Monday, November 7, 2016

...IT ലൈഫ് സൈക്കിൾ...ഒരു തിങ്കളാഴ്ച ദിവസം, രാവിലെ ഓഫീസിൽ എത്തിയപ്പോൾ, അപ്രതീക്ഷിതമായി അവിടെ ഒരുപാട് പുതിയ മുഖങ്ങൾ ! ഓഫീസിൽ സാധാരണയായി രാവിലെ കയറിവരുന്ന എല്ലാവരുടെയും മുഖത്ത് സ്ഥിരമായി കാണാറുള്ള, മടി, ഉഴപ്പ്, തല ചൊറിച്ചിൽ, ഉറക്കച്ചടവ് , കോട്ടുവാ, ഡെസ്പ്പ് തുടങ്ങിയവയൊന്നും ഇല്ലാത്ത, നല്ല തിളങ്ങുന്ന, പ്രതീക്ഷയുള്ള, ജാഡയില്ലാത്ത, ഭവ്യതയുള്ള നല്ല, ചിരിച്ച യുവമുഖങ്ങൾ....!!


വലിയ തിരക്ക് ഭാവിച്ചു, മുടി ചീകിക്കൊണ്ട്, അവരുടെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു പോകുന്ന, ബഹുമാന്യ പ്രോജക്റ്റ് മാനേജർ അവർകളോട് ഞാൻ ആദരവോടെ ചോദിച്ചു,
"ആരാ ഇവരൊക്കെ? കണ്ടിട്ട് വഴിതെറ്റി വന്നവരാണെന്നു തോന്നുന്നു. പാവങ്ങൾ”.
സ്വതവേ ഗൗരവക്കാരൻ ആണെന്ന് സ്വയം കരുതുന്ന PM, ഒട്ടും മസിലു വിടാതെ, കനത്തിൽ എന്നോട് മൊഴിഞ്ഞു,
"നമ്മുടെ പ്രോജെക്ടിലേക്കു പുതിയ ഫ്രഷേഴ്‌സ് ബാച്ച് ആണ്.. ഇനിയിപ്പോ ഇവരെയൊക്കെ നമുക്ക് ട്രെയിൻ ചെയ്തു ശെരിയാക്കണം”.
പെട്ടെന്ന് മനസ്സിൽ ഒരു ഡസൻ സ്വപ്‌നങ്ങൾ / വർണ്ണങ്ങൾ / മോഹങ്ങൾ / ഗാനങ്ങൾ എല്ലാം ഒന്ന് മിന്നിമറഞ്ഞു! ശെടാ, അവരെ ആരെയും ഒന്ന് നല്ലോണം നോക്കാൻ പോലും പറ്റിയില്ല! എങ്കിലും കൂടുതൽ പെൺപിള്ളേരാണെന്നു തോന്നുന്നു, അല്ലേൽ എന്റെ ഉപബോധ മനസ്സ് അവരെ കാണാൻ യാതൊരു വഴിയുമില്ല! എന്തായാലും, പ്രോജെക്ടിലെ സുന്ദരക്കുട്ടനും , പെൺപിള്ളേരെ ഒരിക്കലും നോക്കാത്ത പഞ്ചാരയുമായ, സീനിയർ ലീഡ് ഡീസന്റ് പാർട്ടി സുനന്ദനോട് തന്നെ ചോദിക്കാം എന്ന് ഞാൻ ഉറപ്പിച്ചു, അവനാകുമ്പോൾ അവരുടെയെല്ലാം പേര്, നാട്, വീട്, നക്ഷത്രം, ജാതകം, ഇഷ്ട ദൈവം, ഇഷ്ട സിനിമ, ഇഷ്ട നടൻ എന്നതൊക്കെ വിശദമായി തന്നെ അറിയാമായിരിക്കും!


പതിവില്ലാതെ, രാവിലെ അവന്റെയടുത്തോട്ടുള്ള ചിരിച്ചോണ്ടുള്ള എന്റെ വരവ് കണ്ടപ്പോൾത്തന്നെ, സീനിയർ സുനന്ദൻ കലിപ്പിൽ പറഞ്ഞു.
"വെറുതെ എന്റെ സമയം മിനക്കെടുത്തരുത്... നീയും കൂടെ ചേർത്ത് രാവിലെ അഞ്ചാമത്തെ ആളാണ് ഡീറ്റെയിൽസ് പൊക്കാൻ ഓരോ നമ്പറടിച്ചു ഇങ്ങോട്ടു വരുന്നത്... ആകെ മൊത്തം ടോട്ടല്‍ പെൺപിള്ളേർ എട്ട്, തട്ടമിട്ടത് രണ്ട്, കെട്ടിയത് ഒന്ന്, എല്ലാരും കാണാൻ കൊള്ളാം.. പിന്നെ, കൂടെ ആൺ പിള്ളേർ നാല്, അതില് കലിപ്പ് ലുക്കുള്ളത് ഒന്ന്, മുടിഞ്ഞ ഇംഗ്ലീഷ് ഒരെണ്ണം, കട്ട ജാഡ ടൈപ്പ് ഒന്ന്. പിന്നെ, പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്തവൻ ഒന്ന്!!”.
എന്തായാലും വൈദ്യൻ കല്പ്പിച്ചതും , രോഗി ഇച്ഛിച്ചതുമായ ഡീറ്റെയിൽസ് എല്ലാം കിട്ടിയ സ്ഥിതിക്ക്, ഞാൻ വന്നത് അതിനല്ലെന്നും, അമ്മച്ചിയാണേ, പ്രോജക്റ്റ് ഡീറ്റെയിൽസ് അറിയാൻ ആണെന്നും ആണയിട്ടു പറഞ്ഞു. എന്നിട്ട് പതിവ് പോലെ, പ്രാർത്ഥിച്ചു ഐശ്വര്യമായി എന്റെ ലാപ്പ് ടോപ്പിൽ അന്നത്തെ രാവിലത്തെ പണി (മനോരമ ഓൺലൈൻ വായന) തുടങ്ങി..


എന്നും എപ്പോഴും, പ്രോജെക്ടിൽ എനിക്ക് തിരഞ്ഞു പിടിച്ചു പണി തരാറുള്ള പ്രോജെക്റ്റ് മാനേജർ, പതിവ് ശീലം പോലെ അവിടെയും എന്നെ തേക്കാനായി ശ്രമം നടത്തി!! ഫ്രഷേഴ്‌സ് ബാച്ചിനെ ഓരോരുത്തർക്ക് ട്രെയിനിങ്ങിനു അസൈൻ ചെയ്തപ്പോൾ, നാല് ആൺ പിള്ളേരെ എനിക്കും, ബാക്കി പെൺ പിള്ളേരെ പ്രോജെക്ടിലെ ബാക്കിയുള്ളോർക്കും !! കലിപ്പ് കയറി, കണ്ണ് ചുവന്നു, പ്രെഷർ കയറി , ഞാൻ PM നോട് അലറലോടു അലറി,
"ദേ , നിങ്ങള് ഇതൊരുമാതിരി അപ്പ്രൈസൽ നടത്തുമ്പോൾ റേറ്റിംഗിൽ എനിക്കിട്ടു സ്ഥിരം പണിയും പോലെ അത്ര സിമ്പിൾ ആയി കാണരുത്… കമ്പനിയിൽ എന്നെ അറിയാവുന്നവരാരും, ഞാൻ പറയുന്നത് കേൾക്കില്ല! ആകെ ഈ ഫ്രഷർ ബാച്ച് ആണ് എന്നെ വലിയ പരിചയം ഇല്ലാത്തോണ്ട് കുറച്ചെങ്കിലും ബഹുമാനിക്കുന്നത്! അവർക്കും ഉണ്ടാവില്ലേ പഠിച്ചു വലിയ ആളാവാൻ ആഗ്രഹങ്ങൾ ? എനിക്ക് ഇമ്മാതിരി ചെറിയ ഗ്രൂപ്പ് പോരാ.. എല്ലാരേയും ഒന്നിച്ചു പഠിപ്പിക്കാൻ സമ്മതിക്കണം, സമ്മതിച്ചേ പറ്റൂ…, സമ്മതിക്കാതെ ഞാൻ പോവില്ല, ഇത് സത്യം, സത്യം, സത്യം!”.
എന്റെ രൗദ്ര ഭാവം കണ്ടു , സ്ഥിതി വഷളാണെന്നു മനസ്സിലാക്കി PM പറഞ്ഞു,
"കണ്ട്രോൾ...കണ്ട്രോൾ! ഒരൊറ്റ ക്ലാസ്, അതിൽ നിർത്തിക്കോണം. പിന്നെ, അവരുടെ ഏരിയായിൽ കണ്ടു പോകരുത്.. എങ്കിൽ നമുക്ക് നോക്കാം”.


അങ്ങനെ, എന്റെ മൗലികാവകാശമായി, ഞാൻ പൊരുതി നേടിയ, ആ ട്രെയിനിങ് ക്ലാസ്സിൽ , പുതിയ ബാച്ചിൽ ആർക്കും ഞാൻ പ്രസംഗിക്കാൻ പോകുന്ന വിഷയത്തിൽ മുൻ പരിചയമില്ലായെന്നു, രഹസ്യമായി അന്വേഷിച്ചു ഉറപ്പു വരുത്തിയ കോൺഫിഡൻസിൽ, ഞാൻ IT പ്രോസസ്സ് , ലൈഫ് സൈക്കിൾ, ടെസ്റ്റിംഗ് മെതേഡ്സ് എന്നിവയെ കുറിച്ചെല്ലാം അതീവ വാചാലനായി! ഒരു ട്രെയ്നറും അതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം, ഉദാഹരണങ്ങളും, കഥകളും, ചോദ്യോത്തരങ്ങളുമായി ഞാൻ കത്തിച്ചു മിന്നിച്ചു കയറി. ഭൂഗോളത്തിന്റെ സ്പന്ദനം QA ടെസ്റ്റിംഗിൽ ആണെന്ന് വരെ, കണ്ണിൽ ചോരയില്ലാതെ ഞാൻ തള്ളി ! ഞാൻ പറയുന്ന കാര്യങ്ങളൊന്നും ആർക്കും മനസ്സിലായില്ലെങ്കിലും, എല്ലാരും ക്ഷമയോടെ എന്നെ ഒരു മണിക്കൂർ സഹിച്ചു. അങ്ങനെ, ക്ലാസ്സു കഴിഞ്ഞു, വിജയ ഭാവത്തിൽ, വലിയ പരിക്കില്ലാതെ, ക്ലാസ്സിൽ നിന്നും ഇറങ്ങി പോകാനൊരുങ്ങിയ എന്നോട്, കൂട്ടത്തിൽ ആദ്യം ജാഡ ലുക്കെന്നു തോന്നിച്ച, എന്നാൽ അക്കൂട്ടത്തിലെ ഏറ്റവും നിഷ്കളങ്കനായ മഹാൻ, സ്നേഹത്തോടെ ചോദിച്ചു,
"അണ്ണാ, ഇവിടെ അണ്ണന്റെ പണിയെന്താ? "


അവന്റെ അസ്ഥാനത്തുള്ള ആ അണ്ണാ വിളി എനിക്ക് ആദ്യം അത്ര സുഖിച്ചില്ലേലും, ആ ചോദ്യത്തിലുള്ള സത്യസന്ധത തിരിച്ചറിഞ്ഞു, ഞാൻ സ്നേഹത്തോടെ മറുപടി പറഞ്ഞു,
"ഐ ആം എ പ്രോജക്റ്റ് ലീഡ് ", (അല്ലേലും എന്തേലുമൊക്കെ ആരോടെങ്കിലും പൊലിപ്പിച്ചു പറയുമ്പോൾ, സംസാരിക്കാൻ പറ്റിയ ഭാഷ ആംഗലേയം തന്നെ)


"ആണോ , അങ്ങനെയാണേൽ എനിക്കും പ്രോജക്റ്റ് ലീഡ് ആയാൽ മതി അണ്ണാ, ഞാൻ വന്ന അന്ന് മുതലേ അണ്ണനെ ശ്രദ്ധിക്കുന്നു... അണ്ണനെ പോലെ അധികം പണിയെടുക്കാതെ ജീവിക്കാനാണ് എനിക്കിഷ്ട്ടം. വെറുതെ പ്രോജക്റ്റ് പണിയൊന്നും എടുക്കാൻ എനിക്ക് വയ്യ…!”


ഞാൻ ഞെട്ടി, മറ്റാരും ( പ്രത്യേകിച്ച് പെൺപിള്ളേര് ) കേട്ടില്ലായെന്നു ഉറപ്പു വരുത്തിയ ശേഷം , ഞാൻ അവനോടു ആവതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു,


"എടെ.. എടെ.. നമുക്ക് ആദ്യം തന്നെ അങ്ങനെ വന്നു ലീഡ് ആകാൻ പറ്റില്ല ... കുറച്ചു നാളെങ്കിലും പ്രോജെക്ടിൽ എന്തേലും പണിയെടുത്താലേ, പിന്നെ ഇങ്ങനെ പണിയെടുക്കാതെ, ലീഡെന്നൊക്കെ പറഞ്ഞു റസ്റ്റ് എടുക്കാൻ പറ്റൂ..”


ഞാൻ എന്തൊക്കെ പറഞ്ഞിട്ടും, ഇനി ജീവിതത്തിൽ പണിയെടുക്കുന്നെങ്കിൽ, അതെന്നെ പോലെ ഒരു പ്രോജക്റ്റ് ലീഡ് എന്ന് വാശിപിടിച്ചു നിന്ന അവനോടു, ഞാൻ ഒടുവിൽ, കമ്പനികളിലെ സ്ഥിരം നമ്പറായ, പതിനെട്ടാമത്തെ മാനേജ്‌മെന്റ് അടവിറക്കി…


"എന്നാൽ ഞാൻ PM നോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കട്ട് .. നീ വേറെയാരോടും പറയരുത്, രഹസ്യമായിരിക്കണം! കാര്യങ്ങൾ കുറച്ചു ടഫ് ആണ് , പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും. പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം... എന്നാലേ, ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ”.


അങ്ങനെ, 'ഗബ്രോം കി സിന്ദഗി കഭി കഭി ജാത്തി ഹെ... ' എന്ന ഹിന്ദി പഴംചൊല്ല് പ്രകാരം, അടുത്ത രണ്ടു മൂന്നു കൊല്ലം ഇതും പറഞ്ഞു മോഹിപ്പിച്ചു, ആ പാവത്തിനെ കൊണ്ട് ആത്മാർത്ഥമായി പണിയെടുപ്പിച്ചു നന്നാക്കിയെടുക്കണമെന്നെല്ലാം ആലോചിച്ചു നടക്കുമ്പോൾ, പുറകീന്നു എന്റെ മാനേജർ തോളത്തു തട്ടി പറഞ്ഞു,


"നീ നേരത്തെ പറഞ്ഞ, നിന്റെ പ്രൊമോഷൻ കാര്യം, ഞാൻ ഡയറക്ടറോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കി.. കാര്യങ്ങൾ കുറച്ചു ടഫ് ആണ്, പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും കേട്ടോ! പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം… എന്നാലേ , ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ..!”


< ഈ കഥ തുടർന്നോണ്ടിരിക്കും >


[ http://emashi.in/oct-2016/story-shaheem.html ]

5 comments:

 1. കൊള്ളാം ...എല്ലാ ഓഫീസിലും ഇത്തരക്കാർ ഒന്നോരണ്ടോ കാണും ..നല്ല ഒഴുക്കുള്ള ഭാഷ ..ആശംസകൾ

  ReplyDelete
 2. നല്ല രസകരം. സത്യം ഹാസ്യരൂപേണ. അണ്ണാ എന്നുള്ള അവന്റെ വിളിയും അവന്റെ ആഗ്രഹവും കലക്കി. പിന്നെ നിന്റെ പ്രൊമോഷൻ അതും നന്നായി.

  ഈ കഥ തുടർന്നോണ്ടിരിക്കും എന്ന വാചകം ഒഴിവാക്കേണ്ടി ഇരുന്നു.

  ReplyDelete
 3. ഈ ഐ.റ്റി ഓഫ്‌സ് പുരാണം
  അസ്സലായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു
  എന്തായാലും ഈ ചരിതങ്ങൾ തുടരണം കേട്ടോ ഭായ്

  ReplyDelete
 4. ഹാ ഹാ ഹാാ.പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ബോസ്സ്‌ ചെതിയ്ക്കുമെന്ന് ഇപ്പോ മനസ്സിലായില്ലേ???

  ReplyDelete
 5. രസകരമായി അവതരിപ്പിച്ചു.
  ആശംസകള്‍

  ReplyDelete