Thursday, April 6, 2017

... ഫേസ്ബുക്ക് വീഡിയോ ... ( ചെറു കഥ )



" എന്താടാ കള്ള ഹിമാറെ ഒരു പണിയുമെടുക്കാതെ ഇബടെ ഫോണും കുത്തി ഇരിക്കുന്നത് " ;


പെട്ടെന്ന് പുറകീന്നുള്ള മുതലാളിയുടെ അലർച്ച കേട്ട് അവൻ ഞെട്ടി ... എന്തേലും മറുപടി പറയും മുൻപ് മുതലാളി അവന്റെ ഫോൺ പിടിച്ചു വാങ്ങി നോക്കി ... പ്രത്യേകിച്ചൊന്നും പിടികിട്ടാത്തോണ്ടു മുതലാളി അവനോടു തന്നെ ചോദിച്ചു , " എന്താടാ ഇത് ... ഒന്നും പുടികിട്ടുന്നില്ലല്ലാ ... !"


ഒരു മുതലാളിയുടെ അറിയില്ലായ്മയായാണ് , ഒരു തൊഴിലാളിയുടെ വിജയത്തിലേക്കുള്ള എളുപ്പ വഴിയെന്ന് തിരിച്ചറിഞ്ഞ അവൻ , പെട്ടെന്ന് ഒരു ബുദ്ധിജീവിയെ പോലെ വാചാലനായി .... " ഇതാണ് മുയലാളി ഈ ഫേസ്ബുക് ... ഇതിൽ ഇങ്ങനെ ലോകത്തെ എല്ലാ വിവരവും അപ്പൊ അപ്പൊ വന്നോണ്ടിരിക്കും ... നമ്മൾ ഇടയ്ക്കിടെ ഫോൺ ഇങ്ങനെ നോക്കി വായിച്ചോണ്ടിരുന്നാൽ മതി... "


ഇംഗ്ലീഷ് വായിക്കാനറിയില്ലെന്ന തന്റെ വീക്ക് ‌പോയിന്റ് പുറത്തു കാണിക്കാതെ മുതലാളി ജാടയിൽ ഫേസ്ബുക്ക്  ഓടിച്ചു നോക്കി മനസ്സിൽ പറഞ്ഞു , " നല്ല കളറ് ... നല്ല ഫോട്ടോകൾ ... ഇതിൽ വീഡിയോ ഒക്കെ ഉണ്ടല്ലോ ... !". എന്നിട്ടു അതിൽ കണ്ട ആദ്യ വീഡിയോ തന്നെ ഞെക്കി കണ്ടു ...


' നിന്റെ അമ്മയ്ക്കുള്ളതൊക്കെയോ അവർക്കുമുള്ളു ' എന്ന അതി ശക്തമായ സന്ദേശം പറയുന്ന ആ വീഡിയോ കണ്ടു മുതലാളിയുടെ കണ്ണ് നിറഞ്ഞു ... ഇത് പോലെയൊക്കെയുള്ള നല്ല നല്ല സന്ദേശങ്ങളുള്ള ഫേസ്ബുക്ക് എന്ന സാധനം കണ്ടോടിരുന്ന പാവം അവനെ വഴക്കു പറഞ്ഞതിൽ മുതലാളിക്ക് സങ്കടം വന്നു. ഒരു ചീത്ത പോലും പറയാതെ ഫോൺ തിരികെ കൊടുത്തു , "മോൻ ഇവിടിരുന്നു ഫേസ്ബുക്ക് കണ്ടോ " എന്നും പറഞ്ഞു മുതലാളി വീട്ടിലേക്കു തിരിച്ചു.


വീട്ടിലേക്കു കയറിയ മുതലാളിയെ കണ്ടതും , പ്രിയ പത്നി കദീജ കണ്ടോടിരുന്ന എം-ടിവിയിലെ സൽമാൻ ഖാന്റെ പാട്ടും ഓഫ് ചെയ്തു അടുക്കളയിലേക്കു  ചായ എടുക്കാനായി ഓടി. ഫേസ്ബുക്ക് വീഡിയോയുടെ ഹാങ്ങ് ഓവർ അപ്പോഴും വിട്ടുമാറാത്ത  മുതലാളി , ചായയുമായി വന്ന ഭാര്യയോട് മൊഴിഞ്ഞു.... " ഖദീസാ.... അനക്കൊരു കാര്യം പറയാനുണ്ട് .... നിന്റെ കെട്ടിയോനായ ഈ എനിക്കുള്ളതേ ആ  സൽമാൻ ഖാനും സാറുഖ് ഖാനുമൊക്കെയുള്ളൂ .... " !!!


ഇത് കേട്ട് , കദീജയുടെ കയ്യിലെ ചായക്കപ്പ്‌ തറയിൽ വീണു പൊട്ടി .. അത് വരെ , തന്റെ ഭർത്താവിന്റെ മുഖത്ത് പോലും നോക്കി സംസാരിക്കാത്ത , അവൾ കലികൊണ്ടു അലറി .... " എന്ത് ബർത്താനാണ് ഇങ്ങള് പറയുന്നത് .... ഇങ്ങടെ എന്താണ് എന്റെ സാറുഖ് ഖാനും സൽമാൻ ഖാനും ഉള്ളത് ..... കുട ബയറാ  .... ? പറ മനുസ്യ ... ?"


കദീസയുടെ പുതിയ 'ഗംഗാ ' ഭാവം കണ്ട മുതലാളി ഞെട്ടി ! നാവിന്റെ തുമ്പിൽ ഉത്തരം പറയാൻ ഉദ്ദേശിച്ച ആ ഇംഗ്ലീഷ് വാക്കുണ്ട് ! ശെടാ , ടെൻഷൻ കൊണ്ട് പ്രഷർ കയറിയപ്പോൾ അതും മറന്നു പോയി ! കലികയറിയ കദീജ പിന്നെയും എന്തൊക്കെയോ പറഞ്ഞു .... "  പറ മനുസ്യ... എന്താണുള്ളത് ... ഇങ്ങടെ കഷണ്ടിയാ... ? മണ്ടത്തരമോ ... ? പറ മനുസ്യ.... "


പിന്നെയും എന്തൊക്കെയോ പിറുപിറുത്തു , അകത്തേക്ക് കരഞ്ഞോണ്ട് പോയ ഖദീജയെ, ഇനി എങ്ങനെ ഫേസ് ചെയ്യുമെന്നറിയാതെ , പാവം മുതലാളി ഫോൺ എടുത്തു അവനെ വിളിച്ചു ചോദിച്ചു .... " എടാ , ഈ സാറുഖ് ഖാനും സൽമാൻ ഖാനും മമ്മൂട്ടിക്കും ഒക്കെ ഉള്ളതും , നമ്മൾക്കില്ലാത്തതുമായ ഒരു ഇംഗ്ലീഷ് സാധനം ഉണ്ടല്ലോ ? എന്താടാ അത് ? "


" അത് ... ഈ 'ഗ്ലാമർ ' ആണോ മുതലാളി ? ", മുതലാളിയെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ , അവൻ ബഹുമാനത്തോടെ ചോദിച്ചു .


" അതെന്നെ .... പിന്നെ , കള്ള പന്നി ... നാളെ മുതല് നീ പണിക്കു വരണ്ട , കേട്ടാ .... നീ കാണിച്ചു തന്ന ഒരു ഫേസ്ബുക്ക് വീഡിയോ കാരണം , ഇത് വരെ ജീവിതത്തിൽ 'ക.മ' എന്നൊരക്ഷരം എന്നോട് തിരിച്ചു പറയാത്ത  കെട്ടിയോള് ,  ഇന്ന് അതൊഴിച്ചു , വേറെ എല്ലാ അക്ഷരവും പറഞ്ഞു .... നിന്റെ ഒടുക്കത്തെ ഒരു ഫേസ് ബുക്കും വിഡിയോയും ... " !


< അൽഹംദുലില്ല .... എല്ലാം ശുഭം >

Monday, November 7, 2016

...IT ലൈഫ് സൈക്കിൾ...



ഒരു തിങ്കളാഴ്ച ദിവസം, രാവിലെ ഓഫീസിൽ എത്തിയപ്പോൾ, അപ്രതീക്ഷിതമായി അവിടെ ഒരുപാട് പുതിയ മുഖങ്ങൾ ! ഓഫീസിൽ സാധാരണയായി രാവിലെ കയറിവരുന്ന എല്ലാവരുടെയും മുഖത്ത് സ്ഥിരമായി കാണാറുള്ള, മടി, ഉഴപ്പ്, തല ചൊറിച്ചിൽ, ഉറക്കച്ചടവ് , കോട്ടുവാ, ഡെസ്പ്പ് തുടങ്ങിയവയൊന്നും ഇല്ലാത്ത, നല്ല തിളങ്ങുന്ന, പ്രതീക്ഷയുള്ള, ജാഡയില്ലാത്ത, ഭവ്യതയുള്ള നല്ല, ചിരിച്ച യുവമുഖങ്ങൾ....!!


വലിയ തിരക്ക് ഭാവിച്ചു, മുടി ചീകിക്കൊണ്ട്, അവരുടെ അടുത്തേയ്ക്ക് വേഗത്തിൽ നടന്നു പോകുന്ന, ബഹുമാന്യ പ്രോജക്റ്റ് മാനേജർ അവർകളോട് ഞാൻ ആദരവോടെ ചോദിച്ചു,
"ആരാ ഇവരൊക്കെ? കണ്ടിട്ട് വഴിതെറ്റി വന്നവരാണെന്നു തോന്നുന്നു. പാവങ്ങൾ”.
സ്വതവേ ഗൗരവക്കാരൻ ആണെന്ന് സ്വയം കരുതുന്ന PM, ഒട്ടും മസിലു വിടാതെ, കനത്തിൽ എന്നോട് മൊഴിഞ്ഞു,
"നമ്മുടെ പ്രോജെക്ടിലേക്കു പുതിയ ഫ്രഷേഴ്‌സ് ബാച്ച് ആണ്.. ഇനിയിപ്പോ ഇവരെയൊക്കെ നമുക്ക് ട്രെയിൻ ചെയ്തു ശെരിയാക്കണം”.
പെട്ടെന്ന് മനസ്സിൽ ഒരു ഡസൻ സ്വപ്‌നങ്ങൾ / വർണ്ണങ്ങൾ / മോഹങ്ങൾ / ഗാനങ്ങൾ എല്ലാം ഒന്ന് മിന്നിമറഞ്ഞു! ശെടാ, അവരെ ആരെയും ഒന്ന് നല്ലോണം നോക്കാൻ പോലും പറ്റിയില്ല! എങ്കിലും കൂടുതൽ പെൺപിള്ളേരാണെന്നു തോന്നുന്നു, അല്ലേൽ എന്റെ ഉപബോധ മനസ്സ് അവരെ കാണാൻ യാതൊരു വഴിയുമില്ല! എന്തായാലും, പ്രോജെക്ടിലെ സുന്ദരക്കുട്ടനും , പെൺപിള്ളേരെ ഒരിക്കലും നോക്കാത്ത പഞ്ചാരയുമായ, സീനിയർ ലീഡ് ഡീസന്റ് പാർട്ടി സുനന്ദനോട് തന്നെ ചോദിക്കാം എന്ന് ഞാൻ ഉറപ്പിച്ചു, അവനാകുമ്പോൾ അവരുടെയെല്ലാം പേര്, നാട്, വീട്, നക്ഷത്രം, ജാതകം, ഇഷ്ട ദൈവം, ഇഷ്ട സിനിമ, ഇഷ്ട നടൻ എന്നതൊക്കെ വിശദമായി തന്നെ അറിയാമായിരിക്കും!


പതിവില്ലാതെ, രാവിലെ അവന്റെയടുത്തോട്ടുള്ള ചിരിച്ചോണ്ടുള്ള എന്റെ വരവ് കണ്ടപ്പോൾത്തന്നെ, സീനിയർ സുനന്ദൻ കലിപ്പിൽ പറഞ്ഞു.
"വെറുതെ എന്റെ സമയം മിനക്കെടുത്തരുത്... നീയും കൂടെ ചേർത്ത് രാവിലെ അഞ്ചാമത്തെ ആളാണ് ഡീറ്റെയിൽസ് പൊക്കാൻ ഓരോ നമ്പറടിച്ചു ഇങ്ങോട്ടു വരുന്നത്... ആകെ മൊത്തം ടോട്ടല്‍ പെൺപിള്ളേർ എട്ട്, തട്ടമിട്ടത് രണ്ട്, കെട്ടിയത് ഒന്ന്, എല്ലാരും കാണാൻ കൊള്ളാം.. പിന്നെ, കൂടെ ആൺ പിള്ളേർ നാല്, അതില് കലിപ്പ് ലുക്കുള്ളത് ഒന്ന്, മുടിഞ്ഞ ഇംഗ്ലീഷ് ഒരെണ്ണം, കട്ട ജാഡ ടൈപ്പ് ഒന്ന്. പിന്നെ, പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്തവൻ ഒന്ന്!!”.
എന്തായാലും വൈദ്യൻ കല്പ്പിച്ചതും , രോഗി ഇച്ഛിച്ചതുമായ ഡീറ്റെയിൽസ് എല്ലാം കിട്ടിയ സ്ഥിതിക്ക്, ഞാൻ വന്നത് അതിനല്ലെന്നും, അമ്മച്ചിയാണേ, പ്രോജക്റ്റ് ഡീറ്റെയിൽസ് അറിയാൻ ആണെന്നും ആണയിട്ടു പറഞ്ഞു. എന്നിട്ട് പതിവ് പോലെ, പ്രാർത്ഥിച്ചു ഐശ്വര്യമായി എന്റെ ലാപ്പ് ടോപ്പിൽ അന്നത്തെ രാവിലത്തെ പണി (മനോരമ ഓൺലൈൻ വായന) തുടങ്ങി..


എന്നും എപ്പോഴും, പ്രോജെക്ടിൽ എനിക്ക് തിരഞ്ഞു പിടിച്ചു പണി തരാറുള്ള പ്രോജെക്റ്റ് മാനേജർ, പതിവ് ശീലം പോലെ അവിടെയും എന്നെ തേക്കാനായി ശ്രമം നടത്തി!! ഫ്രഷേഴ്‌സ് ബാച്ചിനെ ഓരോരുത്തർക്ക് ട്രെയിനിങ്ങിനു അസൈൻ ചെയ്തപ്പോൾ, നാല് ആൺ പിള്ളേരെ എനിക്കും, ബാക്കി പെൺ പിള്ളേരെ പ്രോജെക്ടിലെ ബാക്കിയുള്ളോർക്കും !! കലിപ്പ് കയറി, കണ്ണ് ചുവന്നു, പ്രെഷർ കയറി , ഞാൻ PM നോട് അലറലോടു അലറി,
"ദേ , നിങ്ങള് ഇതൊരുമാതിരി അപ്പ്രൈസൽ നടത്തുമ്പോൾ റേറ്റിംഗിൽ എനിക്കിട്ടു സ്ഥിരം പണിയും പോലെ അത്ര സിമ്പിൾ ആയി കാണരുത്… കമ്പനിയിൽ എന്നെ അറിയാവുന്നവരാരും, ഞാൻ പറയുന്നത് കേൾക്കില്ല! ആകെ ഈ ഫ്രഷർ ബാച്ച് ആണ് എന്നെ വലിയ പരിചയം ഇല്ലാത്തോണ്ട് കുറച്ചെങ്കിലും ബഹുമാനിക്കുന്നത്! അവർക്കും ഉണ്ടാവില്ലേ പഠിച്ചു വലിയ ആളാവാൻ ആഗ്രഹങ്ങൾ ? എനിക്ക് ഇമ്മാതിരി ചെറിയ ഗ്രൂപ്പ് പോരാ.. എല്ലാരേയും ഒന്നിച്ചു പഠിപ്പിക്കാൻ സമ്മതിക്കണം, സമ്മതിച്ചേ പറ്റൂ…, സമ്മതിക്കാതെ ഞാൻ പോവില്ല, ഇത് സത്യം, സത്യം, സത്യം!”.
എന്റെ രൗദ്ര ഭാവം കണ്ടു , സ്ഥിതി വഷളാണെന്നു മനസ്സിലാക്കി PM പറഞ്ഞു,
"കണ്ട്രോൾ...കണ്ട്രോൾ! ഒരൊറ്റ ക്ലാസ്, അതിൽ നിർത്തിക്കോണം. പിന്നെ, അവരുടെ ഏരിയായിൽ കണ്ടു പോകരുത്.. എങ്കിൽ നമുക്ക് നോക്കാം”.


അങ്ങനെ, എന്റെ മൗലികാവകാശമായി, ഞാൻ പൊരുതി നേടിയ, ആ ട്രെയിനിങ് ക്ലാസ്സിൽ , പുതിയ ബാച്ചിൽ ആർക്കും ഞാൻ പ്രസംഗിക്കാൻ പോകുന്ന വിഷയത്തിൽ മുൻ പരിചയമില്ലായെന്നു, രഹസ്യമായി അന്വേഷിച്ചു ഉറപ്പു വരുത്തിയ കോൺഫിഡൻസിൽ, ഞാൻ IT പ്രോസസ്സ് , ലൈഫ് സൈക്കിൾ, ടെസ്റ്റിംഗ് മെതേഡ്സ് എന്നിവയെ കുറിച്ചെല്ലാം അതീവ വാചാലനായി! ഒരു ട്രെയ്നറും അതുവരെ സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം, ഉദാഹരണങ്ങളും, കഥകളും, ചോദ്യോത്തരങ്ങളുമായി ഞാൻ കത്തിച്ചു മിന്നിച്ചു കയറി. ഭൂഗോളത്തിന്റെ സ്പന്ദനം QA ടെസ്റ്റിംഗിൽ ആണെന്ന് വരെ, കണ്ണിൽ ചോരയില്ലാതെ ഞാൻ തള്ളി ! ഞാൻ പറയുന്ന കാര്യങ്ങളൊന്നും ആർക്കും മനസ്സിലായില്ലെങ്കിലും, എല്ലാരും ക്ഷമയോടെ എന്നെ ഒരു മണിക്കൂർ സഹിച്ചു. അങ്ങനെ, ക്ലാസ്സു കഴിഞ്ഞു, വിജയ ഭാവത്തിൽ, വലിയ പരിക്കില്ലാതെ, ക്ലാസ്സിൽ നിന്നും ഇറങ്ങി പോകാനൊരുങ്ങിയ എന്നോട്, കൂട്ടത്തിൽ ആദ്യം ജാഡ ലുക്കെന്നു തോന്നിച്ച, എന്നാൽ അക്കൂട്ടത്തിലെ ഏറ്റവും നിഷ്കളങ്കനായ മഹാൻ, സ്നേഹത്തോടെ ചോദിച്ചു,
"അണ്ണാ, ഇവിടെ അണ്ണന്റെ പണിയെന്താ? "


അവന്റെ അസ്ഥാനത്തുള്ള ആ അണ്ണാ വിളി എനിക്ക് ആദ്യം അത്ര സുഖിച്ചില്ലേലും, ആ ചോദ്യത്തിലുള്ള സത്യസന്ധത തിരിച്ചറിഞ്ഞു, ഞാൻ സ്നേഹത്തോടെ മറുപടി പറഞ്ഞു,
"ഐ ആം എ പ്രോജക്റ്റ് ലീഡ് ", (അല്ലേലും എന്തേലുമൊക്കെ ആരോടെങ്കിലും പൊലിപ്പിച്ചു പറയുമ്പോൾ, സംസാരിക്കാൻ പറ്റിയ ഭാഷ ആംഗലേയം തന്നെ)


"ആണോ , അങ്ങനെയാണേൽ എനിക്കും പ്രോജക്റ്റ് ലീഡ് ആയാൽ മതി അണ്ണാ, ഞാൻ വന്ന അന്ന് മുതലേ അണ്ണനെ ശ്രദ്ധിക്കുന്നു... അണ്ണനെ പോലെ അധികം പണിയെടുക്കാതെ ജീവിക്കാനാണ് എനിക്കിഷ്ട്ടം. വെറുതെ പ്രോജക്റ്റ് പണിയൊന്നും എടുക്കാൻ എനിക്ക് വയ്യ…!”


ഞാൻ ഞെട്ടി, മറ്റാരും ( പ്രത്യേകിച്ച് പെൺപിള്ളേര് ) കേട്ടില്ലായെന്നു ഉറപ്പു വരുത്തിയ ശേഷം , ഞാൻ അവനോടു ആവതും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു,


"എടെ.. എടെ.. നമുക്ക് ആദ്യം തന്നെ അങ്ങനെ വന്നു ലീഡ് ആകാൻ പറ്റില്ല ... കുറച്ചു നാളെങ്കിലും പ്രോജെക്ടിൽ എന്തേലും പണിയെടുത്താലേ, പിന്നെ ഇങ്ങനെ പണിയെടുക്കാതെ, ലീഡെന്നൊക്കെ പറഞ്ഞു റസ്റ്റ് എടുക്കാൻ പറ്റൂ..”


ഞാൻ എന്തൊക്കെ പറഞ്ഞിട്ടും, ഇനി ജീവിതത്തിൽ പണിയെടുക്കുന്നെങ്കിൽ, അതെന്നെ പോലെ ഒരു പ്രോജക്റ്റ് ലീഡ് എന്ന് വാശിപിടിച്ചു നിന്ന അവനോടു, ഞാൻ ഒടുവിൽ, കമ്പനികളിലെ സ്ഥിരം നമ്പറായ, പതിനെട്ടാമത്തെ മാനേജ്‌മെന്റ് അടവിറക്കി…


"എന്നാൽ ഞാൻ PM നോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കട്ട് .. നീ വേറെയാരോടും പറയരുത്, രഹസ്യമായിരിക്കണം! കാര്യങ്ങൾ കുറച്ചു ടഫ് ആണ് , പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും. പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം... എന്നാലേ, ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ”.


അങ്ങനെ, 'ഗബ്രോം കി സിന്ദഗി കഭി കഭി ജാത്തി ഹെ... ' എന്ന ഹിന്ദി പഴംചൊല്ല് പ്രകാരം, അടുത്ത രണ്ടു മൂന്നു കൊല്ലം ഇതും പറഞ്ഞു മോഹിപ്പിച്ചു, ആ പാവത്തിനെ കൊണ്ട് ആത്മാർത്ഥമായി പണിയെടുപ്പിച്ചു നന്നാക്കിയെടുക്കണമെന്നെല്ലാം ആലോചിച്ചു നടക്കുമ്പോൾ, പുറകീന്നു എന്റെ മാനേജർ തോളത്തു തട്ടി പറഞ്ഞു,


"നീ നേരത്തെ പറഞ്ഞ, നിന്റെ പ്രൊമോഷൻ കാര്യം, ഞാൻ ഡയറക്ടറോട് ഒന്ന് റെക്കമെന്റ് ചെയ്തു നോക്കി.. കാര്യങ്ങൾ കുറച്ചു ടഫ് ആണ്, പക്ഷേ , ഞാൻ ഒന്ന് ശ്രമിക്കട്ടെ... ചിലപ്പോൾ ഒരു ആറു മാസം വരെയൊക്കെ എടുക്കും കേട്ടോ! പക്ഷേ, അത് വരെ നീ നല്ലോണം പണിയെടുത്തു നിന്റെ കഴിവ് തെളിയിക്കണം… എന്നാലേ , ഞാൻ പറയുന്നത് അവര് വിശ്വസിക്കൂ..!”


< ഈ കഥ തുടർന്നോണ്ടിരിക്കും >


[ http://emashi.in/oct-2016/story-shaheem.html ]

Tuesday, October 11, 2016

... ആദ്യ കവിത വന്ന വഴി ...



കോളേജിൽ പഠിക്കുമ്പോൾ, ഞാൻ ആദ്യമായി കവിത എഴുതിയതിന്റെ, ആ 'ടെക്ക്നിക്'  ഇവിടെ നിങ്ങൾക്കായി ഇതാ , ഞാൻ വെളിപ്പെടുത്തട്ടെ ... 


ഞങ്ങളുടെ ഇംഗ്ലീഷ് ട്യൂഷൻ ക്ലാസ്സിൽ ,SN വിമൻസ് കോളേജിൽ പഠിക്കുന്ന , വായ തുറന്നാൽ പിന്നെ നിർത്താതെ ( അവിടത്തെ ഇംഗ്ലീഷ് സാറിനെക്കാളും നന്നായി )  ഇംഗ്ലീഷ് സംസാരിക്കുന്ന, പച്ച പരിഷ്ക്കാരി പെൺ കൊച്ചു , 'കൊച്ചമ്മണി'  ( Note  :: യഥാർത്ഥ പേരല്ല ! ഇത് ആ കൊച്ചിന്റെ ക്ലാസ്സിലെ ശാസ്ത്രീയ നാമം ആണ് , പിന്നല്ല !! ) , അവരുടെ കോളേജ് മാഗസിനിൽ എഴുതിയ , ഒരു കലക്കൻ 8 വരി സെൻറ്റി ഇംഗ്ലീഷ് കവിത , ഞങ്ങളുടെ ക്ലാസ്സിലെ  വിമൻസ് കോളേജ് സ്പെഷ്യലൈസ്ഡ് പ്രത്യേക റിപ്പോർട്ടർ, ഹംസൻ കുമാരൻ ഞങ്ങളെ കാണിക്കുന്നു. ആ ദുഃഖ കവിത വായിച്ച പലരുടെയും കണ്ണ് നിറഞ്ഞെങ്കിലും , "എനിക്കൊരു വരി പോലും മനസ്സിലാവുന്നില്ലല്ലോ പടച്ചോനെ !" എന്നോർത്ത് എന്റെയും കണ്ണ് നിറഞ്ഞു തുളുമ്പി !! അന്ന് ആ കവിത വായിച്ച പല അലവലാതികളും , കിട്ടിയ ചാൻസിനു , ആസ്വാദനം / സംശയം / ആശയസംവാദം എന്നൊക്കെ പറഞ്ഞു , അതിലെ അവർക്കു ഏതാണ്ട് പിടി കിട്ടിയ , ഏതോ വരിയുടെ അറ്റവും അരികും ഒക്കെയെടുത്തു , കൊച്ചമ്മിണിയോട് മണിക്കൂറോളം മുടിഞ്ഞ ചർച്ച !!! ഒരു വരിപോലും പിടികിട്ടാത്ത ഞാൻ  , എങ്ങനെ വത്യസ്തമായി , കൊച്ചമ്മണിയെ ഇമ്പ്രെസ്സ് ചെയ്യാം എന്നാലോചിച്ചിരിക്കുമ്പോൾ, മനസ്സിൽ ആ ഐഡിയ മിന്നി മറഞ്ഞു.... കൊച്ചമ്മിണിയുടെ പ്രിയ കവിതയുടെ മലയാള പരിഭാഷ !!! ഇതിൽ , രണ്ടുണ്ട് ഗുണം , എന്തായാലും കവിതയുടെ അർഥം അറിയാൻ , ഞാൻ ഡിക്ഷണറി ഇരുന്നു തപ്പണം , എന്നാൽ പിന്നെ , ആ മിനക്കേടിനു ബദലായി , അതിന്റെ മലയാള പരിഭാഷയും അങ്ങ് ആയിക്കോട്ടെ !!!


ആകെയുള്ളതു , 8 വരിയാണേലും , ഏതാണ്ട് രണ്ടു ദിവസം , ശനിയും ഞായറും  കുത്തിയിരുന്ന് , ഡിക്ഷ്ണറി നോക്കി തപ്പി പിടിച്ചു ഞാൻ എഴുതി ഒപ്പിച്ച , എന്റെ മലയാള പരിഭാഷ കവിതയുമായി ; തികളാഴ്ച രാവിലെ , കൊച്ചമ്മിണിയോട്, "സർപ്രൈസ്... ടങ്കഡാ ...."  എന്നും പറഞ്ഞു , വായിക്കാൻ കൊടുത്തു. അമ്മിണിയുടെ മുഖത്തെ അന്താളിപ്പ് കാണാൻ കാത്തിരുന്ന എന്നെ , അന്തവും കുന്തവും വിടുവിച്ചു കൊണ്ട് , അമ്മിണി മൊഴിഞ്ഞു ,


" നല്ല നൈസ് കോമെഡി കവിത.. ഈഫ് യു ഡോണ്ട് മൈൻഡ് , ഞാൻ ഇതിനെ  ഇംഗ്ലീഷിലേക്കു ട്രാൻസ്ലേറ്റ് ചെയ്തു എഴുതിക്കോട്ടെ .... " !!!!!!


അന്ന് , ജീവിതത്തിൽ ആദ്യമായി , എനിക്ക് ഇംഗ്ലീഷ് നല്ലോണം അറിയാത്തതിലും, ഞാൻ എത്ര അർത്ഥം നോക്കിയാലും ഒരിക്കലും ഒരു വാക്കു പോലും ശരിയാവാത്തതിലും , അഭിമാനം തോന്നിയ , ആ അസുലഭ നിമിഷത്തിൽ , എനിക്കൊരു വലിയ ലോക സത്യം പിടി കിട്ടി .....


" ഈ ഇംഗ്ലീഷും , കവിതയും , കൊച്ചമ്മിണിയും , ഡിക്ഷ്ണറിയും , മാങ്ങയും , തേങ്ങയും ഒന്നുമല്ല വലിയ കാര്യം...  നമുക്കൊന്നും അറിയില്ല എന്ന് മറ്റുള്ളവർ അറിയാതിരിക്കുന്നതും , പിന്നെ , 'ഇതാണോ അത് ? ' 'അതോ , അതാണോ ഇത് ' എന്നൊക്കെ മറ്റുള്ളവരെക്കൊണ്ട് സംശയം തോന്നിപ്പിക്കുന്നതാണ് , പലരുടെയും ജീവിത വിജയ രഹസ്യം " !!!


എന്തിനധികം പറയുന്നു , പിന്നെ എപ്പോഴെങ്കിലും ഒക്കെ , പുതിയൊരു മലയാള കവിത എഴുതണം എന്ന് തോന്നുമ്പോൾ , ഏതേലും ഒരു ഇംഗ്ലീഷ് കവിതയെടുത്തു , അതിന്റെ പരിഭാഷയെഴുതി , സന്തോഷിക്കുമായിരുന്നു , ഈ മലയാള യുവ കവി !!!!


പണ്ടത്തെ ആ ഇംഗ്ലീഷ് കവിത ഇപ്പോഴെനിക്ക് നല്ലോണം ഓർമ്മയില്ലെങ്കിലും, ഓർമ്മയിലുള്ള അതിലെ ഒരു വരിയും  അതിന്റെ മലയാള പരിഭാഷയും , നിങ്ങൾക്ക് ഒരു സാമ്പിളിനായി , ഇവിടെ കൊടുക്കുന്നു ...


കൊച്ചമ്മിണീസ് ഇംഗ്ലീഷ് :: " Humple, Simple , Honest ; "


എന്റെ പരിഭാഷ : " ഹമ്പട കോമാ ... സിംപിളാ  കോമാ ... സത്യം കുത്തടി കോമാ "...


< എൻഡ് ഓഫ് മൈ കുമ്പസാരം >



 

Monday, October 3, 2016

... സ്വപ്നം ...



നല്ല ഉറക്കത്തിൽ നിന്നും അവൻ ഞെട്ടിയുണർന്നു. പേടിച്ചു വിറച്ചു അവന്റെ ശരീരം വല്ലാതെ വിയർക്കുന്നുണ്ട് . ഒരു സ്വപ്നം കണ്ടതാണ് കാര്യം എന്നവൻ തിരിച്ചറിഞ്ഞിട്ടും , എന്ത് കൊണ്ടോ ആ സ്വപ്നത്തിനു അവനോടു എന്തൊക്കെയോ പറയാൻ ഉണ്ടെന്നു, അവനു തോന്നി.


സ്ഥലകാല ബോധം തിരിച്ചു കിട്ടിയപ്പോൾ, അവൻ ചുറ്റുപാടും ശ്രദ്ധിച്ചു.  ദൂരെയെവിടെയോ അമ്പലത്തിൽ സുപ്രഭാതവും, ചർച്ചിൽ പ്രാർത്ഥനയും,  പള്ളിയിൽ ബാങ്ക് വിളിയും ഒക്കെ ഒന്നിച്ചു കേൾക്കുന്ന പോലെ തോന്നുന്നുണ്ട് ! കളകളം ഒഴുകുന്ന അരുവിയും,  ലല്ലലം ചൊല്ലുന്ന കിളികളും , തന്നന്നം പാടുന്ന തെന്നലും , ചലപില ചിലക്കുന്ന ഇലകളും, അങ്ങനെ ഏതാണ്ടൊക്കെ എങ്ങാണ്ടൊക്കെ അവനു കേൾക്കുന്ന പോലെ ഒരു തോന്നൽ ! തിരക്ക് പിടിച്ച ഈ നഗരത്തിലെ , വെളിച്ചം പോലും കയറാത്ത ,  തന്റെ എ.സി മുറിയിൽ, ഇതൊക്കെ എവിടെ നിന്ന് കേൾക്കാൻ എന്നവൻ ആലോചിച്ചു . കാര്യങ്ങൾ എല്ലാം മൊത്തത്തിൽ ശരിയല്ല ! അവൻ ഉടനെ ഫോൺ എടുത്തു കുത്തി , പേർസണൽ സെക്രട്ടറി സുബ്ബു് എന്ന സുബ്രഹ്മണ്യത്തെ വിളിച്ചെഴുന്നേൽപ്പിച്ചു . സുബ്ബു്വിനു എന്താണ്അവിടെ സംഭവിക്കുന്നതെന്ന് മനസ്സിലാവും മുൻപ് തന്നെ , മുതലാളിയായ അവൻ അവന്റെ ആ മനോഹരമായ സ്വപ്നം, വിസ്തരിച്ചങ്ങട്ട് പറഞ്ഞു തുടങ്ങി ...


"ആകാശത്തു , അവന്റെ തലയ്ക്കു മുകളിലായി വലിയ ഒരു ലഡ്ഡു ! അതിനു ചുറ്റും വേറെയും പല വലിപ്പത്തിലും നിറത്തിലും ഒക്കെയുള്ള കുറെ ലഡ്ഡുകൾ !! ലഡ്ഡുകളിൽ എല്ലാം എവിടെ നിന്നോ സ്വർണ്ണ നിറത്തിലുള്ള പ്രകാശം പതിക്കുന്നുണ്ട്. ചില ലഡ്ഡുകൾ വട്ടത്തിലോ ചരിഞ്ഞോ ഒക്കെ കറങ്ങുന്നുണ്ട്. ചെറിയ ചില ലഡ്ഡുകൾ വലിയ ലഡ്ഡുകൾക്കു ചുറ്റും നിശ്ചിത പാതയിലൂടെ , നിശ്ചിത അളവിൽ , കറക്ട സമയം പാലിച്ചു , ചുറ്റുന്നുണ്ട് .. അവൻ എത്ര എണ്ണി നോക്കിയിട്ടും ലഡ്ഡുകളുടെ എണ്ണം തീരുന്നില്ല ! ചില സ്ഥലത്തു , ചൂട് ലഡ്ഡു ! ചില്ലയിടത്തു തണുത്ത ലഡ്ഡു ! ചിലയിടത്തു ലഡ്ഡുകൾ പൊട്ടിച്ചിതറുന്നു , എല്ലാ ലഡ്ഡുവും, ഒറ്റയ്ക്ക് തിന്നു തീർക്കണമെന്ന വാശിയിൽ അവൻ ലഡ്ഡുകളെയെല്ലാം അവന്റെ കയ്യിൽ എടുക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷെ , അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് , അവനു ഇപ്പോൾ ഒരു ഈച്ചയുടെ അത്ര പോലും വലിപ്പമില്ല ! ഇനി എത്ര കാലം എടുത്താലും , അവനെത്ര ശ്രമിച്ചാലും , അതിലൊരു ലഡ്ഡുവിന്റെ , ഒരു തരിയുടെ, ഒരംശം പോലും , അവനു തിന്നു തീർക്കാനാവില്ല !  തന്റെ കയ്യെത്തും ദൂരത്തു വീണു കിട്ടിയ, ഈ മഹാഭാഗ്യം മൊത്തം അനുഭവിക്കാൻ കഴിയാതെ , താൻ ഇവിടെ തോറ്റു പോകുമല്ലോ  എന്ന സങ്കടം കാരണം , ജീവിതത്തിൽ എപ്പോഴും എല്ലായിടത്തും മനസ്സിൽ ലഡ്ഡു പൊട്ടി മാത്രം ശീലമുള്ള , ആ പാവം കൊച്ചു മുതലാളിത്ത മനസ്സ്, പരാജയഭാരത്തിൽ നീറി , അവൻ കരഞ്ഞു തളരുകയാണ്... "


നട്ട പാതിരക്കു , നല്ല ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചു , മുതലാളി പറഞ്ഞ വട്ടു കഥകേട്ടപ്പോൾ , സുബ്ബുവിന്റെ വായിൽ ആദ്യം വന്നത്, ലഡ്ഡുവിന്റെ വലിപ്പത്തിലുള്ള മുഴുത്തൊരു തെറിയാണേലും ,  മറുവശത്തുള്ളത് തന്റെ എല്ലാമെല്ലാമായ, കൺകണ്ട ദൈവം , മുതലാളിയായതു കൊണ്ടു മാത്രം , അപ്പോൾ പറയാനിരുന്ന വാക്കുകൾ, ലഡ്ഡുവെന്നു കേട്ടപ്പോൾ, വായിൽ വന്ന വെള്ളത്തോടൊപ്പം , അങ്ങ് നുണഞ്ഞിറക്കി. എന്നിട്ടു എന്തെങ്കിലും പറയണമല്ലോ എന്നും കരുതി ,സുബ്ബു സ്വാമി ഇങ്ങനെ മൊഴിഞ്ഞു ...


" മുതലാളി , പറഞ്ഞു കേട്ട ലക്ഷണം വെച്ച് , ഇത് ഒരു സൂചന തന്നെയാണ് ,  ഇനിയിപ്പോൾ നമ്മൾ ഒരിക്കലും , ബേക്കറി ബിസിനസ്സും സ്വർണ്ണ ബിസിനസ്സും,ഒന്നിച്ചു  ചെയ്യാൻ പാടില്ല , എന്നാണോ ഈ സ്വപ്നത്തിന്റെ , അർത്ഥം.. ? " !!!


" എന്നാൽ സ്വാമി പോയി കിടന്നുറങ്ങു, ഗുഡ് നൈറ്റ് " എന്നും പറഞ്ഞു ഫോൺ വെച്ച്, തന്റെ ബെഡിൽ തിരികെ കിടന്ന അവനു ഒരു കാര്യം ഉറപ്പായിരുന്നു.


ഈ ഒരു ചെറിയ സ്വപ്നം, വേറെയാരോട് പറഞ്ഞാലും അവർക്കു മനസ്സിലാവില്ലെങ്കിലും , ജീവിതത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അവന്റെ ചിന്താഗതിയെ മാറ്റി മറിക്കും ! കാരണം , ജീവിതത്തിൽ അതുവരെ ഉത്തരങ്ങൾ മാത്രം ഉണ്ടായിരുന്ന അവന്റെ മനസ്സിൽ ഇപ്പോൾ , അവനു എന്തൊക്കെയോ മാറ്റം ഉണ്ടോ, എന്ന ഒരു ചെറിയ ചോദ്യം തോന്നിത്തുടങ്ങിയിരുന്നു !



< ശുഭം >














Monday, August 15, 2016

... അരസികന്മാർ കണ്ട 'ആർട്ട് ഷോ' ...



വഴക്കു പക്ഷി ഓൺലൈൻ മാഗസിനിൽ പ്രസിദ്ധികരിച്ച കഥ വായിക്കാൻ , എന്റെ പ്രിയ വായക്കാരെ ക്ഷണിച്ചു കൊണ്ട് ,


http://vazhakkupakshi.blogspot.com/2016/08/blog-post_14.html



നോട്ട് :: ഈ കഥ ചിലപ്പോൾ നിങ്ങളുടെ ചിത്ര കലാ/ ശില്പകലാ  ആസ്വാദന വികാരങ്ങളെ മുറിവേൽപ്പിച്ചേക്കാം...


സ്നേഹത്തോടെ ,
ഷഹീം.



Friday, August 5, 2016

... നകുലേട്ടന്റെ ഹാപ്പി വീക്കെൻഡ് ... ( എ ഫാമിലി ത്രില്ലെർ )



നകുലൻ :: " ഗംഗ , എങ്ങോട്ടാ ?"
ഗംഗ :: " അല്ലിക്കു ആഭരണം എടുക്കാൻ ..."
നകുലൻ :: " ഗംഗ ഇപ്പോൾ പോവണ്ടാ ..."


വെറും മൂന്നേ മൂന്നു ഡയലോഗിൽ സിനിമയിൽ പറഞ്ഞു തീർന്ന , ഈ ലോക പ്രശസ്ത കുടുംബ കല്ലുപ്പ് സിറ്റുവേഷൻ , ഒന്ന് തല തിരിച്ചു ചിന്തിച്ചു , നകുലനാണു അല്ലിക്കു ആഭരണം എടുക്കാൻ പോകാനിരുന്നതെങ്കിൽ ,  എന്നതാണ് ഇനി പറയാൻ പോകുന്ന ഈ കുടുംബ കഥയുടെ ത്രെഡ്...


 കഥ .... " നകുലേട്ടന്റെ ഹാപ്പി വീക്കെൻഡ് "...  ( എ ഫാമിലി ത്രില്ലെർ )



ഗംഗ :: " അല്ല നകുലേട്ടാ! ഇതെന്താണ് ശനിയാഴ്ച രാവിലെതന്നെ കുളിച്ചൊരുങ്ങി !! ഓഫീസൊന്നും ഇല്ലല്ലോ , പിന്നെ എങ്ങോട്ടാണ്  "


നകുലൻ :: " ഒന്ന് പുറത്തു ഇറങ്ങി വരാം "


ഗംഗ :: " ഈ പുറത്തുന്നുള്ളതിനു പേരൊന്നും ഇല്ലേ ! ഒരു വീക്കെൻഡ് പോലും വീട്ടിൽ അടങ്ങി ഇരിക്കരുത് .. എവിടേലും ഒക്കെ ഇറങ്ങി പൊയ്ക്കോണം "


നകുലൻ :: " എടി ... ഇന്നല്ലേ അല്ലിക്കു ആഭരണം എടുക്കാൻ എല്ലാരും പോന്നത് , ഞാനും അവരുടെ കൂടി ഒന്ന് പോയേച്ചു പെട്ടെന്ന്  വരാം "


ഗംഗ :: " അല്ലിക്കു ആഭരണം എടുക്കാൻ അവളുടെ വീട്ടുകാര് മൊത്തം കെട്ടിയൊരുങ്ങി പൊന്നുണ്ടല്ലോ ! ഇനിയെന്താ ,വാങ്ങുന്ന ആഭരണം എടുത്താൽ പൊങ്ങില്ലേ, കൂടെ വേറെയും ആളു "

നകുലൻ :: "നീ രാവിലെ തന്നെ ചൊറിച്ചിൽ ആണല്ലോ ! നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ വേറെ പരിപാടിയൊന്നും ഇല്ലേൽ ,അവരുടെ കൂടെയൊന്നു പോകും എന്ന് "


ഗംഗ ::"പോയാലോ എന്ന് ചിന്തിക്കുന്നു എന്നല്ലേ പറഞ്ഞത് , പോന്നെന്നു പറഞ്ഞില്ലല്ലോ !!  "


നകുലൻ ::" ഞാൻ രാവിലെ എന്താ ഇന്നത്തെ പരിപാടി എന്ന് ചോദിച്ചപ്പോൾ , എനിക്ക് മടിയാവുന്നു , ഒന്നുമില്ല എന്നല്ലേ നീ പറഞ്ഞത് !  നിന്റെ മുന്നിൽ വച്ച് അല്ലെ ഞാൻ അവരെ ഫോൺ വിളിച്ചു , ഞാനും കൂടി വരാമെന്നു പറഞ്ഞത് ... അപ്പോഴൊന്നും നീ ഒന്നും മിണ്ടിയില്ലല്ലോ .. "


ഗംഗ ::" എന്നോട് ചോദിച്ചാലല്ലേ മിണ്ടാൻ പറ്റു ... അല്ലാതെ , കേൾക്കുന്ന എല്ലാത്തിനും കയറി മിണ്ടാൻ പറ്റില്ലല്ലോ ! അത് മാത്രമല്ല , ഞാൻ അതൊന്നും കണ്ടുമില്ല , കേട്ടുമില്ല ... "



നകുലൻ ::" ശരിയിപ്പോൾ , ഞാൻ എന്ത് വേണം ... ആഭരണം എടുക്കാൻ പോണോ , വേണ്ടായോ ? "


ഗംഗ ::" അത് ഞാൻ ആണോ ഇവിടെ തീരുമാനിക്കുന്നത്.. നിങ്ങള് പൊയ്ക്കോ , എന്നിട്ടു നാട്ടിൽ വേറെ ആർക്കെങ്കിലും ആഭരണം എടുക്കാനുണ്ടെങ്കിൽ , അതുമൊക്കെ കഴിഞ്ഞു ,അല്ലിയുടെ കല്യാണം ഒക്കെ കഴിഞ്ഞു പയ്യെ ഇങ്ങു വന്നാൽ മതി .."



നകുലൻ ::" ശരി ശരി , ഇനി അതിനൊരു പ്രശ്നം വേണ്ട ..ഞാൻ അവരെ വിളിച്ചു എന്നാൽ വരുന്നില്ലെന്ന് പറയാം ... "


ഗംഗ ::" ബെസ്ററ് , അല്ലേൽ തന്നെ ശ്രീദേവിയും അമ്മാവനും ഒക്കെ ഞാൻ ആണ് എപ്പോഴും എല്ലാം കൊളമാക്കുന്നതെന്നാണ് പറയാറ് .. ഇനിയിപ്പോ ഇതും കൂടിയായാൽ  എല്ലാർക്കും കോളായി "


നകുലൻ ::" എന്നാൽ , ഞാൻ പോയി പെട്ടെന്ന് വരാം .. അപ്പോഴേക്കും നീ റെഡി ആയി ഇരിക്ക്... "


ഗംഗ ::"ഞാൻ എന്ത് റെഡി ആകാൻ. ഞാൻ ഇനി ഈ വീട്ടിനു എവിടെയും ഇറങ്ങുന്നില്ല ... ഇവിടെ തന്നെ ഇങ്ങനെ അടുക്കളയിൽ പണിയെടുത്തു സുഖിച്ചു ജീവിച്ചോലാം ... നകുലേട്ടൻ സമയം കളയാതെ പോയി അല്ലിക്കു ആഭരണം എടുക്കാൻ നോക്ക്.... "




പിന്നെയങ്ങോട്ട് നകുലേട്ടൻ കണ്ണും ചുവന്നു  'ഗംഗേ.... " എന്ന് നിലവിളിയായി , അങ്ങോട്ടും ഇങ്ങോട്ടും തെറിയായി , ദുര്ഗാഷ്ടമിയായി , രക്തം കുടിക്കലായി ,  എന്തിനേറെ പറയുന്നു സുഹൃത്തുക്കളെ , നകുലേട്ടന്റെ ആ വീക്കെൻഡ് അങ്ങനെ മൊത്തത്തിൽ ഹാപ്പി ആയി,കുളമായി , കൊണാട്ടയായി ...


< എല്ലാം ശുഭം >






Friday, July 29, 2016

...കപ്പിനും ചുണ്ടിനും ഇടയിൽ വഴുതി പോയ ചില വിജയങ്ങൾ ...( ആത്മകഥ )



പണ്ട് SSLC പരീക്ഷയുടെ റിസൾട്ട് വന്ന ദിവസം , വെറും 300 മാർക്കിന്റെ വത്യാസത്തിൽ , എനിക്ക് ഒന്നാം റാങ്ക് നഷ്ട്ടപ്പെട്ട വേദനയും ഞെട്ടലും ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മാറിയിട്ടില്ല !


അപ്പോഴാണ് , ഇന്ന് ഫോബ്‌സ് മാഗസിൻ, ലോകത്തിലെ വലിയ പണക്കാരുടെ പട്ടിക പുറത്തു വിട്ടു , വീണ്ടും എന്റെ ആ പാവം മനസ്സിനെ കുത്തിനോവിച്ചതു !!!


ആദ്യത്തെ 100 പണക്കാരുടെ പേരുള്ള ലിസ്റ്റിൽ , എന്റെ ഭവ്യത ഒന്ന് കൊണ്ട് മാത്രം , നൂറിൽ നിന്നും താഴേക്കു ഒന്നിലേക്കാണ്, ഞാൻ പയ്യെ പയ്യെ നോക്കിയത് , ആദ്യത്തെ തൊണ്ണൂറു കഴിഞ്ഞു കാണാതായപ്പോൾ , ഞെഞ്ചിടിപ്പിന്റെ വേഗം കൂടി , ശെടാ , ആദ്യ പത്തിൽ തന്നെ ഞാൻ ഇടം പിടിച്ചോ ! നാളെയിനി മനോരമക്കാരൊക്കെ വിളിച്ചു ചോദിക്കുമ്പോൾ ഞാൻ എന്തൊക്കെ പറയും , പണ്ട് കഷ്ട്ടപ്പെട്ടതും , ഹോട്ടലിൽ പോയി ഇറച്ചി കറി വാങ്ങാൻ കാശ് തികയാതെ ആയപ്പോൾ , സാമ്പാർ ഒഴിച്ച് പൊറോട്ട തിന്നതും , ഒക്കെ പറയണോ ! ബാംഗ്ലൂരിൽ ജോലി തിരക്കി അലഞ്ഞു തിരിഞ്ഞു നടന്നതൊക്കെയൊന്ന് പൊലിപ്പിച്ചു പറയണം. ജീവിതത്തിൽ എന്തേലും ഒരു സംഭവം കൊണ്ടാണ് ലക്ഷ്യബോധം വന്നതെന്നും ഒക്കെയൊന്നു പറയണം. ശെടാ , അവസാനത്തെ അഞ്ചു പേരെ ഇനിയുള്ളു !! ഇപ്പോൾ ശരിക്കും ടെൻഷൻ ആയി !!! നിങ്ങളോടു സത്യം പറയാലോ , ഇത്രയും വലിയ വിജയം ഞാൻ ഒരിക്കലും കരുതിയിരുന്നില്ല ! എന്തായാലും , കണ്ണടച്ച് ഞാൻ ഓരോ പേരായി മേൽപ്പോട്ടു വായിച്ചു .....


•#5 Jeff Bezos $45.2 B.
•#4 Carlos Slim Helu $50 B.
•#3 Warren Buffett $60.8 B.
•#2 Amancio Ortega $67 B.
•#1 Bill Gates $75 B.


എന്ത് .... ഇക്കൊല്ലവും ഞാൻ ലിസ്റ്റിൽ ഇല്ലെന്നോ ! ഇനി ബിബിസി ക്കു തെറ്റിയതാണോ എന്നറിയാൻ ഫോബ്‌സിന്റെ വെബ് സൈറ്റിൽ പോയി തന്നെ ശരിക്കും നോക്കി !! അങ്ങനെ ഇക്കൊല്ലവും , $75 ബില്യണ് ഏതാനും നിസാരമായ കാശിന്റെ കുറവ് കൊണ്ട് എനിക്ക് വീണ്ടും ഒന്നാം സ്ഥാനം നഷ്ടമായി !!!


ഡെസ്പ്പ് അടിച്ചു, അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫോണിൽ കൂട്ടുകാരന്റെ കാൾ ... " അളിയാ , എനിക്ക് തരാനുള്ള പത്തു ഡോളർ ഇന്ന് എടുക്കാൻ കാണുമോ ? " ;


"എന്തുവാടെ ഇത് , ഒന്നാം തിയതി ശമ്പളം കിട്ടിയിട്ട് തരാമെടെ... നീയിങ്ങനെ എല്ലാ മാസവസാനവും വിളിച്ചു ചോദിക്കണ്ട... " എന്നും പറഞ്ഞു അവനെ പതിവ് പോലെ സമാധാനിപ്പിച്ചു , ഞാൻ വീണ്ടും ഫോബ്‌സിന്റെ വെബ്സൈറ്റ് റിഫ്രഷ് ചെയ്തു , ഒന്ന് കൂടി നൂറിൽ നിന്നും മുകളിലോട്ടു നോക്കി തുടങ്ങി , ഇനിയിപ്പോൾ അവർക്കു ആദ്യം തെറ്റിയതും ആവാലോ !!!


< ശുഭം , ഇനിയിപ്പോൾ 2017 ഇലെ ലിസ്റ്റ് കാത്തിരിക്കാം >

Friday, July 15, 2016

...ഭീകരൻസ് ഡെയിലി സ്റ്റാറ്റസ് മീറ്റിംഗ്...



IT പ്രൊഫെഷണൽ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഭീകര താവളം ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കിൽ, അവിടൊരു മലയാളിയെങ്കിലും ഉണ്ടെങ്കിൽ ,അവിടത്തെ  Team സ്റ്റാറ്റസ് മീറ്റിംഗ്  ഇങ്ങനെയാകാൻ ആണ് സാധ്യത  ,


:: 9 am to 10 am ഡെയിലി സ്റ്റാറ്റസ് മീറ്റിംഗ് ::


ഭീകരൻ PM :: "ഇതെന്തോന്ന് ലീഡ് , സമയം ഉച്ച ആവാറായി ! എവിടെ നമ്മുടെ ഭീകര റിസോർസുകൾ ! ഒന്നിനെയും കാണുന്നില്ലല്ലോ ? വർക് ടൈം 8 to 6 ആണെന്നറിയില്ലേ ?"


ഭീകരൻ ലീഡ്:: " എല്ലാത്തിനും ഇന്നലെയും കൂടി മെയിൽ അയച്ചതാണ്. പക്ഷെ , എന്തു ചെയ്യാൻ !! നമുക്ക് പറയാനല്ലേ പറ്റൂ , ചാകാൻ റെഡി ആയി വന്നവൻ മാരെ , ഇനി നമുക്ക് കൊല്ലുമെന്ന് പറഞ്ഞു പോലും പേടിപ്പിക്കാൻ പറ്റില്ലല്ലോ !!! "


ഭീകരൻ PM :: "ശരി , ശരി ... അവന്മാര് വരട്ടെ , ഇന്നത്തെ ആളുകളുടെ സ്റ്റാറ്റസ് പറ  "


ഭീകരൻ ലീഡ്:: " ഇന്നിപ്പോ ജീവനോടെയുള്ള ഭീകരര് 2 , ഇന്നലെ തീർന്നത് 4, നമുക്ക് തീർക്കാൻ പറ്റിയത് ആകെ 0 "


ഭീകരൻ PM :: " എന്തു !!! നീയൊക്കെ എന്റെ ജോലി കളയും !!! 6 പേര് പോയി, 4 പേരു  പടമായിട്ടു , ആകെ തട്ടിയത് പൂജ്യമോ !!!  ഇതാണോ നമ്മുടെ പ്രൊഡക്ടിവിറ്റി ? കഷ്ട്ടം തന്നെ ! എത്രയായിരുന്നു ടാർഗറ്റ് ? "


ഭീകരൻ ലീഡ്:: " അതു ... എസ്റ്റിമേറ്റ് 50. നമ്മുടെ ആളുകൾ കൊണ്ടു പോയ ബോംബ് പൊട്ടിയില്ല , പ്രൊഡക്ഷൻ ഇഷ്യു ! ഞാൻ ഇന്ന് കാര്യം അന്വേഷിച്ചു ... ടെസ്റ്റിംഗ് ടീമ് പറയുന്നത് പൊട്ടിക്കുന്നത് ഒഴിച്ചു ബാക്കിയെല്ലാം ലാബിൽ വർക്ക് ചെയ്തതാണ് എന്നു ! ഡെവലപ്പർ പറയുന്നത് B.A പറഞ്ഞതെല്ലാം  ചെയ്‌തെന്നാണ് , റിക്വയർമെന്റിൽ എറിഞ്ഞാൽ പൊട്ടണമെന്നു പ്രത്യേകം പറഞ്ഞിട്ടില്ല എന്നാണ് Dev  മാനേജർ പറയുന്നത് !!!  "


ഭീകരൻ PM :: " അപ്പൊ പിന്നെ , ബാക്ക് ആപ്പ് ആയി ലവന്മാര് തോക്കു കൊണ്ടു പോയത് തിന്നാനാണോ ? "


ഭീകരൻ ലീഡ്:: " അതു ... അതു ... പ്രോസസ്സ് പ്രകാരം  അവര് തോക്കെടുത്തെങ്കിലും , ആവശ്യം വരില്ലെന്ന് വിചാരിച്ചു ഉണ്ട എടുത്തില്ല  ! "



ഭീകരൻ PM :: " രക്ഷപ്പെട്ട രണ്ടെണ്ണം ! അവര് മിടുക്കരാണോ ? "


ഭീകരൻ ലീഡ്:: " അതൊലൊന്നു പുതിയതായി വന്ന ആന്ധ്രക്കാരൻ , ആള് ഫെയിക്ക് ആണെന്ന് തോന്നുന്നു , 10 ബോംബിട്ടു 100 പേരെക്കൊന്നു എന്നൊക്കെ റെസ്യുമിൽ ഉണ്ടായിട്ടും , അവനെന്നോട് ഇന്നലെ രാവിലെ , ഇവിടെയുള്ള ബോംബ് കണ്ടു ചോദിക്കയാണ് , ഇതു ബോണ്ടയാണോ ചേട്ടാ , ഞാൻ ഒരെണ്ണം കഴിച്ചോട്ടെയെന്നു !! , ഞാൻ കരഞ്ഞു പോയി , പിന്നെ ഉടനെ ചാകാൻ പോകയല്ലേ എന്നോർത്തു ഞാൻ ഒന്നും പറഞ്ഞില്ല "


ഭീകരൻ PM::" മറ്റേവനോ ? "


ഭീകരൻ ലീഡ്:: " അതു പുതിയതായി വന്ന ഒരു മലയാളി ആണ് ... മുടിഞ്ഞ ജാഡയാണ് സാറേ ! അവനോടു ബെൽട് ബോംബിടാൻ ഞാൻ പറഞ്ഞപ്പോൾ അവൻ പറയാണ്‌ , ഞാൻ ആദ്യ അതിട്ടു പൊട്ടിച്ചു കാണിച്ചു തന്നാൽ അവൻ പിന്നെ എപ്പോഴെക്കും സൗകര്യം പോലെ ഇട്ടു നോക്കിക്കൊള്ളാം എന്നു !! എങ്ങനെ അവന്മാര് രണ്ടും ജീവനോടെ തിരിച്ചെത്തിയെന്നതാണ് എനിക്കു ഇപ്പോഴും പിടികിട്ടാത്തതു ! "


ഭീകരൻ PM ::" ശെരി , ശെരി , എന്തായാലും എല്ലാരോടും അക്രമം നടത്തുമ്പോൾ നമ്മുടെ ഡ്രെസ്സ് കോഡ് ആയ , താടിയും തൊപ്പിയും , സ്ട്രിക്ട് ആയി ഫോളോ ചെയ്യാൻ പറയണം . അല്ലേൽ , നമുക്ക് ഒട്ടും മീഡിയ കവറേജ് കിട്ടില്ല ... "


ഈ സമയം , മീറ്റിംഗ് റൂമിലേക്ക്‌ തോക്കുമായി വിജയത്തിന്റെ ജാഡയിൽ കടന്നു വന്ന മലയാളി , പുറകെ വാളുമായി നടന്നു വരുന്ന ആന്ധ്രക്കാരനോട് പറഞ്ഞു ,


"ഓർമ്മയുണ്ടല്ലോ ഞാൻ പറഞ്ഞത് , നമ്മൾ ഇന്നലെ മുങ്ങിയെന്ന സത്യം ഒരുതരത്തിലും അവരറിയരുത് ... മാത്രമല്ല , ഇനി നമ്മൾ സാലറി കൂട്ടിത്തരാതെ അടുത്ത അക്രമത്തിനു പോകില്ലായെന്നും തറപ്പിച്ചു പറയണം...  ഞാൻ സംസാരിക്കാം , നീ കൂടെ സപ്പോർട് ചെയ്താൽ മതി... എനിക്കു ചെറിയൊരു പ്രൊമോഷൻ , നിനക്കൊരു സിറിയൻ ഓൺ സൈറ്റ് ട്രിപ്പ് ... അത്രയും ഞാൻ ഏറ്റു ! .. പിന്നെ , ചിലവുണ്ട് .... സിറിയയിലൊക്കെ പോയി , സായിപ്പന്മാരുടെ വെടിയേറ്റോക്കെ തീർന്നു , ചത്തു വലിയ ആളാകുമ്പോൾ നമ്മളെയൊന്നും മറക്കരുത് കേട്ടാ .... "


< എല്ലാം ശുഭം >

Tuesday, July 12, 2016

... വൺസ് അപ്പോൺ എ ടൈം ഇൻ എ ചായക്കട - ലവ് സ്റ്റോറി ...


Semester 1 :


" ... അവൾ ആരാണെന്നാണ് അവളുടെ വിചാരം ! ഇത്രയും ജാഡ പാടില്ല. നമുക്ക് എന്തെങ്കിലും ഒരു പണി കൊടുക്കണം ... "


തന്റെ കയ്യിലിരുന്ന പഴംപൊരിയുടെ ബാക്കിയുള്ള ആ വലിയ കഷ്ണം മൊത്തത്തിൽ  വായിലാക്കി ചവച്ചു , ആരോടൊക്കെയോ ഉള്ള ദേഷ്യം ആ പഴം പൊരിയോട് തീർത്തു , കിരൺ പിറുപിറുത്തു, താടി ചൊറിഞ്ഞോണ്ട് , അടുത്തിരുന്ന വരുണിനെ നോക്കി പറഞ്ഞു നിർത്തി...


വരുൺ കിരണിനോട് അതി ദയനീയമായി മൊഴിഞ്ഞു , " അളിയാ , നീ സംയമനം പാലിക്കണം , എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാകും... ഇതിപ്പോ നീ ദേഷ്യത്തിൽ തീർത്തത് 3 പഴംപൊരി , 2 ചായ , 1 വട ! കൺട്രോൾ അളിയാ , കൺട്രോൾ ... ദുഃഖം നിന്റെയാണെങ്കിലും , പോണത് എന്റെ കാശല്ലേ .... "


അത്രയും നേരം എല്ലാം ശ്രദ്ധിച്ചു മിണ്ടാതെ അടുത്തിരുന്ന SFI വിദ്യാർത്ഥി നേതാവ് സുദീപും കയ്യിലിരുന്ന പരിപ്പ് വട ഒരു കടി കടിച്ചു കൊണ്ടു വരുണിനോട് ചൂടായി ,


" Mr. വരുൺ , നീയൊരു ബൂർഷായെ പോലെ സംസാരിക്കുന്നു... ചങ്കു തകർന്നവന്റെ മനസ്സിന്റെ വേദന നീ കാണാതെ, അവൻ കഴിച്ചതിന്റെ കണക്കു നീ പറഞ്ഞത് വളരെ ചീപ്പ് ആയി പോയി "



കുറെ നേരം ആയി , കയ്യിലെ ബോണ്ട കറക്കി കറക്കി  ,കിരണിന്റെ  പ്രശ്നത്തിന് ഒരു സൊല്യൂഷൻ ആലോചിച്ചിരുന്ന , ബാലു ഇടയ്ക്കു എല്ലാരോടും കൂടി പറഞ്ഞു ,


"  ഒന്നു നിർത്തു ... എടാ കിരൺ , നീ പറ , എന്തു പണിയാണ് കൊടുക്കേണ്ടത് ? എന്തായാലും നിന്റെ കൂടെ ഞങ്ങൾ ഉണ്ട് "


കിരൺ ആലോചിച്ചു പറഞ്ഞു , " കോളേജിൽ അവൾക്കൊരു ഇരട്ട പേരിടണം ... എല്ലാരേയും കൊണ്ടു ആ പേര് വിളിപ്പിക്കണം .. എന്നിട്ടു ഭൂലോക സുന്ദരിയാണ് അവളെന്ന  ജാഡ മാറ്റി കൊടുക്കണം ... അത്രയും മതി അളിയാ "


"നമുക്കെന്നാ ചാള മേരിയെന്നു ഇട്ടാലോ ? അല്ലേൽ , ശൂർപ്പണഖ , നെത്തോലി ,  തെങ്ങു , പിണ്ണാക്ക് ... അങ്ങനെ എന്തേലും ... ? ".. തന്റെ വിപ്ലവ ബുദ്ധിയിൽ ഉരുത്തിരിഞ്ഞു വന്ന ആ കൊച്ചു ആശയം സുദീപ് ലോക്കൽ കമ്മിറ്റിയിൽ അവതരിപ്പിക്കുന്ന പ്രമേയത്തിന്റെ ഗൗരവത്തിൽ തന്നെ അവതരിപ്പിച്ചു .


" അപർണ്ണ സുന്ദരിയാണ് , പാവം കുട്ടിയും ... ആകെ ചെയ്തെന്നു കിരൺ ആരോപിക്കുന്ന കുറ്റം , കഴിഞ്ഞ 5 മാസമായി ആയി ഇവൻ എപ്പോഴും പിറകെ നടന്നിട്ടും , അവൾ ഇന്ന് വരെ ഇവനെയൊന്നും നോക്കിയിട്ടു പോലുമില്ല എന്നതാണ് . എങ്കിൽ , ഇവനൊഴികെ മറ്റെല്ലാവരോടും മിണ്ടുകയും ചെയ്യും... അതു കൊണ്ടു ആ കുട്ടിക്ക് ചേരുന്ന നല്ല പേരുകൾ മാത്രമേ നമ്മൾ പരിഗണിക്കാവൂ...  " .. വരുൺ പക്വതയോടെ ഒരു ആങ്ങളയുടെ ഉൾക്കരുതലോടെ പറഞ്ഞു നിർത്തി.



ബോണ്ട കറക്കി കൊണ്ടു ബാലു ആ പരമാർശം ശരിവെച്ചു ... " അതു ശരിയാണ് .. അതൊരു നല്ല കുട്ടിയാണ് , നമ്മുടെ ശോഭനയെ ഒക്കെ പോലെ സുന്ദരിയും ..."


"  ഒന്ന് പോടാ ..... ഒരു ശോഭന ,  അവൾ നാഗവല്ലിയാണ് . നാഗവല്ലി "... പറഞ്ഞു നിർത്തിയതും കിരൺ എന്തോ കണ്ടുപിടിച്ച പോലെ ചാടി എഴുന്നേറ്റു നിലവിളിച്ചു .... " യുറേക്ക , യുറേക്ക ... നാഗവല്ലി , അതു തന്നെ അവൾക്കു പറ്റിയ പേര്...  ഇനി അവളെ അതും പറഞ്ഞു കാണുമ്പോഴൊക്കെ ചൊറിഞ്ഞു  ചൊറിഞ്ഞു കുരു പൊട്ടിച്ചാൽ മതി .. അഹങ്കാരി "



ബാലു പെട്ടെന്ന് കയ്യിലിരുന്ന ബോണ്ട അറിയാതെ താഴെയിട്ടു ശബ്ദം താഴ്ത്തി പറഞ്ഞു , " എടാ പതുക്കെ , അവൾക്കു നൂറു ആയുസാണ് , ഇതാ അവളും കൂട്ടുകാരിയും ഇതു വഴി വരുന്നുണ്ട് ... "


എന്തിന്റെയൊക്കെയോ ആവേശത്തിൽ , പെട്ടെന്ന് ഒന്നും ചിന്തിക്കാതെ , അവളുടെ അടുത്തു ഓടിച്ചെന്നു , കിരൺ കൈകൊണ്ടു തടഞ്ഞു നിർത്തി പൊട്ടിത്തെറിച്ചു ....


" എടി , നീ ആരാന്നാടി നിന്റെ വിചാരം ... നിനക്കൊരു വിചാരം ഉണ്ട് നീ വല്യ ഭൂലോക സുന്ദരിയാണെന്ന് ... നീ വെറും നാഗവല്ലിയാടി, നാഗവല്ലി ... എത്ര നാൾ ആയി ഞാൻ നിന്റെ പിറകിലുണ്ടെന്നറിയോ , എന്നിട്ടു ഒരു നോട്ടം , ഒരു വാക്കു , ഒരു ചിരി ... എത്ര എത്ര സോപ്പുകൾ , പൗഡർ , സ്പ്രേ നിനക്കു വേണ്ടി ഞാൻ ഉപയോഗിച്ചു പാഴാക്കി എന്നറിയോ , നാഗവല്ലി... "


അപ്രതീക്ഷിതമായ ആ സിറ്റുവേഷനിൽ , കിരണിന്റെ കൈ തട്ടി നീക്കി , അപർണ്ണയും ഉറക്കെ കരഞ്ഞു പ്രതികരിച്ചു ... " ഇതിനാണോ വിഷ്ണുവേട്ടാ ഞാൻ കാത്തിരുന്നത് , ഇങ്ങനെയാണോ എന്നോട് ആദ്യം മിണ്ടേണ്ടത് .... ഇനി എനിക്കു കാണണ്ട പൊയ്ക്കോ ... " , എന്നും പറഞ്ഞു അവൾ ഓടി പോയി .


കിരണിനെ പിടിച്ചു മാറ്റാനായി ഓടിയടുത്തെത്തിയ വരുണും സുദീപും ബാലുവും പരസ്പരം ഒന്നും മനസ്സിലാവാതെ നോക്കി ,


" വിഷ്ണുവേട്ടാ !!! കാത്തിരുന്നത് !!! മിണ്ടേണ്ടത് !!!! പൊയ്ക്കോ !!! "... " സുദീപേ , അളിയാ , എന്തുവാടെ ഇതൊക്കെ ... ", വരുൺ വീണ്ടും വീണ്ടും ആലോചിച്ചു തല ചൊറിഞ്ഞു ....!

ബോണ്ട പോയ വിഷമം മുഖത്തു കാണാമെങ്കിലും , ബാലുവിന്റെ ഉള്ളിലെ ജെയിംസ് ബോണ്ട് ഉണർന്നു . നേരെ ഫോണെടുത്തു അപർണ്ണയുടെ ഹോസ്റ്റലിലെ തന്റെ രഹസ്യ ഏജന്റ് ശാലിനിയോട് മെസ്സേജ് കൈമാറി ...


"എത്രയും പെട്ടെന്ന് 'വിഷ്ണു', ' കാത്തിരുന്നത്' ,  കോഡുകൾ ഡീകോഡ് ചെയ്യണം , ആരാണ് എന്താണ് എപ്പോഴാണ്" ... ട്രാഫിക് സിനിമയിൽ ജോസ് പ്രകാശ് പറയും പോലെ ബാലു പറഞ്ഞു നിർത്തി .... 'ശാലു , ഈ കോഡ് എത്രയും പെട്ടെന്ന് ചൂടാറും മുൻപ് ഡീകോഡ് ചെയ്യാൻ പറ്റിയില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല , പക്ഷെ , നമുക്കതു സാധിച്ചാൽ ! അതൊരു രണ്ടു ജീവിതങ്ങളുടെ ജാതകം തിരുത്താൻ മാത്രം ശക്തിയുള്ള വലിയൊരു സംഭവമായിരിക്കും ... യൂ ഹാവ് ഒൺലി 30 മിനുട്സ് ... ഹറി അപ് " ,


കാര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ടു ബോണ്ടി ശാലു കട്ടിലിൽ നിന്നെഴുന്നെറ്റു ഓടി .... അപർണ്ണയുടെ ബുക്കുകൾ , ഡയറി , കൂട്ടുകാരികൾ , സഹ മുറിയത്തികൾ , അങ്ങനെയെല്ലാരുമായും കൂടി കാഴ്ച നടത്തി , 29 മിനുട്ടുകൾ കഴിഞ്ഞപ്പോഴേക്കും , കിരൺ തന്റെ ആറാമത്തെ പഴം പൊരിയിൽ ടെൻഷനോടെ മൂന്നാമത്തെ കടിക്കടിക്കുമ്പോളേക്കും , ബാലുവിന്റെ ഫോണിൽ ബോണ്ടിയുടെ റിപ്പോർട്ട് എത്തി ....


" വിഷ്ണു എന്നത് അപർണ്ണയുടെ ഇഷ്ട്ട ദൈവം ... വിഷ്ണുവേട്ടൻ എന്നത് അപർണ്ണയുടെ സങ്കൽപ്പത്തിലെ സ്വപ്നത്തിലെ ഭാവി വരന്റെ പേര് .... അവൾ കൂട്ടുകാരികളോട് തനിക്കു തന്റെ വിഷ്ണുവേട്ടനെ കിട്ടിയെന്നു പറഞ്ഞിരുന്നെങ്കിലും , അതാരാണ് എന്നവർക്കറിയില്ല ... "


ബോണ്ടി റിപ്പോർട്ട് മുഴുവിക്കും മുൻപ് , ബാലു ഫോൺ കട്ടു ചെയ്തു , കിരണിനെ ചേർത്തു പിടിച്ചു പറഞ്ഞു ... " അളിയാ , നിനക്കിനിയും ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... നിന്റെ സോപ്പുകൾ , പൗഡർ സ്പ്രേകൾ , ഒന്നും നഷ്ടപ്പെട്ടിട്ടില്ല .... ഓട് അളിയാ , നീ ഓട് .... അവൾ നിന്നോട് ക്ഷമിക്കാതിരിക്കില്ല .... "


Semester 2 :


ചായക്കടയുടെ മുൻപിലൂടെ, അവിടെയിരിക്കുന്ന വരുണിനെയും ബാലുവിനെയും സുദീപിനെയും മൈൻഡ് ചെയ്യാതെ ,  നടന്നു പോകുന്ന , നെറ്റിയിൽ കുറിയുള്ള , ക്ലീൻ ഷേവ് മുഖമുള്ള , ലാസ്യ ഭാവമുള്ള , വിഷ്ണുവേട്ടനെയും  അവന്റെ കൂടെ തല താഴ്ത്തി നടന്നു പോകുന്ന കാമുകി അപ്പുവിനെയും നോക്കി , വരുൺ ആ പ്രശസ്ത ഇരട്ട പേര് ഉറക്കെ വിളിച്ചു അവരെ ചൊറിഞ്ഞു .....


" .... ധോം ധോം ധോം .... രാമനാഥോ .... മനോഹരോ ...... "


അവരെ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു, അപ്പുവിന്റെ സ്വന്തം വിഷ്ണുവേട്ടൻ , തന്റെ അപ്പു കാണാതെ ശബ്ദമുണ്ടാക്കാതെ ചുണ്ടനക്കി ,


".... രാമനാഥൻ നിന്റെ അച്ഛൻ.... "


< ശുഭം >







Friday, May 20, 2016

സുഗതപുരാണം - ഒരു കൂട്ടാരന്റെ കഥ


രാത്രി 2 മണിക്ക് നിർത്താതെ മുഴങ്ങിയ ഫോൺ ബെല്ലിൽ , വിളിച്ചത് ആരെന്നു പോലും നോക്കാതെ ഫോൺ എടുത്തതും , മറു തലക്കൽ എന്റെ അറ്റ കൂട്ടാരാൻ  സുഗതന്റെ ശബ്ദം ,

" അളിയാ  , ഈ കള്ളവണ്ടി കയറി പണ്ട് നാട് വിടുന്നവരൊക്കെ  , പിന്നീട് എപ്പോഴും പണക്കാരായി മാറുന്നത് എന്ത് കൊണ്ടാകും  ? "

ആദ്യം വായിൽ വന്നത് മുഴുത്ത തെറിയാണെങ്കിലും, ഉറക്കത്തിനു ഇടയിൽ തെറി വിളിച്ചു ബ്ലഡ്‌ പ്രെഷർ കയറിയാൽ , ഉറക്കത്തിന്റെ കെട്ട് വിട്ടുപോകും എന്നതിനാൽ മാത്രം ഞാൻ ക്ഷമിച്ചു മറുപടി പറഞ്ഞു ,

" ഒന്ന് പോടേ , നട്ടപാതിരക്കു ഉറക്കത്തിൽ നിന്നും വിളിച്ചു എഴുന്നെപ്പിച്ചു ആണോടെ ഇമ്മാതിരി വട്ടു ചോദ്യമൊക്കെ ചോദിക്കുന്നത് ! നാളെ രാവിലെ സംസാരിക്കാം , പോയി കിടന്നു ഉറങ്ങേടാ പുല്ലേ  "

സുഗതൻ എന്തോ ഉറപ്പിച്ചാണ് ,

" അളിയാ , പ്ലീസ് ... കാര്യം സീരിയസ് ആയതു കൊണ്ടാല്ലെടാ ഞാൻ നട്ടപാതിരക്കു വരെ വിളിച്ചു ചോദിക്കുന്നത്.. നിന്റെ അഭിപ്രായം അനുസരിച്ചാണ് ഇന്ന് രാത്രി കള്ളവണ്ടി കയറി ഞാൻ നാട് വിടണോ എന്ന് തീരുമാനിക്കാൻ ! "

കാര്യം സുഗതൻ കുറച്ചു തൊല്ല ആണെങ്കിലും , അവനെ രണ്ടു തെറി പറയാത്ത ഒരു ദിവസം പോലും എനിക്ക് ചിന്തിക്കാൻ ആകുമായിരുന്നില്ലെങ്കിലും  . ഒരു നല്ല കാര്യത്തിനു വേണ്ടിയല്ലേ എന്ന് കരുതി ഞാൻ കാര്യം സീരിയസ് ആയെടുത്തു മറുപടി പറഞ്ഞു ,

" അളിയാ സുഗാതാ ... ശെരിക്കും കള്ളവണ്ടി കയറിയത് കൊണ്ടോ , നാട് വിട്ടത് കൊണ്ടോ അല്ല അവരൊക്കെ ജീവിതത്തിൽ രക്ഷപ്പെട്ടത്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള ഒരു വഴിയും ഇല്ലെന്നു തോന്നിയ ഘട്ടത്തിലും , നാട്ടിൽ നിൽക്കാൻ ഒരു വഴിയും കാണാതെ ആയപ്പോഴും  , തോറ്റു ഇവിടെ തന്നെ കരഞ്ഞു നിൽക്കാതെയും , ആത്മഹത്യ ചെയ്യാതെയും ,  ആരുടെയും മുൻപിൽ പോയി കാലു പിടിച്ചു നിൽക്കാതെയും ; വരുന്നതെന്തും വരുന്നിടത്ത് നേരിടാം എന്ന തീരുമാനത്തിൽ , രണ്ടും കല്പ്പിച്ചുള്ള അവരുടെ ആ ചങ്കൂറ്റം ഇല്ലേ, അതാണ്‌ അവരെ രക്ഷിച്ചത്‌ .... ....എന്തായാലും അളിയാ , നീ മുന്നോട്ടെടുത്തു വെച്ച കാലു പിന്നോട്ട് എടുക്കണ്ട ... വലിയ ആളായി തിരിച്ചു വരുമ്പോൾ നീ എന്നെ മറക്കാതിരുന്നാൽ മതി ... ശേരിടാ , ഗുഡ് നൈറ്റ്‌ "

സുഗതാൻ ഒരു മിനിട്ട് മൌനത്തിനു ശേഷം വാ തുറന്നു ,

" ഓ , അങ്ങനെയാണോ , ഇത്രയും മിനക്കെടൊക്കെ ഉണ്ടോ , എങ്കിൽ എനിക്ക് ശരിയാവില്ല ... ശരിയളിയാ, അപ്പോൾ നാളെ രാവിലെ ക്ലാസ്സിൽ വെച്ച് കാണാം...ബൈ ബൈ  "

അങ്ങനെ ഫോൺ വെച്ച് , വീണ്ടും അഗാധ നിദ്രയിൽ വീണു , അന്ന് രാവിലെ പുതിയതായി അടുത്ത ക്ലാസ്സിൽ വെച്ച് കണ്ട  , പേരറിയാത്ത ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുമായി  പഞ്ചാരയടിച്ചു ബൈക്കിൽ 'ഒരു രാജമല്ലി വിടരുന്ന പോലെ ' പാട്ടും പാടി ഞങ്ങൾ പോകുന്ന സ്വപ്നം കണ്ടു ഒരു നല്ല ഫ്ലോയിൽ വന്നതും , അതാ .... വീണ്ടും ഫോൺ ബെൽ !

അപ്പുറത്ത് സുഗതന്റെ അടുത്ത ചോദ്യം ,

" അളിയാ , ഞാൻ മുംബയിൽ ചെന്ന് ഈ അധോലോകത്തിൽ  ചേരുന്നതിനെ പറ്റി എന്താണ് അഭിപ്രായം "

" മുംബയല്ലെടാ തെണ്ടി .... നിന്റെ ..... ".... എന്നും പറഞ്ഞു , സിനിമ നടനായ കൊല്ലം  MLA  പതിനൊന്നു മണിക്ക് വിളിക്കുന്ന ആരാധകരോട് പറയുന്ന രണ്ടു തെറിയും വിളിച്ചു , നാളെ അവനെ കോളേജിൽ വെച്ച് കാണുമ്പോൾ വെട്ടി കൊല്ലുമെന്നും പറഞ്ഞു , ഫോൺ ഒരു വിധം വെച്ച് ഉറങ്ങി , സ്വപ്നത്തിൽ വീണ്ടും ചുവന്ന ചുരിദാറിട്ട സുന്ദരി കുട്ടിയുടെ അടുത്തെത്തിയതും, അമ്മ വന്നു തലയിൽ കൂടെ  വെള്ളം കോരി ഒഴിച്ച് രണ്ടു ചീത്ത വിളി ,

" നീ പോത്ത് പോലെ കിടന്നുറങ്ങിക്കോ , ഇവനൊന്നും എത്ര ഉറങ്ങിയാലും മതിയാവില്ലേ ? എഴുന്നേറ്റു പെട്ടെന്ന് കോളേജിൽ പോടാ , ആ സുഗുതനെ ഒക്കെ കണ്ടു പഠിക്കെടാ .. അതാ ആ മോൻ രാവിലെ പുറത്തു വന്നു , നിന്നോട് എന്തോ സംശയം ചോദിക്കാനുണ്ട് എന്ന് പറഞ്ഞു അവിടെ ഇരിപ്പുണ്ട് ...." 

< സുഗതന്റെ കഥയും ഈ കഥയും കഴിഞ്ഞു >