Thursday, April 6, 2017

... ഫേസ്ബുക്ക് വീഡിയോ ... ( ചെറു കഥ )" എന്താടാ കള്ള ഹിമാറെ ഒരു പണിയുമെടുക്കാതെ ഇബടെ ഫോണും കുത്തി ഇരിക്കുന്നത് " ;


പെട്ടെന്ന് പുറകീന്നുള്ള മുതലാളിയുടെ അലർച്ച കേട്ട് അവൻ ഞെട്ടി ... എന്തേലും മറുപടി പറയും മുൻപ് മുതലാളി അവന്റെ ഫോൺ പിടിച്ചു വാങ്ങി നോക്കി ... പ്രത്യേകിച്ചൊന്നും പിടികിട്ടാത്തോണ്ടു മുതലാളി അവനോടു തന്നെ ചോദിച്ചു , " എന്താടാ ഇത് ... ഒന്നും പുടികിട്ടുന്നില്ലല്ലാ ... !"


ഒരു മുതലാളിയുടെ അറിയില്ലായ്മയായാണ് , ഒരു തൊഴിലാളിയുടെ വിജയത്തിലേക്കുള്ള എളുപ്പ വഴിയെന്ന് തിരിച്ചറിഞ്ഞ അവൻ , പെട്ടെന്ന് ഒരു ബുദ്ധിജീവിയെ പോലെ വാചാലനായി .... " ഇതാണ് മുയലാളി ഈ ഫേസ്ബുക് ... ഇതിൽ ഇങ്ങനെ ലോകത്തെ എല്ലാ വിവരവും അപ്പൊ അപ്പൊ വന്നോണ്ടിരിക്കും ... നമ്മൾ ഇടയ്ക്കിടെ ഫോൺ ഇങ്ങനെ നോക്കി വായിച്ചോണ്ടിരുന്നാൽ മതി... "


ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന തന്റെ വീക്ക് ‌പോയിന്റ് പുറത്തു കാണിക്കാതെ മുതലാളി ജാടയിൽ ഫേസ്ബുക്ക്  ഓടിച്ചു നോക്കി മനസ്സിൽ പറഞ്ഞു , " നല്ല കളറ് ... നല്ല ഫോട്ടോകൾ ... ഇതിൽ വീഡിയോ ഒക്കെ ഉണ്ടല്ലോ ... !". എന്നിട്ടു അതിൽ കണ്ട ആദ്യ വീഡിയോ തന്നെ ഞെക്കി കണ്ടു ...


' നിന്റെ അമ്മയ്ക്കുള്ളതൊക്കെയോ അവർക്കുമുള്ളു ' എന്ന അതി ശക്തമായ സന്ദേശം പറയുന്ന ആ വീഡിയോ കണ്ടു മുതലാളിയുടെ കണ്ണ് നിറഞ്ഞു ... ഇത് പോലെയൊക്കെയുള്ള നല്ല നല്ല സന്ദേശങ്ങളുള്ള ഫേസ്ബുക്ക് എന്ന സാധനം കണ്ടോടിരുന്ന പാവം അവനെ വഴക്കു പറഞ്ഞതിൽ മുതലാളിക്ക് സങ്കടം വന്നു. ഒരു ചീത്ത പോലും പറയാതെ ഫോൺ തിരികെ കൊടുത്തു , "മോൻ ഇവിടിരുന്നു ഫേസ്ബുക്ക് കണ്ടോ " എന്നും പറഞ്ഞു മുതലാളി വീട്ടിലേക്കു തിരിച്ചു.


വീട്ടിലേക്കു കയറിയ മുതലാളിയെ കണ്ടതും , പ്രിയ പത്നി കദീജ കണ്ടോടിരുന്ന എം-ടിവിയിലെ സൽമാൻ ഖാന്റെ പാട്ടും ഓഫ് ചെയ്തു അടുക്കളയിലേക്കു  ചായ എടുക്കാനായി ഓടി. ഫേസ്ബുക്ക് വീഡിയോയുടെ ഹാങ്ങ് ഓവർ അപ്പോഴും വിട്ടുമാറാത്ത  മുതലാളി , ചായയുമായി വന്ന ഭാര്യയോട് മൊഴിഞ്ഞു.... " ഖദീസാ.... അനക്കൊരു കാര്യം പറയാനുണ്ട് .... നിന്റെ കെട്ടിയോനായ ഈ എനിക്കുള്ളതേ ആ  സൽമാൻ ഖാനും സാറുഖ് ഖാനുമൊക്കെയുള്ളൂ .... " !!!


ഇത് കേട്ട് , കദീജയുടെ കയ്യിലെ ചായക്കപ്പ്‌ തറയിൽ വീണു പൊട്ടി .. അത് വരെ , തന്റെ ഭർത്താവിന്റെ മുഖത്ത് പോലും നോക്കി സംസാരിക്കാത്ത , അവൾ കലികൊണ്ടു അലറി .... " എന്ത് ബർത്താനാണ് ഇങ്ങള് പറയുന്നത് .... ഇങ്ങടെ എന്താണ് എന്റെ സാറുഖ് ഖാനും സൽമാൻ ഖാനും ഉള്ളത് ..... കുട ബയറാ  .... ? പറ മനുസ്യ ... ?"


കദീസയുടെ പുതിയ 'ഗംഗാ ' ഭാവം കണ്ട മുതലാളി ഞെട്ടി ! നാവിന്റെ തുമ്പിൽ ഉത്തരം പറയാൻ ഉദ്ദേശിച്ച ആ ഇംഗ്ലീഷ് വാക്കുണ്ട് ! ശെടാ , ടെൻഷൻ കൊണ്ട് പ്രഷർ കയറിയപ്പോൾ അതും മറന്നു പോയി ! കലികയറിയ കദീജ പിന്നെയും എന്തൊക്കെയോ പറഞ്ഞു .... "  പറ മനുസ്യ... എന്താണുള്ളത് ... ഇങ്ങടെ കഷണ്ടിയാ... ? മണ്ടത്തരമോ ... ? പറ മനുസ്യ.... "


പിന്നെയും എന്തൊക്കെയോ പിറുപിറുത്തു , അകത്തേക്ക് കരഞ്ഞോണ്ട് പോയ ഖദീജയെ, ഇനി എങ്ങനെ ഫേസ് ചെയ്യുമെന്നറിയാതെ , പാവം മുതലാളി ഫോൺ എടുത്തു അവനെ വിളിച്ചു ചോദിച്ചു .... " എടാ , ഈ സാറുഖ് ഖാനും സൽമാൻ ഖാനും മമ്മൂട്ടിക്കും ഒക്കെ ഉള്ളതും , നമ്മൾക്കില്ലാത്തതുമായ ഒരു ഇംഗ്ലീഷ് സാധനം ഉണ്ടല്ലോ ? എന്താടാ അത് ? "


" അത് ... ഈ 'ഗ്ലാമർ ' ആണോ മുതലാളി ? ", മുതലാളിയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ , അവൻ ബഹുമാനത്തോടെ ചോദിച്ചു .


" അതെന്നെ .... പിന്നെ , കള്ള പന്നി ... നാളെ മുതല് നീ പണിക്കു വരണ്ട , കേട്ടാ .... നീ കാണിച്ചു തന്ന ഒരു ഫേസ്ബുക്ക് വീഡിയോ കാരണം , ഇത് വരെ ജീവിതത്തിൽ 'ക.മ' എന്നൊരക്ഷരം എന്നോട് തിരിച്ചു പറയാത്ത  കെട്ടിയോള് ,  ഇന്ന് അതൊഴിച്ചു , വേറെ എല്ലാ അക്ഷരവും പറഞ്ഞു .... നിന്റെ ഒടുക്കത്തെ ഒരു ഫേസ് ബുക്കും വിഡിയോയും ... " !


< അൽഹംദുലില്ല .... എല്ലാം ശുഭം >

7 comments:

 1. ഫേസ്ബുക്ക് വരുത്തിവയ്ക്കുന്ന വിനകള്‍
  ആശംസകള്‍

  ReplyDelete
 2. ഹാ ഹാ ഹാാ.

  ഈ ഗംഗ ഈയിടെയായ്ട്ട്‌ വിട്ടുപോകുന്നില്ല അല്ലേ ഷഹീമേ????

  ReplyDelete
 3. വളരെ നന്ദി തങ്കപ്പൻ ചേട്ടാ ...

  സത്യം സുധി ഭായ് !!! എന്തെഴുതിയാലും ഗംഗ ഇടയ്ക്കു കയറി വരും ! :)

  ReplyDelete
 4. ഒരു മുതലാളിയുടെ അറിയില്ലായ്മയായാണ് , ഒരു തൊഴിലാളിയുടെ വിജയത്തിലേക്കുള്ള എളുപ്പ വഴിയെന്ന് തിരിച്ചറിഞ്ഞ...

  super

  ReplyDelete
 5. പാവത്തിന്റെ പണി പോയി..

  ReplyDelete