Friday, May 20, 2016

സുഗതപുരാണം - ഒരു കൂട്ടാരന്റെ കഥ


രാത്രി 2 മണിക്ക് നിർത്താതെ മുഴങ്ങിയ ഫോൺ ബെല്ലിൽ , വിളിച്ചത് ആരെന്നു പോലും നോക്കാതെ ഫോൺ എടുത്തതും , മറു തലക്കൽ എന്റെ അറ്റ കൂട്ടാരാൻ  സുഗതന്റെ ശബ്ദം ,

" അളിയാ  , ഈ കള്ളവണ്ടി കയറി പണ്ട് നാട് വിടുന്നവരൊക്കെ  , പിന്നീട് എപ്പോഴും പണക്കാരായി മാറുന്നത് എന്ത് കൊണ്ടാകും  ? "

ആദ്യം വായിൽ വന്നത് മുഴുത്ത തെറിയാണെങ്കിലും, ഉറക്കത്തിനു ഇടയിൽ തെറി വിളിച്ചു ബ്ലഡ്‌ പ്രെഷർ കയറിയാൽ , ഉറക്കത്തിന്റെ കെട്ട് വിട്ടുപോകും എന്നതിനാൽ മാത്രം ഞാൻ ക്ഷമിച്ചു മറുപടി പറഞ്ഞു ,

" ഒന്ന് പോടേ , നട്ടപാതിരക്കു ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നെപ്പിച്ചു ആണോടെ ഇമ്മാതിരി വട്ടു ചോദ്യമൊക്കെ ചോദിക്കുന്നത് ! നാളെ രാവിലെ സംസാരിക്കാം , പോയി കിടന്നു ഉറങ്ങേടാ പുല്ലേ  "

സുഗതൻ എന്തോ ഉറപ്പിച്ചാണ് ,

" അളിയാ , പ്ലീസ് ... കാര്യം സീരിയസ് ആയതു കൊണ്ടാല്ലെടാ ഞാൻ നട്ടപാതിരക്കു വരെ വിളിച്ചു ചോദിക്കുന്നത്.. നിന്റെ അഭിപ്രായം അനുസരിച്ചാണ് ഇന്ന് രാത്രി കള്ളവണ്ടി കയറി ഞാൻ നാട് വിടണോ എന്ന് തീരുമാനിക്കാൻ ! "

കാര്യം സുഗതൻ കുറച്ചു തൊല്ല ആണെങ്കിലും , അവനെ രണ്ടു തെറി പറയാത്ത ഒരു ദിവസം പോലും എനിക്ക് ചിന്തിക്കാൻ ആകുമായിരുന്നില്ലെങ്കിലും  . ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ എന്ന് കരുതി ഞാൻ കാര്യം സീരിയസ് ആയെടുത്തു മറുപടി പറഞ്ഞു ,

" അളിയാ സുഗാതാ ... ശെരിക്കും കള്ളവണ്ടി കയറിയത് കൊണ്ടോ , നാട് വിട്ടത് കൊണ്ടോ അല്ല അവരൊക്കെ ജീവിതത്തിൽ രക്ഷപ്പെട്ടത്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള ഒരു വഴിയും ഇല്ലെന്നു തോന്നിയ ഘട്ടത്തിലും , നാട്ടിൽ നിൽക്കാൻ ഒരു വഴിയും കാണാതെ ആയപ്പോഴും  , തോറ്റു ഇവിടെ തന്നെ കരഞ്ഞു നിൽക്കാതെയും , ആത്മഹത്യ ചെയ്യാതെയും ,  ആരുടെയും മുൻപിൽ പോയി കാലു പിടിച്ചു നിൽക്കാതെയും ; വരുന്നതെന്തും വരുന്നിടത്ത് നേരിടാം എന്ന തീരുമാനത്തിൽ , രണ്ടും കല്പ്പിച്ചുള്ള അവരുടെ ആ ചങ്കൂറ്റം ഇല്ലേ, അതാണ്‌ അവരെ രക്ഷിച്ചത്‌ .... ....എന്തായാലും അളിയാ , നീ മുന്നോട്ടെടുത്തു വെച്ച കാലു പിന്നോട്ട് എടുക്കണ്ട ... വലിയ ആളായി തിരിച്ചു വരുമ്പോൾ നീ എന്നെ മറക്കാതിരുന്നാൽ മതി ... ശേരിടാ , ഗുഡ് നൈറ്റ്‌ "

സുഗതാൻ ഒരു മിനിട്ട് മൌനത്തിനു ശേഷം വാ തുറന്നു ,

" ഓ , അങ്ങനെയാണോ , ഇത്രയും മിനക്കെടൊക്കെ ഉണ്ടോ , എങ്കിൽ എനിക്ക് ശരിയാവില്ല ... ശരിയളിയാ, അപ്പോൾ നാളെ രാവിലെ ക്ലാസ്സിൽ വെച്ച് കാണാം...ബൈ ബൈ  "

അങ്ങനെ ഫോൺ വെച്ച് , വീണ്ടും അഗാധ നിദ്രയിൽ വീണു , അന്ന് രാവിലെ പുതിയതായി അടുത്ത ക്ലാസ്സിൽ വെച്ച് കണ്ട  , പേരറിയാത്ത ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുമായി  പഞ്ചാരയടിച്ചു ബൈക്കിൽ 'ഒരു രാജമല്ലി വിടരുന്ന പോലെ ' പാട്ടും പാടി ഞങ്ങൾ പോകുന്ന സ്വപ്നം കണ്ടു ഒരു നല്ല ഫ്ലോയിൽ വന്നതും , അതാ .... വീണ്ടും ഫോൺ ബെൽ !

അപ്പുറത്ത് സുഗതന്റെ അടുത്ത ചോദ്യം ,

" അളിയാ , ഞാൻ മുംബയിൽ ചെന്ന് ഈ അധോലോകത്തിൽ  ചേരുന്നതിനെ പറ്റി എന്താണ് അഭിപ്രായം "

" മുംബയല്ലെടാ തെണ്ടി .... നിന്റെ ..... ".... എന്നും പറഞ്ഞു , സിനിമ നടനായ കൊല്ലം  MLA  പതിനൊന്നു മണിക്ക് വിളിക്കുന്ന ആരാധകരോട് പറയുന്ന രണ്ടു തെറിയും വിളിച്ചു , നാളെ അവനെ കോളേജിൽ വെച്ച് കാണുമ്പോൾ വെട്ടി കൊല്ലുമെന്നും പറഞ്ഞു , ഫോൺ ഒരു വിധം വെച്ച് ഉറങ്ങി , സ്വപ്നത്തിൽ വീണ്ടും ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുടെ അടുത്തെത്തിയതും, അമ്മ വന്നു തലയിൽ കൂടെ  വെള്ളം കോരി ഒഴിച്ച് രണ്ടു ചീത്ത വിളി ,

" നീ പോത്ത് പോലെ കിടന്നുറങ്ങിക്കോ , ഇവനൊന്നും എത്ര ഉറങ്ങിയാലും മതിയാവില്ലേ ? എഴുന്നേറ്റു പെട്ടെന്ന് കോളേജിൽ പോടാ , ആ സുഗുതനെ ഒക്കെ കണ്ടു പഠിക്കെടാ .. അതാ ആ മോൻ രാവിലെ പുറത്തു വന്നു , നിന്നോട് എന്തോ സംശയം ചോദിക്കാനുണ്ട് എന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട് ...." 

< സുഗതന്റെ കഥയും ഈ കഥയും കഴിഞ്ഞു >
 

Monday, March 7, 2016

... സത്യവും കള്ളവും - ഗുരു ശിഷ്യ സംവാദം ( പുരാണ കഥ ) ...



[ ഈ കഥ ഇ-മഷി മാഗസിനിൽ വായിക്കാൻ ഉള്ള ലിങ്ക് ::   http://emashi.in/mar-2016/story-shaheem.html ]


പണ്ട് പണ്ട് പണ്ട്.... അന്നത്തെ മിഥുലാ പുരി എന്നൊരു രാജ്യത്ത്  , മഹാ പണ്ഡിതനായ മഹർഷി മുനി സെബസ്റ്റിയൻ ഗുരുക്കളുടെ ' മേരി മാതാ ഗുരുകുലം ആശ്രമം '  ( ഇന്നത്തെ തമ്പാനൂര് ബസ് സ്റ്റാന്റ് നിൽക്കുന്ന സ്ഥലത്തായി ) സ്ഥിതി ചെയ്തിരുന്നു.


ഒരു ദിവസം ഉച്ചയ്ക്ക് , മഹർഷി ക്ലാസ്സിൽ ' സത്യം ശിവം സുന്ദരം '   എന്ന വിഷയത്തിൽ , " നമ്മൾ എന്തൊക്കെ സംഭവിച്ചാലും സത്യം മാത്രമേ പറയാവു " എന്ന് പഠിപ്പിച്ചു നിർത്തി ക്ലാസ്സിൽ നിന്നും തിരികെ പോകാൻ ഒരുങ്ങവെയാണ് , ഏറ്റവും പിറകിലെ നിരയിൽ കുത്തിയിരുന്നിരുന്ന , പോത്തൻകോട് രാജകുടുംബത്തിലെ ഇളയ തമ്പുരാൻ സബീർ കുമാരൻ എഴുന്നേറ്റു സംശയം ചോദിച്ചത് ,


" അതേ ഗുരുവേ  , നമ്മൾ കള്ളം പറയാതെ നോക്കിയാൽ പോരെ . ഈ സത്യം തന്നെ എപ്പോഴും എവിടെയും പറയണം എന്ന് ഇത്ര നിർബന്ധം ഉണ്ടോ ? "


അസ്ഥാനത്തുള്ള ആ അലമ്പ് ചോദ്യം സെബസ്റ്റിയൻ ഗുരുവിനു അത്ര പിടിച്ചില്ല എങ്കിലും , അന്നത്തെ ന്യൂ ജെനറേഷൻ പയ്യനും , സർവ്വോപരി രാജകുമാരനുമായ , സബീർ കുമാരനോട് ഗുരു സാധാരണയിലും മയത്തിൽ ഇങ്ങനെ മൊഴിഞ്ഞു ,


" അങ്ങ് കൂടുതൽ അങ്ങട്ട് ഉണ്ടാക്കണ്ട , നോം പറയുന്നത് അങ്ങോട്ട്‌ തിരു കാതിൽ ഉൾക്കൊണ്ടാൽ മതി .എപ്പോഴും സത്യം പറഞ്ഞെന്നു വെച്ച് ആർക്കും ഒരു ദോഷവും ഉണ്ടാകില്ല "


കുമാരനും കലുപ്പനും ക്ഷുദ്ര കോപിയും ആയ സബീർ , തിരു കണ്ണ് ചുവന്നു , തിരു പല്ല് കടിച്ചു , തിരു മുഷ്ട്ടി ചുരുട്ടി , ഗുരുവിനോട് തട്ടിക്കയറി ,


" ചുമ്മാതല്ല നാട്ടുകാര് മുഴുവൻ പറയുന്നത് , 'ആ മഹർഷി മുനി സെബസ്റ്റിയൻ ഗുരുക്കളുടെ അടുത്താണോ നീ പഠിക്കുന്നത് , അങ്ങേർക്കു മുഴുത്ത വട്ടാണെന്ന്' !!! "


ഇത് കേട്ട് സ്തംഭനാസസ്തനായ സെബസ്റ്റിയൻ ഗുരു , സബീർ കുമാരൻ  ഇനി ആശ്രമത്തിൽ കയറണം എങ്കിൽ , കൊട്ടാരത്തിൽ നിന്നും അച്ഛൻ രാജാവിനെ വിളിച്ചോണ്ട് വന്നിട്ട് മതി , എന്ന് പറഞ്ഞതും ; സബീർ കുമാരൻ തന്റെ
തിരു ന്യായം പറച്ചിൽ തുടർന്നു,


" കണ്ടോ ഗുരു . എപ്പോഴും ഞങ്ങൾ സത്യം മാത്രം പറയണം എന്ന് പറയുന്ന മഹാ പണ്ഡിതനായ അങ്ങേക്ക് പോലും , നാട്ടുകാര് അങ്ങയെ പറ്റി പറയുന്ന ഒരു കാര്യം ഞാൻ ഇവിടെ സത്യസന്തമായി പറഞ്ഞപ്പോൾ അംഗീകരിക്കാൻ കഴിയുന്നില്ലെങ്കിൽ , അത്ര പണ്ഡിതന്മാരല്ലാത്ത ഈ സമൂഹത്തിൽ , ഞങ്ങളെങ്ങനെ സത്യം മാത്രം വിളിച്ചു പറഞ്ഞു നല്ലോണം ജീവിക്കും ? അത് കൊണ്ട് , ഈ സമൂഹം സത്യം മാത്രം പറയാൻ തക്കം വൃത്തിയാവുന്നതു വരെയോ , അല്ലെങ്കിൽ സമൂഹത്തിനു അപ്രിയ സത്യങ്ങൾ കേൾക്കാനുള്ള പ്രാപ്തി വരുന്നത് വരെയോ , നമ്മൾ പറ്റുന്നത്ര  കള്ളം പറയാതെ നോക്കിയാൽ തന്നെ ധാരാളം എന്നാണു എന്റെ ഒരു അഭിപ്രായം " 


'സബീർ മോൻ ക്ലാസ്സിലോട്ടു തിരിച്ചു കയറിയിരിക്കു' എന്നും പറഞ്ഞു , തന്റെ കണ്ണുകൾ തുടച്ച സെബസ്റ്റിയൻ ഗുരു, ഇനിയെന്ത് പറയണമെന്നറിയാതെ, വീണ്ടും രണ്ടാമത് സ്തംഭനാസസ്തനായി !


< ശുഭം >








Monday, February 15, 2016

... എന്ന് സ്വന്തം , 'പഴയ' നാൻസി ...

E-Mashi Magazine link :: http://emashi.in/feb-2016/story-ennu-swantham-pazhaya-nancy.html


പ്രിയപ്പെട്ട ജബ്ബാർ ഇക്കാക്ക്,


കഴിഞ്ഞ ആഴ്ച 'എന്ന് നിന്റെ മൊയ്തീൻ' സിനിമ കണ്ട ശേഷം തിയേറ്ററിൽ നിന്നും ഇറങ്ങിയത്‌ മുതൽ എന്‍റെ മനസ്സിൽ നിങ്ങളുടെ ഒരു ആക്കിയ 'അർത്ഥം' വെച്ചുള്ള ചിരി അലോസരപ്പെടുത്തുകയുണ്ടായി. അതിനാൽ, എന്ത് കൊണ്ട് ഞാൻ കാഞ്ചനമാലയെ പോലെ നിങ്ങളെ കാത്തിരുന്നില്ല എന്ന് ഈ അവസരത്തിൽ നിങ്ങളോട് തുറന്നു പറയണം എന്ന എന്റെ തോന്നലാണ് ഈ കത്ത്.


ഇതിൽ പറയുന്ന ചില കാര്യങ്ങൾക്ക് വേണ്ടി നിങ്ങളെ - യഥാര്‍ത്ഥ മൊയ്തീനുമായി ഉപമിക്കുന്നതിൽ കാഞ്ചനമാലയോടും, സിനിമയിലെ മൊയ്തീനുമായി ഉപമിക്കുന്നതിൽ സുപ്രിയയോടും മല്ലിക ചേച്ചിയോടും ഉള്ള എന്റെ മാപ്പ് പറച്ചിൽ ആദ്യം തന്നെ ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ ... നിങ്ങളെപ്പറ്റി എനിക്ക് ഒരുപാട് 'നല്ല' കാര്യങ്ങൾ പറയാനുണ്ടെങ്കിലും ഈ കത്ത് ഞാൻ 'എന്ന് നിന്റെ മൊയ്തീൻ' സിനിമയുമായി മാത്രം സാമ്യമുള്ള നമ്മുടെ അനുഭവങ്ങളിൽ ഒതുക്കാൻ ശ്രമിക്കാം.


'കേരള കോൺഗ്രസ്‌' ബ്ലോക്ക്‌ പഞ്ചായത്ത് നേതാവ്, എന്റെ അപ്പൻ തോമസ്‌ ജേക്കബിന്റെ സുഹൃത്തായ, അടുത്ത ബ്ലോക്കിലെ മുസ്ലിം ലീഗ് നേതാവ് അബൂബക്കർ ഹാജിയുടെ മകനായ നിങ്ങളെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് പണ്ടൊരു തിരഞ്ഞെടുപ്പ് സമയത്ത് UDF പ്രചരണം എന്നൊക്കെ പറഞ്ഞു നമ്മുടെ അപ്പന്മാർ ഇടയ്ക്കിടെ എന്റെ വീട്ടില് കണ്ടുമുട്ടിയപ്പോൾ അവരാരും കാണാതെ എന്റെ കയ്യിലും കാലിലും ഒക്കെ നിങ്ങൾ തട്ടി മുട്ടിയപ്പോൾ ആണ്. അന്ന് നിങ്ങളെ നല്ല ഭാവിയുള്ള ഒരു പൂവാലൻ എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ. പിന്നീട് സ്കൂളിൽ എന്റെ ബാഗിൽ, ആരോ കൊണ്ടു വെച്ച ഒരു 'ബാലരമ'യിലെ ഒരു പേജിൽ 'ജഗ്ഗു നായ' എന്നെഴുതിയതിന്റെ 'ജ' യുടെ അടിയിലും, 'സുബ്ബു രാജാവ്' എന്നതിന്റെ 'ബ്ബു' വിന്റെ അടിയിലും ഓരോ വരയിട്ടു കണ്ടപ്പോഴും, അത് നിങ്ങൾ എനിക്ക് 'ജബ്ബു' എന്ന നിങ്ങളുടെ വിളിപ്പേര് ഹിന്റ് തന്നതാണെന്ന് മനസ്സിലായില്ല! പക്ഷെ, പിന്നെയൊരിക്കൽ ബസ്സിൽ വെച്ച് ഏതോ പെണ്ണിനെ ആരോ തോണ്ടിയപ്പോൾ, അടുത്ത് നിന്ന ചേച്ചി 'അതാ പിറകിൽ നിൽക്കണ അലവലാതി ജബ്ബു തന്നെ' എന്ന് പറഞ്ഞതും, ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ, ബസ്സിൽ നിന്നും ചാടിയിറങ്ങി ഓടുന്ന നിങ്ങളെ കണ്ടതും, ബാലരമയുടെ ഹിന്റും നിങ്ങളുടെ ഉള്ളും ഞാൻ തിരിച്ചറിഞ്ഞു!


പലപ്പോഴും ആരും കാണാതെ എനിക്ക് തന്ന പ്രണയ ലേഖനങ്ങൾ, എനിക്ക് മനസ്സിലാകാത്ത ഏതോ പുതിയ ലിപിയിൽ ഉള്ളതായിരുന്നു! പിന്നീടൊരിക്കൽ, അതൊക്കെ ശുദ്ധ മലയാളം ആണെന്ന് നിങ്ങൾ പറഞ്ഞപ്പോൾ മാത്രമാണ് അതൊന്നും പുതിയ ലിപിയല്ല, മൊത്തം അക്ഷരത്തെറ്റുകൾ ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞത്! എന്താണ് നിങ്ങളുടെ ഉദ്ദേശം എന്ന് ചോദിച്ചപ്പോഴൊക്കെ, "UDF ഇൽ ധനകാര്യം മാണി സാറിനുള്ളതാണെങ്കിൽ, നാൻസി ഈ ജബ്ബുവിനുള്ളതാണെന്നും", "അല്ലെങ്കിൽ, കേരള രാഷ്ട്രീയത്തിൽ താമര വിരിയണം" എന്നൊക്കെ പറഞ്ഞു ഒരു കേരള കോൺഗ്രസ്‌ കാരിയായ എനിക്ക് നിങ്ങൾ ആവേശം നൽകി. ഇതൊക്കെ ഒന്ന് എഴുതി ഒപ്പിട്ടു തരുമോ എന്ന് ചോദിച്ച എന്നോട്, "ജബ്ബാറിന് പറയുന്ന വാക്കാണ് വലിയ സത്യമെന്നും, അതൊക്കെ ഞാൻ എഴുതിയാൽ അക്ഷരത്തെറ്റ് വരുമെന്നും" പറഞ്ഞു നിങ്ങൾ സ്ലോ മോഷനിൽ വലിഞ്ഞു!


പിന്നീട് പലപ്പോഴും രാത്രി എന്റെ വീടിന്റെ മതിലു ചാടി വന്ന് എന്റെ മുറിയിൽ ജനലരികിൽ വന്ന് 'ബോർ അടിക്കുന്നു നമുക്കെന്തെങ്കിലും ഒക്കെ സംസാരിച്ചിരുന്നാലോ' എന്ന് നിങ്ങൾ ചോദിച്ചപ്പോഴൊക്കെ, അന്തസ്സായി നാളെ രാവിലെ വീട്ടിലെ മുന്‍പിലുള്ള വാതിലിലൂടെ വന്നു സംസാരിക്കൂ, അല്ലെങ്കിൽ ബോർ മാത്രമല്ല ഞാനും എന്റെ വീട്ടുകാരും നിങ്ങളെ അടിക്കുമെന്ന് പറഞ്ഞത്; നിങ്ങൾ ഇതുപോലെ ബോർ അടിച്ചപ്പോൾ മുൻപ് രമണിയുടെയും ആമിനയുടെയും ഒക്കെ വീട്ടിൽ പോയ കഥ അവരെന്നോട് രഹസ്യമായി പറഞ്ഞിട്ടുള്ളതുകൊണ്ടാണെന്ന സത്യം ഇവിടെ ഞാൻ അറിയിക്കട്ടെ. അടുത്ത ഒന്നാം തിയതി എന്റെ വീട്ടിൽ വന്നു നിങ്ങൾ പെണ്ണ് ചോദിക്കുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടാത്തത്, ഞാൻ 'പഞ്ചാബി ഹൌസ്' സിനിമ മൂന്നു വട്ടം കണ്ടത് കൊണ്ടും, നിങ്ങളെ നല്ലോണം അറിയാവുന്നത് കൊണ്ടും മാത്രമാണ്! ഇതിനിടയിൽ എന്റെ പേഴ്സിൽ നിന്നും ഞാൻ കാണാതെ നിങ്ങൾ 500 രൂപാ നോട്ടു എടുത്തത്‌ ഞാൻ കയ്യോടെ പിടിച്ചപ്പോൾ അത് എന്റെ ഓർമയ്ക്ക് വേണ്ടിയാണ്, എന്റെ മണത്തിനു വേണ്ടിയാണ് എന്നൊക്കെ പറഞ്ഞത് ഞാൻ വിശ്വസിച്ചു എന്ന് കരുതരുത്. അതിൽ ഉണ്ടായിരുന്ന 1000 രൂപാ നോട്ട് നിങ്ങൾ കണ്ടില്ലല്ലോ എന്ന ഒറ്റ ആശ്വാസം കൊണ്ടാണ് ഞാനന്ന് മിണ്ടാതെ ഇരുന്നത്.


ഞാൻ സ്കൂളിൽ ഒരാളുമായി മുടിഞ്ഞ പ്രേമത്തിൽ ആണെന്നും, നല്ലവനായ ആ പയ്യന് തന്നെ മോളെ കെട്ടിച്ചു കൊടുക്കണം എന്നും പറഞ്ഞ്, ഒരു അദ്ധ്യാപകൻ അയക്കുന്ന ഊമക്കത്താണ് എന്ന രീതിയിൽ എന്റെ വീട്ടിൽ ആരോ കത്തയച്ചു. അന്ന് എനിക്ക് എന്റെ വീട്ടുകാരുടെ ഒരുപാട് തല്ലു കൊണ്ടെങ്കിലും, ആ കത്തിൽ ഉദ്ദേശിച്ചത് രമേഷിനെയാണോ, സുമേഷിനെയാണോ, മുജീബിനെയാണോ, തോമസിനെയാണോ എന്നറിയാതെ ഞാൻ കുഴങ്ങി! എങ്കിലും പിന്നീട് ആ കത്തിലെ അക്ഷരത്തെറ്റുകളും കയ്യെഴുത്തും കണ്ടപ്പോൾ അത് നിങ്ങൾ തന്നെയാണെന്ന് എനിക്ക് മനസ്സിലായി! എങ്കിലും, ഞാൻ അങ്ങനെ തന്നെയെന്നു അവരോടു സമ്മതിച്ചത്, അങ്ങനെ എങ്കിലും എന്റെ വീട്ടുകാര് എന്നെ പഠിത്തം നിർത്തി കെട്ടിച്ചു വിടുന്നേൽ വിടട്ടെയെന്നു മാത്രം കരുതിയാണ്.


പിന്നെയൊരിക്കൽ വഴിയിൽ വെച്ച് കണ്ടപ്പോൾ എത്ര കാലം കഴിഞ്ഞാലും ഞാൻ നിങ്ങളെ കാത്തിരിക്കണമെന്നും, നിങ്ങൾ ഒരു കോടിശ്വരനായി വന്നു എന്നെ വിളിച്ചിറക്കി കൊണ്ട് പോകുമെന്നും പറഞ്ഞപ്പോൾ, 'ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ' എന്ന ഒരു പ്രതീക്ഷയിൽ നിങ്ങൾ കോടിശ്വരനായാലോ എന്ന് കരുതി മാത്രമാണ് ഞാൻ ഒന്നും പറയാത്തത്!
പെണ്ണുങ്ങളുടെ കുളിക്കടവിൽ ഒളിഞ്ഞു നോക്കിയതിനു നിങ്ങളെ നാട്ടുകാര് ഓടിച്ചുവെന്നും, ഏതോ പുഴയിലോട്ടു ചാടി അവിടെ നിന്നും നിങ്ങൾ മുങ്ങിയെന്നും, പിന്നെ നാട്ടിൽ പൊങ്ങിയില്ലെന്നും, ഞാൻ അറിഞ്ഞു. പക്ഷെ ഒരു നിമിഷം പോലും നിങ്ങൾ വെള്ളത്തിൽ മുങ്ങി മരിച്ചു കാണുമെന്നു ഞാൻ കരുതിയിട്ടില്ല, എന്താന്നറിയോ, ദൈവം നല്ലവരെയാണ് നേരത്തെ അങ്ങോട്ട്‌ വിളിക്കുക എന്നല്ലേ വിശ്വാസം!


എന്തായാലും, അന്ന് അവിടെ പുഴയിൽ മുങ്ങിയെന്ന് കേട്ട നിങ്ങൾ തിരിച്ചു നാട്ടിൽ പൊങ്ങിയെന്നു ഞാൻ അറിഞ്ഞത് വർഷങ്ങൾക്കു ശേഷം, ഒരു ഞായറാഴ്ച മനോരമ പത്രത്തിലെ, 'ഇന്ന് വിവാഹം' എന്ന കോളത്തിൽ നിങ്ങളുടെ ഫോട്ടോ കണ്ടപ്പോഴാണ്! ഇനിയെങ്ങാനും, നിങ്ങൾ എന്നെങ്കിലും കോടിശ്വരനായി വന്ന് എന്‍റെ വീട്ടിൽ, എന്നെ കെട്ടാൻ വേണ്ടി വന്നാൽ, വീട്ടിലേക്കു കയറി വന്ന കൊടിശ്വരനായ മഹാ ലക്ഷ്മണനെ വെറുതെ പറഞ്ഞയക്കേണ്ടി വരുമല്ലോ എന്ന എന്റെ ഒരു വലിയ ടെൻഷൻ അതോടെ മാറി! ഈ ലോകത്ത് മൊയ്തീനെ പോലുള്ള നല്ല മനുഷ്യർ ഉണ്ടാകുമ്പോൾ, അവർക്ക് വേണ്ടി കാത്തിരിക്കാൻ അവിടെ കാഞ്ചനമാരും കൂടെ ഉണ്ടാകുമെന്ന് ചുരുക്കി പറഞ്ഞു കൊണ്ട് ഈ കത്ത് ഞാൻ തൽക്കാലം ചുരുക്കട്ടെ ....

എന്ന് സ്വന്തം, 'പഴയ' നാൻസി.

Wednesday, February 3, 2016

...രാജു മോൻ & സൂപ്പർ മാൻ...



എന്നും ചോദ്യങ്ങൾ മാത്രം ചോദിക്കാറുള്ള രാജു മോൻ എന്നോട് ചോദിച്ചു ,


" അങ്കിൾ , എന്ത് കൊണ്ടാണ് ഈ സൂപ്പർ മാൻ എപ്പോഴും ജയിക്കുന്നത് ? "


ഞാൻ പറഞ്ഞു , " പ്രാക്റ്റിക്കൽ ബുദ്ധി, വത്യസ്തത, ആത്മ  വിശ്വാസം , തുറന്ന സമീപനം, ദീർഘ വീക്ഷണം, തിരിച്ചറിവ്... ഇതൊക്കെയുണ്ടെങ്കിൽ ആർക്കും ജയിക്കാം "


രാജുമോൻ വീണ്ടും ചോദിച്ചു , " കുറച്ചു എക്സാമ്പിൾസ് പറയാമോ  ? "


" തണുപ്പ് രാജ്യത്ത് എപ്പോഴും ഒരു ചുവന്ന ബെഡ് ഷീറ്റ് ബനിയന്റെ പിറകിൽ തിരുകി നടക്കാനുള്ള ആ 'പ്രാക്റ്റിക്കൽ ബുദ്ധി' , 

ഉജാല നീല കളറുള്ള ടൈറ്റ് ഫുൾ ഡ്രസ്സ്‌ ഇട്ടു നടക്കാനുള്ള ആ 'വത്യസ്തത' ,


നെഞ്ചത്ത്‌ തന്റെ പേരിന്റെ ആദ്യ അക്ഷരം വലിപ്പത്തിൽ തൂക്കി തലയുയർത്തി നടക്കാനുള്ള ആ 'ആത്മ  വിശ്വാസം '


കാശ് കൊടുത്തു വാങ്ങിയ ചുവന്ന ജെട്ടി , ആരും കാണാതെ അകത്തിട്ടു നടക്കാതെ , പാന്ടിനു പുറത്തിട്ടു നടക്കുന്ന , ആ 'തുറന്ന സമീപനം' ,


പറക്കുമ്പോൾ ജെട്ടി ലൂസായി താഴെ വീഴാതിരിക്കാൻ , ബെൽറ്റ്‌ ഇട്ടു നടക്കാനുള്ള ആ 'ദീർഘ വീക്ഷണം "


ഏറ്റവും പ്രധാനമായി ,  താൻ ഒരു സൂപ്പർ ഹീറോ ആണെന്നും ഒരിക്കലും തോൽക്കാൻ പാടില്ലയെന്നുമുള്ള സ്വയം 'തിരിച്ചറിവ് ' "



എല്ലാം കേട്ട് , കുറച്ചു സംശയത്തോടെ രാജുമോൻ ചോദിച്ചു , " അപ്പോൾ , ഇതൊന്നും മറ്റുള്ളവർക്കും ഉണ്ടാകില്ലേ  ? !!! "


നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ തുടർന്നു ,
" ബെഡ് ഷീറ്റും,ഡ്രെസ്സും , ജട്ടിയും , ബെൽറ്റും  ഒക്കെ എല്ലാർക്കും  ഉണ്ട്... പക്ഷെ , പ്രാക്റ്റിക്കൽ ബുദ്ധിയുള്ളവന് തിരിച്ചറിവ് ഇല്ല , വത്യസ്തതയുള്ളവന് ആത്മ  വിശ്വാസം ഇല്ല , തുറന്ന സമീപനമുള്ളവന് ദീർഘ വീക്ഷണം ഇല്ല എന്നതാണ് നമ്മുടെ പ്രശ്നം "


ഞാൻ പറഞ്ഞതൊന്നും മനസ്സിലാകാതെ രാജു മോൻ
രാധയോടൊപ്പം കളിക്കാൻ മുറ്റത്തേക്ക് ഓടി പോയപ്പോൾ , എനിക്കിത്രയും ഒക്കെ പറയാനുള്ള ബുദ്ധിയുണ്ടെന്ന് ആയ കാലത്ത് തിരിച്ചറിയാതെ പോയതിൽ എനിക്ക് കുറ്റബോധം തോന്നി .


< എല്ലാം ശുഭം >





Monday, January 4, 2016

... ഒരു കോളേജ് യുണിയൻ ഡേ ...



ഇ-മഷി ഓണ്‍ലൈൻ മാഗസിൻ 2016 പുതുവത്സര പതിപ്പിൽ  പ്രസിദ്ധീകരിച്ച , പുതിയ കഥയുടെ ലിങ്ക് ....


http://emashi.in/jan-2016/oru-college-union-day.html 


...ഒരു കോളേജ് യുണിയൻ ഡേ...


കോളേജ് ഗേറ്റും കഴിഞ്ഞു യുണിയൻ ഡേ ആഘോഷം നടക്കുന്ന വേദിയിലേക്ക് പെണ്‍കുട്ടികൾ  നടന്നു പോകുന്ന ആ വഴിയിൽ ,കോളേജു കാന്റിനിന്റെ മതിലിനു മുകളിൽ കയറിയിരുന്നു , അതിലൂടെ പോകുന്ന അവരെ നോക്കി , അവരോടു ഉറക്കെ കുശലം ചോദിച്ചും പറഞ്ഞും , പതിവ് പോലെ വളരെ ജോലി തിരക്കിൽ ഇരിക്കുകയായിരുന്നു ,എന്നും ഈ സമൂഹം  'അലവലാതികൾ' എന്ന് ഓമന പേരിട്ടു വിളിക്കാറുള്ള,  'വായിനോക്കികൾ 'എന്ന് സുന്ദരിമാർ പൊതുവെ വിശേഷിപ്പിക്കാറുള്ള , ഞങ്ങൾ സൌന്ദര്യ ആരാധകർ / ആസ്വാദകർ / വിമർശകർ / പണ്ഡിതർ .


പെട്ടെന്നാണ് എങ്ങുനിന്നോ ഓടി കിതച്ചു എത്തിയ, BA സെക്കന്റ്‌ ഇയർ കിച്ചു ആ ചൂടുള്ള വാർത്ത ഞങ്ങളുടെ ചെവിയിൽ എത്തിച്ചത്... "മൂന്നാം നിലയിലെ ,അങ്ങ്  മൂലയ്ക്കുള്ള  ഒറ്റപ്പെട്ട ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സിൽ , ആരും ഇല്ലാത്ത ഈ നേരത്ത് , ഓരോ അറ്റത്തെ ബെഞ്ചിലായി, മൂന്നു യുവ മിധുനങ്ങൾ കുറെ മണിക്കൂറായി മുട്ടൻ പഞ്ചാരയടി നടത്തുന്നു " !
ഇത്രയും ഞങ്ങളോട് വിങ്ങിയ ശബ്ധത്തിൽ പറഞ്ഞു തീര്ക്കുംപോഴേക്കും  അവന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു. 


ആ കോളേജു വർഷം മുഴുവൻ, ഫസ്റ്റ് ഇയർ സുവോളജി പെണ്‍ പിള്ളേരെ വായി നോക്കാനുള്ള അനുമതി , ഞങ്ങളുടെ വായിനോട്ട ഏരിയ റേഞ്ച് വിളിയിൽ , സുവോളജി ജാതി പരമായ അടിസ്ഥാനത്തിൽ കടുത്ത മത്സരത്തോടെ കൈക്കലാക്കിയ , ഫൈനൽ ഇയർ സുവോളജി സുഗുണൻ , ഈ ഞെട്ടിക്കുന്ന വാർത്ത കേട്ട് മതിലിൽ നിന്നും ചാടിയിറങ്ങി , അവിശ്വസനീയതയോടെ ആരോടും ഒന്നും മിണ്ടാനാകാതെ തലയിൽ കൈ വെച്ചു സ്തംഭിച്ചു നിന്നു.


വായിനോട്ട ഗാങ്ങിന്റെ രക്ഷാധികാരിയും , അക്കൊല്ലത്തെ പ്രസിഡന്റുമായ , BCom ഫൈനൽ ഇയർ കട്ടച്ചിറ ബാബു സമചിത്തതയോടെ എല്ലാരെയും സമാധാനിപ്പിച്ചു.  നമ്മൾ തളന്നു നിൽക്കേണ്ട നേരമില്ല ഇതെന്നും , ഈ പ്രതിസന്ധി ഘട്ടത്തിൽ  അവര് അവിടെ നിന്നും മുങ്ങും മുൻപ് ചെന്ന് കയ്യോടെ പൊക്കി , അവിടെ ഒരു വലിയ സീൻ ഉണ്ടാക്കി അവരെ വെറുപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള പ്രസിഡന്റിന്റെ വാക്കുകൾ ഞങ്ങൾ അണികൾ  'ജയ് ഹിന്ദ് ' വിളിച്ചു പാസ്സാക്കി.


അടിയന്തര യോഗ തീരുമാനപ്രകാരം , വൈസ് പ്രസിഡന്റ്‌ കെമിസ്ട്രി സെക്കന്റ്‌ ഇയർ കുരുട്ടു ബുദ്ധി കബീർ  , ആ പ്രശ്ന ബാധിത ക്ലാസ്സിൽ ചെന്ന്, നമ്മൾ  അവരോടു ചെയ്യാൻ ഉദ്ദേശിക്കുന്ന അലമ്പിന്റെ രൂപ രേഖയുണ്ടാക്കാൻ തുടങ്ങി.


ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ദൈവ വിശ്വാസിയായ, കോളേജു ഔട്ട്‌ സൈഡാർ സുബ്രു , ആ പയ്യന്മാർ അവരുടെ ആങ്ങളമായിരിക്കണേ ദൈവമേ എന്നും , അഥവാ അല്ലെങ്കിൽ , അവിടെ അവിഹിതമായതൊന്നും സംഭാവിക്കാതിരുന്നാൽ അമ്പലിൽ 101 രൂപാ നേർച്ച ഇടാമെന്നും കണ്ണടച്ച് പ്രാർഥിച്ചു കൊണ്ടിരുന്നു.


ഒടുവിൽ , ചില തിരുത്തലുകളോടെ കമ്മിറ്റി അംഗീകരിച്ച കബീറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെയായിരുന്നു :


- ക്ലാസിന്റെ പാതി ചാരിയിട്ട വാതിൽ ചവിട്ടി തുറന്നു , നമ്മൾ ആ ക്ലാസ് മുറിയിൽ ചെന്ന് കയറുന്നു .


- ഇവിടെ എന്താണ് കുറെ നേരമായി പരിപാടിയെന്നും , ഇതി കോളേജിൽ നടക്കില്ലെന്നും , ഓഫീസിൽ നമ്മൾ അറിയിക്കുമെന്നും , ഒന്നിനെയും വെറുതെ വിടില്ലെന്നും പറഞ്ഞു , ഡെമോ കാണിക്കുന്നു.


- അവര് കരഞ്ഞു കാലുപിടിക്കുംപോൾ , പയ്യന്മാരെ വിരട്ടി പറഞ്ഞു വിട്ടു , കരയുന്ന പെണ്‍ കുട്ടികളെ സ്നേഹത്തോടെ ഉപദേശിച്ചു നമ്മൾ അവരെ ഫ്രണ്ട്സു ആക്കുന്നു


എല്ലാരും അവരവരുടെ ഭാഗം ഡയലോഗുകളും , പറയാനുള്ള ടൈമിങ്ങും ഒക്കെ വേഗം പ്രക്ടിസു ചെയ്തു , ഒരു നാടകം അവതരിപ്പിക്കുന്ന ഗൌവരത്തോടെ, മൂന്നാം നിലയിലെ വാതിൽ തള്ളി തുറന്നു മാസ്റ്റർ പ്ലാൻ ചെയ്തു തുടങ്ങി


പയ്യന്മാരെ നല്ലോണം വിരട്ടി ക്ലാസ്സിന്റെ ഇടതു വശത്തും , കരയുന്ന പെണ്‍ കുട്ടികളെ വലതു വശത്തും നിർത്തി, സാമൂഹ്യ സദാചാര ഭാരതീയ സംസ്കാര മൂല്യങ്ങളെ പറ്റി വാചാലരായി കൊണ്ടിരുന്ന  ഞങ്ങളെ  ഞെട്ടിച്ചു കൊണ്ട് , ഞങ്ങളുടെ സ്ക്രിപ്ടിലില്ലാതെ, ആ ക്ലാസിന്റെ വാതിൽ വീണ്ടും ആരോ ചവിട്ടി തുറന്നു.....


ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പോൾ , കോളേജു പ്രിൻസിപ്പൽ , ഒരു കൂട്ടം അദ്ധ്യാപകർ , പിന്നെ   കാഴ്ച കാണാൻ ഒരു വലിയ കൂട്ടം പിള്ളേർ !


അന്ന് വൈകിട്ട് കോളേജു നൊട്ടീസു ബോർഡിൽ പ്രത്യക്ഷ പെട്ട ഒരു പ്രധാന കോളേജു അറിയിപ്പ് ....


"" ഫസ്റ്റ് ഇയർ സുവോളജി ക്ലാസ്സ് മുറിയിൽ വെച്ചു , ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തു കൊണ്ടിരുന്ന സിനിയർ
വിദ്യാർഥികൾ പതിനഞ്ചു ദിവസത്തേക്ക് സസ്പെൻഷനിൽ ""


ആ സമയം,  B.A സെക്കന്റ്‌ ഇയർ കിച്ചു ഈ ചൂടുള്ള സസ്പെൻഷൻ വാർത്ത മറ്റുള്ളവരുടെ ചെവിയിൽ എത്തിക്കാൻ ഓടി കിതച്ചു നടക്കുന്നുണ്ടായിരുന്നു.




Tuesday, December 22, 2015

... ചില തെറ്റിദ്ധാരണകൾ ...


അന്നത്തെ ദിവസം എല്ലാവരും ഹോസ്റ്റൽ മുറികളിൽ ഇരുന്നു മരണ പഠിത്തമാണ്, കാരണം ഒരു മണിക്കൂർ കൂടി കഴിഞ്ഞാൽ നാലാം സെമെസ്റ്റെർ  അവസാന പരീക്ഷ തുടങ്ങും. കടുത്ത നിരീശ്വര വാദി പോലും "ഞാൻ പാതി , ദൈവം പാതി " എന്ന വിശ്വാസത്തിൽ നല്ലോണം പ്രാർത്ഥിച്ചു ഇരുന്നു പഠിച്ചു പോകുന്ന ആ സാഹചര്യത്തിലാണ് , യാതൊരു ടെൻഷനും ഇല്ലാതെ, "എല്ലാം ദൈവം തന്നെ " എന്ന ഭാവത്തിൽ ഹോസ്റ്റൽ TV റൂമിലിരുന്നു സിനിമ കാണുന്ന, വിനയനെ ഞാൻ ശ്രദ്ധിച്ചത് !


'വിനയ് പ്രകാശ്‌' എന്നാണു ഈ താരത്തിന്റെ മുഴുവൻ പേര് . അവന്റെ പേരിൽ അടങ്ങിയ വിനയവും പ്രകാശവും കുറച്ചൊക്കെ അവന്റെ സ്വഭാവത്തിൽ ഉണ്ടെന്നു വേണമെങ്കിൽ എനിക്ക് നിങ്ങളോട് കുറച്ചു 'പൊക്കി ' പറയാമെങ്കിലും , പരീക്ഷ ബോർഡ് അവനോടു ഒരിക്കൽപോലും യാതൊരു വിനയം കാണിക്കുകയോ ,  കോളേജു പരീക്ഷാ ഫലങ്ങൾ അവനു  അത്ര പ്രതീക്ഷയുളവാക്കുന്നതോ ആയിരുന്നില്ല എന്നതാണ് നഗ്ന സത്യം! പരീക്ഷാ ദിവസം ഒന്നും പഠിക്കാതെ നിനക്കെന്താണ് TV റൂമിൽ കാര്യം എന്ന് അന്വേഷിക്കാനായി അടുത്ത ചെന്ന ആത്മാർത്ഥ സുഹൃത്തായ എന്നെ കണ്ടതും , വിനയ് കട്ട കലുപ്പിൽ തന്നെ പരീക്ഷ തീരും വരെ അവനോടു ഒന്നും മിണ്ടി പോകരുത്  എന്നു തറപ്പിച്ചു പറഞ്ഞു !!!

വിനയന്റെ ഈ പുതിയ ഭാവം ഞാൻ ഇന്നുവരെ കണ്ടിട്ടില്ലാത്തത് ആണ് . പതിവായി ഞങ്ങളുടെ ക്ലാസ്സിലെ ഏറ്റവും ടെൻഷൻ പാർട്ടിയാണ് ഇവൻ . പരീക്ഷയുള്ള ദിവസം ആണെങ്കിൽ അവന്റെ ടെൻഷൻ പറയുകയും വേണ്ട . സാധാരണ പരീക്ഷ ഹാളിൽ ചോദ്യ പേപ്പർ കൊടുത്താലും വിനയൻ ഹാളിൽ കയറില്ല . പരീക്ഷ തുടങ്ങാൻ ബെല്ലടിച്ചാൽ , പുറത്തിരുന്നു കുറച്ചു നേരം കൂടി ഇരുന്നു പഠിച്ചു, യൂണിവേർസിറ്റി നിയമം അനുശാസിക്കുന്ന അവസാന മിനുട്ട് മാത്രമേ അവൻ ഹാളിൽ കയറു . പിന്നീട് പത്തിരുപതു മിനുട്ട് കണ്ണടച്ച്, എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചു  , ബാക്കിയുള്ള സമയം അറിയാവുന്ന ഉത്തരം കൂടി ടെൻഷനിൽ തെറ്റിച്ചു , പരീക്ഷ തോൽക്കുകയാണ് അവന്റെ  സ്ഥിരമുള്ള ഒരു രീതി !


പരീക്ഷാ കാലങ്ങളിൽ ഒട്ടും പതിവില്ലാത്ത വിനയന്റെ അന്നത്തെ ആ ചിരിച്ച മുഖവും TV കാണലും ഒക്കെ എന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ നല്കി  ! ഇവന് ഇനി ചോദ്യ പേപ്പർ വല്ലതും ചോർന്നു കിട്ടിയോ , അതോ , ടെൻഷൻ അടിച്ചു അടിച്ചു , വെറും അര വട്ടൻ ആയ പാവം അവനു, ഇപ്പോൾ മുഴു വട്ടായോ !!!


സാധാരണ എന്നെ പോലെ പരീക്ഷകൾ തട്ടി മുട്ടി പാസാകുന്നവർക്ക് , വിനയനെ കാണുമ്പോൾ ഒരു വല്ലാത്ത ആശ്വാസം ആണ് . നമ്മളെക്കാളും പ്രശ്നമുള്ള ഒരാളെങ്കിലും ഇവിടൊക്കെയുണ്ടല്ലോ എന്ന ഒരു ക്രൂരമായ ആശ്വാസം ! എന്തായാലും , അത് വരെ വലിയ പ്രശ്നമില്ലാതിരുന്ന നല്ലവനായ എനിക്ക് അപ്പോൾ മുതൽ വിനയന്റെ നിഗൂഡ സന്തോഷ ഭാവത്തെ  കുറിച്ചോർത്തു അന്ന് മുഴുവൻ ടെൻഷൻ ആയെന്നു പറഞ്ഞാൽ മതിയല്ലോ !  അതോടെ ഉള്ള മനസ്സമാധാനം കൂടി തകർന്ന ഞാൻ അതിനെ കുറിച്ച് തന്നെ കൂടുതൽ ഓർത്തു ആണെന്ന് തോന്നുന്നു , അന്നത്തെ ആ പരീക്ഷ മാന്യമായി തോൽക്കുകയും , പതിവായി എല്ലാ പരീക്ഷയും തോൽക്കാറുള്ള വിനയ് അക്കൊല്ലത്തെ ആ പരീക്ഷ മാത്രം ജയിക്കുകയും ചെയ്തു !!!!


എന്റെ തോൽവിയെകാളും  എന്നെ കൂടുതൽ അലട്ടിയത്  വിനയിന്റെ വിജയമാണെന്ന് ഇനി നിങ്ങളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ! പിന്നീട് പല വട്ടം ഞാൻ ആ വിജയ രഹസ്യം അവനോടു ചോദിച്ചിട്ടും , അതൊക്കെയുണ്ട്‌ അളിയാ എന്നൊരു മറുപടി മാത്രമായിരുന്നു എനിക്ക് തിരിച്ചു കിട്ടിയത്. ഒടുവിൽ ഞങ്ങളുടെ കോഴ്സ് തീരുന്ന അവസാന ദിവസം , ഹോസ്റ്റലിൽ വിനയിന്റെ മുറിയിൽ കയറി വാതിൽ ചാരി , വിനയിന്റെ കൊങ്ങക്ക്‌ കൈപിടിച്ച് , ഇനി നീ ആ സത്യം പറയാതെ പോകണ്ടയെന്നു ഭീഷണി പെടുത്തിയപ്പോൾ ആണ് അവൻ എന്നോട് മനസ്സ് തുറന്നത് .


അന്ന്, അവന്റെ ഇടതു കൈപ്പള്ളയിൽ നിറയെ അവന്റെ ശരീരത്തിൽ എവിടെയൊക്കെ ഉത്തരങ്ങളുടെ കോപ്പിയടി തുണ്ടുകൾ ഒളിപ്പിച്ചതെന്ന കോഡ് ഭാഷ ആയിരുന്നത്രെ !!! അപ്പോൾ , എന്നോടൊന്നും മിണ്ടാത്തതും , അവൻ ചിരിച്ചു നടന്നതൊക്കെ  എന്തിനെന്ന എന്റെ നിഷ്കളങ്ക ചോദ്യത്തിനു അവൻ അതിലും നിഷ്കളങ്കമായി മറുപടി പറഞ്ഞു , " അളിയാ , നീ ഒക്കെ പരീക്ഷയെ പറ്റി ചോദിച്ചാൽ എനിക്ക് ടെൻഷൻ വരും , എനിക്ക് ടെൻഷൻ കൂടിയാൽ വയറിളകും  ! എത്ര മിനക്കെട്ടിരുന്നു , കുറെ മണിക്കൂർ എടുത്തു  ഞാൻ കൈപ്പള്ളയിൽ എഴുതുന്ന കോഡുകൾ ആണെന്ന് അറിയോ നിനക്ക് ... പഠിക്കാതെ തോൽക്കുന്ന പരീക്ഷ നമുക്ക് സഹിക്കാം , പക്ഷെ , ഇത് , കഷ്ട്ടപെട്ടു ബുദ്ധിമുട്ടി എഴുതിയ കോഡ് മാഞ്ഞു പോയാൽ !!!, എങ്ങനെ ഞാൻ സഹിക്കുമെടാ  ..... " !!!

ഇത് കേട്ട് നിയന്ത്രണം വിട്ട ഞാൻ , "നീ പരീക്ഷ പഠിച്ചു ജയിച്ചെന്ന് ഒരു നിമിഷമെങ്കിലും നിന്നെ ഞാൻ തെറ്റിദ്ധരിച്ചു പോയല്ലോടാ മുത്തേ ... " എന്ന് അവനെ കെട്ടിപിടിച്ചതും ; " ഞാൻ അങ്ങനെ എന്നേലും ചെയ്യോടാ മച്ചു... " എന്ന് അവൻ തിരിച്ചു കെട്ടിപിടിച്ചു വിങ്ങിയതുമായ ആ വികാര രംഗം കണ്ടു കൊണ്ട് മുറിയിലേക്ക് കയറി വന്ന വിനയന്റെ റൂം മേറ്റ്‌ ജബ്ബാർ അറപ്പോടെ പിറുപിറുത്തു , " ഛെ .... വൃത്തികെട്ടവന്മാർ..... പട്ടാപ്പകലിൽ....അതും , കതകു പോലും ചാരാതെ... !  "


< The End  >

Thursday, December 10, 2015

നാടക മത്സരം - ഒരു തത്സമയ റിപ്പോർട്ടിംഗ്




"ടീം നമ്പർ 26 ഓണ്‍ സ്റ്റേജ് .... ട്രിംഗ് ട്രിംഗ് ട്രിംഗ്.... "


സ്റ്റേജിലേക്ക് കയറാൻ വേണ്ടി ഞങ്ങളുടെ ടീമിന്റെ പേര് മൈക്കിലൂടെ വിളിച്ചതും എന്റെ ചങ്കിടിപ്പിന്റെ മുഴക്കം ഉച്ചസ്ഥായിലെത്തി. ഇനി കർട്ടൻ പൊങ്ങാൻ വെറും നിമിഷങ്ങൾ മാത്രം. അത് വരെ എനിക്കുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്ന ആത്മവിശ്വാസം , ധൈര്യം  , ചങ്കൂറ്റം , തൊലിക്കട്ടി എന്നതൊക്കെ , എന്റെ തലയിൽ നിന്നും ഒഴുകിയെത്തുന്ന വിയർപ്പിൽ, മുഖത്തിലെ മേക്കപ്പിനോടൊപ്പം താഴോട്ടു ഒലിച്ചിറങ്ങി. കനത്ത ബാസ്സ് സൌണ്ടിന്റെ ഉടമയായ ബാസിത്ത് മൈക്കിലൂടെ നാടകത്തെ കുറിച്ചുള്ള ആമുഖം കർട്ടൻ ഉയരും മുൻപ് നൽകുകയാണ് . അവന്റെ ആ ഡയലോഗ് കഴിയുമ്പോൾ ദീപു അണ്ണൻ ഡ്രമ്മിന്‍റെ അടുത്ത് കമഴ്ത്തി വെച്ച  സ്റ്റീൽ പ്ലേറ്റ് പോലുള്ളതിൽ ഒരു യമണ്ടൻ അടി അടിക്കും . പിന്നെ , സുകുമാരൻ അണ്ണൻ പിയാനോയിൽ വെച്ച് പിടിക്കുന്ന മ്യൂസിക്കിനൊപ്പം ഉയരുന്ന സ്റ്റെജു കർട്ടന്റെ കൂടെ , ഞങ്ങളും സ്റ്റെജിൽ പ്രവേശിക്കണം. ജീവിതത്തിലെ ആദ്യത്തെ സ്റ്റേജു ! ആദ്യത്തെ നാടകം ! ആദ്യത്തെ കാണികൾ !


അഞ്ചു പേരുള്ള ഈ ചരിത്ര നാടകത്തിൽ , ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടു വേഷങ്ങളിൽ ഒന്നാണ് എന്റേത് എന്നാണു മറ്റു മൂന്നു വലിയ വേഷക്കാരും പറയുന്നത് . ആകെ എനിക്കുള്ളത് നാടകത്തിനു നടുവിലായി ഞാൻ പൊരുതി നേടിയ ഒരേയൊരു ചെറിയ  ഡയലോഗ് ആണ് , അത് തന്നെ പത്തു വട്ടം തെറ്റിച്ചു പറഞ്ഞതിനാൽ ഒഴിവാക്കാൻ സംവിധായകനും പ്രധാന നടനും ഒരുപാട് ശ്രമിച്ചതാണ്.ഒരു ഡയലോഗ് പോലുമില്ലെങ്കില്‍ ഞങ്ങൾ സ്റ്റെജിൽ കയറില്ലയെന്ന പരസ്യമായ ഭീഷണിയുടെ പുറത്തും , ദയവു ചെയ്തു ഒരു ഡയലോഗ് എങ്കിലും തരണം അണ്ണാ പ്ലീസ്, എന്ന രഹസ്യമായ കാലു പിടിക്കലിനും ഒടുവിലാണ് അവസാനം ആ സുവർണാവസരം ഒത്തു കിട്ടിയത് . എന്താണ് എന്റെ റോൾ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ ! ഞാൻ ഇതിലെ രാജാവിന്റെ രണ്ടു ഭടന്മാരിൽ ഒരാളാണ് ! നാടകം തുടങ്ങുമ്പോൾ ആദ്യ സീനിൽ തന്നെ  രാജാവിനെ ആനയിച്ചു കൊണ്ട് വന്നു , നിൽകമൽ പ്ലാസ്റ്റിക്‌ കസേരയിൽ , ചുവന്ന തിളങ്ങുന്ന തുണികൊണ്ട് ഉടായിപ്പ് കാണിച്ചു അലങ്കരിച്ചു വെച്ച , ലോക്കൽ സിംഹാസനത്തിൽ കൊണ്ടിരുത്തി ; മരക്കൊമ്പിൽ തെർമോക്കോള് കൊണ്ടുണ്ടാക്കിയ കുന്തം എന്നും പറഞ്ഞു തന്ന വൃത്തികെട്ട ഒരു സാധനവും കയ്യിൽ പിടിച്ചു , നാടകം തീരും വരെ സ്റ്റെജിൽ മുന്നിലായി ഇടതു വശത്ത് ( വലതു വശത്ത് മറ്റേ ഹതഭാഗ്യനായ ഭടൻ )  , കാണികളെ നോക്കി , അട്ടെൻഷൻ ആയി അനങ്ങാതെ നിൽക്കണം ! 


ഞങ്ങൾക്കും എന്തേലും ഡയലോഗ് വേണമെന്ന ശിപായി ലഹളയുടെ പരിഹാരമായി  , നാടകത്തിന്റെ പകുതി ഭാഗത്ത്‌ , രാജാവ് എന്തോ ചിന്തിച്ചു കൊണ്ട് ഉദ്യാനത്തിൽ ഉലാത്തുമ്പോൾ , ഞങ്ങളുടെ രാജ  ഭക്തി കാണിക്കാനായി , 'വേണമെങ്കിൽ' ഞങ്ങൾക്ക് സ്റ്റെജിനു സൈഡിൽ തൂക്കിയ മൈക്കിനു അരികിൽ പോയി  " അതാ    , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ നാലഞ്ചു പക്ഷികൾ... " എന്ന് എനിക്ക് പറയാം , അപ്പോൾ മറ്റേ ഭടൻ , "ഇനിയെങ്ങാനും തിരുമനസ്സിന്റെ ശിരസിൽ കാഷ്ട്ടം വിണാൽ !... നമുക്കതിനെ ഇപ്പോൾ തന്നെ കുന്തമെറിഞ്ഞു കൊല്ലാം .... " എന്ന് പറയും . അപ്പോൾ രാജാവ് , "വേണ്ടാ , അവരവിടെ സുരക്ഷിതമായി ഇരുന്നോട്ടെ  "  എന്ന് പറഞ്ഞു ആ നല്ല സ്നേഹമുള്ള തിരു മനസ്സ്  കാണികൾക്ക് കാണിക്കും.



ശെടാ ... ബാസിത് ആമുഖം അവസാനിപ്പിച്ചു ... കമഴ്ത്തിയ പ്ലേറ്റിൽ ദീപുഅണ്ണൻ ആഞ്ഞടിച്ചു ... സുകുമാരൻ അണ്ണൻ മുസിക്കും ഇട്ടു... കർട്ടൻ മുകളിലോട്ടു  കയറാനും തുടങ്ങി ... ഞങ്ങൾ ഭടന്മാർ പേടിച്ചു വിറച്ചു ആണേലും , ഒരു വിധം സ്റ്റെജിലൊട്ടു കടക്കാൻ തുടങ്ങവെയാണ് , അത് വരെ ഞങ്ങളോട് ധൈര്യത്തെ കുറിച്ച് കൂളായി സംസാരിച്ചു കൊണ്ടിരുന്ന നാടകത്തിലെ  പ്രധാന നടൻ മഹാരാജാവ് മനു അണ്ണൻ ഞങ്ങളെ ഞോണ്ടി വിളിച്ചു ചോദിച്ചത് , " നമുക്ക് മുങ്ങിയാലോ , എനിക്ക് ടെൻഷൻ കാരണം ഡയലോഗ് ഒന്നും ഇപ്പോൾ ഓർമ്മ വരുന്നില്ല ! അത് പോലെ , ആകെയൊരു വിറയലും തലകറക്കവും .... " !! . ഒട്ടും ചിന്തിച്ചു നിൽക്കാൻ നേരമില്ലാത്ത  ഈ വൈകിയ അവസരത്തിൽ , ഞങ്ങളോടൊപ്പം നടന്നു സ്റ്റെജിൽ പ്രവേശിക്കേണ്ട മഹാരാജനെ ,പിറകിലോട്ടു മുങ്ങാൻ അവസരം നൽകാതെ    , ഞങ്ങൾ രണ്ടു ഭടന്മാർ തോളത്ത് പൊക്കിയെടുത്തു , സ്റ്റെജിനു നടുവിൽ അലങ്കരിച്ച നിൽകമൽ സിംഹാസനത്തിൽ കൊണ്ടിരുത്തി നാടകമെന്ന കലയോടും , അഭിനയത്തോടും ഉള്ള ഞങ്ങളുടെ അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിച്ചു ! എന്നിട്ട്,  ഒന്നും സംഭവിക്കാത്ത മട്ടിൽ ഞങ്ങൾ സ്റ്റെജിനു മുന്പിലുള്ള ഞങ്ങളുടെ പോസിഷനിലേക്ക് പോയി കുന്തവും പിടിച്ചു അന്തസായി നിവർന്നു നിന്നു .



സിംഹാസനത്തിൽ രാജാവ് , ചിന്താകുലനായി , വിഷണ്ണനായി, താടിയിൽ കയ്യും വെച്ച് ഇരിക്കുന്നതാണ് ഈ നാടകത്തിന്റെ തുടക്കം എന്നതിനാൽ ,  റിഹേർസൽ സമയത്ത് ഒരിക്കൽ പോലും ശെരിയാവാത്ത ആ ടെൻഷൻ ഇരിപ്പ് രംഗം, മനു അണ്ണൻ ഭയങ്കര ഒറിജിനൽ ആയി സ്റ്റെജിൽ ജീവിച്ചു  !!! ഈ ഇരുപ്പിന്റെ പിന്നിലെ യഥാർത്ഥ സത്യമറിയാതെ കയറി വന്ന മന്ത്രി പുംഗവൻ പ്രദീപ്‌ സ്ക്രിപ്റ്റിൽ കാണാതെ പഠിച്ച അര പേജു സങ്കടം, രാജാവിനോട് ഒറ്റ ശ്വാസത്തിൽ ഉണർത്തിച്ചു . സ്ക്രിപ്റ്റിലെ രാജാവിന്റെ അടുത്ത കാൽ പേജു മറുപടി കേൾക്കാനായി , രണ്ടു മിനിട്ട് കാത്തിരുന്ന മന്ത്രി പുംഗവൻ , ഒന്നും മിണ്ടാതെ താടിയിൽ കയ്യും കൊടുത്തു ഇരുന്ന രാജാവിനെ നോക്കി ദേഷ്യത്തോടെയും സങ്കടത്തോടെയും "എന്തേലും ഒക്കെ ഒന്ന് ഞങ്ങളോട് പറഞ്ഞൂടെ മഹാ രാജൻ "  എന്ന് അതി ദയനീയമായി ചോദിച്ചു കൊണ്ട് ഈ നാടകത്തിന്റെ വരാൻ പോകുന്ന വിധി ഞെട്ടലോടെ തിരിച്ചറിഞ്ഞു !


വിഷണ്ണൻ ആയിരിക്കുന്ന രാജാവിന്റെ മറുപടിയില്ലാതെ ഇനി എങ്ങനെ സംഭവം മുന്നോട്ടു കൊണ്ട് പോകുമെന്നാലോചിച്ച് മന്ത്രി പുങ്കവൻ നിൽക്കവേയാണ് , ഇതൊന്നുമറിയാതെ , കറക്റ്റ് ടിമിംഗ് ക്ലോക്കിൽ നോക്കി , കൊട്ടാരം മഹർഷി തോമസ്‌ കാണാതെ പഠിച്ച ഡയലോഗായ , "മഹാ രാജൻ ഇപ്പോൾ പറഞ്ഞത് വളരെ ശെരിയാണ് " എന്നും ഉറക്കെ പറഞ്ഞു സ്റ്റെജിൽ എത്തിയത്  !! രാജാവിന്റെ അടുത്ത ഡയലോഗും കാത്തു കണ്ണും മിഴിച്ചിരുന്ന മഹർഷിയോട് ഒടുവിൽ  ഗത്യന്തരമില്ലാതെ മന്ത്രി പുങ്കവൻ സ്ക്രിപ്റ്റിൽ ഇല്ലാത്ത  " മഹാ രാജൻ ഇത് വരെ ഒന്നും മിണ്ടിയിട്ടില്ല മഹാത്മാവേ ... " എന്ന് പറഞ്ഞതും , മഹർഷി തോമസ്‌ " എന്റെ കർത്താവേ , ചതിച്ചോ " എന്ന് അറിയാതെ വിളിച്ചു പോയതും ഒന്നിച്ചായി .



ഇടതു വശത്ത് അട്ടെൻഷൻ ഭടൻ ആയ എനിക്ക് ആദ്യം സദസ് മുഴുവൻ ഇരുട്ടായി തോന്നി. പിന്നീടാണ് അങ്ങിങ്ങ് ഇരിക്കുന്ന കുറച്ചു കാണികളെ ചെറിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞത്. അത് വരെ , പല നല്ല പരിപാടികളിലും സദസിലിരുന്നു കൂവിയിട്ടുണ്ടെങ്കിലും, ആദ്യമായി സ്റ്റെജിൽ നിന്നും സദസ് കണ്ടപ്പോൾ ഒരു പുതുമ തോന്നി ! മുൻവശത്തെ നിരയിലായി ഇരിക്കുന്ന മത്സരത്തിന്റെ മൂന്നു വിധികർത്താക്കൾ , നേരത്തെ ഞങ്ങൾ സബ്മിറ്റ് ചെയ്ത മുപ്പതു പേജു സ്ക്രിപ്റ്റിൽ നിന്നും , ഇപ്പോൾ സ്റ്റെജിൽ നടന്നു കൊണ്ടിരിക്കുന്ന ഡയലോഗുകൾ എവിടെയെന്നു കണ്ടു പിടിക്കാനുള്ള ശ്രമത്തിലാണ് ! സ്റ്റെജിൽ ആണെങ്കിൽ മന്ത്രിപുങ്കവനും കൊട്ടാര മഹർഷിയും മഹാരാജനെ കൊണ്ട് എന്തേലും ഡയലോഗ് പറയിക്കാതെ ഇനി നാടകം മുൻപോട്ടു പോകാനാകില്ല എന്ന വല്ലാത്ത അവസ്ഥയിലും !! ഏതാണ്ട് അഞ്ചു നിമിഷം നീണ്ടു നിന്ന നിശബ്ദതയ്ക്ക് വിരാമമിട്ടു കൊണ്ട് ഒടുവിൽ സിംഹാസനത്തിൽ നിന്നും എഴുന്നേറ്റു , മന്ത്രിയുടെയും മഹർഷിയുടെയും തോളത്തു കയ്യിട്ടു , മഹാരാജൻ ആ ഒടുക്കത്തെ ഡയലോഗ് പറഞ്ഞു .... " സോറി , എന്നെ കൊണ്ട് ഈ പരിപാടി നടക്കില്ല . പുല്ലു , നിങ്ങള് കളഞ്ഞിട്ടു വന്നോ .... "




അതി വേഗത്തിൽ രാജാവും , പിറകിലായി മന്ദം മന്ദം മന്ത്രിയും മഹർഷിയും സ്റ്റെജിൽ നിന്നും തിരശീലക്കു പിറകിലോട്ടു വലിഞ്ഞു . എന്താണ് നാടകത്തിലെ അതി വികാരഭരിതമായ അടുത്ത രംഗമെന്നു മനസ്സിലാകാതെ കാണികൾ  ആകാംഷയോടെ കാത്തിരുന്നു !  സ്ക്രിപ്റ്റ് നോക്കി വട്ടായ ജഡ്ജുമാർ , സ്ക്രിപ്റ്റ് പേപ്പർ ദൂരെ കളഞ്ഞു , തോൽവി ഉറപ്പിച്ച  നാടകം അവസാനിക്കാൻ അക്ഷമരായിരുന്നു . കാണികളെ പോലെ , നാടകം മുടങ്ങിയെന്ന സത്യം അറിയാതെ , ഞങ്ങൾ രണ്ടു ഭടന്മാരും ഇടത്തും വലത്തും ആയി കുന്തവും പിടിച്ചു , കുന്തം പോലെ നിന്നു ! നാടകാവസാനം വായിക്കേണ്ടി ഇരുന്ന സെന്റി മ്യൂസിക്‌ പ്ലേ ചെയ്തു ,സുകുമാരൻ അണ്ണൻ പിയാനോയിലൂടെ ഞങ്ങളോട് എല്ലാം കഴിഞ്ഞെടാ മക്കളേ , കാണികൾ ഏറു തുടങ്ങും മുൻപ് വേണേൽ രക്ഷപെട്ടോ , എന്ന് സംഗീതാത്മകമായി മുന്നറിയിപ്പ് തന്നു. ഞാൻ വലത്തോട്ട് തല ചെരിച്ചു നോക്കി , സ്റ്റെജിൽ ബാക്കിയുള്ളവർ വലിഞ്ഞെന്നും , നാടകം പൊളിഞ്ഞെന്നുമുള്ള തിരിച്ചറിവിൽ , ഞങ്ങൾ രണ്ടു ഭടന്മാർ തിരിച്ചു നടക്കാൻ തുടങ്ങവേ , പെട്ടെന്ന് മറ്റേ ഭടൻ മൈക്കെടുത്ത് ഞാൻ പറയേണ്ടി ഇരുന്ന ആ ഡയലോഗ് പറഞ്ഞു .... 


 " അതാ  ഭടോ , ആ ഇരിക്കുന്ന വൃക്ഷ ശിഖിരത്തിൽ ഒന്നുമറിയാതെ നാലഞ്ചു പക്ഷികൾ... "


അത് കേട്ട് ഞാനും അപ്പോൾ മനസ്സിൽ തോന്നിയ എന്റെ ആദ്യ സ്റ്റെജു ഡയലോഗ് ആ മൈക്കിലൂടെ പറഞ്ഞു ,

 "വേണ്ട ഭടോ.. , അവരവിടെ സ്വസ്ഥമായി ഇരുന്നു, എന്തേലും ഒക്കെ ചെയ്തോട്ടെ....   "


സ്റ്റെജു കർട്ടൻ താഴ്ന്നു വരികയും , കാണികളുടെ കൂവൽ ഉയർന്നു വരികയും  ചെയ്യുമ്പോൾ , നാടകത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞ ഞങ്ങൾ രണ്ടു ഭടന്മാരും , ജീവിതത്തിലെ ആദ്യ സ്റ്റെജിൽ നിന്നും , ആദ്യ നാടക ഡയലോഗിന്റെ നിറ നിര്‍വൃതിയോടെ,  നിറഞ്ഞ കണ്ണുകളും, നിവർത്തി പിടിച്ച തലയും ,കുത്തി പിടിച്ച കുന്തവുമായി, വേദി വിട്ടിറങ്ങി .


... ശുഭം ...

Monday, November 30, 2015

വാർത്ത / അന്വേഷണം / സത്യം ( ചെറു കഥ )



"നമ്മൾ വായിക്കുന്ന ഓരോ വാർത്തയുടെ പിന്നിലും , നമ്മൾ കാണാത്ത , കാണാൻ ശ്രമിക്കാത്ത , ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ട് ....... "


വഴക്കുപക്ഷി മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ പുതിയ കഥ വായിച്ചു നിങ്ങളുടെ വിലയേറിയ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അപേക്ഷിച്ച് കൊണ്ട് ,


കഥയുടെ ലിങ്ക് :::


 http://vazhakkupakshi.blogspot.com/2015/11/blog-post_28.html


സ്നേഹത്തോടെ ,
ഷഹീം ആയികാർ. 

Friday, November 13, 2015

... ഒരു "ക" യുടെയും ; "കു" വിന്റെയും ഇടി കഥൈ ...


തമിഴ്നാട്ടിലെ ഒരു ബസ്‌ സ്റ്റാൻഡിൽ , ആ രാത്രിയിൽ , കന്യാകുമാരിയിലേക്ക് പോകുന്ന അവസാന ബസ്സും കാത്തു, അടുത്തുള്ള കടയിൽ ബോഞ്ചി വെള്ളമടിച്ചു നിൽക്കുമ്പോഴാണ്  , ഞങ്ങളുടെ കൂട്ടത്തിലെ ആകെ അൽപ്പം തമിഴ് പറയാനും വായിക്കാനും അറിയാം എന്ന് അവകാശപ്പെടുന്ന , ആന്തപ്പൻ സ്റ്റാൻഡിൽ നിന്നും പുറത്തേക്കു പോകുന്ന ഒരു ബസ്സിന്റെ നെയിം ബോർഡ് വായിച്ചു ഉറക്കെ നിലവിളിച്ചത്....


" അളിയന്മാരെ , ഇതാ കന്യാകുമാരി ലാസ്റ്റ് ബസ്‌ വിട്ടു ; ഓടി  കയറിക്കോ , ഇല്ലേൽ എല്ലാ പ്ലാനും കൊളമാകും "


കേട്ട പാതി , കേൾക്കാത്ത പാതി , കന്യാകുമാരിയിലെ സൂര്യോദയം കാണാൻ മുട്ടി നിന്ന ഞങ്ങൾ നാലഞ്ചു തമിഴ് നിരക്ഷർ , ഓടി ചാടി ബസ്സിൽ കയറി.  ഒഴിഞ്ഞ സീറ്റുകളിൽ ഇരുന്ന ഞങ്ങളെ നോക്കി , തലൈവർ അന്തപ്പൻ ജാടയിൽ അമ്പത് രൂപയുടെ നോട്ടെടുത്ത് , കണ്ടക്റ്റർ അണ്ണന്റെ പോക്കറ്റിൽ തിരുകി വെച്ച്  തമിഴിൽ വൻ ക്ലാസ് ഡയലോഗും വിട്ടു ....


" അണ്ണാ , നാങ്കൾ ലാസ്റ്റ് സ്റ്റോപ്പ്‌ താൻ ... ഇത് അണ്ണൻ വെച്ചുക്കോ , ടിക്കറ്റ്‌ ഒന്നും വേണ്ടാ ! "


മൊത്തം ടിക്കറ്റ്‌ കാശിൽ 30 രൂപാ ലാഭിച്ച  സന്തോഷത്തിൽ ഞങ്ങളും ,ലാസ്റ്റ് ട്രിപ്പിൽ അമ്പതു രൂപ കിട്ടിയ സന്തോഷത്തിൽ കണ്ടക്റ്റർ അണ്ണനും ഹാപ്പി ! അങ്ങനെ എല്ലാരും ഹാപ്പി ആയി യാത്ര തുടരവേ തലൈവർ അന്തപ്പൻ ഞങ്ങളോട് മൊഴിഞ്ഞു... " ഒന്ന് ഒന്നര മണിക്കൂർ യാത്ര ഉണ്ട് ; സാദ ബസ്‌ ആണ് , നിർത്തി നിർത്തിയെ പോകു ... അത് കൊണ്ട് മക്കളെല്ലാരും നല്ലോണം റസ്റ്റ്‌ എടുത്തോ.. ഞാൻ തമിഴിൽ അണ്ണന്മാരോട് കുറച്ചു കാര്യങ്ങൾ തിരക്കട്ടെ ...  "


മണിക്കൂറുകൾ ഒന്നും രണ്ടും മൂന്നും ഇഴഞ്ഞു  , ആ  ബസ്‌ ആളൊഴിഞ്ഞു  ഞങ്ങളും ഡ്രൈവറും കണ്ടക്ട്ടരും , പിന്നെ മറ്റു രണ്ടു പേരും , ഒരു ആടും ,  മാത്രമായിട്ടും ; ഡ്രൈവറുടെ അടുത്ത് തമിഴിൽ സിനിമയും രാഷ്ട്രിയവും  പറഞ്ഞു ചിരിച്ചിരിക്കുന്ന അന്തപ്പൻ ഞങ്ങളെ ഇടയ്ക്കിടെ നോക്കി കണ്ണടച്ച് 'ഇപ്പൊ എത്തും അളിയാ " എന്ന ആക്ഷൻ കാണിച്ചു  കൊണ്ടിരുന്നു



ഒടുവിലൊരു പട്ടികാടിലെ , ടാറു പോലും ഇല്ലാത്ത റോട്ടിലൂടെ പോയി , ഒരു വളവിൽ നിർത്തി , ഡ്രൈവർ അവസാന യാത്രക്കാരായ ഞങ്ങളോട് പറഞ്ഞു ;


" ഇടം ആയാച്ചു ; ഇതാൻ ലാസ്റ്റ് സ്റ്റോപ്പ്‌ ! "


ആളും വെളിച്ചവും ഇല്ലാത്ത , ആ കന്യാകുമാരി ജങ്ക്ഷൻ കണ്ടു അന്തം വിട്ടിരുന്ന ഞങ്ങൾ , അറിയാവുന്ന ശുദ്ധ മലയാളത്തിൽ ഡ്രൈവറോട് ചോദിച്ചു ,


" ഇതാണോ ചേട്ടാ ഈ കന്യാകുമാരി ? !!! "



" കന്യാ കുമാരിവാ... ഇത് വന്ത് , തിരുനെൽവേലി പക്കം കളിയെകുളം എന്ട്ര ഊര്രു .. നീങ്ക ലാസ്റ്റ് സ്റ്റോപ്പ്‌ താനേ കേട്ടത് ! കന്യാകുമാരി എന്റര് സോല്ലവേ ഇല്ലയെ.... " എന്ന് ഡ്രൈവർ അണ്ണൻ .



ആ രാത്രിയിൽ , അന്ത ഒരു ഊരിൽ , അടുത്ത നാൾ ഞങ്ങൾ , അത്ര പ്രശസ്തമല്ലാത്ത കളിയെകുളം സൂര്യോദയം കാണും വരെ , ഞങ്ങളുടെ ഇടി കൊണ്ട് തലൈവർ അന്തപ്പൻ മലയാളത്തിൽ നിലവിളിക്കുന്നതിനിടയിലും , അവൻ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു....


" എന്റെ പൊന്നു അളിയന്മാരെ ; എന്നെ ഒന്ന് മനസ്സിലാക്ക് ; എനിക്ക് ആകെ തമിഴിൽ 'ക' യും 'കു' വും മാത്രമേ നല്ലോണം വായിക്കാൻ അറിയൂ.... ഇതിലും ആദ്യമൊരു 'ക' , മൂന്നാമതൊരു 'കു ' ! ; ഇതും ലാസ്റ്റ് സ്റ്റോപ്പ്‌ ! അതാണ്‌  ഇവിടെ പ്രശ്നം ആയതു ".... !!!!!







Tuesday, November 3, 2015

I.T Conference Room- മീറ്റിങ്ങ് നോട്ട്സ്



സമയം 11.05 am, മീറ്റിങ്ങ് തുടങ്ങാനുള്ള സമയവും കഴിഞ്ഞു അഞ്ചു മിനിറ്റ് ആയി ! എല്ലാവരും അവിടെ മീറ്റിങ്ങ് പ്രെസെന്റെർ ആയ എന്നെയും കാത്തിരിപ്പാണ്. ഞാൻ പതിവ് പോലെ മൊബൈൽ ഫോണും സൈലെന്റിൽ ആക്കി മേശപ്പുറത്തു  വെച്ച് , ഡെല്ലിന്റെ ഓഫീസ് ഹാർമോണിയം പെട്ടിയും കയ്യിലേന്തി  മീറ്റിംഗ് റൂമിലേക്ക്‌ കുതിച്ചു. അഞ്ചു മിനിട്ട് നേരം  താമസിച്ചതിനു അവിടെ ഉണ്ടായിരുന്ന മൂന്നാലുപെരോട് സ്ഥിരം രീതിയിൽ ക്ഷമാപണവും നടത്തി , ഹാർമോണിയം പെട്ടി പ്രോജെച്ട്ടരിൽ ഘടിപ്പിച്ചു ഞാൻ നേരത്തെ മനസ്സിൽ പ്രി -റെക്കോർഡ്‌ ചെയ്തു വെച്ച പ്രൊജക്റ്റ്‌ ഡെമോ എന്ന കഥാ പ്രസംഗം തുടങ്ങി.


അവിടെയിരുന്ന ആരെയും നേരത്തെ കണ്ടു പരിചയം ഇല്ല. അല്ലേലും ഓഫീസിൽ ഇന്ന് കണ്ടവനെ തന്നെ നമുക്ക് നാളെയും കാണുമെന്നു ഉറപ്പില്ലല്ലോ! Client, Vendor ,  Partner, Offshore, Onsite, എന്നൊക്കെയുള്ള ജാതി പേരുകളിലാണ്    അവർ അറിയപ്പെടുന്നതെങ്കിലും , ഞാൻ അവരെ നാല് ഇന്ത്യക്കാർ എന്ന് മാത്രമാണ് കണ്ടിരുന്നത്‌ ( അതാണ്‌ , എന്റെ ദേശീയ ബോധം ! ).  സ്ലൈഡ് ഷോ തുടങ്ങും മുൻപേ തന്നെ മീറ്റിങ്ങ് തീരുമ്പോൾ അവസാനം ചോദിക്കാനുള്ള ഏതോ ഒരു ചോദ്യം ഉള്ളിലൊതുക്കി വീർപ്പു മുട്ടി  ,കണ്ണാടി ഇട്ടിരുന്ന കഷണ്ടിക്കാരൻ ബംഗാളിയെ ഞാൻ ആദ്യമേ നോട്ട് ചെയ്തിരുന്നു. ഉള്ളിലുള്ള ചോദ്യത്തിന്റെ വെമ്പൽ കൊണ്ടുണ്ടായ അവന്റെ ഉള്ളിലെ ആത്മ സങ്കർഷം നിമിത്തമാണോ എന്നറിയില്ല ,  അവൻ മാത്രം ആ മീറ്റിംഗ് തീരും വരെ ഉറങ്ങാതെ ഇരുന്നത് എനിക്കന്നൊരുഅത്ബുധം ആയിരുന്നു! ഞാൻ പ്രതീക്ഷിച്ച പോലെ, മീറ്റിങ്ങിന്റെ അവസാനം അവൻ ഞാൻ പറഞ്ഞതിനോടൊന്നും ബന്ധമില്ലാത്ത എന്തോ ഒന്ന് ചോദിച്ചു സായൂജ്യം അടയുകയും , ഞാൻ ആ ചോദ്യത്തിനു യാതൊരു ബന്ധവുമില്ലാത്ത മറുപടി പറഞ്ഞു കൊണ്ട് തൃപ്തിപ്പെടുകയും ചെയ്തു.



അങ്ങനെ ഓഫീസിലെ രാവിലത്തെ  പ്രധാന ചടങ്ങുകൾ കഴിഞ്ഞെന്ന ആശ്വാസത്തിൽ, മേശയിൽ നിന്നും ഫോണും എടുത്തു കുത്തി കൊണ്ട്  കാന്റിനിലേക്ക് ഉച്ചയൂണ് കഴിക്കാനായി നടന്നു നീങ്ങവെയാണ് നേരത്തെ വന്ന ആ ഇമെയിൽ ഞാൻ  ശ്രദ്ധിച്ചത്. I.T Conference Room - ഇൽ  അന്ന് രാവിലെ മുതൽ വൈകിട്ട് വരെ കമ്പനിയിലെ വേറെ അതി പ്രധാനമായ മറ്റൊരു മീറ്റിംഗ് നടക്കുന്നതിനാൽ ഞാൻ എടുക്കേണ്ട പ്രൊജക്റ്റ്‌ ഡെമോ ക്യാൻസൽ ചെയ്തു പോലും !!!

അപ്പോൾ , അവിടെയിരുന്നത് ആരായിരുന്നു ?


നോട്ട് പാഡിൽ അവർ എഴുതി എടുത്തതൊക്കെ എന്തെന്ന് കരുതിയായിരുന്നു?


ആ മീറ്റിങ്ങ് തീരും വരെ 'അതല്ല ഇതെന്ന്' ആരും തിരിച്ചറിയാത്തത് എന്ത് കൊണ്ട് !


ഉത്തരമില്ലാത്ത ഒരുപിടി ചോദ്യങ്ങൾ കൊണ്ട് ഒരു നിമിഷം എന്റെ ഉള്ളൊന്നു കിടുങ്ങി. എങ്കിലും , ഒരു നല്ല IT -ക്കാരൻ തന്റെ കഴിഞ്ഞു പോയ സമയത്തെ കുറിച്ചോ, സംഭവിച്ചു പോയ മണ്ടത്തരത്തെ കുറിച്ചോ ഓർത്തു ഇനി വരാനുള്ള വിലപ്പെട്ട billable സമയം  പാഴാക്കരുതെന്ന കമ്പനി ആപ്ത വാക്യം മനസ്സിലോർത്തു ഞാൻ വീണ്ടും അടുത്ത മീറ്റിങ്ങ് റൂമിലേക്ക്‌ ഹാർമോണിയം പെട്ടിയുമായി യാത്ര തിരിച്ചു , ഇന്നും തീരാത്ത നീണ്ട യാത്ര......


ഒരു ഐ.ടി ചൊല്ല് : "ഭയം എല്ലാവർക്കുമുണ്ട്. പക്ഷേ, ഭയമില്ലാത്തതുപോലെ അഭിനയിക്കുന്നവരാണ്  IT മാനേജർമാർ ."


[ ഒരു IT മാനേജറുടെ ഭാവിയിൽ പുറത്തിറങ്ങാൻ സാധ്യതയുള്ള  "എന്റെ ഐ.ടി കാല മണ്ടത്തരങ്ങൾ " എന്ന ആത്മ കഥയിൽ നിന്നും ഇവിടെ നിങ്ങൾക്കായി 'Copy & Paste ' ചെയ്തത് ]





[ Note :: അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന "മലയാളി മാഗസിൻ" സെപ്റ്റംബർ ലക്കത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കഥ ]