Monday, September 9, 2019

.... സെലിബ്രിറ്റി മോമെന്റ്റ് .... ( ഒരു തീവണ്ടി അനുഭവം )



ഫേസ്ബുക്ക് ജനകീയമാകും മുൻപുള്ള ഒരു കാലഘട്ടം. അന്നും ഞാൻ ഇത് പോലെ ഓഫീസിലിരുന്ന് പോസ്റ്റുകൾ ഉണ്ടാക്കി , അത് അവിടെയുള്ള കൂട്ടുകാർക്കു ഓഫീസ് ഇമെയിലിൽ അയച്ചു കൊടുത്തു , അത് അവർ അവരുടെ കൂട്ടുകാർക്കു ഫോർവേഡ് ചെയ്തു , കിട്ടുന്ന ലൈക്കുകൾ/കമന്റുകൾ മെയിൽ റിപ്ലൈ ആയി വാങ്ങിക്കൊണ്ടിരുന്ന സമയങ്ങൾ.


ആ കാലത്തു എനിക്ക്  ഉണ്ടായ ഒരു   'സെലിബ്രിറ്റി' അനുഭവം ആണ് ഈ പോസ്റ്റ് ....


ഒരിക്കൽ , തിരുവനന്തപുരത്തു നിന്നും മാന്ഗ്ലൂർക്കുള്ള, വെള്ളിയാഴ്ച രാത്രി മാവേലി എക്സ്പ്രസ്സിലെ  എന്റെ ടിക്കറ്റ് കൺഫേം  ആയോ എന്നറിയാൻ , പ്ലാറ്റുഫോമിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ ബോഗിയിലെ നോട്ടീസ് ഞാൻ ഒത്തു നോക്കി .....


സീറ്റ് 23 ജബ്ബാർ M  40 QLN CLT
സീറ്റ് 24 നാൻസി  F  22 TVM CAN
സീറ്റ് 25 കുമാരൻ  M  54 TVM KGQ  
സീറ്റ് 26 ഷഹീം  M  28 TVM MAQ


പെട്ടെന്നാണ് ആ പേര് കണ്ണിൽ കുത്തി തറച്ചു കയറിയത് .... 'നാൻസി  F  22' ...


അടുത്തെങ്ങും വേറെ CAN ഇറങ്ങുന്നവരില്ല . അപ്പോൾ കക്ഷി ഉറ്റയ്ക്കാണ് !! എന്തായാലും ജബ്ബാറിന്റെയും കുമാരന്റെയും ആരുമാകാൻ വഴിയുമില്ല ഈ നാൻസി കുട്ടി ... ശെടാ !! ഇനിയിപ്പോൾ ഞാൻ ഈ അലമ്പ് ലുക്കൊക്കെ മാറ്റി ,  മുടിയൊക്കെ ചീകി ഒരുങ്ങി, ബുദ്ധിജീവി പോലെ  ഇരിക്കണമല്ലോ !! പെട്ടെന്ന് അടുത്ത് കണ്ട ബുക്ക് സ്റ്റാളിലെ ചേട്ടനോട് പറഞ്ഞു .....


" ചേട്ടാ ... ഏതേലും നല്ല ലുക്കുള്ള ഇംഗ്ലീഷ് മാഗസിൻ ഒരെണ്ണം ... " ( അല്ലേലും , പെണ്കുട്ടികളെ  ഇമ്പ്രെസ്സ് ചെയ്യാൻ നല്ലതു ആംഗലേയം ബുക്ക് തന്നെയാ !! )


'മാഗസിന്റെ പേര് പോലും പിടിയില്ലാത്ത ഇവൻ ഏതേടാ ?' ഇതെന്ന പുച്ഛ ഭാവത്തിൽ നോക്കി , കടക്കാരൻ ചേട്ടൻ എന്നെ നോക്കി , ഇന്ത്യ ടുഡേ ഇംഗ്ലീഷ് മാഗസിൻ എടുത്തു തന്നു . അതുമായി ചാടി ട്രെയിനിൽ സീറ്റ് 25-ഇൽ ചാടി കയറി ,  24-ഇലെ  നാൻസിയെയും കാത്തു  , ആ ബുക്കിലെ കട്ട ഇംഗ്ലീഷും തപ്പിപ്പിടിച്ചു വായിച്ചോണ്ടിരുന്ന എന്റെ മുന്നിലേക്ക് , പരുഷമായ ഒരു ശബ്ദം ...
" കുറച്ചങ്ങോട്ടു മാറി ഇരിക്കണം മിസ്റ്റർ "


സീറ്റ് 25 ഇലെ കുമാരൻ ചേട്ടനാണ്  ! പുറത്തെ ലിസ്റ്റ് നോക്കി വന്നിട്ട് , നാന്സിയെ അവിടെ സീറ്റിൽ കാണാത്തതിനെ ദേഷ്യം അങ്ങേരു എന്നോട് തീർത്തതാണെന്നു തോന്നുന്നു. !!!
"ഇവിടെ എവിടെയെങ്കിലും ഇരിക്ക് ചേട്ടാ ." എന്ന് നൈസിനു പറഞ്ഞ എന്നോട് അങ്ങേരു ചൂടായി പറഞ്ഞു . "എന്റെ സീറ്റ് 25 ആണ് , എനിക്കവിടെ തന്നെ ഇരിക്കണം "
ഓഹോ ! അപ്പോൾ ഉറപ്പാണ്. ഇതിപ്പോൾ 24 -ഇലെ നാൻസിയുടെ പേര് കണ്ടിട്ടുള്ള വരവ് തന്നെയാണ് മൂപ്പിലാൻ ... !!


അങ്ങനെ . ട്രെയിൻ പതുക്കെ മൂവ് ചെയ്തു തുടങ്ങിയിട്ടും ആളൊഴിഞ്ഞിരിക്കുന്ന സീറ്റ് 24 നോക്കി മ്ലാനത്തോടെ  ഞങ്ങൾ ഇരിക്കുമ്പോൾ ഒരു മധുര ശബ്ദം ... "എക്സ്കയുസ് മി , പ്ളീസ് ..".....


[ അതാ ... ടെക്‌നോപാർക്കിലെ ഒരു കമ്പനിയുടെ ബാഡ്‍ജ്ജും കഴുത്തിലണിഞ്ഞു , സുന്ദരിയായ നാൻസി മുന്നിൽ !!! മനസ്സിൽ അഞ്ചാറു ലഡ്ഡുകൾ ഒരുമിച്ചു പൊട്ടി !! ഇനിയിപ്പോൾ എങ്ങനെ തുടങ്ങണം എന്ന കൺഫ്യൂഷ്യൻ വേണ്ട . ഗ്യാപ്പ് കിട്ടുപ്പോൾ "കുട്ടി ടെക്‌നോപാർക്കിലാണല്ലേ ...  " എന്നങ്ങു ഐശ്വര്യമായി തുടങ്ങിയാൽ മതി .... ! ]


' യെസ്  ' എന്നും ജാടയിൽ പറഞ്ഞു  ഞാൻ സീരിയസ് ആയി  മാറി ...  കുമാരേട്ടൻ അപ്പോൾ ആദ്യമായി ആ ഗൗരവ മുഖത്ത് നല്ല ഇളിച്ച ചിരി പടർത്തി , 'മോള് കയറിക്കോളൂ' എന്നും വാത്സല്യത്തിൽ  'റെമോയെ' പോലെ  പറഞ്ഞു , എഴുന്നേറ്റു മാറികൊടുത്തു, എന്നിട്ടു എന്നെ 'അന്യനെ' പോലെ  തുറിച്ചു നോക്കി !!!


നല്ലൊരു അവസരം ഒത്തുവരുമ്പോൾ ഒന്ന് കയറി മുട്ടാൻ, നാൻസി എന്നെ നോക്കുന്നുണ്ടോ എന്ന് ഒളിഞ്ഞു നോക്കി ഞാനും ; അവസരം കിട്ടാതിരിക്കാൻ ഞാൻ നാന്സിയെ നോക്കുന്നുണ്ടോ എന്ന് എന്നെ തുറിച്ചു  നോക്കി കുമാരേട്ടനും, ഇഞ്ചോടിഞ്ചു വാശിയോടെ  സമയം തള്ളി നീക്കി ....


അതിനു ഇടയ്ക്കു , കുമാരേട്ടൻ ഒന്ന് നടു നിവർത്തിയ ചെറിയ  ഗ്യാപ്പിലൂടെ , ഞാൻ നാൻസിയോട് കയറി മുട്ടി  .... "ടെക്നോപാർക്കിലാണല്ലേ ? ഞാനും അവിടെയാണ് ...."


'നിന്നോട് ഞാൻ ചോദിച്ചോടാ  അലവലാതി ' എന്ന ഒഴിഞ്ഞ ഭാവത്തിൽ നാൻസി ' ഓക്കെ '  എന്നും പറഞ്ഞു മിണ്ടാതെ ഇരുന്നു
വായിനോക്കികൾക്ക് ഔചിത്യമില്ലാത്തോണ്ട് വീണ്ടും കയറി  ഡയലോഗ് . " ബൈ ദി വേ , എന്റെ പേര് ഷഹീം , നെസ്റ്റിലാണ് വർക്കിംഗ് ..."


അപ്പോഴേക്കും കുമാരേട്ടൻ ഞങ്ങളുടെ നടുവിലുള്ള സീറ്റിൽ നടു നിവർത്തി കഴിഞ്ഞിട്ടു ,'ഞാനൊന്ന് നീങ്ങിയപ്പോളേക്കും നീ പണിതുടങ്ങിയല്ലേടാ " എന്ന ഭാവത്തിൽ ,ഞങ്ങളെ മറഞ്ഞു ഇരുന്നു.  വീണ്ടും വീണ്ടും എന്നെ നോക്കി പേടിപ്പിച്ചു.


ഇനിയിപ്പോൾ പ്രത്യേകിച്ച്  അവിടെ കുത്തിയിരുന്നിട്ടു കാര്യമില്ലെന്നു ഓർത്തു , മര്യാദയ്ക്ക് കിടന്നുറങ്ങാം എന്ന് കരുതി എഴുന്നേറ്റ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു, പെട്ടെന്ന്  നാൻസി എന്തോ ഓർത്ത് ചാടി എഴുന്നേറ്റു , അതിശയത്തിൽ ...
" ഓ മൈ ഗോഡ് !! നിങ്ങളാണോ ഷഹീം ... !! ഐ കാൻഡ് ബിലീവ് ഇറ്റ് !! .. ഒരു മിനിറ്റേ .... "  എന്നും പറഞ്ഞു നാൻസി ആരെയോ ഫോൺ വിളിച്ചു തുടങ്ങി ....


അവിടെ എന്താണ്  നടക്കുന്നതെന്ന് അറിയാത്ത ഷോക്കിൽ ഞാനും , ഇതൊക്കെയെന്തെന്നറിയാതെ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി  തലയും ചൊറിഞ്ഞു കുമാരൻ അണ്ണനും അവിടെ ഇരുന്നു.
ട്രെയിനിന്റെ ചങ്ങല വലിച്ചു ഇറങ്ങി ഓടിയാലോ എന്നെനിക്കു ആദ്യം തോന്നി ! ശെടാ , അതിനു ഞാൻ തെറ്റൊന്നും ചെയ്തില്ലല്ലോ . അത് പോലെ നാൻസി എന്നെ ചീത്തയും വിളിച്ചില്ല. ഓടേണ്ട , അത്  പണിയാകും ... അങ്ങനെ ഓരോന്ന് ചിന്തിച്ചു വിയർത്തൊലിച്ചു ഇരിക്കവേ , ആരെയോ ഫോണിൽ അപ്പുറത്തു കിട്ടിയ നാൻസി ആവേശത്തിൽ .... " എടിയേ , നിനക്ക് എന്റെ  അടുത്ത് ട്രെയിനിൽ ഇരിക്കുന്നത് ആരാണ് എന്നറിയോ ? ഷഹീം ...... ഞാൻ ഫോൺ കൊടുക്കാമേ ... "


അത് കേട്ട്, എന്നെ പയ്യെ ഞൊണ്ടി പുഞ്ചിരിച്ചു ബഹുമാനത്തോടെ കുമാരൻ ചേട്ടൻ .... " സാർ സീരിയൽ നടനാണോ ? "!!!!!


എനിക്ക് വട്ട് ആയതാണോ , അതോ മറ്റെല്ലാവർക്കും പ്രാന്തായതാണോ , ഇനിയിപ്പോൾ നാൻസി എന്നെ ആക്കുന്നതാണോ , എന്നൊന്നുമറിയാതെ വണ്ടറടിച്ചു ഇരിക്കുന്ന എന്റെ കയ്യിലേക്ക് നാൻസി തന്ന ഫോണെടുത്തു , കരയുന്നതു പോലെ ഞാൻ .... " ഹാലോ ... ആരാത് ...  ഞാൻ സത്യായിട്ടും ഒന്നും ചെയ്തില്ല ... " !!!


അപ്പോൾ അപ്പുറത്തു നിന്നും ഒരു പരിചിത സ്വരം .. " ഡാ ... ഇത് ഞാൻ ആണെടാ ദീപ്തി ...."


നടന്ന സംഭവം ചുരുക്കി പറഞ്ഞാൽ ഇങ്ങനെ :: " കമ്പനിയിലെ എന്റെ പ്രോജക്ട് ടീം മേറ്റും , അടുത്ത കൂട്ടുകാരിയുമാണ് ദീപ്തി. ദീപ്തിയുടെ ഹോസ്റ്റൽ റൂം മേറ്റ് ആണ് നാൻസി . എല്ലാ ദിവസവും വൈകിട്ട് റൂമിലിരുന്ന് ദീപ്തി പറയുന്ന ഓഫീസ് തമാശ കഥകളിലൂടെയും , ഫോർവേഡ് ചെയ്തു അയക്കുന്ന മെയിൽ പോസ്റ്റുകളിലൂടെയും,   ആ കട്ടപ്പന ഹോസ്റ്റലിലെ  ഹൃതിക് റോഷൻമാരാണ് ഞാനും , എന്നെപ്പോലുള്ള കമ്പനിയിലെ മറ്റു പലരും .. !!!

അങ്ങനെ , ആ ടെൻഷൻ സിറ്റുവേഷൻ ഒക്കെ മാറി, ,  ഞാനും നാൻസിയും ഓരോ തമാശകളൊക്കെ പറഞ്ഞു അവിടെ പൊട്ടിച്ചിരിക്കുമ്പോൾ , ഞങ്ങളെ ദയനീയമായി നോക്കി താടിയിൽ കയ്യും വെച്ചിരിക്കുന്ന കുമാരൻ ചേട്ടനോട് ,  ഞാൻ ....

"  എക്സ്കയുസ് മി അങ്കിൾ ... ഞങ്ങൾ ഫ്രണ്ട്സ് ഇവിടെ സംസാരിച്ചു അടുത്തിരിക്കട്ടെ ... ചേട്ടൻ കുറച്ചങ്ങോട്ടു നീങ്ങിയിരിക്കു ... പ്ളീസ് .. " !!!!!!


< .... ദി എൻഡ്  >



5 comments:

  1. ഹമ്പട കേമാ... സണ്ണിക്കുട്ടാ എന്ന് പറഞ്ഞോ നാൻസി ;-)

    ReplyDelete
  2. ഹ്‌ ആ ഹാ.ഷഹീം ഇപ്പോൾ കോമഡിയിലേയ്ക്ക്‌ മാറ്റിച്ചവുട്ടി അല്ലേ??

    നല്ല ഇഷ്ടം..

    ReplyDelete
  3. നിസാരം.. അപ്പൊ ഈ അയച്ചുകൊടുക്കുന്ന ഐറ്റംസ് വായിപ്പിക്കാനും ചില ആൾക്കാരും കൈയിൽ വേണം.. ആരാണ് എപ്പോഴാണ് ഉപകരിക്കുക എന്നു പറയാൻ ആകില്ലല്ലോ.. ഈശ്വര.. ഞാനും ട്രെയിനിൽ തന്നെ ആണല്ലോ പോകുന്നത്.. simple and humble words ..And it keeps something to read the next line..

    ReplyDelete
  4. തമാശയുടെ ഒരു ആശാൻ പട്ടം ഭായിക്ക് കിട്ടും കേട്ടോ

    ReplyDelete