Thursday, August 20, 2015

പ്രേമോപദേശം - ഒരു നീളമുള്ള ചെറു കഥ !



പുതുതായി തുടങ്ങിയ ഹോട്ടലിൽ കയറി ഉച്ചയ്ക്ക് പരീക്ഷിച്ച മട്ടൻ ബിരിയാണി മുട്ടൻ പണി തന്നു എന്നാണു തോന്നുന്നത് , ഫുഡ് കഴിഞ്ഞു ഓഫീസിൽ തിരിച്ചത്തിയത് മുതൽ വയറ്റിൽ മൊത്തത്തിൽ ഒരു പന്തികേട്‌ !.  എന്റെ കൂടെ കഴിക്കാൻ വന്ന ദിലീപിന്റെ അവസ്ഥ എന്താണെന്നറിയാൻ ഞാൻ പയ്യെ എഴുന്നേറ്റു അവനിരിക്കുന്ന കാബിനിലേക്ക്‌ എത്തി നോക്കി. വയറും തടവി ടോയിലെട്ടിന്റെ ഭാഗത്തേക്ക് അമിത സ്പീഡിൽ അവൻ നടക്കുന്ന ആ കാഴ്ച എന്റെ മനസ്സിന്റെ പേടി ശെരി വെച്ചു, സംശയം വേണ്ട , വെറും പണിയല്ല , നല്ല ഒന്നൊന്നര കട്ട പണി തന്നെ കിട്ടി ! ഞാൻ ദിലീപിന്റെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ശ്രമിച്ചു. ആദ്യത്തെ പ്രാവശ്യം ടോയിലെട്ടിൽ നിന്നും തിരിച്ചെത്തിയ ദിലീപ് അഞ്ചു മിനിട്ട് കഴിഞ്ഞു വീണ്ടും വയറും പിടിച്ചു എഴുന്നേറ്റു നടക്കാൻ തുടങ്ങുന്നു ! അവന്റെ അടുത്തിരിക്കുന്ന പാലാക്കാരി ഓവർ സ്മാർട്ട്‌ അന്നാ ചെറിയാൻ  "ഇന്ന് നല്ല കോൾ ആണെന്ന് തോന്നുന്നല്ലോ ?" എന്ന് ഉറക്കെ പറഞ്ഞു അവനെ ചൊറിഞ്ഞു. ടോയിലെട്ടിലേക്ക് അതി വേഗം ഓടുന്നതിനിടയിലും ദിലീപ് തിരിഞ്ഞു നിന്ന് "അതെ , രണ്ടു കോളും , മൂന്നു മിസ്സ്‌ കോളും.. ഇനിയും കൂടുതൽ വല്ലതും അറിയാണോ   " എന്ന് തിരിച്ചടിച്ചു!!


ഇനിയിപ്പോൾ കാര്യത്തിന്റെ ഗൌരവം അൽപ്പം കൂടുതലാണ്. കാരണം , ഞങ്ങൾ ഇരിക്കുന്ന ഫ്ലോറിൽ ആകെ രണ്ടു ടോയിലേറ്റ് മുറികളെ ഉള്ളു. ആക്സസ് കാർഡ്‌ പഞ്ച് ചെയ്തു ഉള്ളിൽ കയറിയതിനു ശേഷം ആണ് ഈ ടോയിലേറ്റ് എന്ന ഒരൊറ്റ ഭൂമിശാസ്ത്ര പരമായ സവിശേഷത കൊണ്ട് തന്നെ , ഞങ്ങളുടെ ഓഫീസിലെ ഏറ്റവും തിരക്കേറിയ ഇടം ഇതാണ്. ചാറ്റ് ചെയ്യുന്നവനും , വീഡിയോ കാണുന്നവനും , ബോർ അടിക്കുന്നവനും, ഇരുന്നുറങ്ങാൻ കഴിവുള്ളവരും എല്ലാം ടോയിലെറ്റിൽ കയറി റൂമും അടച്ചു ഒന്നും രണ്ടും മണിക്കൂർ ഇരിപ്പാണ്. ഇതിനിടയിൽ യഥാർത്ഥ ആവശ്യക്കാരുടെ അവസ്ഥയാണ് അതി ദയനീയം. "കത്തി താഴയിടെടാ , നിന്റെ അച്ഛനാടാ പറയുന്നത് , കത്തി താഴയിടെടാ " എന്ന് തിലകൻ ചേട്ടൻ കിരീടത്തിൽ കരഞ്ഞു പറഞ്ഞതിനേക്കാൾ ഹൃദയ സ്പർശിയായ, "അളിയാ , ഒന്ന് പുറത്തു ഇറങ്ങെടാ  പൊന്നളിയാ " മോഡൽ കരലളിയുന്ന ഡയലോഗുകൾ ഞാൻ ഇവിടെ പതിവായി കേൾക്കാറുണ്ട് !

നമ്മളെ കൊണ്ട് ആവുന്ന കാലത്ത് പയ്യെ പയ്യെ നടന്നു അവിടെയെത്തിയാൽ , ആപത്ത് കാലത്ത് വെറുതെ നക്ഷത്രം എണ്ണുന്നത് ഒഴിവാക്കാമെന്നു എന്റെ ഉള്ളിൽ നിന്നാരോ ഉപദേശിച്ചു. പതുക്കെ , ഫോണും കയ്യിലെടുത്തു കുത്തി , ഒരു മൂളിപ്പാട്ടും പാടി, എന്റെ വ്യാകുലതകൾ ആരെയും അറിയിക്കാതെ , ഉടനെ നടക്കാൻ പോകുന്ന അനിവാര്യമായ ആ ദുരന്തത്തെ ഉൾക്കൊള്ളാനായി ഞാൻ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നു നീങ്ങി. ഞാൻ എഴുന്നേറ്റു നടന്നു തുടങ്ങിയതും എന്റെ അടുത്തിരിക്കുന്ന പ്രേമനും അവന്റെ സീറ്റിൽ നിന്നും എഴുന്നേറ്റു എന്റെ പിറകിൽ നടന്നു തുടങ്ങി ! ദൈവമേ , ഇനി അവനും അങ്ങോട്ടേക്ക് തന്നെയാണോ , ഇടയ്ക്ക് അവൻ 'ശു   , ശു' എന്നൊക്കെ എന്നെ വിളിക്കുന്ന പോലെ എനിക്ക് തോന്നി ! ഇനി അത് എന്റെ തോന്നലാകും , എന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു. ഞാൻ നടത്തത്തിന്റെ വേഗം കൂട്ടി കൂട്ടി വന്നു. എന്റെ മുജ്ജന്മ സുകൃതം , ഒരു ടോയിലേറ്റ് റൂം ഒഴിവുണ്ട് ! ഇനി പ്രേമനെങ്ങാനും എന്നെ ഓവർ ടേക്ക് ചെയ്തു വന്നു അവിടെ ഓടിക്കയറും മുൻപ് ഞാൻ അതിനുള്ളിൽ ചാടിക്കയറി കതകടച്ചു !


ഉടനെ അതാ ! വാതിലിൽ ഇട്ടു ആരോ മുട്ടാൻ തുടങ്ങി. ആദ്യം ആളുണ്ടെന്നു മനസ്സിലാക്കാൻ ഞാൻ ഒന്ന് രണ്ടു വട്ടം ഉച്ചത്തിൽ ചുമച്ചു , പിന്നെയും തട്ടൽ നിർത്തുന്നില്ല ! 'ആളുണ്ട്, അകത്തു ആളുണ്ട് ' എന്നുറക്കെ നിലവിളിച്ചു നോക്കി , എന്നിട്ടും കതകിലെ തട്ട് നിർത്തുന്നില്ല ! എന്റെ ഉള്ളിലെ മനുഷ്യത്വം ഉണർന്നു.  എന്നെക്കാൾ ബുദ്ധിമുട്ടുന്ന ഏതെങ്കിലും പാവം മനുഷ്യൻ ആകും ! എനിക്കിനിയും കുറച്ചു നേരം കൂടി വെയിറ്റ് ചെയ്യാനാകും. ഞാൻ കതകു തുറന്നതും മുൻപിലതാ നിൽക്കുന്നു പ്രേമൻ ! ഞാൻ അവനോടു 'കയറിക്കോ , പക്ഷെ പെട്ടെന്ന് ഇറങ്ങണം ' എന്ന് പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു , " ഒരു കാര്യം മറക്കാതെ പറയാനാണ് തട്ടി വിളിച്ചത്.. ഈ ഞായറാഴ്ച എന്റെ കല്യാണമാണ് , മറക്കാതെ വരണം "  !!!! 'നീ പോടാ @#$%@#.. " എന്ന് ഞാൻ നിയന്ത്രണം വിട്ടു പൊട്ടിത്തെറിച്ചു കൊണ്ട് , തിരിച്ചു കയറി  എന്റെ മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി , നമ്മളൊരിക്കലും കല്യാണം വിളിക്കുന്നവനെ ചീത്തവിളിക്കാൻ പാടില്ലായിരുന്നു , ഞാൻ ചെയ്തത് മോശമായി പോയി !


പ്രേമനെ ഇനി ഞാൻ നിങ്ങൾക്ക് പ്രത്യേകം പരിചയ പെടുത്തേണ്ട ആവശ്യമുണ്ടോ എന്നറിയില്ല എങ്കിലും ആ പരിശുദ്ധ മഹാത്മാവിനെ പറ്റി രണ്ടു വാക്ക് ... ഇവൻ പ്രേമാനന്തൻ, ഞങ്ങളുടെ ഓഫീസിലെ ഏറ്റവും വലിയ നിഷ്കളങ്കൻ ! അവൻ വലിയ പൊട്ടൻ ആണെന്നും ; അല്ല , പൊട്ടനായി അഭിനയിക്കുന്ന വലിയ ബുദ്ധിമാൻ ആണെന്നും വിശ്വസിക്കുന്ന രണ്ടു വിഭാഗം കൂട്ടർ ഞങ്ങളുടെ ഇടയിലുണ്ട് ! എന്തായാലും ഇനി ഞാൻ പറയുന്ന സംഭവം വായിച്ചു ഇതിലേതാണ് ശേരിയെന്നു നിങ്ങൾക്ക് തന്നെ തീരുമാനിക്കാം...


അര മണിക്കൂറോളം നീണ്ടു നിന്ന അതി ശക്തമായ കടലാക്രമണത്തിനും പേമാരിക്കും ഇടിമിഞ്ഞലിനും ശേഷം , ക്ഷീണിതൻ എങ്കിലും അങ്കം ജയിച്ച ചേകവനെ പോലെ ഞാൻ സീറ്റിൽ തിരിച്ചെത്തി. പയ്യെ എഴുന്നേറ്റു പ്രേമന്റെ സീറ്റിൽ എത്തി ക്ഷമാപണത്തോടെ ഞാൻ കാര്യം പറഞ്ഞു, "ഒന്നും തോന്നരുത്, എന്റെ അപ്പോഴത്തെ അവസ്ഥ അങ്ങനെയായിരുന്നു ". പ്രേമനും കാര്യം മനസ്സിലായ പോലെ എന്നോട് മറുപടി പറഞ്ഞു " സാരമില്ല, എന്റെ ഭാഗത്തും തെറ്റുണ്ട് , ഞാൻ വാതിലിൽ തട്ടാതെ തന്നെ , പുറത്തു നിന്നും ഉറക്കെ കാര്യം പറഞ്ഞാൽ മതിയായിരുന്നു..  " !!!

പിന്നെ എന്തെങ്കിലുമൊക്കെ സംസാരിക്കാൻ വേണ്ടി ഞാൻ വെറുതെ ചോദിച്ചു , "കല്യാണം ഒരുക്കം ഒക്കെ എവിടെവരെയായി ?". അവന്റെ മറുപടി ഞാൻ പ്രതീക്ഷിച്ച പോലെ  അപ്രതീക്ഷിതമായ ഒന്നായിരുന്നു ! " പെണ്ണിനോട് ആദ്യം എന്ത് പറയണം എന്നതിൽ ഒരു തീരുമാനം ആയില്ല ,  ബാക്കിയൊന്നും കുഴപ്പമില്ല " ! ആശയ ദാരിദ്ര്യം അനുഭവിക്കുന്ന ആ നിഷ്കളങ്ക  കൂട്ടുകാരനെ ഈ അവസരത്തിൽ സഹായിക്കേണ്ട കടമ ഞാൻ തിരിച്ചറിഞ്ഞു , ഇമ്മാതിരി വിഷയത്തിൽ അനുഭവജ്ഞാനം അധികമില്ലെങ്കിലും അവനെക്കാൾ തിയററ്റിക്കൾ അറിവ് എനിക്ക് കൂടുതൽ ഉണ്ടാകുമെന്ന ആത്മ വിശ്വാസത്തിൽ , ഇഷ്ട്ടദൈവം  ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്‌ ഞാൻ പറഞ്ഞു, " ചിത്രം സിനിമയിൽ നമ്മുടെ ലാലേട്ടൻ പറയുന്ന ഡയലോഗ്  ഇല്ലേ , You are the light of my lonely life, Love of my heart, Dew of my desert, Tune of my song, Queen of my kingdom and I love you Kalyani…… അങ്ങനെ എന്തെങ്കിലും ശ്രമിച്ചൂടെ ?" . ഇത്രയും കേട്ടിട്ടും ഒന്നും പറയാതിരുന്ന പ്രേമനെ നോക്കി ഞാൻ ചോദിച്ചു , "ഞാൻ പറഞ്ഞത് എന്തേലും മനസ്സിലായോ ? " ,  എന്നെ നോക്കി ഒരു കണ്ണടിച്ചു കാണിച്ചുകൊണ്ട് അവൻ മറുപടി പറഞ്ഞു... "ഒന്ന് മാത്രം എനിക്ക് മനസ്സിലായി , light OFF  '  !!!!!

നിർവികാരനായി തിരിച്ചു നടന്നു ഞാൻ സീറ്റിൽ ഇരിക്കുമ്പോൾ എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു , "Never underestimate the first night knowledge of any 'നിഷ്കളങ്ക്'' human beings"... !!!!


< ...ശുഭം... >    











Monday, August 10, 2015

ക്ലാസ്സ് മേറ്റ്സ് - ഒരു നല്ല കൂട്ടുകാരൻ



'ക്വാണ്ടം ഫിസിക്സ്' -ന്റെ അനന്തമായ സാധ്യതകളെയും , അതിന്റെ നിഗൂഡമായ രഹസ്യങ്ങളെയും പറ്റി റോസ് മേരി ടീച്ചർ ക്ലാസ്സ്‌ മുറിയിൽ ഞങ്ങളോട് വാചാലയാവുകയാണ്.  ടീച്ചർ ഇടയ്ക്കിടെ തിരിഞ്ഞു നിന്ന് ബോർഡിൽ എന്തൊക്കെയോ കാര്യമായി കുത്തി കുറിക്കുന്നുണ്ട്. നല്ല വില മതിക്കുന്ന മനോഹരമായ സാരികളിൽ , കല്യാണ വീട്ടിലൊക്കെ പോകുന്ന  പോലെ നല്ലോണം ഒരുങ്ങിയാണ് ടീച്ചർ എല്ലാ ദിവസവും ക്ലാസ്സിൽ വരാറ്.  എപ്പോഴും ക്ലാസ്സിൽ ഇടതു വശത്തിരിക്കുന്ന പെണ്‍ കുട്ടികളെ നോക്കി മാത്രം പഠിപ്പിക്കുന്ന , വലതു വശത്തിരിക്കുന്ന ഞങ്ങൾ ആണ്‍ കുട്ടികളെ മനപ്പൂർവം തിരിഞ്ഞു നോക്കാത്ത, മധ്യ വയസ്കയായ ടീച്ചറെ കൊണ്ട് അത് കൊണ്ട് തന്നെ ഞങ്ങൾ ആണ്‍ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല.


എനിക്കെന്താണ് എന്നറിയില്ല ! ഫിസിക്സ്‌ / കെമിസ്ട്രി / മാത്ത്സ്, അങ്ങനെ വിഷയം ഏതുമാകട്ടെ , ക്ലാസ്സിൽ അധികം ശ്രദ്ധിച്ചു ഇരുന്നാൽ അപ്പോൾ ഉറക്കം വരും ! എന്നാൽ , ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരിക്കാം എന്ന് വെച്ചാലോ , പിന്നെ എപ്പോൾ ഞാൻ ഉറങ്ങി വീണു എന്ന് ചോദിച്ചാൽ മതി ! എന്നാൽ അങ്ങ് ഉറങ്ങാമെന്ന് വെച്ചാലോ , അതിലും ഉണ്ട് വലിയ പ്രശ്നം , കൂർക്കം വലി !!! ദൈവം ചിലപ്പോൾ ഇങ്ങനെയാണ് , നമ്മുടെ ജീവിതത്തിലെ ചതുരംഗ കളത്തിൽ ഇത് പോലെ എല്ലാ അറ്റത്തും ഓരോ ഉടായിപ്പ് പ്രശ്നങ്ങൾ കൊണ്ട് ചെക്ക് പറയും.  എങ്കിലും ഒരു ചെസ്സ്‌ പോരാളി ഒരിക്കലും തോൽക്കാൻ പാടില്ലല്ലോ. എന്റെ ഈ പ്രശ്നത്തിന് ഞാൻ കണ്ടെത്തിയ മാർഗം ദിവാ സ്വപ്നം എന്നതാണ്. ഓരോ ക്ലാസും തുടങ്ങുമ്പോൾ മുതൽ ഓരോ തീം വെച്ച് സ്വപ്‌നങ്ങൾ കാണുക , അങ്ങനെ ഓരോ ക്ലാസും ഉറങ്ങാതെ ആനന്ദകരം ആക്കുക...


അന്നത്തെ ദിവസം ഞാൻ കണ്ടെത്തിയ തീം എന്നത് 'കാതലർ ദിനം ' എന്നതായിരുന്നു. ക്ലാസ്സിലെ ഏതെങ്കിലും ഒരു സുന്ദരിയും ഞാനും കൂടി പ്രേമിച്ചു പാട്ടും പാടി നടന്നാൽ !!! 'ആഹാ , എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം' എന്ന് അറിയാമെങ്കിലും ഉറങ്ങാതെ ഇരിക്കാൻ വേണ്ടിയല്ലേ. അന്നത്തെ എന്റെ സ്വപ്ന നായികയെ തിരഞ്ഞെടുക്കാൻ വേണ്ടി പ്രാർഥിച്ചു ഇടതു വശത്തേക്ക് നോക്കി ഞാൻ ഇരിക്കുമ്പോൾ, ആദ്യം എന്നെ തിരിഞ്ഞു നോക്കിയ സുന്ദരി ശിൽപയെ ഞാൻ  ആ റോളിലേക്ക് തിരഞ്ഞെടുത്തു.  ഇനി ഞങ്ങള്ക്ക് വേണ്ടത് സ്വപ്നത്തിൽ റോസാ പൂക്കൾക്ക് ഇടയിൽ പാടി നടക്കാനുള്ള പാട്ട് ആണ്. ശെടാ , കാതലർ ദിനം സിനിമയിൽ സോനാലിയും നായകനും പാടുന്ന പാട്ടുണ്ടല്ലോ , പാട്ട് നാവിന്റെ തുമ്പത്ത് ഉണ്ട് ! പക്ഷെ ഇപ്പോൾ കിട്ടുന്നില്ല ! സ്വപനത്തിൽ ആണെങ്കിൽ ശില്പ മേക്കപ്പൊക്കെ ചെയ്തു നല്ല ഉടുപ്പൊക്കെ ഇട്ടു പൂന്തോട്ടത്തിൽ നിൽപ്പാണ്, ഈ പിരെട് തീരും മുൻപ് പാട്ട് കിട്ടിയില്ലേൽ എന്റെ സ്വപ്നം പൊളിയും. എന്റെ അടുത്തിരുന്നു ഉറങ്ങുന്ന തോമാച്ചായനെ തട്ടി ഉണർത്തി ഞാൻ വേഗം ചോദിച്ചു, "എടാ , കാതലർ ദിനത്തിലെ പൂന്തോട്ടത്തിലെ ആ റോസാപ്പു പാട്ടെതാടാ... " . നല്ല ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന തോമസ്‌ ടീച്ചർ ചോദ്യം ചോദിച്ചതിനു ആരോ തട്ടി ഉണർത്തിയത് ആണെന്ന് കരുതി ചാടി എഴുന്നേറ്റു ക്ലാസ്സിൽ നിന്ന് ഉറക്കെ മറുപടി പറഞ്ഞു.... ... "റോജാ , റോജാ , എൻ കാതൽ റോജാ  ".. !!!!!


പിന്നീട് അവിടെ സംഭവിച്ച പ്രധാന മൂന്നു സംഭവങ്ങൾ ചുവട്ടിൽ കൊടുക്കുന്നു ,


1. തന്റെ വർഷങ്ങൾ ആയുള്ള അധ്യാപന  ജീവിതത്തിൽ ആദ്യമായാണ് ഒരു വിദ്യാർഥി എഴുന്നേറ്റു തന്നെ കമന്റ് അടിക്കുന്നത് എന്ന് സുന്ദരിയായ റോസ് മേരി ടീച്ചർ പ്രിൻസിപാളിനോട്

2. ക്ലാസ്സിലെ ടീച്ചറിനെ വരെ കമ്മന്റ് അടിച്ചു സസ്പെൻഷൻ കഴിഞ്ഞു തിരിച്ചെത്തിയ തോമാച്ചായനു കോളേജിൽ പുതിയ ഇരട്ടപേര് 'ഋഷി സൃങ്കൻ' എന്ന് കൂട്ടുകാർ

3.  "എന്നാലും നീ എന്താ അളിയാ ഇങ്ങനെ ടീച്ചറോട്‌ ഒക്കെ.... " എന്ന്  ഒന്നുമറിയാത്ത മാന്യനായ ഞാൻ


പിന്നീട് പല പല ബോറ് ക്ലാസ്സുകളിലും എല്ലാരും ഇരുന്നു ഉറങ്ങുമ്പോൾ , ഒറ്റയ്ക്ക് ഉറങ്ങാതെ കടിച്ചു പിടിച്ചു ഇരിക്കുന്ന എന്റെ പാവം തോമസിനെ കാണുമ്പോൾ മനസ്സ് പറയും , അവനോടു ആ സത്യം പറഞ്ഞാലോ ?


പക്ഷെ പിന്നെ തോന്നും. വേണ്ട , അവനെങ്കിലും ഉറങ്ങാതെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു പഠിച്ചു നന്നാവട്ടെ. ഒരു നല്ല കൂട്ടുകാരൻ എന്ന നിലയിൽ ഞാൻ ഇത്രയെങ്കിലും അവനോടു ചെയ്യണ്ടേ !


< ദി എൻഡ് >





Monday, July 20, 2015

വേദിയിലെ കസേരകൾ എന്നോട് പറഞ്ഞത്



അടുത്ത സീറ്റിൽ ഇരുന്നു ഉറക്കത്തിലേക്കു വീഴുകയായിരുന്ന സത്യശീലനെ തട്ടി ഉണർത്തി സുഗുണൻ പറഞ്ഞു ,


' അളിയാ , നിങ്ങള് ഇവിടെ ഇരുന്നു ഇങ്ങനെ ഉറങ്ങല്ലേ , ആരെങ്കിലും കണ്ടാൽ നാണക്കേടാണ് "


പെട്ടെന്ന് ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു സീറ്റിൽ നിവർന്നിരുന്ന സത്യശീലൻ, പുഞ്ചിരിക്കുന്ന ആവേശമുള്ള മുഖവുമായി തന്റെ വാച്ചിൽ സമയം നോക്കി പിറ് പിറുത്തു.... " ശല്യങ്ങള് , ഇവനൊന്നും വേറെ ഒരു പണിയും ഇല്ലേ , മനുഷ്യനെ മിനക്കെടുത്താൻ ഓരോ ചടങ്ങുകള്.... "


സുഗുണൻ വീണ്ടും സുശീലനെ ഓർമിപ്പിച്ചു... "പതുക്കെ പറ മച്ചു , അടുത്ത് പോലീസുകാര് ഒക്കെ നിൽപ്പുണ്ട്. അവരെങ്ങാനും കേട്ടാൽ നാണക്കേടാണ്   "


തന്റെ സീറ്റിന്റെ അടുത്ത് നില്ക്കുന്ന കൊമ്പൻ മീശക്കാരൻ  പോലീസുകാരൻ ഒന്നും കേട്ടിട്ടുണ്ടാവില്ല എന്ന വിശ്വാസത്തിൽ സത്യശീലൻ നിർവന്നിരുന്നപ്പോഴേക്കും വേദിയിലുള്ള സുന്ദരിയായ അധ്യക്ഷ മൈക്കിൽ ഇങ്ങനെ അരുളി ചെയ്തു...


" അടുത്തതായി സ്വാഗത പ്രസംഗം നടത്താനായി കേരളത്തിന്റെ ബഹുമാന്യനായ അഭ്യന്തര മന്ത്രി സുഗുണൻ സാറിനെ വേദിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.... "


അത്രയും നേരം അധ്യക്ഷയെ ഇടം കണ്ണിട്ടു നോക്കി വെള്ളം ഇറക്കി ഇരിക്കുകയായിരുന്ന സത്യശീലന്  ഷേക്ക്‌ ഹാൻഡും കൊടുത്തു , സദസിനെ നോക്കി എല്ലാവരെയും അഭിവാദ്യം ചെയ്തു മൈക്ക് കയ്യിലേന്തിയ സുഗുണൻ അണ്ണൻ പതിവ് സ്റ്റൈലിൽ തന്റെ പ്രസംഗം തുടങ്ങി......


" വേദിയിൽ ഇരിക്കുന്ന ബഹുമാനപ്പെട്ട മുഖ്യ മന്ത്രി സത്യശീലൻ സർ , സദസിൽ ഇരിക്കുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട അമ്മമാരെ....സഹോദരിമാരെ .....    "


< the end >

Saturday, July 11, 2015

Case No- 1986/12/08-റെഫറൻസ് നോട്ട്സ്



കേസ് No                :: 1986/12/08 , LKG- B ഡിവിഷൻ
ബഹു : കോടതി :: സുഷമ ടീച്ചർ, ക്ലാസ്സ്‌ ടീച്ചർ
പ്രതി                       :: അബ്ദുൽ റഷീദ്, ലാസ്റ്റ് ബെഞ്ച്‌  
വാദി                       :: മീനാക്ഷി നമ്പിയാർ , സെക്കന്റ്‌ ബെഞ്ച്‌
സാക്ഷികൾ           ::  (1) ലക്ഷ്മി, ( 2) നിൻസി, (3) വിശാക്, (4) മജീദ്‌ , (5) അരുണ്‍


FIR റിപ്പോർട്ട്‌ ::
[ അവലംബനം : 1 & 2 സാക്ഷി മൊഴികൾ ]
ലച്ചുവിന്റെയും നിൻസിയുടെയും കൂടി  ക്ലാസ്സിൽ ഓടി കളിക്കുകയായിരുന്ന മീനാക്ഷിയെ ആബ്ദുൽ കൈ കൊണ്ട് തടഞ്ഞു നിർത്തി എന്തോ ചോദിച്ചു. കളിയുടെ ഇടയിൽ തന്നെ ശല്യപ്പെടുത്തിയതിന്റെ എല്ലാ അരിശവും കാരണം അവന്റെ കൈകൾ വലിച്ചു നീക്കി മീനാക്ഷിയും  അതിനേക്കാൾ ശക്തമായി തിരിച്ച് പ്രതികരിച്ചു. ദേഷ്യം വന്ന അബ്ദുൽ  മീനാക്ഷിയെ പിടിച്ചു തള്ളി , മതിലിൽ ഇടിച്ച മീനാക്ഷിയുടെ നെറ്റി പൊട്ടി ചോര വന്നു.


രേഖപെടുത്തിയ പ്രധാന മൊഴികൾ ::
1. "അബ്ദുൽ എപ്പോഴും കളിക്കുമ്പോൾ മീനുവിനെ ശല്യപ്പെടുത്തും" [ മൂന്നാം സാക്ഷി ]
2. "മീനുന്റെ നെറ്റിന്നു ചോര വന്നത് ഞാൻ കണ്ടതാണ് " [ നാലാം സാക്ഷി ]
3. 'FIR ഇൽ പറഞ്ഞതൊക്കെ സത്യമാണ് " [ ഒന്നും രണ്ടും സാക്ഷികൾ ]
4. "അബ്ദുൽ തിരിഞ്ഞപ്പോൾ അറിയാതെ കൈ തട്ടി മീനു വീണു പോയതാണ് " [ അഞ്ചാം സാക്ഷി ]


സുപ്രധാനമായ മൊഴി ::
5. " ഞാൻ വീഴുമ്പോൾ അബ്ദു എന്റെ അടുത്തെങ്ങുംഇല്ലായിരുന്നു "  [ വാദി : മീനാക്ഷി ]


:: വിധി ന്യായം ::
" അബ്ദുൽ തള്ളിയത് കൊണ്ട് തന്നെയാണ് മീനാക്ഷി വീണത്. അബ്ദുൽ എപ്പോഴും മീനാക്ഷിയെ ശല്യപ്പെടുതുന്നതിനാൽ അബ്ധുലിനെ LKG-A ഡിവിഷനിലേക്ക് മാറ്റുവാൻ ഈ കോടതി ഹെഡ് മാസ്റ്ററോട് ശുപാർശ ചെയ്യും.  അബ്ദുൽ ഇനിയും മീനാക്ഷിയെ ശല്യപ്പെടുത്തിയാൽ വീട്ടുകാരെ വിളിപ്പിച്ചു സ്കൂളിൽ നിന്നും പുറത്താക്കും  ഇപ്പോൾ തൽക്കാലം രണ്ടു അടിയാണ് ശിക്ഷ , അബ്ദുൽ സ്റ്റാഫ്‌ റൂമിൽ ചെന്ന് ചൂരൽ കൊണ്ട് വരിക   "


ആ വലിയ വിധി കേട്ട് മൂന്നും നാലും പ്രതികൾ ഉറക്കെ ചിരിച്ചു. വാദി പതുക്കെ പൊട്ടി കരഞ്ഞു , ഒന്നും രണ്ടും പ്രതികൾ വാദിയെ ആശ്വസിപ്പിച്ചു. ആരോടും ഒന്നും മിണ്ടാതെ പ്രതി സ്റ്റാഫ്‌ റൂമിലേക്ക്‌ ചൂരൽ എടുക്കാൻ നടന്നു നീങ്ങി. അത് കണ്ടു അഞ്ചാം പ്രതി അവന്റെ കണ്ണുകൾ തുടച്ചു.


< Case No- 1986/12/08 - File End  >
   
അപൂർവങ്ങളിൽ അപൂർവ്വം ആയി കരുതി കോടതി ശിക്ഷ വിധിച്ച ഈ പ്രമാദമായ പെറ്റി കേസിലെ , ബഹുമാനപ്പെട്ട കോടതിയും നമ്മളും അറിയാൻ ശ്രമിക്കാതെ പോയ ആ ചെറിയ ചോദ്യം ഇപ്പോഴും ബാക്കിയാണ്,

""അബ്ദു എന്തായിരിക്കും അന്ന് മീനുവിനോട് പറഞ്ഞതു ?""


തന്റെ പ്രിയപ്പെട്ട പ്രതിയെ കടുത്ത ശിക്ഷകളിൽ നിന്നും രക്ഷിക്കാനുള്ള വെപ്രാളത്തിൽ കോടതിയുടെ മീനാക്ഷിയെന്ന / സാക്ഷികളുടെ മീനുവെന്ന / അബ്ദുവിന്റെ സ്വന്തം മീനൂട്ടി തന്റെ ഉള്ളിൽ ആരോടും പറയാതെ ഒളിപ്പിച്ചു വെച്ച, എവിടെയും രേഖപ്പെടുത്താതെ പോയ ആ അതി പ്രധാനമായ മൊഴി ഇതാണ് ,


 " നീ ഇങ്ങനെ ഓടി കളിക്കല്ലേ എന്റെ മീനുട്ടി, എങ്ങാനും വന്നു വീണാൽ നിന്റെ  കയ്യൊടിയും കേട്ടോ, ഞാൻ പറഞ്ഞേക്കാം .... "


::സമർപ്പണം :: വാദികളും സാക്ഷികളും എവിടെയും രേഖപ്പെടുത്താതെ പോയ നിഷ്കളങ്കമായ ചെറിയ മൊഴികൾ കാരണം, എപ്പോഴെങ്കിലുമൊക്കെ പ്രതി സ്ഥാനത്ത് നിൽക്കേണ്ടി വന്നിട്ടുള്ള എല്ലാ പാവം  'കുറ്റവാളി'കൾക്കും വേണ്ടി...



Thursday, July 2, 2015

ഒരു ഡയറി കുറിപ്പ്


നട്ടുച്ച നേരത്ത് സ്റ്റാഫ്‌ റൂമിൽ ഞാൻ ഒരു പൊതി കടലയും കൊറിച്ചു ബോർ അടിച്ചിരിക്കുമ്പോൾ അപ്രതീക്ഷിതമായാണ് ആ യുവ കോമള  ചോദ്യം അവിടെ കടന്നു വന്നത് ,


" ഗോപകുമാർ മാഷ്‌ ഇവിടുണ്ടോ ? "


അത് കേട്ട് ഞാൻ ചോദ്യ കർത്താവിനെ തലയുയർത്തി ഒന്ന് നോക്കി. മൊത്തത്തിലുള്ള അവന്റെ ലക്ഷണം കണ്ടു ഈ കോളേജിലെ തന്നെ വിദ്യാർഥി ആണെന്ന്  പിടി കിട്ടി. എങ്കിലും ആളെ അധികം കണ്ടതായി ഓർമയില്ലാത്തത് കൊണ്ട് ഇനിയെങ്ങാനും തല്ലാൻ വേണ്ടിയാണോ വരവ് എന്നറിയാനായി ഒരു മറുചോദ്യം ഭവ്യതയോടെ ചോദിച്ചു ,


" ഗോപകുമാർ മാഷോ ?  , എന്താണ് കാര്യം ?


"റെക്കോർഡ്‌ ബുക്കിൽ മാഷിന്റെ ഒപ്പിട്ടു വാങ്ങിയില്ലേൽ നാളത്തെ ലാബ് പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ്‌ തരില്ല എന്നാണു ഓഫീസിൽ പറയുന്നത്.  അത് കൊണ്ട് ഒപ്പിട്ടു വാങ്ങാനാണ് "



അവന്റെ കയ്യിലെ റെക്കോർഡ്‌ ബുക്കിലേക്ക് ഒന്നെത്തി നോക്കി അവൻ പറഞ്ഞത് ശെരിയാണെന്ന് ഉറപ്പു വരുത്തിയ ശേഷം കസേരയിൽ അധികാരത്തോടെ നിവർന്നിരുന്നു ഞാൻ  ഉറച്ച ശബ്ധത്തിൽ  ഗർജിച്ചു ,


" എടോ , ഞാൻ ആണെടോ നീ ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഗോപകുമാർ മാഷ്‌... ക്ലാസ്സിൽ പോലും കയറാതെ , എന്നെ കണ്ടിട്ട് തിരിച്ചറിയാൻ പോലും പറ്റാത്ത നിനക്ക് , എന്റെ ഒപ്പ് വേണം അല്ലേ... "


തനിക്കു സംഭവിച്ചു പോയ വലിയ അമളിയുടെ ഒരു ചെറു ലാഞ്ചന പോലും മുഖത്ത് കാട്ടാതെ അവൻ വീണ്ടും തുടർന്നു,
" മാഷ്‌ അങ്ങ് ക്ഷീണിച്ചു പോയല്ലോ. കണ്ടോ , എനിക്ക് പോലും പെട്ടെന്ന്  മനസ്സിലായില്ല.. ദയവു ചെയ്തു  ഈ റെക്കോർഡ്‌ ഒപ്പിട്ടു തരണം.... "


ഇത്രയും പറഞ്ഞു അവൻ ആ റെക്കോർഡ്‌ പുസ്തകം ഭാവ്യതയോട് കൂടി എന്റെ മേശ പുറത്തു വെച്ച് പ്രാർത്ഥനയോടെ ദൂരേക്ക് മാറി നിന്നു.


"നീയൊന്നും പരീക്ഷ എഴുതിയിട്ട് ഒരു കാര്യവും ഇല്ല...  വെറുതെ സമയം മിനക്കെടുത്താതെ ഇവിടന്നു പൊയ്ക്കോ.. " എന്ന എന്റെ ശക്തമായ മറുപടി കേട്ട് തിരിച്ചു നടക്കാൻ ഒരുങ്ങിയ അവനെ ഞാൻ തിരിച്ചു വിളിച്ചു മേശ പുറത്തിരുന്ന റെക്കോർഡ്‌ ബുക്ക്‌ ചൂണ്ടി   കൊണ്ട് വീണ്ടും പറഞ്ഞു,


" പോകുമ്പോൾ ഇതാ ഇതും കൂടി എടുത്തോണ്ട് പൊയ്ക്കോ "


എന്നോട് നല്ലൊരു നന്ദിയും പറഞ്ഞു പയ്യെ തിരിച്ചു നടന്നു വന്നു, മേശ പുറത്ത് റെക്കോർഡ്‌ ബുക്കിന്റെ അടുത്തിരുന്ന എന്റെ കപ്പലണ്ടി പൊതിയും എടുത്തു അവൻ നിഷ്കളങ്കമായി നടന്നു നീങ്ങി . അപ്പോൾ അത് നോക്കി ഞാൻ ‌ അറിയാതെ മനസ്സിൽ പറഞ്ഞു പോയി ...


"ശെടാ....  വേഗം അതങ്ങ് ഒപ്പിട്ടു കൊടുത്തിരുന്നെങ്കിൽ എന്റെ കപ്പലണ്ടിയെങ്കിലും ബാക്കി ഉണ്ടായേനെ... "


ഇന്ന് ഞാൻ പഠിച്ച പാഠം :: 'എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ചിലരോട്, നമ്മൾ എത്ര നെഗറ്റീവ് ആയി പെരുമാറിയാലും, നമുക്ക് നഷ്ട്ടപെടുന്നത് സ്വന്തം കപ്പലണ്ടി പൊതികൾ മാത്രമാകാം'.  


എന്ന് , ഗോപകുമാർ മാഷ്‌
Date  : 07- 03- 2015












Wednesday, June 17, 2015

..പാറ്റയെ സ്നേഹിച്ചു പോയവർ..





"ഈ ജന്മത്തിൽ ഒരു പാറ്റയായി ജനിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിലപ്പോൾ കൊതിക്കാറുണ്ട് "


ഇത്രയും പറഞ്ഞു അവൻ സംസാരം നിർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നോ ,  എനിക്കറിയില്ല. പക്ഷെ , അവന്റെ വാക്കുകൾ പതറിയിരുന്നതായി തോന്നി. തന്റെ ദുഃഖം ഞാൻ കാണാതെ ഇരിക്കാൻ എന്ന പോലെ  അവൻ ജനലിലൂടെ അങ്ങ് ദൂരേക്ക് നോക്കി ഇരുന്നു.


അപ്രതീക്ഷിതമായി കേട്ട ആ ഉത്തരം എന്നെയും കുഴക്കി. ഒരുപാട് നാളുകൾക്കു ശേഷം കാണുന്ന അടുത്ത കൂട്ടുകാരനോട് " എങ്ങനെ പോകുന്നു ജീവിതം ?" എന്ന ചോദ്യത്തിനു അങ്ങനെയൊരു മറുപടി ഞാൻ ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ല. അടുത്തതായി എന്ത് പറയണം എന്നറിയാതെ ഞാൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.


ജീവിതത്തിൽ ആദ്യമായി കാണുന്ന അവന്റെ ഭാര്യയോടു, വർഷങ്ങൾ പരിചയമുള്ളവരെ പോലെ ഒരുപാട് വാചകം അടിക്കുന്ന എന്റെ ഭാര്യയുടെ ശബ്ദം അടുക്കളയിൽ നിന്നും നമുക്ക് ഉറക്കെ കേൾക്കാം. ചെറുപ്പം മുതൽ കൂട്ടുകാരായിരുന്നിട്ടും ആണുങ്ങൾ  തമ്മിൽ എന്താണ് അത് പോലെ നിർത്താതെ സംസാരിക്കാൻ പറ്റാത്തത്, അതിശയം തന്നെ!


"എന്നാലും എന്താ നീ അങ്ങനെ പറഞ്ഞത് ?" ... ഒടുവിൽ കാര്യം എന്തെന്നറിയാനുള്ള ആകാംഷയിൽ ഞാൻ അങ്ങ് ചോദിച്ചു.


അടുക്കളിയിലേക്ക് എത്തി നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ പതിയെ എന്റെ ചെവിയിൽ പറഞ്ഞു ..


" ഈ ലോകത്ത് അവൾക്കു ആകെ പാറ്റയെ മാത്രമേ കുറച്ചെങ്കിലും പേടിയുള്ളൂ... അങ്ങനെ എങ്കിലും അവൾ എന്നെ....  അത് കൊണ്ടാ ഞാൻ അങ്ങനെയൊക്കെ.... "


പറഞ്ഞു മുഴുവിക്കാനാവാതെ അവൻ വിതുമ്പി. ഇപ്പ്രാവശ്യം അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എനിക്ക് ശെരിക്കും കാണാമായിരുന്നു.


"ഇനിയും ലേറ്റായാൽ സുരേഷേട്ടൻ ഇന്ന് എന്നെ കൊല്ലും, ഞാൻ അങ്ങോട്ട്‌ പോകട്ടെ "  എന്നുറക്കെ പറഞ്ഞു കൊണ്ട് അവന്റെ ഭാര്യ അടുക്കളയിൽ നിന്നും ഇങ്ങോട്ട് വന്നു. യാത്ര പറഞ്ഞു ഇറങ്ങാൻ നേരം അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഞാൻ പറഞ്ഞു


"നീ നാളെ രാവിലെ ചാർജ് എടുക്കുകയല്ലേ , congratulations  "


അടുത്ത ദിവസം രാവിലെ പത്രത്തിൽ അവന്റെ ഫോട്ടോയോടൊപ്പം വന്ന വാർത്തയുടെ തലക്കെട്ട്‌ ഇങ്ങനെയായിരുന്നു....


'ഗുണ്ടകളെ വിറപ്പിക്കാൻ  C.I ഇടിയൻ സുരേഷ്  നഗരത്തിൽ "


Wednesday, June 10, 2015

എടുത്തു ചാട്ടം - ഒരു കലയാണ്‌


"അളിയാ , സിനിമ ഷൂട്ടിംഗ് ! നമുക്ക് കുറച്ചു നേരം നോക്കിയിട്ട് പോകാം "


പറഞ്ഞു തീരും മുൻപ് അവൻ സ്കൂട്ടർ തിരിച്ചു പാലത്തിന്റെ സൈഡിലേക്ക്  നീങ്ങി.  വേറെയും കുറേ വണ്ടികൾ പാലത്തിന്റെ ഇരു വശവും പാർക്ക്‌ ചെയ്തിട്ടുണ്ട്. ആളുകൾ എല്ലാം ആരുടെയോ ചുറ്റും കൂടി നിൽപ്പാണ്. അവരുടെ അടുത്ത് പോലീസ് ജീപ്പും കുറച്ചു പോലീസുകാരും നിൽപ്പുണ്ട്. സ്കൂട്ടറിൽ നിന്നും അൽപ്പം പൊങ്ങി നിന്ന്  നോക്കി അവൻ പറഞ്ഞു ,


"സീരിയൽ ആണോ എന്നും സംശയം ഉണ്ട് , പോലീസ് വേഷത്തിൽ നിൽക്കുന്ന മെയിൻ ആളെ കണ്ടിട്ട് ഒരു പരിചയം തോന്നുന്നില്ല. പക്ഷെ മുടിഞ്ഞ ഗ്ലാമർ തന്നെ "

സൈഡിൽ മാറി നിന്ന പോലീസുകാരനോട്‌ ചെന്ന് അവൻ ചോദിച്ചു
" ഏതാ സാറേ പടം , ആരാണ് നായകൻ "


അവനെ അടിമുടി നോക്കി ആ പോലീസുകാരൻ പിന്നെ പറഞ്ഞതും , അവിടെ അന്ന് നടന്നതും എല്ലാവർക്കും ഒരു പാഠം ആണ് , ജീവിതത്തിൽ അധികമാരും പറഞ്ഞു തരാത്ത ഒരു വലിയ പാഠം :
" ഗ്ലാമർ ഉള്ളവരെല്ലാം , സിനിമ നടന്മാരല്ല " !!!


ഈ സംഭവം കാരണം അന്ന് അവിടെ ബുദ്ധിമുട്ടിയവർ ::


1. വണ്ടി ചെക്കിംഗ് കഴിഞ്ഞിട്ട് പോകാൻ ഒരുങ്ങുമ്പോൾ , അവസാനം അങ്ങോട്ട്‌ വന്നു കയറിയ എന്റെ കൂട്ടുകാരനെയും പരിശോധിക്കേണ്ടി വന്ന പോലീസുകാർ


2. ബുക്കും പേപ്പറും ഇൻഷുരൻസും ഇല്ലാതെ വണ്ടിയോടിച്ചതിന് അഞ്ഞൂറ് രൂപ ഫൈൻ അടിച്ച പേപ്പറ് കിട്ടിയ എന്റെ കൂട്ടുകാരൻ


3. വണ്ടിയെയും കൂട്ടുകാരനെയും പോലീസുകാര് കൊണ്ട് പോയതു കാരണം ബാക്കി യാത്ര ബസ്സിൽ ആകേണ്ടി വന്ന , പാവം ഞാൻ !




Thursday, June 4, 2015

ഭൂലോക പ്രശ്നങ്ങൾ



" ഹലോ , പറ്റിയാൽ ഒരു ഉപകാരം ചെയ്യാമോ , ഇപ്പോൾ നിങ്ങൾ മാത്രമേ ചാറ്റിൽ ഓണ്ലൈൻ കാണുന്നുള്ളൂ , അത് കൊണ്ടാ "

 

ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി ഫേസ് ബുക്ക്ചാറ്റിൽ മലയാളം ഇംഗ്ലീഷിൽ കയറി വന്ന മെസ്സേജ് കണ്ടു അവനു അകാംഷയായി.

കമ്പനിയിൽ കൂടെ ജോലി ചെയ്യുന്ന പെണ്കുട്ടിയാണ്. പലപ്പോഴും ജോലിയുമായുള്ള കാര്യങ്ങൾ സംസാരിച്ചിട്ടുള്ളത് അല്ലാതെ അധികം മിണ്ടിയിട്ടില്ല. കാണാനൊരു ചെലോക്കെയുള്ള കൊച്ചാണ്. കല്യാണം കഴിഞ്ഞു ഒരു കൊച്ചും ഉണ്ട് . ഇതെന്തായിരിക്കും അവൾക്കു വേണ്ട ഉപകാരം ! കുറെ നേരം മനസ്സിൽ മാറി മറിഞ്ഞ നൂറു നൂറു ചോദ്യങ്ങളെ മാറ്റി നിർത്തി അവൻ മറുപടി കൊടുത്തു
" ഷുവർ , പറഞ്ഞോളു "

 

പിനീടുള്ള അവളുടെ ചാറ്റിനു വേണ്ടിയുള്ള അവന്റെ കാത്തിരിപ്പ്പത്തു മിനുട്ട് വൈകി . പത്തു നിമിഷത്തെ ടെൻഷൻ അവനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ,  നിഗൂടതകൾ വീണ്ടും ഒളിപ്പിച്ചു അവൾ ചാറ്റി 
" താങ്ക്സ് , പക്ഷെ ആരോടും ഇത് പറയരുത് "

 

അവന്റെ ചങ്കിടിപ്പ് കൂടി , കാര്യം എന്തോ വലുതാണ്‌. ജോസ് പ്രകാശ് സിനിമയിൽ പറഞ്ഞ പോലെ   ഒരു സഹായം ചിലപ്പോൾ ജീവിതം മാറ്റി മറിക്കും. വിറയാർന്ന കൈകളുമായി  അവൻ എഴുതി
" എന്നെ വിശ്വസിക്കാം , ധൈരമായി പറഞ്ഞോളു "

 

പിന്നീടും , അവളുടെ മറുപടി പത്തു മിനിട്ട് വൈകി. അവന്റെ ആകെയുള്ള മനസ്സമാധാനം കൂടി പോയി. ഒടുവിൽ മുഖവുര  നീക്കി അവൾ കാര്യം പറഞ്ഞു തുടങ്ങി
" ഇന്ന് നിങ്ങളുടെ ഫേസ് ബുക്ക്വാളിൽ ഞാൻ പോസ്റ്റു ചെയ്ത ഏതെങ്കിലും സ്റ്റാറ്റസ് വന്നിരുന്നോ , ഒന്ന് വേഗം നോക്കി പറയാമോ ?"

 

അവൻ വേഗം ഫേസ് ബുക്ക്പേജ് മുഴുവൻ തപ്പി. അവൾ പതിവായി ഷെയർ ചെയ്യാറുള്ള പേജുകളും , പിന്നെ ഉച്ചയ്ക്കുണ്ടാക്കിയ മീൻ പൊരിച്ചത് വെച്ചുള്ള ഒരു ഫോട്ടോയും അവളുടെതായി അവൻ കണ്ടു.

വീണ്ടും പലകുറി നോക്കി ഉറപ്പു വരുത്തിയ ശേഷം അവൻ അവളോട്കാര്യം പറഞ്ഞു
" പേടിക്കാനുള്ള ഒന്നുമില്ല , ആകെ ഒരു മീനിന്റെ ഫോട്ടോ മാത്രമേ കാണാൻ ഉള്ളു "

"വളരെ നന്ദി , ആശ്വാസം. ശെരി അപ്പോൾ. പിന്നെ , ഓഫീസിൽ കാണാം "
ഇത്രയും പറഞ്ഞു പോകാനൊരിങ്ങിയ അവളോട്‌ അവൻ വേഗം ചോദിച്ചു
" ബുദ്ധിമുട്ടില്ലേൽ, എന്താണ് കാര്യം എന്ന് എന്നോട് പറയാമോ ?'

അങ്ങനെ സസ്പെൻസ് പൊട്ടിച്ചു അവൾ പറഞ്ഞു...

"ആരോടും പറയണ്ട , ഞാൻ ഉച്ചയ്ക്കിട്ട മീൻ ഫ്രൈയുടെ ഫോട്ടോക്ക് ഇത് വരെ ലൈക്കൊന്നും കിട്ടാത്തതിനാൽ അത് മറ്റുള്ളവർക്ക് കാണാൻ  പറ്റുമോ എന്നറിയാൻ വേണ്ടി ചോദിച്ചതാ.. എന്തായാലും വളരെ നന്ദി "

എന്ത് മറുപടി പറയണം എന്നറിയാതെ ലാപ്ടോപ് മടക്കി വെച്ച് അവൻ ആകാശത്ത് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു
" !@#$%^&**((&^%$$ മോള് "









Wednesday, May 20, 2015

ധർമ സങ്കടം




'അളിയാ , എനിക്കവളെ ശെരിക്കും ഇഷ്ട്ടമാടാ.. പക്ഷെ , ഈ കല്യാണം നടക്കില്ല'


'പിന്നന്താണ് നിന്റെ പ്രശ്നം '


'അവളുടെ ബാപ്പ വെള്ളമടിക്കും , അത് നാട്ടിൽ എല്ലാർക്കും അറിയാം '


ഇത്രയും പറഞ്ഞു അവൻ ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന രണ്ടു പെഗ്ഗ് റമ്മും വലിച്ചു കയറ്റി കണ്ണുകൾ തുടച്ചു. പകൽ മാന്യനായ ആ നല്ല കൂട്ടുകാരനെ എങ്ങനെ സമാധാനിക്കണം എന്നറിയാതെ മറ്റൊരു മാന്യനായ സുഹുർത്ത് വിഷമിച്ചു.







Wednesday, April 29, 2015

...മാന്ത്രിക മുട്ടയുടെ കഥ...


" എത്ര പഠിച്ചിട്ടും ഒന്നും തലയിൽ നിൽക്കുന്നില്ല... ഉസ്താദ്‌ എന്തെങ്കിലും ഒന്ന് ചെയ്യണം, ഇനി പരീക്ഷയ്ക്ക് മൂന്നു ദിവസം കൂടെയേ ഉള്ളു... " , ഇത്രയും പറഞ്ഞു ജബ്ബാർ ടെൻഷനിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
"ഇതിനൊക്കെ ദക്ഷിണ വേണ്ടി വരും , അറിയാലോ"... എന്ന ഉസ്താദിന്റെ  മറു ചോദ്യത്തിനു  മറുപടിയായി തലയാട്ടിയ ജബ്ബാറിന്റെ കയ്യിൽ ആ മാന്ത്രിക സമ്മാനം ഉസ്താദ് നൽകി.... ഓര്മ ശക്തി നിൽക്കാനുള്ള അഞ്ചു മാന്ത്രിക മുട്ടകൾ !
അടുത്ത അഞ്ചു ദിവസം രാവിലെ എഴുന്നേറ്റു , ഓരോ ദിവസവും ഓരോ മുട്ട പൊട്ടിച്ചു തലയിൽ തേച്ചു കുളിച്ചു പഠിക്കാനിരുന്നാൽ മരണം വരെ അതൊന്നും മറന്നു പോകാത്ത , മാന്ത്രിക മുട്ടകൾ...
മുട്ടയുമെടുത്തു ദക്ഷിണയായി അഞ്ചു രൂപ ഉസ്താദിന്റെ മുന്നിലിട്ട് ഓടിയ ജബ്ബാറിനെ നോക്കി ഉസ്താദ് അതി ദയനീയതയോടെ വിളിച്ചു പറഞ്ഞു "ഡാ ഹിമാറേ, എന്തേലും കൂടി തന്നിട്ട് പോടാ... മുട്ടയ്ക്കൊക്കെ ഇപ്പൊ എന്താ വില..."


വാൽകഷ്ണം :: പതിവ് പോലെ ജബ്ബാർ അക്കൊല്ലവും പരീക്ഷ തോറ്റു. ആദ്യത്തെ രണ്ടു ദിവസം മുട്ട മന്ത്രം പരീക്ഷിച്ചു തട്ടിപ്പ് തിരിച്ചറിഞ്ഞ ജബ്ബാർ , ബാക്കിയുള്ള മൂന്നു മുട്ട ഒമ്ലെറ്റ് അടിച്ചു കഴിച്ചു കൊടുത്ത അഞ്ചു രൂപ മുതലാക്കി. ഇപ്പോൾ വലിയ ബിസിനസ്‌ കാരനായി , ഉസ്താദിന്റെ മകളെയും കെട്ടി സുഖം ആയി കഴിയുന്നു.