Tuesday, July 12, 2016

... വൺസ് അപ്പോൺ എ ടൈം ഇൻ എ ചായക്കട - ലവ് സ്റ്റോറി ...


Semester 1 :


" ... അവൾ ആരാണെന്നാണ് അവളുടെ വിചാരം ! ഇത്രയും ജാഡ പാടില്ല. നമുക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം ... "


തന്റെ കയ്യിലിരുന്ന പഴംപൊരിയുടെ ബാക്കിയുള്ള ആ വലിയ കഷ്ണം മൊത്തത്തിൽ  വായിലാക്കി ചവച്ചു , ആരോടൊക്കെയോ ഉള്ള ദേഷ്യം ആ പഴം പൊരിയോട് തീർത്തു , കിരൺ പിറുപിറുത്തു, താടി ചൊറിഞ്ഞോണ്ട് , അടുത്തിരുന്ന വരുണിനെ നോക്കി പറഞ്ഞു നിർത്തി...


വരുൺ കിരണിനോട് അതി ദയനീയമായി മൊഴിഞ്ഞു , " അളിയാ , നീ സംയമനം പാലിക്കണം , എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും... ഇതിപ്പോ നീ ദേഷ്യത്തിൽ തീർത്തത് 3 പഴംപൊരി , 2 ചായ , 1 വട ! കൺട്രോൾ അളിയാ , കൺട്രോൾ ... ദുഃഖം നിന്റെയാണെങ്കിലും , പോണത് എന്റെ കാശല്ലേ .... "


അത്രയും നേരം എല്ലാം ശ്രദ്ധിച്ചു മിണ്ടാതെ അടുത്തിരുന്ന SFI വിദ്യാർത്ഥി നേതാവ് സുദീപും കയ്യിലിരുന്ന പരിപ്പ് വട ഒരു കടി കടിച്ചു കൊണ്ടു വരുണിനോട് ചൂടായി ,


" Mr. വരുൺ , നീയൊരു ബൂർഷായെ പോലെ സംസാരിക്കുന്നു... ചങ്കു തകർന്നവന്റെ മനസ്സിന്റെ വേദന നീ കാണാതെ, അവൻ കഴിച്ചതിന്റെ കണക്കു നീ പറഞ്ഞത് വളരെ ചീപ്പ് ആയി പോയി "



കുറെ നേരം ആയി , കയ്യിലെ ബോണ്ട കറക്കി കറക്കി  ,കിരണിന്റെ  പ്രശ്നത്തിന് ഒരു സൊല്യൂഷൻ ആലോചിച്ചിരുന്ന , ബാലു ഇടയ്ക്കു എല്ലാരോടും കൂടി പറഞ്ഞു ,


"  ഒന്നു നിർത്തു ... എടാ കിരൺ , നീ പറ , എന്തു പണിയാണ് കൊടുക്കേണ്ടത് ? എന്തായാലും നിന്റെ കൂടെ ഞങ്ങൾ ഉണ്ട് "


കിരൺ ആലോചിച്ചു പറഞ്ഞു , " കോളേജിൽ അവൾക്കൊരു ഇരട്ട പേരിടണം ... എല്ലാരേയും കൊണ്ടു ആ പേര് വിളിപ്പിക്കണം .. എന്നിട്ടു ഭൂലോക സുന്ദരിയാണ് അവളെന്ന  ജാഡ മാറ്റി കൊടുക്കണം ... അത്രയും മതി അളിയാ "


"നമുക്കെന്നാ ചാള മേരിയെന്നു ഇട്ടാലോ ? അല്ലേൽ , ശൂർപ്പണഖ , നെത്തോലി ,  തെങ്ങു , പിണ്ണാക്ക് ... അങ്ങനെ എന്തേലും ... ? ".. തന്റെ വിപ്ലവ ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വന്ന ആ കൊച്ചു ആശയം സുദീപ് ലോക്കൽ കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഗൗരവത്തിൽ തന്നെ അവതരിപ്പിച്ചു .


" അപർണ്ണ സുന്ദരിയാണ് , പാവം കുട്ടിയും ... ആകെ ചെയ്തെന്നു കിരൺ ആരോപിക്കുന്ന കുറ്റം , കഴിഞ്ഞ 5 മാസമായി ആയി ഇവൻ എപ്പോഴും പിറകെ നടന്നിട്ടും , അവൾ ഇന്ന് വരെ ഇവനെയൊന്നും നോക്കിയിട്ടു പോലുമില്ല എന്നതാണ് . എങ്കിൽ , ഇവനൊഴികെ മറ്റെല്ലാവരോടും മിണ്ടുകയും ചെയ്യും... അതു കൊണ്ടു ആ കുട്ടിക്ക് ചേരുന്ന നല്ല പേരുകൾ മാത്രമേ നമ്മൾ പരിഗണിക്കാവൂ...  " .. വരുൺ പക്വതയോടെ ഒരു ആങ്ങളയുടെ ഉൾക്കരുതലോടെ പറഞ്ഞു നിർത്തി.



ബോണ്ട കറക്കി കൊണ്ടു ബാലു ആ പരമാർശം ശരിവെച്ചു ... " അതു ശരിയാണ് .. അതൊരു നല്ല കുട്ടിയാണ് , നമ്മുടെ ശോഭനയെ ഒക്കെ പോലെ സുന്ദരിയും ..."


"  ഒന്ന് പോടാ ..... ഒരു ശോഭന ,  അവൾ നാഗവല്ലിയാണ് . നാഗവല്ലി "... പറഞ്ഞു നിർത്തിയതും കിരൺ എന്തോ കണ്ടുപിടിച്ച പോലെ ചാടി എഴുന്നേറ്റു നിലവിളിച്ചു .... " യുറേക്ക , യുറേക്ക ... നാഗവല്ലി , അതു തന്നെ അവൾക്കു പറ്റിയ പേര്...  ഇനി അവളെ അതും പറഞ്ഞു കാണുമ്പോഴൊക്കെ ചൊറിഞ്ഞു  ചൊറിഞ്ഞു കുരു പൊട്ടിച്ചാൽ മതി .. അഹങ്കാരി "



ബാലു പെട്ടെന്ന് കയ്യിലിരുന്ന ബോണ്ട അറിയാതെ താഴെയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു , " എടാ പതുക്കെ , അവൾക്കു നൂറു ആയുസാണ് , ഇതാ അവളും കൂട്ടുകാരിയും ഇതു വഴി വരുന്നുണ്ട് ... "


എന്തിന്റെയൊക്കെയോ ആവേശത്തിൽ , പെട്ടെന്ന് ഒന്നും ചിന്തിക്കാതെ , അവളുടെ അടുത്തു ഓടിച്ചെന്നു , കിരൺ കൈകൊണ്ടു തടഞ്ഞു നിർത്തി പൊട്ടിത്തെറിച്ചു ....


" എടി , നീ ആരാന്നാടി നിന്റെ വിചാരം ... നിനക്കൊരു വിചാരം ഉണ്ട് നീ വല്യ ഭൂലോക സുന്ദരിയാണെന്ന് ... നീ വെറും നാഗവല്ലിയാടി, നാഗവല്ലി ... എത്ര നാൾ ആയി ഞാൻ നിന്റെ പിറകിലുണ്ടെന്നറിയോ , എന്നിട്ടു ഒരു നോട്ടം , ഒരു വാക്കു , ഒരു ചിരി ... എത്ര എത്ര സോപ്പുകൾ , പൗഡർ , സ്പ്രേ നിനക്കു വേണ്ടി ഞാൻ ഉപയോഗിച്ചു പാഴാക്കി എന്നറിയോ , നാഗവല്ലി... "


അപ്രതീക്ഷിതമായ ആ സിറ്റുവേഷനിൽ , കിരണിന്റെ കൈ തട്ടി നീക്കി , അപർണ്ണയും ഉറക്കെ കരഞ്ഞു പ്രതികരിച്ചു ... " ഇതിനാണോ വിഷ്ണുവേട്ടാ ഞാൻ കാത്തിരുന്നത് , ഇങ്ങനെയാണോ എന്നോട് ആദ്യം മിണ്ടേണ്ടത് .... ഇനി എനിക്കു കാണണ്ട പൊയ്ക്കോ ... " , എന്നും പറഞ്ഞു അവൾ ഓടി പോയി .


കിരണിനെ പിടിച്ചു മാറ്റാനായി ഓടിയടുത്തെത്തിയ വരുണും സുദീപും ബാലുവും പരസ്പരം ഒന്നും മനസ്സിലാവാതെ നോക്കി ,


" വിഷ്ണുവേട്ടാ !!! കാത്തിരുന്നത് !!! മിണ്ടേണ്ടത് !!!! പൊയ്ക്കോ !!! "... " സുദീപേ , അളിയാ , എന്തുവാടെ ഇതൊക്കെ ... ", വരുൺ വീണ്ടും വീണ്ടും ആലോചിച്ചു തല ചൊറിഞ്ഞു ....!

ബോണ്ട പോയ വിഷമം മുഖത്തു കാണാമെങ്കിലും , ബാലുവിന്റെ ഉള്ളിലെ ജെയിംസ് ബോണ്ട് ഉണർന്നു . നേരെ ഫോണെടുത്തു അപർണ്ണയുടെ ഹോസ്റ്റലിലെ തന്റെ രഹസ്യ ഏജന്റ് ശാലിനിയോട് മെസ്സേജ് കൈമാറി ...


"എത്രയും പെട്ടെന്ന് 'വിഷ്ണു', ' കാത്തിരുന്നത്' ,  കോഡുകൾ ഡീകോഡ് ചെയ്യണം , ആരാണ് എന്താണ് എപ്പോഴാണ്" ... ട്രാഫിക് സിനിമയിൽ ജോസ് പ്രകാശ് പറയും പോലെ ബാലു പറഞ്ഞു നിർത്തി .... 'ശാലു , ഈ കോഡ് എത്രയും പെട്ടെന്ന് ചൂടാറും മുൻപ് ഡീകോഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല , പക്ഷെ , നമുക്കതു സാധിച്ചാൽ ! അതൊരു രണ്ടു ജീവിതങ്ങളുടെ ജാതകം തിരുത്താൻ മാത്രം ശക്തിയുള്ള വലിയൊരു സംഭവമായിരിക്കും ... യൂ ഹാവ് ഒൺലി 30 മിനുട്സ് ... ഹറി അപ് " ,


കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു ബോണ്ടി ശാലു കട്ടിലിൽ നിന്നെഴുന്നെറ്റു ഓടി .... അപർണ്ണയുടെ ബുക്കുകൾ , ഡയറി , കൂട്ടുകാരികൾ , സഹ മുറിയത്തികൾ , അങ്ങനെയെല്ലാരുമായും കൂടി കാഴ്ച നടത്തി , 29 മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും , കിരൺ തന്റെ ആറാമത്തെ പഴം പൊരിയിൽ ടെൻഷനോടെ മൂന്നാമത്തെ കടിക്കടിക്കുമ്പോളേക്കും , ബാലുവിന്റെ ഫോണിൽ ബോണ്ടിയുടെ റിപ്പോർട്ട് എത്തി ....


" വിഷ്ണു എന്നത് അപർണ്ണയുടെ ഇഷ്ട്ട ദൈവം ... വിഷ്ണുവേട്ടൻ എന്നത് അപർണ്ണയുടെ സങ്കൽപ്പത്തിലെ സ്വപ്നത്തിലെ ഭാവി വരന്റെ പേര് .... അവൾ കൂട്ടുകാരികളോട് തനിക്കു തന്റെ വിഷ്ണുവേട്ടനെ കിട്ടിയെന്നു പറഞ്ഞിരുന്നെങ്കിലും , അതാരാണ് എന്നവർക്കറിയില്ല ... "


ബോണ്ടി റിപ്പോർട്ട് മുഴുവിക്കും മുൻപ് , ബാലു ഫോൺ കട്ടു ചെയ്തു , കിരണിനെ ചേർത്തു പിടിച്ചു പറഞ്ഞു ... " അളിയാ , നിനക്കിനിയും ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... നിന്റെ സോപ്പുകൾ , പൗഡർ സ്പ്രേകൾ , ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... ഓട് അളിയാ , നീ ഓട് .... അവൾ നിന്നോട് ക്ഷമിക്കാതിരിക്കില്ല .... "


Semester 2 :


ചായക്കടയുടെ മുൻപിലൂടെ, അവിടെയിരിക്കുന്ന വരുണിനെയും ബാലുവിനെയും സുദീപിനെയും മൈൻഡ് ചെയ്യാതെ ,  നടന്നു പോകുന്ന , നെറ്റിയിൽ കുറിയുള്ള , ക്ലീൻ ഷേവ് മുഖമുള്ള , ലാസ്യ ഭാവമുള്ള , വിഷ്ണുവേട്ടനെയും  അവന്റെ കൂടെ തല താഴ്ത്തി നടന്നു പോകുന്ന കാമുകി അപ്പുവിനെയും നോക്കി , വരുൺ ആ പ്രശസ്ത ഇരട്ട പേര് ഉറക്കെ വിളിച്ചു അവരെ ചൊറിഞ്ഞു .....


" .... ധോം ധോം ധോം .... രാമനാഥോ .... മനോഹരോ ...... "


അവരെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു, അപ്പുവിന്റെ സ്വന്തം വിഷ്ണുവേട്ടൻ , തന്റെ അപ്പു കാണാതെ ശബ്ദമുണ്ടാക്കാതെ ചുണ്ടനക്കി ,


".... രാമനാഥൻ നിന്റെ അച്ഛൻ.... "


< ശുഭം >







4 comments:

  1. ഹാാ.ഷഹീമേ.

    സൂപ്പർ ആയിട്ടുണ്ട്‌.

    നീളം കുറഞ്ഞ പോസ്റ്റുകളുമായി വന്ന് ആളെപ്പറ്റിയ്ക്കുന്ന പരിപാടി അല്ലായിരുന്നത്‌ കൊണ്ട്‌ ആസ്വദിച്ചു വായിച്ചു.നല്ല പഞ്ചുകളും.ക്ലൈമാക്സും കലക്കി.

    ReplyDelete
  2. ഹ ഹ ഹ... ഈ ചിരിക്കാണല്ലോ ഷഹീമേട്ടാ ഞാൻ കാത്തിരുന്നത്‌... കലക്കി... :)

    ReplyDelete