"ടീം നമ്പർ 26 ഓണ്‍ സ്റ്റേജ് .... ട്രിംഗ് ട്രിംഗ് ട്രിംഗ്.... "
സ്റ്റേജിലേക്ക് കയറാൻ വേണ്ടി ഞങ്ങളുടെ ടീമിന്റെ പേര് മൈക്കിലൂടെ വിളിച്ചതും എന്റെ ചങ്കിടിപ്പിന്റെ മുഴക്കം ഉച്ചസ്ഥായിലെത്തി. ഇനി കർട്ടൻ പൊങ്ങാൻ വെറും നിമിഷങ്ങൾ മാത്രം. അത് വരെ എനിക്കുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്ന ആത്മവിശ്വാസം , ധൈര്യം , ചങ്കൂറ്റം , തൊലിക്കട്ടി എന്നതൊക്കെ , എന്റെ തലയിൽ നിന്നും ഒഴുകിയെത്തുന്ന വിയർപ്പിൽ, മുഖത്തിലെ മേക്കപ്പിനോടൊപ്പം താഴോട്ടു ഒലിച്ചിറങ്ങി. കനത്ത ബാസ്സ് സൌണ്ടിന്റെ ഉടമയായ ബാസിത്ത് മൈക്കിലൂടെ നാടകത്തെ കുറിച്ചുള്ള ആമുഖം കർട്ടൻ ഉയരും മുൻപ് നൽകുകയാണ് . അവന്റെ ആ ഡയലോഗ് കഴിയുമ്പോൾ ദീപു അണ്ണൻ ഡ്രമ്മിന്‍റെ അടുത്ത് കമഴ്ത്തി വെച്ച സ്റ്റീൽ പ്ലേറ്റ് പോലുള്ളതിൽ ഒരു യമണ്ടൻ അടി അടിക്കും . പിന്നെ , സുകുമാരൻ അണ്ണൻ പിയാനോയിൽ വെച്ച് പിടിക്കുന്ന മ്യൂസിക്കിനൊപ്പം ഉയരുന്ന സ്റ്റെജു കർട്ടന്റെ കൂടെ , ഞങ്ങളും സ്റ്റെജിൽ പ്രവേശിക്കണം. ജീവിതത്തിലെ ആദ്യത്തെ സ്റ്റേജു ! ആദ്യത്തെ നാടകം ! ആദ്യത്തെ കാണികൾ !
അഞ്ചു പേരുള്ള ഈ ചരിത്ര നാടകത്തിൽ , ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടു വേഷങ്ങളിൽ ഒന്നാണ് എന്റേത് എന്നാണു മറ്റു മൂന്നു വലിയ വേഷക്കാരും പറയുന്നത് . ആകെ എനിക്കുള്ളത് നാടകത്തിനു നടുവിലായി ഞാൻ പൊരുതി നേടിയ ഒരേയൊരു ചെറിയ ഡയലോഗ് ആണ് , അത് തന്നെ പത്തു വട്ടം തെറ്റിച്ചു പറഞ്ഞതിനാൽ ഒഴിവാക്കാൻ സംവിധായകനും പ്രധാന നടനും ഒരുപാട് ശ്രമിച്ചതാണ്.ഒരു ഡയലോഗ് പോലുമില്ലെങ്കില്‍ ഞങ്ങൾ സ്റ്റെജിൽ കയറില്ലയെന്ന പരസ്യമായ ഭീഷണിയുടെ പുറത്തും , ദയവു ചെയ്തു ഒരു ഡയലോഗ് എങ്കിലും തരണം അണ്ണാ പ്ലീസ്, എന്ന രഹസ്യമായ കാലു പിടിക്കലിനും ഒടുവിലാണ് അവസാനം ആ സുവർണാവസരം ഒത്തു കിട്ടിയത് . എന്താണ് എന്റെ റോൾ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ ! ഞാൻ ഇതിലെ രാജാവിന്റെ രണ്ടു ഭടന്മാരിൽ ഒരാളാണ് ! നാടകം തുടങ്ങുമ്പോൾ ആദ്യ സീനിൽ തന്നെ രാജാവിനെ ആനയിച്ചു കൊണ്ട് വന്നു , നിൽകമൽ പ്ലാസ്റ്റിക് കസേരയിൽ , ചുവന്ന തിളങ്ങുന്ന തുണികൊണ്ട് ഉടായിപ്പ് കാണിച്ചു അലങ്കരിച്ചു വെച്ച , ലോക്കൽ സിംഹാസനത്തിൽ കൊണ്ടിരുത്തി ; മരക്കൊമ്പിൽ തെർമോക്കോള് കൊണ്ടുണ്ടാക്കിയ കുന്തം എന്നും പറഞ്ഞു തന്ന വൃത്തികെട്ട ഒരു സാധനവും കയ്യിൽ പിടിച്ചു , നാടകം തീരും വരെ സ്റ്റെജിൽ മുന്നിലായി ഇടതു വശത്ത് ( വലതു വശത്ത് മറ്റേ ഹതഭാഗ്യനായ ഭടൻ ) , കാണികളെ നോക്കി , അട്ടെൻഷൻ ആയി അനങ്ങാതെ നിൽക്കണം !
ഞങ്ങൾക്കും എന്തേലും ഡയലോഗ് വേണമെന്ന ശിപായി ലഹളയുടെ പരിഹാരമായി , നാടകത്തിന്റെ പകുതി ഭാഗത്ത് , രാജാവ് എന്തോ ചിന്തിച്ചു കൊണ്ട് ഉദ്യാനത്തിൽ ഉലാത്തുമ്പോൾ , ഞങ്ങളുടെ രാജ ഭക്തി കാണിക്കാനായി , 'വേണമെങ്കിൽ' ഞങ്ങൾക്ക് സ്റ്റെജിനു സൈഡിൽ തൂക്കിയ മൈക്കിനു അരികിൽ പോയി " അതാ , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ നാലഞ്ചു പക്ഷികൾ... " എന്ന് എനിക്ക് പറയാം , അപ്പോൾ മറ്റേ ഭടൻ , "ഇനിയെങ്ങാനും തിരുമനസ്സിന്റെ ശിരസിൽ കാഷ്ട്ടം വിണാൽ !... നമുക്കതിനെ ഇപ്പോൾ തന്നെ കുന്തമെറിഞ്ഞു കൊല്ലാം .... " എന്ന് പറയും . അപ്പോൾ രാജാവ് , "വേണ്ടാ , അവരവിടെ സുരക്ഷിതമായി ഇരുന്നോട്ടെ " എന്ന് പറഞ്ഞു ആ നല്ല സ്നേഹമുള്ള തിരു മനസ്സ് കാണികൾക്ക് കാണിക്കും.
ശെടാ ... ബാസിത് ആമുഖം അവസാനിപ്പിച്ചു ... കമഴ്ത്തിയ പ്ലേറ്റിൽ ദീപുഅണ്ണൻ ആഞ്ഞടിച്ചു ... സുകുമാരൻ അണ്ണൻ മുസിക്കും ഇട്ടു... കർട്ടൻ മുകളിലോട്ടു കയറാനും തുടങ്ങി ... ഞങ്ങൾ ഭടന്മാർ പേടിച്ചു വിറച്ചു ആണേലും , ഒരു വിധം സ്റ്റെജിലൊട്ടു കടക്കാൻ തുടങ്ങവെയാണ് , അത് വരെ ഞങ്ങളോട് ധൈര്യത്തെ കുറിച്ച് കൂളായി സംസാരിച്ചു കൊണ്ടിരുന്ന നാടകത്തിലെ പ്രധാന നടൻ മഹാരാജാവ് മനു അണ്ണൻ ഞങ്ങളെ ഞോണ്ടി വിളിച്ചു ചോദിച്ചത് , " നമുക്ക് മുങ്ങിയാലോ , എനിക്ക് ടെൻഷൻ കാരണം ഡയലോഗ് ഒന്നും ഇപ്പോൾ ഓർമ്മ വരുന്നില്ല ! അത് പോലെ , ആകെയൊരു വിറയലും തലകറക്കവും .... " !! . ഒട്ടും ചിന്തിച്ചു നിൽക്കാൻ നേരമില്ലാത്ത ഈ വൈകിയ അവസരത്തിൽ , ഞങ്ങളോടൊപ്പം നടന്നു സ്റ്റെജിൽ പ്രവേശിക്കേണ്ട മഹാരാജനെ ,പിറകിലോട്ടു മുങ്ങാൻ അവസരം നൽകാതെ , ഞങ്ങൾ രണ്ടു ഭടന്മാർ തോളത്ത് പൊക്കിയെടുത്തു , സ്റ്റെജിനു നടുവിൽ അലങ്കരിച്ച നിൽകമൽ സിംഹാസനത്തിൽ കൊണ്ടിരുത്തി നാടകമെന്ന കലയോടും , അഭിനയത്തോടും ഉള്ള ഞങ്ങളുടെ അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിച്ചു ! എന്നിട്ട്, ഒന്നും സംഭവിക്കാത്ത മട്ടിൽ ഞങ്ങൾ സ്റ്റെജിനു മുന്പിലുള്ള ഞങ്ങളുടെ പോസിഷനിലേക്ക് പോയി കുന്തവും പിടിച്ചു അന്തസായി നിവർന്നു നിന്നു .
സിംഹാസനത്തിൽ രാജാവ് , ചിന്താകുലനായി , വിഷണ്ണനായി, താടിയിൽ കയ്യും വെച്ച് ഇരിക്കുന്നതാണ് ഈ നാടകത്തിന്റെ തുടക്കം എന്നതിനാൽ , റിഹേർസൽ സമയത്ത് ഒരിക്കൽ പോലും ശെരിയാവാത്ത ആ ടെൻഷൻ ഇരിപ്പ് രംഗം, മനു അണ്ണൻ ഭയങ്കര ഒറിജിനൽ ആയി സ്റ്റെജിൽ ജീവിച്ചു !!! ഈ ഇരുപ്പിന്റെ പിന്നിലെ യഥാർത്ഥ സത്യമറിയാതെ കയറി വന്ന മന്ത്രി പുംഗവൻ പ്രദീപ് സ്ക്രിപ്റ്റിൽ കാണാതെ പഠിച്ച അര പേജു സങ്കടം, രാജാവിനോട് ഒറ്റ ശ്വാസത്തിൽ ഉണർത്തിച്ചു . സ്ക്രിപ്റ്റിലെ രാജാവിന്റെ അടുത്ത കാൽ പേജു മറുപടി കേൾക്കാനായി , രണ്ടു മിനിട്ട് കാത്തിരുന്ന മന്ത്രി പുംഗവൻ , ഒന്നും മിണ്ടാതെ താടിയിൽ കയ്യും കൊടുത്തു ഇരുന്ന രാജാവിനെ നോക്കി ദേഷ്യത്തോടെയും സങ്കടത്തോടെയും "എന്തേലും ഒക്കെ ഒന്ന് ഞങ്ങളോട് പറഞ്ഞൂടെ മഹാ രാജൻ " എന്ന് അതി ദയനീയമായി ചോദിച്ചു കൊണ്ട് ഈ നാടകത്തിന്റെ വരാൻ പോകുന്ന വിധി ഞെട്ടലോടെ തിരിച്ചറിഞ്ഞു !
വിഷണ്ണൻ ആയിരിക്കുന്ന രാജാവിന്റെ മറുപടിയില്ലാതെ ഇനി എങ്ങനെ സംഭവം മുന്നോട്ടു കൊണ്ട് പോകുമെന്നാലോചിച്ച് മന്ത്രി പുങ്കവൻ നിൽക്കവേയാണ് , ഇതൊന്നുമറിയാതെ , കറക്റ്റ് ടിമിംഗ് ക്ലോക്കിൽ നോക്കി , കൊട്ടാരം മഹർഷി തോമസ് കാണാതെ പഠിച്ച ഡയലോഗായ , "മഹാ രാജൻ ഇപ്പോൾ പറഞ്ഞത് വളരെ ശെരിയാണ് " എന്നും ഉറക്കെ പറഞ്ഞു സ്റ്റെജിൽ എത്തിയത് !! രാജാവിന്റെ അടുത്ത ഡയലോഗും കാത്തു കണ്ണും മിഴിച്ചിരുന്ന മഹർഷിയോട് ഒടുവിൽ ഗത്യന്തരമില്ലാതെ മന്ത്രി പുങ്കവൻ സ്ക്രിപ്റ്റിൽ ഇല്ലാത്ത " മഹാ രാജൻ ഇത് വരെ ഒന്നും മിണ്ടിയിട്ടില്ല മഹാത്മാവേ ... " എന്ന് പറഞ്ഞതും , മഹർഷി തോമസ് " എന്റെ കർത്താവേ , ചതിച്ചോ " എന്ന് അറിയാതെ വിളിച്ചു പോയതും ഒന്നിച്ചായി .
ഇടതു വശത്ത് അട്ടെൻഷൻ ഭടൻ ആയ എനിക്ക് ആദ്യം സദസ് മുഴുവൻ ഇരുട്ടായി തോന്നി. പിന്നീടാണ് അങ്ങിങ്ങ് ഇരിക്കുന്ന കുറച്ചു കാണികളെ ചെറിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞത്. അത് വരെ , പല നല്ല പരിപാടികളിലും സദസിലിരുന്നു കൂവിയിട്ടുണ്ടെങ്കിലും, ആദ്യമായി സ്റ്റെജിൽ നിന്നും സദസ് കണ്ടപ്പോൾ ഒരു പുതുമ തോന്നി ! മുൻവശത്തെ നിരയിലായി ഇരിക്കുന്ന മത്സരത്തിന്റെ മൂന്നു വിധികർത്താക്കൾ , നേരത്തെ ഞങ്ങൾ സബ്മിറ്റ് ചെയ്ത മുപ്പതു പേജു സ്ക്രിപ്റ്റിൽ നിന്നും , ഇപ്പോൾ സ്റ്റെജിൽ നടന്നു കൊണ്ടിരിക്കുന്ന ഡയലോഗുകൾ എവിടെയെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ! സ്റ്റെജിൽ ആണെങ്കിൽ മന്ത്രിപുങ്കവനും കൊട്ടാര മഹർഷിയും മഹാരാജനെ കൊണ്ട് എന്തേലും ഡയലോഗ് പറയിക്കാതെ ഇനി നാടകം മുൻപോട്ടു പോകാനാകില്ല എന്ന വല്ലാത്ത അവസ്ഥയിലും !! ഏതാണ്ട് അഞ്ചു നിമിഷം നീണ്ടു നിന്ന നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ സിംഹാസനത്തിൽ നിന്നും എഴുന്നേറ്റു , മന്ത്രിയുടെയും മഹർഷിയുടെയും തോളത്തു കയ്യിട്ടു , മഹാരാജൻ ആ ഒടുക്കത്തെ ഡയലോഗ് പറഞ്ഞു .... " സോറി , എന്നെ കൊണ്ട് ഈ പരിപാടി നടക്കില്ല . പുല്ലു , നിങ്ങള് കളഞ്ഞിട്ടു വന്നോ .... "
അതി വേഗത്തിൽ രാജാവും , പിറകിലായി മന്ദം മന്ദം മന്ത്രിയും മഹർഷിയും സ്റ്റെജിൽ നിന്നും തിരശീലക്കു പിറകിലോട്ടു വലിഞ്ഞു . എന്താണ് നാടകത്തിലെ അതി വികാരഭരിതമായ അടുത്ത രംഗമെന്നു മനസ്സിലാകാതെ കാണികൾ ആകാംഷയോടെ കാത്തിരുന്നു ! സ്ക്രിപ്റ്റ് നോക്കി വട്ടായ ജഡ്ജുമാർ , സ്ക്രിപ്റ്റ് പേപ്പർ ദൂരെ കളഞ്ഞു , തോൽവി ഉറപ്പിച്ച നാടകം അവസാനിക്കാൻ അക്ഷമരായിരുന്നു . കാണികളെ പോലെ , നാടകം മുടങ്ങിയെന്ന സത്യം അറിയാതെ , ഞങ്ങൾ രണ്ടു ഭടന്മാരും ഇടത്തും വലത്തും ആയി കുന്തവും പിടിച്ചു , കുന്തം പോലെ നിന്നു ! നാടകാവസാനം വായിക്കേണ്ടി ഇരുന്ന സെന്റി മ്യൂസിക് പ്ലേ ചെയ്തു ,സുകുമാരൻ അണ്ണൻ പിയാനോയിലൂടെ ഞങ്ങളോട് എല്ലാം കഴിഞ്ഞെടാ മക്കളേ , കാണികൾ ഏറു തുടങ്ങും മുൻപ് വേണേൽ രക്ഷപെട്ടോ , എന്ന് സംഗീതാത്മകമായി മുന്നറിയിപ്പ് തന്നു. ഞാൻ വലത്തോട്ട് തല ചെരിച്ചു നോക്കി , സ്റ്റെജിൽ ബാക്കിയുള്ളവർ വലിഞ്ഞെന്നും , നാടകം പൊളിഞ്ഞെന്നുമുള്ള തിരിച്ചറിവിൽ , ഞങ്ങൾ രണ്ടു ഭടന്മാർ തിരിച്ചു നടക്കാൻ തുടങ്ങവേ , പെട്ടെന്ന് മറ്റേ ഭടൻ മൈക്കെടുത്ത് ഞാൻ പറയേണ്ടി ഇരുന്ന ആ ഡയലോഗ് പറഞ്ഞു ....
" അതാ ഭടോ , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ ഒന്നുമറിയാതെ നാലഞ്ചു പക്ഷികൾ... "
അത് കേട്ട് ഞാനും അപ്പോൾ മനസ്സിൽ തോന്നിയ എന്റെ ആദ്യ സ്റ്റെജു ഡയലോഗ് ആ മൈക്കിലൂടെ പറഞ്ഞു ,
"വേണ്ട ഭടോ.. , അവരവിടെ സ്വസ്ഥമായി ഇരുന്നു, എന്തേലും ഒക്കെ ചെയ്തോട്ടെ.... "
സ്റ്റെജു കർട്ടൻ താഴ്ന്നു വരികയും , കാണികളുടെ കൂവൽ ഉയർന്നു വരികയും ചെയ്യുമ്പോൾ , നാടകത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഞങ്ങൾ രണ്ടു ഭടന്മാരും , ജീവിതത്തിലെ ആദ്യ സ്റ്റെജിൽ നിന്നും , ആദ്യ നാടക ഡയലോഗിന്റെ നിറ നിര്‍വൃതിയോടെ, നിറഞ്ഞ കണ്ണുകളും, നിവർത്തി പിടിച്ച തലയും ,കുത്തി പിടിച്ച കുന്തവുമായി, വേദി വിട്ടിറങ്ങി .
... ശുഭം ...

