Tuesday, March 13, 2018

... "ശശിരാജചരിതം" - അറിയപ്പെടാത്ത ചരിത്രങ്ങൾ ...


മൂന്നാം നൂറ്റാണ്ടിന്റെ (233-255) മധ്യകാലത്തായി, മധ്യ തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന മഹാരാജാവാണ് 'ശശി തിരുനാൾ ശശാങ്ക ശർമ്മ' . ഏതോ ഒരു 'ശ'നിയാഴ്ച 'ശി'വരാത്രി ദിവസം ജനിച്ചതു കൊണ്ടാണ് അദ്ദേഹത്തിന് 'ശശി' എന്ന പേര് ലഭിച്ചത് എന്നാണു ഐതീഹ്യം. ജനനത്തോടുകൂടി തന്നെ നാട്ടിലെ പല ചീത്തപ്പേരുകൾക്കും അവകാശിയായിരുന്നു ശശി മഹാരാജാവ്. മണ്ടത്തരങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന അദ്ദേത്തെ ജനങ്ങൾ ‘മണ്ടത്തരശ്രീമാൻ’ എന്ന് വിശേഷിപ്പിച്ചിരുന്നു. മലയാളം, സംസ്കൃതം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അയ്യായിരത്തിൽപ്പരം പ്രശസ്ത മണ്ടത്തരങ്ങൾ അദ്ദേഹം പറഞ്ഞിട്ടുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മണ്ടത്തരങ്ങളിൽ സർവ്വകലാവല്ലഭനായിരുന്ന ശശി രാജാവിന്റെ കാലഘട്ടം കേരളീയ മണ്ടത്തരത്തിന്റെ സുവർണ്ണകാലമായി അറിയപ്പെടുന്നു. 

ഇരട്ടപ്പേരുകൾ കൊണ്ടും സമ്പന്നമായിരുന്നു ശശിരാജന്റെ ജീവിതം. പ്രത്യേകിച്ച് ഭരണം ഒന്നും നടത്തി നാട്ടുകാരെ ബുദ്ധിമുട്ടിക്കാത്ത പ്രഗല്ഭനായ ഭരണാധികാരി ആയിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ ഇന്ന് പല രാഷ്ട്രീയക്കാരും തുടരുന്ന രീതികൾക്ക് പിന്നിലും ശശി മഹാരാജാവിന്റെ പാരമ്പര്യമാണ് ഉള്ളത്. പണ്ട് ഇറ്റാലിയൻ കാടുകളിൽ പട്ടം പറത്താൻ പോയ, ശശി രാജന്റെ പിതാവ് രാജൻ രാജാവ് കടത്തിക്കൊണ്ടു വന്ന ശശിയുടെ മാതാശ്രീ സോഫിയ മഹാറാണിക്ക് എന്നും ഒരു തലവിധിയായിരുന്നു 'പപ്പുരാജൻ' എന്ന ഇരട്ടപ്പേരിൽ ജനങ്ങൾ കളിയാക്കി വിളിച്ചിരുന്ന ശശിരാജൻ. അത് പോലെ , 'ശശി' എന്ന് എഴുതിയ, വില കൂടിയ രാജാവസ്ത്രങ്ങൾ ധരിച്ചു അയൽനാടുകളിൽ തള്ളി കറങ്ങി നടക്കുമായിരുന്ന ശശിരാജനെ , നാട്ടുകാർ 'സഞ്ചാരി രാജൻ' എന്നും വിളിച്ചിരുന്നു. പണ്ട് ആശ്രമത്തിൽ പഠിക്കാൻ പോയപ്പോൾ , കുത്തി പിടിച്ച കുന്തങ്ങൾക്കും കമിഴ്ത്തിവെച്ച കുടങ്ങൾക്കും ഇടയിലൂടെയൊക്കെ താൻ പേടിക്കാതെ നടന്നിട്ടുണ്ടെന്നൊക്കെ വീരവാദം പറയുന്ന ശശിരാജനെ "ഇരട്ട മണ്ടൻ" എന്നും നാട്ടുകാർ കളിയാക്കി വിളിച്ചിരുന്നതായി പറയപ്പെടുന്നു. കൊട്ടാരത്തിൽ സൂര്യനമസ്ക്കാരം പഠിപ്പിക്കാനെത്തിയ ശരണ്യ മുനികുമാരിയെ ,രാജ കൊട്ടാരത്തിലെ ഇടവഴിയിൽ വെച്ച് , 'ശശിയുന്' എന്ന് നാട്ടുകാർ ബഹുമാനത്തോടെ ആക്കി വിളിച്ചിരുന്ന രാജൻ പേടിപ്പിച്ചെന്ന, ' സൂര്യനമസ്ക്കാര ആരോപണ വിവാദം' , പ്രാചീന തിരുവിതാംകൂർ കോടതിയിലെ നാറ്റക്കേസുകളിൽ വളരെയധികം പ്രസിദ്ധമാണ്.

ശശി മഹാരാജാവിന്റെ കാലംചെയ്യലിനെ പറ്റി, ചരിത്രത്തിൽ പ്രത്യേകിച്ച് അടയാളപ്പെടുത്തലുകൾ ഒന്നുമില്ല . എങ്കിലും അദ്ദേഹം ഓരോ മലയാളിയുടെയും ഹൃദയത്തിന്റെയുള്ളിൽ ശശി , ശശാങ്കൻ , സോമൻ , ലോലൻ , ടിന്റുമോൻ എന്നൊക്കെയുള്ള പല പേരുകളിലും കാലങ്ങളായി ജീവിക്കുന്നു എന്നാണു വിശ്വാസം. 


[ ചരിത്ര പഠനം & ഗവേഷണം :: ഷഹീം ആയിക്കാർ ]

4 comments:

  1. വായിക്കാൻ രസമുള്ളതുകൊണ്ടു ശശിയാകാതെ രക്ഷപ്പെട്ടു ;-)

    ReplyDelete
  2. മണ്ടത്തരങ്ങളിൽ അഗാധ പണ്ഡിതനായിരുന്ന
    അദ്ദേത്തെ ജനങ്ങൾ ‘മണ്ടത്തരശ്രീമാൻ’ എന്ന്
    വിശേഷിപ്പിച്ചിരുന്നു. മലയാളം, സംസ്കൃതം, ഹിന്ദി,
    തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി അയ്യായിരത്തിൽപ്പരം
    പ്രശസ്ത മണ്ടത്തരങ്ങൾ അദ്ദേഹം പറഞ്ഞിട്ടുള്ളതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
    മണ്ടത്തരങ്ങളിൽ സർവ്വകലാവല്ലഭനായിരുന്ന ശശി രാജാവിന്റെ കാലഘട്ടം കേരളീയ മണ്ടത്തരത്തിന്റെ സുവർണ്ണകാലമായി അറിയപ്പെടുന്നു...!

    ReplyDelete
  3. ആരെയും ഉദ്ദേശിച്ചല്ലല്ലോ ല്ലേ.. ല്ലേ.. ല്ലേ..

    ReplyDelete