Thursday, March 5, 2020

.. മറക്കാനാവാത്ത ഒരു 'വാലന്‍റൈന്‍സ് ഡേ' …



ഞാൻ കോളേജിൽ പഠിക്കുന്ന കാലഘട്ടത്തിലെ ഒരു മറക്കാനാവാത്ത വാലന്‍റൈന്‍സ് ഡേ സംഭവം ::


അന്ന് കോളേജിലെ എന്റെ ഗ്യാങ്ങിൽ ഞാൻ കൂടാതെ ഉള്ളത് മറ്റ് മൂന്നു പേരാണ്.


അതിലൊരുത്തന് കോളേജിലെ അടുത്ത ബാച്ചിൽ സ്വന്തമായി ഒരു സുന്ദരി കാമുകിയുണ്ട്.  അത് കൊണ്ട് തന്നെ ആ വാലന്‍റൈന്‍സ് ഡേയിൽ അവനെ ഞങ്ങളുടെ അടുത്ത് കിട്ടാൻ സാധ്യതയില്ല. 


അടുത്തവന് , എന്റെ ക്ലാസ്സിൽ പഠിക്കുന്ന  ഒരു പൊട്ടൻഷ്യൽ കാമുകി കൂട്ടുകാരിയുണ്ട്. ആ വർഷത്തെ വാലന്‍റൈന്‍സ് ഡേയിലാണ് അതിന്റെ റിസൾട്ട് അറിയുക എന്നതാണ് സിറ്റുവേഷൻ. മൊത്തത്തിൽ അവിടെ എന്തും സംഭവിക്കാൻ സാധ്യതയുള്ളത് കൊണ്ട് , ആ ദിവസം അവന്റെ അടുത്ത് നിന്നും മാറി നിൽക്കുന്നതാണ് ബുദ്ധി എന്ന് എനിക്ക് തോന്നി.


മൂന്നാമത്തവൻ , കോളേജിലെ എല്ലാ മുക്കും മൂലയും അരിച്ചു പെറുക്കി , തന്റെ ഭാവി കാമുകിയെ തേടിയുള്ള നടപ്പിൽ ആണ്. എല്ലാ ദിവസവും അവന് ഈ പണിയാണെങ്കിലും , ആ വാലന്‍റൈന്‍സ് ഡേയിൽ എങ്കിലും അവളെ കണ്ടെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കക്ഷി. ഏതെക്കെയോ അമ്പലത്തിലും പള്ളിയിലുമൊക്കെ  നേർച്ചയിട്ടിട്ടൊക്കെയുണ്ട് അവൻ. അത് കൊണ്ട് , അവന്റെ കൂടെ ഞാൻ നടന്നാൽ, ആയിടെ ഞാൻ വാങ്ങിയ എന്റെ ബാറ്റയുടെ പുത്തൻ ചെരുപ്പ് തേയും എന്ന് എനിക്കുറപ്പാണ്. അത് കൊണ്ട് എന്റെ പ്രിയപ്പെട്ട ബാറ്റ ചെരുപ്പിനെ ഓർത്തു , അത്രമാത്രം പ്രിയനല്ലാത്ത അവനെയും അന്ന് കാണാതെ ഇരിക്കുന്നതാണ് ഉത്തമം എന്ന് ഞാൻ മനസ്സിലാക്കി.


അങ്ങനെ എല്ലാം കൊണ്ടും , കൂട്ടിയും കുറച്ചും  ഗുണിച്ചും ഹരിച്ചും നോക്കി ഞാൻ ഒരു തീരുമാനം എടുത്തു. 'പൂച്ചയെക്കന്താ പൊന്നുരുക്കിടത്തു കാര്യം' എന്ന തിയറി പ്രകാരം; വാലന്‍റൈന്‍സ് ഡേയുടെ അന്ന് , ഞാൻ മാന്യമായി ക്ലാസ്സ് കട്ട് ചെയ്തു വീട്ടിൽ ഇരിക്കാൻ തീരുമാനിച്ചു. എന്റെ ആ കടുത്ത നടപടി എല്ലാ കൂട്ടുകാരെയും  മുൻപത്തെ ദിവസം തന്നെ അറിയിച്ചു , എല്ലാർക്കും ബേസ്ഡ് ഓഫ് ലുക്ക് ഒക്കെ നേർന്നു , ആ വർഷത്തെ വാലന്റൈൻസ് ഡേയുടെ പകൽ മൂടിപ്പുതച്ചു കിടന്നുറങ്ങിയ എന്റെ ഉറക്കം ശല്യപ്പെടുത്തി , രാവിലെ  ഒരു 10.30 മണിയോടെ, മൊബൈൽ ഫോണുകളില്ലാത്ത ആ കാലത്തെ സൂപ്പർ താരമായ  എന്റെ വീട്ടിലെ ലാൻഡ് ഫോൺ നിർത്താതെ ബെല്ലടിച്ചു.


ഉറക്കച്ചടവിൽ വന്നു ഫോണെടുത്ത ഞാൻ :: " ഹലോ …. "


അപ്പുറത്തു നിന്നും ഒരു കിളിനാദം , " ഹലോ … ?"


ആളെ പിടികിട്ടാത്ത ഞാൻ , " ആരാണ് ? എന്താണ് ? എങ്ങനാണ് ?"  !!!


വീണ്ടും കിളിനാദം , "  നീ ഇന്ന് എന്താണ് കോളേജിൽ വരാത്തത് ?"


ഒന്നും മനസ്സിലാകാത്ത ഞാൻ , " ആരാണത് ? ആളെ അങ്ങട്ട് മനസ്സിലായില്ല ?"


അപ്പുറത്തു നിന്നും വീണ്ടും പരിഭവത്തിൽ  , " ഇന്ന് ഉച്ചയ്ക്ക് കാന്റീനിൽ നീ ലഞ്ചിന്‌ വരുമ്പോൾ , എനിക്ക്  നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. എന്നിട്ടു ഇന്നത്തെ ദിവസം  നോക്കി  നീ കോളേജിലില്ല !! ശരിയപ്പോൾ , ഇനിയിപ്പോൾ  അടുത്ത കൊല്ലമാവട്ടെ . നിനക്ക് അവിടെ  വേറെ കുഴപ്പം ഒന്നുമില്ലെന്നുറപ്പിക്കാൻ ഞാൻ വിളിച്ചതാണ്. ശരിയപ്പോൾ , ടേക്ക് കെയർ …"


അപ്പോഴേക്കും ഞാൻ ആകെ കുഴങ്ങി. ശെടാ !! ഇതിപ്പോൾ ആകെ ഡെസ്പ് സിറ്റുവേഷൻ ആയല്ലോ !! ഞാൻ കാത്തു കാത്തിരുന്നു ഒടുവിൽ എന്റെ മാമ്പഴം ഒന്ന് പൂത്തപ്പോൾ , അന്നത്തെ ദിവസം നോക്കി തന്നെ ഞാൻ നോയമ്പെടുത്തു എന്ന് പറഞ്ഞപോലെയായി !!! വേറെ ഏതേലും കാക്ക വന്നു അത് കൊത്തി കൊണ്ടു പോകും മുൻപ് , ഉടനെ എന്തെങ്കിലും ചെയ്യണം .


ഞാൻ വീണ്ടും , " ഹലോ  .. ഹലോ  .. വെക്കല്ലേ , വെക്കല്ലേ … അതേ , ആരാ പറഞ്ഞത് ഞാൻ കോളേജിൽ വരുന്നില്ലെന്ന് !! ഇന്ന് കുറച്ചു ലേറ്റ് ആയിപ്പോയതാണ് ഞാൻ . ലഞ്ച് ടൈം ആകുമ്പോൾ ഞാൻ കാന്റീനിൽ കാണും ... കുട്ടി ആരാണ് എന്ന് പറഞ്ഞില്ല ....എന്താ പേര് ? എവിടാ വീട്  ? ഏതാ  ക്ലാസ്സ്  ? ഏതാണ് കുട്ടിയുടെ നക്ഷത്രം ?"


അപ്പോൾ കുട്ടി ; " ഇനിയിപ്പോൾ  കൂടുതൽ വിശേഷം നമുക്ക് കാന്റീനിൽ നേരിട്ട് കാണുമ്പോൾ പറയാം . ശരിയപ്പോൾ ... "


എന്റെ മനസ്സിൽ ഒരു ഡസൻ ലഡ്ഡുകൾ പൊട്ടി ചിതറി . എന്റെ ചുറ്റുമുള്ള ഈ വൃത്തികെട്ട ലോകം അതി മനോഹരമാണെന്നു എനിക്ക് അന്ന് ആദ്യമായി തോന്നി. കണ്ണാടിയിൽ എന്റെ കോലം നോക്കി ഞാൻ എന്നോട് തന്നെ പറഞ്ഞു ,
" ഈ കൂറ ലുക്കും വെച്ച് എങ്ങനെ സാധിക്കുന്നെടാ ഉവ്വേ ? കൊച്ചു ഗള്ളൻ  .....  എന്നെ  സമ്മതിക്കണം ..." !!!!


എന്റെ കയ്യിൽ ആകെയുണ്ടായിരുന്ന നൂറു രൂപ നോട്ടുമെടുത്തു , മുഖത്ത് പൗഡറും , ദേഹത്തു സ്പ്രേയുമടിച്ചു , ഞാൻ വീട്ടിൽ നിന്നുമിറങ്ങി പല്ലുപോലും തേക്കാതെ ഓടി . അടുത്ത ജംക്ഷനിൽ ചെന്ന് ഓരോ ഓട്ടോ വിളിച്ചു ഞാൻ ചേട്ടനോട് അലറി , " പറത്തി വിട്ടോ ചേട്ടാ , അടുത്ത അര മണിക്കൂറിൽ എനിക്ക് കോളേജിലെത്തണം .... "


"ശോ  , ഇപ്പോഴത്തെ പിള്ളേർക്ക് പഠിക്കാനിത്രയും ആക്രാന്തമോ " !! എന്ന ഭാവത്തിൽ ചേട്ടൻ എന്നെ അതിശയത്തിൽ നോക്കി. എന്റെ ടെൻഷനും വേവലാതിയും കണ്ടു ചേട്ടൻ തിരക്കി ,
" മോന് ഇന്ന് വലിയ പരീക്ഷയാണോ  ? "


ഇനിയിപ്പോൾ ചേട്ടന്റെ സ്പീഡ് കുറക്കണ്ട. ഞാനും ശരിവെച്ചു , " അതെ ചേട്ടാ , കുറെ കാലമായി കാത്തിരുന്ന വലിയ പരീക്ഷയാണ്. ഇത് തോറ്റാൽ ഇനി അടുത്തൊന്നും ഇങ്ങനൊരു പരീക്ഷ ഒത്തു വരില്ല ..."


അങ്ങനെ , ആ ടൗണിലെ ഊടുവഴികളൂടെ , ഒരു ഭ്രാന്തനെ പോലെ കുതറി ഓടിയ ആ ഓട്ടോ , ഒടുവിൽ എന്റെ കോളേജിന്റെ വളവിലെത്തിയതും , എന്റെ കയ്യിൽ ആകെയുള്ള  നൂറു രൂപയും ചേട്ടന് കൊടുത്തു , ബാക്കി ചില്ലറ ചേട്ടൻ വെച്ചോളാൻ പറഞ്ഞു , ഞാൻ കാന്റീനിന്റെ സൈഡിലെ മതിൽ ചാടി കയറി.


ഭാഗ്യം , ലഞ്ച് സമയം ആയതേ ഉള്ളു. പതിവ് പോലെ കാന്റീനിൽ സ്ഥിരം പ്രണയജോഡികളും , പിന്നെ ഞാനൊഴികെയുള്ള മറ്റു വായിനോക്കികളും മാത്രമേ ഉള്ളു. ഇല്ല , എന്റെ അജ്ഞാത സുന്ദരി ഇതുവരെ എത്തിയിട്ടില്ല. കാരണം അവിടെ  ഒറ്റപ്പെട്ട പെൺതരികളൊന്നുമില്ല. എന്റെ സ്ഥിരം വായിനോക്കി ഗ്യാങിലെ മറ്റുള്ളവരെ കാണാതെ ഞാൻ ഒളിഞ്ഞു നേരെ കാന്റീൻ വാതിലിന്റെ അടുത്തുള്ള ബെഞ്ചിൽ തന്നെ , അകത്തു കയറി വരാൻ പോകുന്ന എന്റെ സുന്ദരിയെയും നോക്കി ഞാൻ ആകാംഷയോടെ കുത്തിയിരുന്നു.
അല്ലേലും , ഇനിയിപ്പോൾ ഈ വായിനോക്കി കൂട്ടുകെട്ടൊക്കെ നിർത്തണം. ഇന്ന് മുതൽ ഞാനും ജോഡിയാകാൻ പോകയല്ലേ ! ഈ വായിനോക്കി കൺട്രി ഫെല്ലോസ് , ഇവനൊന്നും വേറെ പണിയില്ലേ ഇങ്ങനെ സിംഗിൾ ആയി നടക്കാൻ !!!


ഏതാണ്ട് അടുത്ത രണ്ടു മണിക്കൂർ ഞാൻ അവിടെ ആ കുത്തിയിരുപ്പ് തുടർന്നിട്ടും  , കിലുക്കത്തിലെ രേവതി പറഞ്ഞ പോലെ , 'ജ്യോതിയും വന്നില്ല തീയും വന്നില്ല, ഒരു മണ്ണാങ്കട്ടയും വന്നില്ല'  !! അവസാനം വൈകിട്ട് ആ കാന്റീൻ അടക്കാനായി അവിടത്തെ ചേട്ടൻ എന്നെ കഴുത്തിന് പിടിച്ചു  പുറത്താക്കി. അപ്പോഴേക്കും പുറത്തിരിക്കുന്ന വായിനോക്കി ഗ്യാങ്ങിലേക്കു തെറിച്ചു വീണ എന്നെ നോക്കി അവർ മൊഴിഞ്ഞു .....


" ഡാ , അളിയാ !!! നീ ഇന്ന് കോളേജിൽ വരുന്നില്ലെന്ന് പറഞ്ഞിട്ട് ,  ഇപ്പോൾ എങ്ങനെ നീ ഈ കാന്റീനിനുള്ളിൽ നിന്നും പുറത്തേക്കു തെറിച്ചു വീണു ?" !!!!


ഞാൻ ചമ്മലോടെ പറഞ്ഞു ; " ഒന്നുമില്ലെടാ മച്ചാന്മാരെ ... ഈ കാന്റീനിലെ ഭക്ഷണത്തിന്റെ രുചി , അത് നമ്മുടെ വീട്ടിലെ ഫുഡിന് കിട്ടുമോ !!! അത് കൊണ്ട് ഞാൻ ഫുഡ് കഴിക്കാൻ വന്നതാണ് ... "


അപ്പോൾ അതിലൊരുത്തൻ , " എടാ …. "


ഞാൻ , "എന്താടാ .... "


അവൻ :: " ഇന്ന് ഉച്ചയ്ക്ക് കാന്റീനിൽ നീ ലഞ്ചിന്‌ വരുമ്പോൾ , എനിക്ക്  നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. എന്നിട്ടു ഇന്നത്തെ ദിവസം  നോക്കി  നീ കോളേജിലില്ല !! "


അതെ , അതേ  ഡയലോഗ് !!!! അപ്പോഴേക്കും എനിക്ക് ഏതാണ്ട് കാര്യങ്ങൾ പിടികിട്ടി !! എല്ലാ അലവലാതികളും കൂടി , വീട്ടിൽ മര്യാദയ്ക്ക് ക്ലാസ്സ് കട്ട് ചെയ്തിരുന്ന എനിക്കിട്ടു മുട്ടൻ പണി തന്നതാണ് !!!! ഇനിയിപ്പോൾ കോളേജിൽ എന്റെ മാനം പോയി ,അവിടെ  കണ്ണിൽ കണ്ട എല്ലാത്തിനെയും ഉള്ള തെറിമുഴുവൻ പറഞ്ഞു. അങ്ങനെ ഞാൻ എന്റെ കോളേജിലെ അക്കൊല്ലത്തെ  വാലന്‍റൈന്‍സ് ഡേ ബലിയാടായി.


പിന്നീട് ആ കൂട്ടുകാരിൽ നിന്നും , എനിക്ക് കിട്ടിയ പണിയുടെ പൂർണ വിവരങ്ങൾ ചോദിച്ചറിഞ്ഞു , തിരികെ  കൺസഷൻ ടിക്കറ്റെടുത്ത് ബസ്സിൽ വീട്ടിൽ പോകാൻ, അവരോടു കടം വാങ്ങിയ പത്തു രൂപ നോട്ടുമായി ഞാൻ നടക്കവേ , കോളേജ് ബസ് സ്റ്റോപ്പിലെ ടെലിഫോൺ  ബൂത്തിലിരിക്കുന്ന ചേച്ചിയോട് ഞാൻ ,  സുരാജ് വെഞ്ഞാറൻമൂട് സിനിമയിൽ പറഞ്ഞ പോലെ ദയനീയമായി പറഞ്ഞു ….


" ചേച്ചി .... വല്ല അലവലാതികളും വന്നു പറഞ്ഞെന്നും പറഞ്ഞു , പറ്റിക്കാനാണേലും ഇങ്ങനെ ഒന്നും ആരെയും ഫോൺ വിളിച്ചു പറ്റിച്ചു , ഇല്ലാത്ത പ്രണയ പ്രതീക്ഷ കൊടുക്കരുത്…പ്ളീസ് …  "


< എല്ലാം ശുഭം >

41 comments:

  1. 😃😃😃ഇത് ശരിക്കും നടന്നതാണോ? ? ബ്രോ ഇത്ര പാവം മണ്ടൻ ആയല്ലോ.. എന്നിട്ട് പിന്നെ എന്തായി ?

    ReplyDelete
    Replies
    1. ശരിക്കും നടന്നതാണ് ഭായ് … ഇത്ര പാവം മണ്ടൻ ആണോ എന്ന് ചോദിച്ചാൽ , അല്ലേൽ വേണ്ട , അത് എന്നോട് ചോദിക്കണ്ട … !! പിന്നീട് നടന്നത് , അങ്ങനെ ഞാൻ കോളേജിൽ മൊത്തത്തിൽ ഒരു കോമെഡി താരം ആയി !!! :)

      Delete
  2. ഒടുവിൽ"മാവ്"ഒന്നു പൂത്തപ്പോൾ ....
    ആലിൻപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്... രസകരമായി അവതരിപ്പിച്ചു. ഹൃദ്യമധുരമായ വിവരണം.
    ആശംസകൾ

    ReplyDelete
    Replies
    1. വായനയ്ക്കും , കുറിച്ചിട്ട ഈ നല്ല വാക്കുകൾക്കും , വളരെ നന്ദി തങ്കപ്പൻ ചേട്ടാ …

      Delete
  3. ഇങ്ങനെയല്ലെങ്കിലും ഞങ്ങളും ഒരു കളി കളിച്ചിട്ടുണ്ട് - രാഷ്ട്രപതി പാര വച്ച ഒരു വിശുദ്ധ പ്രേമം. Read & enjoy

    ReplyDelete
    Replies
    1. ആ കഥയുടെ കൂടുതൽ വിവരങ്ങൾ ഉടൻ ഒരു പോസ്റ്റായി പ്രതീക്ഷിക്കുന്നു …. ഈ വരവിനും വായനയ്ക്കും വളരെ നന്ദി ….

      Delete
  4. "എന്റെ ചുറ്റുമുള്ള ഈ വൃത്തികെട്ട ലോകം അതിമനോഹരമാണെന്നു എനിക്ക് അന്ന് ആദ്യമായി തോന്നി..."😂😂😂
    ആ നിഷ്കളങ്കത കണ്ട് എന്റെ കണ്ണ് നിറഞ്ഞു!

    ReplyDelete
    Replies
    1. അതെ ഭായ് … കാമുകിയില്ലാത്ത കോളേജ് കുമാരന്റെ നിഷ്കളങ്കത , അതൊരു അവസ്ഥയാണ് !! :)

      Delete
  5. ഈ വൃത്തി കെട്ട ആചാരങ്ങളൊക്കെ നിർത്തണം. അല്ല പിന്നെ.
    അവസാനം ആ ഫോൺ ബൂത്തിലെ മുഖ ഭാവമാ സഹിക്കാൻ കഴിയാത്തത്.

    ReplyDelete
    Replies
    1. ശരിയാണ് ബിപിൻ സാർ … കാമുകിയില്ലാത്ത ബഹുപൂരിപക്ഷം ജനങ്ങളെയും സങ്കടപ്പെടുത്താനായി ഓരോരോ വൃത്തി കെട്ട ആചാരങ്ങൾ !!! ഈ വരവിനും കുറിച്ചിട്ട അഭിപ്രായത്തിനും വളരെ നന്ദി ...:)

      Delete
  6. ബു ഹു ഹാ...
    ആ പണി കൊള്ളാം...
    എനിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. വളരെ നന്ദി ഗൗരിനാഥന്‍... :)

      Delete
  7. വായിച്ചു തുടങ്ങിയപ്പോഴേ മനസിലായി പണി തരാൻ ആണെന്ന്. 😊👍

    ReplyDelete
    Replies
    1. ഈ വരവിനും കുറിച്ചിട്ട വരികൾക്കും വളരെ നന്ദി അൽമിത്ര … :)

      Delete
  8. ശരിയാണ് ട്ടാ.. വാടിക്കരിഞ്ഞു പോയാലത്തെ കാര്യം ഓർക്കുമ്പോൾ പ്രണയ പ്രതീക്ഷ എന്നത് ആട്ടിൻ തോലിട്ട കള്ള പന്നിയാണ്

    ReplyDelete
    Replies
    1. 'ആട്ടിൻ തോലിട്ട കള്ള പന്നി' .. അത് കലക്കി സമാന്തരൻ ചേട്ടാ .. ! :D

      Delete
  9. എപ്പോഴത്തെയും പോലെ ചിരിക്കാൻ വകയുള്ള പോസ്റ്റ്‌ . അതിലേറെ നർമ്മത്തിൽ എഴുതിയിരിക്കുന്നു.....
    ഓരോ സീനും ചിരിപ്പിച്ചു.
    പിന്നെ പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് .. പോസ്റ്റിന് ഒരു കോളാമ്പി ലുക്ക്‌ ഉണ്ട്.!!
    മണ്ടത്തരങ്ങളും സ്വയം പുകഴ്ത്തലുകളും ഒക്കെ അതുപോലെ... �� :D

    ReplyDelete
    Replies
    1. മണ്ടത്തരങ്ങളും സ്വയം പുകഴ്ത്തലുകളും ഒക്കെ ഉള്ള ഒരു കോളാമ്പി ലുക്ക്‌ !! :D ഒരൊറ്റ കമന്റിൽ രണ്ടു പ്രശസ്ത ബ്ലോഗർമാരെ ട്രോളി !!! ഇങ്ങനെയൊക്കെ ട്രോള്ളാമോ കല്ലോലിനി ; നമ്മള് നാളെയും കാണേണ്ടേ …. ! :D

      Delete
    2. രണ്ട് പ്രശസ്ത ബ്ലോഗർമാരെ ട്രോളി . ഹാ ഹാ. പെരുത്ത ഇഷ്ടം.

      Delete
  10. വാലന്റെയൻ ദിനം ഒരു വിഡ്ഢി ദിനമായ ഒരു ചമ്മൽക്കഥ

    ReplyDelete
    Replies
    1. അത് വളരെ ശരിയാണ് ബിലാത്തി ചേട്ടാ … :)

      Delete
  11. അങ്ങനെ ആ പ്രതീക്ഷയും അസ്തമിച്ച് ഒരു വാലന്റൈൻ ദിനം കൂടി കഴിഞ്ഞുപോയി .

    ReplyDelete
    Replies
    1. അതെ ഗീത ചേച്ചി … ഇനിയും അടുത്ത കൊല്ലം വാലന്റൈൻ ദിനം വരുമല്ലോ എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ജീവിതം !! :)

      Delete
  12. വായിച്ച് വന്നപ്പോൾ തോന്നി കൂട്ടുകാർ പണി തന്നതാണെന്ന്. ആരേലും പറയുമോ അന്നത്തെ ദിവസം കോളേജിൽ വരില്ല എന്ന്.

    ReplyDelete
    Replies
    1. നന്ദി പ്രവാഹിനി …. അതെ , അതാണ് അന്ന് പഠിച്ചത് . നമ്മുടെ അടുത്ത നീക്കം ഒരിക്കലും കൂട്ടുകാർ അറിയാൻ പാടില്ല , ശത്രുക്കൾ അറിഞ്ഞാലും ഇത്രയും റിസ്ക് ഇല്ല …. !!! :)

      Delete
  13. എന്റെ ചുറ്റുമുള്ള ഈ വൃത്തികെട്ട ലോകം അതി മനോഹരമാണെന്നു എനിക്ക് അന്ന് ആദ്യമായി തോന്നി -- ഇതിൽ കൂടുതൽ ആ സിറ്റുവേഷനെ വിശേഷിപ്പിക്കാനില്ല. കിട്ടിയത് എട്ടിന്റെ പണി ആയിപ്പോയി.

    ReplyDelete
    Replies
    1. അതാണ് രാജ് ഭായ് … എനിക്ക് എട്ടിന്റെ പണി പതിവായി കിട്ടുന്ന ഈ ലോകം എങ്ങനെ എനിക്ക് മനോഹരമായി തോന്നാനാണ് !!! :)

      Delete
  14. നിങ്ങൾക്കൊക്കെ ഇങ്ങനെയെങ്കിലും നടക്കാനുള്ള അവസരങ്ങളുണ്ടായല്ലോ... ബാക്കിയുള്ളവൻ പഠിച്ച സ്കൂൾ മുതൽ കോളേജ് വരെ ബോയ്സ് ഓൺലി മാത്രം... !
    ഷഹീമിന് അങ്ങനെ തന്നെ വേണം... :)

    ReplyDelete
    Replies
    1. ബോയ്സ് ഓൺലി സ്കൂളിലും കോളേജിലും പഠിച്ച വിനുവേട്ടനെ കണ്ടപ്പോൾ ആണ് എനിക്ക് ഒരു ആശ്വാസം ആയത് . നന്ദി വിനുവേട്ടാ … :)

      Delete
  15. ഷഹീം എഴുതിയത് വായിക്കുമ്പോൾ എന്റെയും കോളേജ്ദിനങ്ങൾ മനസ്സിൽ വന്നു.. എഴുത്ത് വായിച്ചു ഒരുപാട് ചിരിച്ചു.ആശംസകൾ

    ReplyDelete
    Replies
    1. വളരെ നന്ദി പുനലൂരാൻ... :)

      Delete
  16. ശഹീം.. തുടക്കം ഇച്ചിരി സ്ലോ ആയാലും പിന്നെ തകർത്തു ട്ടാ.ഓട്ടോക്കാരന് ടിപ്പും കൊടുത്തു തിരിച്ചു വണ്ടിക്കൂലിക്ക് വകയില്ലാതെ പോരേണ്ടി വന്നത് ശോകമായി.ഞാൻ വിചാരിച്ചു ശഹീമിന്റെ ഒക്കെ ഭാഗ്യം ന്ന്.സംഭവം കിടുക്കി ട്ടാ

    ReplyDelete
    Replies
    1. അതെ മാധവൻ-ജി …. അതെ , എന്റെ ഒക്കെ ഭാഗ്യം , കാരണം കോളേജിൽ പഠിക്കുമ്പോൾ കാമുകിയില്ലാത്തതു കൊണ്ട് ( വേറെ വഴിയില്ലാതെ ) പഠനത്തിൽ ശ്രദ്ധിക്കാൻ പറ്റി !! :D

      Delete
  17. ഇങ്ങെനെയും പ്രണയ ദിനം ആേഘേ > ഷിക്കാം ഹ ഹ.....ഹാ

    ReplyDelete
    Replies
    1. അതെ ഉദയച്ചേട്ടാ …. നല്ല കൂട്ടുകാരുണ്ടായാൽ , ഇങ്ങനെയും നമുക്ക് പ്രണയദിനം അടിച്ചു പൊളിക്കാം !!! :D

      Delete
  18. ഷഹീംഭായ്, ഒരിക്കലും പ്രണയിക്കപ്പെടാൻ ശ്രമിക്കാതിരിക്കുന്നതിനേക്കാൾ നല്ലത് ഒരിക്കലെങ്കിലും ശ്രമിച്ച് പരാജയപ്പെടുന്നതാണ് എന്ന പൊതുതത്വത്തിനെ കൂട്ടുപിടിച്ച് നമുക്ക് നിറഞ്ഞ കണ്ണുകളോടെ, നിശബ്ദ വേദനയോടെ ഇതങ്ങു മറക്കാം... :-)

    ReplyDelete
    Replies
    1. വളരെ ശരിയാണ് ഭായ് !!! ശ്രമിച്ച് പരാജയപ്പെടുന്നത് വിജയമാണെങ്കിൽ , നമ്മളൊക്കെ ഈ മേഖലയിലെ ചാമ്പ്യന്മാരാണ് !!! :D ഇനി അഞ്ഞൂറാൻ ചോദിച്ചത് പോലെ , " മറക്കണോ ഞാൻ … ഇല്ലാത്ത കാശ് ഓട്ടോയ്ക്ക് കൊടുത്ത് , വെറുതെ മനസ്സിൽ കോട്ട കെട്ടിയതു … മറക്കണോ ഞാൻ " !!! :D

      Delete
  19. പ്രായത്തിന്‍റെ ഓരോ കോപ്രാായങ്ങളെ....വെളുപ്പുകള്‍ 'കറ'യ്ക്കുന്നത് അങ്ങിനെയാണു....

    ReplyDelete
    Replies
    1. ഈ വരവിനും കുറിച്ചിട്ട വരികൾക്കും നന്ദി … :)

      Delete
  20. ഈശ്വരാ...... ചിരിച്ചുവശായല്ലോ.. തകർപ്പോൽക്കിടിലൻ പ്രയോഗങ്ങൾ ..

    സീസൺ 3 യിൽ എഴുതുന്നുണ്ടല്ലോ അല്ലേ??

    ReplyDelete
    Replies
    1. ഉണ്ട് സുധി ഭായ് …. ഇനിയിപ്പോൾ സീസൺ 3-യിൽ കാണാം … :)

      Delete