Thursday, August 3, 2017

... ഇമ്മാനുവൽ എന്ന മാനുവൽ ടെസ്റ്റർ ... ( ഒരു ഐ.ടി ബാലരമ കഥ )പണ്ട് മിഥുനാ പുരി എന്ന രാജ്യത്ത്, വൈകുണ്ഠം ടെക്‌നോളജി എന്നൊരു ഐ.ടി കമ്പനി ഉണ്ടായിരുന്നു. അവിടെ ഇമ്മാനുവൽ എന്ന ടെസ്റ്ററും , രമേശൻ എന്ന ഓട്ടോമേഷൻ ടെസ്റ്ററും, ദാസൻ എന്ന ഡെവലപ്പേറും , മനോജ് എന്ന മാനേജരും, പിന്നെ ചെറിയാൻ എന്ന സെയ്ൽസ് മാനും  ജോലി ചെയ്തിരുന്നു.


എല്ലാ ദിവസവും , മനോജ് മാനേജർ എവിടെ നിന്നുമെങ്കിലും കൊണ്ട് തപ്പി വരുന്ന ഓരോരോ പണികൾ , ദാസൻ സ്വന്തം കൈ കൊണ്ട് ഡെവലപ്പ് ചെയ്യുകയും ; അത് ഇമ്മാനുവൽ അവന്റെ കൈ കൊണ്ട് ടെസ്റ്റ് ചെയ്യുകയും, അത് ചെറിയാൻ തള്ളി തള്ളി കൊണ്ട് നടന്നു വിറ്റു കാശാക്കുകയും  ചെയ്യുമായിരുന്നു.


എങ്ങനെ ഭാവിയിൽ ഇമ്മാനുവലിന്റെ ടെസ്റ്റ് പണികൾ , കൈകൊണ്ടു തൊടാതെ ചെയ്യാം എന്ന ശാസ്ത്ര പരീക്ഷണമായിരുന്നു രമേശന്റെ പ്രധാന പണി. രമേശനും ഇമ്മാനുവലും നല്ല കൂട്ടുകാരായിരുന്നെങ്കിലും , രമേശന്റെ കണ്ടു പിടിത്തം വിജയിക്കുന്നതോടെ , ഇമ്മാനുവലിനെ  വൈകുണ്ഠം ടെക്നോളജിയിൽ നിന്നും അടിച്ചു പുറത്താക്കി , ചാണകം തെളിച്ചു , മിഥുനാ പുരി എന്ന രാജ്യത്ത് നിന്നും നാടുകടത്തും , എന്ന് മനോജ് മാനേജരും, ചെറിയാനും അവസരം കിട്ടുമ്പോഴൊക്കെ ഇമ്മാനുവേലിനെ ചുമ്മാ ചൊറിയുമായിരുന്നു.


അധികം താമസിയാതെ തന്റെ കഥ കഴിയുമെന്ന് തിരിച്ചറിഞ്ഞ ഇമ്മാനുവൽ , ഇനിയിപ്പോ വരുന്നിടത്തു വെച്ച് കാര്യങ്ങൾ കാണാമെന്നും , ഇപ്പോഴേ വെറുതെ ഒരോർന്നു ആലോചിച്ചു തല ചൂടാക്കാതെ , ഉള്ള സമയം പണി  ചെയ്തു കിട്ടുന്ന കാശുണ്ടാക്കാമെന്നും തീരുമാനിച്ചു. എങ്കിലും , മറ്റുള്ളവർ ഇന്നോ നാളെയോ തീരാൻ പോകുന്ന ഇമ്മാനുവലിനെ സഹതാപത്തോടെ അധികപ്പറ്റായി കാണുകയും , ഭാവി താരം ആവാൻ സാധ്യതയുള്ള രമേശൻ എന്ന ആട്ടോമേഷനെ ആവേശത്തോടെ നോക്കുകയും ചെയ്തു പോന്നു .


അങ്ങനെ ഇരിക്കെയാണ് , ഒരു നാൾ , രാവിലെ വിൽക്കാൻ കൊണ്ട് പോയ സാധനങ്ങൾ അധികം വിറ്റു പോവാതെ , തള്ളി തളർന്നു തിരിച്ചെത്തിയ ചെറിയാൻ , ആ ചൂട് നാട്ടു വാർത്ത  വൈകുണ്ഠത്തിൽ പൊട്ടിച്ചത് ! 'ഉടനടി ഐ.ടി തന്നെ ഇല്ലാതാവാൻ പോകുന്നു . ഇനിയിപ്പോൾ ജെ.ടി , കെ.ടി , എൽ.ടി എന്നൊക്കെയുള്ള , പുതിയ ഏതേലുമൊക്കെ ടെക്നോളജികളുടെ കാലം ആണ്' എന്ന് ' !!!


ഇത് കേട്ട , മാനേജർ മനോജ് മാനത്തു നോക്കി മോങ്ങി ... ഡെവലപ്പർ ദാസൻ ഡെസ്പ് ആയി തളർന്നു ഡെസ്കിൽ ഇരുന്നു. രമേശൻ ഓട്ടോമേഷന്റെ ഇതുവരെയുള്ള യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം പാഴാകുമല്ലോ എന്നോർത്ത് ഒരു സാധാ മാനുവൽ ടെസ്റ്റർ കരയും പോലെ  കരഞ്ഞു. ചെറിയാൻ ഭാവിയിൽ എന്തെടുത്തു വിൽക്കുമെന്നറിയാതെ തല ചൊറിഞ്ഞു !


ഇതൊക്കെ കേട്ടിട്ടും, പ്രത്യേക വികാരമൊന്നുമില്ലാതെ മൂലക്കിരുന്നു , തനിക്കി എത്ര കാലം കൂടി ജോലി കാണുമായിരിക്കും എന്ന് , എന്നത്തേയും പോലെ  മനോരമ കലണ്ടർ നോക്കിയിരുന്ന ഇമ്മാനുവേലിനോട് മറ്റുള്ളവർ ആകാംഷയോടെ ചോദിച്ചു , " നിനക്കിതൊന്നും കേട്ട് ഞെട്ടലില്ലേ ? "


അവരെയെല്ലാം നോക്കി , ഒരു ആസിഫ് അലി ട്രാഫിക് ചിരി ചിരിച്ചു ഇമ്മാനുവൽ മാനുവലായി മൊഴിഞ്ഞു , " ഓ ! ഞാൻ എന്തായാലും ഒരു ദിവസം മാനുവൽ ടെസ്റ്റിംഗ് ഇല്ലാതാവുമ്പോൾ ഒറ്റയ്ക്ക് പുറത്താവാൻ   ഇരിക്കയാണല്ലോ...   ഇനിയിപ്പോ ഐ.ടി ഇല്ലാതായാൽ നമുക്കെല്ലാവർക്കും ഒന്നിച്ചു അടിച്ചു പൊളിച്ചു അങ്ങ് പുറത്താകാം ... അത്ര തന്നെ ...! "


അത് കേട്ട് , ഇത്രയും കാലം ഇമ്മാനുവലിനെ ചുമ്മാ ചൊറിയാൻ പോയതിൽ അവർക്കു കുറ്റബോധം തോന്നുകയും, നാളെ അരക്ഷിതാവസ്ഥ എന്ന് എപ്പോഴും പറഞ്ഞു കേൾക്കുമ്പോഴുള്ള , ഒരാളുടെ ഇന്നത്തെ വല്ലാത്ത അവസ്ഥ  അവർ മനസ്സിലാക്കുകയും ചെയ്തു.


ഗുണപാഠം :: " കാലം മാറും , ഇൻഡസ്ട്രിയുടെ കോലം മാറും , നമ്മുടെയൊക്കെ കഥ മാറും , പക്ഷെ , ഒരെത്തും പിടിയും ഇല്ലാത്തപ്പോൾ നോക്കാൻ പറ്റിയ കലണ്ടർ ..  അത്  മനോരമ തന്നെ ... ! "


< ടെസ്റ്റിംഗ് കംപ്ലിറ്റഡ്  >

4 comments:

 1. കൊള്ളാം! "കലണ്ടര്‍ മനോരമ തന്നെ".

  ReplyDelete
 2. മനോരമ കലണ്ടര്‍.. അതാണ്.

  ReplyDelete
 3. നന്ദി പ്രിയപ്പെട്ട എഴുത്തുകാരി ... കലണ്ടർ അത് തന്നെ ... :)

  അതെ ശ്രീജിത്ത് ഭായ് ... അതെ , ലതാണ് ലതിന്റെ ഒരു ലത് ! :)

  ReplyDelete
 4. ഗുണപാഠം...
  " കാലം മാറും , ഇൻഡസ്ട്രിയുടെ കോലം മാറും ,
  നമ്മുടെയൊക്കെ കഥ മാറും , പക്ഷെ , ഒരെത്തും പിടിയും
  ഇല്ലാത്തപ്പോൾ നോക്കാൻ പറ്റിയ കലണ്ടർ ..
  കൊള്ളാം...കലണ്ടര്‍ മനോരമ തന്നെ...

  ReplyDelete