ, ലവൻ വൃത്തികെട്ടവൻ ആണേലും നല്ല സ്നേഹമുള്ളവനാണ് എന്ന് ഞാൻ പ്രത്യേകം പറഞ്ഞതായി അവനോടു പറയണേ ... :)

    ReplyDelete